നന്ദ ഗ്രാമത്തില്‍ നിന്നും മടങ്ങും വഴിയാണ് ഞാന്‍ ആശീശ്വര്‍ മഹാദേവക്ഷേത്രത്തില്‍ കയറുന്നത്. നന്ദ ഗ്രാമത്തിലെ അഞ്ച് പ്രസിദ്ധ ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. മദ്ധ്യാഹ്നത്തോടടുത്തെങ്കിലും ക്ഷേത്രനട അടച്ചിരുന്നില്ല. ക്ഷേത്രത്തിനു ചുറ്റിലും ധാരാളം വൃക്ഷങ്ങള്‍ തണല്‍ വിരിച്ച് നില്‍ക്കുന്നതുകൊണ്ടാവാം ഈ പ്രദേശം ആശീശ്വര്‍ വനം എന്നാണ് അറിയപ്പെടുന്നത്. ഒരുപക്ഷെ പണ്ട് കൊടും കാടായിരുന്നിരിക്കണം. ഇപ്പോള്‍ അരയാലും പേരാലും ആര്യവേപ്പുമെല്ലാമായി അത്യാവശ്യം തണലുണ്ട് എന്നു പറയാം.
ക്ഷേത്രത്തോട് ചേര്‍ന്നുള്ള ആശീശ്വര്‍ കുണ്ഡ് ഒരു പുണ്യതീര്‍ത്ഥമാണ്. വശങ്ങള്‍ കെട്ടി വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വിശാലമായ കുളമാണ് ആശീശ്വര്‍ കുണ്ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. അത്ര ശില്‍പ്പ ഭംഗിയൊന്നും അവകാശപ്പെടാനില്ലാത്ത ക്ഷേത്രം പുതിയ നിര്‍മ്മിതി പോലെ തോന്നി. ശ്രീകോവിലിനുള്ളില്‍ മാര്‍ബിള്‍ പതിച്ച ഒരു ചെറു കുഴിയിലാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവന്‍ പരിവാരസമേതനായി വസിക്കുന്നു എന്നാണ് വിശ്വാസം. ശിവലിംഗത്തിനു ചുറ്റും പഞ്ചലോഹ നിര്‍മ്മിതമായ പാര്‍വ്വതി, ഗണപതി, സുബ്രഹ്മണ്യന്‍, നന്ദി തുടങ്ങിയ വിഗ്രഹങ്ങള്‍ പ്രതിഷ്ഠ കൊള്ളുന്നു. ശ്രീകോവിലിന്റെ ചുവരിനോട് ചേര്‍ന്ന് സാമാന്യം വലിപ്പമുള്ള മാര്‍ബിളില്‍ തീര്‍ത്ത ധ്യാന ശിവന്റെ ശില്‍പ്പമുണ്ട്. ശിവന്‍ ആദി യോഗിയും കൂടി ആണല്ലോ. മഹാവിഷ്ണു കൃഷ്ണനായി വന്നവതരിച്ചപ്പോള്‍ ഭഗവാന്റെ ബാലഭാവം കാണാന്‍ പരമശിവന് ആഗ്രഹമുണ്ടായി. അദ്ദേഹം ജടാവല്‍ക്കലങ്ങളോടെ ചുടലച്ചാമ്പല്‍ പൂശി വ്രജ ഭൂമിയിലെത്തി. ശിവന്റെ പ്രാകൃതവേഷം കണ്ട് കുട്ടി പേടിച്ചാലോ എന്നു കരുതി യശോദ കണ്ണനെ കാണാന്‍ അനുവദിച്ചില്ല. ശിവന്‍ മടങ്ങിപ്പോകാന്‍ കൂട്ടാക്കാതെ ആശീശ്വര്‍ വനത്തില്‍ ധ്യാനിച്ചിരുന്നു പോലും. ശ്രീകൃഷ്ണ ദര്‍ശനമെന്ന ആശയോടെ സാധന ചെയ്ത ശിവന്റെ മുന്നില്‍ ഉണ്ണിക്കണ്ണന്‍ ബാലഭാവത്തില്‍ പ്രത്യക്ഷമായ സ്ഥലത്താണത്രെ ഇപ്പോള്‍ ആശീശ്വര്‍ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൃഷ്ണദര്‍ശനമെന്ന ആശയോടെ മഹാദേവന്‍ തപസ്സ് ചെയ്ത ഇടമായതുകൊണ്ട് ഇവിടുത്തെ ശിവ പ്രതിഷ്ഠ ആശീശ്വര്‍ മഹാദേവന്‍ എന്നറിയപ്പെട്ടു. ഇവിടെ ശിവരാത്രി ആഘോഷം വളരെ ഗംഭീരമായി നടക്കാറുണ്ട്.
ക്ഷേത്രപരിസരം കണ്ടു നടക്കുന്നതിനിടയിലാണ് ജയറാം ദാസ് എന്ന അവധൂത സന്ന്യാസി എന്റെ ശ്രദ്ധയില്‍ പെട്ടത്. കൗപീനം മാത്രം ധരിച്ച ജടാധാരിയായ അദ്ദേഹത്തെ പാദ നമസ്‌ക്കാരം ചെയ്തപ്പോള്‍ കൈ ഉയര്‍ത്തി അനുഗ്രഹിച്ചു. ശിഷ്യന്മാരോട് എനിക്കിരിക്കാന്‍ കസേര കൊണ്ടുവരുവാന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ വേഗത്തില്‍ ഒരു പ്ലാസ്റ്റിക്ക് കസേര കൊണ്ടുവന്ന് മുറ്റത്തിട്ടു. നീണ്ട താടിയും വിഭൂതി പൂശിയ തടിച്ച ശരീരവും എല്ലാം കൂടി ചേര്‍ന്ന് അല്‍പ്പം ഭയമുണര്‍ത്തുന്ന ഭാവത്തിലായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പ്. ക്ഷേത്ര പുരാവൃത്തം അദ്ദേഹം സവിസ്തരം പറഞ്ഞു തന്നെങ്കിലും പ്രാദേശിക ഭേദമുള്ള ഹിന്ദിയായതുകൊണ്ട് ഒന്നും തന്നെ മനസ്സിലായില്ല. അദ്ദേഹത്തിന്റെ അനുവാദത്തോടെ കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തി ചെറിയൊരു ദക്ഷിണയും സമര്‍പ്പിച്ച് യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹം കൈകള്‍ ഉയര്‍ത്തി വീണ്ടും അനുഗ്രഹിച്ചു. അവധൂതന്റെ അനുഗ്രഹത്തോടെ ഞങ്ങള്‍ ആശീശ്വര്‍ മഹാദേവനോട് വിട പറഞ്ഞു.
കീര്‍ത്തി മന്ദിര്‍
സമയം ഉച്ചയായിരിക്കുന്നു. ടാറിട്ട പാതയോരത്ത് ചുവന്ന മാര്‍ബിളില്‍ മനോഹരമായ കൊത്തുപണികളോടെ തല ഉയര്‍ത്തി നില്‍ക്കുന്ന കവാടം കീര്‍ത്തി മന്ദിറിന്റേതാണ്. വൃന്ദാവനത്തിലെ പ്രേമ മന്ദിരം നിര്‍മ്മിച്ച ഗുരൂത്തം കൃപാലുമഹരാജ് പണി കഴിപ്പിച്ച മറ്റൊരു ക്ഷേത്രമാണിത്. രാധാദേവിയുടെ ഗ്രാമമായ ബര്‍സാനക്കടുത്താണ് കീര്‍ത്തി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. ഇതു കൂടാതെ മന്‍ഘറിലെ ഭക്തി മന്ദിറും കൃപാലുമഹരാജ് നിര്‍മ്മിച്ചതാണ്. ഇവയിലെല്ലാമുള്ള പൊതുസ്വഭാവം പഴയകാല ശില്‍പ്പ ശൈലിയില്‍ തീര്‍ത്ത ആധുനിക നിര്‍മ്മിതികളാണ് ഇവയെന്നതാണ്. പതിനായിരക്കണക്കിന് ഭക്തജനങ്ങളെ ഉള്‍ക്കൊള്ളാന്‍ പോന്ന വിധമാണ് ഇവയുടെ എല്ലാം നിര്‍മ്മിതി. കീര്‍ത്തി മന്ദിറിന്റെ ചുറ്റുവട്ടത്തുള്ള മുറ്റം തന്നെ ഏക്കറുകണക്കിന് വിസ്തൃതിയില്‍ വെളുത്ത മാര്‍ബിള്‍ ശിലകള്‍ പതിച്ച് മോടിപിടിപ്പിച്ചിരിക്കുന്നു. ഉച്ചവെയിലില്‍ ഇവിടെ നടന്നാല്‍ കാല്‍ പൊള്ളിയതുതന്നെ. അതുകൊണ്ട് കാര്‍പ്പറ്റ് വിരിച്ചൊരുക്കിയിരിക്കുന്ന നടപ്പാതയിലൂടെ മാത്രം നടക്കാന്‍ ശ്രദ്ധിച്ചു. കീര്‍ത്തി മന്ദിര്‍ പോലുള്ള എല്ലാ ആധുനിക ക്ഷേത്രങ്ങളോടും ചേര്‍ന്ന് വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങള്‍ ഉണ്ടെന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ പല പുരാതന മഹാക്ഷേത്രങ്ങളുടെയും പരിസരത്ത് വൃത്തിയുള്ള ശൗചാലയങ്ങള്‍ ഇല്ലെന്ന് നമുക്കറിയാം. വിളക്കെണ്ണയുടെ അമിതവും അശ്രദ്ധവുമായ ഉപയോഗം കേരളത്തിലെ ക്ഷേത്രങ്ങളെ വൃത്തിഹീനമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഉത്തര ഭാരതത്തിലെ ക്ഷേത്ര ശ്രീകോവില്‍ വരെ വൈദ്യുതീകരിച്ചിട്ടുള്ളതുകൊണ്ട് അധികം എണ്ണ വിളക്കുകള്‍ കാണാന്‍ കഴിയില്ല.
1922ല്‍ ജനിച്ച കൃപാലുജി മഹരാജ് 2013 നവംബര്‍ 15 നാണ് സമാധിയായത്. പ്രധാനമായി അഞ്ച് ആശ്രമങ്ങളാണ് അദ്ദേഹം സ്ഥാപിച്ചിട്ടുള്ളത്. ഇതിലൊന്ന് അമേരിക്കയിലാണ്. വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന്റെ കീഴില്‍ വരുന്നതാണ് ഇദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങളെല്ലാം. വൃന്ദാവനത്തിലെ പ്രേമ മന്ദിരം, മന്‍ഘറിലെ ഭക്തി മന്ദിരം, ബര്‍സാനയിലെ കീര്‍ത്തി മന്ദിരം എന്നിവയാണ് ഇവയില്‍ പ്രധാനം. നാഗര ദ്രാവിഡ ശില്‍പ്പ ശൈലികളുടെ മനോഹരമായ ലയം കൃപാലുജി മഹരാജ് നിര്‍മ്മിച്ച എല്ലാ ക്ഷേത്രങ്ങളിലും കാണാം. 1970 ല്‍ ആണ് ജഗത്ഗുരുകൃപാലുപരിഷത് സ്ഥാപിതമാകുന്നത്. ക്ഷേത്രങ്ങളും ആശ്രമങ്ങളുമെല്ലാം ഇതിന്റെ കീഴില്‍ ഇപ്പോഴും ഭംഗിയായി പ്രവര്‍ത്തിക്കുന്നു. അനേകം കീര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി ആലപിച്ചിട്ടുള്ള കൃപാലുജി മഹരാജ് ആധുനിക കാലത്തെ ഭക്തി പ്രസ്ഥാനത്തിന്റെ ആള്‍രൂപമാണ്. അദ്ദേഹം സ്ഥാപിച്ച എല്ലാ ക്ഷേത്രങ്ങളിലും പടുകൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകളില്‍ അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങളും സത്സംഗങ്ങളും സദാ സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കും.
കീര്‍ത്തി മന്ദിറിന്റെ സവിശേഷതകളിലൊന്ന് അവിടുത്തെ മുഖ്യ പ്രതിഷ്ഠ തന്നെയാണ്. രാധാറാണി തനിക്കു ജന്മം നല്‍കിയ കീര്‍ത്തി മാതാവിന്റെ മടിയില്‍ ഇരിക്കുന്ന വിധത്തിലുള്ള മാര്‍ബിള്‍ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു സങ്കല്‍പ്പം മറ്റെവിടെയും കാണാന്‍ കഴിയില്ല. 2019 ഫെബ്രുവരി പത്തിന് വസന്ത പഞ്ചമിയിലാണ് ഈ ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത്. പൊതുനിരത്തിന് അഭിമുഖമായി ചുവന്ന മാര്‍ബിളില്‍ തീര്‍ത്തിരിക്കുന്ന പടുകൂറ്റന്‍ ക്ഷേത്രഗോപുരം ആരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതാണ്. വിശാലമായ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഭഗവാന്റെ രാസലീലകള്‍ ശില്‍പ്പവല്‍ക്കരിച്ചിട്ടുണ്ട്. രാധാറാണിയുടെ പ്രിയപ്പെട്ട അഷ്ട സഖികളെയും സമീപത്ത് ശില്‍പ്പവല്‍ക്കരിച്ചിട്ടുണ്ട്. ഇതില്‍ രാധാകൃഷ്ണന്മാര്‍ ഊഞ്ഞാലാടുന്ന ശില്‍പ്പം ശ്രദ്ധേയമാണ്. പ്രേമ മന്ദിറിലെ ശില്‍പ്പങ്ങളുടെ അത്ര വലിപ്പമില്ലെങ്കിലും കാഴ്ചയില്‍ ഭംഗിയേറിയവയാണ് ഇവയെല്ലാം. ക്ഷേത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിയാന്‍ ക്ഷേത്രത്തിന്റെ മതില്‍ കെട്ടിനുള്ളില്‍ തന്നെയുള്ള ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ സന്തോഷത്തോടെ ചില പുസ്തകങ്ങള്‍ സമ്മാനിച്ചു. വെയില്‍ ഏറി വന്നതിനാല്‍ ഞങ്ങള്‍ പുറത്തിറങ്ങി കരിമ്പിന്‍ നീര് വില്‍ക്കുന്ന കടയിലേക്ക് നടന്നു. പുതിനയിലയിട്ട ശുദ്ധമായ കരിമ്പിന്‍ നീര് കുടിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
ഗോവര്‍ദ്ധന പരിക്രമണം
മഥുരയിലും വൃന്ദാവനത്തിലും വര്‍ഷങ്ങള്‍ക്കു മുന്നേ പോകാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നുവെങ്കിലും ഗോവര്‍ദ്ധന പര്‍വ്വതം ദര്‍ശിക്കുവാനോ അതിനെ പ്രദക്ഷിണം ചെയ്യുവാനോ കഴിഞ്ഞിരുന്നില്ല. ഈ യാത്രയില്‍ ആ കുറവ് പരിഹരിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്നെ ഉള്ള വൃന്ദാവനമോ മഥുരയോ അല്ല ഇന്നുള്ളത്. മനുഷ്യന്‍ വലിക്കുന്ന റിക്ഷകളും കുതിരവണ്ടികളും ഏതാണ്ട് പാടേ മറഞ്ഞിരിക്കുന്നു. പകരം ഇലക്ട്രിക് റിക്ഷകളാണ് തലങ്ങും വിലങ്ങും ഓടുന്നത്. കുതിര ചാണകം കുഴഞ്ഞ നിരത്തുകളായിരുന്നു പണ്ടുണ്ടായിരുന്നതെങ്കില്‍ ഇന്ന് ഉത്തര്‍പ്രദേശിലാകെ സ്ഥിതി മാറിയിരിക്കുന്നു. പൊതുനിരത്തുകളെല്ലാം നവീകരിക്കപ്പെട്ടിരിക്കുന്നു. വൃത്തിയിലും വെടിപ്പിലും ഇന്ന് ഉത്തര്‍പ്രദേശ് വളരെ ഏറെ പുരോഗമിച്ചു എന്നു തന്നെ പറയാം. ഗോവര്‍ദ്ധന പരിക്രമണം ഭഗവല്‍ പ്രദക്ഷിണമായാണ് കണക്കാക്കി പോരുന്നത്. ഗോവര്‍ദ്ധന പര്‍വ്വത രൂപത്തില്‍ നില്‍ക്കുന്നത് സാക്ഷാല്‍ ശ്രീകൃഷ്ണ പരമാത്മാവു തന്നെയാണെന്നാണ് വിശ്വാസം. അതുകൊണ്ട് പലരും നഗ്‌നപാദരായി പദയാത്ര ചെയ്താണ് ഗോവര്‍ദ്ധന പരിക്രമണം പൂര്‍ത്തിയാക്കുന്നത്. വൃന്ദാവനത്തില്‍ നിന്ന് 21 കിലോമീറ്റര്‍ ദൂരെ ഏതാണ്ട് എട്ട് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഒരു ചെറിയ കുന്നാണ് ഗോവര്‍ദ്ധനം. നടന്നു പ്രദക്ഷിണം ചെയ്യാന്‍ ആരോഗ്യവും സമയവുമില്ലാത്തവര്‍ക്കായി ധാരാളം വൈദ്യുത റിക്ഷകള്‍ തയ്യാറായി കിടക്കുന്നുണ്ട്. ഞങ്ങള്‍ എന്തായാലും റിക്ഷയില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ കാര്‍ ഒരിടത്ത് പാര്‍ക്കു ചെയ്ത് നാലഞ്ചുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന റിക്ഷ വാടകക്കെടുത്തു. ബ്രജ്‌മോഹന്‍ എന്ന ഡ്രൈവര്‍ എല്ലാ സ്ഥലങ്ങളുടെയും ഐതിഹ്യവും പുരാണ കഥകളുമൊക്കെ പറഞ്ഞ് ഞങ്ങളെ വഴികാട്ടി. വൃന്ദാവനത്തില്‍ നിന്നും 21 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞന്‍ മലയാണ് ഗോവര്‍ദ്ധനം. ഇതിനു ചുറ്റിലും ധാരാളം ചെറു തടാകങ്ങള്‍ ഉണ്ട്. ഭക്തജനങ്ങള്‍ ഇവയെ എല്ലാം പുണ്യതീര്‍ത്ഥങ്ങളായാണ് കണക്കാക്കി പോരുന്നത്. ഗോവര്‍ദ്ധനത്തെ ഒരു പര്‍വ്വതം എന്നു പറയുന്നതിലും നല്ലത് ഒരു ചെറുകുന്ന് എന്ന് പറയുന്നതാവും ശരി. എന്നു മാത്രമല്ല പ്രതിദിനം ഈ കുന്ന് ചെറുതായിക്കൊണ്ടിരിക്കുകയാണ് എന്നൊരു വിശ്വാസം കൂടിയുണ്ട്. ഭൂമിയുടെ അടിയിലെ വിഭിന്ന അടരുകള്‍ ആന്തരിക സമ്മര്‍ദ്ദത്താല്‍ ഒന്ന് മറ്റൊന്നിനു മേല്‍ ഇടിച്ച് കയറുമ്പോഴാണല്ലോ പര്‍വ്വതങ്ങള്‍ ഉണ്ടാകുന്നത്. അങ്ങനെ ഭൂമിയില്‍ ഏറ്റവും അവസാനമുണ്ടായ പര്‍വ്വതം ഹിമാലയമാണെന്നാണ് ഭൗമ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. എന്തായാലും ഗോവര്‍ദ്ധനം ചെറുതായി പോകുന്നതിന്റെ രസകരമായ ഒരു പുരാണ കഥയുണ്ട്. ഗോവര്‍ദ്ധന പര്‍വ്വതത്തിന്റെ ഭംഗിയില്‍ ആകൃഷ്ടനായ സപ്തര്‍ഷിമാരില്‍ ഒരുവനായ പുലസ്ത്യ മഹര്‍ഷി ഗോവര്‍ദ്ധനത്തെ കാശിക്കു കൊണ്ടുപോകാന്‍ ശ്രമിച്ചുവത്രെ. പോകുംവഴി തന്നെ എവിടെ വയ്ക്കുന്നുവോ താന്‍ അവിടെ ചിരപ്രതിഷ്ഠ കൊള്ളുമെന്നായി പര്‍വ്വതം. വ്രജധാമത്തിലെത്തിയപ്പോള്‍ പര്‍വ്വതം തന്റെ ഭാരം വര്‍ദ്ധിപ്പിച്ചു. തന്ത്രം മനസ്സിലാക്കിയ മുനിപര്‍വ്വതത്തെ വ്രജധാമത്തില്‍ സ്ഥാപിച്ചുവെങ്കിലും പ്രതിദിനം ഉയരം കുറഞ്ഞു പോകട്ടെ എന്ന് ശപിച്ചു. അങ്ങനെയാണു പോലും ഗോവര്‍ദ്ധനം ഇത്ര ഉയരം കുറഞ്ഞ പര്‍വ്വതമായത്.
ഗോകുലവാസികള്‍ ക്ഷീരകര്‍ഷകരായതുകൊണ്ട് മഴയുടെ ദേവനായ ദേവേന്ദ്രനെ പ്രത്യേകം പൂജിച്ചിരുന്നു. മഴയുടെ ലഭ്യതയെ ആശ്രയിച്ചു നില്‍ക്കുന്ന കാലി വളര്‍ത്തല്‍ പുഷ്ടിപ്പെടാന്‍ ദേവേന്ദ്ര പ്രീതി ആവശ്യമാണെന്ന് അവര്‍ കരുതി. എന്നാല്‍ മഴ ലഭിക്കുന്നത് ഗോവര്‍ദ്ധന പര്‍വ്വതത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണെന്ന പരിസ്ഥിതി ശാസ്ത്ര രഹസ്യം അറിയാമായിരുന്ന ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധന പര്‍വ്വതത്തെയാണ് പൂജിക്കേണ്ടതെന്ന് ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. ഗോകുലവാസികള്‍ ഇന്ദ്രപൂജ അവസാനിപ്പിച്ച് ഗോവര്‍ദ്ധനത്തെ പൂജിക്കാന്‍ തുടങ്ങിയതില്‍ കുപിതനായ ദേവേന്ദ്രന്‍ പേമാരിയും കൊടുങ്കാറ്റും കൊണ്ട് ഗോകുലത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു. ഭഗവാന്‍ ഗോവര്‍ദ്ധന പര്‍വ്വതത്തെ തന്റെ ചെറുവിരല്‍ കൊണ്ട് ഉയര്‍ത്തിപ്പിടിച്ച് ഗോകുലത്തിലെ സര്‍വ്വ ചരാചരങ്ങളെയും പേമാരിയില്‍ നിന്നു രക്ഷിക്കുകയും ഇന്ദ്രന്റെ അഹങ്കാരം അവസാനിപ്പിക്കുകയും ചെയ്തു. ഏഴു ദിവസമാണത്രെ ഭഗവാന്‍ തന്റെ ചെറുവിരലില്‍ ഗോവര്‍ദ്ധനത്തെ ഉയര്‍ത്തി നിര്‍ത്തിയത്. ഗോവര്‍ദ്ധനോദ്ധാരണത്തിന്റെ മനോഹരമായ ശില്‍പ്പങ്ങളും ചുവര്‍ ചിത്രങ്ങളും പലയിടത്തും കണ്ടിട്ടുണ്ട്. അവിടെയെല്ലാം ഗോകുലവാസികള്‍ക്കൊപ്പം പക്ഷിമൃഗാദികള്‍ പോലും തങ്ങളാലാവുംവിധം ഗോകുലത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ഭഗവാനെ സഹായിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതായി കണ്ടു. നല്ല സംഘാടകന്‍ വിജയകീര്‍ത്തി പങ്കുവയ്ക്കും എന്ന സംഘടന ശാസ്ത്രത്തെക്കുറിച്ച് കൃഷ്ണന്‍ ബോധവാനായിരുന്നു എന്ന് ഈ ചിത്രങ്ങളില്‍ നിന്നു മനസ്സിലാക്കാം. സാമൂഹ്യ യത്‌നത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്നവയാണ് ഇത്തരം ശില്‍പ്പങ്ങളും ചിത്രങ്ങളുമെന്ന് പൊതുവായി പറയാം. എന്തായാലും ഗോവര്‍ദ്ധന പൂജ ആദ്യമായി ചെയ്ത് പരിസ്ഥിതി അവബോധം ഗോകുലത്തില്‍ വരുത്തിയ കൃഷ്ണന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ മാര്‍ഗ്ഗദര്‍ശി കൂടിയാകുന്നു.
ഗോവര്‍ദ്ധനത്തെ സാക്ഷാല്‍ ഭഗവാനായിട്ടാണ് ഭക്തര്‍ കണക്കാക്കിപ്പോരുന്നത് എന്ന് പറഞ്ഞല്ലോ. അതുകൊണ്ട് ഗോവര്‍ദ്ധനത്തില്‍ നിന്ന് ലഭിക്കുന്ന ശിലയെ സാളഗ്രാമം പോലെയാണ് വൈഷ്ണവര്‍ കണക്കാക്കി പോരുന്നത്. സാളഗ്രാമം പോലെ തന്നെ ഇത് പ്രതിഷ്ഠിച്ച് പൂജ ചെയ്ത് പോരുന്നു. ഇപ്പോള്‍ ഗോവര്‍ദ്ധനത്തിന് പരമാവധി 25 മീറ്റര്‍ മാത്രമാണ് ഉയരം. എട്ട് കിലോമീറ്റര്‍ ചുറ്റളവ്. ദീപാവലി ആഘോഷങ്ങള്‍ക്ക് പിറ്റേ ദിവസമാണ് ഗോവര്‍ദ്ധന പൂജ ആചരിക്കുന്നത്. ഭക്തജനങ്ങള്‍ രാത്രി ഉറക്കമിളച്ച് വ്രത വിശുദ്ധിയോടെ തയ്യാറാക്കുന്ന 108 തരം വിഭവങ്ങള്‍ ഭഗവാന് നേദിക്കുന്നു. ചിലര്‍ 56 ഇനം വിഭവങ്ങള്‍ കൊണ്ടും ഭഗവാനെ പൂജിക്കാറുണ്ട്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുന്നുപോലെ കൂട്ടി വച്ചാണ് നേദിക്കാറ്. ഇതിന് അന്ന കൂട എന്ന് പറയുന്നു. അന്ന കൂട എന്നാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ളപര്‍വ്വതം എന്നര്‍ത്ഥം. ഗോവര്‍ദ്ധന പര്‍വ്വതത്തിന്റെ ചുറ്റളവ് എട്ട് കിലോമീറ്റര്‍ മാത്രമാണെങ്കിലും ഗോവര്‍ദ്ധന പരിക്രമപഥം 38 കിലോമീറ്ററാണ്. ഈ ദൂരമത്രയും നഗ്നപാദരായി നടന്ന് തീര്‍ക്കുന്നവരുണ്ട്. ചിലര്‍ ദ്വാരമിട്ട മണ്‍കലത്തില്‍ പാല്‍ നിറച്ച് അതുമായി പ്രദക്ഷിണം ചെയ്യാറുണ്ട്. കേരളക്കരയിലെ ശൂലം കുത്തല്‍ പോലെയോ കാവടിയാട്ടം പോലെയോ ഭക്തിയുടെ ഓരോരോ വകഭേദങ്ങള്‍ എന്നു വേണം ഇതിനെ പറയാന്‍. ഞങ്ങള്‍ ഇലക്ട്രിക് റിക്ഷയിലാണ് ഗോവര്‍ദ്ധന പരിക്രമം ചെയ്യുവാന്‍ തീരുമാനിച്ചതെങ്കിലും നട്ടുച്ച പിന്നിട്ട സമയമായതുകൊണ്ട് നല്ല ചൂടുണ്ടായിരുന്നു. അടുത്തു കണ്ട ഒരു ധാബയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന്റെ ക്ഷീണം വേറെ. മാനസി ഗംഗ എന്ന തടാക കരയില്‍ നിന്നാണ് ഗോവര്‍ദ്ധന പരിക്രമം ആരംഭിക്കുന്നത്. നന്ദഗോപര്‍ക്കും യശോദയ്ക്കും ഗംഗാ സ്‌നാനം ചെയ്യണമെന്ന ആഗ്രഹമുണ്ടായപ്പോള്‍ ഭഗവാന്‍ കൃഷ്ണന്‍ തന്റെ തപോബലം കൊണ്ട് അവിടെ ഗംഗയെ പ്രത്യക്ഷപ്പെടുത്തിയത്രെ. ശ്രീകൃഷ്ണ ഭഗവാന്‍ തന്റെ മന:ശക്തി കൊണ്ട് പ്രത്യക്ഷപ്പെടുത്തിയതിനാല്‍ ഈ തീര്‍ത്ഥ സങ്കേതത്തെ മാനസി ഗംഗ എന്ന് വിളിക്കുന്നു. ഇതില്‍ മുങ്ങിക്കുളിക്കുന്ന ഏതൊരു വ്യക്തിക്കും ഭക്തിയുണ്ടാവുക മാത്രമല്ല സര്‍വ്വ പാപങ്ങളും പരിഹരിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഇവിടെ ഭക്തര്‍ മാനസി ഗംഗയ്ക്ക് നെയ് വിളക്ക് സമര്‍പ്പിച്ച് നമസ്‌ക്കരിക്കുന്നത് കാണാം. വഴിയോരത്ത് ഇതുപോലുള്ള നിരവധി തടാകങ്ങള്‍ കാണാന്‍ കഴിയും എല്ലാത്തിനോടും ചേര്‍ന്ന് ഒരു ക്ഷേത്രവും കുറെ ഐതിഹ്യങ്ങളും ഉണ്ടാവും. എല്ലാത്തിലേയും നായികാനായകന്മാര്‍ രാധാകൃഷ്ണന്മാര്‍ തന്നെ. രാധാകുണ്ഡ്, ശ്യാമകുണ്ഡ്, ഋണമോചന കുണ്ഡ്, കുസുമ സരോവര്‍ എന്നിങ്ങനെ പല പേരുകളിലുള്ള തടാകങ്ങളെ ഭക്തജനങ്ങള്‍ ആദരപൂര്‍വ്വം പ്രണമിച്ചാണ് ഗോവര്‍ദ്ധന പരിക്രമം പൂര്‍ത്തിയാക്കുന്നത്. കുസും സരോവരത്തില്‍ വച്ച് ഭഗവാന്‍ കൃഷ്ണന്‍ രാധാദേവിയുടെ മുടിയില്‍ പൂചൂടിച്ചിരുന്നത്രെ. ഇവിടെ ജാട്ട് ഭരണാധികാരി മഹാരാജ സുരാജ് മാലിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നു. രാജസ്ഥാനി വാസ്തു ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായൊരു മന്ദിരമാണ് സുരാജ് മാലിന്റെ സ്മാരകം. കണ്ടാല്‍ ഒരു ഗുരുദ്വാരയാണെന്നേ പറയു. ചൈതന്യ മഹാപ്രഭു ഇവിടെ സന്ദര്‍ശിച്ചിരുന്നതായി കരുതപ്പെടുന്നു. ഉത്തര്‍പ്രദേശിനോട് അതിര്‍ത്തി പങ്കിട്ടുകൊണ്ട് രാജസ്ഥാന്‍ ഇവിടെ ഉള്ളതുകൊണ്ടാവാം ഇവിടുത്തെ നിര്‍മ്മിതികളിലും വേഷവിധാനത്തിലുമെല്ലാം രാജസ്ഥാന്‍ സ്വാധീനം ഏറിയിരിക്കുന്നത്.
(തുടരും)