ഇടതുസര്‍ക്കാരിന്റെ കേരള മോഡല്‍ കണ്ട് പലരും കോള്‍മയിരണിയുന്നു. അക്കൂട്ടത്തില്‍ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ നേതാവ് സിദ്ധരാമയ്യയുമുണ്ട്. കേരള മോഡല്‍ രക്ഷാപ്രവര്‍ത്തനമാണ് സിദ്ധരാമയ്യ കോപ്പിയടിച്ചത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് പ്രതിപക്ഷത്തിന് കേരള മോഡല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ക്ലാസെടുത്തിരുന്നു. നവകേരള സദസ്സിന്റെ ബസ്സിന് കുറുകെ ചാടിയ കെ.എസ്.യുക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ വിജയന്‍ സഖാവിന്റെ പോലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകപ്രസിദ്ധമാണ്. ഹെല്‍മറ്റ് ഉപയോഗിച്ച് തലയടിച്ച് പൊട്ടിച്ചു എന്നൊക്കെ വിവരദോഷികള്‍ കള്ളം പറയുന്നുണ്ടെങ്കിലും അതൊക്കെ അവരുടെ രക്ഷക്കു വേണ്ടിയായിരുന്നു. എത്ര പറഞ്ഞിട്ടും പഠിക്കാത്ത കെ.എസ്.യു പിള്ളേരെ നേരെയാക്കാന്‍ മുഖ്യന്റെ അകമ്പടിവാഹനത്തിലെ പോലീസുകാരന്‍ ലാത്തി കൊണ്ട് ചെറുതായി ഒന്നു പൊട്ടിച്ചു കൊടുത്തു. കൃഷ്ണന്റെ വികൃതി കാണുമ്പോള്‍ യശോദ മയില്‍പ്പീലി തണ്ടു കൊണ്ട് മൃദുവായി അടിച്ചില്ലേ – അതുപോലെ വാത്സല്യം കൊണ്ട് മുഖ്യന്റെ ഗണ്‍മാന്‍ കണ്ണുരുട്ടി ചെവി പിടിച്ചതാണ്. അതിനെയാണ് പോലീസുകാര്‍ ഗുരുതരമായി മര്‍ദ്ദിച്ചു എന്നൊക്കെ പ്രചരിപ്പിക്കുന്നത്.
വിജയന്‍ സഖാവിന്റെ പോലീസിനെ കോപ്പിയടിക്കുക മാത്രമാണ് അങ്കോളയില്‍ കഴിഞ്ഞ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതില്‍ കര്‍ണ്ണാടകയിലെ പോലീസ് ചെയ്തത്. മണ്ണിനടിയില്‍പ്പെട്ട ലോറിയുടെ ഉടമ മനാഫ് തിരുവനന്തപുരത്തുകാരനായ തിരച്ചില്‍ വിദഗ്ദ്ധനുമായി അവിടെ എത്തിയത് ഡ്രൈവര്‍ അര്‍ജുനിനെ രക്ഷിക്കാനാവുമോ എന്നറിയാനാണ്. ഇതിന്റെ പേരില്‍ സ്ഥലം സി.ഐ. മനാഫിനെ മര്‍ദ്ദിച്ചു. അത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു എന്നാണ് കര്‍ണ്ണാടക പോലീസ് പറഞ്ഞത്. കര്‍ണ്ണാടകയിലെ ഇന്‍ഡി സഖ്യത്തില്‍ കോണ്‍ഗ്രസ്സും സി.പിഎമ്മും ഒന്നിച്ചാണ്. അതു കൊണ്ട് ഈ പോലീസ് മര്‍ദ്ദനത്തെ കൊടുക്കല്‍ വാങ്ങലായി കരുതിയാല്‍ മതി.