ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായിരുന്ന ടി.കെ. കൃഷ്ണമേനോന്റെ പത്‌നി ടി.സി. കല്ല്യാണിയമ്മയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായ ഒരു പ്രഭാഷണം എറണാകുളത്ത് സ്ത്രീ സമാജത്തില്‍ ചട്ടമ്പി സ്വാമി നടത്തിയത് ഇത്പിന്നീട് ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധമായി. ”സ്ത്രീ ത്രൈലോകനായികയും സര്‍വതന്ത്രസ്വതന്ത്രയുമാണ്” എന്ന് പ്രഖ്യാപിക്കുക വഴി, മാര്‍ക്കണ്ഡേയപുരാണത്തിന്റെ ഭാഗമായ ‘ദേവീമാഹാത്മ്യ’ത്തിലെ ‘യാ ദേവി സര്‍വഭൂതേഷു’ തുടങ്ങിയ മഹത്തായ വരികളുടെ ആനുഭാവികവും പ്രായോഗിക ജീവിതസംബന്ധിയുമായ ദാര്‍ശനിക വിവക്ഷകള്‍ വിശദമാക്കുകയാണ് സ്വാമികള്‍. ഫെമിനിസം ഭാരതത്തില്‍ ഒരു ചിന്താപദ്ധതിയായി രൂപം കൊള്ളുന്നതിന് എത്രയോ മുമ്പാണ് സ്വാമികളുടെ ഈ മഹോന്നത കൃതി രൂപംകൊണ്ടത് എന്നോര്‍ക്കണം. സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷന്റെ ഔദാര്യമല്ലെന്നും പ്രകൃത്യാ സ്ത്രീസര്‍വതന്ത്ര സ്വതന്ത്രയും ശക്തിസ്വരൂപിണിയുമാണെന്നും സ്വാമികള്‍ സ്പഷ്ടമാക്കുന്നു. എന്നാല്‍ സ്വാമികളുടെ സ്ത്രീ സ്വാതന്ത്ര്യസങ്കല്‍പം പുരുഷനില്‍ നിന്നും സര്‍വസ്വതന്ത്രയാവാനുള്ള സ്വച്ഛന്ദതയോ അരാജക-പുരുഷനിരാകരണവാദത്തിലധിഷ്ഠിതമോ അല്ല. അത് പുരുഷനെയും സ്വതന്ത്രനും ശക്തിമാനുമാക്കി മാറ്റുന്ന ആത്മസംസ്‌കരണത്തിന്റെ മഹത്തായ ആത്മീയപാതയാണ്. അര്‍ധനാരീശ്വരസങ്കല്‍പ്പം, ശിവശക്തിപ്രതിഭാസം, വിശ്വമാതാരാധന തുടങ്ങിയ പ്രകൃഷ്ടങ്ങളായ ഭാരതീയ ആത്മീയദര്‍ശനം കടഞ്ഞെടുത്ത മഹാമനനത്തോടൊപ്പം നവയുഗചേതന സമന്വയിച്ച മഹത് വെളിപാടുകളാണ് ഈ കൃതി ഉള്‍വഹിക്കുന്നത്.
അദ്വൈതചിന്താപദ്ധതി:
ദര്‍ശനത്തിന് മാനുഷികഭാവം പകര്‍ന്ന സമാനതകളില്ലാത്ത സ്വാമികളുടെ വിഖ്യാതഗ്രന്ഥമാണിത്. എന്നാല്‍ സാമവേദത്തില്‍ ഉള്‍പ്പെട്ട ഛാന്ദോഗ്യോപനിഷത്തിലെ ആറാം അധ്യായത്തിലെ ‘തത്ത്വമസി’ എന്ന വാക്യത്തിന് വര്‍ണ-ദേശ-ജീവ-ഭാഷാ-മത-ജാതി തുടങ്ങിയ ഭേദങ്ങള്‍ക്കതീതമായ നവീനമായ അര്‍ത്ഥ വ്യാഖ്യാനമാണ് സ്വാമികള്‍ നല്‍കുന്നത്. അദ്വൈത ചിന്തക്ക് ശങ്കരാചാര്യര്‍ നല്‍കിയ വ്യാഖ്യാനത്തെ അംഗീകരിച്ചുകൊണ്ടുതന്നെ ആചാര്യരുടെ ‘അപശൂദ്രാധികാരണ’ത്തെ (ശൂദ്രന് വേദപഠനത്തിന് അധികാരമില്ലെന്ന് സ്ഥാപിക്കല്‍) എതിര്‍ത്ത്, സ്വാമികള്‍ വേദാധികാര നിരൂപണം രചിക്കുകയുണ്ടായി. ഇത് മുമ്പ് പരാമര്‍ശിച്ചുകഴിഞ്ഞു. സ്ത്രീക്ക് മാത്രമല്ല, അബ്രാഹ്‌മണര്‍ക്കും സ്ത്രീകള്‍ക്ക് മൊത്തത്തിലും വേദപഠനം വിലക്കിക്കൊണ്ടുള്ള വേദാന്തങ്ങളിലെയും സ്മൃതി-സൂത്ര-സംഹിതകളിലെയും ശാസനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സ്വാമികള്‍ ‘വേദാധികാരനിരൂപണം’ രചിച്ചപ്പോള്‍, അത് വായിച്ചശേഷം ശ്രീനാരായണ ഗുരുവിന്റെ പ്രധാനശിഷ്യനായ നടരാജഗുരു, ആ ഗ്രന്ഥം ‘രചിക്കപ്പെട്ട കടലാസിനു തീപിടിച്ചില്ലേ’ എന്നു പറഞ്ഞതില്‍ പ്രസ്തുത കൃതിയുടെ പ്രമേയത്തിന്റെ അക്ഷരാഗ്നിജ്വാല വ്യക്തമാക്കപ്പെടുന്നു. പൂര്‍വ്വപക്ഷം (thesis), പ്രതിപക്ഷം (antithesis), സിദ്ധാന്തപക്ഷം (synthesis) എന്നീ തര്‍ക്കശാസ്ത്രത്തിലെ അഥവാ തത്വചിന്തയിലെ (ഭാരതീയ വിഭാഷ്യം-ദര്‍ശനം) അടിസ്ഥാന മാതൃകകള്‍ അസൂയാവഹമായ വാഗ്മിതയോടെയും അഭിജ്ഞാനത്തോടെയുമാണ് വാഗ്‌വൈസ്രവണനായ സ്വാമികള്‍ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. അങ്ങനെ പ്രപഞ്ചസാരസര്‍വസ്വത്തെ പരികല്‍പ്പന ചെയ്യുന്ന ദര്‍ശനത്തെ അതിന്റെ സങ്കുചിതവിഭാഷ്യങ്ങളുടെ കൃത്രിമ മതിലുകള്‍ പൊളിച്ചടുക്കി സര്‍വചരാചരങ്ങളിലേക്കും യുക്തിസഹമായി പ്രത്യാനയിക്കുകയാണ് സ്വാമികള്‍ ചെയ്തത്.
അദ്വൈത ചിന്താപദ്ധതിയിലെ നിഗൂഢമായ (ഗഹനതയാല്‍ തെറ്റിദ്ധരിക്കപ്പെടുന്ന) ബ്രഹ്‌മം, അഹം, അസി, തത്, സത്, ചിത്, ആനന്ദം, ആത്മാവ്, ജീവന്‍, മായ, മിഥ്യ, അധ്യാസം, ‘സര്‍വം ഹ്യേതത് ബ്രഹ്‌മ’ (ഇതെല്ലാം ബ്രഹ്‌മം തന്നെ), അയമാത്മാബ്രഹ്‌മ’ തുടങ്ങിയ ആശയങ്ങളെ അവഗാഹമായി വിശകലനം ചെയ്ത് സ്വാമികള്‍ പറയുന്നു:
”തത്പദത്തിന്റെ വാച്യാര്‍ത്ഥം ഈശ്വരനെന്നും ‘ത്വം’ പദത്തിന്റെ വാച്യാര്‍ത്ഥം ജീവനെന്നും ആകുന്നു. സര്‍വജ്ഞനായ ഈശ്വരനും, കിഞ്ചിജ്ഞനായ ജീവനും ഒന്നു തന്നെയാണെന്ന് പറയുന്നത് യുക്തിയുക്തമല്ല. അതിനാല്‍ ജഹദജഹല്ലക്ഷണകൊണ്ട് തത്, ത്വം, പദങ്ങളുടെ വാച്യാര്‍ത്ഥമായ ഈശ്വരനേയും ജീവനേയും തള്ളി ലക്ഷ്യാര്‍ത്ഥമായ കൂടസ്ഥചൈതന്യത്തേയും ബ്രഹ്‌മത്തേയും ഗ്രഹിക്കണം. അങ്ങനെയായാല്‍ അവ രണ്ടും ഒരേ ചൈതന്യമാണെന്നുള്ള അസി പദാര്‍ത്ഥം സമഞ്ജസം തന്നെ.”
ഈയൊരൊറ്റ ഖണ്ഡികയില്‍ തന്നെ അദ്വൈതചിന്തയുടെ മേഘാവൃതമായ ചക്രവാളത്തിന്റെ ചില തലങ്ങളില്‍ അത്ഭുതകരമായ ദര്‍ശനത്തിന്റെ അരുണപ്രഭചൊരിഞ്ഞ് അദ്വൈതത്തിന്റെ അന്തരാര്‍ത്ഥം സ്വാമികള്‍ വെളിപ്പെടുത്തി തരുന്നു. അതായത് പലരും വ്യാഖ്യാനിക്കുന്നതുപോലെ, ബ്രഹ്‌മവും ജീവനും, അഥവാ ബ്രഹ്‌മവും പ്രപഞ്ചപ്രതിഭാസവും തമ്മിലുള്ള ബന്ധം സമമല്ല. ‘നീയും’ ‘ഞാനും’ ‘നമ്മളും’ പ്രപഞ്ചവും ബ്രഹ്‌മമാണെന്നു പറയുമ്പോള്‍ അതിന്റെ വാച്യാര്‍ത്ഥം ഭേദിച്ച് ലക്ഷ്യാര്‍ത്ഥത്തിലേക്ക് പോവണം. അവിടെ ദ്വൈതത്തില്‍, ആനുഭാവികമായതെല്ലാം അപ്രസക്തമാവുകയും ദ്വൈതം ഇല്ലാതായി ബ്രഹ്‌മം മാത്രം അവശേഷിക്കുകയും ചെയ്യും. ഇങ്ങനെയാണ് അദ്വൈതചിന്തയുടെ സങ്കീര്‍ണതയുടെ കുരുക്കഴിച്ച് സ്വാമികള്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നമുക്ക് അനുഭവവേദ്യമാക്കിതരുന്നത്.
ക്രിസ്തുമതച്ഛേദനം
മതത്തിനുമേലുള്ള ദുരധികാരത്തിനെതിരായ രചന. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ ക്രിസ്തുമത പുരോഹിതര്‍ക്ക് നല്‍കിയ ചില ദുരധികാരങ്ങളെ – ഹിന്ദുമതവിഭാഗങ്ങളെ പ്രലോഭനങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍, ബലപ്രയോഗങ്ങള്‍ എന്നിവയിലൂടെ ക്രിസ്തുമതത്തിലേക്ക് മതംമാറ്റം ചെയ്യുന്നതിനെ – ബലിഷ്ഠമായി എതിര്‍ക്കുന്ന സ്വാമികളുടെ സവിശേഷഗ്രന്ഥമാണിത്. പലരും ഇതിനെ കണ്ടില്ലെന്ന് നടിച്ചപ്പോള്‍ സ്വാമികള്‍ ധീരമായി ക്രൈസ്തവരുടെ ഈദൃശകര്‍മ്മങ്ങളെ അതിരൂക്ഷമായി എതിര്‍ത്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ ദര്‍ശനങ്ങളുടെ അന്തഃസത്തക്കെതിരാണെന്ന് സ്വാമികള്‍ വ്യക്തമാക്കി. അതോടൊപ്പം തന്നെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിത – സമ്മര്‍ദ-മത-പരിവര്‍ത്തനത്തിനു ഹിന്ദുക്കള്‍ വിധേയരാവുന്നതില്‍ സവര്‍ണ ഹിന്ദുക്കള്‍ കാരണക്കാരായിരുന്നെന്നും സ്വാമികള്‍ വിലയിരുത്തുന്നു. വിശ്വാസം ഹൃദയത്തില്‍ അലിഞ്ഞുചേരുന്നതാവണമെന്ന് സ്വാമികള്‍ അടിവരയിട്ടു പ്രഖ്യാപിക്കുന്നു.
സ്ഥലനാമത്തെക്കുറിച്ചുള്ള ഗ്രന്ഥം
ഒരു ആധുനികചരിത്ര ഗവേഷകന്റെ ഗവേഷണരീതിശാസ്ത്ര പാടവത്തോടെ വിശേഷിച്ചും കേരളദേശത്ത് വിദേശീയരുടെ ആഗമനത്തോടെ രൂപം കൊണ്ട ചില സ്ഥലനാമപരിവര്‍ത്തനങ്ങളെക്കുറിച്ചും അധികാരഘടനയെക്കുറിച്ചും വിശദീകരിക്കുന്ന കൃതിയാണിത്.
നിജാനന്ദവിലാസം (തര്‍ജ്ജമ)
സൂക്ഷ്മ സ്ഥൂലപ്രപഞ്ചരഹസ്യങ്ങളിലേക്ക് ഒരു ഗുരു-ശിഷ്യ സംഭാഷണത്തിലൂടെ നടത്തുന്ന ഗഹനമായ ഒരു ആത്മീയാന്വേഷണത്തിന്റെ സരളമായ ആവിഷ്‌കാരമാണ് ഈ കൃതി. സുഷുപ്തി, ജാഗ്രദാവസ്ഥ, സ്വപ്നം, മായ, കര്‍മ്മവാസന, അഹങ്കാരം, പ്രതിബിംബിതജീവജ്ഞാനം, കൂടസ്ഥചൈതന്യം തുടങ്ങിയ പ്രതിഭാസങ്ങളെ ദാര്‍ശനികജ്ഞാനത്തോടെ സയുക്തികവും സുതാര്യവുമായി വിശദമാക്കുന്ന ഗ്രന്ഥമാണിത്. ‘സ്ഥൂല ശരീരത്തെ ഞാനെന്നഭിമാനിച്ച അവസ്ഥ വിട്ട് സ്വപ്‌നാവസ്ഥയെ പ്രവേശിക്കയാല്‍ മനോമാത്രത്താല്‍ കല്പിക്കപ്പെട്ട ഞാന്‍ എന്ന ബിന്ദുവില്‍ വാസനയാല്‍ തോന്നിയ ശരീരം കാണപ്പെട്ട്, അതിനെത്തന്നെ ഞാനെന്ന് അനുഭവിച്ച്, അനന്തരം ആ അവസ്ഥ വിട്ട് സുഷുപ്തിയില്‍ പ്രവേശിച്ച് അവിടെ ഇന്ദ്രിയവാസന, മനോവാസന ഈ രണ്ടും അഹങ്കാരമാകുന്ന ബിന്ദുവില്‍ നിന്ന് വേര്‍പെട്ടതിനാല്‍ സ്ഥൂലസൂക്ഷ്മക്കുറിപ്പാകുന്ന വിശേഷാഭാവവും കാരണ സംബന്ധാഭാവവും നിമിത്തം അവിദ്യാന്ധകാരണത്താല്‍ വിഴുങ്ങപ്പെട്ട് ക്ഷണമാത്രത്തില്‍ അതും ലയിച്ച് ഇന്ധനമില്ലാത്ത അഗ്നികണംപോലെ അഹങ്കാരപ്രതിബിംബിത ജീവജ്ഞാനവും തനത് ബിംബമായി കൂടസ്ഥചൈതന്യത്തില്‍ അത് മാത്രമായടങ്ങിയിരുന്ന്, അനന്തരം, കര്‍മ്മവാസനാവശത്താല്‍ നിരാകാരമായ വൃത്തി ഉദിച്ച് അതില്‍ കൂടസ്ഥന്‍ ജീവരൂപപ്രതിബിംബമായി തോന്നി, ആ വൃത്തിയില്‍ പ്രതിബിംബപ്രകാശത്താല്‍ ആ അഹങ്കാരമെന്ന ബിന്ദു പൂര്‍വ്വംപോലെ അഹം എന്നു പ്രതിഫലിച്ച്, ആ അഹങ്കാരവൃത്തിയില്‍ നിരാകാരവൃത്തിയിങ്കല്‍ മുന്‍പ്രതിബിംബിച്ച ചൈതന്യം തന്നെ പ്രതിബിംബിച്ച് ആ ആത്മപ്രകാശത്തോടു കൂടിയ അഹങ്കാരവും അക്ഷണത്തില്‍ തനിക്കു വിഷയഗ്രഹണസാമഗ്രിയായുള്ള ദേഹേന്ദ്രിയാദികളുടെ വാസന തന്നിലുദിക്കാത്തതുകൊണ്ട് അഹം അഹം എന്നു താന്‍ പ്രകാശിച്ചിടും.” നോക്കൂ, ഒരു നദിപോലെ ഒഴുകുന്ന ഈയൊരു ഒറ്റ അപൂര്‍ണ വാക്യം (വാക്യത്തിലെ പൂര്‍വഭാഗം വിസ്തരഭയത്താല്‍ ഒഴിവാക്കിയതാണ്) തന്നെ മതിയാകും സ്വാമികളുടെ കൃതികളെ സംക്ഷിപ്തമായി വിവരിക്കുന്നത് എത്രമാത്രം മൗഢ്യമേറിയതാകും എന്നു വ്യക്തമാക്കാന്‍. ബ്രഹ്‌മേശജീവജഗദ്വിശേഷണനിരൂപണപ്രകരണം, മായാലക്ഷണനിരൂപണപ്രകരണം, സദനുഭവനിരൂപണപ്രകരണം, ആനന്ദാനുഭവ നിരൂപണപ്രകരണം, മനോനാശമാര്‍ഗനിരൂപണ പ്രകരണം, ആവരണ വിക്ഷേപനിവൃത്തി പ്രകരണം എന്നീ കനപ്പെട്ട അധ്യായങ്ങളാണ് ഈ ഗ്രന്ഥത്തെ പ്രൗഢഗംഭീരമാക്കുന്നത്.
മോക്ഷപ്രദീപഖണ്ഡനം:
(ബ്രഹ്‌മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപം എന്ന ഗ്രന്ഥത്തിന്റെ വിമര്‍ശനം)
ജ്ഞാനമാര്‍ഗത്തിന്റെ പാത നിരാകരിച്ച് യോഗമാര്‍ഗം പിന്‍തുടര്‍ന്ന, ഹിന്ദുമതത്തിലെ വിഗ്രഹാരാധനയെയും ക്ഷേത്രസ്ഥാപനത്തെയും എതിര്‍ത്ത ബ്രഹ്‌മാനന്ദശിവയോഗിയുടെ ആശയങ്ങളെ അതിനിശിതമായി വിമര്‍ശിക്കുന്ന ഗ്രന്ഥമാണിത്. ബ്രഹ്‌മാനന്ദശിവയോഗിയുടെ നിരീശ്വരവാദത്തിലധിഷ്ഠിതമായ യുക്തിവിചാരമനുസരിച്ച് വിഗ്രഹാരാധനയെന്നത് ഒരു അന്ധവിശ്വാസമാണ്. എന്നാല്‍ ജ്ഞാനമാര്‍ഗിയായ ചട്ടമ്പികളെ സംബന്ധിച്ചിടത്തോളം പാരമാര്‍ത്ഥിക (മയീെഹൗലേ) സത്യത്തിന്റെ പ്രാതിഭാസികവും പ്രതിബിംബാത്മകവുമായ സ്വരൂപങ്ങള്‍ ലൗകികജീവിതത്തിന്റെ അനിവാര്യവും അഭേദ്യവുമായ ഭാഗങ്ങളാണ്. ഒരു പ്രതിബിംബത്തിലൂടെ ഒരു വിശ്വാസി തന്റെ ഇന്ദ്രിയപരമായ സംവേദനങ്ങളിലൂടെ ഇന്ദ്രിയാതീതമായ ഒരു അലൗകികലോകത്തിലേക്ക് ആത്മായനം നടത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇതിലെ പ്രാപ്യതക്ക് ഏറ്റക്കുറച്ചിലുകളും അപൂര്‍ണതകളും ഉണ്ടാവുമെങ്കിലും വിഷയാസക്തമായ ലോകത്തിന്റെ വ്യാമോഹങ്ങളില്‍ നിന്നും മതിഭ്രമങ്ങളില്‍ നിന്നും വലിയൊരളവുവരെ വിരോചനം സിദ്ധിക്കാനും ആത്മീയസ്വാതന്ത്ര്യം അഥവാ മോക്ഷം സിദ്ധിക്കാനും വിശ്വാസികളെ സഹായിക്കുന്നു. അനന്തമായതിനെയും അജ്ഞേയമായതിനെയും നിരാകരിക്കുന്നതിലല്ല, അതിലേക്ക് അന്വേഷണം നടത്തുന്നതിലാണ് മനുഷ്യന്റെ സര്‍ഗാത്മകതയും പ്രതിഭാവിലാസവും ജ്വലിച്ചുനില്‍ക്കുന്നത് എന്ന സത്യമാണ് മോക്ഷപ്രദീപഖണ്ഡനത്തിലൂടെ ചട്ടമ്പിസ്വാമികള്‍ വിശദമാക്കുന്നത്. അനന്തമായതിനെ വിശദീകരിക്കാനും പ്രപഞ്ചസൃഷ്ടിയെന്ന പ്രതിഭാസത്തെ അതിന്റെ കാര്യ-കാരണബന്ധത്തെ അടിസ്ഥാനമാക്കി വിശദീകരിക്കാനും ശാസ്ത്രചിന്തക്കും യുക്തി വിചാരത്തിനും അസാധ്യമാകയാല്‍ നിരീശ്വരവാദം അടിസ്ഥാനരഹിതമായ ഒരു ചിന്താപദ്ധതിയായും നിഷേധാത്മകചിന്തയായും നിലകൊണ്ടിരിക്കും. മാത്രമല്ല ഇല്ലാത്തത് എന്ന് തങ്ങള്‍ പറയുന്ന ദൈവത്തെ ഖണ്ഡിക്കുമ്പോള്‍, ദൈവം നിലനില്‍ക്കുന്നു എന്നുതന്നെയാണ് അബോധപരമായി യുക്തിചിന്തകര്‍ സമ്മതിക്കുന്നത്. ഇല്ലാത്തതിനെ എങ്ങനെ നിഷേധിക്കും എന്ന ചോദ്യത്തിന് സാര്‍ത്ഥമായ ഉത്തരം നല്‍കാന്‍ സാധ്യമല്ലല്ലോ. മാത്രമല്ല നിരീശ്വരവാദികള്‍, നിലനില്‍ക്കുന്നതുതന്നെ വിപരീതാത്മകമായ (എതിര്‍പ്പിന്റെ) പരസ്പരാശ്രിതത്വത്തില്‍ അഥവാ ഈശ്വരനെ വിപരീതതലത്തില്‍ ആശ്രയിച്ചുകൊണ്ടുമാണ്.
(അവസാനിച്ചു)