ചെറിയ കാര്യങ്ങളുടെ തമ്പുരാനോ തമ്പുരാട്ടിയോ ആരായാലും ശരി ഗോതമ്പ് ഉണ്ടയും തിന്ന് കൊതുകുകടിയുമേറ്റ് തിഹാര്‍ജയിലില്‍ കിടക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. എഴുത്തുകാരി അരുന്ധതിറോയിക്ക് ഇതു നന്നായി അറിയാം. പറഞ്ഞിട്ട് എന്തുകാര്യം? വാവിട്ട വാക്കും കൈവിട്ട കല്ലും പിടിച്ചാല്‍ കിട്ടില്ലല്ലോ. ഭാരതത്തെ തുണ്ടം തുണ്ടമാക്കലാണ് നല്ലത് എന്ന് പതിമൂന്നു കൊല്ലം മുമ്പ് പറഞ്ഞത് ബൂമറാങ്ങ് പോലെ തിരിച്ചു വരികയാണ്. അല്‍ ജസീറക്കാരന്റെ ചാനല്‍ ചര്‍ച്ചയിലിരുന്നു വലിയ വായില്‍ പ്രസംഗിച്ചപ്പോഴും ആസാദിയേ ഒറ്റ മാര്‍ഗ്ഗമുള്ളു എന്ന് സെമിനാറില്‍ ഷൈന്‍ ചെയ്തു കാച്ചിവിട്ടതും ഇതാ യു.എ.പി.എയായി തിരിച്ചുവരുന്നു. ദല്‍ഹി ലഫ് ഗവര്‍ണര്‍ സക്‌സേന അരുന്ധതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നു. ചുരുങ്ങിയത് മൂന്ന് വര്‍ഷം ജയിലില്‍ കിടക്കേണ്ട കുറ്റമാണ്. സാഹിത്യകാരി, ആക്ടിവിസ്റ്റ് തുടങ്ങിയ ഒരു രക്ഷാകവചത്തിനും രക്ഷിക്കാനാവില്ല. കെണിയില്‍ ചാടിച്ചവരും കീശ വീര്‍പ്പിച്ച് സുഖിപ്പിച്ചവരും അന്താരാഷ്ട്ര എന്‍.ജി.ഒ അച്ചുതണ്ടും എന്തു ബഹളം വെച്ചിട്ടും രക്ഷയില്ല.
2010 ഒക്ടോബര്‍ 22 ന് കമ്മറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് എന്ന രാജ്യാന്തരബന്ധമുള്ള സംഘടന ദല്‍ഹിയില്‍ സംഘടിപ്പിച്ച ‘ആസാദി ദി ഓണ്‍ലിവേ’ എന്ന സെമിനാറിലാണ് അരുന്ധതി രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്ന പ്രസംഗം നടത്തിയത്. കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ല, ഭാരതസൈന്യം ആ പ്രദേശം കയ്യടക്കി വെച്ചിരിക്കയാണ്, കാശ്മീരിനെ ഭാരതത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധ്യമായതൊക്കെ ചെയ്യണം എന്നൊക്കെയായിരുന്നു അരുന്ധതിയുടെ സൂക്തങ്ങള്‍. കാശ്മീരില്‍ സൈന്യം മുസ്ലിങ്ങളെ കൊന്നൊടുക്കുകയാണ് എന്നു പറഞ്ഞ ശേഷം അതിന്റെ കണക്കും എണ്ണിപ്പറഞ്ഞു. എഴുപതിനായിരം പേരെ കൊന്നു, ഒരു ലക്ഷം പേരെ കടുത്ത പീഡനത്തിനിരയാക്കി എന്ന കണക്കുകൂടി കേട്ടപ്പോള്‍ സദസ്സ് ഒന്നടങ്കം കയ്യടിച്ചു. ‘ഭാരതം തകര്‍ന്ന റിപ്പബ്ലിക്കാണ്’ എന്ന് സമര്‍ത്ഥിക്കാന്‍ ‘ദി ബ്രോക്കണ്‍ റിപ്പബ്ലിക്ക്’ എന്ന പുസ്തകവും എഴുതി ഇസ്ലാമിസ്റ്റുകളുടെ ഹീറോ ആയി എഴുത്തുകാരി. എന്നാല്‍ 2010 ലെ കോണ്‍ഗ്രസ് ഭരണം മാറി. മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി. കാലാവസ്ഥ അത്ര ശരിയാകുന്നില്ല എന്ന് അരുന്ധതിക്ക് ബോധ്യമാകാന്‍ തുടങ്ങി. അതിനിടക്കാണ് സുപ്രീം കോടതിയെ ഒന്ന് തോണ്ടിയതിന് ഒരു ദിവസത്തെ ജയില്‍ ശിക്ഷയും 2500രൂപ പിഴയും കിട്ടിയത്. കോടതിക്കു പുറത്തു പ്രതിഷേധ നാടകം കളിച്ചതിനാണ് ഈ ശിക്ഷ കിട്ടിയത്. പിന്നെ അരുന്ധതി കോടതിക്കെതിരെ വായ തുറന്നിട്ടില്ല. ഏതെങ്കിലും അറബ് രാജ്യത്തോ ചൈനയിലോ ഇതുപോലൊരു രാജ്യദ്രോഹ പ്രസംഗം നടത്തിയാല്‍ പിന്നെ സൂര്യപ്രകാശം കാണില്ല. ഭാരതത്തില്‍ എന്തും നടക്കും എന്നായിരുന്നു ഇവരുടെ ധാരണ. കാലം മാറി. ഭരണം മാറി. ഗോതമ്പ് ഉണ്ട തിന്നേണ്ട ഗതികേടിലായ എഴുത്തുകാരി ഒരക്ഷരം പ്രതികരിച്ചിട്ടില്ല. അരുന്ധതി പിടിച്ച പുലിവാല് കണ്ട് നാട്ടുകാര്‍ ചിരിക്കുകയാണ്.