ഭാരതീയം
ജി.മോഹനന്‍ നായര്‍
കുരുക്ഷേത്ര പ്രകാശന്‍,
പേജ്: 247 വില: 250 രൂപ
ഫോണ്‍: 0484-2338324
ഭാരതീയ മൂല്യങ്ങള്‍ ലോകത്തിനു പ്രദാനം ചെയ്ത ഹൈന്ദവദര്‍ശനത്തിലേക്ക് വെളിച്ചം വീശുന്ന രണ്ട് ഗ്രന്ഥങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഭാരതീയം, പ്രപഞ്ചരഹസ്യങ്ങള്‍ പുരാണേതിഹാസങ്ങളിലൂടെ എന്നിവയാണവ. പ്രപഞ്ചസൃഷ്ടി മുതലുള്ള കാര്യങ്ങളില്‍ ഭാരതത്തിന്റെ കാഴ്ചപ്പാടും അതിന്റെ അടിസ്ഥാനത്തില്‍ ലോകത്തിനു സമാധാനവും സംസ്‌കാരവും പകര്‍ന്ന ജനതയുടെ തത്വചിന്തയുമൊക്കെ പകര്‍ന്നു നല്‍കുന്നവയാണീ പുസ്തകങ്ങള്‍.
ഭൂമിയില്‍ ജീവന്റെ ഉത്ഭവവും വളര്‍ച്ചയും ഉണ്ടായത് ഭാരതത്തിലെ നദീതടങ്ങളിലാണെന്നും അവിടെ നിന്നാണവ പരിണമിച്ചതെന്നും ‘ഭാരതീയം’ സമര്‍ത്ഥിക്കുന്നു. ഹിന്ദുധര്‍മ്മത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ ഇതില്‍ വിലയിരുത്തുന്നുണ്ട്. ഒപ്പം ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയെക്കുറിച്ചുള്ള പഠനവും ഉണ്ട്! ധര്‍മ്മത്തിന്റെയും അഹിംസയുടെയും സാഹോദര്യത്തിന്റെയും പ്രേമത്തിന്റെയും കാഹളമൂതി ലളിത ജീവിതത്തിന്റെ വഴി കാട്ടിയ ബുദ്ധന്റെ ശിഷ്യന്മാര്‍ സുഖലോലുപരായി മാറി അധഃപതിച്ചതിന്റെ ചരിത്രവും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ക്രിസ്തുമതത്തിന്റെ ഉത്ഭവം, വളര്‍ച്ച എന്നിവയുടെ ചരിത്രം പരിശോധിച്ച ശേഷം അതു സമൂഹത്തില്‍ സൃഷ്ടിച്ച മതാധിപത്യം, മതവിചാരണ തുടങ്ങിയവയേയും വിലയിരുത്തി ഈ മതം സ്വീകരിക്കാത്തവര്‍ പാപികളാണ് എന്ന വിശ്വാസത്തെ ഗ്രന്ഥകാരനായ ജി.മോഹനന്‍ നായര്‍ ചോദ്യം ചെയ്യുന്നു. ഖുറാനെയും ഹദീസിനെയും ഇസ്ലാമിന്റെ ചരിത്രത്തേയും വിലയിരുത്തിയശേഷം അദ്ദേഹം പറയുന്നു: ”പിഞ്ചു ബാല്യം മുതല്‍ക്കുള്ള മദ്രസ പഠനമാണ് അവന്റെ രക്തത്തില്‍ തീവ്രവാദവും സ്ത്രീലമ്പടത്വവും കുത്തിവെക്കുന്നത്. ഇസ്ലാമിലെ ഉത്തരവാദപ്പെട്ടവര്‍ അതേക്കുറിച്ച് ചിന്തിച്ചുനോക്കുക.”
പ്രപഞ്ചരഹസ്യങ്ങള്‍
പുരാണേതിഹാസങ്ങളിലൂടെ
മോഹന്‍
പേജ്: 238
ഫോണ്‍: 9447341402
ഭാരതീയ പുരാണേതിഹാസങ്ങള്‍ വെറും കഥകളാണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ‘പ്രപഞ്ചദര്‍ശനം പുരാണേതിഹാസങ്ങളിലൂടെ’ എന്ന പുസ്തകം. പ്രപഞ്ചത്തെക്കുറിച്ചും കാലത്തെക്കുറിച്ചും സമഷ്ടി-വൃഷ്ടി ദര്‍ശനങ്ങളെക്കുറിച്ചുമെല്ലാമുള്ള ഗഹനമായ കാഴ്ചപ്പാടുകള്‍ പുരാണേതിഹാസങ്ങള്‍ എങ്ങനെ വിവരിക്കുന്നു എന്നത് ഏറെ സമയം ചെലവഴിച്ചു നടത്തേണ്ട ഗവേഷണമാണ്. മദ്രാസ് ഐ.ഐ.ടിയില്‍ നിന്നു എം.ടെക് പാസ്സായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വരെ ജോലി ചെയ്ത മോഹന്‍ ഇത്തരമൊരു അന്വേഷണത്തിനു സമയം കണ്ടെത്തിയതും അതു പുസ്തകമാക്കി പ്രസിദ്ധീകരിച്ചതും അഭിനന്ദനീയമായ പ്രവൃത്തിയാണ്. സ്വാമി ദുര്‍ഗ്ഗാനന്ദസരസ്വതി തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കല്പടവുകളില്‍ നടത്തിയ സത്സംഗമാണ് ഈ പുസ്തകമെഴുതാനുള്ള പ്രേരണ.
പുരാണേതിഹാസങ്ങളിലെ ഓരോ വ്യക്തിയുടെയും ജീവിതം വിവരിക്കുമ്പോള്‍ ജനിച്ച രാശിയെക്കുറിച്ച് അവയില്‍ പറയുന്നുണ്ട്. ‘ഒരു സംഭവം നടക്കുമ്പോള്‍ ഗ്രഹനില എഴുതി സൂക്ഷിച്ചാല്‍ പിന്നീട് ഏതെങ്കിലും സമയത്തെ ഗ്രഹനിലയുമായി താരതമ്യം ചെയ്തു പിന്നിട്ട കാലം ഗണിക്കാനാവും’ എന്നു പറയുന്ന ഗ്രന്ഥകാരന്‍ അതിന്റെ രീതിയും വിവരിക്കുന്നു. ധൃതരാഷ്ട്രരുടെയും ശ്രീശങ്കരന്റെയുമൊക്കെ ഉദാഹരണങ്ങളും നിരത്തുന്നു.
മഹാഭാരതത്തിലെ വനപര്‍വ്വം തീര്‍ത്ഥയാത്ര ഉപപര്‍വ്വത്തില്‍ ഭീമനും ഹനുമാനും തമ്മിലുള്ള സംവാദമുണ്ട്. ചതുര്‍യുഗങ്ങളെയും ചതുരാശ്രമങ്ങളെയും കുറിച്ച് ഹനുമാന്‍ ഭീമനെ ഉപദേശിക്കുന്നു. ‘ഹനുമാന്‍ ഭീമനോട് പറഞ്ഞ കാര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഭാരതത്തിലെ ബൃഹത് ക്ഷേത്രങ്ങളും ഈജിപ്തിലെ പിരമിഡുകളും നിര്‍മ്മിച്ചത് ദ്വാപരയുഗത്തിലായിരിക്കണം’ എന്ന് ഗ്രന്ഥകാരന്‍ നിഗമനത്തിലെത്തുന്നു. കിലോമീറ്ററുകള്‍ താണ്ടി ദേശാടനം നടത്തി വഴിതെറ്റാതെ തിരിച്ചെത്തുന്ന പക്ഷികളെ വിലയിരുത്തുമ്പോള്‍ ലേഖകന്‍ കുറിക്കുന്നു ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ.’ ഇത്തരം നിരവധി കാര്യങ്ങളുടെ പരിചിന്തനമാണ് ഈ പുസ്തകത്തിലുള്ളത്. അതിനാല്‍ തന്നെ വ്യത്യസ്തമാണ് ഇതിന്റെ സ്വഭാവം.