സമസ്തസുന്നി നേതാക്കളുടെ സഹിഷ്ണുത അപാരം തന്നെ. എറണാകുളത്ത് ഒരു ലീഗു പൊതുയോഗത്തില്‍ ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പി.എം.എ സലാം അള്ളാഹുവിനോട് ഇടയാളന്മാരില്ലാതെ പ്രാര്‍ത്ഥിച്ചാല്‍ മതി എന്നു പ്രസംഗിച്ചത് തങ്ങളെ പരിഹസിച്ചതാണ് എന്ന് സമസ്ത നേതാക്കള്‍ വിലയിരുത്തി. അത് ‘ഞങ്ങളെക്കുറിച്ചാണ്,ഞങ്ങളെ മാത്രം കുറിച്ചാണ്’ എന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. അവരുടെ പ്രതിഷേധം പാണക്കാട്ട് തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയുംമുമ്പിലെത്തി. സലാം അതോടെ ഖേദപ്രകടനം നടത്തി. സമസ്തക്കാര്‍ അവിടെയും നിര്‍ത്തിയില്ല. സലാം ഖേദം പ്രകടിപ്പിച്ചാല്‍ പോര, ലീഗ് നേതാക്കള്‍ പ്രതികരിക്കണം എന്നായി അവര്‍. അതിന്റെ ഭാഗമായാണ് മഞ്ചേരിയില്‍ നടന്ന മുദരിസ് ജില്ലാസംഗമത്തില്‍ വെച്ച് സുന്നി ആദര്‍ശത്തിനെതിരെ ആര്‍ക്കും എവിടെയും വെച്ചു പരിഹസിക്കാമെന്നു കരുതിയാല്‍ അവര്‍ക്കു തെറ്റിയെന്നും അവര്‍ അപകടത്തിലേക്ക് പോയ്‌ക്കൊണ്ടിരിക്കയാണെന്നും പറഞ്ഞത്.
സ്വസമുദായത്തില്‍ നിന്നുള്ള എതിര്‍പ്പിനെപ്പോലും സഹിക്കാന്‍ തയ്യാറില്ലാത്ത നേതൃത്വമാണ് സമസ്തയുടേത്. സമ്മാനം വാങ്ങാന്‍ ഒരു പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് ക്ഷണിച്ചതിന് ശാസിക്കുക മാത്രമല്ല തങ്ങളുടെ ആ നിലപാടാണ് ശരി എന്ന് ഉറച്ചു നില്ക്കുന്നവരുമാണവര്‍. സ്ത്രീകള്‍ക്ക് നിയന്ത്രിതമായ വിദ്യാഭ്യാസം മതി എന്ന നിലപാടിലാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അവര്‍ ഉറച്ചു നില്‍ക്കുന്നത്. അള്ളാഹുവിനെ ആരാധിക്കുന്ന സ്വമതക്കാരോടുപോലും ഇത്ര അസഹിഷ്ണുത കാട്ടുന്ന ഇവര്‍ അന്യമതസ്ഥരോട് എങ്ങനെ സഹിഷ്ണുത കാട്ടും? ഈ സമസ്തക്കാരാണ് നവോത്ഥാന നായകനായ മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ വിശിഷ്ടാതിഥികള്‍. ഇവരെ വാനോളം പുകഴ്ത്തുന്നവരാണ് വി.ഡി.സതീശനും കെ.സുധാകരനും. ഇവരുടെ മൂടുതാങ്ങുന്നവരാണ് ലീഗ് നേതാക്കള്‍. സമസ്ത മാതൃകയിലുള്ള മതസഹിഷ്ണുത നീളാള്‍ വാഴട്ടെ എന്നോര്‍ത്ത് സാക്ഷര കേരളത്തിന് കോള്‍മയിരണിയാം.