തിരുവനന്തപുരം : കേസരിയുടെ ബ്രിഡ്ജിംഗ് സൗത്ത് കോൺക്ലേവ് രണ്ടാം എഡിഷന്‍ ഹോട്ടല്‍ സൌത്ത് പാര്‍ക്കില്‍ നടന്നു. ബഹു. ഗോവാ ഗവര്‍ണര്‍ ശ്രീ പി. എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസൻ ആധ്യക്ഷ്യം വഹിച്ചു. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കേസരി മുഖ്യപത്രാധിപര്‍ ഡോ.എൻ. ആർ. മധു, നാക് മുന്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് ഡോ. കെ. എൻ മധുസദനൻ പിള്ള, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എംഡി റാണി മോഹൻ ദാസ് എന്നിവർ സംസാരിച്ചു.
ഭാരതത്തെ കൂട്ടിയോജിപ്പിച്ചത് ബ്രിട്ടീഷുകാർ ആണ് എന്നത് അസംബന്ധമാണെന്ന് ബഹു. ഗോവാ ഗവര്‍ണര്‍ പറഞ്ഞു. ഭാരതം ഏകമാണ് ,ചിരപുരാതനമാണ്, നിത്യനൂതനമാണ്. മതമാണ് രാഷ്ടത്തിൻ്റെ അടിസ്ഥാനം എന്നതിനോട് യോജിക്കുന്നില്ല. ആദ്ധ്യാത്മികതയെ തള്ളിപ്പറയാത്ത ദേശീയതയാണ് ഭാരതത്തിൻ്റേത്. വൈവിധ്യങ്ങളിലാണ് നമ്മുടെ ഏകതയുടെ ബീജം. അതിനെയാണ് വളർത്തേണ്ടത്. ദേശീയതയൊന്നും ചർച്ച ചെയ്യാൻ താൽപര്യമില്ലാത്ത സംസ്ഥാനമായി മാറി എന്നതാണ് കേരളത്തിൻറെ പോരായ്മ. ക്രിയാത്മക ചർച്ചകൾക്ക് പകരം നെഗറ്റീവ് ചർച്ചകളാണ് ഇവിടെ നടക്കുന്നത്. ശ്രീ നാരായണ ഗുരുദേവൻ്റെ ആത്മീയ കേരളത്തെ നിരാകരിച്ച് വിപ്ളവത്തെ സ്വീകരിച്ചതാണ് പ്രശ്നമായത്. ഗോവാ ഗവർണർ പറഞ്ഞു.
ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് ദേശീയ തലത്തിൽ പ്രതിപക്ഷകക്ഷികളുടെ തന്ത്രമാണെന്നും അതിനെതിരെയുള്ള പ്രതിരോധമാണ് ബ്രിഡ്ജിംഗ് സൗത്ത് കോൺക്ലേവെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഭാരതീയതയും ദേശീയതയും ഇല്ലാത്ത കേരളം അപകടകരമാണെന്ന് നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്ന് ആമുഖപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാർ പറഞ്ഞു. ദേശീയത ഏതൊക്കെ സ്ഥലങ്ങളിൽ ശോഷിച്ചുവോ അവിടം ഭാരതത്തിൻ്റേത് അല്ലാതായി. ഭാരതീയമായ എല്ലാം ബലാൽക്കാരമായി അടർത്തിമാറ്റാനുള്ള വിഘടനവാദികളുടെ പ്രവർത്തനങ്ങൾക്കെതിരായുള്ളതാണ് ഇത്തരം കോൺക്ലേവ് എന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനസഭക്കുശേഷം നടന്ന വിവിധ സെഷനുകളിലായി പ്രമുഖരായ ചിന്തകര്‍ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് സംസാരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. “ഭിന്നിപ്പിക്കുന്ന ആഖ്യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ അക്കാഡമിഷ്യന്മാരുടെ പങ്ക്” എന്ന വിഷയത്തെക്കുറിച്ച് കേരള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍, മഖന്‍ലാല്‍ ചതുര്‍വേദി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. കേ.ജി സുരേഷ് എന്നിവര്‍ സംസാരിച്ചു. ജ്യോതിസ് ചന്ദ്രന്‍ ആധ്യക്ഷ്യം വഹിച്ചു. ഡോ. രഞ്ജിത്ത് ഹരി സ്വാഗതവും ഡോ. ലക്ഷ്മി വിജയന്‍ നന്ദിയും പറഞ്ഞു .
“ചില മാധ്യമങ്ങള്‍ എന്തുകൊണ്ട് ദേശവിരുദ്ധരാകുന്നു” എന്ന വിഷയത്തെക്കുറിച്ച് ഓര്‍ഗനൈസര്‍ വാരികയുടെ മുഖ്യപത്രാധിപര്‍ പ്രഫുല്ല കേത്കര്‍, സാമൂഹിക നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ടി. പി ശങ്കരന്‍കുട്ടി നായര്‍ ആധ്യക്ഷ്യം വഹിച്ചു. . ജി.കെ സുരേഷ്ബാബു സ്വാഗതവും ഡോ. വി. ലക്ഷ്മി നന്ദിയും പറഞ്ഞു.
കോൺക്ലേവിന്റെ മുഖ്യരക്ഷാധികാരിയായ മുന്‍ ഡി.ജി.പി ഡോ.ടി.പി. സെന്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപനസഭയില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. ചില മാധ്യമങ്ങളും ബുദ്ധിജീവികളും നിന്ദ്യമായ വിധത്തില്‍ വിദേശരാജ്യങ്ങളോട് കൂറുപുലര്‍ത്തുകയും ഭാരതത്തോട് വെറുപ്പുപുലര്‍ത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഇത്തരം ആള്‍ക്കാരാണ് ജീവിത സൂചികയില്‍ ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയെക്കാള്‍ മുന്നിലാണെന്ന് പ്രചരണം നടത്തിയത്. ഇവര്‍ വൈദേശിക പണം കൈപ്പറ്റി അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞും പെരുപ്പിച്ചുകാട്ടിയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യം ഇല്ലാതാക്കുകയും ചെയ്യുന്നു. ഭാരതത്തെ പല കക്ഷണങ്ങളാക്കി വിഭജിക്കുകയാണ് ഇവരുടെ ലക്ഷ്യം. വിദേശപണത്തിന്റെ സഹായം കൈപ്പറ്റുന്ന ഇത്തരം ഇടതുബുദ്ധിജീവികള്‍ക്ക് ഭാരതത്തിന്റെ ഏകതയെ അംഗീകരിക്കാന്‍ മടിയാണ്. നമ്മുടെ ഏകത ഹിന്ദുത്വമാണെന്ന് തുറന്നുപറയേണ്ടിവരുമെന്നതിനാലാണ് ഇവരുടെ വൈമനസ്യം. ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വിഘടനവാദമുയര്‍ത്തിക്കൊണ്ട് വൈചാരിക മേഖലയില്‍ ഭാരതത്തിനെതിരെ ഒരു യുദ്ധം നടക്കുകയാണ്. എല്ലാവിധ രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഇടമായി കേരളം മാറി. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പിനും വേണ്ടിവന്നാല്‍ ഒരു കടന്നാക്രമണത്തിനും നാം തയ്യാറാകണം.ഭാരതത്തിന്റെ ദക്ഷിണഭാഗത്ത് വിഘടനവാദം വളര്‍ത്താനുള്ള ബോധപൂര്‍വമായ പരിശ്രമം നടക്കുന്നു.” ശ്രീ നന്ദകുമാര്‍ പറഞ്ഞു.
ഡോ. ടി.ജി വിനോദ്കുമാര്‍, തത്ത്വമയി ടി.വി ചീഫ് എഡിറ്റര്‍ രാജേഷ് പിള്ള, അഡ്വ. അഞ്ജന സുരേഷ് എന്നിവര്‍ സംസാരിച്ചു.