തിരുവനന്തപുരം: കാര്യകര്‍ത്താവിന്റെ അഭാവത്തിലും പ്രഭാവം നിലനില്‍ക്കുന്നതാണ് യഥാര്‍ത്ഥ സംഘടനാപ്രവര്‍ത്തനമെന്ന് കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു. ഭാരതീയ അഭിഭാഷക പരിഷത് വര്‍ക്കല ശിവഗിരിയില്‍ സംഘടിപ്പിച്ച ശിബിരത്തിന്റെ രണ്ടാം ദിനം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു പ്രവര്‍ത്തകന്റെ അഭാവത്തില്‍ സംഘടന അതിന്റെ പ്രവര്‍ത്തന മേഖലയില്‍ സമൂഹത്തിന് നേതൃത്വം നല്കുന്ന വിധം പ്രഭാവശാലിയായി വര്‍ത്തിക്കുന്നുവെങ്കില്‍ അത് പ്രവര്‍ത്തകന്റെ മഹത്ത്വം വെളിപ്പെടുത്തുന്നു .സംഘടനയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടു നേതൃത്വം വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തകനു മാത്രമേ ഇത്തരത്തില്‍ മഹത്ത്വം കൈവരിക്കാനാവൂ, അദ്ദേഹം പറഞ്ഞു. മഹനീയ ആദര്‍ശത്താല്‍ ഒരിക്കല്‍ ഹൃദയത്തില്‍ കൊളുത്തപ്പെട്ട തീ ഒരിക്കലും അണയില്ലെന്നും അതില്‍ നിന്നും അടുത്ത വിളക്കുകള്‍ കൊളുത്തുകയാണ് സംഘടനാ പ്രവര്‍ത്തകന്റെ ചുമതലയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അര്‍പ്പണ മനോഭാവമുള്ള പ്രവര്‍ത്തകഗണം ഉണ്ടാക്കിയെടുക്കുന്നവനാണ് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകന്‍. ബാഹ്യ സമ്മര്‍ദ്ദത്താലല്ലാതെ സ്വയം പ്രേരിതമായി പ്രവര്‍ത്തിക്കാനാകണം. താത്കാലിക ലക്ഷ്യങ്ങള്‍ക്ക് പകരം ആത്യന്തിക ലക്ഷ്യം നിര്‍ണയിച്ചു പ്രവര്‍ത്തിക്കണം. ആന്തരിക മൂല്യമുള്ള ഉത്തമ പ്രവര്‍ത്തകന്‍ സ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്കാതെ സഹനസന്നദ്ധനായി ചുമതലകള്‍ നിര്‍വഹിക്കും. ജയപരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. പ്രവര്‍ത്തനത്തില്‍ നിരാശ ഉളവാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തത്വശാസ്ത്രങ്ങളില്‍ നിന്ന് ആത്മവിശ്വാസം ആര്‍ജിക്കണം. വിവേചനമില്ലാതെ സോദ്ദേശസൗഹൃദം കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തകന് സംഘടനയിലേക്ക് പുതിയ ആളുകളെ ആകര്‍ഷിക്കാനാവുമെന്നും പ്രവര്‍ത്തനമെന്ന പാലാഴിമഥനത്തില്‍ ആവിര്‍ഭവിക്കുന്നതെന്തും സ്വാംശീകരിക്കാനുള്ള ആര്‍ജ്ജവം നേടണമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാചര്‍ച്ചയ്‌ക്ക് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ആര്‍. രാജേന്ദ്രന്‍, അഡ്വ. കെ. പളനികുമാര്‍, അഡ്വ. എം. രാജേന്ദ്രകുമാര്‍, അഡ്വ. എം.എസ്. കിരണ്‍, പി. രാജേഷ്, അഡ്വ. എന്‍.പി. ശിഖ എന്നിവര്‍ നേതൃത്വം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് സമാപന സന്ദേശം നല്കി.