തെരുവിലിറങ്ങി മുഷ്ടിചുരുട്ടി ഇന്‍ക്വിലാബ് വിളിക്കുന്ന പണി മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ക്ക് നിര്‍ത്താം. പകരം ‘വിജയായ നമഃ മാസപ്പടി പ്രിയായ നമ’ തുടങ്ങിയ നാമസങ്കീര്‍ത്തനം ആലപിക്കാം. പാര്‍ട്ടി അംഗങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവ് നല്കിയ കല്പനയില്‍ പറയുന്നത് പാര്‍ട്ടി അംഗങ്ങള്‍ ക്ഷേത്രകാര്യങ്ങളില്‍ ഇടപെടണമെന്നാണ്. ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവര്‍ക്കൊക്കെ ഈ നിര്‍ദ്ദേശം ബാധകമാണത്രെ. അവരാണല്ലോ അണികളെ തെരുവിലിറക്കുന്നവര്‍. അവര്‍ അമ്പലത്തില്‍ പോയി ക്ഷേത്രകാര്യങ്ങളില്‍ ഇടപെടണമെന്നാണ് ചുകപ്പന്‍ സര്‍ക്കുലര്‍. അവര്‍ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് ക്ഷേത്രദര്‍ശനം നടത്തി ക്ഷേത്ര കാര്യങ്ങളില്‍ മുഴുകും. നടയിലിരുന്ന് ‘വിജയായ നമ: കമലാകാന്തായ നമ:വീണാതാതായ നമഃ മാസപ്പടിപ്രിയായ നമ: കരിമണല്‍ സൗഹൃദായ നമ:’ എന്നൊക്കെ വിജയ സഹസ്രനാമവും ‘ഗോവിന്ദായ നമ: പാര്‍ട്ടി സെക്രട്ടറിയായ നമ:’ തുടങ്ങിയ ഗോവിന്ദനാമസങ്കീര്‍ത്തനവും ചൊല്ലുന്ന നല്ല പാര്‍ട്ടി ഭക്തന്മാരായി മാറും. ഭക്തരാണെന്നു ബോധ്യപ്പെടുത്തി വിശ്വാസികളെ കൂടെ നിര്‍ത്താന്‍ ഇത്തരം പല വൈരുദ്ധ്യാത്മക ത ന്ത്രങ്ങളും പ്രയോഗിക്കേണ്ടിവരുമെന്ന് ഗോവിന്ദന്‍ സഖാവിനറിയാം.
മാലയിട്ട് ശരണം വിളിച്ചു നടന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ശാസിച്ച ഏ.കെ.ജിയുടെ കാലമല്ലിത്. പാര്‍ട്ടി അംഗങ്ങള്‍ ക്ഷേത്രകമ്മറ്റിയില്‍ കയറി അമ്പലം ഭരിക്കേണ്ട എന്നു പറഞ്ഞ ഇ.എം. എസ്സിന്റെ കാലവുമല്ല. ഇത് വിജയന്‍ സഖാവിന്റെയും ഗോവിന്ദന്‍ സഖാവിന്റെയും കാലമാണ്. കേരളത്തിന്റെ ഖജനാവ് പാതാളമാക്കിയ അവര്‍ക്ക് ക്ഷേത്രങ്ങളുടെ ഭണ്ഡാരവും അതുപോലെയാക്കാന്‍ ചുകപ്പന്‍ ഉള്‍വിളി ഉണ്ടാവുക സ്വാഭാവികം. അതിന് അവര്‍ കണ്ട വഴിയാണിത്.