ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം കള്ളനെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ആടുകച്ചവടക്കാരന്‍ അക്തര്‍ അന്‍സാരിക്കു വേണ്ടി മുസ്ലിം ലീഗ് ഫണ്ടു പിരിക്കാന്‍ പോകുന്നു. അതിനുള്ള ആദ്യപടി ലീഗ് നേതാക്കള്‍ തുടങ്ങിക്കഴിഞ്ഞു. ലീഗിന്റെ ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും സംഘവും അക്താറിന്റെ വീട് സന്ദര്‍ശിച്ച് സഹായധനം നല്‍കിയതായി പത്രവാര്‍ത്ത വന്നു. ലീഗ് ഫണ്ട് പിരിക്കാന്‍ പോകുന്നു എന്ന മുന്നറിയിപ്പായിരുന്നു ഈ വാര്‍ത്ത. ആ കുടുംബത്തിന്റെ പുനരധിവാസവും കുട്ടികളുടെ പഠനവും ലീഗ് ഏറ്റെടുത്തു എന്നാണ് വാര്‍ത്ത. അക്താറിന്റെ പേരില്‍ ലീഗ് പിരിവിനിറങ്ങുന്നു എന്ന സൂചനയാണീ വാര്‍ത്ത.ലീഗിന്റെ കണിക പോലുമില്ലാത്ത ഝാര്‍ഖണ്ഡിലെ അക്താറിനോട് ലീഗുകാര്‍ക്ക് ഇത്ര അനുകമ്പ തോന്നാന്‍ എന്താ കാരണം എന്നു ചോദിക്കരുത്. കേരളത്തില്‍ കുടുംബനാഥന്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ വകയില്ലാത്ത മുസ്ലിം കുടുംബങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല അവരുടെ പേരില്‍ പിരിവു നടത്തിയാല്‍ ചോദിക്കാന്‍ ആളുണ്ടാവും എന്നു ലീഗ് നേതാക്കള്‍ക്കറിയാം. ഝാര്‍ഖണ്ഡില്‍ ആര് ചോദിക്കാനാണ്?
ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കു വേണ്ടിയും കത്വ – ഉന്നാവ സംഭവത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കു വേണ്ടിയും ലീഗ് ഫണ്ട് പിരിച്ചിരുന്നു. അതൊക്കെ കണക്ക് കാണിക്കാതെ മുക്കി എന്നാണ് ലീഗിനകത്തു നിന്നുതന്നെ ആരോപണം വന്നത്. ഒച്ചപ്പാടായപ്പോള്‍ മാലിന്യം കൊണ്ടിടുന്ന സ്ഥലത്ത് ഷെഡ് പോലുള്ള കൂരയുണ്ടാക്കി ഗുജറാത്തില്‍ മുഖംരക്ഷിച്ചു. കത്വ- ഉന്നാവ പേരില്‍ വിദേശത്തുനിന്നും ഇവിടെ വെള്ളിയാഴ്ച പള്ളികളില്‍ നിന്നുമായി ഒരു കോടി രൂപപിരിച്ചുവെന്നും അതില്‍ 15 ലക്ഷം യൂത്തുലീഗിന്റെ യുവജന ജാഥക്ക് ചെലവാക്കി എന്നുമാണ് ഫിറോസിന്റെയും സുബൈറിന്റെയും പേരിലുള്ള പഴയ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തിന്റെ പരാതി. അതു കേസ്സായിരിക്കുന്നു. വയനാട് പ്രളയ ദുരിതാശ്വാസ ഫണ്ടിനായി പിരിച്ച 60 ലക്ഷം ആവിയായിപ്പോയി എന്നാണ് മുന്‍ ജില്ലാ കമ്മറ്റിയംഗം സി.മമ്മു പറയുന്നത്. ഈ കീഴ് വഴക്കം അക്താറിന്റെ കാര്യത്തിലും ലീഗുനേതാക്കള്‍ പാലിക്കാതിരിക്കില്ല എന്ന് തീര്‍ച്ചയായും വിശ്വസിക്കാം.