സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംശയത്തിന്റെ നിഴലിലായിട്ട് വര്‍ഷങ്ങളായി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ദുരിതാശ്വാസനിധിയുടെ ഉപയോഗം സംബന്ധിച്ച വിവാദങ്ങള്‍ വീണ്ടും തലപൊക്കുന്നത.്
സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് താങ്ങായി മാറേണ്ട ദുരിതാശ്വാസ നിധി പലപ്പോഴും അനര്‍ഹരായവര്‍ക്ക് വഴിവിട്ട് ലഭ്യമാക്കുന്നു എന്നതാണ് കേരളത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനം. വയനാട് ദുരന്തം പോലെ അതിതീവ്രമായ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുന്ന സമയത്ത് ആശ്വാസമാകേണ്ട സംവിധാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടുന്ന ദരിദ്രരായവര്‍ക്ക് സഹായം നല്‍കാനും ഈ സംവിധാനം ഉപയോഗപ്പെടുന്നു. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ഈ ഫണ്ട് വിനിയോഗം സുതാര്യമല്ല എന്ന ആരോപണമാണ് കേരളത്തില്‍ ഉയരുന്നത്.
വയനാട് ദുരന്തം പോലെയുള്ള വലിയ കെടുതികള്‍ മനഃസാക്ഷിയുള്ള ഏതൊരാളുടെയും ഉള്ളുലയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു പരിഗണനകള്‍ എല്ലാം മാറ്റിവെച്ച് എല്ലാവരും ഉദാരമനസ്സോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിട്ടുണ്ട്.
അര്‍ഹരായവര്‍ക്ക് ആശ്വാസം ലഭിക്കാന്‍ ഈ തുക ഉപയോഗപ്പെടും എന്ന പ്രതീക്ഷയിലാണ് ഈ സംഭാവനകള്‍ നല്കുന്നത്. 2018ലെയും 19ലെയും പ്രളയ കാലത്തും കോവിഡ് കാലത്തും സമൂഹത്തിന്റെ ഈ ഉദാരമനസ്സ് നാം കണ്ടു. സംശയത്തിന് അതീതമായ നിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം ഗവണ്‍മെന്റിനാണ്. ആ സുതാര്യത നിലനിര്‍ത്തുന്നതില്‍ കേരളത്തിലെ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതാണ് ഇന്ന് ദുരിതാശ്വാസനിധി വിനിയോഗം സംബന്ധിച്ച് ഉയരുന്ന വലിയ വിവാദങ്ങള്‍ക്കടിസ്ഥാനം.
2018 ലാണ് കേരള സര്‍വ്വകലാശാലയുടെ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ദുരിതാശ്വാസനിധി വിനിയോഗം സംബന്ധിച്ച ക്രമക്കേട് ചൂണ്ടിക്കാട്ടി ലോകായുക്തയെ സമീപിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അനര്‍ഹരായ പലര്‍ക്കും വഴിവിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചു എന്നാണ് ശശികുമാര്‍ ലോകായുക്തക്ക് മുന്നില്‍ ചൂണ്ടിക്കാണിച്ചത്. പിണറായി വിജയനും ഒന്നാം പിണറായി മന്ത്രിസഭയിലെ 17 മന്ത്രിമാരുമാണ് ശശികുമാറിന്റെ പരാതിയിലെ എതിര്‍കക്ഷികള്‍. നിലവില്‍ പിണറായി ഒഴികെ ഇതില്‍ മറ്റാരും ഇപ്പോള്‍ മന്ത്രിസഭാംഗങ്ങള്‍ അല്ല.
ശശികുമാര്‍ ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട ക്രമക്കേടുകള്‍ ഇവയാണ്. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ കൈമാറി. ചെങ്ങന്നൂര്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് അനര്‍ഹമായി എട്ടര ലക്ഷം രൂപ കൈമാറി. കാര്‍ ലോണ്‍ അടയ്ക്കാനും സ്വര്‍ണ്ണ വായ്പ അടച്ചു തീര്‍ക്കാനുമാണ് ഈ പണം അനുവദിച്ചത്. രാമചന്ദ്രന്‍ നായരുടെ മകന് കെഎസ്ഇബിയില്‍ ജോലിയും നല്‍കി.
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ ഗണ്‍മാനായിരുന്ന പോലീസുകാരന്റെ കുടുംബത്തിന് ദുരിതാശ്വാസനിധിയില്‍ നിന്ന് ചട്ടങ്ങള്‍ മറികടന്ന് 20 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ആയിരിക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് അതെല്ലാം മറികടന്ന് നേതാക്കളുടെ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്ക് പണം നല്‍കിയത്.
ശശികുമാറിന്റെ കേസ് ലോകായുക്ത പരിഗണനയ്‌ക്കെടുത്തെങ്കിലും ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും കേസില്‍ വാദം കേട്ട ശേഷം വിധി പറയാതെ പിന്‍വാങ്ങി. തുടര്‍ന്ന് കേസ് ഫുള്‍ ബെഞ്ച് പരിഗണിക്കും എന്ന് ഉത്തരവും ഇറക്കി. ഇതേതുടര്‍ന്ന് ഇവര്‍ക്ക് പുറമേ ലോകായുക്ത പയസ് കുര്യാക്കോസും ഉള്‍പ്പെട്ട ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിഞ്ഞത്.
കേസില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ പരാമര്‍ശം ഉണ്ടായാല്‍ പിണറായി വിജയന്‍ രാജിവെക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു ഇതിലൂടെ സര്‍ക്കാര്‍ ചെയ്തത്. പുതിയ ഭേദഗതി പ്രകാരം ലോകായുക്ത ഉത്തരവുകള്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ എതിരെ നിയമപരമായി നിലനില്‍ക്കില്ല. അവ ശുപാര്‍ശ മാത്രമായാണ് കണക്കാക്കുക. ഈ ശുപാര്‍ശയില്‍ നിയമനടപടി വേണമോ എന്നത് മന്ത്രിസഭ തന്നെ തീരുമാനിക്കും.
പ്രതിസ്ഥാനത്തിരിക്കുന്നയാള്‍ തന്നെ വിധികര്‍ത്താവ് ആകുന്ന വിഡ്ഢിത്തമാണ് ലോകായുക്ത നിയമ ഭേദഗതിയിലൂടെ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കുന്നതിനെ ആര്‍ക്കും എതിര്‍ക്കാനാകില്ല. രോഗപീഡിതരും പ്രകൃതിദുരന്തത്തിനിരയായവരും ഉള്‍പ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് അത്താണിയാകേണ്ടതാണ് ദുരിതാശ്വാസ നിധി. അത് നിലനില്‍ക്കുകയും വേണം. അതേസമയം ഫണ്ട് വിനിയോഗത്തില്‍ കൃത്യതയും സുതാര്യതയും ഉണ്ടാകണം. അനര്‍ഹരായവര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ചട്ടങ്ങള്‍ മറികടന്ന് വിതരണം ചെയ്യുന്ന രീതി അവസാനിപ്പിക്കണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കെഎസ്എഫ്ഇക്ക് 81.43 കോടി രൂപ കൈമാറിയതും ദുരൂഹമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കുന്നതിനാണ് പണം കൈമാറിയതെന്നാണ് കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ.വരദരാജന്‍ പറയുന്നത്.
കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആക്കിയ സമയത്താണ് 45,313 ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്. വിദ്യാകിരണം, വിദ്യാശ്രീ എന്നീ പദ്ധതികളുടെ പേരിലായിരുന്നു ലാപ്‌ടോപ്പ് വിതരണം. കെഎസ്എഫ്ഇയുടെ കയ്യില്‍ ഉണ്ടായിരുന്ന 45,313 ലാപ്‌ടോപ്പുകളാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. ഇതിനായി ദുരിതാശ്വാസനിധിയില്‍ നിന്ന് 81.43 കോടി രൂപ സര്‍ക്കാര്‍ കെഎസ്എഫ്ഇക്ക് അനുവദിക്കുകയാണ് ചെയ്തത്. അതേസമയം ലാപ്‌ടോപ്പിന്റെ തുക 500 രൂപ വീതം 36 മാസത്തവണകളായി വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരിച്ച് ഈടാക്കുകയും ചെയ്തു. ഫലത്തില്‍ കെഎസ്എഫ്ഇക്ക് ഇരട്ടി നേട്ടം. കെഎസ്എഫ്ഇ ബിസിനസിനായി ദുരിതാശ്വാസ നിധി ഉപയോഗിക്കുകയും ചെയ്തു. ഈ പണം കെഎസ്എഫ്ഇയില്‍ നിന്ന് തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല.
ഇതിന് പുറമേ ആലപ്പുഴ ജില്ലയിലെ 12 പഞ്ചായത്തുകളില്‍ വെള്ളപ്പൊക്ക പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ കെഎസ്എഫ്ഇക്ക് സര്‍ക്കാര്‍ 36 കോടി രൂപ നല്‍കുകയുണ്ടായി. നടപടി വിവാദമായപ്പോള്‍ അത് കെഎസ്എഫ്ഇ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയ തുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എല്ലാ നിയമ സംവിധാനങ്ങളേയും ചട്ടങ്ങളേയും കാറ്റില്‍പ്പറത്തുന്ന നടപടിയാണിത്. ഈ തുക ഉപയോഗിച്ചുള്ള നിര്‍മ്മാണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടന്നിട്ടില്ല. തുക ഇപ്പോഴും കെഎസ്എഫ്ഇയുടെ അക്കൗണ്ടിലാണുള്ളത്.
2018ലെ മഹാപ്രളയത്തിലും 2019 ലെ പ്രളയദുരന്തത്തിലും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പിരിച്ച ദുരിതാശ്വാസനിധിയില്‍ 230 കോടിയിലേറെ രൂപ ഇനിയും ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന വാര്‍ത്തയും ആശങ്ക സൃഷ്ടിക്കുന്നതാണ്. പ്രളയദുരന്തത്തില്‍ അകപ്പെട്ട ആയിരങ്ങള്‍ ആശ്വാസം ലഭിക്കാതെ കഴിയുമ്പോഴാണ് സാധാരണക്കാര്‍ സംഭാവനയായി നല്കിയ 230.75 കോടി രൂപ ചെലവഴിക്കാതെ സര്‍ക്കാര്‍ പിടിച്ചുവച്ചത്.
2018 ലും 19 ലും പ്രളയത്തിലകപ്പെട്ട് വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് നിരവധിയാളുകളാണ് വഴിയാധാരമായത്. ഇനിയും പലര്‍ക്കും ധനസഹായവും വീടും ലഭിച്ചിട്ടില്ല. 483 പേരാണ് 2018 ലെ മഹാപ്രളയത്തില്‍ സംസ്ഥാനത്ത് മരിച്ചത്. 15 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. വീടും സ്വത്തുവകകളും നഷ്ടമായവര്‍ പതിനായിരങ്ങളാണ്. 2019 ലെ പ്രളയത്തില്‍ മരിച്ചവരുടെ സംഖ്യ 181 ആണ്. പതിനയ്യായിരത്തിലേറെ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് 2018 ലും 2019 ലും ഒട്ടേറെപ്പേര്‍ സംഭാവനകള്‍ നല്കി. ചെറിയ കുട്ടികള്‍ പോലും തങ്ങളുടെ സമ്പാദ്യം നല്കി. എന്നിട്ടും ഈ തുക അര്‍ഹരായവര്‍ക്ക് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നതാണ് വ്യക്തമാകുന്നത്. ഇത്തരം കണക്കുകള്‍ കഥ പറയുമ്പോള്‍ മുഖ്യമന്ത്രി അരിശം പ്രകടിപ്പിച്ചിട്ട് കാര്യമില്ല.