പുരുഷാര്‍ത്ഥങ്ങള്‍
ടി കെ ഡി മുഴപ്പിലങ്ങാട്
ഡി സി ബുക്‌സ്
പേജ്: 400 വില: 460 രൂപ
ഫോണ്‍: 7290092216
ടികെഡി മുഴപ്പിലങ്ങാടിന്റെ പുതിയ പുസ്തകമായ പുരുഷാര്‍ത്ഥങ്ങള്‍ സനാതന ധര്‍മ്മത്തിലെ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ ചതുഷ്ടയത്തെ കുറിച്ചുള്ള ഒരു സമഗ്ര പഠനമാണ്. ഭാരതീയ ദാര്‍ശനികരായ ഋഷീശ്വരന്മാര്‍ ഈ ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ച ജീവിതതത്ത്വശാസ്ത്രമായ പുരുഷാര്‍ത്ഥത്തിന്റെ പ്രായോഗിക ക്ഷമത പുതിയകാല ജീവിത പശ്ചാത്തലത്തില്‍ വിശദീകരിക്കാനാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. നിത്യജീവിതത്തില്‍ മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഭാരതീയ വേദേതിഹാസങ്ങളിലും ഉപനിഷത് സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുള്ള പുരുഷാര്‍ത്ഥ സങ്കല്പ്പങ്ങള്‍ക്ക് സാധിക്കുന്നതാണ്. ഒരുപക്ഷെ മലയാളത്തില്‍ ആദ്യമായിട്ടാകാം പുരുഷാര്‍ത്ഥത്തെ കുറിച്ചുള്ള സമഗ്രമായ ഒരു പഠനം പുസ്തകരൂപത്തില്‍ പുറത്തുവരുന്നത്.
സനാതന ധര്‍മ്മത്തിന്റെ സൂര്യകാന്തി ശോഭയോടെ പുരുഷാര്‍ത്ഥ സങ്കല്പ്പങ്ങളെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിച്ചതില്‍, കമ്യൂണിസം കൊണ്ട് ഇരുളടഞ്ഞു പോയ പാര്‍ട്ടിഗ്രാമങ്ങളുടെ അരിക് പറ്റി വളര്‍ന്ന ഭൂതകാലത്തിന്റെ ഉടമയായ ടികെഡി മുഴപ്പിലങ്ങാട് എന്ന എഴുത്തുകാരന്‍ പ്രശംസ അര്‍ഹിക്കുന്നു.
ധര്‍മ്മം, അര്‍ത്ഥം, കാമം മോക്ഷം എന്നിങ്ങനെ നാലു ഭാഗങ്ങളായാണ് ഈ പുസ്തകം വിഭജിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട് അത്യപൂര്‍വങ്ങളായ വിശകലനങ്ങളാണ് ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്നത്. ധര്‍മ്മ വിഭാഗത്തില്‍ ധാര്‍മ്മികജീവിതത്തിലെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. സാധാരണ ജീവിതത്തിലും സന്ന്യാസ ജീവിതത്തിലും ധാര്‍മ്മിക ചിന്ത ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആദ്ധ്യാത്മികവും ലൗകികവുമായ വിവിധ മണ്ഡലങ്ങളെ ധര്‍മ്മ ചിന്തകള്‍ സ്വാധീനിക്കുന്നതാണ്.
അര്‍ത്ഥം എന്ന രണ്ടാമത്തെ വിഭാഗത്തില്‍ ആധുനിക ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒത്തിരി പുരുഷാര്‍ത്ഥ സൂചകങ്ങളെ ആദ്ധ്യാത്മിക പശ്ചാത്തലത്തില്‍ പഠനവിഷയമാക്കുന്നു. ഇതില്‍ ഭാരതത്തിലെ അതിപുരാതന സാമ്പത്തിക ബന്ധങ്ങളെ കുറിച്ചും, ചരിത്രകാലഘട്ടങ്ങളില്‍ അവ മനുഷ്യ ജീവിതത്തെ സ്വാധീനിച്ച രീതികളെ കുറിച്ചും വ്യക്തമാക്കുന്നു. പുരാണേതിഹാസങ്ങളിലെ സാമ്പത്തിക ബന്ധങ്ങളെ കുറിച്ചും ദാനകര്‍മ്മങ്ങളിലെ സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ചും പഠനം പരാമര്‍ശിക്കുന്നു.
പുരുഷാര്‍ത്ഥത്തിലെ മൂന്നാമത്തേതായ കാമമാണ് മൂന്നാം ഭാഗത്തില്‍ പഠനവിഷയമാക്കിയിരിക്കുന്നത്. ധര്‍മ്മവും അര്‍ത്ഥവും ജീവിതത്തിന്റെ വിശുദ്ധിയെയും സഫല സാഹചര്യങ്ങളെയും വിശദമാക്കുമ്പോള്‍, കാമം ജീവിതത്തിന്റെ സുഖ സംതൃപ്താനുഭവങ്ങളെയും വിശദീകരിക്കാനും അതിനുള്ള പ്രായോഗികവും, സദാചാരപരവുമായ പാഠങ്ങള്‍ നല്‍കാനും ശ്രമിക്കുന്നു. വിഹിതവും അവിഹിതവുമായ കാമത്തിന്റെ സ്വാധീനത്തെ കുറിച്ച് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.
പുരുഷാര്‍ത്ഥങ്ങളില്‍ ധര്‍മ്മവും അര്‍ത്ഥവും കാമവും മോക്ഷവും മനുഷ്യജീവിതത്തെ സുഖകരമാക്കാനുള്ള ഭാരതീയ ചിന്താപദ്ധതികളാണ്. ഇതില്‍ കാമമാകട്ടെ ധര്‍മ്മത്തെയും അര്‍ത്ഥത്തെയും ആശ്രയിച്ചിരിക്കുന്നു. ധാര്‍മ്മികമായ കാമം ജീവിതത്തെ കുറെക്കൂടി സുന്ദരവും സുഖപ്രദവുമാക്കുന്നു. സത്യവും ശിവവും സുന്ദരവുമാക്കുന്നു.
മോഹക്ഷയം മോക്ഷം എന്നാണ് പറയാറ്. മോഹങ്ങളെല്ലാം നശിക്കുന്ന അവസാനത്തെ അവസ്ഥയായ മോക്ഷത്തെ കുറിച്ചാണ് ഗ്രന്ഥകാരന്‍ മോക്ഷമെന്ന അവസാന ഭാഗത്ത് വിശദീകരിക്കുന്നത്. മോക്ഷത്തെ കുറിച്ചുള്ള ചിന്ത മരണത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ് വന്നു നില്‍ക്കുക. മരണം തന്നെയാണ് മോക്ഷം എന്നതാണ് ചാര്‍വ്വാക മതം വ്യക്തമാക്കുന്നത്. മരണത്തിനപ്പുറം വല്ലതുമുണ്ടോ എന്ന അന്വേഷണത്തില്‍ വ്യക്തമാകുന്നത് ഭാരതീയ പുനര്‍ജന്മ സങ്കല്പ്പമാണ്. മരണത്തിനപ്പുറമുള്ള ഒരു ജീവിതത്തെ കുറിച്ചാണ് മനുഷ്യ ജീവിതത്തിന്റെ പൂര്‍ണ മോക്ഷ ചിന്ത വന്നു നില്‍ക്കുന്നത്. ജനനമരണങ്ങളില്‍ നിന്നുള്ള വിമുക്തിയാണ് മോക്ഷം എന്നു കഠോപനിഷത്തും, മരണാവസ്ഥ അമരത്വമാണെന്ന് ഛാന്ദോഗ്യോപനിഷത്തും വ്യക്തമാക്കുന്നത് ഗ്രന്ഥകാരന്‍ തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നു. പുരുഷാര്‍ത്ഥങ്ങളുടെ പരിസമാപ്തിയായാണ് ഭാരതീയര്‍ മോക്ഷത്തെ കാണുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്ത സാധ്യതകള്‍ വിശകലനം ചെയ്യപ്പെടുന്ന ആധുനികകാലത്ത്, അര്‍ത്ഥശാസ്ത്രത്തിലും, ആയുര്‍വേദത്തിലും, ഒപ്പം ആധുനിക ശാസ്ത്ര മേഖലകളിലും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സനാതന ധര്‍മ്മ ചിന്തകള്‍ക്ക് നല്ലൊരു ഉദാഹരണമാണ് പുരുഷാര്‍ത്ഥങ്ങള്‍. ധര്‍മ്മവും അര്‍ത്ഥവും കാമവും മോക്ഷവുമടങ്ങുന്ന പുരുഷാര്‍ത്ഥങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര പഠനം ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ അമൃതകാലത്ത് ഏറെ പ്രസക്തമാകുന്നു. ഇത്തരം ഒരു പഠനം രചിച്ച ഗ്രന്ഥകാരനും പ്രസാധകരും അഭിനന്ദനമര്‍ഹിക്കുന്നു.