മഞ്ഞുവീണ തിരുവാതിരതന്‍ നെറു-
കിലുമ്മവെയ്ക്കുന്നു ദിനകരനെങ്കിലും,
നേരമേറെക്കഴിഞ്ഞു പ്രതീക്ഷതന്‍,
നാളമിന്നണയുവാന്‍ വെമ്പിലും
വേഗമേറും സമയരഥച്ചക്രം,
ഓടിനീങ്ങുന്നകലേക്കതെങ്കിലും
കാത്തിരുന്നോരതിഥിതന്‍ കാല്‍പ്പാടു
വീണതില്ലയെന്‍ മുറ്റത്തൊരിക്കലും.
മഞ്ഞുവീഴുന്ന സന്ധ്യയില്‍,വര്‍ഷത്തിന്‍-
മേഘഗണങ്ങളിരുളും പകലിലും
കഴിഞ്ഞമേയില്‍ കരിഞ്ഞദിനങ്ങളില്‍,
പിന്നെയോഗസ്റ്റിന്‍ വിടര്‍ന്നദിനങ്ങളില്‍
കാത്തിരുന്നു ഞാനേതോ വിദൂരമാം
കാഴ്ചയോടിയണയുന്നതും കാത്ത്.
പക്ഷിതന്‍കൂട്ടമാകാശവീഥിയില്‍,
നാട്ടുവായ്‌മൊഴി ചൊല്ലിപ്പറന്നുപോയ്,
എങ്കിലുമകനേരിന്‍ കിലുക്കമായ്
എന്നതിഥി വന്നതില്ലിതുവരെ.
ഓണവും വിഷുപ്പൂക്കളും മാഞ്ഞുപോയ്,
ഓമല്‍സ്വപ്നങ്ങളൊന്നായൊലിച്ചുപോയ്,
മഞ്ഞുവീണ വയല്‍പുല്ലിലൊക്കെയും
ചാഞ്ഞുവീഴുന്നു വേനല്‍പ്രതാപങ്ങള്‍,
നന്മുളംതണ്ടിലൂറുന്ന പാട്ടിന്റെ
രാഗമൊക്കെയും മാറി ഋതുവിനാല്‍,
ദൂരെയാകാശത്തോപ്പിലായിപ്പൊഴും
നല്‍ക്കതിര്‍ത്തേടി പാറുന്നു പക്ഷികള്‍.
ശുദ്ധസായാഹ്നസംഗീതം മോന്തിയീ –
നീലരാത്രിയുമാഗതയാകുമ്പോള്‍,
എത്തിയിട്ടില്ലയെന്നതിഥിയിനി –
യാത്ര നാളേയ്ക്കു മാറ്റിയതാകുമോ?
നാളെനാളെയെന്നാര്‍ക്കും മനസ്സിനെ,
താഴുകൊണ്ടുഞാന്‍ പൂട്ടിയിട്ടെങ്കിലും,
മൂകരാത്രിയില്‍ മോഹങ്ങള്‍ വന്നെന്റെ
താഴുകൊത്തിപ്പറിക്കുന്നു ചുണ്ടിനാല്‍.
ഇച്ഛയേറും നിമിഷം, യുഗങ്ങള്‍പോല്‍
ഒച്ചയില്ലാതൊഴുകിനീങ്ങുമ്പൊഴും
കാത്തിരിക്കുവാനാകാതെ കണ്ണുകള്‍,
പാതയോരത്തു ചെന്നുനില്ക്കുന്നുണ്ട്.
എത്ര ഋതു, നിലാവണിരാത്രികള്‍,
വാടിയപൂവുപോലെ കൊഴിഞ്ഞുപോയ്,
ഇപ്പച്ചപാടശേഖരമെത്രയോ,
കൊയ്ത്തുകാലങ്ങള്‍ കണ്ടു കടന്നുപോയ്,
നീരു തിങ്ങുന്നയാറു വരണ്ടുപോയ്,
നീളുമോര്‍മ്മകള്‍ വല്ലാതെരിഞ്ഞുപോയ്.
ഉച്ചസൂര്യന്‍ ചരിയുമ്പോഴേക്കുഞാന്‍,
എത്തുമെന്നു പറഞ്ഞയാളെവിടെയോ?
വന്നുകാണാന്‍ കൊതിയ്ക്കുമതിഥിയെ,
നിങ്ങള്‍ കണ്ടുവോ? കണ്ടാല്‍ പറയുമോ?