ഭക്തിസുധ
പത്മാവതി അന്തര്‍ജ്ജനം
ഏന്‍ഷ്യന്റ് ഇന്ത്യന്‍ അസ്‌ട്രോളജി ഫൗണ്ടേഷന്‍
പേജ്: 140 വില: 150
ഫോണ്‍:9496410284
പത്മാവതി അന്തര്‍ജ്ജനം രചിച്ച ഭക്തിസാന്ദ്രമായ കവിതകളുടെ സമാഹാരമാണ് ‘ഭക്തി സുധ’. നാലാം ക്ലാസ് വരെയുള്ള ഔപചാരിക വിദ്യാഭ്യാസമേ കവിക്കുള്ളൂ. തുടര്‍ന്ന് പണ്ഡിതനും കവിയുമായ അച്ഛനില്‍നിന്നാണ് സംസ്‌കൃതവും കാവ്യങ്ങളും വൃത്താലങ്കാരങ്ങളുമെല്ലാം പഠിച്ചത്. വൃത്തബദ്ധമാണ് കവിതകളെല്ലാം. അനുഷ്ടുപ്പ്, വസന്തതിലകം, സ്രഗ്ധര, ശാര്‍ദ്ദൂലവിക്രീഡിതം, പാന തുടങ്ങിയ വൃത്തങ്ങളില്‍ പത്മാവതി അന്തര്‍ജനം രചിച്ച കവിതകള്‍ ഇരുത്തം വന്ന ഒരു കവിയെ കാട്ടിത്തരുന്നു.
ശ്രവണം, കീര്‍ത്തനം, വിഷ്‌ണോ സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ ഒന്‍പതുവിധത്തിലാണല്ലോ ഭക്തി പ്രകടമാകുന്നത്. കവിയുടെ ജീവിതം തന്നെ ഈ നവധാഭക്തിയാണ്. ഈ കൃതി അത് നിതരാം വ്യക്തമാക്കുന്നു. കൃഷ്ണ സ്തുതികളും ദേവീസ്തുതികളുമാണ് ഈ കൃതിയിലധികവും. എന്നാല്‍ ഗണപതി, സരസ്വതി, പരമശിവന്‍ തുടങ്ങിയ ദേവതാ സ്തുതികളും കാണാനുണ്ട്. മഹാകവി പൂന്താനത്തിന്റെ ജീവിതകഥ ‘പാന’ വൃത്തത്തില്‍ തന്നെ രചിച്ചത് ഈ കൃതിയില്‍ കാണാം.
‘പൊന്നിന്‍കിരീടമതിനാലതി
ശോഭയോടും
മിന്നീടുമത്തിരുമുടിക്കി ഹ
കൈതൊഴുന്നേന്‍.
ഒന്നുണ്ടുചൊല്‍വതടിയത്തിനു
ദേവനിന്റെ
ഉന്നിച്ചഭക്തിയടിയന്നിനി നല്‍
കിടേണം’
കൃഷ്ണനോടുള്ള കവിയുടെ പ്രാര്‍ത്ഥനയാണിത്.
‘കാലത്തു തന്നെ കുളിയും നിറവേറ്റി നിന്റെ
ഗേഹത്തെയെന്നുമൊരു പോലെ വലത്തുവച്ചും
നിന്‍ നാമമോതി തവ പാദമതും നമിച്ചും
വാണിടിനോരടിയനെയിഹ കൈവെടിഞ്ഞോ!’
ഈ വരികളില്‍ ദേവിയോടുള്ള കവിയുടെ പരിഭവം സ്ഫുരിക്കുന്നു.
ഇത്തരത്തിലുള്ള എത്ര ശ്ലോകം വേണമെങ്കിലും ഈ കൃതിയില്‍ നിന്ന് ഉദ്ധരിക്കാന്‍ കഴിയും. ഇഷ്ടദേവതകളോട് ഒരു സഖി എന്ന പോലെ സംവദിക്കുന്ന കവിഹൃദയമാണ് ഈ രചനകളില്‍ കാണാന്‍ കഴിയുക. നിര്‍മ്മലമായ ഹൃദയത്തില്‍ നിന്ന് ഉറന്നൊഴുകിയ അകളങ്കമായ ഭക്തിയുടെ പ്രവാഹം തന്നെയാണ് ഭക്തിസുധ എന്ന കൃതി. മനോഹരങ്ങളായ രേഖാചിത്രങ്ങളും ഈ കൃതിയെ ഏറെ ആകര്‍ഷകമാക്കുന്നുണ്ട്. മലയാളത്തിലെ ആദ്ധ്യാത്മിക സാഹിത്യ ശാഖയ്ക്ക് ഈ കൃതി ഒരു മുതല്‍ക്കൂട്ടാവുമെന്നു നിസ്സംശയം പറയാം.
ഭാരതീയ ജനാധിപത്യത്തിന്റെ
കാവി വസന്തം
കെ.വി. രാജശേഖരന്‍
അമൃത് സാഗര്‍ പ്രകാശന്‍
പേജ്: 315 വില: 350
ഫോണ്‍: 9497450866
കെ.വി. രാജശേഖരന്‍ എഴുതിയ വിവിധ ലേഖനങ്ങളുടെ സമാഹാരമാണ് ‘ഭാരതീയ ജനാധിപത്യത്തിന്റെ കാവി വസന്തം’ എന്ന പുസ്തകം. പല സമകാലിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ അദ്ദേഹത്തിന്റെ 50 ലേഖനങ്ങളാണ് ഇതിലുള്ളത്.
പുസ്തകത്തില്‍ ഭാരതം നേരിടുന്ന ഗുരുതരമായ വിഷയങ്ങളെ ആഴത്തില്‍ പഠിക്കുകയും സമര്‍ത്ഥമായി വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ജനാധിപത്യം കുടുംബാധിപത്യമാവുകയും രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിരോധപരമായും എല്ലാത്തരത്തിലും ഭാരതം നിശ്ചലമാവുകയും ചെയ്ത സാഹചര്യത്തില്‍ ജനം നരേന്ദ്ര മോദിയില്‍ വിശ്വാസമര്‍പ്പിക്കുകയും രാജ്യത്തിന്റെ പരിവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കുകയും ചെയ്തതാണ് ആദ്യത്തെ ലേഖനത്തില്‍ പറയുന്നത്.
1962ല്‍ ചൈനയുടെ ആക്രമണത്തില്‍ അടിപതറിയ നെഹ്രുവിനെയും ശത്രു വീണ്ടുമൊരു ദുസ്സാഹസത്തിന് മുതിരും എന്ന താക്കീതും അടുത്ത രണ്ട് ലേഖനങ്ങളില്‍ ചേര്‍ത്തിരിക്കുന്നു.
ഭാരതീയര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും കോണ്‍ഗ്രസും കമ്യൂണിസ്റ്റും വളര്‍ത്തിയ കശ്മീര്‍ വിഘടനവാദങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന മോദി ഭരണത്തിന്റെ പുതുയുഗവും ലേഖനങ്ങളില്‍ വിശദീകരിക്കുന്നു.
ദേശീയ രാഷ്ട്രീയത്തിലെ നല്ല മാറ്റങ്ങളെ മറച്ചുവച്ചുകൊണ്ട് അധികാര ദുര്‍വിനിയോഗവും കുടുംബാധിപത്യവും കൈമുതലാക്കിയ കോണ്‍ഗ്രസും കമ്യൂണിസ്റ്റും അധികാരമോഹംകൊണ്ട് നടത്തുന്ന നുണപ്രചാരണങ്ങളും കാപട്യങ്ങളും തുറന്നു കാണിക്കുകയാണ് ഗ്രന്ഥകാരന്‍. ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍ബലമാണ് ഇവയെ വേറിട്ടതാക്കുന്നത്. പണ്ഡിതര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടില്ലെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഈ ലേഖനങ്ങള്‍ പഠിതാക്കള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടും എന്ന് നിസ്സംശയം പറയാം.