തന്റെ സാമ്രാജ്യമായ നീളന്‍ വരാന്തയില്‍ കരിവീട്ടി കൊണ്ട് കടഞ്ഞെടുത്ത ചാരു കസേരയിലിരുന്ന് മുറ്റത്ത് പെയ്യുന്ന മഴ കാണുകയായിരുന്നു കുഞ്ചെറിയ.
ഈ തിണ്ണയും വരാന്തയും എന്റെയാകുന്നു. എന്റേതു മാത്രമാകുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും ഇടയ്ക്കിടെ കൊച്ചുമക്കളുടെ വായില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന ജെന്‍ഡര്‍ ഇക്ക്വാലിറ്റി, ഹ്യൂമന്‍ റൈറ്റ്‌സ്, പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് തുടങ്ങിയ ഭാരപ്പെട്ട വാക്കുകള്‍ തനിക്ക് വിനയാകാതിരിക്കുവാനും കുഞ്ചെറിയ ദിവസത്തില്‍ ഒരു പത്ത് വട്ടമെങ്കിലും വരാന്ത സന്ദര്‍ശനം നടത്തിപ്പോന്നു.
‘അപ്പാപ്പന്റെ ഈ ലോങ്ങ് ചെയറില്‍ എല്ലാരും സിറ്റ് ചെയ്താല്‍ എന്താ പ്രോബ്ലം.’ കൊച്ചുമകന്‍ ഗീവസ് ഇടയ്ക്കിടെ അതില്‍ കയറിയിരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് കൊണ്ടിരുന്നു. ‘എന്നിട്ടു വേണം ഇവിടെ നിന്ന് കൂടി എന്നെ പറഞ്ഞയക്കാന്‍.’
പ്രായാധിക്യത്തില്‍ അന്യാധീനമായ് പോയ സ്വന്തം മണ്ണിനെ നോക്കി അയാള്‍ മനസ്സില്‍ പറഞ്ഞു. അങ്ങനെ ഓരോന്നോര്‍ത്ത് കിടക്കുമ്പോഴാണ് മോളിക്കുട്ടി സ്‌കൂളില്‍ നിന്നും വന്ന് കയറിയത്.
‘മഴച്ചാറ്റല് കൊണ്ട് ഇവിടെ ഇരിക്കരുതെന്ന് അപ്പനോട് പറഞ്ഞിട്ടില്ലെ. അതെങ്ങനാ പറഞ്ഞാ കേക്ക്വോ? വലിവ് കൂടിയാല്‍ മോന്‍ അമേരിക്കേന്ന് എത്തൂല നോക്കാന്‍. ഈ ഞാനേയുള്ളൂ.’
മരുമകളുടെ സുവിശേഷ വായനയില്‍ കുഞ്ചെറിയാ തോറ്റെണീറ്റ് അകത്തേക്ക് നടന്നു.
‘ആ…. അപ്പനോട് ഒരു കാര്യം പറയാനുണ്ട്.’ മോളിക്കുട്ടി കുട മടക്കി പെരയ്ക്കാത്ത് കയറി.
കുഞ്ചെറിയാ തിരിഞ്ഞു നിന്നു. ‘എന്നതാ?’
‘അതേയ് സ്വാതന്ത്ര്യദിനത്തിന്റന്നേ എന്റെ സ്‌കൂളീന്ന് കൊറച്ച് സാറമ്മാരും കുട്ടികളും അപ്പനെ ഇന്റര്‍വ്യൂ ചെയ്യാനും, ആദരിക്കാനും ഒക്കെ വരുന്നുണ്ട്. അന്ന് കൊറച്ച് വൃത്തീം മെനേമൊള്ള വേഷോം ഇട്ടോണ്ടിരുന്നോണം.’
‘അതെന്നാടി മോളിക്കുട്ടീ ഈ വര്‍ഷമൊരു പ്രത്യേകത?’
‘ചേനക്കരേല് സ്വാതന്ത്ര്യസമര സേനാനീന്ന് പറയാന്‍ ഇപ്പോ അപ്പന്‍ മാത്രേ ഉള്ളൂ. അങ്ങനൊള്ളോരെ സ്വാതന്ത്ര്യ ദിനത്തിന്റന്ന് ആദരിക്കണംന്നാ എല്ലാരുടേം തീരുമാനം.’
മോളിക്കുട്ടി പറഞ്ഞ് നിര്‍ത്തിയിടത്ത് വെച്ച് കുഞ്ചെറിയാ സ്വപ്‌നം കണ്ടു തുടങ്ങി.
അയാള്‍ക്ക് രണ്ടു ദിവസം വലിവേ ഉണ്ടായില്ല. വാര്‍ദ്ധക്യ ക്ലേശങ്ങളൊക്കെ മറന്ന് കുഞ്ചെറിയാ എന്തൊക്കെയോ സ്വപ്‌നം കണ്ടു.
താന്‍ അലക്കി വെളുപ്പിച്ച മുണ്ടും ഷര്‍ട്ടും ധരിക്കുന്നത്. കാറ്റും വെളിച്ചവും കൊണ്ട് ചേനക്കരയുടെ ഗ്രാമവഴികളിലൂടെ നടക്കുന്നത്. എല്ലാവരുടെയും സ്‌നേഹമേറ്റു വാങ്ങി തന്റെ സമരകാലത്തെ കുറിച്ച് ആദരപൂര്‍വ്വം നാട്ടുകാര്‍ പറയുന്നത്. ഏറ്റവുമവസാനം മധുരമിട്ട ഇഞ്ചികാപ്പിയും പഴവടയും കഴിക്കുന്നത്. ഇതിനൊക്കെ പുറമേ കുഞ്ചെറിയായെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് അന്നെങ്കിലും മാത്തനേയും ഗീവറീതിനേം കാണാല്ലോ എന്നുള്ളതായിരുന്നു.
മഴ പെയ്‌തൊഴിഞ്ഞ ദിവസങ്ങള്‍ക്കവസാനം സ്വാതന്ത്ര്യദിനം വന്നു. കുഞ്ചെറിയാ വേലക്കാരിയോട് പറഞ്ഞ് ചൂടുവെള്ളമെത്തിച്ചു. പിണ്ണ തൈലം തേച്ചുഴിഞ്ഞ് കുളിച്ചു. ഇന്ന് വലിവുണ്ടാകരുത്. പ്രസംഗിക്കേണ്ടതാണ്. ഓട്‌സ്, ചൂടു പാലിലിളക്കി കഴിച്ചു. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് പ്രൗഢിയോടെ ചാരു കസേരയിലിരുന്നു. എത്ര കാലം കൊണ്ടാണ് ഇന്ന് പുറത്തേക്കിറങ്ങുന്നത്. മനസ്സൊന്നു തുടിച്ചു. അയാള്‍ ദൂരേക്ക് കണ്ണയച്ചു. വൈകാതെ തന്നെ ഒരുപറ്റം ആള്‍ക്കാര്‍ നടകയറി വരുന്നത് കുഞ്ചെറിയാ കണ്ടു. ചിരിച്ച മുഖങ്ങള്‍ക്ക് നടുവിലിരുന്ന് കുഞ്ചെറിയാ ചരിത്രം പറഞ്ഞു. കനല് പൊള്ളണ കഥകള്‍ വിളമ്പി. വൃദ്ധനുണര്‍ന്നു യുവാവായി.
കുഞ്ചെറിയായുടെ തിമിര്‍പ്പ് കണ്ടൊരു കുട്ടി ചോദിച്ചു.
‘എന്താപ്പാപ്പാ സ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍?’
കുഞ്ചെറിയായിലെ ഗാന്ധി ഉണര്‍ന്നു.
‘സ്വാതന്ത്ര്യന്ന് പറഞ്ഞാല്‍ ദേ ഇങ്ങനെയിരുന്ന് മനസ്സ് തൊറന്ന് വര്‍ത്താനം പറേണം. പെണ്ണൊരുത്തീനെ കൂടെ പൊറുപ്പിക്കണം. കാറ്റും വെയിലും കൊണ്ട് ചേനക്കരേക്കൂടെ നടക്കണം. നോമ്പ് വീടലിന്റന്നൊക്കെ കൂട്ടുകാരേം അയലോക്കക്കാരേം വിളിച്ച് കൂട്ടി കപ്പ ബിരിയാണി കഴിക്കണം. മാത്തനേം വറീതിനേം കൂട്ടി പൂതമ്പാറേടെ മോളിക്കിടന്ന് നെലാവ് കണ്ടൊന്ന് കൂവണം. പിന്നെയെന്നാ…’
കുഞ്ചെറിയ ഒന്ന് ശ്വാസം കഴിച്ചു. അയാള്‍ ചാരുകസേരയിലേക്ക് ചാഞ്ഞു. ‘പുതു മഴ പെയ്യുമ്പോ പൊഴേല് ഊത്ത പിടിക്കാന്‍ പോണം. ഇതൊക്കെയല്ലാതെ എന്നാ സ്വാതന്ത്ര്യവാ മനുഷ്യന് വേണ്ടെ?’
എന്തൊക്കെയോ ഓര്‍ത്ത് കുഞ്ചെറിയാ പറഞ്ഞു.
‘അപ്പനെ അധികം സംസാരിപ്പിക്കണ്ട.’ മോളിക്കുട്ടി കരുതലുള്ളവളായി.
എന്നാ പിന്നെ ചടങ്ങ് നടത്താലെ. അതിഥി സമൂഹം സജ്ജരായി. അവര്‍ കുഞ്ചെറിയായെ പിടിച്ച് എഴുന്നേല്പിച്ചു പൊന്നാടയണിയിച്ചു.
വൃദ്ധന്‍ സംശയിച്ച് കൂനി നിന്നു.
‘ചേനക്കരയില്‍ വെച്ചല്ലെ പരിപാടി?’ നിഷ്‌കളങ്കമായ് കുഞ്ചെറിയാ ചോദിച്ചു.
‘യ്യോ ഇത്രേം പ്രായമായ അപ്പാപ്പനെ ബുദ്ധിമുട്ടിക്കാനോ?
ഇത് ലൈവായി എല്ലാരും കണ്ടോണ്ടിരിക്കുവല്ലേ. അപ്പാപ്പനെങ്ങോട്ടും പോണ്ട. മോളിക്കുട്ടി ടീച്ചറ് ഇതിന്റെ വീഡിയോ അപ്പാപ്പനെ കാണിച്ചു തരും.’
കുഞ്ചെറിയാ നിശ്ചലനായി.
കാറ്റ്.
നടത്തം.
മാത്തനും വറീതും.
ചേനക്കരയിലെ ഗ്രാമവഴികള്‍.
ഇഞ്ചികാപ്പി, പഴവട,
നാട്ടുകാരുടെ ആദരവ്.
ചിറക് വിരിച്ചുയര്‍ന്ന് പൊങ്ങിയ ത്രിവര്‍ണ പതാക കെട്ടഴിഞ്ഞ് ഭൂമിയിലേക്ക് വീണു.
കുഞ്ചെറിയായ്ക്ക് പെട്ടെന്ന് വലിവ് അനുഭവപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെയും പാരതന്ത്ര്യത്തിന്റെയും ഇടയിലുള്ള ദൂരത്തിലിരുന്ന് അയാളുടെ സ്വപ്‌നങ്ങള്‍ കിതച്ചു തുടങ്ങി.
വര: ഗിരീഷ് മൂഴിപ്പാടം