കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമായി വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലുകളെ കണക്കാക്കാമെന്നു തോന്നുന്നു. നൂറുകണക്കിന് പേര്‍ മരിച്ച, ഇനിയും മൃതദേഹങ്ങള്‍ കണ്ടെടുത്തു തീരാത്ത ദുരന്തഭൂമിയില്‍ കണ്ണീര്‍മഴ തോര്‍ന്നിട്ടില്ല. ജനവാസമേഖല ഒന്നാകെ തുടച്ചു മാറ്റപ്പെട്ട ഒരു പ്രകൃതിദുരന്തം കേരളത്തില്‍ ആദ്യമാണ് എന്നു പറയാം. കേദാര്‍നാഥില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കുറേ വര്‍ഷങ്ങള്‍ക്കു മുന്നേ ഉണ്ടായ പ്രകൃതിദുരന്തത്തിന് സമാനമാണ് വയനാടന്‍ കുന്നുകളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം. മനുഷ്യനും വളര്‍ത്തുമൃഗങ്ങളും സര്‍വ്വസമ്പാദ്യങ്ങളും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഭൂഗര്‍ഭത്തിലേക്ക് ഒലിച്ചുപോകുന്നതിന്റെ ഭയാനകത നമ്മളെ എന്തായാലും കുറച്ചു കാലത്തേക്കെങ്കിലും വേട്ടയാടുക തന്നെ ചെയ്യും. നഷ്ടപ്പെട്ട ജീവനും ജീവിതങ്ങള്‍ക്കും വിലയിട്ട് നഷ്ടപരിഹാരം നല്‍കാന്‍ ഒരു ഭരണകൂടത്തിനും മനുഷ്യക്കൂട്ടായ്മയ്ക്കും കഴിയില്ല. ഏത് ദുരന്തവും സൃഷ്ടിക്കുന്ന വൈകാരിക അന്തരീക്ഷം അവസാനിക്കുമ്പോഴെങ്കിലും അധികൃതരും ഭരണകൂടവും സന്നദ്ധസംഘടനകളും എല്ലാം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും എന്തു ചെയ്യാന്‍ കഴിയുമെന്ന് കൂട്ടായി ചിന്തിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ പ്രബുദ്ധ കേരളത്തില്‍ അതുണ്ടാകുന്നില്ലെന്നാണ് ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ നമ്മോട് പറയുന്നത്. കേരളത്തിന്റെ സവിശേഷമായ ഭൗമഘടനയും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഇനിയുള്ള കാലത്ത് കേരളത്തെ ഒരു ദുരന്തഭൂമിയാക്കി മാറ്റാനുള്ള സാധ്യത വളരെ ഏറെയാണ്. കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് സമുദ്രവും അതിരിടുന്ന കേരളത്തിന്റെ ശരാശരി വീതി നാല്‍പ്പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വരെ മാത്രമാണ്. ആഗോള താപനം എന്ന പ്രതിഭാസം കൊണ്ട് സമുദ്രജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയും കേരളത്തിന്റെ തീരപ്രദേശത്തെ കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയുമാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന അതിവൃഷ്ടി മലയോര മേഖലയെ തകര്‍ത്തെറിയുന്ന ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലിനും കാരണമാകുന്നു. ഇതുകൂടാതെ പരിസ്ഥിതി മര്യാദകളെ തരിമ്പും കൂസാതുള്ള പാറ ഖനനവും മണ്ണിടിക്കലും മണല്‍ കോരലും മരം മുറിക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എല്ലാം ചേര്‍ന്ന് കേരളത്തെ ഒരു ദുരന്തഭൂമിയാക്കി മാറ്റിയിരിക്കുന്നു.
കേരളത്തില്‍ പ്രധാനമായും മഴക്കാലമെന്നും വേനല്‍ക്കാലമെന്നും രണ്ട് കാലാവസ്ഥയാണ് കൃത്യമായി വ്യവച്ഛേദിച്ച് അറിയാന്‍ കഴിയുന്നത്. മഞ്ഞുകാലമെന്നൊരു കാലാവസ്ഥാ അനുഭവം കേരളത്തില്‍ നിന്ന് ഏതാണ്ട് തിരോഭവിച്ച മട്ടാണ്. ഇന്ന് മഴക്കാലവും വേനല്‍ക്കാലവും ദുരന്തകാലമായി മാറിയിരിക്കുന്നു. അനാവൃഷിയും അതിവൃഷ്ടിയും ദുരന്തമായി മാറുന്ന കേരളത്തില്‍ ജനജീവിതം ദുഷ്‌ക്കരമായി തുടരുന്നു. ഏതാനും വര്‍ഷങ്ങളായി ആഗസ്റ്റ് മാസം കേരളത്തിലെ ദുരന്ത മാസമായി മാറിയിരിക്കുകയാണ്. 2018 മുതലാണ് മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ വ്യാപകമായി തുടങ്ങിയത്. വയനാട്ടിലും ഇടുക്കിയിലും മലപ്പുറത്തും കോട്ടയത്തും എല്ലാമായി ഏതാണ്ട് അഞ്ഞൂറില്‍പ്പരമാള്‍ക്കാരാണ് ഇക്കാലയളവില്‍ ഉരുള്‍ ദുരന്തങ്ങളില്‍ കേരളത്തില്‍ മരിച്ചത്. എന്നാല്‍ ഈ ദുരന്തങ്ങളെ എല്ലാം കടത്തിവെട്ടുംവിധം മരണനിരക്കും ദുരന്ത വ്യാപ്തിയും ഏറിയ ജലദുരന്തമാണ് ചൂരല്‍മലയിലും പരിസരത്തും ഈ കഴിഞ്ഞ ദിവസമുണ്ടായത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ദുരന്ത സാധ്യത ഉള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനമാണ് അധികൃതര്‍ ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ ജനങ്ങളുടെ ജീവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത ഭരണകൂടം ദുരന്ത ശേഷമുള്ള പണപ്പിരിവിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നതെന്നു തോന്നുന്നു. വയനാട് ദുരന്തത്തെക്കുറിച്ച് കേന്ദ്ര ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ ജൂലായ് 23 ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേരളം അത് അവഗണിക്കുകയായിരുന്നു എന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പാര്‍ലമെന്റിലെ വെളിപ്പെടുത്തല്‍ ഞെട്ടലോടെ അല്ലാതെ ശ്രവിക്കാന്‍ കഴിയില്ല. കനത്ത മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചയുടന്‍ ഒമ്പതംഗ എന്‍ഡിആര്‍എഫ് സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയച്ചിരുന്നു. 7.20 സെന്റിമീറ്ററിലധികം മഴ പെയ്യാനും മണ്ണിടിച്ചിലിനും സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ജൂലായ് 26 ന് വീണ്ടും നല്‍കിയിട്ടും അപകട സാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കേരളത്തിലെ ഭരണകൂടം ഒന്നും ചെയ്തില്ല. 2019 ആഗസ്റ്റ് 8 ന് പുത്തുമലയില്‍ ഉരുള്‍പൊട്ടിയപ്പോള്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ ഗാഡ്ഗില്‍ ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല നഗരം അവശേഷിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പശ്ചിമഘട്ടത്തിലെ അനധികൃത പാറമടകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമാകുന്നതെന്ന് ഗാഡ്ഗില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാത്ത ഭരണകൂടമാണ് ഇവിടെയുള്ളത്. ദുരന്ത ശേഷമുള്ള ഇടപെടലുകളല്ല, ദുരന്തപൂര്‍വ്വ ഇടപെടലുകളാണ് കേരളത്തിലാവശ്യം. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുകയും ദീര്‍ഘകാല മുന്‍കരുതലുകള്‍ കൈകൊള്ളുകയുമാണ് വേണ്ടത്. ഇത്തരം പ്രദേശങ്ങളില്‍ പരിസ്ഥിതി സൗഹൃദമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല. 2019 ല്‍ ഉരുള്‍പൊട്ടി 57 പേര്‍ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്ത കവളപ്പാറയുടെ മറുകുന്നായ പുത്തുമല പണ്ടേ ദുരന്തമേഖലയായിരുന്നു. ഇതറിയുന്ന അധികൃതര്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ ഈ ദുരന്തത്തിലെ ആള്‍നാശം ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
ആറ് സംസ്ഥാനങ്ങളിലും 44 ജില്ലകളിലും 142 താലൂക്കുകളിലുമായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടം കേരളത്തിന്റെ കാലാവസ്ഥയേയും സമ്പദ്ഘടനയേയും എല്ലാം നിയന്ത്രിച്ചു നില്‍ക്കുന്ന കാവല്‍ കോട്ടയാണ്. ജലഗോപുരമെന്നാണ് മാധവ ഗാഡ്ഗില്‍ ഈ മലമുടികളെ വിശേഷിപ്പിക്കുന്നതു തന്നെ. ഇന്നത് ജല ബോംബുകളായി മാറിയിരിക്കുന്നു. കേരളത്തിലെ നാല്‍പ്പത്തിനാലു നദികളും ഉല്‍ഭവിച്ചൊഴുകുന്നത് ഈ ഗിരിനിരകളില്‍ നിന്നാണ്. ഭാരതത്തിന്റെ ഭൂവിസ്തൃതിയുടെ രണ്ട് ശതമാനം മാത്രം വരുന്ന പശ്ചിമഘട്ടത്തിലാണ് രാജ്യത്താകെ കിട്ടുന്ന മഴയുടെ 40% പെയ്യുന്നത്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ട് പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള തീവ്ര പരിശ്രമങ്ങള്‍ നാം ചെയ്തില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഉറഞ്ഞുതുള്ളി കലാപം നടത്തിയ സംഘടിത മതനേതാക്കളും പുരോഹിതരും അവരുടെ വോട്ടുബാങ്കുകള്‍ക്കു മുന്നില്‍ ജനങ്ങളുടെ ജീവനും ജീവിതവും പണയപ്പെടുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുമാണ് ഇപ്പോഴുണ്ടാകുന്ന ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ കാരണക്കാര്‍. എന്തായാലും ഉരുള്‍പൊട്ടല്‍ വന്‍ ദുരന്തത്തിനിടയാക്കിയ വയനാട്ടിലെ 13 വില്ലേജുകള്‍ അടക്കം കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങള്‍ പരിസ്ഥിതി ലോല പ്രദേശമായി ശുപാര്‍ശ ചെയ്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ജൂലായ് 31 ന് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. ജനവികാരം ഇളക്കിവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനു പകരം ഇതിനോടെങ്കിലും ക്രിയാത്മകമായി പ്രതികരിക്കാന്‍ കേരളം തയ്യാറാകണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.വയനാടിന്റെ മണ്ണില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പിടഞ്ഞൊടുങ്ങിയ മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും പാവനസ്മരണക്കു മുന്നില്‍ അശ്രുപുഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു.