ഭാരതത്തിന്റെ നിയമ-നീതിന്യായ രംഗത്തെ സംബന്ധിച്ച് ചരിത്ര പ്രധാനമായ ദിനമാണ് 2024 ജൂലായ് 1. സ്വാതന്ത്ര്യം നേടി 77 വര്‍ഷം പിന്നിട്ട ഭാരതത്തെ സംബന്ധിച്ചിടത്തോളം ദീര്‍ഘനാളത്തെ അടിമത്തത്തിന്റെ ചിഹ്നങ്ങള്‍ ഒന്നൊന്നായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണ് നീതിന്യായ രംഗത്തെ ഭാരതവത്കരണം. ഏതൊരു രാഷ്ട്രത്തെയും സംബന്ധിച്ചിടത്തോളം അതിന്റെ സ്വത്വത്തെ തിരിച്ചറിയുകയും തനതായ സംസ്‌കാരത്തിലൂന്നി മുന്നോട്ടുപോകുകയും ചെയ്യുക എന്നത് ആ രാഷ്ട്രത്തിന്റെ ആത്മാവിനെ തൊട്ടറിയലാണ്. ബ്രിട്ടീഷ് നുകം പേറി നടുവൊടിഞ്ഞ ഒരു സമൂഹത്തെ ആത്മവിശ്വാസത്തിന്റെ നട്ടെല്ലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. സമസ്ത മേഖലകളിലും ഭാരതം ഭാരതമാകാന്‍ തുടങ്ങിക്കഴിഞ്ഞു. തദ്ദേശീയമായി നിര്‍മ്മിക്കപ്പെടുന്ന അത്യന്താധുനിക ആയുധ സാമഗ്രഹികളും വിമാനവാഹിനികളും ഫൈറ്റര്‍ ജെറ്റുകള്‍ മുതല്‍ ഇങ്ങോട്ട് കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ അടക്കമുള്ളതും അതിന്റെ തെളിവാണ്. സ്വാതന്ത്ര്യാനന്തര ഭാരതം നാളിതുവരെ ഉപയോഗിച്ചിരുന്ന പ്രധാന ക്രിമിനല്‍ നിയമങ്ങള്‍ ഭാരതവല്‍ക്കരിക്കുന്നതും അതിന്റെ ഭാഗം തന്നെയാണ്.
നമ്മുടെ നാട്ടില്‍ 2024 ജൂണ്‍ 30 വരെ നിലവിലിരുന്നത് 1898ല്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ ക്രിമിനല്‍ നടപടി നിയമവും, 1860ല്‍ നടപ്പിലാക്കിയ ഇന്ത്യന്‍ ശിക്ഷാനിയമവും, 1872 ല്‍ നടപ്പിലാക്കിയ ഇന്ത്യന്‍ തെളിവ് നിയമവും ആണ്. 1898ല്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ ക്രിമിനല്‍ നടപടി നിയമത്തില്‍ 1973ല്‍ ഭാരത സര്‍ക്കാര്‍ സാരമായ ഭേദഗതികള്‍ വരുത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ഇന്ത്യന്‍ തെളിവു നിയമത്തിലും കാലാനുസൃതമായി ചില ഭേദഗതികള്‍ വന്നിരുന്നു എങ്കിലും സമൂലമായ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ ഈ മൂന്നു നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തി, നിലനിര്‍ത്തേണ്ട വകുപ്പുകള്‍ നിലനിര്‍ത്തി, ഒഴിവാക്കേണ്ടവയെ ഒഴിവാക്കി, കൂട്ടിച്ചേര്‍ക്കേണ്ടത് കൂട്ടിച്ചേര്‍ത്താണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനപ്പെട്ട മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ തികച്ചും ഭാരതീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്.
ക്രിമിനല്‍ നടപടി നിയമം 1973 നു പകരം ഭാരതീയ നാഗരിക സുരക്ഷാ സംഹിത(ബിഎന്‍എസ്എസ്) യും,ഇന്ത്യന്‍ ശിക്ഷാനിയമം 1860 നു പകരം ഭാരതീയ ന്യായ സംഹിത(ബി എന്‍എസ്) യും, ഇന്ത്യന്‍ തെളിവ് നിയമം 1872നു പകരം ഭാരതീയ സാക്ഷ്യ അതിനീയം (ബിഎസ്എ) എന്നിങ്ങനെയാണ് പുതിയ നിയമങ്ങള്‍ നിലവില്‍ വന്നിട്ടുള്ളത്. ബിഎന്‍എസ്എസ് ക്രിമിനല്‍ നടപടികളെ സംബന്ധിക്കുന്നതും, ബിഎന്‍എസ് ശിക്ഷാവിധികളെയും കുറ്റകൃത്യങ്ങളെയും സംബന്ധിക്കുന്നതും, ബിഎസ്എ തെളിവുകളെ സംബന്ധിക്കുന്നതുമായ നിയമങ്ങള്‍ ആണ്. ദീര്‍ഘനാളത്തെ തയ്യാറെടുപ്പിന് ശേഷം കൃത്യമായ കാഴ്ചപ്പാടോടെയാണ് ഈ നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 2010 ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച രണ്‍വീര്‍ സിംഗ് കമ്മിറ്റി ഏകദേശം 3 വര്‍ഷക്കാലം ഭാരതത്തിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നിയമ വിശാരദന്മാരില്‍ നിന്നും നിയമ അധ്യാപകരില്‍ നിന്നും വിവിധ സര്‍ക്കാരുകളില്‍ നിന്നും സാധാരണക്കാരില്‍ നിന്നും അഭിഭാഷകരില്‍ നിന്നും അടക്കം ലക്ഷക്കണക്കിന് നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ചതിനുശേഷം ആണ് പുതിയ നിയമങ്ങള്‍ക്ക് രൂപം നല്‍കിയത്. കമ്മീഷന്‍ തയ്യാറാക്കി നല്‍കിയ പുതിയ നിയമങ്ങള്‍ പാര്‍ലമെന്റിലെ ആഭ്യന്തര കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും 2023 ഡിസംബര്‍ 21ന് പാര്‍ലമെന്റില്‍ പാസാക്കുകയും ഡിസംബര്‍ 25ന് രാഷ്ട്രപതി ഒപ്പ് വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നിയമം നിലവില്‍ വരുന്നതിനു മുന്‍പ് രാജ്യ വ്യാപകമായി അഭിഭാഷകര്‍, ജഡ്ജിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുതിയ നിയമങ്ങളെ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയും ചെയ്തിരുന്നു.
ഏതൊരു രാജ്യത്തെയും സംബന്ധിച്ചിടത്തോളം സമൂഹത്തില്‍ സമാധാനം പുലരുന്നതിനും പൗര ജനതയുടെ ജീവിതക്രമത്തെ നിയന്ത്രിക്കുന്നതിനും നിയമ സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമാണ്. അത്തരം നിയമങ്ങള്‍ ആ രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും ആയിരിക്കണം. അത്തരം നിയമങ്ങള്‍ ആ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് അനുസൃതമാവുകയും വേണം. നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയ മേല്‍ നിയമങ്ങള്‍ ഒന്നും തന്നെ ഭാരതത്തിന്റെ അടിസ്ഥാന നീതിബോധത്തോട് ചേര്‍ന്നുനില്‍ക്കുന്നതോ പുരാതന ഭാരതീയ നിയമ സംവിധാനങ്ങളുടെ ഭാഗമോ ആയിരുന്നില്ല, മറിച്ച് ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി മാത്രം ഉള്ളതായിരുന്നു. ഇവിടുത്തെ നിയമസംവിധാനങ്ങള്‍. നീതി നടപ്പാക്കുക എന്നതായിരുന്നില്ല ആ നിയമങ്ങളുടെ ലക്ഷ്യം, മറിച്ച് ശിക്ഷ ഉറപ്പാക്കുക എന്നതായിരുന്നു. എന്നാല്‍ ബിഎന്‍എസ്, ബിഎന്‍എസ്എസ്, ബിഎസ്എ എന്നീ നിയമങ്ങള്‍ ഭാരതീയ നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ നീതിനിര്‍വഹണ സംവിധാനത്തെ ശക്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണ്. ഭാരത ഭരണഘടന പൗരന്മാര്‍ക്ക് വിഭാവനം ചെയ്തിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് പുതിയ നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ആരും കുറ്റവാളിയായി ജനിക്കുന്നില്ല എന്നതാണ് ഭാരതീയ സങ്കല്പം. ആയതിനാല്‍ തന്നെ കുറ്റം ചെയ്തതിനുശേഷം ശിക്ഷിക്കുക എന്നതിനപ്പുറത്തേക്ക് കുറ്റകൃത്യങ്ങളെ തടയാനും കുറ്റവാളികള്‍ ഉണ്ടാകാതിരിക്കാനും അഥവാ കുറ്റം ചെയ്തു പോയാല്‍ മാനസാന്തരത്തിനുള്ള വഴിയൊരുക്കലുമാണ് പ്രധാനം. വിക്രമാദിത്യ സിംഹാസനത്തില്‍ ഇരിക്കുന്നത് ആട്ടിടയ ബാലന്‍ ആണെങ്കിലും നീതി നിര്‍വഹണത്തില്‍ വീഴ്ച ഉണ്ടാവില്ല എന്ന് നാം ഭാരതീയര്‍ വിശ്വസിക്കുന്നു.
തമിഴ്‌നാട്ടിലെ ചെന്നൈ ഹൈക്കോടതി സമുച്ചയത്തില്‍പോയിട്ടുള്ളവര്‍ ഹൈക്കോടതി കെട്ടിടത്തിനു മുന്‍പില്‍ നില്‍ക്കുന്ന പ്രതിമ കണ്ടിട്ടുണ്ടാവും. ഒരു രാജാവിന്റെയും രഥചക്രത്തിനടിയില്‍ കിടക്കുന്ന പശുക്കിടാവിന്റെയും മണി ചരടില്‍ കടിച്ചു വലിക്കുന്ന ഒരു പശുവിന്റെയും പ്രതിമയാണത്. മനു നീതി ചോളന്‍ എന്ന് അറിയപ്പെട്ട ചോള രാജാവിന്റെ പ്രതിമയാണ് കോടതി പരിസരത്ത് ഉള്ളത്. ഇന്നത്തെ ശ്രീലങ്കയുടെ ഭാഗമായിരുന്ന അനുരാധപുരം എന്ന രാജ്യത്തെ ചോള രാജാവായിരുന്നു എല്ലാളന്‍. ക്രിസ്തുവിനു മുമ്പ് 145 മുതല്‍ 101 വരെ ഈ രാജ്യം ഭരിച്ചിരുന്ന എല്ലാളന്‍ പിന്നീട് മനുനീതി ചോളന്‍ എന്ന് അറിയപ്പെട്ടു. തന്റെ രാജ്യത്ത് എല്ലാവര്‍ക്കും തുല്യനീതി എന്നത് അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ആര്‍ക്കും പരാതിയും, പരിഭവവും ഇല്ലാത്ത വണ്ണം എല്ലാവര്‍ക്കും നീതി ലഭ്യമാക്കിക്കൊണ്ട് അദ്ദേഹം രാജ്യം ഭരിച്ചു. എന്തെങ്കിലും പരാതിയുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ കൊട്ടാരത്തിനു മുന്നില്‍ തൂക്കി ഇട്ടിട്ടുള്ള ഭീമാകാരമായ മണി പിടിച്ചടിക്കാം, പക്ഷേ വര്‍ഷങ്ങളോളം ആ മണി ശബ്ദിച്ചിട്ട് ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം മണിയുടെ ശബ്ദം കേട്ട് രാജാവും പരിവാരങ്ങളും കൊട്ടാരത്തിന് പുറത്തേക്ക് വന്നു നോക്കുമ്പോള്‍ കാണുന്നത് ഒരു പശു മണി ചരടില്‍ കടിച്ചുപിടിച്ച് മണിയടിക്കുന്നതാണ്. രാജാവ് പശുവിനോട് കാരണമെന്തെന്ന് അന്വേഷിച്ചപ്പോള്‍ പശു പറഞ്ഞു, ‘രാജകുമാരന്‍ അശ്രദ്ധമായി രഥം ഓടിച്ചത് മൂലം രഥചക്രത്തിനടിയില്‍പ്പെട്ട് ആ പശുവിന്റെ കിടാവ് കൊല്ലപ്പെടാന്‍ ഇടയായി. അതിനാല്‍ തനിക്ക് നീതി വേണം’ എന്ന്. രാജാവ് തന്റെ ഒരേയൊരു പുത്രനായ വിധിവിതങ്കനെ വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പശുവിന്റെ പരാതി ശരിയാണ് എന്ന് ബോധ്യപ്പെട്ടു. ഉടന്‍തന്നെ രാജാവ് അതേ രഥചക്രം കയറ്റി രാജകുമാരനെ വധിക്കാന്‍ ഉത്തരവിടുകയും ശിക്ഷ നടപ്പിലാക്കി പശുവിന് നീതി ലഭ്യമാക്കുകയും ചെയ്തു. രാജാവിന്റെ നീതിബോധത്തില്‍ സംതൃപ്തനായ സാക്ഷാല്‍ പരമശിവന്‍ പശുക്കിടാവിന്റെയുംരാജകുമാരന്റെയും ജീവന്‍ തിരിച്ചു നല്‍കി എന്ന് ഐതിഹ്യവും ഉണ്ട്. ചിലപ്പതികാരത്തില്‍ അടക്കം മനുനീതി ചോളനെ കുറിച്ച് വര്‍ണ്ണിച്ചിട്ടുണ്ട്. ഇതായിരുന്നു ഭാരതത്തിലെ നീതിബോധവും നീതിവ്യവസ്ഥയും. നൂറ് ശതമാനം പരിശുദ്ധയാണ് സീത എന്നറിയാമായിരുന്നിട്ടും ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചത് പ്രജാഹിതം മാനിച്ചിട്ടാണ്.ഇതായിരുന്നു ഭാരതീയ നീതിബോധവും നീതിശാസ്ത്രവും. സര്‍വ്വ ചരാചരങ്ങള്‍ക്കും തുല്യനീതി എന്നത് ഭാരതീയ സങ്കല്പമാണ്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023
1898 മുതല്‍ ഭാരതത്തില്‍ നിലനിന്നിരുന്ന ക്രിമിനല്‍ നടപടി നിയമത്തിന് പകരം നടപ്പിലാക്കിയ നിയമമാണ് ബിഎന്‍എസ്എസ്. വലിയ വ്യത്യാസങ്ങള്‍ വരുത്താതെ എന്നാല്‍ കാതലായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ് ബിഎന്‍എസ്എസ് തയ്യാറാക്കിയിട്ടുള്ളത്. ക്രിമിനല്‍ കേസുകളെ സംബന്ധിച്ച നടപടിക്രമങ്ങള്‍ മുഴുവന്‍ ബിഎന്‍എസ്എസ്സിന്റെ പരിധിയിലാണ് വരുന്നത്. ക്രിമിനല്‍ കോടതികളുടെ സ്ഥാപനം, കോടതികളുടെ അധികാരം, പോലീസിന്റെയും മജിസ്‌ട്രേറ്റുമാരുടെയും അധികാരങ്ങള്‍, കേസ് രജിസ്റ്റര്‍ ചെയ്യല്‍, അറസ്റ്റ്, അന്വേഷണം, തെളിവു ഹാജരാക്കല്‍, ക്രമസമാധാന പാലനം, വിചാരണ, വിധി, അപ്പീല്‍ തുടങ്ങിയ എല്ലാ ക്രിമിനല്‍ നടപടികളെയും നിയന്ത്രിക്കുന്നത് ബിഎന്‍എസ്എസ് ആണ്. നേരത്തെ ഉണ്ടായിരുന്ന ക്രിമിനല്‍ നടപടി നിയമമനുസരിച്ച് പോലീസിന് വളരെ വിപുലമായ അധികാരമാണ് ഉണ്ടായിരുന്നത്. ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതി മുമ്പാകെ സമര്‍പ്പിക്കുന്നത് വരെ പോലീസിന് സമ്പൂര്‍ണ്ണ അധികാരമാണ് ഉണ്ടായിരുന്നത്. കേസ് അന്വേഷണത്തിനുള്ള പോലീസിന്റെ അധികാരത്തില്‍ ഇടപെടാന്‍ കോടതികള്‍ക്ക് പോലും അധികാരമില്ലായിരുന്നു. ഭരണഘടനാ കോടതികള്‍ എന്ന നിലയില്‍ ഹൈക്കോടതികളും സുപ്രീംകോടതിയും ചില കേസുകളില്‍ ഒക്കെ ഇടപെട്ടിട്ടുണ്ട് എങ്കിലും അതൊക്കെ പരിമിതമായ തരത്തിലും തലത്തിലും ആയിരുന്നു. തെളിവുകള്‍ കണ്ടില്ലെന്നു നടിക്കുന്നതും കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുന്നതും നിരപരാധികളെ കേസില്‍ കുടുക്കുന്നതും അപരാധികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതും ഒക്കെ നമ്മുടെ നാട്ടില്‍ നിത്യസംഭവങ്ങളും നിരന്തരം വാര്‍ത്തകളുമായിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസ് ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്നത് നമുക്ക് അറിയാം. ബിഎന്‍എസ്എസ് പോലീസിന്റെ അധികാര അവകാശങ്ങളില്‍ വലിയ ഇടപെടല്‍ നടത്തിയിട്ടില്ലെങ്കിലും പോലീസ് അധികാരം ദുര്‍വിനിയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിആര്‍പിസി യില്‍ 484 വകുപ്പുകള്‍ ആണ് ഉണ്ടായിരുന്നത്. അതില്‍ ചില വകുപ്പുകള്‍ ഒഴിവാക്കുകയും പുതിയ വകുപ്പുകള്‍ ചേര്‍ക്കുകയും ചെയ്തതിനുശേഷം ഇപ്പോള്‍ പുതിയ ബിഎന്‍എസ്എസ്സില്‍ 531 വകുപ്പുകള്‍ ആണ് ഉള്ളത്. പ്രതിവര്‍ഗ്ഗത്തില്‍ വരുന്നവരുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതിനും, നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും, കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുന്നത് തടയുന്നതിനും, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തെളിവ് സമാഹരിക്കുന്നതിനും, പ്രതികളുടെ അഭാവത്തിലും കേസ് വിചാരണ നടത്തി വിധി പുറപ്പെടുവിക്കുന്നതിനും, കുറ്റകൃത്യം ചെയ്തിട്ട് രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും ഒക്കെ ബിഎന്‍എസ്എസ്സില്‍ വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന നിയമത്തില്‍ ഇല്ലാതിരുന്ന പല വകുപ്പുകളും പുതിയ നിയമത്തില്‍ ചേര്‍ത്തിട്ടുണ്ട്.
വീഡിയോ കോണ്‍ഫറന്‍സിനും, പ്രതികളുടെ തിരിച്ചറിയല്‍, തിരച്ചില്‍, തൊണ്ടിമുതലുകളുടെ പിടിച്ചെടുക്കല്‍ അടക്കമുള്ളവയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെ സംബന്ധിച്ചും (2(1)(a)), ജാമ്യത്തെ സംബന്ധിച്ചും (2(1)(b)), 2(1)(c)), ജാമ്യ കച്ചീട്ടിനെ സംബന്ധിച്ചും 2(1)(d) ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ സംബന്ധിച്ചും (2(1)(i) കൃത്യമായ നിര്‍വചനം ബിഎന്‍എസ്എസ്സില്‍ ഉള്‍പ്പെടുത്തി എന്നത് തെളിയിക്കുന്നത് മാറുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നു എന്നതും ആധുനിക സൗകര്യങ്ങളെ നീതി നിര്‍വഹണത്തിന് ഉപയോഗിക്കാന്‍ തയ്യാറാകുന്നു എന്നതുമാണ്. പ്രോസിക്യൂഷന്‍ കേസുകള്‍ നടത്തുന്നതിലേക്ക് ഏഴു വര്‍ഷത്തിനുമേല്‍ പ്രവൃത്തിപരിചയമുള്ള അഭിഭാഷകരെ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി നിയമിക്കാം എന്ന പുതിയ വകുപ്പ് (20(2)(b)) ബിഎന്‍എസ്എസ്സില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിന് അവസരം ഒരുക്കുന്ന തീരുമാനമാണ്.
ശിക്ഷാവിധി പുറപ്പെടുവിക്കുവാന്‍ ഉള്ള മജിസ്‌ട്രേറ്റുമാരുടെ അധികാരപരിധിയില്‍ സാമൂഹ്യ സേവനം (കമ്മ്യൂണിറ്റി സര്‍വീസ്) ഒരു ശിക്ഷയായി ഉള്‍പ്പെടുത്തിയത് കുറ്റവാളികള്‍ക്ക് മാനസാന്തരം ഉണ്ടാക്കുന്നതിനും അവരില്‍ സാമൂഹ്യബോധം വളര്‍ത്തുന്നതിനും ഇടയാക്കും (23(3)). പുരാതന ഭാരതത്തില്‍ സാമൂഹ്യ സേവനം ഒരു ശിക്ഷാരീതിയായി കണക്കാക്കിയിരുന്നു എന്ന് നാം ഓര്‍ക്കണം. സാമൂഹ്യ സേവനം ഒരു ശിക്ഷ എന്ന നിലയില്‍ സമൂഹത്തിന് ഗുണകരമാകുന്ന പ്രവര്‍ത്തനം ആകണമെന്നും, അപ്രകാരമുള്ള സേവനത്തിന് പ്രതിഫലം ഉണ്ടാകില്ല എന്നും നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്.
കുറ്റകൃത്യങ്ങളില്‍ പെടുന്ന പ്രതികളുടെ അറസ്റ്റ് സംബന്ധമായ കാര്യങ്ങളിലും സമന്‍സ് നല്‍കല്‍, വീടോ സ്ഥാപനങ്ങളോ പരിശോധിക്കുന്നതിനും, വ്യക്തിയുടെ ദേഹ പരിശോധന നടത്തല്‍, തൊണ്ടിമുതലുകള്‍ കണ്ടെടുക്കല്‍ എന്നിവയ്ക്കും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബിഎന്‍എസ്എസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനു താഴെ ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട കുട്ടിയെയോ 60 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തിയെയോ അറസ്റ്റ് ചെയ്യണമെങ്കില്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ അനുമതി തേടിയിരിക്കണം (35(7)) എന്നും അതുപോലെതന്നെ അറസ്റ്റ് ചെയ്യപ്പെട്ട ഒരു പ്രതി സ്ഥിരം കുറ്റവാളിയോ, അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട ആളോ തീവ്രവാദിയോ സംഘടിത കുറ്റകൃത്യത്തില്‍പ്പെട്ട ആളോ, മയക്കുമരുന്ന് സംബന്ധമായ കുറ്റവാളിയോ, ബലാത്സംഗം, കൊലപാതകം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം, മനുഷ്യക്കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ പെട്ട ആളോ ആണെങ്കില്‍ അത്തരം പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴോ കോടതിയില്‍ ഹാജരാക്കുമ്പോഴോ സാഹചര്യത്തിനനുസരിച്ച് കൈവിലങ്ങണിയിക്കുന്നതിനുള്ള സ്വാതന്ത്ര്യം പോലീസിന് നല്‍കുന്നുണ്ട് (43(3)). പാര്‍ട്ണര്‍ഷിപ്പ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്കുള്ള സമന്‍സ് ഏതെങ്കിലും ഒരു പാര്‍ട്ണര്‍ക്ക് നല്‍കിയാല്‍ മതിയെന്നും, രജിസ്റ്റേഡ് പോസ്റ്റ് മുഖാന്തരം ഏതെങ്കിലും ഒരു പാര്‍ട്ണര്‍ക്ക് അയച്ചു കിട്ടിയാല്‍ പോലും കത്ത് ലഭിച്ച ദിവസം മുതല്‍ സമന്‍സ് ലഭിച്ചതായി കണക്കാക്കാം എന്നും പുതിയ നിയമത്തില്‍ പറയുന്നു (65(2)). വാട്ട്‌സ്ആപ്പ്, ഇ-മെയില്‍ അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ് നല്‍കാമെന്ന് ചേര്‍ത്തതുവഴി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് നിയമപരമായി അംഗീകാരം നല്‍കുന്നു (70(3)). പരിശോധനകളും, തൊണ്ടിമുതല്‍ കണ്ടെടുക്കലുകളും ഓഡിയോ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് പുതിയ നിയമം നിഷ്‌കര്‍ഷിക്കുമ്പോള്‍ (ടലരശേീി 105) നിരപരാധികള്‍ക്കെതിരെ കള്ള തെളിവുകള്‍ ഉണ്ടാക്കുന്നതില്‍ നിന്നും പോലീസിനെ തടയുന്നതോടൊപ്പം അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിച്ചു നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കുറ്റവാളികള്‍ക്കും കഴിയാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്യുന്നു.
കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പോലീസിന് അധികാരം നല്‍കിയിട്ടുള്ള 107-ാം വകുപ്പ് ആട്, തേക്ക്, മാഞ്ചിയം പോലെയുള്ള തട്ടിപ്പിലൂടെയും മറ്റ് ഇതര അഴിമതിയിലൂടെയും പണം സമ്പാദിച്ച് മുങ്ങുന്ന എല്ലാ കുറ്റവാളികള്‍ക്കുമുള്ള അടിയാണ്. അത്തരം സംഭവങ്ങളെക്കുറിച്ച് ബോധ്യം വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ അധികാരമുള്ള മജിസ്‌ട്രേറ്റ് മുന്‍പാകെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അപേക്ഷ നല്‍കാവുന്നതും മജിസ്‌ട്രേറ്റ് 14 ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്വത്തിന്റെ ഉടമയ്ക്ക് നോട്ടീസ് നല്‍കി മറുപടി കേട്ടശേഷം യുക്തമായ തീരുമാനമെടുക്കാവുന്നതും ആണ്. നോട്ടീസിന് മറുപടി നല്‍കാതിരുന്നാലും, നോട്ടീസ് നല്‍കുന്നത് മൂലം ഉദ്ദേശ്യം പരാജയപ്പെടുമെന്ന് തോന്നിയാലും, നോട്ടീസ് നല്‍കാതെ തന്നെ മജിസ്‌ട്രേറ്റിന് സ്വത്തുക്കള്‍ കണ്ടുകെട്ടാവുന്നതാണ്. അപ്രകാരം കണ്ടുകെട്ടുന്ന സ്വത്തുക്കള്‍ ഇരകള്‍ക്ക് യുക്തമായി ഭാഗം ചെയ്തു നല്‍കേണ്ടതും ഇനി ഇരകള്‍ ഇല്ലെങ്കില്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടാം എന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.
ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ നിയമാനുസരണം ഉള്ള നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാ വ്യക്തികളും ബാധ്യസ്ഥരാണ്. അത്തരം നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നപക്ഷം അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടാനോ കോടതി മുന്‍പാകെ ഹാജരാക്കാനോ പോലീസിന് പുതിയ നിയമം അധികാരം നല്‍കുന്നു (Section172). മൂന്നുവര്‍ഷത്തിനു മുകളിലോ ഏഴു വര്‍ഷത്തില്‍ താഴെയോ ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തെ കുറിച്ച് അറിവ് ലഭിച്ചാല്‍ പോലീസ് സ്റ്റേഷന്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ അനുമതിയോടെ 14 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം നടത്തി അടിസ്ഥാനപരമായി കേസ് നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും നിലനില്‍ക്കുന്നതാണെങ്കില്‍ തുടരന്വേഷണം നടത്തണമെന്നും ഉള്ള പുതിയ വകുപ്പ് (Section 173(3)) ഇരുതല വാളായി മാറാം. കള്ളക്കേസുകള്‍ ഒഴിവാക്കപ്പെടാം എന്നതുപോലെ തന്നെ യഥാര്‍ത്ഥ കേസുകള്‍ സ്വാധീനത്തിന് വഴങ്ങി രജിസ്റ്റര്‍ ചെയ്യപ്പെടാതെയും പോകാം.
സെക്ഷന്‍ 223(2) അനുസരിച്ച് ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അവരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെയും മേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സാഹചര്യങ്ങളും വസ്തുതകളും സംബന്ധമായ റിപ്പോര്‍ട്ട് വാങ്ങാതെയും കേസെടുക്കരുത് എന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിരക്ഷ ആവുന്നതോടൊപ്പം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ആകാനും ഇടയുണ്ട്. പലപ്പോഴും സാധാരണക്കാരന് നീതി നിഷേധിക്കുന്ന ഇടമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിരിക്കെ ഈ വകുപ്പ് ദുരുപയോഗം ചെയ്യാനും ദുര്‍വാഖ്യാനം ചെയ്യാനും ഇടയുണ്ട്.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ട് വിചാരണ നേരിടാതെ സ്വാധീനം ഉപയോഗിച്ച് മുങ്ങി നടക്കുന്നവര്‍ക്കും നാട് വിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്കും ഉള്ള കനത്ത പ്രകരമാണ് ബിഎന്‍എസ്എസ് 356-ാം വകുപ്പ്. ഇപ്രകാരം കോടതി നടപടികള്‍ ഒഴിവാക്കി നടക്കുന്നവരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കാരണം രേഖപ്പെടുത്തി വിചാരണ നടപടികളുമായി മുന്നോട്ടു പോകാന്‍ കോടതികള്‍ക്ക് ഉപാധികളോടെ ഈ വകുപ്പ് അനുവാദം നല്‍കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കുറ്റപത്രം വായിച്ച് 90 ദിവസം കഴിഞ്ഞാലേ വിചാരണ ആരംഭിക്കാവു എന്നും, 30 ദിവസത്തെ ഇടവേളകളില്‍ രണ്ടുതവണ വാറണ്ട് അയക്കണം എന്നും, പ്രതി അവസാനം താമസിച്ച പ്രദേശത്ത് പ്രചാരമുള്ള ദേശീയ ദിനപത്രത്തില്‍ 30 ദിവസത്തിനുള്ളില്‍ കോടതി മുന്‍പാകെ ഹാജരായില്ലെങ്കില്‍ പ്രതിയുടെ അസാന്നിധ്യത്തില്‍ വിചാരണ ആരംഭിക്കുന്നതാണെന്ന് കാണിച്ചു പരസ്യം നല്‍കണമെന്നും, പ്രതിയുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിചാരണ സംബന്ധിച്ച് അറിയിക്കണമെന്നും, പ്രതി അവസാനം താമസിച്ചിരുന്ന വീട്ടിലും പരിസരത്തും അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനിലും നോട്ടീസ് പതിക്കുകയും വേണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. വിചാരണ സമയത്ത് അത്തരം പ്രതിക്ക് അഭിഭാഷകന്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ അഭിഭാഷകനെ നിയമിക്കാനും വിചാരണയ്ക്കിടയില്‍ പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാനിടയായാല്‍ അതുവരെ ഉണ്ടായ തെളിവുകള്‍ പരിശോധിക്കാന്‍ പ്രതിക്ക് അവസരം നല്‍കണമെന്നും വിചാരണയുടെ മുഴുവന്‍ ഓഡിയോ വീഡിയോ റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കണം എന്നും വിചാരണയ്ക്കിടയില്‍ പ്രതി മുങ്ങിയാല്‍ വിചാരണ നിര്‍ത്തിവയ്ക്കാതെ വിചാരണ തുടര്‍ന്ന് വിധിപ്രസ്താവം നടത്തണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ വകുപ്പ് അനുസരിച്ച് വിചാരണ നടത്തി പുറപ്പെടുവിക്കുന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കണമെങ്കില്‍ അപ്പീല്‍ കോടതി മുന്‍പാകെ പ്രതി നേരിട്ട് ഹാജരാകണം എന്നും, വിധി പ്രസ്താവം കഴിഞ്ഞ് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ അത്തരം അപ്പീലുകള്‍ സ്വീകരിക്കുന്നതല്ല എന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിചാരണ കൂടാതെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുവാന്‍ ഈ പുതിയ വകുപ്പ് ഉപകാരപ്പെടും എന്ന് പ്രത്യാശിക്കാം.
ഇരകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തിയത് പോലെ തന്നെ (Section -396), സാക്ഷികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് ബിഎന്‍എസ്എസ് സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിക്കുന്നു (Section -398). ഇത് ഭയരഹിതമായി സാക്ഷികള്‍ക്ക് കോടതി മുമ്പാകെ മൊഴി നല്‍കുന്നതിന് ഉപകാരപ്പെടും.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ സംബന്ധിച്ച് ദയാ ഹര്‍ജി നല്‍കുന്നതിനുള്ള വിശദമായ വ്യവസ്ഥകള്‍ ബിഎന്‍എസ്എസ്സില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട് Section-472). അപ്പീല്‍ തള്ളി ഉത്തരവായ വിവരമോ അപ്പീല്‍ കാലാവധി കഴിഞ്ഞ വിവരമോ ജയില്‍ സൂപ്രണ്ട് അറിയിച്ച് 30 ദിവസത്തിനകം ആദ്യം സംസ്ഥാന ഗവര്‍ണര്‍ക്കും ഗവര്‍ണര്‍ അപേക്ഷ നിരസിക്കുകയാണെങ്കില്‍ 60 ദിവസത്തിനകം രാഷ്ട്രപതിക്കും അപേക്ഷ നല്‍കാമെന്ന് വ്യവസ്ഥയുണ്ട്. ഒരു കേസില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവുകയും അതില്‍ ആരെങ്കിലും ഒരാള്‍ സ്വമേധയാ ഹര്‍ജി നല്‍കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ജയില്‍ സൂപ്രണ്ട് അത്തരം ആള്‍ക്കാരുടെ എല്ലാ വിവരങ്ങളും കേസ് രേഖകള്‍ അടക്കം സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും അയച്ചു നല്‍കണമെന്നും നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. അത്തരം അപേക്ഷകള്‍ ലഭിച്ചാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന നിയമം പ്രസിഡന്റിന്റെയോ ഗവര്‍ണറുടെയോ തീരുമാനത്തിനെതിരെ അപ്പീല്‍ നിലനില്‍ക്കത്തക്കതല്ല എന്നും ഒരു കോടതിയും അത്തരം ഉത്തരവില്‍ ഇടപെടാന്‍ പാടില്ല എന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്.
വിചാരണ തടവുകാരുടെ ജാമ്യത്തെ സംബന്ധിച്ചു ബിഎന്‍എസ്എസ് 479-ാം വകുപ്പ് വിശദമായി വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്നതല്ലാത്ത കുറ്റകൃത്യത്തില്‍പ്പെട്ട് വിചാരണ തടവുകാരനായി കഴിയുകയാണെങ്കില്‍ അയാള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതി കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ അയാളെ ജാമ്യത്തില്‍ വിടാം എന്നും ആദ്യവട്ടം കുറ്റവാളി ആണെങ്കില്‍ മൂന്നിലൊന്ന് കാലം വിചാരണ തടവുകാരനായി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കാം എന്നും നിയമം പറയുന്നു. പ്രതിയുടെ ഇടപെടല്‍ കൊണ്ട് വിചാരണയ്ക്ക് കാലതാമസം നേരിട്ടിട്ടുണ്ടെങ്കില്‍ പ്രസ്തുത കാലം പരിഗണിക്കാന്‍ പാടില്ല എന്നും, ഒന്നില്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതിക്ക് ഈ വകുപ്പിന്റെ ആനുകൂല്യം ലഭിക്കില്ല എന്നും ഇപ്രകാരം അര്‍ഹതപ്പെട്ട വിചാരണ തടവുകാരുടെ വിവരം യഥാസമയം ജയില്‍ സൂപ്രണ്ട് കോടതിയെ അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
കോടതിയിലെ നടപടിക്രമങ്ങള്‍, സമന്‍സ്, വിചാരണ, സാക്ഷി വിസ്താരം, അപ്പീല്‍ നടപടി ക്രമങ്ങള്‍ എല്ലാം ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയാകാം എന്നും ഓഡിയോ, വീഡിയോ റെക്കോര്‍ഡിങ് ആകാമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു Section-530).
ഭാരതീയ ന്യായ സംഹിത – ബിഎന്‍എസ്
1860ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിനു (Indian Penal Code) പകരമായി ഉള്ള നിയമമാണ് ഭാരതീയ ന്യായസംഹിത. പ്രതിപാദിക്കുന്ന ക്രിമിനല്‍ നടപടി നിയമത്തില്‍ ചില വകുപ്പുകള്‍ ഒഴിവാക്കുകയും പുതിയ ചില വകുപ്പുകള്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങളെയും അതിനുള്ള ശിക്ഷാവിധികളെയും കുറിച്ച് പ്രതിപാദിക്കുന്ന നിയമമാണ് ഭാരതീയ ന്യായ സംഹിത. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 511 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ബിഎന്‍എസ്സില്‍ 358 വകുപ്പുകള്‍ ആണ് ഉള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലുള്ള ഉള്ളടക്കത്തിന് മാറ്റമില്ലെങ്കിലും വകുപ്പുകള്‍ക്ക് മാറ്റം വന്നു എന്നതാണ് എടുത്തു പറയാനുള്ളത്. മനുഷ്യ ശരീരത്തിനെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഐപിസിയില്‍ 299 മുതലാണ് തുടങ്ങിയിരുന്നതെങ്കില്‍ ബിഎന്‍എസ്സില്‍ 45 മുതല്‍ ആരംഭിക്കുന്നു. ഉദാഹരണത്തിന് ഐപിസിയില്‍ കൊലക്കുറ്റം 302-ാം വകുപ്പ് ആയിരുന്നെങ്കില്‍ അത് ബിഎന്‍എസ്സില്‍ 103-ാം വകുപ്പ് ആയി, കൊലപാതകശ്രമം 307 നു പകരം 109, ബലാത്സംഗം 375നു പകരം 63-ാം വകുപ്പ് ആയിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഇല്ലാത്തതും ബിഎന്‍എസ്സില്‍ ചേര്‍ത്തിട്ടുള്ളതുമായ പുതിയ പ്രധാന വകുപ്പുകളില്‍ ചിലത് ഇവയൊക്കെയാണ് 18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും കുട്ടി (Child) എന്ന നിര്‍വചനത്തിന് കീഴില്‍ വരുമെന്ന് ബിഎന്‍എസ് പറയുന്നു (Section-2(3)). സാമൂഹ്യ സേവനം ശിക്ഷാരീതികളില്‍ ഒന്നായി ചേര്‍ത്തത് എടുത്തു പറയേണ്ടതാണ് (Section- 4(f)). ഇന്ത്യക്ക് പുറത്തുനിന്നുകൊണ്ട് ഇന്ത്യയ്ക്കകത്ത് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും പ്രസ്തുത കുറ്റകൃത്യം നടക്കുകയും ചെയ്താല്‍ അപ്രകാരം പ്രേരിപ്പിക്കുന്ന ആള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ ബിഎന്‍എസ് വ്യവസ്ഥ ചെയ്യുന്നു (Section-48). രാജ്യത്തിന് പുറത്തിരുന്നുകൊണ്ട് രാജ്യത്തിനകത്ത് അരാജകത്വം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവരെ ഈ വകുപ്പ് അനുസരിച്ച് ശിക്ഷിക്കാം എന്നതും വലിയ നേട്ടമായി കാണാവുന്നതാണ്.
സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള നിരവധി നിയമങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്. ഭാരതീയ ന്യായസംഹിത 69-ാംവകുപ്പ് അനുസരിച്ച് വിവാഹ വാഗ്ദാനം അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നത് പത്തുവര്‍ഷം വരെ തടവും പിഴയും ഈടാക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ ബലാത്സംഗത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ പലപ്പോഴും പ്രതികള്‍ രക്ഷപ്പെട്ടു പോവുകയാണ് ഉണ്ടായിരുന്നത്. 18 വയസ്സിന് താഴെയുള്ള സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുകയും ജീവപര്യന്തം എന്നാല്‍ ജീവിതാവസാനം വരെ എന്ന് നിര്‍വചിക്കുകയും ചെയ്തിട്ടുണ്ട് (Section- 70(2)). കുറ്റകൃത്യം ചെയ്യുന്നതിലേക്ക് കുട്ടികളെ ഏര്‍പ്പാടാക്കുന്നതും വാടകയ്ക്ക് എടുക്കുന്നതും മൂന്നുവര്‍ഷത്തില്‍ കുറയാതെ പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബിഎന്‍എസ്സില്‍ ചേര്‍ത്തിട്ടുണ്ട് Section-95). അഞ്ചോ അതില്‍ കൂടുതലോ ആള്‍ക്കാര്‍ ജാതിയുടെയോ, മതത്തിന്റെയോ, വര്‍ണത്തിന്റെയോ, വര്‍ഗ്ഗത്തിന്റെയോ പേരില്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകം ബിഎന്‍എസ് 103 (2) അനുസരിച്ച് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഇന്ത്യയില്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ പരമ്പര തന്നെ അരങ്ങേറുകയും അത്തരക്കാരെ കൃത്യമായി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തതുമായ ഒരു സാഹചര്യം നിലവിലുണ്ടായിരുന്നു. പുതിയ നിയമത്തോടെ അതിനൊരു പരിഹാരം ഉണ്ടായിരിക്കുകയാണ്.
നിരത്തില്‍ അലക്ഷ്യമായും ഉദാസീനമായും വാഹനമോടിച്ച് വഴിയാത്രക്കാരെ വണ്ടി കയറ്റി കൊന്നിട്ട് പോലീസില്‍ അറിയിക്കുകയോ മതിയായ സഹായം ചെയ്യുകയോ ചെയ്യാതെ രക്ഷപ്പെടുന്ന ആള്‍ക്കാരെ പത്ത് വര്‍ഷത്തേക്ക് ശിക്ഷിക്കുവാനും പിഴ ഈടാക്കുവാനും ന്യായസംഹിത 106 (2) വകുപ്പില്‍ വ്യവസ്ഥ ചെയ്യുന്നത് ആശ്വാസകരമാണ്. പിടിച്ചുപറി, വാഹന മോഷണം, ഭൂമി കയ്യേറ്റം, സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് വ്യാപാരം എന്നിങ്ങനെയുള്ള സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതും 1 ലക്ഷം രൂപയില്‍ കുറയാതെ പിഴ ഈടാക്കുന്നതിനും ന്യായസംഹിത 111-ാംവകുപ്പില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റമാണ്.
തീവ്രവാദ പ്രവര്‍ത്തനം എന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കൃത്യമായ നിര്‍വചനം ഇല്ലാതിരുന്നതിനാല്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൃത്യമായ ശിക്ഷ നല്‍കുവാന്‍ ആകാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ന്യായ സംഹിത 113-ാം വകുപ്പ് അനുസരിച്ച് ഇന്ത്യയുടെ ഐക്യത്തെയും, അഖണ്ഡതയെയും, പരമാധികാരത്തെയും, സുരക്ഷയെയും, സാമ്പത്തിക സുരക്ഷയെയും തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തിയില്‍ ഇന്ത്യക്ക് അകത്തോ പുറത്തോ ഏര്‍പ്പെടുകയും അതിനുവേണ്ടി ബോംബ്, ഡൈനാമിറ്റ് അടക്കമുള്ള അപകടകരമായ ആയുധങ്ങള്‍ ഉപയോഗിക്കുകയും, മരണം സംഭവിക്കുകയോ, ഗുരുതരമായ പരിക്ക് പറ്റുകയോ, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് കോട്ടം തട്ടുകയോ, അവശ്യ സര്‍വീസുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയോ ഒക്കെ ചെയ്താല്‍ അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരമാവധി വധശിക്ഷ വരെ നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്നു. നേരത്തെ യുഎപിഎ അനുസരിച്ചു ചുമത്തിയിരുന്ന കുറ്റങ്ങള്‍ ഇനി മുതല്‍ ന്യായസംഹിത 113-ാം വകുപ്പ് അനുസരിച്ചും ചുമത്താവുന്നതാണ്. അതുപോലെതന്നെ ഇന്ത്യയുടെ ഐക്യത്തെയും, അഖണ്ഡതയേയും, പരമാധികാരത്തെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരെങ്കിലും അറിഞ്ഞുകൊണ്ടോ വാമൊഴിയാലോ, വരമൊഴിയാലോ, സൂചനകളായോ, ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ സായുധ കലാപത്തിന് പ്രേരിപ്പിക്കുകയോ, വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ ജീവപര്യന്തം വരെ തടവു ലഭിക്കാവുന്നതും പിഴ ഈടാക്കാവുന്നതുമായ കുറ്റമായി ന്യായ സംഹിതയില്‍ ചേര്‍ത്തിട്ടുണ്ട് (Section-152). 197(1) (ഡി) വകുപ്പ് അനുസരിച്ച് ഇന്ത്യയുടെ ഐക്യത്തിനു വിഘാതമാകുന്ന തരത്തില്‍ ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതും പിഴ ഈടാക്കാവുന്നതുമായ കുറ്റകൃത്യമാണ്.
ആത്മഹത്യാശ്രമം ന്യായസംഹിതയില്‍ കുറ്റകൃത്യം അല്ലാതാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാരുദ്യോഗസ്ഥനെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്നും പിന്തിരിയുന്നതിന് പ്രേരിപ്പിക്കുന്ന തരത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ സാമൂഹ്യ സേവനമോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. (Section-226).
ബൈക്കിലും മറ്റും കറങ്ങി നടന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിക്കുക, സാധനങ്ങള്‍ തട്ടിപ്പറിച്ചു കൊണ്ടുപോവുക എന്നീ കുറ്റകൃത്യങ്ങളെ വേണ്ടവണ്ണം കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വകുപ്പില്ലായിരുന്നു. എന്നാല്‍ ന്യായസംഹിത 304-ാം വകുപ്പ് അനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്നതാണ്.
പുതിയ വകുപ്പുകള്‍ ചേര്‍ത്തതുപോലെതന്നെ കാലഹരണപ്പെട്ടതോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിയമത്തില്‍ പ്രതിപാദിക്കുന്നതോ ആയ പല വകുപ്പുകളും ന്യായസംഹിതയില്‍ ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ആത്മഹത്യാശ്രമം, പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍, പരസ്ത്രീബന്ധം തുടങ്ങി പല വകുപ്പുകളും കോടതിവിധികളുടെ കൂടി പശ്ചാത്തലത്തില്‍ ഒഴിവാക്കപ്പെട്ടിട്ടുള്ളതാണ്.
ഭാരതീയ സാക്ഷ്യ അതിനീയം (BSA)
നേരത്തെ ഉണ്ടായിരുന്ന ഇന്ത്യന്‍ തെളിവു നിയമം 1872 നു പകരം വന്ന നിയമമാണ് ഭാരതീയ സാക്ഷ്യ അതിനീയം. ഇന്ത്യയില്‍ നിലവിലുള്ള എല്ലാ നിയമങ്ങളിലും, അത് ക്രിമിനല്‍ ആയാലും സിവില്‍ ആയാലും, തെളിവുകള്‍ ഹാജരാക്കുന്നതും, പരിശോധിക്കുന്നതും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യന്‍ തെളിവ് നിയമത്തില്‍ 167 വകുപ്പുകള്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ ബിഎസ്എയില്‍ 169 വകുപ്പുകള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ തെളിവ് നിയമത്തില്‍ നിന്നും 9 വകുപ്പുകള്‍ ഒഴിവാക്കുകയും 11 വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്താണ് ഭാരതീയ സാക്ഷ്യ അതിനീയം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യന്‍ തെളിവ് നിയമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല എന്ന് തന്നെ പറയാം. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം എത്രത്തോളം തെളിവ് നിയമത്തില്‍ ഉള്‍പ്പെടുത്താം എന്നത് മാത്രമാണ് വന്ന കാതലായ മാറ്റം. കോടതി ജുഡീഷ്യല്‍ നോട്ടീസ് എടുക്കേണ്ടുന്ന വിഷയങ്ങളില്‍ അന്താരാഷ്ട്ര കരാറുകള്‍, കണ്‍വെന്‍ഷനുകള്‍, ഭരണഘടനാ നിര്‍മ്മാണസഭയിലെയും പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലേയും നടപടിക്രമങ്ങള്‍, കോടതികളിലെയും ട്രിബ്യൂണലുകളുടെയും സീലുകള്‍ എന്നിവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട് (Section-52(1)(b)(b)(d)).
രേഖകള്‍ തെളിവായി സ്വീകരിക്കുന്ന സമയത്ത് രേഖകളുടെ അസ്സലുകളെ പ്രാഥമിക തെളിവായും അവയുടെ കോപ്പികളെ ദ്വിതീയ തെളിവായും സ്വീകരിച്ചിരുന്നു. വാക്കാലോ രേഖാമൂലമോ ഉള്ള അംഗീകരിക്കലുകളെയും (admissions), ഏതെങ്കിലും രേഖ പരിശോധിച്ച വിദഗ്ധനായ ഒരു വ്യക്തിയുടെ മൊഴിയും പ്രസ്തുത രേഖ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദ്വിതീയ തെളിവായി അംഗീകരിക്കാം എന്ന് ഭാരതീയ സാക്ഷ്യ അതിനീയം വ്യവസ്ഥ ചെയ്യുന്നു. ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കുന്ന കാര്യത്തില്‍ മുന്‍പ് പലപ്പോഴും ഇന്ത്യന്‍ തെളിവ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തി എഴുതിച്ചേര്‍ത്തിരുന്നതും അവയൊക്കെ തന്നെ സാക്ഷ്യ നിയമത്തില്‍ ചേര്‍ത്തിട്ടുള്ളതുമാണ്. ഇലക്ട്രോണിക് അല്ലെങ്കില്‍ ഡിജിറ്റല്‍ രേഖകള്‍ മറ്റു രേഖകള്‍ക്ക് സമാനമായി തെളിവില്‍ സ്വീകരിക്കാമെന്ന് ബിഎസ്എ 61-ാം വകുപ്പ് പറയുന്നു.
നിലവില്‍ ഉണ്ടായിരുന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല എങ്കിലും കാലാകാലങ്ങളിലായി ഭേദഗതിയിലൂടെ ചേര്‍ത്തവയെ അസ്സല്‍ നിയമത്തിന്റെ ഭാഗമാക്കിയതായും ഇന്ത്യന്‍ നിയമവ്യവസ്ഥയെ ഭാരതവല്‍ക്കരിക്കുന്നതിനുള്ള നീക്കമായും പുതിയ നിയമങ്ങളെ കാണാം.
അവലംബം:-
* ഭാരതീയ നാഗരിക് സുരക്ഷാ സംഹിത-ബിഎന്‍എസ്എസ് 2023
* ഭാരതീയ ന്യായ സംഹിത – ബിഎന്‍എസ്
* ഭാരതീയസാക്ഷ്യ അതിനീയം (ബിഎസ്എ)2023
* ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ്
* ഇന്ത്യന്‍ പീനല്‍ കോഡ്
* ഇന്ത്യന്‍ എവിഡന്‍സ് ആക്ട്
* ചിലപ്പതികാരം
(അഖില ഭാരതീയ അധിവക്തപരിഷത്തിന്റെ ദേശീയ ഉപാധ്യക്ഷനാണ് ലേഖകന്‍).