സെക്യുലര്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ പ്രാഥമികാര്‍ത്ഥം ലൗകികം എന്നും മറ്റൊരര്‍ത്ഥം സാമൂഹികം അഥവാ പൗരജീവിതത്തെ സംബന്ധിച്ചുള്ളത് എന്നുമാണ്. മതപരമല്ലാത്തതെന്നാണ് വേറൊരര്‍ത്ഥം. മലയാളഭാഷയിലതിന്റെ മറുമൊഴിയായി ലൗകികം, സാമൂഹികം എന്നീ വാക്കുകളെക്കാള്‍ വര്‍ത്തമാനകാലത്ത് പ്രാമുഖ്യം കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് മതേതരമെന്നൊരു അര്‍ത്ഥവ്യക്തതയില്ലാത്ത പ്രയോഗത്തിനാണ്. മതാതീതമെന്ന പദമാണ് യഥാര്‍ത്ഥത്തില്‍ ഉചിതമെങ്കിലും മലയാള ഭാഷയിലിന്ന് ലൗകികം, സാമൂഹികം, മതാതീതം എന്നീ പദങ്ങളെക്കാള്‍ രാഷ്ട്രീയതാല്‍പ്പര്യത്തിന് കൂടുതലിണങ്ങുന്നതെന്ന കാരണത്താല്‍ മതേതരമെന്ന അര്‍ത്ഥവ്യക്തതയില്ലാത്തതോ, തെറ്റിദ്ധാരണാജനകമോ ആയ വാക്കാണുപയോഗിച്ചുവരുന്നത്.
ലൗകികം, സാമൂഹികം, മതാതീതം എന്നീ വാക്കുകളില്‍ സാമൂഹികം എന്ന വാക്കിനുപോലും കൃത്യതയില്ലായ്മയെന്ന ദോഷമുണ്ട്. കാരണം, മതവും ഒരു സാമൂഹിക ഘടകമാണല്ലൊ. ഏതെങ്കിലുമൊരു പ്രത്യേക സമൂഹവുമായി ബന്ധപ്പെട്ടതാണ് ഏത് മതവും മതവിശ്വാസികളുമെന്നതിനാല്‍, നിര്‍വ്വചനപരമായി, ഏത് മതവും ഒരു സാമൂഹിക വിഷയവുമാണ്. ഈ പ്രശ്‌നം ലൗകികം എന്ന വാക്കിനുമുണ്ടെന്ന് പറയാം. മതം ലോകജീവിതവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എങ്കിലും ലൗകികം മതമുള്‍പ്പെടെ കൂടുതല്‍ വിശാലമായ അര്‍ത്ഥമേഖലയെ ഉള്‍ക്കൊള്ളുന്നുണ്ട്. ഈ രണ്ട് വാക്കുകളും മതത്തെ മാത്രം പരാമര്‍ശിക്കുന്നതല്ല. അതായത് ഇംഗ്ലീഷിലെ സെക്യുലര്‍ എന്ന വാക്കുപോലെതന്നെ മലയാളഭാഷയിലെ സാമൂഹികം, ലൗകികം എന്നീ വാക്കുകളും പരിച്ഛിന്നമായി മതപരമായ ഒരര്‍ത്ഥം സംവേദിപ്പിക്കുന്നില്ല. ഭിന്നാര്‍ത്ഥങ്ങളില്‍ ഒന്നുമാത്രമാണത്. ഭാഷാശാസ്ത്രപരമായി ഒരുവാക്കിനും അര്‍ത്ഥമില്ല. വക്താവുദ്ദേശിക്കുന്ന ലക്ഷ്യമാണ് വാക്കുകള്‍ക്ക് അര്‍ത്ഥം നല്‍കുന്നത്. അതിനാല്‍, ഇന്നുദ്ദേശിക്കുന്ന വിധത്തില്‍ ഈ വാക്കിന് മതാതീതം അഥവാ ബിയോണ്ട് റിലീജിയണ്‍ അഥവാ നോണ്‍ റിലീജിയസ് എന്ന അര്‍ത്ഥമാണ് കൃത്യതയുള്ളത്. പക്ഷേ, മലയാളഭാഷയില്‍ മതേതരം എന്ന അര്‍ത്ഥ കലുഷമായ വാക്കാണ് ഉപയോഗിക്കുന്നത്. അര്‍ത്ഥകലുഷമെന്ന് പറയുന്നതിനുകാരണം മത+ഇതരം > മതേതരം= മതത്തില്‍നിന്ന് അന്യമായത് എന്നതുപോലെ അന്യമതത്തെസംബന്ധിച്ചത് എന്ന അര്‍ത്ഥവും ഇതുള്‍ക്കൊള്ളുന്നതാണ്. ഉദാഹരണത്തിന്, മാര്‍ഗ്ഗേതരമെന്നോ, ദേശേതരമെന്നോ പ്രയോഗിക്കുമ്പോള്‍ മറ്റു മാര്‍ഗ്ഗമെന്നോ, മറ്റു ദേശമെന്നോ കൂടി അര്‍ത്ഥംകിട്ടുന്നു. എങ്കിലും മതേതരംപോലെ ഇത് അത്ര പ്രയോഗസാധാരണമല്ല. ഇതരമതമെന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മറ്റുമതമെന്നാണ്. അതായത്, മതേതരമെന്നവാക്കിന് മതത്തിന് അന്യമായതെന്നു മാത്രമല്ല, മറ്റു മതത്തെ സംബന്ധിച്ചത് എന്ന അര്‍ത്ഥവുമുണ്ടെന്നും വര്‍ത്തമാനകാല പരിതഃസ്ഥിതിയില്‍ അങ്ങനെയാണതിന്റെ പ്രയോഗവല്‍ക്കരണമെന്നും കാണാം. മതാതീതമെന്ന പ്രയോഗം മതങ്ങള്‍ക്കെല്ലാം അതീതമാണെങ്കില്‍ മതേതരം ഭൂരിപക്ഷേതര മതങ്ങള്‍ എന്ന സൂചന കൂടിയാണ് നല്‍കുന്നത്.
മതേതരവും മതാതീതവും
മതാതീതമെന്നാല്‍ എല്ലാ മതങ്ങള്‍ക്കും അതീതം അഥവാ ഒരു മതവുമായും ബന്ധമില്ലാത്തത് എന്നാകുന്നു അര്‍ത്ഥം. മതം ദൈവസങ്കല്‍പ്പവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മതാതീതം എന്നത് ഒരു നിരീശ്വര സങ്കല്‍പ്പവും കൂടിയാണെങ്കിലും ഭാരതീയ പശ്ചാത്തലത്തില്‍ ചാര്‍വാകമതംപോലെ നിരീശ്വര വിശ്വാസവും മതമെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നുണ്ട്. അത്രയും വിശാലമാണ് മതത്തെ സംബന്ധിച്ചുള്ള ഭാരതീയ സങ്കല്‍പ്പം. സെമിറ്റിക് മതങ്ങള്‍ക്കൊന്നും അത് അംഗീകരിക്കാനാകില്ല. അവയില്‍ മതവിശ്വാസം ദൈവശാസ്ത്രവുമായി ഇണപെട്ടു കിടക്കുകയാണ്. ഹിന്ദുമതത്തിന്റെ ഭാഗമായ ആര്‍ഷദര്‍ശനത്തില്‍ ദൈവരഹിതമായ മതബോധവും അലിഞ്ഞുകിടക്കുന്നതിനാലാണ് അത് വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ കല്‍പ്പനകളില്‍ വിശ്വാസമര്‍പ്പിക്കുന്നത്. ബൗദ്ധ-ജൈനമതങ്ങളും ആജീവകമതവുമെല്ലാം ഹിന്ദുമത ബോധത്തില്‍ അലിയിച്ചു ചേര്‍ക്കാനാകുന്നത് ഭാരതീയ മതദര്‍ശനത്തിന്റെ ഈ വിശാലവീക്ഷണം മൂലമാണ്.
ഇസ്ലാം, ക്രൈസ്തവ, ജൂതാദിമതവിശ്വാസങ്ങള്‍ക്കൊന്നും ദൈവമെന്ന പരമാധികാരത്തില്‍ അധിഷ്ഠിതമല്ലാത്ത മതബോധം സാധ്യമല്ല. ഓച്ചിറയിലെ അരൂപിയായ പരബ്രഹ്‌മസങ്കല്‍പ്പംതൊട്ട് ഓം എന്ന ത്ര്യക്ഷരി ശബ്ദവും (അ+ഉ+അം) ബ്രഹ്‌മമെന്ന അദ്വൈത സങ്കല്‍പ്പവും മുപ്പത്തുമുക്കോടി ദേവതകളും കൂടാതെ, ദൈവവും ഭക്തനും ഒന്നായിത്തീരുന്ന ശബരിമലയിലെ തത്വമസിയെന്ന (അത് നീയാകുന്നു) ഉപനിഷദ്ദര്‍ശനവും ഉത്തരകേരളത്തിലെ തെയ്യക്കെട്ടുകളും തിരുമുരുകന്റെ വെറിയാട്ടുകളത്തിലെ വേലന്റെ ദൈവാരോപവുമെല്ലാമടങ്ങുന്ന ഈ ദര്‍ശനസാകല്യത്തെ ഉള്‍ക്കൊള്ളുവാന്‍ സെമറ്റിക് മതദര്‍ശനങ്ങള്‍ അശക്തങ്ങളാണ്. അവയില്‍ ഏറ്റവും പുതിയ മതമായ ഇസ്ലാം മതമാകട്ടെ വിശ്വാസികളുടെ ഭയത്തിലാണ് വേരാഴ്ത്തി നിലനില്‍ക്കുന്നത്. ഖുര്‍-ആന്‍ ഓരോ വാക്കിലും ഓരോ വരിയിലും വിശ്വാസികളില്‍ ഭീതിയുണര്‍ത്തുന്ന ദൈവബോധം സൃഷ്ടിക്കുകയും ദൈവത്തെ അനുസരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇസ്ലാം മതത്തെ മാത്രം ദൈവമാര്‍ഗ്ഗമായി അവതരിപ്പിക്കുകയും അനിസ്ലാമിക വിശ്വാസികളെ കാഫിര്‍ അഥവാ അവിശ്വാസികളെന്ന് പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അവരെയും അള്ളാഹുവില്‍ മാത്രം വിശ്വാസമര്‍പ്പിക്കാത്തവരെയും അള്ളാഹുവിനെ ഭയക്കാത്തവരെയുമെല്ലാം സര്‍വലോകങ്ങളുടെയും സ്രഷ്ടാവായ അള്ളാഹു നശിപ്പിക്കുകയും അവരോട് പ്രതികാരം ചെയ്യുകയും ചെയ്യുമെന്നും ഖുര്‍-ആന്‍ ആവര്‍ത്തിക്കുന്നുണ്ട്. നേരെമറിച്ച് ഭഗവദ്ഗീതയില്‍ പറയുന്നതുനോക്കുക. കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നത്.
‘ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശൈതദശേഷേണ
യഥേച്ഛസി തഥാ കുരു.
(ഞാന്‍ നിനക്ക് രഹസ്യങ്ങളില്‍ രഹസ്യമായ ജ്ഞാനം പറഞ്ഞുതന്നിരിക്കുന്നു. അതിനെ സമ്പൂര്‍ണമായി വിമര്‍ശിച്ചശേഷം നീ എപ്രകാരമാണോ ഇച്ഛിക്കുന്നത് അപ്രകാരം ചെയ്യുക) എന്നാണ്. അതുകൊണ്ടാണ് ചാര്‍വാകനെയും മഹര്‍ഷിയായി ഹിന്ദുമതസങ്കല്‍പ്പം അംഗീകരിക്കുന്നത്. അത്തരമൊരു വിശാല സങ്കല്‍പ്പം സാധ്യമല്ലാത്ത മതങ്ങളുടെ കണ്ണിലൂടെയാണ് ഇപ്പോള്‍ പലരും മതദര്‍ശനത്തെ സിദ്ധാന്തവല്‍ക്കരിക്കുന്നത്. അതുകൊണ്ടാണ് ഹിന്ദുമതം ഒരു മതമല്ലെന്നും അതിനൊരു മതഗ്രന്ഥമില്ലെന്നും രാമായണമാണ് ഹിന്ദുമതത്തിന്റെ ദര്‍ശനഗ്രന്ഥമെന്നും മറ്റും പലരും അഭിപ്രായപ്പെടുന്നത്. ബൈബിള്‍ പോലെയോ, ഖുര്‍-ആന്‍ പോലെയോ ഒറ്റ മതഗ്രന്ഥത്തെ ആശ്രയിക്കാത്തതിനാല്‍ ഹിന്ദുമതം തന്നെയില്ലെന്നു പറയാന്‍ മടിക്കാത്ത പണ്ഡിതരെപ്പോലും രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ കാണാന്‍ കഴിഞ്ഞത് അത്രയും വികലമായ മതബോധം വളര്‍ത്താന്‍ സെമിറ്റിക് മതങ്ങള്‍ക്ക് കഴിഞ്ഞതിന് തെളിവാണെങ്കിലും മതത്തെക്കുറിച്ചുള്ള അവരുടെ ഇടുങ്ങിയ വിശ്വാസത്തിന്റെ കൂടി പ്രതിഫലനമാണത്.
മതം ഒരു ഗ്രന്ഥത്തെമാത്രം ആശ്രയിക്കുന്നതായിരിക്കണമെന്ന് പറയുമ്പോള്‍ സഹസ്രാബ്ദങ്ങളിലൂടെ രൂപപരിണതി സംഭവിച്ച മതധാരണകളെ തിരസ്‌കരിക്കുകയെന്ന ഗൂഢോദ്ദേശ്യവും അതിലുണ്ട്. മതം ഒരു സംസ്‌കാരമാണ്. ഓരോ മതസംസ്‌കാരത്തിനും അതാതിന്റെ ആചാരാനുഷ്ഠാനങ്ങളും ജീവിതചര്യകളുമുണ്ടാകും. അതിന് എഴുതപ്പെട്ട ഒരു ഗ്രന്ഥംതന്നെ വേണമെന്നില്ല. ശ്രുതിയും വേദപഠനത്തിന്റെ ഒരു മുഖ്യധാരയാണ്. ഒരു ഗ്രന്ഥമേ ഒരു മതത്തിന് പാടുള്ളുവെന്നുമില്ല. അത്തരമൊരു പിടിവാശിയുടെ കാരണം അത്തരം മതങ്ങളിലടങ്ങിയിട്ടുള്ള ഇടുങ്ങിയതും ഭയമേറിയതുമായ സങ്കല്‍പ്പങ്ങളാണ്. ഉദാഹരണത്തിന് ഇസ്ലാംമതത്തില്‍ ഏകദൈവവും ഏക മതഗ്രന്ഥമായി ഖുര്‍-ആനുമേയുള്ളു. പക്ഷേ, അതിന്റെ വ്യാഖ്യാനങ്ങള്‍ തമ്മില്‍ ഗൗരവതരമായ പല വ്യത്യാസങ്ങളുമുണ്ട്. ആ ഗ്രന്ഥത്തിലുള്ള കാലാനുസൃതമല്ലാത്തതും ആധുനിക സമൂഹത്തിന് അംഗീകരിക്കാനാകാത്തതും സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രാഷ്ട്രീയത്തെ ചോദ്യംചെയ്യുന്നവരെല്ലാം മതവിരുദ്ധരായി മുദ്രകുത്തപ്പെടുകയാണ്. കാരണം അതെല്ലാം ഖുര്‍-ആനിലെ കാഴ്ചപ്പാടുമായി യോജിക്കാത്തവയാണ്. മുഹമ്മദ് നബി ഉപദേശിച്ച് അദ്ദേഹത്തിന്റെ അനുയായികളിലാരോ എഴുതിയ ആ ഗ്രന്ഥത്തെ അതെഴുതപ്പെട്ട് ആയിരത്തി ഇരുന്നൂറുറ്വര്‍ഷത്തിനുശേഷവും ആധുനികവല്‍ക്കരിക്കാന്‍ കഴിയാത്തവണ്ണം അസ്വതന്ത്രവും ഇടുങ്ങിയതുമാണ് ആ മതദര്‍ശനം. അതിനുകാരണം, അത് അള്ളാഹു പറഞ്ഞതാണെന്ന അവകാശവാദമാണ്. അള്ളാഹുവായാലും കര്‍ത്താവായാലും ത്രിമൂര്‍ത്തികളായാലും ഏതെങ്കിലുമൊരു ഭാഷയുടെ വക്താവോ പ്രയോക്താവോ അല്ലെന്നതിന് ഖുര്‍-ആന്‍ തന്നെയാണ് സാക്ഷി. കാരണം, ഈ പ്രപഞ്ചത്തിന്റെയും അതിലെ സമസ്ത ചരാചരങ്ങളുടെയും സ്രഷ്ടാവ് അള്ളാഹുവാണെന്ന് പലവട്ടം അതില്‍ ആവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍ ആയിരക്കണക്കിനുള്ള ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളുള്ള ലോകാലോകങ്ങളുടെ സ്രഷ്ടാവിന് അറബി ഭാഷയില്‍ മാത്രമേ പ്രാര്‍ത്ഥിക്കാനാകൂവെന്ന് പറയാനാകുമോ? തന്റെ സൃഷ്ടികളെല്ലാം സ്രഷ്ടാവിന് തുല്യമല്ലേ? എന്നല്ല, മുസ്ലീങ്ങളെയും കാഫിറുകളെയും സൃഷ്ടിച്ചതിനെ പരാമര്‍ശിക്കുമ്പോള്‍, അള്ളാഹുവിന് വേണമെങ്കില്‍ എല്ലാവരെയും മുസ്ലീങ്ങളായി സൃഷ്ടിക്കാമായിരുന്നുവെന്നും എന്നാലങ്ങനെ ചെയ്യാത്തത്, അവിശ്വാസികള്‍ക്ക് നന്നാകാനവസരം നല്‍കാനും അവരെ പരീക്ഷിക്കാനുമാണെന്നുമൊക്കെ ആ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ കുറേപ്പേര്‍ അവിശ്വാസികളും കൊള്ളരുതാത്തവരുമായി പിറന്നതിനുകാരണം അള്ളാഹു തന്നെല്ലേ? അദ്ദേഹം ചെയ്ത കുറ്റത്തിന് നിരപരാധികളായ സൃഷ്ടികളെ കുറ്റപ്പെടുത്തുന്നത് നീതിയാണോ എന്നുതുടങ്ങിയ ധാരാളം ചോദ്യങ്ങള്‍ ഖുര്‍-ആന്റെ വിമര്‍ശകരായ മുസ്ലീം പണ്ഡിതര്‍തന്നെ ഉന്നയിക്കുന്നുണ്ട്. മറ്റൊരുകാര്യം, അള്ളാഹുവിനെയല്ലാതെ മറ്റൊന്നിനെയും ആരാധിക്കരുതെന്ന് പറയുന്നവര്‍ തന്നെ പ്രവാചകനെയും ഖുര്‍-ആന്‍ എന്ന ഗ്രന്ഥത്തെയും ആരാധിക്കുകയും പ്രവാചകനിന്ദയുടെ പേരില്‍-അള്ളാഹുവെന്ന ഏകദൈവത്തെയല്ല- പലരെയും ശിക്ഷിക്കുകയും ചെയ്യുന്നതില്‍ വൈരുദ്ധ്യമില്ലേ? അതായത്, ഏകദൈവത്തെ മാത്രമല്ല, പ്രവാചകനെയും ഖുര്‍-ആനെയുംകൂടി അവര്‍ ആരാധിക്കുന്നുണ്ട്. ഏകദൈവവും ദൈവത്തെ മഹത്വപ്പെടുത്തുന്ന പ്രവാചകനും അതിനുപയോഗിക്കുന്ന ഗ്രന്ഥവും ആരാധ്യമാകുന്നു. ക അബയും വിശുദ്ധമെന്ന് കരുതപ്പെടുന്നില്ലേ?
തത്വത്തില്‍ ബഹുമുഖമായ ആരാധന ഇസ്ലാംമതത്തിലുമുണ്ട്. ദൈവത്തെ മാത്രമാണാരാധിക്കുന്നതെങ്കില്‍, ഖുര്‍-ആനെ ആദരിച്ചില്ലെന്നോ, മുഹമ്മദ് നബിയെ അപമാനിച്ചെന്നോ ആരോപിച്ച് ആരുടെയെങ്കിലും കൈവെട്ടാനും ആരെയെങ്കിലും കൊല്ലാനും സാധിക്കുമോ? അരൂപിയായ ദൈവത്തോടൊപ്പം സരൂപിയായ ഖുര്‍-ആനെയും പ്രവാചകനായ മുഹമ്മദ് നബിയെയും പുണ്യസ്ഥാനമായ ക അബയെയും ആരാധിക്കുമ്പോള്‍ ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയിളകുന്നു. സിക്കുമതം കൂടുതല്‍ യുക്തിപരമാണ്. അത് ഗുരുഗ്രന്ഥസാഹിബ് എന്ന വിശുദ്ധ കൃതിയെയാണ് ആരാധിക്കുന്നതെന്ന് ഓര്‍ക്കണം. ബുദ്ധ-ജൈനമതങ്ങളിലും പല വിശുദ്ധഗ്രന്ഥങ്ങളും വ്യത്യസ്ത ചിന്താധാരകളുമുണ്ട്.
ബബേല്‍ ഗോപുരമെന്ന പ്രതീകം
ക്രിസ്തുമതത്തിനുമുണ്ട് വ്യത്യസ്ത ചിന്താപദ്ധതികള്‍. ദൈവത്തിന്റെ സൃഷ്ടികള്‍ വൈവിധ്യമുള്ളതാണെങ്കില്‍ സത്യസന്ധമായ ഏത് മതത്തിനും വ്യത്യസ്ത ചിന്താധാരകളുണ്ടായേ മതിയാകൂ. ലോകമാകെയുള്ള മനുഷ്യര്‍ക്കെല്ലാമായി ഒറ്റഭാഷ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ പ്രതീകമായ ബബേല്‍ ഗോപുരത്തിന്റെ നിര്‍മ്മാണം ദൈവം തന്നെ ചിന്നിച്ചിതറിച്ചുകളഞ്ഞെന്ന ഐതിഹ്യം നോക്കുക. ഏകലോകവും ഏകദൈവവുമെന്നപരികല്‍പ്പന ദൈവംതന്നെ ഇഷ്ടപ്പെടുന്നില്ലെന്നാണല്ലോ ബബേല്‍ ഗോപുരത്തിന്റെ കഥ സൂചിപ്പിക്കുന്നത്. ചിന്താപരമായ ഈ വൈവിധ്യം ഇസ്ലാംമതത്തിലുമുണ്ട്. വഹാബികളും സലഫികളും ജമാഅത്തെ ഇസ്ലാമികളും ഷിയകളും സുന്നികളും അഹമ്മദീയരും മുജാഹിദുകളുമെല്ലാം അത്തരം ചിന്താധാരകളുടെ പ്രതിനിധികളാണ്. വിവിധ പ്രവാചകന്മാരുടെ പേരില്‍ വ്യത്യസ്ത ചിന്താധാരകളുണ്ടെങ്കിലും എല്ലാവരും ഖുര്‍-ആന്റെ വ്യാഖ്യാന ഭേദങ്ങളെയാണ് ആശ്രയിക്കുന്നത്. ഓരോരോ ചിന്താധാരകള്‍ക്കും ആവശ്യമുള്ളവിധത്തില്‍ അവര്‍ ഗ്രന്ഥത്തെ വ്യാഖ്യാനിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഖുര്‍-ആനിലെ ഇതര മതദ്വേഷത്തെമാത്രം എല്ലാവിഭാഗവും സ്വീകരിക്കുന്നുണ്ട്. കാരണം, ലോകമാകെ ഇസ്ലാമികഭരണം സ്ഥാപിക്കുകയെന്ന രാഷ്ട്രീയലക്ഷ്യംകൂടി വിശ്വാസത്തിന്റെ ഭാഗമാക്കിയിട്ടുള്ളതാണ് ഇസ്ലാംമതം. ഇസ്ലാം കേവലം ഒരു ആത്മീയ മതം മാത്രമല്ല. അതൊരു രാഷ്ട്രീയ പദ്ധതി കൂടിയാണ്.
ക്രിസ്തുമതത്തിലും വിവിധങ്ങളായ ചിന്താധാരകളും അനുഷ്ഠാന രീതികളുമുള്ളതിന്റെ പേരിലാണല്ലോ ഓര്‍ത്തഡോക്‌സ്, യാക്കൊബൈറ്റ് സംഘര്‍ഷങ്ങള്‍ നടക്കുന്നതും സുറിയാനി, പ്രൊട്ടസ്റ്റന്റ് തുടങ്ങി മറ്റ് പല വിഭജനങ്ങളുമുള്ളതും. പക്ഷേ, ക്രൈസ്തവര്‍ നിന്റെ രാജ്യംവരേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നത് ക്രിസ്തുമതത്തിന്റെ ധര്‍മ്മശാസനപ്രകാരം ലോകത്തിനാകെ നന്മവരണമെന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയമായിട്ടല്ല. നിര്‍ബന്ധിതമായോ, പ്രലോഭനങ്ങളിലൂടെയോ ഉള്ള മതംമാറ്റ പ്രക്രിയയിലാണ് അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുള്ളത്. ഇസ്ലാമിക രാഷ്ട്രമെന്നത് ഖുര്‍-ആന്‍ ലക്ഷ്യമിടുന്ന ഒരു രാഷ്ട്രീയ സ്വരൂപമാണ്. അതുകൊണ്ടാണ് മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ അതൊരു ഇസ്ലാമിക രാഷ്ട്രമാക്കുകയും ഇസ്ലാമികഭരണം അഥവാ ശരിഅത്ത് നിയമം നടപ്പിലാക്കുകയും ചെയ്യണമെന്ന് പറയുന്നത്. മുഹമ്മദ് നബി സ്ഥാപിച്ച രാഷ്ട്രത്തിലും ഈ രീതിയാണ് നടപ്പാക്കിയത്. ഇസ്ലാമിലേയ്ക്ക് മാറാത്തവര്‍ക്ക് മതക്കരമേര്‍പ്പെടുത്തിയിരുന്നു. ഇസ്ലാമിക ഭരണത്തില്‍ ജനാധിപത്യ ഭരണക്രമത്തിന് ഇടമില്ല. ലോകരാജ്യങ്ങളില്‍ ഇസ്ലാമിക വ്യവസ്ഥയുള്ള ഒരു രാജ്യത്തും ജനാധിപത്യമില്ലെന്ന് ഓര്‍ക്കുക. അതിനെക്കാള്‍ ഉയര്‍ന്നതാണ് ശരി അത്ത് എന്ന് അവര്‍ വിശ്വസിക്കുന്നു. കാരണം, ശരി അത്ത് ദൈവീകമാണത്രെ. ഒരിടത്ത് മുസ്ലീങ്ങള്‍ ന്യൂനപക്ഷമോ, അശക്തരോ ആണെങ്കില്‍ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയെ അനുസരിക്കുക; ഏതാണ്ട് തുല്യബലത്തിലുണ്ടെങ്കില്‍ വ്യവസ്ഥപ്രകാരമുള്ള ഒത്തുതീര്‍പ്പുണ്ടാക്കുക; കേവല ഭൂരിപക്ഷമെങ്കിലുമുണ്ടെങ്കില്‍ ഇസ്ലാമിക രാജ്യമാക്കാന്‍ യുദ്ധംചെയ്യുക- ഇതാണ് ഒറ്റവാക്യത്തില്‍ ഇസ്ലാംമതത്തിന്റെ രാഷ്ട്രീയ പദ്ധതി.
ഹിന്ദുമത വിശ്വാസപ്രകാരമുള്ള രാമരാജ്യം ലോകത്ത് ഗുണവാനും വീര്യവാനുമായ മാതൃകാപുരുഷന്റെ ഭരണസങ്കല്‍പ്പമാണ്. രാമന്‍ ഒരു ദൈവമാണോ, ദൈവമാണെങ്കില്‍ സീതയെ സംശയിക്കുമായിരുന്നോ തുടങ്ങിയ പല ചോദ്യങ്ങളുമുയരുന്നുണ്ട്. അവയില്‍ ചില യുക്തികളുമുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള സാധ്യത മറ്റു മതഗ്രന്ഥങ്ങളിലുമുണ്ടെങ്കിലും അതൊന്നും ഉയരാത്തത് വര്‍ത്തമാനകാല രാഷ്ട്രീയ കാലാവസ്ഥയില്‍ സെമിറ്റിക് മതങ്ങള്‍ സംഘടിതമായതിനാലും അതവരെ പിണക്കുമെന്ന രാഷ്ട്രീയമായ ഭയം മൂലവുമാണ്.
വാല്മീകി മഹര്‍ഷി രാമായണത്തില്‍ ശ്രീരാമനെ അവതരിപ്പിക്കുന്നത് കേവലമൊരു ദൈവമെന്ന തരത്തിലല്ല, മാതൃകാ രാഷ്ട്രനായകനെന്ന നിലയിലാണ്. അതുകൊണ്ടാണ് അച്ഛന്റെ ശപഥം പാലിക്കാനായി ശ്രീരാമന്‍ വനവാസത്തിന് പോകുന്നതും ലക്ഷ്മണനെപ്പോലും അനുജ്ഞലംഘിച്ചതിന് ശിക്ഷിക്കുന്നതും സ്വഭാര്യയെ ജനാപവാദത്തിന് പരിഹാരം നേടാനായി സ്വന്തം വിശ്വാസത്തിനും സ്‌നേഹത്തിനുമുപരിയായി ഉപേക്ഷിക്കുന്നതുമെല്ലാം; ജനങ്ങളാണ്- അവര്‍ തെറ്റു ചെയ്താല്‍ പോലും- പരമാധികാരികളെന്ന ജനാധിപത്യരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത്. എല്ലാം ‘എനിക്കറിയാം, എനിക്ക് കുടുംബസ്‌നേഹമുണ്ട്’ എന്നിങ്ങനെയുള്ള സ്വന്തം വിശ്വാസത്തിലും അറിവിലും മേലെയാണ് ജനങ്ങളുടെ തെറ്റിദ്ധാരണപോലും എന്ന രാഷ്ട്രീയ സത്യസന്ധതയുടെ ജനാധിപത്യപരമായ ഉള്ളടക്കമുള്ളതുകൊണ്ടാണ് സീതയുടെ അപമാനവും വിരഹവും സൃഷ്ടിച്ച വേദനയുടെ ചൂളയിലുരുകി സരയുവിന്റെ നീര്‍ക്കയത്തിലേയ്ക്ക് മുങ്ങി ആ രാജാവ് മരിക്കുന്നത്. തന്റെ വ്യക്തിനിഷ്ഠമോ, കുടുംബപരമോ ആയ നേട്ടങ്ങളിലല്ല, സ്വന്തം പ്രജകളുടെ ക്ഷേമത്തിലും വിശ്വാസങ്ങളിലുമാണ് ശ്രീരാമന്‍ ഭരണമേന്മ കണ്ടെത്തിയത്. അതുകൊണ്ടാണ് ജനങ്ങളുടെ ഉപബോധമനസ്സില്‍ യുഗാന്തരങ്ങള്‍ കഴിഞ്ഞിട്ടും ശ്രീരാമനുള്ളത്.
രാമായണം തികച്ചും ലക്ഷണയുക്തമായ ഒരു ചരിത്രേതിഹാസമല്ല. അത് പുരാണമാണ്. പുരാണമെന്ന വാക്കിന്റെ അര്‍ത്ഥം പുര+അയനം > പുരാണം, അതായത് പ്രാചീനതയിലേയ്ക്കുള്ള യാത്ര എന്നാണ്. ഗുണ്ടര്‍ട്ടും ശബ്ദതാരാവലിയും പുരാണപദത്തിന് പഴയ ചരിത്രം, ആദിമമായത് എന്ന അര്‍ത്ഥമാണ് നല്‍കിയിട്ടുള്ളത്. അടിസ്ഥാനപരമായ ഒരു ചരിത്രപാഠം ഉണ്ടായിരിക്കുന്ന, വിപുലമായ ഭാവനകൊണ്ട് സമ്പുഷ്ടമായ കാവ്യകൃതിയാണ് രാമായണം. അതൊരു മതഗ്രന്ഥമെന്നതിനെക്കാള്‍ രാഷ്ട്രദര്‍ശന സങ്കല്‍പ്പമാണ്. അതുകൊണ്ടാണ് ഗാന്ധിജി രാമരാജ്യത്തെപ്പറ്റി സംസാരിച്ചത്. ‘അരുത് നിഷാദാ, കാമമോഹിതരായ ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ കൊന്നുവീഴ്ത്തിയ നിനക്ക് ശാശ്വതീകത്വം ലഭിക്കാതെപോകട്ടേ’ എന്ന്, ഇണപ്പക്ഷികളുടെ രോദനം സഹിക്കാനാകാതെ ഉരുവിട്ട കവിയുടെ ആത്മദുഃഖത്തിന്റെ കാവ്യരൂപത്തെ ഒരു ഹിന്ദുമതഗ്രന്ഥമായി പ്രചരിപ്പിക്കുന്ന പലരെയും മാധ്യമങ്ങള്‍ പണ്ഡിതരായി കൊട്ടിഘോഷിക്കുന്നത് ബോധപൂര്‍വം രാമായണത്തെയും ഹിന്ദുമതത്തെയുംപറ്റി തെറ്റിദ്ധാരണപരത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ്. രോദനത്തെ പിന്തുടരുകയെന്നത് അഥവാ, ദുഃഖിതന്റെ കണ്ണീരൊപ്പുക എന്ന ധര്‍മ്മം ലക്ഷ്യമാക്കിയ കാവ്യത്തിന്റെ രാഷ്ട്രീയദര്‍ശനം മാര്‍ക്‌സിസത്തിനും മേലേയാണെന്ന തിരിച്ചറിവാണ് രാമായണംനല്‍കുന്നത്.
ഭാഗവതം, വേദങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവദ്ഗീത (ഇത് വ്യാസഭാരതത്തിന്റെ ഭാഗമാണെന്ന് പൊതു അഭിപ്രായമുണ്ട്), 18 പുരാണകൃതികള്‍ ഇവയില്‍ കൃത്യമായ മതദര്‍ശനമുള്ളത് വേദത്തിലും ഭാഗവതത്തിലും ഉപനിഷത്തുകളിലും ഭഗവദ്ഗീതയിലും പുരാണകൃതികളിലുമാണ്. അത്തരമൊരു പുരാണകൃതിയല്ല, ചരിത്രനിഷ്ഠമായ കാവ്യഗ്രന്ഥമാണ് രാമായണം. രാമന്റെ യാത്ര എന്നാണല്ലൊ അതിന്റെ വാക്കര്‍ത്ഥം. രാമായണവും വ്യാസഭാരതവും ഭാരതചരിത്രത്തിലെ രണ്ട് ചരിത്രഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണ്.
വേറൊരു കൂട്ടരുടെ സംശയം ഹിന്ദുമതമെന്നൊരു മതമുണ്ടോ എന്നാണ്. എ.ഡി.എട്ടാം നൂറ്റാണ്ടിലുണ്ടായ ഇസ്ലാംമതത്തിന്റെയും ക്രി.വ. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തുമതത്തിന്റെയും മറ്റും കണ്ണട, അഥവാ സെമറ്റിക് മതബോധം വച്ചു നോക്കുന്നവര്‍ക്കാണ് ഈ സംശയം തോന്നുന്നത്. ബിസി. അഞ്ചാം നൂറ്റാണ്ടിലാവിര്‍ഭവിച്ച ബുദ്ധമതത്തിന്റെയോ, അതിനുമുമ്പുണ്ടായ ജൈനമതത്തിന്റെയോ ദാര്‍ശനിക പശ്ചാത്തല ബോധമുള്ളവര്‍ക്ക് ഹിന്ദുമതമെന്ന അതിപ്രാചീന മതത്തിന്റെ ദാര്‍ശനിക ഘടന മനസ്സിലാക്കാന്‍ പ്രയാസമില്ലെങ്കിലും സെമിറ്റിക് മതഘടനയിലും വിശ്വാസത്തിലും ഉറച്ചുനിന്നുനോക്കുന്നവര്‍ക്ക് ഹിന്ദുമതദര്‍ശനം എളുപ്പം മനസ്സിലായിക്കൊള്ളണമെന്നില്ല. അഥവാ അത് മിനക്കെട്ട് പഠിക്കേണ്ടിവരും. ആ ബൃഹത്തായ വിഷയം വിശദീകരിക്കാനിവിടെ കഴിയുകില്ല. ഹിന്ദുമതമെന്ന പ്രയോഗത്തിന്റെ അര്‍ഥം ഹിന്ദുസ്ഥാനത്തെ മതമെന്നാണ്. അതായത് ഏതെങ്കിലുമൊരു സമൂഹത്തിന്റെയല്ല, ഒരു ഭൂവിഭാഗത്തിന്റെ അഥവാ ഒരു രാഷ്ട്രീയ മണ്ഡലത്തിന്റെ മതമാണത്. അത് ഒരു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തതല്ല. ആ ഭൂവിഭാഗത്തില്‍ ജീവിച്ചിരുന്ന ജനവൈവിധ്യങ്ങളുടെയും വിശ്വാസധാരകളുടെയും ക്രോഡീകൃതരൂപമാണത്. ജനതതി മുഴുവന്‍ ഒറ്റമതത്തില്‍ അഥവാ താന്‍ സ്ഥാപിച്ച മതത്തില്‍ വിശ്വസിച്ചുകൊള്ളണമെന്നും താന്‍ പറയുന്ന ദൈവത്തെമാത്രം ആരാധിച്ചു കൊള്ളണമെന്നുമുള്ള ഏകാധിപത്യ രാഷ്ട്രീയം അതുള്‍ക്കൊള്ളുന്നില്ല. അതുകൊണ്ടാണത് ഒരു രാഷ്ട്രീയ സ്വരൂപത്തിന്റെ അഥവാ ദേശീയതയുടെ ജീവിത രീതിയാകുന്നത്. അത് സ്വാഭാവികമായും ബഹുദൈവാരാധനയുടെയും ബഹുവിശ്വാസ ധാരകളുടെയും സമന്വയമാകാതെ വയ്യ.
ആര്യ-ദ്രാവിഡ സംഘര്‍ഷം വംശീയമല്ല
ഹിന്ദുമതമെന്ന പേരില്‍ത്തന്നെ സംശയമുള്ളവരുണ്ട്. സിന്ധുനദീതടത്തിന്റെയും ഹാരപ്പന്‍ സംസ്‌കാരത്തിന്റെയും പൈതൃകംപേറുന്ന ജനതതി ലോകമാകെപ്പരന്ന മെഡിറ്ററേനിയന്മാരുടെ ആര്യ-ദ്രാവിഡ സാംസ്‌കാരികത്തുടര്‍ച്ചയാണെന്നൊരു വാദമുണ്ട്. മെഡിറ്ററേനിയരല്ല കിഴക്കനാഫ്രിക്കയിലും ഡക്കാനിലും നിന്ന് വ്യാപനം ചെയ്തവരാണെന്ന കാഴ്ച്ചപ്പാടുമുണ്ട്. ഏതായാലും അത് ഒരു വംശമല്ല. ഋഗ്വേദം രചിച്ചവരില്‍ ഈ രണ്ട് സാംസ്‌കാരിക പാരമ്പര്യക്കാരും ഉള്‍പ്പെടുന്നുണ്ടെന്ന് ശാസ്ത്രീയ ചരിത്ര രചയിതാക്കള്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്1. ആര്യാചാരങ്ങള്‍ പിന്തുടര്‍ന്നവരും ദ്രാവിഡാചാരങ്ങള്‍ പിന്തുടര്‍ന്നവരും ഋഗ്വേദകാലത്ത് ഒരു കുടുംബത്തില്‍ത്തന്നെയുണ്ടായിരുന്നുവെന്ന് റൊമീലാഥപ്പറും ഡി.ഡി.കൊസാംബിയും മറ്റ് വിവിധ ഋഗ്വേദപണ്ഡിതരും വിശദീകരിച്ചിട്ടുണ്ട്. ആര്യ-ദ്രാവിഡ വ്യത്യാസങ്ങള്‍ മതപരമോ, വംശീയമോ ആയിരുന്നില്ല ആചാരക്രമങ്ങള്‍ പിന്തുടരുന്നതിലായിരുന്നുവെന്ന് ഡോ.അംബേദ്കറും ആരാണ് ശൂദ്രര്‍ എന്ന പ്രസിദ്ധമായ കൃതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.2 ഏതിനാലറിയുന്നുവോ അത് വേദമെന്ന ദയാനന്ദമഹര്‍ഷിയുടെ വേദ പദാര്‍ത്ഥകല്‍പ്പന ആചാര്യ നരേന്ദ്രഭൂഷണ്‍ എടുത്തുകാട്ടുന്നു3. ഇടയജീവിതത്തിന്റെയും അക്കാലത്ത് വനത്തിനു പുറത്ത് വികസിച്ചുവരുന്ന കാര്‍ഷിക ജീവിതത്തിന്റെയും പ്രതിഫലനങ്ങള്‍ ഋഗ്വേദത്തില്‍ കാണാം. ഋഗ്വേദത്തില്‍ അതിനുമുമ്പുണ്ടായിരുന്ന വേദങ്ങളുടെ സൂചനകളുണ്ട്. വേട്ടയാടലും കൃഷിയും കാലിമേപ്പുമെല്ലാം ജീവിതരീതിയായിരുന്ന ജനവിഭാഗത്തിന്റെ മതപരമായചടങ്ങുകളില്‍വന്ന മാറ്റത്തിന്റെ ഫലമാണ് ആര്യ-ദ്രാവിഡ ഭേദം. അതൊരു വംശീയ സംഘര്‍ഷമാണെന്ന പ്രചാരണം രാഷ്ട്രീയാവശ്യത്തിനുവേണ്ടി ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞന്മാര്‍ ആരംഭിച്ചതും ഭാരതത്തിലെ നിക്ഷിപ്ത താല്‍പ്പര്യക്കാരായ ഒരു വിഭാഗം പടിഞ്ഞാറു നോക്കി ചരിത്രമെഴുത്തുകാര്‍ ഏറ്റുപടിച്ചതുമാണ്. അനാര്യരെയും പുതിയ ആചാരക്രമങ്ങളെ എതിര്‍ത്തവരെയും നദിയില്‍ അണകെട്ടി കൃഷിയും മറ്റും ചെയ്തിരുന്നവരെയും പുതിയ ആചാരങ്ങളുടെ വക്താക്കളായ ആര്യന്മാര്‍ എതിര്‍ക്കുകയും അവരെ കൊല്ലാന്‍ ഇന്ദ്രന്റെ സഹായം തേടുകയും ചെയ്തു4. യജ്ഞം സാമൂഹികമായ മേല്‍ക്കോയ്മയുടെ മാനദണ്ഡമായപ്പോള്‍ അതിനെ എതിര്‍ത്തിരുന്നവര്‍ ഇടിച്ചുതാഴ്ത്തപ്പെട്ടു. ക്രമേണ ആര്യന്മാരായ പുരുക്കളും ഭരതരും തമ്മിലും തുര്‍വസുക്കളും (കേരളീയരുടെ പൂര്‍വികര്‍) ശ്രിഞ്ജയന്മാരും തമ്മിലും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. എന്നല്ല, ആര്യന്മാരില്‍ത്തന്നെ ദേവന്മാര്‍, അദേവന്മാര്‍ എന്ന് രണ്ട് വിഭാഗങ്ങളുണ്ടായിരുന്നു. ദസ്യുക്കള്‍ ആര്യന്മാരായിരുന്നെങ്കിലും അവരെ ആര്യന്മാരെന്ന് സ്വയം വിളിക്കാനനുവദിക്കില്ലെന്ന് ഇന്ദ്രന്‍ പറയുന്നുണ്ട്. ആര്യന്‍ ഒരു വംശനാമമായിരുന്നെങ്കില്‍ അങ്ങനെ പറയുവാനാകില്ലായിരുന്നു. അത് ചില അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ ലഭിക്കുന്ന അംഗത്വമായിരുന്നുവെന്ന് അര്‍ത്ഥം. ആര്യേതരരെ സൂചിപ്പിക്കാനായി ആര്യന്മാരുപയോഗിച്ചിരുന്ന മേലുഹ എന്ന പദം സുമേറിയനാണെന്നും അത് ദ്രാവിഡമാണെന്നും ആധുനികമായ കണ്ടെത്തലുകള്‍ തെളിയിച്ചിട്ടുള്ളത് കൂടാതെ, കിഴക്ക്, മേക്ക് തുടങ്ങിയ ദിങ്‌സൂചകമായ വാക്കുകളും സുമറില്‍ നിന്നു വന്ന ദ്രാവിഡ പദങ്ങളാണെന്ന് റൊമിലാ ഥപ്പറിനെപ്പോലുള്ള ഇടതുപക്ഷ ചരിത്രമെഴുത്തുകാരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ക്രി.മു. മൂന്നാം സഹസ്രാബ്ദത്തിന്റെ സാഹചര്യത്തില്‍ വേദകാലവുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രാതിര്‍ത്തികള്‍ യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങള്‍ തൊട്ട് ഇന്‍ഡസ് താഴ്‌വരവരെയും, കൂടാതെ ഇറാനും കൂടി ഉള്‍പ്പെട്ടതായിരുന്നുവെന്ന് പുരാവസ്തു ഖനനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇവ പശ്ചിമഭാരതത്തിലെ ഹാരപ്പന്‍-പ്രാങ് ഹാരപ്പന്‍ കാലഘട്ടത്തിന് സമാന്തരമാണത്രെ5. സുമറിന്റെ സംസ്‌കാരവുമായി സൈന്ധവനാഗരികതയ്ക്ക് അടുത്തബന്ധമുണ്ടെന്നാണ് ആധുനിക കണ്ടെത്തലുകള്‍ തെളിയിക്കുന്നതെന്നും ഥപ്പര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ആര്യരും ദ്രാവിഡരും തമ്മില്‍ ഉല്‍പ്പത്തിപരമായോ, മതപരമായോ സംഘര്‍ഷങ്ങളില്ലെന്ന് കാണാം. അവയുടെ വികാസ പരിണാമ ചരിത്രത്തില്‍ ഭാഷ, ആചാരാനുഷ്ഠാനങ്ങളെന്നിവയില്‍ വന്ന വ്യത്യാസങ്ങള്‍ അവയുടെ വിപുലമായ വ്യാപന സാധ്യതകളുടെ ഉല്‍പ്പന്നമാണ്. ഗോത്ര മുദ്രകളെ ആരാധിച്ചിരുന്നവര്‍, ലിംഗാരാധകര്‍, മറ്റു വിശ്വസാചാരങ്ങളനുഷ്ഠിച്ചിരുന്നവര്‍ എന്നിവരെല്ലാം ഋഗ്വേദത്തിന് മുമ്പുണ്ടായിരുന്നവരും യജ്ഞംതുടങ്ങിയ പുതിയ സമ്പ്രദായങ്ങളെ എതിര്‍ത്തിരുന്നവരുമാണ്. നാഗന്മാര്‍ ആര്യന്മാരുടെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്നവരാണ്. ദേവന്മാരും അസുരന്മാരും ഒരുപോലെ ആര്യാചാരങ്ങളാണ് പിന്തുടര്‍ന്നത്. ദേവന്മാരും ആദ്യകാലങ്ങളില്‍ അസുരരെന്നാണ് വിളിക്കപ്പെട്ടിരുന്നത്. വരുണന്‍, അഗ്നി, ഇന്ദ്രന്‍, രുദ്രന്‍, സവിതാവ്, മരുത്തുകള്‍, രാമന്‍, പുഷാവ് തുടങ്ങിയവരെല്ലാം അസുരരായിരുന്നു. ദേവന്മാര്‍ അസുര പദത്തിലേയ്‌ക്കെത്തുന്നതിന് അനുഷ്ഠിക്കേണ്ട നടപടിക്രമങ്ങളുടെ പട്ടിക നല്‍കുന്ന ഒരുകൂട്ടം മന്ത്രങ്ങളുണ്ട്. പിന്നീടാണ് ദേവന്മാരും അസുരന്മാരും പ്രത്യേക സംഘങ്ങളായി പിരിഞ്ഞത്. തുടര്‍ന്ന് ദേവന്മാര്‍ അസുരന്മാര്‍ എന്ന പേരില്‍ നിന്ന് അ ഉപേക്ഷിച്ച് സുരന്മാരായി. ഇരുകൂട്ടരും പ്രജാപതിയുടെ ശിഷ്യരാണ്.
തെന്നിന്ത്യന്‍ സംസ്‌കാരം ദ്രാവിഡമാണെന്നും അതിന് ആര്യ സംസ്‌കാരത്തെ അംഗീകരിക്കാനാകില്ലെന്നുമെല്ലാം ചിലര്‍ വാദിച്ചിട്ടുണ്ട്. എന്നുമാത്രമല്ല, ആര്യ-ദ്രാവിഡ സംഘര്‍ഷമെന്നൊരു സിദ്ധാന്തംതന്നെ എഡ്വേഡ് റൈസിനെപ്പോലുള്ള ചില ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞരുടെ സഹായത്തോടെ സ്ഥാപിച്ചെടുക്കാനുള്ളശ്രമം ഇപ്പോഴും നടക്കുന്നുമുണ്ട്. അതൊരു രാഷ്ട്രീയ സിദ്ധാന്തമാണ്. ദ്രാവിഡ മുന്നേറ്റ കഴകവും അതിന്റെ പിരിവുകളായ മറ്റ് ദ്രാവിഡകക്ഷികളും തനതായൊരു രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടുവയ്ക്കാനില്ലാത്തതിനാല്‍ സ്വന്തം നിലനില്‍പ്പിന്റെ സാധൂകരണത്തിനായി ഉന്നയിക്കുന്ന ഒരു വ്യാജസിദ്ധാന്തമാണതെന്ന് സംഘകാലത്തെ പഴയ തമിഴകത്തിന്റെ പ്രധാനഭാഗമായ പാണ്ഡ്യചോളന്മാരുടെ സാംസ്‌കാരികപൈതൃകവും ചരിത്രവും നോക്കിയാല്‍ വ്യക്തമാകും.
ദ്രാവിഡര്‍ ആര്യന്മാരെപ്പോലെതന്നെ ഭാരതത്തിന്റെ ഭൂമിശാസ്ത്രാതിര്‍ത്തിയില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഇരുകൂട്ടരുടെയും ഉല്‍പ്പത്തിയും വ്യക്തമല്ല. അവര്‍ ചെങ്കടല്‍ത്തീരത്തു നിന്നു വന്നുവെന്നോ, ഡക്കാന്‍ മേഖലയില്‍ നിന്ന് ലോകമാകെ വ്യാപിച്ചുവെന്നോ ഉള്ള ഏത് നിലപാട് സ്വീകരിച്ചാലും ശരി, ബി.സി. ആയിരത്തില്‍ അവരെ കൊങ്കണ തീരങ്ങളില്‍ കാണാം.6 വിവിധ ഭാഷകളും സംസ്‌കാരങ്ങളും പിന്തുടര്‍ന്ന മിശ്രവംശക്കാരും വിവിധഗോത്രക്കാരുമായ ജനസമൂഹങ്ങളെയാണ് ആര്യരെന്നും ദ്രാവിഡരെന്നുമുള്ള സംജ്ഞകള്‍കൊണ്ട് വിവക്ഷിക്കുന്നത്.7 ഡക്കാന്‍ മേഖലയിലാണ് ദ്രാവിഡരുടെ ഉല്‍പ്പത്തിസ്ഥാനമെന്നും പൂര്‍വകാലത്ത് അവര്‍ വിദേശങ്ങളിലും സഞ്ചരിച്ചിരുന്നുവെന്നും അവര്‍ തന്നെയല്ലേ ഉത്തരേന്ത്യയിലെ ചരിത്രകാരന്മാരുടെ ആര്യന്മാരായി പരിണമിച്ചതെന്നും ചട്ടമ്പിസ്വാമികള്‍ നിരീക്ഷിക്കുന്നതിന് സമാനമായ നിരീക്ഷണം8 സെനഗല്‍ പ്രസിഡന്റും പ്രസിദ്ധ കവിയുമായ സെന്‍ഘോറും നടത്തുന്നുണ്ട്. ഭൂമധ്യരേഖാ പ്രദേശത്താണ് ജീവോല്‍പ്പത്തിയെന്നും ഡക്കാനും ആഫ്രിക്കയും ഒരേ ഭൂ മധ്യ രേഖാ പ്രദേശത്ത് കിടക്കുന്ന സ്ഥലങ്ങളാണെന്നും അതുകൊണ്ട് രണ്ട് സ്ഥലങ്ങളിലും ഒരുപോലെ ജീവോല്‍പ്പത്തി സാധ്യമായിട്ടുണ്ടെന്ന് കരുതുന്നതാണ് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡരുടെ വ്യാപനം തേടി മെഡിറ്ററേനിയന്‍ തീരത്തേയ്ക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. ദ്രാവിഡരും ആഫ്രിക്കക്കാരുമായുള്ള സാദൃശ്യങ്ങള്‍ ജൈവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡരെ ആര്യന്മാര്‍ ഓടിച്ചുവിട്ടുവെന്ന വാദത്തെയും ഈ ഗ്രന്ഥത്തില്‍ നിരസിക്കുന്നുണ്ട്.
സംഘകാല പൈതൃകം
ഉത്തരേന്ത്യന്‍ ഹൈന്ദവരും തെന്നിന്ത്യക്കാരും വിഭിന്നമതക്കാരാണെന്നും ബ്രാഹ്‌മണവല്‍ക്കരണം അഥവാ ആര്യവല്‍ക്കരണമാണ് ഉത്തരേന്ത്യന്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനമെന്നുമാണ് ആര്യ-ദ്രാവിഡ വംശീയവക്താക്കളുടെ പ്രചാരണം. ദ്രാവിഡര്‍ ഹിന്ദുക്കളല്ലെന്നും അവര്‍ പ്രചരിപ്പിക്കുന്നു. അതംഗീകരിക്കുന്ന തമിഴക രാഷ്ട്രീയക്കാര്‍ സംഘകാലപൈതൃകം തള്ളിപ്പറയുന്നുണ്ടോ? എന്താണ് സംഘകാല മതവിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും അടിത്തറ? കുറിഞ്ചി, മുല്ല, മരുതം, നെയ്തല്‍, പാല നിലങ്ങളിലെ ജീവിതരീതിയും അവിടങ്ങളിലെ മതവിശ്വാസവും ആചാരരീതികളുമാണല്ലോ അറിയപ്പെടുന്ന ചരിത്രപൈതൃകം. ദ്രാവിഡമെന്ന പേര് ഭാഷാകുടുംബങ്ങളുടെ പൊതുനാമമായി നിര്‍ദ്ദേശിച്ചത് ഡോ.ബിഷപ് കാല്‍ഡ്വലാണ്. അതിനുമുമ്പ് തമിഴെന്നായിരുന്നു പൊതുനാമം. ബി.സി. നാലാംനൂറ്റാണ്ടോടെ കന്നഡ, തെലുഗുഭാഷകള്‍ പ്രാങ്ദ്രാവിഡം അഥവാ പഴയ തമിഴ്കുടുംബത്തില്‍നിന്ന് പിരിഞ്ഞു പോയതോടെ9 തമിഴ് എന്ന പേര് തമിഴകഭാഷയ്ക്ക് നല്‍കുകയും ദ്രാവിഡമെന്ന പേര് ഭാഷാ കുടുംബത്തിന്റെ പേരായി സ്വീകരിക്കുകയും ചെയ്യുകയാണെന്നും അത് പൊതുവേ അംഗീകരിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പഴന്തമിഴിന്റെ ചേരവായ്‌മൊഴിയായിരുന്ന ഇന്നത്തെ മലയാളഭാഷയും എ.ഡി. പതിനാറാം നൂറ്റാണ്ടുവരെ തമിഴെന്നറിയപ്പെട്ടത്. സംഘകാലത്തിനുശേഷം സ്വന്തമായൊരു പേരില്ലാത്തത്തിനാലാണ് മലൈനാട്ട് വഴക്കമെന്നും ചേരത്തമിഴെന്നും കേരളഭാഷയെന്നും വിളിക്കപ്പെട്ട ഭാഷ ക്രമേണ മലയാളമെന്ന സ്ഥലനാമത്തോട് ചേര്‍ന്ന് മലയാള ഭാഷയെന്നറിയപ്പെടുന്നത്. മലയാളമെന്ന സ്ഥലനാമത്തിനുപകരം 1956 ല്‍ കേരളമെന്നൊരു പ്രാകൃതഭാഷാനാമം കേരളോല്‍പ്പത്തിയെന്ന ഐതിഹ്യഗ്രന്ഥത്തില്‍ നിന്ന് സ്വീകരിക്കുകയും ചെയ്തു. ദ്രാവിഡമെന്നത് ഒരു ഭാഷാകുടുംബപ്പേരായിട്ടാണ് പ്രചാരം നേടിയതെന്ന് ചുരുക്കം. തമിഴകമെന്നാല്‍ തമിഴ് സംസാരിക്കുന്ന സ്ഥലം. തമിഴകത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് സംഘസാഹിത്യത്തിലെ പ്രസിദ്ധമായ ഐന്തിണയെന്ന പരികല്‍പ്പനയുമായി ബന്ധപ്പെട്ടതാണ്.
ഹിന്ദുമതത്തെപ്പറ്റി പറഞ്ഞതുപോലെതന്നെ ദ്രാവിഡസംസ്‌കാരത്തിന്റെ അടിസ്ഥാനവും പ്രകൃതിയും ഭൂമിയുടെ ഘടനയുമായി ബന്ധപ്പെട്ടതാണ്. മലയുമായി ബന്ധപ്പെട്ടവാക്കാണ് ദ്രാവിഡം.10 ദ്രാവിഡര്‍ മലയാളികളായിരുന്നുവെന്ന് കമില്‍ വി സ്വലിബില്‍ വ്യക്തമാക്കുന്നുണ്ട്. അവര്‍ സ്വയം കുറിക്കുന്നതിനുപയോഗിക്കുന്ന പദങ്ങളിലെല്ലാമുള്ള കൊ/കോ, കു/കൂ എന്നീ പദങ്ങളും മല്‍-അയ് (മലൈ)എന്ന പദവും അവര്‍ക്ക് മലകളുമായുള്ള ബന്ധം സൂചിപ്പിക്കുന്നു. ദ്രാവിഡഭാഷകളുടെ നാമങ്ങള്‍ മിക്കവയും മലയുമായി ബന്ധപ്പെട്ടവയാണ്. ഭാഷയുടെ ഉച്ചാരണത്തിലും ധ്വനിപരമായും ആര്യ-ദ്രാവിഡ ഭാഷകള്‍ തമ്മില്‍ വിശാലമായ സമ്പര്‍ക്കവും സാമ്യവുമുണ്ടായിരുന്നു11. ഷൂള്‍ ബ്ലോക്കിനെ ഉദ്ധരിച്ചുകൊണ്ട് ഡോ.കെ.എന്‍. എഴുത്തച്ചനെഴുതുന്നത്, ക്രിസ്തുവര്‍ഷാരംഭത്തിലെ ഇന്ത്യന്‍ ഭാഷകളുടെ ചരിത്രം പരിശോധിച്ചാല്‍ തെക്കും വടക്കുമുള്ള എല്ലാ ഭാഷകളിലും സാമാന്യമായി ഒരേതരത്തിലുള്ള ധ്വനിവിജ്ഞാനീയ തത്വങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണാമെന്നാണ്. ഇന്‍ഡോ-ആര്യനും ദ്രാവിഡഭാഷകളും അക്കാര്യത്തില്‍ സമാനമാണ്. മഗധ, പഞ്ചാബ്, പടിഞ്ഞാറനിന്ത്യ എന്നിവിടങ്ങളിലെ ഭാഷാഭേദങ്ങള്‍ തമ്മിലും സംസ്‌കൃതത്തില്‍ നിന്നും അവ വ്യത്യാസപ്പെട്ടിരിക്കുന്നത് പ്രധാനമായും ഉച്ചാരണം, സ്വരഭേദങ്ങള്‍, വ്യഞ്ജന സംഘാതങ്ങളിലെ ലളിതവല്‍ക്കരണം, ലോപങ്ങള്‍, വികാരങ്ങളുടെയും ക്രിയാരൂപാഖ്യാനങ്ങളുടെയും അവ്യവസ്ഥ എന്നിവ മൂലമാണ്. തൊട്ടുപിന്നാലേ ബുദ്ധമതഗ്രന്ഥങ്ങളിലുപയോഗിച്ചിട്ടുള്ള പാലി, ജൈനമത ഗ്രന്ഥങ്ങളിലെ മാഗധി എന്നീ ഭാഷകളാണ്. അക്കാലത്ത് തെന്നിന്ത്യയില്‍ പൊതുവേ ഉപയോഗിച്ചിരുന്നത് ദ്രാവിഡഭാഷയാണ്.
സുമേറിയന്‍, മെസപ്പെട്ടേമിയന്‍ സംസ്‌കാരങ്ങളും സിന്ധു നദീതട സംസ്‌കാരവും ദ്രാവിഡരുടെ നിര്‍മ്മിതിയാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അവരുമായി ബന്ധപ്പെട്ടവരാണ് സിന്ധു നദീതട സംസ്‌കാരം രൂപപ്പെടുത്തിയത്. സുമേറിയക്കാര്‍ മൂന്ന് വിഭാഗങ്ങളായി തിരിക്കപ്പെട്ടിരുന്നു. ഒന്നാമത് പ്രഭുക്കളും പട്ടാള ആപ്പീസര്‍മാരും ഭരണാധികാരികളും പൂജാരികളും. രണ്ടാമത്തെക്കൂട്ടര്‍ ഇടത്തരക്കാരായ കച്ചവടക്കാരും അദ്ധ്യാപകരും കൃഷിക്കാരും കരകൗശലപ്പണിക്കാരും. മൂന്നാമത്, അടിമകള്‍. യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരും ഭൂമിനഷ്ടപ്പെട്ട കൃഷിക്കാരും സ്വകുടുംബത്താല്‍ വില്‍ക്കപ്പെട്ടവരുമാണ് അടിമകള്‍. അവരും സ്വര്‍ഗം, പാതാളം, ഭൂമി എന്നിവയില്‍ വിശ്വസിച്ചിരുന്നു. അവര്‍ പൊതുവേ അസൂര്‍ എന്ന ദൈവത്തെ ആരാധിച്ചിരുന്നു. അസീറിയന്‍ രാജാവായ അസുരബലിപാലും തിരുവോണാഘോഷത്തിനാധാരമായ പുരാണപ്രസിദ്ധനായ മഹബലിയുമായുള്ള ബന്ധം പ്രത്യേകം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. സുമേറിയക്കാരും ആസ്ത്രലോയ്ഡുകളും ദ്രാവിഡരില്‍നിന്ന് ജനിച്ചതാണെന്ന അഭിപ്രായവുമുണ്ട്. ദ്രാവിഡരും ആര്യരും ഒരേ പാരമ്പര്യവും സംസ്‌കാരവും പങ്കിടുന്നവരാണെന്ന നിലപാടിന് സംഘകാല ചരിത്രത്തില്‍ തെളിവുകളുണ്ട്. സൈന്ധവസംസ്‌കാരവും മെസപ്പെട്ടേമിയന്‍ സംസ്‌കാരവും നല്‍കുന്ന ദര്‍ശനത്തിന്റെ ഒരു തുടര്‍ച്ച സംഘസാഹിത്യത്തില്‍ കാണുവാന്‍കഴിയും. സംഘകാല സമൂഹങ്ങളുടെ ജീവിതക്രമം രൂപപ്പെട്ടിരുന്നത് തമിഴകത്തിന്റെ ഭൂഘടനയില്‍ നിന്നാണ്. ചേര-ചോള-പാണ്ഡ്യരുടെ ജീവിതവിശ്വാസത്തിന്റെയും മതവിശ്വാസത്തിന്റെയും അടിത്തറ കുറിഞ്ചി, മുല്ല, മരുതം, നെയ്തല്‍, പാല എന്നീ ഐന്തിണ അഥവാ അഞ്ച് നിലങ്ങളാണ്. അവയാണ് ആ ജനസമൂഹങ്ങളുടെ ജീവിതക്രമത്തെ രൂപപ്പെടുത്തിയിരുന്നത്. കുറിഞ്ചി, മലയും മലയോട് ചേര്‍ന്ന ഇടവുമാണ്. അവിടത്തെ ദൈവം മുരുകവേല്‍ അഥവാ സുബ്രഹ്‌മണ്യനാണ്. ആ മുരുകനാണിന്നും ദ്രാവിഡ സംസ്‌കാരത്തിന്റെ ശക്തമായ ഒരടയാളം. മുല്ല, കാടും കാട്‌ചേര്‍ന്ന ഇടവും. ദൈവം മായോന്‍ അഥവാ വാസുദേവകൃഷ്ണന്‍. മരുതം, വയലും വയല്‍ചേര്‍ന്ന ഇടവും. ദൈവം വേന്തന്‍ അഥവാ ഇന്ദ്രന്‍. നെയ്തല്‍, കടലും കടല്‍ചേര്‍ന്ന ഇടവും. ദൈവം വരുണന്‍. പാല, കുറിഞ്ചി, മുല്ലനിലങ്ങള്‍ക്കടുത്തുള്ള അര്‍ദ്ധമരുഭൂമിയാണ്. ദൈവം, കൊറ്റവൈ (ആദിത്യന്‍). കുറിഞ്ചി നിലക്കാര്‍ വേട്ടക്കാരും വനവിഭവങ്ങള്‍ ശേഖരിക്കുന്നവരും മുല്ലനിലക്കാര്‍ പ്രധാനമായും ഇടയര്‍ -ആടുമേപ്പുകാരുമാണ്.
ആയ്‌നാട് ഇടയരുടെ രാജ്യമാണ്. ആയ് പശുവാണ്. ആ നാമം പ്രാകൃതഭാഷാപദമാണ്. പ്രാകൃതഭാഷാ വക്താക്കള്‍ മുഖ്യമായും ആര്യസംസ്‌കാരത്തില്‍പ്പെട്ടവരാണ്. ആയ്കള്‍ യാദവരാണ്. അവര്‍ ആല്‍മരച്ചുവട്ടിലിരുന്ന ശിവനെ പൂജിച്ചിരുന്നെങ്കിലും ബ്രാഹ്‌മണരെയും ഗോക്കളെയും സംരക്ഷിച്ചിരുന്നു. മൂവേന്തര്‍മാരും യാഗവും യജ്ഞവുമൊക്കെ നടത്തിയിരുന്നെങ്കിലും തനത് ആചാരാനുഷ്ഠാനങ്ങളില്‍ വ്യാപൃതരായിരുന്നു. മുടിചൂടിയ രാജാക്കന്മാരായ മൂവേന്തര്‍, ചേരരും ചോളരും പാണ്ടിയരും വംശനാമങ്ങളാണ്. പാണ്ടിയര്‍ ചന്ദ്രവംശജരാണെന്നും ചോളര്‍ സൂര്യവംശജരാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. അത് യഥാക്രമം ഏലാം (ചന്ദ്രന്‍), കാസ്പിയന്‍ (സൂര്യന്‍) ദേശങ്ങളുമായിട്ട് അവര്‍ക്കുള്ള ബന്ധം സൂചിപ്പിക്കുന്നതായി പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. ചേരന്മാര്‍ വേട്ടക്കാരായിരുന്നുവെന്ന് പൊതുവേ പറയാം. ചേരരുടെ മൂലഗോത്രങ്ങളിലൊന്ന് നാഗരുടെ ഉപഗോത്രമായ സേറുകളുടെ സമാന്തരവിഭാഗമായി തെന്നിന്ത്യന്‍ പ്രദേശത്ത് കുറവരെന്ന പേരില്‍ താവളമടിക്കുകയും ക്രമേണ പല കുലങ്ങളായി വികസിക്കുകയും ചെയ്തു. അവരുടെ ഗോത്രനേതാക്കളാണ് പൊറൈയര്‍മാരും (കുന്നുകളില്‍ താമസിച്ചിരുന്നവര്‍) തുടര്‍ന്ന് കോന്‍, ആതന്‍ എന്നിങ്ങനെ രാജാക്കന്മാരായി തീര്‍ന്നവരുമെങ്കിലും അവര്‍ കുറിഞ്ചി നിലത്തിന്റെ മാത്രം നായകരായിരുന്നില്ല. അതിനുകാരണം തിണകള്‍ തമ്മിലുള്ള ഉറ്റ ബന്ധങ്ങളായിരുന്നു.
കുറിഞ്ചിയും മുല്ലയും തമ്മിലും മുല്ലയും മരുതവും തമ്മിലും ഇവ അഞ്ചും തമ്മില്‍ പൊതുവായും അവിഭാജ്യ ബന്ധങ്ങളുണ്ടായിരുന്നു. മാത്രമല്ല, അവയ്ക്ക് ഒരു ഏകീകൃതമായ അടിത്തറയുമുണ്ടായിരുന്നു. ഉദാഹരണത്തിന് അവരുടെയെല്ലാം പൊതുവായ വീണ യാഴ് ആയിരുന്നു. കുറിഞ്ചിക്ക് കുറിഞ്ചിയാഴും മുല്ലയ്ക്ക് മുല്ലയാഴും നെയ്തലിന് നെയ്തല്‍യാഴുമെന്നിങ്ങനെ ഓരോ തിണയ്ക്കും അവരുടേതായ യാഴുണ്ടായിരുന്നുവെന്നുമാത്രം. എന്നാല്‍ വൃക്ഷം, പക്ഷി, മൃഗം, പൂവ്, ദൈവം, സ്ഥലം, ഭക്ഷണം എന്നിവയെല്ലാം മാറുന്നു. താമസിക്കുന്ന ജനങ്ങളും മാറുന്നുണ്ട്. അവരുടെ ആവാസവ്യവസ്ഥ അവരുടെ മുഴുവന്‍ ജീവിതരീതികളെയും ഉള്‍ക്കൊള്ളുന്നു. അത്തരം വ്യത്യാസങ്ങള്‍തന്നെ ഓരോ തിണ തമ്മിലുമുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും കാരണമായിരുന്നു. സാമൂഹികമായി പാരസ്പരികതയില്ലാതെ അവരുടെ ജീവിതം സാധ്യമായിരുന്നില്ല. കടല്‍ത്തീരവാസികള്‍ക്ക് മറ്റുതിണയിലെ വിഭവങ്ങളും മറ്റുള്ളവര്‍ക്ക് കടല്‍മീനും ഉപ്പും മറ്റും ഒഴിവാക്കാനാകുമായിരുന്നില്ല. അതിനുവേണ്ടി വാണിജ്യസ്ഥാനങ്ങളും വാണിജ്യപാതകളും ഉണ്ടായി. ഒരേസമയത്തു തന്നെ സാധനത്തിനുപകരം സാധനം നല്‍കുന്നതിനോടൊപ്പം സാധനങ്ങള്‍ക്ക് വിലയായി പണവും സ്വര്‍ണ്ണവും കൈമാറുന്നരീതിയും ഉണ്ടായിരുന്നു. തൊല്‍കാപ്പിയരുടെ കാലത്ത് തെക്കേ ഇന്ത്യയുടെ ഭൂപ്രകൃതിയനുസരിച്ചാണ് ഏഴ് അകത്തിണകളും ഏഴ് പുറത്തിണകളും വേര്‍തിരിച്ചിട്ടുള്ളതെന്ന അയ്യപ്പപ്പണിക്കരുടെ നിരീക്ഷണം വസ്തുനിഷ്ഠമാണ്. രണ്ട് തിണകള്‍ തമ്മില്‍ ചേരുന്നതിനുള്ള അവകാശവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
കുറിഞ്ചിയും മുല്ലയും തിണകള്‍ക്ക് കാട് എന്ന പൊതുബന്ധമുണ്ട്. മരുതനിലവും നെയ്തലും മുല്ലയും തമ്മില്‍ ചേരുന്ന ഇടങ്ങളുമുണ്ടല്ലൊ. അത്തരമിടങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ കൈമാറ്റ കേന്ദ്രങ്ങളായി വികസിച്ചു. അവിടെ രണ്ട് നിലങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ ഇണങ്ങിച്ചേര്‍ന്നിട്ടുണ്ട്. നെയ്തലില്‍ നിന്ന് പാലനിലത്തേയ്ക്കും മറ്റു നിലങ്ങളിലേയ്ക്കും നിരനിരയായി ഉപ്പുവണ്ടികളുമായി കൂട്ടമായിപോകുന്നവര്‍ അവരുടെ ദേവതകളെയും കൂടെകൊണ്ടുപോകുന്നതിനെ പത്തുപ്പാട്ടിലെ പല പാട്ടുകളിലും പരാമര്‍ശിക്കുന്നുണ്ട്. ഇത് ദേവതകളുടെ സാംസ്‌കാരികമിശ്രണത്തിന് ആക്കം നല്‍കിയിട്ടുണ്ട്. മലയിലും കാട്ടിലുമുള്ള ആക്രമണസ്വഭാവികളായ കുറവരും വേടരും ഇടയരും കൊള്ളയടിക്കലും യുദ്ധവും തൊഴിലാക്കിയ പാലനിലത്തെ മറവരും വ്യവസ്ഥാപിത ജീവിതം നയിച്ചിരുന്ന മരുതനിലക്കാരെയും നെയ്തലുകാരെയും കടന്നാക്രമിക്കുകയും കൊള്ളയടിക്കുകയും ചിലപ്പോഴെല്ലാം അവരുടെമേല്‍ ആധിപത്യം സ്ഥാപിക്കുകയോ, അവരുടെ സംരക്ഷകരായി നില്‍ക്കുകയോ ചെയ്യുമ്പോഴും വിശ്വാസപരവും ആരാധനാപരവുമായ മിശ്രണം സംഭവിച്ചിരുന്നു. ഇത്തരത്തിലുള്ള സാംസ്‌കാരികവും വിശ്വാസപരവുമായ കൂടിക്കലര്‍ച്ചകള്‍ വിവിധ ഗോത്ര ജനവിഭാഗങ്ങള്‍ തമ്മിലുള്ള പാരസ്പര്യത്തിന്റെ ജനാധിപത്യത്തെയാണ് വെളിപ്പെടുത്തുന്നത്.
അധികാരമുപയോഗിച്ച് കാ അബയില്‍ മുഹമ്മദ് നബി ചെയ്തതുപോലുള്ള ഇതര മതവിശ്വാസ ധ്വംസനം- അസഹിഷ്ണുതയുടെയും ബലപ്രയോഗത്തിന്റെയും അധികാരവാഴ്ചയുടെയും ഏകദൈവരാഷ്ട്രീയം- പുരോഗമനപരമാണെന്ന് കരുതുന്നവര്‍ ഏകാധിപത്യ രാഷ്ട്രീയത്തെക്കൂടിയാണ് പിന്തുണയ്ക്കുന്നത്. ഇത് ആദ്യം അന്യമതവിശ്വാസികളോടുള്ള ആക്രമണമായിത്തുടങ്ങുകയും അന്യമത വിശ്വാസികളുടെ അഭാവത്തില്‍ സ്വമതത്തിലെ വിവിധ ചിന്താധാരകള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ് വിവിധ ഇസ്ലാമിക രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍. മതം അധികാര രൂപമാകുമ്പോള്‍ അധികാരത്തിന്റെ കേന്ദ്രങ്ങളാകാന്‍ വിഭിന്ന ചിന്താധാരകള്‍ തമ്മില്‍ മത്സരിക്കുക എന്നത് അധികാര മോഹത്തിന്റെ ജൈവസ്വഭാവമാണ്. ഭാരതത്തില്‍ നിന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍പെട്ട് കിഴക്കന്‍ പാകിസ്ഥാനും പശ്ചിമ പാകിസ്ഥാനുമായി മാറിയ രാഷ്ട്രീയരൂപങ്ങള്‍ അധികം വൈകാതെ ഭാരതത്തിന്റെ കൂടിസഹായത്തോടെ ബംഗ്ലാദേശും പാകിസ്ഥാനുമായും പിന്നീട് പാകിസ്ഥാന്റെ ചില ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് അഫ്ഗാനിസ്ഥാനും, താലിബാനും മറ്റുമായും വേര്‍പെട്ട ചരിത്രം വളരെ പഴയതല്ല. പാകിസ്ഥാനും ഇറാനുമായി ഇപ്പോഴും തുടരുന്ന സംഘട്ടനവും ഏകദൈവവും ഏകമതവും അംഗീകരിച്ചിട്ടുള്ള, ജനാധിപത്യാടിത്തറ ശക്തമല്ലാത്തതോ, നാമമാത്രമോ ആയ രാജ്യങ്ങളുടെ മതരാഷ്ട്രീയത്തിന്റെ ശിഥിലീകരണ പ്രവണതകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കാരണം ലളിതമാണ്. ഇസ്ലാംമതത്തിന് അടിസ്ഥാനപരമായി ജനാധിപത്യ സംസ്‌കാരത്തെയോ, വൈവിധ്യ പൂര്‍ണമായ ജീവിത ശൈലികളെയോ, വ്യത്യസ്തമായ ചിന്താധാരകളെയോ അംഗീകരിക്കാനാകില്ല. ഖുര്‍-ആന്റെ അടിസ്ഥാനദര്‍ശനം ഏകദൈവത്തെയെന്നതുപോലെ ഏകാധിപത്യപരമായ രാഷ്ട്രീയ തത്വത്തെയുമാണ് മുന്നോട്ടുവയ്ക്കുന്നത്. ഒരു പ്രവാചകനെയും അദ്ദേഹത്തിന്റെ ജന്മസ്ഥാനത്തെയും മാത്രമാണ് ആരാധിക്കുന്നത്. എല്ലാ ദിക്കുകളെയും പ്രപഞ്ചാസ്തിത്വത്തിന്റെ ആധാരമായി കാണുന്ന മതദര്‍ശനം ബഹുദൈവ വിശ്വാസപരവും വൈവിധ്യ പൂര്‍ണവുമാണെങ്കില്‍, പടിഞ്ഞാറേ ദിക്കിലേയ്ക്ക് നോക്കി പ്രാര്‍ത്ഥിക്കണമെന്ന സിദ്ധാന്തം ഏകപക്ഷീയവും അപൂര്‍ണവുമാണെന്ന കാര്യം സംശയാതീതമാണ്.
വിഗ്രഹാരാധനയും സൃഷ്ടിബോധവും
വിഗ്രഹാരാധനയെ നിഷേധിക്കുന്നത് വിഗ്രഹങ്ങളിലാണ് ദൈവമെന്ന അശാസ്ത്രീയ ധാരണയ്‌ക്കെതിരായിട്ടാണെങ്കില്‍ പള്ളികളും വെള്ളിയാഴ്ചയുടെ പ്രസക്തിയും ഖുര്‍-ആന്‍ എന്ന ഗ്രന്ഥത്തിന്റെ മധ്യസ്ഥതയുമെല്ലാമടങ്ങുന്ന വിഗ്രഹവല്‍ക്കരണ രൂപങ്ങള്‍ മതപരമായ ആചാരത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കേണ്ടിവരും. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരിലുള്ള സമരവും കേസുമെല്ലാം കേവലം ഭൂസ്വത്തിനുവേണ്ടിമാത്രമുള്ള ശ്രമങ്ങളായി അംഗീകരിക്കേണ്ടിവരും. ഒരു ഭരണാധികാരിയായിരുന്ന ബാബറിന്റെ പേരിലുള്ള പള്ളി വിശുദ്ധമായ ഒരു ആരാധനാകേന്ദ്രമല്ലെന്ന് സമ്മതിക്കുകയും വേണം. അതുപോലെ, വിഗ്രഹത്തെ നശിപ്പിക്കേണ്ടതുമില്ല. പക്ഷേ, പ്രശ്‌നം മനുഷ്യരുടെ സൃഷ്ടിബോധമാണ്. നിര്‍മ്മിക്കുകയെന്നത് മനുഷ്യവംശം ധര്‍മ്മമായി കാണുന്നു. മൃഗങ്ങള്‍ സ്വന്തം സന്താനങ്ങളെ മാത്രം സൃഷ്ടിക്കുന്നു. എന്നാല്‍, സ്വന്തം പ്രതിരൂപങ്ങളായി സന്താനങ്ങളെ സൃഷ്ടിക്കുമ്പോഴും തനിക്കാവശ്യമുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുമ്പോഴും മനുഷ്യരെ നയിക്കുന്നത് അവരുടെ സര്‍ഗാത്മകതയാണ്. അതുകൊണ്ട് പള്ളികള്‍ക്ക് ചില രൂപഘടനകളും മീനാരങ്ങളും അവര്‍ സങ്കല്‍പ്പിക്കുന്നു. വൈവിധ്യത്തോടുള്ള ജൈവചോദനയാണ് ബഹുദൈവാരാധനയുടെയും ബഹുസ്വരതയുടെയും ജനാധിപത്യബോധത്തിന്റെയും കാതല്‍.
മരുതനിലത്തിലെ ഉരിപ്പൊരുള്‍ അഥവാ പ്രധാനകാവ്യവിഷയം ഭര്‍ത്താക്കന്മാര്‍ പരത്തകളെ (പരസ്ത്രീ) പ്രാപിക്കുന്നതിലുള്ള അമര്‍ഷവും വേദനയുമാണ്. പരത്തകള്‍ കുടുംബിനികളെ വെല്ലുവിളിക്കുന്നതും കാണാം. അതായത്, വ്യവസ്ഥാപിത കുടുംബ ജീവിതത്തില്‍ പരസ്ത്രീഗമനം വലിയ അപവാദ പ്രചാരണത്തിന് കാരണമാകുന്നതാണ് വിഷയം. നായികാനായകന്മാരുടെ രാത്രിയിലും പകലുമുള്ള രഹസ്യ സമാഗമം പ്രശ്‌നങ്ങളൊന്നുമാകാത്ത തിണകളുമുണ്ട്. ഏതായാലും ബഹുദൈവാരാധനയുടെ ജനാധിപത്യപരമായ അടിത്തറ ഏകാധിപത്യപരമായ മതദര്‍ശനത്തിന് വിരുദ്ധമാണ്. അതുകൊണ്ട്, ഹിന്ദുമതമുണ്ടായതിനു കാരണം സെമിറ്റിക് മതങ്ങളുടെ ഉദ്ഭവമാണെന്ന് പല സാമൂഹിക മാധ്യമ പണ്ഡിതരും കരുതുന്നു. അവയില്ലായിരുന്നെങ്കില്‍ ഹിന്ദുമതം ഉണ്ടാകുമായിരുന്നില്ലെന്നും വിവിധ ജാതി സമൂഹങ്ങള്‍ മാത്രമേ ഉണ്ടാകുമായിരുന്നുള്ളുവെന്നും അവര്‍ വിചാരിക്കുന്നു. ചരിത്രബോധമോ, മത പരിണാമങ്ങളുടെ ഗതിവിഗതികളോ അവര്‍ക്കറിയേണ്ടതില്ല.
ഹിന്ദുമതത്തിനകത്ത് ജാതി രൂപീകരണം സംഭവിച്ചതെങ്ങനെയെന്ന് ചരിത്രബോധമുള്ളവരെഴുതിയിട്ടുണ്ട്. ജാതി എന്ന വാക്കിന്റെ അര്‍ത്ഥം ജായതേ ഇതി ജാതി-ജനിച്ചതാണ് ജാതി-എന്നാണ്. ഈ ജാതി സമൂഹങ്ങള്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. സംഘകാലത്തെ ജാതികള്‍ നോക്കിയാല്‍ വ്യക്തമാകുന്നത് ജാതി തൊഴില്‍ നാമമായിരുന്നുവെന്നും ഇഷ്ടമുള്ള തൊഴില്‍ സ്വീകരിക്കാനവകാശമുണ്ടായിരുന്നുവെന്നുമാണ്. ഉദാഹരണത്തിന് പാണന്‍, പാണ്‍ എന്ന യാഴ് -സംഗീതോപകരണം- ഉപയോഗിക്കുന്നവനായിരുന്നു. ചെറിയപാണും വലിയപാണുമുണ്ടായിരുന്നതിനാല്‍ ചെറുപാണനും പെരുമ്പാണനുമുണ്ടായി. അവര്‍ പാട്ടുകാരും നര്‍ത്തകരുമായിരുന്നത് കൂടാതെ സന്ദേശവാഹകരുമായിരുന്നു. ബ്രാഹ്‌മണനും പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നതു കൂടാതെ വേശ്യകളുടെ അടുത്ത് സന്ദേശം കൊണ്ടുപോയി നല്‍കുന്നവനുമായിരുന്നു. പക്ഷേ, ഇതര വര്‍ണസമൂഹങ്ങളില്‍ നിന്ന് ഉയര്‍ന്നസ്ഥാനമൊന്നും അവര്‍ക്ക് കല്‍പ്പിക്കപ്പെട്ടിരുന്നില്ല. ബ്രാഹ്‌മണര്‍ക്കും വാണികര്‍ക്കും വെള്ളാളര്‍ക്കും രാജാക്കന്മാര്‍ക്കുമെല്ലാം പൊതുവായി ബാധകമായ പല ധര്‍മ്മങ്ങളും പദവികളും അധികാരങ്ങളുമുണ്ടായിരുന്നു. ഇന്ന് കുറവര്‍ ഒരു ജാതി സമൂഹമാണെങ്കിലും സംഘകാലത്ത് ആവാസ വ്യവസ്ഥയില്‍ നിന്ന് ജനിച്ച പേരായിരുന്നു കുറവര്‍. കുറ കുന്നാണ്. കുറിഞ്ചി നിലവാസികളാണ് കുറവര്‍. വേട്ടയാടലും തേനെടുപ്പും മലനെല്ല് വിതയ്ക്കലും മലഞ്ചരക്കുകള്‍ ശേഖരിക്കലുമൊക്കെയായിരുന്നു തൊഴില്‍. അവരൊരു രാജവംശവുമായിരുന്നുവെന്ന് മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ചേരന്മാരുടെ അടയാളം അമ്പുംവില്ലുമായിരുന്നു. അവരാണ് വേടരെന്നുമറിയപ്പെട്ടത്. കുറവസ്ത്രീകളാണ് കുറത്തികള്‍. വിവിധജനസമൂഹങ്ങള്‍ കുറിഞ്ചിയില്‍ അഥവാ മലകളില്‍ താമസിച്ചിരുന്നു. വേലന്‍ വെറിയാട്ടെന്ന മുരുക ദൈവാരാധന കുറിഞ്ചി നിലത്തിന്റെ ഭാഗമായിരുന്നു. മറവര്‍ പടയാളികളായിരുന്നു. മറവരും എയ്‌നരും പാല നിലവാസികളായിരുന്നു. രാജാക്കന്മാരുടെ സൈനികശക്തി മറവരായിരുന്നു. വെള്ളാളര്‍ കൃഷിക്കാരാരായിരുന്നു. ഉഴവരെന്നും വിളിക്കുന്നു. നെയ്തല്‍ നിലവാസികളാണ് മീനവര്‍ അഥവാ മീന്‍ പിടുത്തക്കാര്‍. ഉപ്പുണ്ടാക്കലും അവയുടെ വില്‍പ്പനയും അവരുടെ തൊഴിലായിരുന്നു, പുലയരും കൃഷിക്കാരായിരുന്നു. പുലം വയലാണ്. കരക്കൃഷി പ്രധാനമായും വെള്ളാളരും വയല്‍ക്കൃഷി പുലയരും നടത്തിയെന്ന് ചുരുക്കിപ്പറയാം. ഇങ്ങനെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജാതി തിരിഞ്ഞിരുന്നവര്‍ക്ക് തങ്ങളുടെ തൊഴില്‍ മാറ്റിയെടുക്കാന്‍ ഒരു തടസ്സവുമില്ലായിരുന്നു. കുറിഞ്ചി നിലക്കാര്‍ക്ക് നെയ്തലിലോ, മരുതത്തിലോ പോയിത്താമസിച്ച് അവിടത്തെ പണിചെയ്ത് ജീവിക്കാം. അപ്പോഴവര്‍ ആ നിലക്കാരും തൊഴില്‍ക്കാരുമായി. ചുരുക്കത്തില്‍ ഈ ജാതിസമൂഹങ്ങളുടെ പൊതുസ്വത്വമായിരുന്നു അഞ്ച് തിണകളെയുമുള്‍ക്കൊള്ളുന്ന മതം. ആ മതത്തിനാധാരമായ ദൈവങ്ങള്‍ ഹിന്ദുമതത്തിന്റെ ആധാരമായ ദൈവങ്ങള്‍തന്നെയാണ്. അവയില്‍ ആര്യ-ദ്രാവിഡ ദൈവങ്ങളുണ്ട്. ബുദ്ധജൈനപാഴ്‌സി മതങ്ങളും ആജീവകമതവുമല്ലാതെ ഇപ്പോഴത്തെ ഏകദൈവപ്പുരോഗമനക്കാരുടെ മതം അന്നില്ലായിരുന്നുവെന്നാണ് അറിയേണ്ടത്. ജനാധിപത്യപരമായ ദൈവശാസ്ത്രകാലത്തില്‍ നിന്ന് എത്രയോ ആയിരത്താണ്ടുകള്‍ കഴിഞ്ഞാണ് ഏകാധിപത്യപരമായ ദൈവശാസ്ത്രം ഉണ്ടാകുന്നത്. അതുകൊണ്ട് സെമറ്റിക് മതങ്ങളുണ്ടായതു കൊണ്ടാണ് ഹിന്ദുമതമുണ്ടായതെന്നതരം വിഡ്ഢിത്തങ്ങള്‍ അപ്രസക്തങ്ങളാണ്.
ഹിന്ദു എന്ന പേര് സിന്ധുവില്‍നിന്ന് രൂപപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്. സെന്റ് അവസ്ഥയിലുള്ള അസുരന്മാര്‍ ഋഗ്വേദത്തില്‍ സുരന്മാരായി. സൊരാഷ്ട്രിയരുടെ ‘സ’ സംസ്‌കൃതത്തില്‍ ‘ഹ’ ആയതിനാലാണ് സിന്ധു ഹിന്ദുവായത്. ഇതൊരു വര്‍ണ്ണ പരിണാമ പ്രശ്‌നം മാത്രമാണ്. സിന്ധുസ്ഥാന്‍ ഹിന്ദുസ്ഥാനായി. സൈന്ധവമതം ഹൈന്ദവമതവും. ആദികാലത്ത് ദേവന്മാരും അസുരന്മാരും രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങളെയും വിശ്വാസധാരകളെയും പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ രണ്ട് ശാഖകള്‍ മാത്രമായിരുന്നു. ബ്രാഹ്‌മണ പാരമ്പര്യ പ്രകാരം അസുരര്‍ ദേവന്മാരുടെ ജ്യേഷ്ഠന്മാരാണ്. ഈജിപ്തില്‍ നിന്ന് ബാബിലോണിയയിലേയ്ക്കും പേര്‍ഷ്യയില്‍നിന്ന് സിന്ധുനദീതടത്തിലേയ്ക്കും വ്യാപനം ചെയ്ത പൂര്‍വ ഇന്‍ഡോ-യൂറോപ്യന്‍ ജനതയാണ് അസുരര്‍. മുന്‍കാലങ്ങളില്‍ അസീറിയന്‍ മണ്ണും സംസ്‌കാരവും കീഴടക്കുകയും സ്വാംശീകരിക്കുകയും ചെയ്ത ഇറാനിയന്‍ ആര്യന്മാരുടെ അഹുര-മസ്ദയാണ് ഇവരുടെ അധിദേവതയായ അസുര-മസ്ദയായി മാറിയത്. ആര്യന്മാരെയും അസുരരെയും വേര്‍തിരിക്കാനുള്ള അതിര്‍വരമ്പ് മൃധ്രവാച അഥവാ നീചഭാഷണമാണെന്ന് ഐതരേയ ബ്രാഹ്‌മണത്തിലും സാംഖ്യത്തിലും പറയുന്നു. ആരണ്യകത്തിലും ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്‍ഡോ ആര്യനല്ലാത്ത ഭാഷ സംസാരിക്കുന്നവരാണ് നീചഭാഷകര്‍. ആര്യന്മാര്‍ പുറത്തുനിന്ന് വന്നവരാണെന്ന സൂചനയൊന്നും ഋഗ്വേദത്തിലില്ലെന്ന് ഥപ്പര്‍ വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ ദക്ഷിണേന്ത്യന്‍ ദ്രാവിഡര്‍ ഹിന്ദുക്കളല്ലെന്നും അവരും ആര്യന്മാരും തമ്മില്‍ വംശീയ വ്യത്യാസമുണ്ടെന്നുമുള്ള പ്രചാരണം ആധുനിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങളെ- പ്രത്യേകിച്ച്, ആചാരപരവും സാംസ്‌കാരികവുമായ വൈവിധ്യം വച്ചുപുലര്‍ത്തുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. കാരണം, ഹാരപ്പന്‍ സംസ്‌കൃതിയില്‍ നിന്ന് ഒട്ടും ഭിന്നമല്ലാത്ത പുരാവസ്തുവിന്റെ അവശിഷ്ടങ്ങള്‍ മാമല്ലാപുരത്തു നിന്നു കിട്ടിയിട്ടുണ്ട്13. ദ്രാവിഡരെന്നും നാഗന്മാരെന്നും പറയുന്നത് ഒരുവര്‍ഗ്ഗത്തിന്റെ രണ്ട് പേരുകളാണെന്ന് ഡോ.അംബേദ്കറും കൊസാംബിയും പ്രസ്താവിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ നാഗന്മര്‍ തമിഴ്‌വിട്ട് സംസ്‌കൃതം സ്വീകരിച്ചെങ്കിലും തെന്നിന്ത്യക്കാര്‍ അതിന് തയാറായില്ല14. വടക്കേ ഇന്ത്യന്‍ ഗോത്രഭാഷയായ ഒല്ലാരി ഒരു മൂലദ്രാവിഡഭാഷയാണെന്നും ഇത് സംസാരിച്ചിരുന്നത് പ്രാചീന തമിഴ് സാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെട്ട ഒലിനാഗന്മാരായിരിക്കണമെന്നും സുധാഭൂഷണ്‍ ഭട്ടാചാര്യ സ്ഥാപിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ ആര്യര്‍-ദ്രാവിഡര്‍ എന്നീ വിഭാഗങ്ങള്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്മുമ്പുതന്നെ പ്രാചീനഗോത്രവര്‍ഗക്കാരായ ജനസമൂഹങ്ങള്‍ ഇന്ത്യയിലെല്ലായിടത്തും ചിതറിക്കഴിഞ്ഞിരുന്നുവെന്നും അവരുടെ ഭാഷകളും സാംസ്‌കാരിക പൈതൃകവും കൂടിയുള്‍പ്പെട്ട ഒരു സങ്കരപൈതൃകമാണ് ആര്യ-ദ്രാവിഡ സംസ്‌കാര പാരമ്പര്യങ്ങള്‍ക്കുള്ളതെന്നും സുവ്യക്തമാണ്.15 സൊരാഷ്ട്രിയനും വേദകാലത്തെ ഇന്ത്യയും ഇന്‍ഡോ-ഇറാനിയന്‍ പൊതുമതത്തില്‍നിന്ന് ഉരുത്തിരിഞ്ഞു എന്ന അഭിപ്രായം പ്രാചീനചരിത്രമെഴുത്തുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ഹിന്ദുമതത്തിന് സെമിറ്റിക് മതങ്ങളുടെ ഘടനയും പ്രവര്‍ത്തന ശൈലിയുമില്ലാത്തതിനാല്‍ അതൊരു മതമേയല്ലെന്ന് പറയുന്നവരുടെ മതോല്‍പ്പത്തിബോധം തീരെ പരിമിതമാണെന്നേ മനസ്സിലാക്കേണ്ടതുള്ളു. ഹിന്ദുമതം വ്യക്തികളുടെപേരില്‍ നിലവില്‍വന്നതോ, വ്യക്തികളുടെ മേല്‍വിലാസത്തില്‍ നിലനില്‍ക്കുന്നതോ അല്ലെന്നു മാത്രമല്ല, അതൊരു ഭൂമേഖലയിലെ വൈവിധ്യപൂര്‍ണമായ സമ്മിശ്ര ജീവിതശൈലിയില്‍നിന്ന് ജൈവികവും സ്വാഭാവികവുമായി രൂപപ്പെട്ടതുമായതിനാലാണ് മുപ്പത്തിമുക്കോടി ദേവതമാരും ആചാര വൈവിധ്യങ്ങളുമുള്ളതെന്നും അതുകൊണ്ടുതന്നെ ഹിന്ദുമതത്തിന്റെ അടിത്തറ ജനാധിപത്യപരവും സഹവര്‍ത്തിത്തപൂര്‍ണവും സഹിഷ്ണുതാപരവുമാണെന്നും ഒരുമതഗ്രന്ഥവും ഒരു ദൈവവുമെന്ന സങ്കല്‍പ്പത്തിലടങ്ങിയിരിക്കുന്ന ഏകാധിപത്യപ്രവണത ഹിന്ദുമതസങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായത് ഇക്കാരണത്താലാണെന്നുമുള്ളതാണ് അതിന്റെ രാഷ്ട്രീയം.16 ഭാരതവും മധ്യേഷ്യന്‍പ്രദേശങ്ങളും ഒന്നായിരുന്ന ഒരു ഭൂമിശാസ്ത്രസാഹചര്യത്തില്‍ നിന്നാണ് ഭാരതചരിത്രം യഥാര്‍ത്ഥത്തിലാരംഭിക്കുന്നത്. സൊരാഷ്ട്രിയനും വേദകാല ഭാരതവും ഇന്‍ഡോ-ഇറാനിയന്‍ പൊതുമതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണെന്ന അഭിപ്രായം വിവിധ പ്രാചീന ഭാരത ചരിത്രപണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതരമതങ്ങള്‍ക്ക് പൊതുവേയും ഇസ്ലാംമതത്തിന് പ്രത്യേകിച്ചും സഹിഷ്ണുതയും ജനാധിപത്യപരമായ അടിത്തറയുമില്ലാത്തിനു കാരണം അതിന്റെ ഏകാധിപത്യ രാഷ്ട്രീയ സമീപനമാണ്. ഇസ്ലാമികതീവ്രവാദികളും സിപിഎമ്മും തമ്മിലുള്ള ഐക്യപ്പെടലിന്റെ അടിസ്ഥാനവും ഇരുകൂട്ടരുടെയും ജനാധിപത്യവിരുദ്ധവും ഇടുങ്ങിയതും പരകീയ വിശ്വാസങ്ങളോടുള്ള അസഹിഷ്ണുതാപരവുമായ സമീപനമാണ്.
സൂചനകള്‍
1. കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം 101-104 ആര്‍. ഗോപിനാഥന്‍
2. ഋഗ്വേദം ഭാഷാഭാഷ്യം പു.7 ഒ.എം.സി. നമ്പൂതിരിപ്പാട് അവതാരിക ഡിസിബി 1995
3. ഋഗ്വേദം 9-ാമത്തെ ഋക് മണ്ഡലം 10 സൂക്തം 90
4. കേരളത്തിന്റെ ഗോത്രവര്‍ഗപൈതൃകം പു. 100
5. ഇ.പു. പു. 109
6. മലയാളഭാഷ തൊല്‍കാപ്പിയത്തില്‍ പു.2 ആര്‍. ഗോപിനാഥന്‍ കേ ഭാ ഇന്‍
7. ഇ.പു. പു.8
8. Negritude and Dravidian Culture paper by Leopold Sedar Senghor Dravidians and Africans Edited by Prof.K.P.Aravanan University of Dakar, Dakar, Senegal
9. ദ്രാവിഡഭാഷകളുടെ താരതമ്യാത്മക വ്യാകരണം (വോളിയം 2) പു. 4
10. മലയാളഭാഷ തൊല്‍കാപ്പിയത്തില്‍ പു. 15
11. ഇ.പു. പു.18
12. കേരളത്തനിമ പു. 182 ആര്‍. ഗോപിനാഥന്‍
13. അംബേദ്കറുടെ തിരഞ്ഞെടുത്ത കൃതികള്‍ ശൂദ്രര്‍ ആരായിരുന്നു, അസ്പൃശ്യര്‍ ആരായിരുന്നു പു.240-252
14. കേരളത്തനിമ പു.190
15. The Hindu tradition Dating and Historical Reconstruction Wikipedia.org/wiki/Rgveda
16. കേരളത്തനിമ പു. 169.