കര്‍ക്കടകം 1
രാമായണ മാസാരംഭം
രാമരാവണയുദ്ധത്തിനിടയ്ക്ക് ഇന്ദ്രജിത്തിന്റെ മായാപ്രയോഗങ്ങളില്‍ വാനരസേന ഒന്നടങ്കം അസ്ത്രങ്ങളേറ്റ് നിലംപതിച്ചു. ഇതുകണ്ട് ദേവന്മാര്‍പോലും നിരാശരായി. എഴുത്തച്ഛന്‍ ആ രംഗം വിവരിക്കുന്നതിങ്ങനെയാണ്.
”ആവതില്ലേതുമിതിന്നു നമുക്കെന്ന്
ദേവദേവന്മാരുമന്യോന്യമന്നേരം
വ്യാകുലം പൂണ്ടുപറഞ്ഞു നില്‍ക്കേ, രുഷാ
രാഘവന്മാരെയുമെയ്തുവീഴ്ത്തീടിനാന്‍”
(അദ്ധ്യാത്മരാമായണം, യുദ്ധകാണ്ഡം)
ഇന്നത്തെ നിര്‍മ്മിതബുദ്ധിയെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്) പോലും വെല്ലുന്ന ഇന്ദ്രജിത്തിന്റെ പ്രയോഗത്തിനു മുന്നില്‍ രാമന്‍ പോലും വീണുപോകുന്നു. എഴുത്തച്ഛന്റെ വര്‍ണ്ണനയില്‍ കുറച്ചു കൂടി മുന്നോട്ടുപോയാല്‍ കാലനേമിയോട് രാവണന്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കാം:
”താപസനായ് ചെന്നു മാര്‍ഗ്ഗമധ്യേ പൂക്കു
പാപവിനാശനമായുള്ള വാക്കുകള്‍
ചൊല്ലിമോഹിപ്പിച്ച കാലവിളംബനം
വല്ല കണക്കിലും നീ വരുത്തീടണം”
രാവണവചനം കേട്ട് താപസവേഷത്തില്‍ ആശ്രമം കെട്ടിക്കഴിയുന്ന കാലനേമിയുടെ പെരുമാറ്റത്തില്‍ വീണു പോകുന്ന ഹനുമാന്റെ ചിത്രവും നമുക്കുകാണാം.
ധര്‍മ്മമൂര്‍ത്തികളെപ്പോലും ആശയക്കുഴപ്പത്തിലാക്കാന്‍ തക്ക മായാപ്രയോഗങ്ങളെക്കുറിച്ച് എഴുത്തച്ഛന്‍ എഴുതിവെച്ചത് അക്കാലത്തു മാത്രമല്ല, ഇന്നും ഏറെ പ്രസക്തമാണ്. അതിന് എഴുത്തച്ഛന്‍ തന്നെ വിധിച്ച ദിവ്യൗഷധമാണ് രാമായണപഠനം. എഴുത്തച്ഛന്റെ കാലം തൊട്ട് കേരളത്തിലെ വീടുകളില്‍ കര്‍ക്കടക മാസത്തില്‍ രാമായണപാരായണം നടന്നുവന്നിരുന്നു. കള്ളക്കര്‍ക്കടകത്തിന്റെ ദുരിതത്തില്‍ ധര്‍മ്മത്തിന്റെ പ്രതീകമായ രാമനിലൂടെ രക്ഷ നേടിയിരുന്ന ജനത കാലക്രമത്തില്‍ അതില്‍ നിന്ന് അകന്നു. രാമായണ പാരായണത്തില്‍ നിന്നു മാത്രമല്ല ഹൈന്ദവ സാംസ്‌കാരിക മൂല്യങ്ങളില്‍ നിന്നും അകലം പാലിച്ചതോടെ സാമൂഹ്യമായും സാംസ്‌കാരികമായും നാടിനോടുള്ള കൂറിന്റെ കാര്യത്തിലും അവര്‍ക്ക് വീഴ്ച സംഭവിച്ചു. ഇതില്‍ നിന്നു സമൂഹത്തെ രക്ഷിക്കാനാണ് ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പോലുള്ള നവോത്ഥാന നായകര്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ കാലഗതിയില്‍ ഭൗതികവാദ തത്വചിന്തയുടെ കണ്ണഞ്ചിപ്പിക്കുന്ന മായാലോകത്തിലേയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് ഇന്ദ്രജിത്തുമാരും കാലനേമിമാരും വിജയിച്ചു. ഹിന്ദുസമൂഹം അതില്‍ മയങ്ങി സ്വന്തം സംസ്‌കാരത്തെയും ആചാരങ്ങളെയും ധര്‍മ്മത്തേയുമൊക്കെ പുച്ഛിക്കുന്നവരായി.
ഇത്തരമൊരു സാഹചര്യത്തിലാണ് ഹിന്ദുധര്‍മ്മ ജാഗരണത്തിന്റെ മൃതസഞ്ജീവനിയുമായി വിരാട ഹിന്ദു സമ്മേളന സന്ദേശം മലയാളിയുടെ മുന്നിലേക്കെത്തുന്നത്. 1980-കളില്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തുണ്ടായ കൂട്ട മതംമാറ്റമാണ് ഹൈന്ദവ ആചാര്യന്മാരെ ആശ്രമങ്ങള്‍ വിട്ട് സമൂഹത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. ദല്‍ഹിയില്‍ നടന്ന വിരാട ഹിന്ദുസമ്മേളനത്തിന്റെ പ്രതിധ്വനി രാജ്യം മുഴുവന്‍ ഉണ്ടായി. അതു കേരളത്തിലും അലയടിച്ചതിന്റെ ഫലമായിരുന്നു 1982 ഏപ്രില്‍ 4ന് എറണാകുളത്തു നടന്ന വിശാല ഹിന്ദു സമ്മേളനം. ഹിന്ദു ഉണര്‍വ്വിന്റെ വിരാട രൂപമായിരുന്നു അവിടെ ദൃശ്യമായത്. ഈ ഉണര്‍വ്വിന് സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ സാധിക്കണം എന്ന കാഴ്ചപ്പാടാണ് വിശാല ഹിന്ദു സമ്മേളനത്തിനു നേതൃത്വം നല്‍കിയ പി. പരമേശ്വരന്‍, പി.മാധവന്‍, ഏ.ആര്‍.ശ്രീനിവാസന്‍ തുടങ്ങിയ ഹിന്ദുസംഘടനാ നേതാക്കള്‍ മുന്നോട്ടുവെച്ചത്.


വിശാലഹിന്ദു സമ്മേളനം ഒരു പരിപാടിയില്‍ ഒതുക്കാതെ ധാര്‍മ്മികമൂല്യങ്ങള്‍ സമൂഹത്തിലേയ്ക്ക് പകര്‍ന്നു നല്‍കി ഹിന്ദു ഏകീകരണവും ധര്‍മ്മ ജാഗരണവും യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ തീരുമാനിച്ചു. ഗുരുവായൂരില്‍ ചേര്‍ന്ന വിശാല ഹിന്ദു സമ്മേളനം കമ്മറ്റി ഇതിനായി സമൂഹത്തോട് ആഹ്വാനം ചെയ്തത് ലുബ്ധമായിപ്പോയ കര്‍ക്കടകത്തിലെ രാമായണ പാരായണം പുനരാരംഭിക്കാനും ഹിന്ദു ഏകതാവാരം ആഘോഷിക്കാനുമായിരുന്നു. ഇതിന്റെ ഭാഗമായി 1982 ജൂലായ് 25ലെ കേസരിയില്‍ പി.പരമേശ്വരന്‍ എഴുതി: ”കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിനും സാമൂഹ്യപരിഷ്‌കരണത്തിനും ശക്തിമത്തായ ഉപകരണമായിത്തീര്‍ന്ന രാമായണം ഭാരതീയ ദേശീയോദ്ഗ്രഥനത്തിന്റെ കേന്ദ്രബിന്ദു കൂടിയായിരുന്നു. വൈവിധ്യപൂര്‍ണ്ണമായ ഭാരതീയ ജീവിതത്തെ അഭേദ്യമാംവണ്ണം ഏകീകരിച്ചു നിര്‍ത്താന്‍ സഹായിച്ച ഇത്ര ബലവത്തായ ഒരു സുവര്‍ണ്ണശൃംഖല വേറെ ഉണ്ടായിട്ടില്ല.”
വിശാലഹിന്ദു സമ്മേളനം നിര്‍വ്വാഹകസമിതി ഹിന്ദു ജനതയ്ക്കു മുമ്പില്‍ വെച്ച അഭ്യര്‍ത്ഥനയില്‍ പറയുന്നത് കേരളത്തിന്റെ സാമൂഹ്യപ്രേരണയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കേണ്ടത് എന്നാണ്. അഭ്യര്‍ത്ഥനയില്‍ പറയുന്നു: ”മൂല്യക്ഷയവും ധാര്‍മ്മികാധഃപതനവും സമൂഹത്തെ ആകമാനം ഗ്രസിച്ചിരുന്ന ഈ കാലഘട്ടത്തില്‍ മൂല്യാധിഷ്ഠിതമായ ജീവിതത്തിന്റെ ഉല്‍കൃഷ്ട മാതൃകയായ രാമായണത്തിന് സവിശേഷ പ്രസക്തിയുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ കേരളമാകെ പടര്‍ന്നുപിടിച്ച സാമൂഹ്യസാംസ്‌കാരിക തകര്‍ച്ചയില്‍ നിന്നും കേരള ജനതയ്ക്ക് വിമുക്തി നേടിക്കൊടുത്ത തുഞ്ചത്താചാര്യന്റെ ആദ്ധ്യാത്മിക രാമായണം ഓരോ കേരളീയ ഭവനത്തിലും പാരായണ ഗ്രന്ഥമായി തീര്‍ന്നത് സ്വാഭാവികം മാത്രമാണ്. ആധുനിക മലയാളത്തിന്റെ ആദികാവ്യവും സാംസ്‌കാരിക കേരളത്തിന്റെ സാര സര്‍വ്വസ്വവുമായ രാമായണത്തെക്കുറിച്ചുള്ള പ്രബുദ്ധമായ ബോധം, വിലകുറഞ്ഞ പുത്തന്‍ പ്രവണതകളുടെ പ്രവാഹത്തില്‍ നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് രാമായണബോധം വളര്‍ത്തേണ്ടിയിരിക്കുന്നത്” (കേസരി, 1982 ജൂലായ് 18).
അര്‍ത്ഥശൂന്യമായ ചടങ്ങുകളായോ പുണ്യം നേടാനുള്ള പൂജാവിധിയായിട്ടോ അല്ല സാമൂഹ്യോദ്ഗ്രഥനത്തിന്റെയും യുഗാനുകൂലമായ നവോത്ഥാനത്തിന്റെയും മാധ്യമമായിട്ടാണ് രാമായണത്തെ ഇന്ന് അവതരിപ്പിക്കേണ്ടതെന്നും രാമായണം പ്രതിനിധീകരിക്കുന്ന ആ മൂല്യങ്ങളുടെ ആനുകാലിക പ്രസക്തിയാണ് രാമായണത്തിന്റെ കാതല്‍ എന്നും പ്രസ്താവനയില്‍ തുടര്‍ന്നു പറയുന്നു. എങ്ങിനെയാണ് ഇത് യഥാര്‍ത്ഥ്യമാക്കേണ്ടത് എന്നതിനുള്ള നിര്‍ദ്ദേശവും പ്രസ്താവനയില്‍ ഉണ്ട്. ”ഭക്തിനിര്‍ഭരമായ പാരായണങ്ങളിലൂടെ, ഉള്ളില്‍ തറയ്ക്കുന്ന കഥാകഥനങ്ങളിലൂടെ, അര്‍ത്ഥവത്തായ പ്രഭാഷണങ്ങളിലൂടെ, വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന സെമിനാറുകളിലൂടെ, ഹൃദയഹാരിയായ കലാവിഷ്‌കാരങ്ങളിലൂടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ക്ഷേത്രങ്ങളിലും സരസ്വതീക്ഷേത്രങ്ങളിലും തുഞ്ചത്താചാര്യന്‍ വീണ്ടും ഒരിക്കല്‍ കൂടി കേരളത്തിന്റെ ഹൃദയത്തോട് സംവദിക്കട്ടെ. രാമായണമാസം വിജയിക്കട്ടെ.”
ഈ കര്‍ക്കടകമാസത്തെ രാമായണമാസമായി പ്രഖ്യാപിച്ച കാലത്തെ ഹിന്ദുക്കളുടെ സാമൂഹ്യാവസ്ഥയെ വിലയിരുത്തിക്കൊണ്ട് കേസരിയുടെ 1982 ജൂലായ് 25ലെ മുഖപ്രസംഗത്തില്‍ പറയുന്നു: ”വിശാല ഹിന്ദു സമൂഹത്തെ ഒന്നാകെയെടുക്കുമ്പോള്‍ ഇത് ഒരു ചെറു ന്യൂനപക്ഷം മാത്രമാണെന്നു കാണാം. ബഹുഭൂരിപക്ഷം ഭവനങ്ങളിലും ഈ പഴയസമ്പ്രദായം ‘അറുപഴഞ്ച’നെന്ന പേരില്‍ തിരസ്‌കൃതമായിരിക്കുന്നു. അഥവാ അതൊക്കെ സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രാമായണവും രാമനും സീതയും ഹനുമാനുമെല്ലാം നമ്മുടെ ഭവനങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
വിശ്വാമിത്രന്റെ യാഗരക്ഷയ്ക്ക് രാമലക്ഷ്മണന്മാര്‍ പോയതിനു തുല്യമായ ഒരു അനുഭവമാണ് പിന്നീട് ഉണ്ടായത്. വിശാലഹിന്ദു സമ്മേളനത്തിന്റെ ആഹ്വാനത്തെ ഹിന്ദുസമൂഹം ഭാവാത്മക ഭാവത്തില്‍ ഉള്‍ക്കൊണ്ടു. രാമായണപാരായണത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. പുസ്തകശാലകളില്‍ രാമായണം വാങ്ങാന്‍ ആളുകള്‍ വന്നുകൊണ്ടിരുന്നു. പുസ്തകപ്രസാധകര്‍ രാമായണം അച്ചടിച്ച് വില്പന തുടങ്ങി. ക്ഷേത്രങ്ങളില്‍ രാമായണ പാരായണം ആരംഭിച്ചു. രാമായണമാസാചരണം കേരളീയ സമൂഹത്തില്‍ ചര്‍ച്ചയായി. അതോടെ ഈ യജ്ഞത്തെ അവഹേളിക്കുന്നതിന് ചില മാരീചസുബാഹുമാര്‍ ഇറങ്ങിപ്പുറപ്പെട്ടു. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ബാനറില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചു. തിരുനല്ലൂര്‍ കരുണാകരന്റെ നേതൃത്വത്തില്‍ രാമായണവിരുദ്ധ പ്രചരണം ആരംഭിച്ചു. ഫ്യൂഡലിസവും സവര്‍ണ്ണാധിപത്യവും കൊണ്ടുവരാനുള്ള നീക്കം എന്ന് അവര്‍ വ്യാഖ്യാനിച്ചു. രാമനെ സീതയെ കാട്ടിലയച്ചവനും ശംഭുകനെ വധിച്ചവനുമായി ചിത്രീകരിച്ചു. രാമായണം പിന്നാക്ക ജാതിക്കാര്‍ക്കെതിരാണെന്നു വ്യാഖ്യാനിച്ചു സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു. വിശ്വാമിത്രന്റെ യാഗം മുടക്കാന്‍ യജ്ഞ കുണ്ഡത്തില്‍ രക്തവും മാംസവും ഒഴിക്കാന്‍ സംഘടിച്ചെത്തിയ രാക്ഷസപ്പടയുടെ പകര്‍പ്പായിരുന്നു അത്.
അവിടെ യാഗരക്ഷയ്ക്ക് രാമലക്ഷ്മണന്മാരുണ്ടായിരുന്നു. ആധുനിക കാലത്തെ ഈ യാഗരക്ഷയ്ക്ക് പരമേശ്വര്‍ജിയും ഏ.ആര്‍.ശ്രീനിവാസനുമാണ് ഉണ്ടായത്. ഓരോ വിമര്‍ശനത്തിനും ഉരുളയ്ക്കുപ്പേരിപോലെ മറുപടി നല്‍കി. അവരുടെ അക്ഷര ശരങ്ങള്‍ക്കു മുമ്പില്‍ രാക്ഷസപ്പട തോറ്റോടി. ഓരോ വര്‍ഷം കഴിയും തോറും രാമായണമാസാചരണം കൂടുതല്‍ കൂടുതല്‍ വ്യാപകമായി. ആര്‍ക്കും അട്ടിമറിക്കാനോ എതിര്‍ക്കാനോ പറ്റാത്തവിധം അതു കേരളീയ സമൂഹത്തിന്റെ അവിഭാജ്യഭാഗമായി. രാമബാണം ഭയന്ന് ഓടിയ മാരീചന്‍ പിന്നെ രാമഭക്തനായ പോലെ ആദ്യം രാമായണമാസത്തെ എതിര്‍ത്തവരും വിമര്‍ശിച്ചവരും രാമായണത്തിന്റെ വ്യാഖ്യാതാക്കളാകാന്‍ തുടങ്ങി. രാമായണമാസത്തെ വിമര്‍ശിച്ചു ലേഖനമെഴുതിയ പത്രങ്ങള്‍ ഇപ്പോള്‍ രാമായണമാസത്തില്‍ 30 ദിവസവും രാമായണസാരം മുടങ്ങാതെ വായനക്കാരിലെത്തിക്കുന്നവരായി മാറി.
എന്നാല്‍ രാമായണം ഉദ്‌ബോധിപ്പിക്കുന്ന സാമൂഹ്യ നവോത്ഥാനം സമൂഹത്തില്‍ രൂപപ്പെടാതെ, രാമായണ പാരായണം പല സ്ഥലത്തും ആചാരങ്ങളിലും ചടങ്ങുകളിലും ഒതുങ്ങിപ്പോകുന്നില്ലേ എന്ന് സംശയിക്കേണ്ടതുണ്ട്. സമൂഹത്തില്‍ കാണുന്ന തിന്മകള്‍ക്ക് മൂല്യാധിഷ്ഠിതമായ ജീവിതം എന്ന ഔഷധമാണ് രാമായണത്തിനു നല്‍കാനുള്ളത്. ജാതിയുടെയും ഹിന്ദുത്വവിരോധത്തിന്റെയും പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന, ലൗജിഹാദിന്റെ രൂപത്തില്‍ പെണ്‍കുട്ടികളെ അടര്‍ത്തിയെടുക്കുന്ന സ്വര്‍ണ്ണമാനിന്റെ രൂപം ധരിച്ച മാരീചന്മാരും ഇന്ദ്രജിത്തുകളും കാലനേമിമാരും നമുക്കിടയില്‍ വിലസുന്നു. കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് രാമായണത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളണമെന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ 1982ലെ ആഹ്വാനത്തിനു ഇന്നും പ്രസക്തിയുണ്ട്. അതു തിരിച്ചറിയാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്.