ഇസ്ലാം വിരുദ്ധം, മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നത് എന്നൊക്കെ ബഹളം വെച്ചാല്‍ കോടതി വരെ തങ്ങള്‍ക്കൊപ്പം നില്ക്കും എന്ന് ഇനിയുള്ളകാലം കരുതേണ്ട. കാശ്മീര്‍ ഫയല്‍സ്, കേരളാ സ്റ്റോറി എന്നീ സിനിമകള്‍ നിരോധിക്കണം എന്നു ബഹളം വെച്ചപ്പോള്‍ കോടതി എന്തു നടപടി സ്വീകരിച്ചു എന്നു നാം കണ്ടതാണ്. ഇയ്യിടെ അനുകപൂര്‍ നായകനായ ‘ഹമാരേ ബാരഹ്’ എന്ന സിനിമയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. കോടതിയിലേക്ക് കുറെ പരാതികള്‍ അയച്ചാല്‍ കോടതി വിരണ്ടുപോകും എന്നു കരുതിയവര്‍ക്ക് തെറ്റി. ബോംബെ ഹൈക്കോടതി ജഡ്ജിമാരായ ബി.പി. കൊളാബവാലയും ഫിര്‍ദോസ് പൂനി വാലയും ഉള്‍പ്പെടുന്ന ബഞ്ച് സിനിമ കാണുകയും അതില്‍ ഇസ്ലാമിനോ ഖുറാനോ എതിരായി ഒന്നുമില്ല എന്നു വ്യക്തമാക്കുകയും ചെയ്തു സ്ത്രീകളുടെ ഉന്നമനമാണ് ഈ സിനിമയുടെ സന്ദേശം എന്നു കുറിക്കുകയുമുണ്ടായി. സിനിമ നിരോധിച്ചു കാണാന്‍ കൊതിച്ചവര്‍ക്ക് കോടതിയില്‍ നിന്നു കിട്ടിയ സമ്മാനം അവര്‍ മരിച്ചാലും മറന്നു പോകില്ല.
പരാതിക്കാര്‍ക്ക് മുഖം രക്ഷിക്കാന്‍ പാകത്തിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ കോടതി വിധിയിലുണ്ട്. സാമുദായിക സ്പര്‍ദ്ധക്കുള്ള ദുരുദ്ദേശ്യം സിനിമക്കില്ലെന്ന് സിനിമ ആരംഭിക്കുന്നതിന് മുമ്പ് അറിയിപ്പായി നല്‍കണം എന്നതാണ് ഇതില്‍ ഒന്ന്. ചില സംഭാഷണ ശകലങ്ങള്‍ നീക്കിക്കളയാനും കോടതി നിര്‍ദ്ദേശിച്ചു. സിനിമോട്ടോഗ്രഫി ചട്ടത്തിന് വിരുദ്ധമായി സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത ഭാഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തി എന്നതിന് പിഴയടക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇതെല്ലാം സ്വീകരിക്കാന്‍ സിനിമയുടെ നിര്‍മ്മാതാവും മറ്റും സമ്മതിച്ചതോടെ സിനിമാ പ്രദര്‍ശനത്തില്‍ തടസ്സമില്ല എന്നു കോടതിയും പറഞ്ഞു. ഖുറാനെ തെറ്റായി വ്യാഖ്യാനിക്കുന്ന മൗലവിയെ തുറന്നുകാട്ടുന്നതാണ് സിനിമ എന്നും ജഡ്ജിമാര്‍ പറഞ്ഞു. മുസ്ലിം സ്ത്രീയുടെ മാന്യത ഉയര്‍ത്തിപ്പിടിക്കുന്ന ഈ സിനിമ മുത്തലാഖ് നിയമം പാസ്സായതിനു ശേഷം വന്നതാണ് എന്ന കാര്യം മറക്കരുത്. ഇസ്ലാമിക മൗലികത തളംകെട്ടി നില്ക്കുന്ന സമൂഹത്തില്‍ പരിഷ്‌കരണത്തിന്റെ വെളിച്ചം പരക്കുന്നതിന്റെ സൂചനയാണിവയൊക്കെ.