പഠനഭാഷ, പഠനമാധ്യമം എന്നീ നിലകളില്‍ മലയാളത്തിന്റെ ഭാവിയെന്ത് എന്ന അത്യന്തം ഗൗരവമായ ചോദ്യം പരക്കെ ഉന്നയിക്കപ്പെടുകയാണ്. അധികൃതരുടെ കുറ്റകരമായ നിസ്സംഗതയാണ് മറ്റൊരു ഭാഷയും നേരിട്ടില്ലാത്ത ദുര്‍ഗതിയിലേയ്ക്ക് മലയാളത്തെ കൊണ്ടുപോകുന്നതെന്നു പറയാതിരിക്കാനാവില്ല.
അക്ഷരമാല പഠിപ്പിക്കണോ വേണ്ടയോ എന്നതല്ല മുഖ്യപ്രശ്‌നം. അക്കാര്യത്തില്‍ തീരുമാനമായതാണ്. സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്ക്, അഥവാ, ആശയത്തില്‍നിന്ന് അക്ഷരത്തിലേയ്ക്ക് എന്നതുതന്നെയാണ് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഭാഷാസമീപനരീതി. അതു ശാസ്ത്രീയവുമാണ്.അപ്പോഴും ന്യായമായ ഒരു സംശയമുയരും. മുമ്പ് അക്ഷരത്തില്‍ നിന്ന് ആശയത്തിലേയ്ക്കു മുന്നേറുന്ന രീതിയായിരുന്നപ്പോള്‍ ആദ്യം അക്ഷരവും തുടര്‍ന്ന് അക്ഷരമാലയും പരിചയപ്പെട്ടിരുന്നല്ലോ. നേരെ തിരിച്ചുള്ള വഴിയാണ് ശരിയെങ്കില്‍ അവസാനം അക്ഷരത്തില്‍ എത്തേണ്ടതില്ലേ? അക്ഷരോച്ചാരകഭാഷ എന്ന നിലയില്‍ അക്ഷരവിന്യാസം അഥവാ, അക്ഷരമാല പരിചയപ്പെടേണ്ടതല്ലേ? ഒരു കുഴപ്പവുമില്ലെന്നു മാത്രമല്ല അതു നല്ലതുമാണ്.
അറിവ് പഠിപ്പിക്കലല്ല അറിവു നിര്‍മ്മാണമാണ് ക്ലാസ്മുറികളില്‍ നടക്കുന്നതും നടക്കേണ്ടതും. അറിവ് നിര്‍മ്മിക്കാന്‍ പ്രാപ്തിയുള്ളവരാണ് കുട്ടികള്‍. അതിനുള്ള സാഹചര്യമൊരുക്കലാണ് അധ്യാപകധര്‍മ്മം. സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാനും ചേരുവകള്‍ ഒരുക്കാനും പ്രോത്സാഹനം നല്‍കാനുമൊക്കെ അധ്യാപകര്‍ വേണം. അവരുടെ സാന്നിധ്യത്തിലും മുന്‍കയ്യിലുമാണ് അറിവുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. കാരണം അതിന്റെ അനിവാര്യത കുട്ടിക്കറിയില്ല.
അറിവു നിര്‍മ്മാണത്തില്‍ കുട്ടിയുടെ മുഖ്യ ആയുധം ഭാഷയാണ്. ഭാഷയിലുള്ള വഴക്കമാണ് അതിനെ അയത്‌നലളിതവും ആസ്വാദ്യവുമാക്കുന്നത്. ഭാഷാപ്രയോഗത്തിന്റെ നാലു പടികള്‍- ശ്രവണം, ഭാഷണം, വായന, എഴുത്ത് (LSRW) അനുക്രമവും വിജയകരവുമായി തരണം ചെയ്തു വരുന്ന ഏതു കുട്ടിക്കും അത്യന്തം ആഹ്ലാദകരമായ അനുഭവമായിരിക്കും ഭാഷാപഠനം. (പഠനം സ്ഥൂലത്തില്‍ നിന്നു സൂക്ഷ്മത്തിലേയ്ക്കാണ് വേണ്ടതെന്നതിനു നിലവില്‍ത്തന്നെയുള്ള ദൃഷ്ടാന്തമാണ് ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത ഈ ക്രമം). ഈ പടികളിലൂടെ എളുപ്പത്തില്‍ കയറി വരാവുന്ന ഭാഷ മാതൃഭാഷയല്ലാതെ മറ്റൊന്നുമല്ല. ഇവിടെയാണ് പഠനമാധ്യമം ചര്‍ച്ചയാകുന്നത്. അറിവു നിര്‍മ്മാണപ്രക്രിയ അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ മാധ്യമം മാതൃഭാഷയാകണമെന്ന് ജ്ഞാന നിര്‍മ്മിതി, സാമൂഹ്യജ്ഞാനനിര്‍മ്മിതി- ഇതെക്കുറിച്ചൊക്കെ വാചാലരായ വിദ്യാഭ്യാസ മനശ്ശാസ്ത്രജ്ഞര്‍ അടിവരയിട്ടു പറഞ്ഞിട്ടുമുണ്ട്.
അക്ഷരമാല പഠിപ്പിക്കാത്തതും അക്ഷരത്തെറ്റുകള്‍ വരുത്തുന്നതുമാണ് കേരളത്തില്‍ ഭാഷാപഠനം നേരിടുന്ന വെല്ലുവിളികള്‍ എന്ന തീര്‍പ്പിലെത്തുന്നത് വസ്തുതകളെ ലഘൂകരിക്കലാവും. നമ്മുടെ സ്‌കൂളുകളിലെ ഭാഷാപഠനവുമായി ബന്ധപ്പെട്ട രണ്ടു കാര്യങ്ങള്‍ തുടക്കത്തിലേ ചൂണ്ടിക്കാണിക്കട്ടെ. ഒന്ന്, ഭാഷ എന്ന നിലയില്‍ മലയാളം മാത്രമല്ല പഠന പ്രതിസന്ധി നേരിടുന്നത്. ഇതര ഭാഷാപഠനവും കാര്യക്ഷമമല്ല. ഒന്നാം ക്ലാസില്‍ തുടങ്ങുന്ന ഇംഗ്ലീഷും അറബിയും അഞ്ചില്‍ തുടങ്ങുന്ന ഹിന്ദിയും ഉറുദുവും കുറ്റമറ്റ രീതിയിലല്ല പഠിപ്പിച്ചുപോരുന്നത്. പത്താം ക്ലാസിനുശേഷം ഈ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്തതു കാരണം ലോക ഭാഷയായ ഇംഗ്ലീഷ് പഠനശേഷവും നമ്മോടൊപ്പമുണ്ടെങ്കില്‍ രാഷ്ട്രഭാഷയായ ഹിന്ദിയുടെ സ്ഥിതിയെന്താണ്? കൂട്ടത്തോടെ ജോലിയന്വേഷിച്ചുവന്ന ഉത്തരേന്ത്യക്കാര്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്നപ്പോഴല്ലേ പത്താംക്ലാസ് പാസ്സായ മലയാളി ഹിന്ദിയില്‍ തപ്പിത്തടയാന്‍ തുടങ്ങിയത്. രണ്ട്, ഭാഷ മറ്റു വിഷയങ്ങള്‍ക്കുള്ള മാധ്യമം കൂടിയായതിനാലും ആശയഗ്രഹണത്തിലും ആശയപ്രകടനത്തിലും ഭാഷാസ്വാധീനം നിര്‍ണ്ണായകമായതിനാലും ഭാഷാപഠനത്തിലെ നിഷ്‌കര്‍ഷയില്ലായ്മ മറ്റു ഭാഷകളുടെയും കോര്‍ വിഷയങ്ങളുടെയും പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചാക്രികാരോഹണ വ്യവസ്ഥപ്രകാരം ആശയഗ്രഹണത്തില്‍ അനുക്രമം മുന്നേറുന്ന കാഴ്ചയല്ലല്ലോ ഭാഷേതര വിഷയങ്ങളുടെ ഉത്തരക്കടലാസുകളിലും പ്രതിഫലിച്ചു കാണുന്നത്.
പൊതുവിദ്യാഭ്യാസത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യമായിരുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് ഡി.പി.ഇ.പി നിലവില്‍ വന്നത് (ഇടപെടല്‍ ഈ രീതിയില്‍, ബാഹ്യശക്തികളുടെ സാമ്പത്തിക സഹായത്തോടെയാണോ വേണ്ടിയിരുന്നത് എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലല്ലോ). ഏതാനും ചില മേളകളുടെ നടത്തിപ്പൊഴിച്ചാല്‍ അക്കാദമികമായ നിശ്ചലതയാല്‍ ഏതാണ്ട് മരവിപ്പിലായിരുന്നു പൊതുവിദ്യാഭ്യാസരംഗം. ഓരോ ബജറ്റിലും സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള നീക്കിയിരുപ്പ് തുലോം പരിമിതമായിരുന്നു. അതില്‍തന്നെ സിംഹഭാഗവും സെക്കന്ററി തലം കൊണ്ടുപോവുകയും ചെയ്യും. ഊന്നല്‍ നല്‍കേണ്ട പ്രൈമറി വിഭാഗം കടലിനും ചെകുത്താനുമിടയില്‍പ്പെട്ട അവസ്ഥയിലായിരുന്നു. സ്‌കൂളുകളില്‍ ഭൗതിക സൗകര്യങ്ങള്‍ വളരെ കുറവ്. ആവശ്യത്തിന് ക്ലാസ് മുറികളില്ല, ഓഫീസില്ല, ശൗചാലയങ്ങളില്ല. ലൈബ്രറി, ലബോറട്ടറി തുടങ്ങിയ അനിവാര്യമായ പിന്തുണാ സംവിധാനങ്ങള്‍ പോലും കാര്യക്ഷമമായിരുന്നില്ല. ഭൂരിപക്ഷം വരുന്ന എയ്ഡഡ് മേഖലയിലാകട്ടെ ഇതില്‍ പലതും നാമമാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് വന്‍ വിവാദത്തിന്റെ അകമ്പടിയോടെ ഡി.പി.ഇ.പി നടപ്പാവുന്നത്. പൊതുവിദ്യാഭ്യാസം വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട ഇതുപോലൊരു സന്ദര്‍ഭം കേരളചരിത്രത്തിലുണ്ടായിട്ടില്ല. കരിക്കുലം, സിലബസ് തുടങ്ങിയ സംജ്ഞകള്‍ നാട്ടിന്‍പുറങ്ങളില്‍പോലും വിശകലന വിധേയമായി. വിദ്യാഭ്യാസത്തിന്റെ നാനാവശങ്ങളെക്കുറിച്ചും സാമാന്യ ജനത്തിന് അവബോധമുണ്ടാകുവാന്‍ അത്തരം ചര്‍ച്ചകള്‍ സഹായകമായി. അധ്യാപകര്‍ക്കിടയില്‍ പുതിയൊരുണര്‍വ് ദൃശ്യമായി. രക്ഷിതാക്കളും മുമ്പെങ്ങുമില്ലാത്തവിധം സ്‌കൂള്‍ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി.
സമാന്തരമായി സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. പലവിധ ഫണ്ടുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖച്ഛായതന്നെ മാറ്റി. അമാന്തിച്ചുനിന്നാല്‍ പ്രതിസന്ധിയിലകപ്പെടുമെന്ന് തിരിച്ചറിഞ്ഞ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നു. അങ്ങനെ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല അടിമുടി നവീകരിക്കപ്പെട്ടു.
എന്നാല്‍ ഇതിനിടയില്‍ അനഭിലഷണീയമായ ചില നടപടികള്‍ക്കും പ്രവണതകള്‍ക്കും വേരുപിടിക്കുന്നുണ്ടായിരുന്നു. ഭാഷാപഠനം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത് അങ്ങനെയാണ്.
നഗരകേന്ദ്രിത മനസ്സുകളായ സമ്പന്ന വിഭാഗത്തിന് നാട്ടിലെ പൊതുവിദ്യാഭ്യാസത്തിനോടുള്ള മമത നേരത്തെ തന്നെ മങ്ങിയിരുന്നു. അവരുടെ കണ്ണുകള്‍ ഉടക്കിക്കിടന്നത് സെന്‍ട്രല്‍ സ്‌കൂളുകളിലായിരുന്നു. ഏതവസരത്തിലും സ്ഥലം മാറ്റത്തിന് സാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കായി സ്ഥാപിക്കപ്പെട്ടവയാണവ. പ്രാദേശിക ഭാഷയില്‍ അവിടെ പഠനം നടപ്പാക്കാനാവില്ല. രാഷ്ട്രഭാഷയായ ഹിന്ദിക്കും പരിമിതികളുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ പലേടത്തും ഹിന്ദി ഇന്നും ബാലികേറാമലയാണല്ലോ. സ്വാഭാവികമായും സെന്‍ട്രല്‍ സ്‌കൂളുകള്‍ ഇംഗ്ലീഷ് മീഡിയമായി. വേറെ വഴിയില്ലായിരുന്നു. അവിടങ്ങളിലെ ഉയര്‍ന്ന പഠന നിലവാരവും അച്ചടക്കവും ആകര്‍ഷകമായി തോന്നിയ ഉപരിവര്‍ഗ്ഗം അതേ മാതൃകയില്‍ നഗരങ്ങളില്‍ സ്വന്തം നിലയില്‍ സ്‌കൂളുകള്‍ തുടങ്ങി. അതിനൊക്കെ ഭരണകൂടങ്ങളുടെ അംഗീകാരവും പൊതു സമൂഹത്തിന്റെ സമ്മതിയും എളുപ്പത്തില്‍ നേടിയെടുക്കാനുമായി. പിന്നീടുണ്ടായത് ഇംഗ്ലീഷ് മീഡിയത്തിന്റെ കുത്തൊഴുക്കാണ്.
സമാന്തരമായി പൊതുവിദ്യാഭ്യാസ മേഖല കടുത്ത ആലസ്യത്തിലമര്‍ന്നു കിടന്ന കാഴ്ച നേരത്തെ നാം കണ്ടു. അതില്‍ അന്ധാളിച്ചുപോയ ഒന്നാമത്തെ വിഭാഗം അധ്യാപകര്‍ തന്നെയായിരുന്നു. ഉപജീവനാര്‍ത്ഥം തൊഴിലെടുക്കുന്ന സ്ഥാപനത്തില്‍ സ്വന്തം മക്കളെ ചേര്‍ക്കാന്‍ അവര്‍ ഭയപ്പെട്ടു. അപ്പോഴാണ് നേരത്തെ കണ്ട ഇംഗ്ലീഷ് മീഡിയത്തിന്റെ വരവ്. പൊതുവിദ്യാഭ്യാസത്തോട് അസംതൃപ്തരായ അധ്യാപകരുടെ പിന്തുണയില്‍ അതിന് വേഗതയും വ്യാപനവുമുണ്ടായി. കേരളത്തിലെ ഏത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ചരിത്രം പരിശോധിച്ചാലും അതിന്റെ തുടക്കക്കാരില്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്ന ഒരധ്യാപകനെങ്കിലുമുള്ളതായി കാണാം. ഗ്രാമപ്രദേശങ്ങളില്‍കൂടി ഇത്തരം സ്‌കൂളുകള്‍ വന്നതോടെ സാധാരണ രക്ഷിതാക്കളും താരതമ്യത്തിന് മുതിര്‍ന്നു. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതില്‍ അവിടങ്ങളിലെ അധ്യാപകര്‍ സമര്‍ത്ഥരായിരുന്നു. അച്ചടക്കത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്തില്ല. അതോടെ മധ്യവര്‍ഗ്ഗവും മക്കളുടെ കൈപിടിച്ച് അങ്ങോട്ടു നടക്കുവാന്‍ തുടങ്ങി. ഇംഗ്ലീഷ് ഒരു വിഷയമെന്നതിലുപരി മറ്റെല്ലാ വിഷയങ്ങള്‍ക്കുമുള്ള മാധ്യമമാകണമെന്ന വാശിയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അച്ചടക്കവും ഗുണനിലവാരവുമുള്ള സ്‌കൂളില്‍ മക്കള്‍ പഠിക്കണമെന്നേ അവര്‍ കരുതിയുള്ളൂ. മുണ്ടുമുറുക്കിയുടുത്തും അതിനുവേണ്ടിവന്ന അധിക ബാധ്യത അവര്‍ കണ്ടെത്തി.
ഇത്തരം സ്വാശ്രയ സ്ഥാപനങ്ങളുടെ പെരുപ്പം സ്വാഭാവികമായും പൊതുവിദ്യാലയങ്ങളിലെ പ്രവേശനം കുറയാന്‍ കാരണമായി. അധ്യാപകരും മാനേജര്‍മാരും ഒരുപോലെ ആശങ്കാകുലരായി. പ്രശ്‌നപരിഹാരത്തിനായി ഒറ്റമൂലിയും അവര്‍ കണ്ടുപിടിച്ചു. ജനറല്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ തുടങ്ങുക. ഇംഗ്ലീഷില്‍ പഠിച്ചാല്‍ പഠനത്തിന്റെ ഗമ കൂടും എന്ന് ധരിച്ചുവശായ സാധാരണക്കാരായ രക്ഷിതാക്കളുടെ സമ്മര്‍ദ്ദവും ഈ നീക്കത്തിന് പിറകിലുണ്ടായിരുന്നു എന്ന് പറയാതെ വയ്യ. അങ്ങനെ ഒന്നിലും അഞ്ചിലും എട്ടിലുമൊക്കെ തരാതരം പോലെ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ തുടങ്ങി. തലേവര്‍ഷം സ്‌കൂള്‍ അടയ്ക്കുന്നതുവരെ മലയാളത്തില്‍ കണക്കും സയന്‍സും സാമൂഹ്യപാഠവുമൊക്കെ പഠിപ്പിച്ചിരുന്നവര്‍ പുതുവര്‍ഷത്തില്‍ അതൊക്കെ ഇംഗ്ലീഷില്‍ പഠിപ്പിക്കുവാന്‍ നിയുക്തരായി. അധ്യാപക പരിശീലന കാലത്തോ പിന്നീടെപ്പോഴെങ്കിലുമോ ഭാഷാ സംബന്ധമായ അത്തരം പരിശീലനങ്ങളൊന്നും അവര്‍ക്ക് കിട്ടിയിട്ടില്ലെന്നോര്‍ക്കണം.
ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ അനുവദിക്കണമെന്ന ആവശ്യം, വിശിഷ്യാ ഒന്നാം ക്ലാസില്‍, വ്യാപകമായതോടെ അധികൃതര്‍ നിബന്ധനവെച്ചു. രണ്ടു മലയാളം ഡിവിഷനുകളുണ്ടെങ്കില്‍ അടുത്തത് ഇംഗ്ലീഷ് മീഡിയമാകാം. മൂന്ന് ഡിവിഷനുണ്ടെങ്കില്‍ അതിലൊന്ന് ഇംഗ്ലീഷാകാമെന്ന് ചുരുക്കം. എന്നാല്‍ അതിനു സാധ്യതയില്ലാതിരുന്നിട്ടും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ തുടങ്ങുകയും മുകളില്‍ നിന്നുള്ള ഇടപെടലിലൂടെ തല്‍ക്കാലം മുന്നോട്ടുപോകാന്‍ അനുവദിക്കപ്പെടുകയും ചെയ്തു. പതുക്കെപ്പതുക്കെ മലയാളം മീഡിയത്തില്‍ പഠിക്കാന്‍ ആരുമില്ലാത്ത നിലയിലേയ്ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം പൊതുവിദ്യാലയങ്ങള്‍ പലതും മാറി.
ഈ പ്രവണത ശക്തമായി വന്ന കാലത്ത് (2012) ഡയറ്റിന്റെ ഭാഗത്തു നിന്ന് ഈ ലേഖകന്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ അമ്പരപ്പിക്കുന്നതായിരുന്നു. ലോവര്‍ പ്രൈമറി ക്ലാസുകളിലെ നിര്‍ണ്ണായകമായ വിഷയമാണ് പരിസരപഠനം. മൂന്നാം ക്ലാസിലെ പരിസരപഠനത്തിന്റെ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം പ്രത്യേകം ചോദ്യാവലികള്‍ തയ്യാറാക്കി. രണ്ടു മീഡിയങ്ങളും സമാന്തരമായി പ്രവര്‍ത്തിക്കുന്ന 25 പൊതുവിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു. വീടിനകത്തുള്ള സാമഗ്രികളും അവയുടെ ഉപയോഗക്രമവും സംബന്ധിച്ച ചോദ്യങ്ങളായിരുന്നു കൂടുതലും. മലയാളം മീഡിയത്തില്‍ ചോദ്യം ഉന്നയിക്കുമ്പോഴേക്കും കുട്ടികള്‍ ഒന്നടങ്കം ചാടിയെണീറ്റ് ആവേശകരമായി പ്രതികരിച്ചപ്പോള്‍ മറുവശത്തെ പ്രകടനം പരിതാപകരമായിരുന്നു. പലതിന്റെയും പേരുപറയാന്‍ പോലും അവര്‍ക്കായില്ല. ആശയഗ്രഹണത്തില്‍ രണ്ടു കൂട്ടരും തമ്മില്‍ വിളിച്ചാല്‍ കേള്‍ക്കാത്തത്ര അകലമുണ്ടായിരുന്നു. എല്‍.പി. വിഭാഗത്തില്‍ ക്ലാസ് ടീച്ചര്‍ സമ്പ്രദായം (എല്ലാ വിഷയങ്ങളും ഒരേ ടീച്ചര്‍ തന്നെ പഠിപ്പിക്കുന്ന രീതി) നിലനിന്നിരുന്ന സാഹചര്യത്തില്‍ എല്ലാ വിഷയങ്ങളിലും ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ പഠനപ്രതിസന്ധി നേരിടുന്നുണ്ടെന്ന് വ്യക്തമായിരുന്നു. അടിസ്ഥാന കാരണം ഒന്നുമാത്രം. ഇംഗ്ലീഷിലൂടെ ആശയവ്യക്തത വരുത്തിക്കൊടുക്കുവാനുള്ള പ്രാപ്തി അവരുടെ അധ്യാപകര്‍ ആര്‍ജ്ജിച്ചിരുന്നില്ല. അത്തരത്തിലുള്ള ഒരു പരിശീലനത്തിനും അവര്‍ വിധേയരായിരുന്നില്ല. ബാഹ്യ ഏജന്‍സികള്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍ നിസ്സഹായരായി നിന്നു വായിച്ചുകൊടുക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയുമായിരുന്നുള്ളൂ. രക്ഷിതാക്കളുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഇംഗ്ലീഷില്‍ പാഠഭാഗങ്ങള്‍ വിവരിച്ചുകൊടുക്കുവാനുള്ള പ്രാപ്തി അവര്‍ക്കുമില്ലായിരുന്നു. ഒന്നാം ക്ലാസുമുതല്‍ ആ കുട്ടികള്‍ കടന്നുവന്നതും അപ്രകാരം തന്നെയായിരുന്നു. തട്ടും തടവുമില്ലാതെ ഈ പ്രതിഭാസം പത്താം തരം വരെ പടര്‍ന്നുകയറുന്നതാണ് പിന്നീട് നാം കാണുന്നത്. ഇടയ്ക്കുവെച്ച് കൂട്ടത്തില്‍ ഒരു വിഭാഗം വ്യവസ്ഥാപിത ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളുകളില്‍ ചേക്കേറാമെങ്കിലും ബാക്കിയുള്ളവര്‍ക്ക് നിര്‍ബന്ധിത സാഹചര്യത്തില്‍ ഇംഗ്ലീഷ് മീഡിയമാകാന്‍ വിധിക്കപ്പെട്ട പൊതുവിദ്യാലയങ്ങളില്‍ അഭയം പ്രാപിക്കേണ്ടിവരുമല്ലോ.
ഇംഗ്ലീഷ് മീഡിയത്തോടുള്ള ഈ ഭ്രമം അതിരുകടക്കുന്നു എന്ന് ബോധ്യമായപ്പോഴാണ്, അതിന് തടയിടാനായി, ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് ഒരു പഠന വിഷയമായി നിശ്ചയിക്കപ്പെട്ടത്. അതുകൊണ്ടൊന്നും പക്ഷേ, കാര്യമുണ്ടായില്ല.
അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാതെയും അനുയോജ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കാതെയും യാതൊരു തത്വദീക്ഷയുമില്ലാതെ സാധാരണ സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിച്ചതോടെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചക്ക് അടിത്തറ പാകപ്പെട്ടു.
പൊതു വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ തുടങ്ങാനായി നിര്‍ദ്ദേശിക്കപ്പെട്ട 2:1 അനുപാതത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെങ്കിലും കാര്യങ്ങള്‍ എവിടെയെത്തിയെന്ന് 2023ലെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്നതിന്റെ തൊട്ടടുത്ത ദിവസം ‘മാതൃഭൂമി’ മുഖപ്രസംഗത്തിലൂടെ വെളിപ്പെടുത്തുകയുണ്ടായി. പരീക്ഷയെഴുതിയതില്‍ പകുതിയിലധികം പേരും ഇംഗ്ലീഷ് മീഡിയക്കാരായതെങ്ങനെ എന്ന മുഖപ്രസംഗത്തിലെ ചോദ്യത്തിന് എവിടെനിന്നും ഉത്തരം കിട്ടിയിട്ടില്ല. (മലയാളം – 2,00,300, ഇംഗ്ലീഷ് – 2,18,000) അത്തരക്കാരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഇങ്ങനെയൊരു സംവിധാനത്തിന്റെ മുമ്പിലിരുന്നാണ് ‘ഇന്നത്തെ പരീക്ഷാ സമ്പ്രദായം പൊളിച്ചെഴുതണ’മെന്ന് പലരും ആവശ്യപ്പെടുന്നത്.
പൊതു വിദ്യാലയങ്ങള്‍ ക്ഷീണിച്ചുപോയതിന്റെ കാരണമെന്ത് എന്ന വിഷയത്തില്‍ ആധികാരികമായ പഠനം നടത്തിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ടെത്തല്‍ ഇപ്രകാരമാണ്: ‘എല്ലാതരം സ്‌കൂളുകളിലും അധ്യാപനമാണ് സ്‌കൂള്‍ മോശമെന്ന് അഭിപ്രായപ്പെടാനുള്ള പ്രധാന കാരണം’. (കേരള പഠനം, പുറം: 100). അധ്യാപക സമൂഹത്തിനു നേരെയുള്ള ഈ വിമര്‍ശനം ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്.
വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ ആണിക്കല്ല് അധ്യാപകരാണല്ലോ. അവര്‍ക്കു കിട്ടുന്ന പരിശീലനം നിര്‍ണ്ണായകവുമാണ്. ഇന്‍സര്‍വീസ് കോഴ്‌സുകള്‍ എത്ര ഫലപ്രദമായാലും പ്രീ സര്‍വീസിന് പകരമാവില്ല. ആദ്യകാലത്ത് എസ്.എസ്.എല്‍.സിക്കും പിന്നീട് പ്രീ-ഡിഗ്രിക്കും ശേഷമുള്ള രണ്ടുവര്‍ഷത്തെ കാമ്പുറ്റ പരിശീലനമാണ് പ്രൈമറി അധ്യാപകരെ വാര്‍ത്തെടുക്കുന്നത്. പരിശീലനം കിട്ടാത്ത ഒരാളും അധ്യാപകരായി നിയമിക്കപ്പെടാത്ത കേരളത്തില്‍ അധ്യാപക പരിശീലനം അത്യന്തം ഗൗരവത്തോടെയാണ് സമീപിക്കപ്പെട്ടിരുന്നത്. (ഇടക്കാലത്ത് മൈസൂരില്‍ നിന്നും മറ്റും ഒപ്പിച്ചെടുത്ത സര്‍ട്ടിഫിക്കറ്റുകളുമായി വന്ന ‘സാള്‍ട്ട്മാംഗോട്രീ’കളെ മറക്കുന്നില്ല. അത്തരക്കാരുടെ വംശം വേരോടെ പിഴുതെറിയപ്പെട്ടതും നാം കണ്ടതാണ്). എന്നാല്‍ ഉദാര-സ്വകാര്യ-ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി, പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍, വിദ്യാഭ്യാസ മേഖലയിലും സ്വകാര്യവല്‍ക്കരണം വ്യാപകമായി. ഇത് ഏറ്റവും പ്രതികൂലമായി ബാധിച്ച ഒരിടം അധ്യാപക പരിശീലന മേഖലയാണ്. അക്കാലം വരെ സര്‍ക്കാര്‍ – എയ്ഡഡ് മേഖലകളിലായി പരമാവധി നാല്‍പ്പത് പേരെ വെച്ച് കണിശമായി നടത്തിപ്പോന്ന പ്രൈമറി അധ്യാപക പരിശീലനം നൂറുപേര്‍ വരെയുള്ള ബാച്ചുകളിലെ സര്‍വാണിസദ്യയായി തരംതാണു. വ്യക്തിഗതമായ ശ്രദ്ധയും പരിഗണനയും അനിവാര്യമായി കിട്ടേണ്ട അധ്യാപക വിദ്യാര്‍ത്ഥികള്‍ ഇതൊന്നും കിട്ടാത്ത ആള്‍ക്കൂട്ടങ്ങളായി പരിണമിച്ചു. സ്വയം വിമര്‍ശനത്തിലൂടെയും പരസ്പര വിമര്‍ശനത്തിലൂടെയും തെറ്റുകള്‍ കണ്ടെത്തിയും തിരുത്തിയും ഉത്തമാധ്യാപകര്‍ രൂപപ്പെടേണ്ട പരിശീലനക്കളരികള്‍ കേവലം ഒച്ചപ്പാടുകേന്ദ്രങ്ങളായി മാറി. നിരന്തരമായ ചര്‍ച്ചകളും സംവാദങ്ങളും ആശയഗ്രഹണത്തിന് മാത്രമല്ല ശക്തമായ ആശയപ്രകടനത്തിലേക്കും അധ്യാപകവിദ്യാര്‍ത്ഥികളെ നയിക്കേണ്ടതാണ്. സന്ദര്‍ഭത്തിനും വിഷയത്തിനുമനുസരിച്ച് ഭാഷയില്‍ വഴക്കമുണ്ടാക്കിയെടുക്കുക എളുപ്പമല്ല. പലതരത്തിലുള്ള റിക്കാര്‍ഡുകള്‍ തിരുത്തിയും സ്വയം എഡിറ്റിംഗിലൂടെ മെച്ചപ്പെടുത്തിയും മുന്നേറണമെങ്കില്‍ വ്യക്തിഗത പരിഗണന അനിവാര്യമാണ്. ഇതൊന്നും കാര്യക്ഷമമല്ലാതെ അധ്യാപക പരിശീലനം തന്നെ കേവലമൊരു കോഴ്‌സായി നിറം കെടുന്നതാണ് കണ്ടത്. ‘ബ്ലാക്ക് ബോര്‍ഡ് വര്‍ക്ക്’ പോലും നേരാംവണ്ണം ചെയ്യിക്കാന്‍ കഴിയാത്ത സ്ഥാപനങ്ങളുണ്ടെന്നറിയുമ്പോള്‍ കൂടുതലെന്തുപറയാന്‍. പഠനമാധ്യമമാകേണ്ട മലയാളത്തില്‍തന്നെയാണ് ഈ പ്രതിസന്ധികള്‍ ആദ്യം പിടികൂടിയത്. പരിശീലനത്തിന്റെ കാമ്പെന്നു കരുതപ്പെടുന്ന ടീച്ചിങ്ങ് പ്രാക്ടീസ് പോലും കാര്യക്ഷമമല്ലാതായി. ട്രെയിനികളെ പ്രായോഗിക പരിശീലനത്തിനായി സ്‌കൂളുകളിലേക്ക് പറഞ്ഞുവിടണം. അടുത്തടുത്ത പ്രദേശങ്ങളില്‍ നൂറുവീതം ട്രെയിനികളുള്ള സ്ഥാപനങ്ങളുള്ളപ്പോള്‍ അവരെയൊക്കെ എവിടെ വിന്യസിക്കും! ഓരോ സ്‌കൂളിനും ഉള്‍ക്കൊള്ളാവുന്ന ട്രെയിനികള്‍ക്ക് പരിധിയുണ്ടല്ലോ. ഫലമോ? ദൂര ദിക്കുകളിലേക്ക് സ്‌കൂളുകളന്വേഷിച്ചു പോകേണ്ടി വരുന്നു. പരിശീലന കേന്ദ്രവും സ്‌കൂളുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലാതാവുന്നു. വിരലിലെണ്ണാവുന്ന ടീച്ചര്‍ എഡ്യുക്കേറ്റര്‍മാര്‍ക്ക് അവിടങ്ങളിലൊക്കെ സന്ദര്‍ശിക്കാനോ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കാനോ കഴിയില്ല. ഓരോ ക്ലാസും വിലയിരുത്തി പോരായ്മകള്‍ തിരിച്ചറിഞ്ഞ് അത് മറികടക്കാവുന്ന വിധത്തില്‍ അടുത്ത ക്ലാസുകള്‍ ആസൂത്രണം ചെയ്തു മുന്നേറണമെങ്കില്‍ സഹപാഠികളുടെയും എഡ്യുക്കേറ്റര്‍മാരുടേയും പിന്തുണ അനിവാര്യമാണ്. ടീച്ചിങ്ങ് മാന്വല്‍ മുതല്‍ തയ്യാറാകേണ്ടതുണ്ട്. അതോരോന്നും കുറ്റമറ്റതാകണം. അപരിചിതമായ ചുറ്റുപാടില്‍ സഹായത്തിനാരുമില്ലാതെ ട്രെയിനികള്‍ വശം കെടുന്നു. ഒരിക്കല്‍പോലും ക്ലാസെടുത്ത് പരിചയമില്ലാത്തവരായിരിക്കും കൂടുതലും.
ആവശ്യമായ ഭൗതിക സൗകര്യങ്ങളോ പരിശീലനത്തിന് അനുയോജ്യമായ സാഹചര്യങ്ങളോ, എന്തിന്, യോഗ്യരായ അധ്യാപകര്‍പോലുമോ ഇല്ലാതെ പരിശീലന കേന്ദ്രങ്ങള്‍ മുന്നോട്ടുപോവുകയാണ്. ലാബോ ലൈബ്രറിയോ കളിസ്ഥലമോ ഇല്ലാത്ത, താല്‍ക്കാലിക സംവിധാനത്തില്‍ ട്യൂഷന്‍ സെന്ററുകളേക്കാള്‍ പരിതാപകരമായ നിലയിലുള്ള പരിശീലന കേന്ദ്രങ്ങള്‍ ഇതെഴുതുമ്പോഴും നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വ്വ സജ്ജീകരണങ്ങളുമുള്ള ഡയറ്റുകളില്‍പോലും പരമാവധി നാല്‍പത് കുട്ടികളെ മാത്രം അനുവദിക്കുമ്പോള്‍ മുന്‍പറഞ്ഞ മട്ടിലുള്ള സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് നൂറുപേരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കുന്ന അധ്യാപക പരിശീലനത്തിനുള്ള കേന്ദ്ര കൗണ്‍സിലിന്റെ (NCTE) ഉത്തരവാദിത്ത ബോധത്തെക്കുറിച്ച് എന്തുപറയാന്‍? പൊതുവിദ്യാഭ്യാസ ഡയറക്ടറോ ജില്ലാതലത്തിലുള്ള ഉപഡയറക്ടര്‍മാരോ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. ഹൈസ്‌കൂള്‍ അധ്യാപക പരിശീലനത്തിന്റെ കഥ കുറെക്കൂടി ഭേദമാണെന്ന് പറയാമെങ്കിലും അവിടെയും കാര്യക്ഷമമായ ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവാറില്ല.
അധ്യാപക പരിശീലനത്തിലുണ്ടായ ഈ നിലവാരത്തകര്‍ച്ച കണക്കിലെടുക്കാതെ സ്‌കൂള്‍ പഠനത്തിലെ ഗുണനിലവാരമില്ലായ്മയെ പഴിക്കുന്നത് കഥയറിയാതെ ആട്ടം കാണലാവും. എണ്ണത്തില്‍ മഹാഭൂരിപക്ഷവും സ്വകാര്യമേഖലയിലുള്ള സ്‌കൂളുകളാണെന്നോര്‍ക്കണം. അവിടങ്ങളില്‍ നിയമിക്കപ്പെടാന്‍ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രം മതി. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു മാത്രമേ പി.എസ്.സി പരീക്ഷ എന്ന കടമ്പ കടക്കേണ്ടതുള്ളൂ. സര്‍ക്കാര്‍ സ്‌കൂളുകളൊക്കെ കുറ്റമറ്റതാണെന്നും സ്വകാര്യമേഖല അപ്പാടെ കുഴപ്പമാണെന്നുമല്ല പറയുന്നത്. മറ്റേതു സ്ഥാപനങ്ങളോടും കിടപിടിക്കുന്ന പരിശീലന സ്ഥാപനങ്ങള്‍ സ്വാശ്രയമേഖലയിലുണ്ടെന്നതും വസ്തുതയാണ്.
മാതൃഭാഷ കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ പിന്നാക്കമായതിനും സ്വാശ്രയപരിശീലന സ്ഥാപനങ്ങളുടെ വരവ് കാരണമായിട്ടുണ്ട്. പ്രൈമറി അധ്യാപക പരിശീലനത്തിന് മലയാളം ഒരു വിഷയമായെടുത്തു പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പരിശീലന കേന്ദ്രങ്ങള്‍ പെരുകിയപ്പോള്‍ പരിശീലനാര്‍ത്ഥികളെ തികയ്ക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഈ നിബന്ധനയില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. മലയാളം പഠിച്ചിട്ടേയില്ലാത്തവരും ട്രെയിനികളായെത്തി.
പ്രായോഗിക പരീക്ഷയ്ക്കായുള്ള എക്‌സ്റ്റേണല്‍ ബോര്‍ഡ് മെമ്പറായി ഒരു സ്വാശ്രയസ്ഥാപനത്തില്‍ ചെന്നപ്പോഴത്തെ അനുഭവം അമ്പരപ്പിക്കുന്നതായിരുന്നു. റിക്കാര്‍ഡില്‍ ഒരു പേജില്‍തന്നെ നിരവധി തെറ്റുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അധ്യാപക വിദ്യാര്‍ത്ഥി നിസ്സങ്കോചം പ്രതികരിച്ചത്, അതൊക്കെ തെറ്റാണെന്ന് ഇതുവരെ ആരും പറഞ്ഞില്ല സര്‍, എന്നാണ്. രണ്ടുവര്‍ഷത്തെ കോഴ്‌സ് ഏതാണ്ട് പൂര്‍ത്തിയായിട്ടും അനിവാര്യമായി തിരുത്തപ്പെടേണ്ട അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ ആ സ്ഥാപനത്തില്‍ ഒരാളുമുണ്ടായില്ല എന്നാണല്ലോ പറഞ്ഞതിനര്‍ത്ഥം. ഫലമോ, താനെഴുതുന്നതൊക്കെ ശരിയാണെന്ന് ആ ചെറുപ്പക്കാരി വിശ്വസിച്ചു. മുന്‍പറഞ്ഞ മട്ടില്‍ പേരിനൊരു ട്രെയിനിങ് എന്ന മട്ടില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി അത്തരക്കാരും പ്രൈമറി സ്‌കൂളുകളില്‍ അധ്യാപകരായി നിയമിക്കപ്പെട്ടു. അവര്‍ മലയാളം ഒരു വിഷയമെന്ന നിലയില്‍ പഠിപ്പിച്ചില്ലെങ്കിലും മറ്റുവിഷയങ്ങള്‍ മലയാളത്തില്‍ തന്നെ പഠിപ്പിക്കേണ്ടതുണ്ടല്ലോ. ‘കുട്ടികളുടെ പിഴവുകള്‍ തിരുത്താനും ശരിരൂപം അവരെ പരിശീലിപ്പിക്കാനുമല്ലെങ്കില്‍ അധ്യാപകര്‍ക്കെന്താണ് പണി’ എന്ന എം.എന്‍. കാരശ്ശേരിയുടെ ചോദ്യം പ്രധാനമായും ഇത്തരക്കാര്‍ക്കു നേരെയാണ് ഉന്നയിക്കപ്പെടേണ്ടത്. കൂനിന്മേല്‍ കുരു എന്നപോല സെക്കന്ററി തലം വരെ മലയാളം പഠിച്ചവരായിരിക്കണം പ്രൈമറി അധ്യാപകര്‍ എന്ന കേരള വിദ്യാഭ്യാസ ചട്ടത്തിലെ സുപ്രധാന വ്യവസ്ഥയും 2018 മെയ് 22 ലെ ഒരു ഉത്തരവിലൂടെ സര്‍ക്കാര്‍ റദ്ദാക്കി. അങ്ങനെ നിയമനത്തിലെ തടസ്സവും ഒഴിവായി.
അധ്യാപകരും വിദ്യാര്‍ത്ഥികളും മുഖാമുഖം നില്‍ക്കുന്നതിലെ സമയദൈര്‍ഘ്യം, അവരുടെ സംഘര്‍ഷരഹിതമായ മാനസികാവസ്ഥ- ഇതൊക്കെയാണ് ക്ലാസ്‌റൂം അനുഭവങ്ങളെ അവാച്യമായ അനുഭൂതിയാക്കി മാറ്റിത്തീര്‍ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു ഘടകങ്ങളും നേര്‍ത്തു നേര്‍ത്തു നാമമാത്രമായിരിക്കുന്നു. കുട്ടികള്‍ക്കോ അധ്യാപകര്‍ക്കോ പാഠാനുബന്ധ – പാഠ്യബാഹ്യ പ്രവര്‍ത്തനങ്ങളൊഴിഞ്ഞിട്ട് നേരമില്ല.
ആദ്യം അധ്യാപകരുടെ കാര്യമെടുക്കാം. ഓരോ വിഷയത്തിനും ക്ലബ്ബുകള്‍, ഉപജില്ലാ-ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന വിദ്യാഭ്യാസ വകുപ്പും ബി.ആര്‍.സി മുഖേന പ്രോജക്റ്റും നിര്‍ദ്ദേശിക്കുന്ന നിരവധിയായ അനുബന്ധപ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ നടത്തപ്പെടുന്ന കലാ-കായിക-ശാസ്ത്ര മേളകള്‍, ഇതിനൊക്കെയുമായി നിരന്തരം നടത്തുന്ന കൂടിയിരിപ്പുകള്‍, സ്റ്റാഫ് കൗണ്‍സില്‍, എസ്.ആര്‍.ജി, എസ്.എസ്.ജി, പി.ടി.എ തുടങ്ങിയ ആഭ്യന്തരയോഗങ്ങള്‍, ക്ലസ്റ്റര്‍ – ബി.ആര്‍.സി-എ.ഇ.ഒ – ഡി.ഡി.ഇ തല കോണ്‍ഫറന്‍സുകള്‍ – ഇതിനൊക്കെ പുറമെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര വകുപ്പുകളും നിര്‍ദ്ദേശിക്കുന്ന പരിപാടികളും പദ്ധതികളും. ഓര്‍ക്കണം, നാലധ്യാപകര്‍ മാത്രമുള്ള എല്‍.പി. സ്‌കൂളുകളും ഇതില്‍ പലതും നടത്തിത്തീര്‍ക്കാന്‍ ബാധ്യസ്ഥരാണ്. വന്നുവന്ന് സകലമാന വകുപ്പുകളും ഏജന്‍സികളും സന്നദ്ധ സംഘടനകളും ബഹുജന കൂട്ടായ്മകളും താന്താങ്ങളുടെ ആശയങ്ങളും പരിപാടികളും ചൊരിഞ്ഞിടുന്ന ഇടങ്ങളായി പൊതുവിദ്യാലയങ്ങള്‍ മാറി. ഇതിനൊക്കെ പുറമെയാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ വര്‍ക്ക് ലോഡിന്റെ സമ്മര്‍ദ്ദത്തിലാണ് അധ്യാപക സമൂഹം. വാചികമായോ ലിഖിതമായോ ഭാഷാപ്രകടന രൂപങ്ങളെ വിലയിരുത്തുന്നതിനൊന്നും അവര്‍ക്ക് സമയം കിട്ടുന്നില്ല. ക്ലാസില്‍ ബ്ലാക്ക് ബോര്‍ഡ് ഉപയോഗപ്പെടുത്തി പൊതുവായ എഡിറ്റിങ്് പ്രക്രിയയിലൂടെ അക്ഷരത്തെറ്റുകള്‍ കുട്ടികള്‍ സ്വയം കണ്ടെത്തി തിരുത്തി ശരിരൂപത്തിലെത്തിക്കാമെന്നാണ് പുതിയ ഭാഷാ സമീപനം നിഷ്‌ക്കര്‍ഷിക്കുന്നത്. വളരെ ഫലപ്രദമായ രീതിയാണിതെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സമയവും സാവകാശവും അനിവാര്യമാണ്. മാസത്തില്‍ ഒരിക്കലെങ്കിലും ഈ പ്രവര്‍ത്തനം നടന്നാല്‍ ഭാഷാപഠനത്തില്‍ വമ്പിച്ച മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. എന്നാല്‍ പാഠഭാഗം ‘കവര്‍’ ചെയ്യാനുള്ള നട്ടപ്പൊരിച്ചിലിനിടയില്‍ ഈ അധിക പ്രവര്‍ത്തനത്തിനുകൂടി സമയംകണ്ടെത്താന്‍ ആര്‍ക്കുമാവുന്നില്ല.
കുട്ടികളുടെ അവസ്ഥ ഇതിനേക്കാള്‍ കഷ്ടമാണ്. ക്ലബ്ബുകള്‍, സ്‌കൗട്ട്, ഗൈഡ്‌സ്, ജെ.ആര്‍സി, എസ്.പി.സി, വിദ്യാരംഗം, ഗാന്ധിദര്‍ശന്‍ പോലുള്ള കൂട്ടായ്മകള്‍, അന്തമില്ലാത്ത ദിനാചരണങ്ങള്‍, ഒരിക്കലുമവസാനിക്കാത്ത മത്സരങ്ങളും പരീക്ഷകളും, പരീക്ഷാഫലത്തിന്റെ കാര്യത്തില്‍ രക്ഷിതാക്കളും പൊതു സമൂഹവും ചെലുത്തുന്ന കനത്ത സമ്മര്‍ദ്ദം-ഒന്നിനോടും മുഖംതിരിക്കാന്‍ നിര്‍വ്വാഹമില്ലാതെ അങ്ങേയറ്റം സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലൂടെയാണ് വിദ്യാര്‍ത്ഥികളും മുന്നോട്ടു പോകുന്നത്. എ പ്ലസ്സുകളുടെ എണ്ണക്കൂടുതലിലൊന്നും വാസ്തവത്തില്‍ കുട്ടികള്‍ക്ക് വാശിയില്ല. രക്ഷിതാക്കളുടെ അഭിമാന സംരക്ഷണത്തിനായി അവര്‍ ബലിയാടുകളാക്കപ്പെടുകയാണ്.
സ്‌കൂളില്‍ നിന്ന് കിട്ടുന്ന ക്ലാസുകളുടെ പിന്‍ബലത്തില്‍ മാത്രമാണ് എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നതെന്ന് അവകാശപ്പെടാന്‍ കഴിയുന്ന എത്ര കുട്ടികള്‍ കേരളത്തിലുണ്ടാവും? ഹൈസ്‌കൂളിലെത്തുമ്പോള്‍ അവര്‍ ആദ്യം ചെയ്യുന്നത് തൊട്ടടുത്തുള്ള സമാന്തരസ്ഥാപനത്തില്‍ ചേരുകയാണ്. അവിടെ ഏപ്രില്‍മാസത്തില്‍ തന്നെ ക്ലാസുകള്‍ തുടങ്ങും. അതായത് എട്ടിലും ഒമ്പതിലും പത്തിലും പഠിക്കുന്ന നല്ലൊരു വിഭാഗം കുട്ടികളും രണ്ടുമാസത്തെ പഠനം പിന്നിട്ട ശേഷമാണ് ജൂണില്‍ സ്‌കൂളിലെത്തുന്നത്. സ്വാഭാവികമായും അവര്‍ ഗൗരവത്തോടെ പിന്തുടരുന്നത് സമാന്തര ക്ലാസുകളെയാകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്‌കൂളിനു പിറകെ ട്യൂഷന്‍സെന്ററല്ല, ട്യൂഷന്‍ സെന്ററിനു പിറകെ സ്‌കൂള്‍ ചലിക്കുകയാണ്. അവിടെ ഭാഷാ ശുദ്ധിയൊന്നും പ്രശ്‌നമേയല്ല. ആശയങ്ങള്‍ വാചികമായി ആവര്‍ത്തിച്ചാവര്‍ത്തിച്ചുറപ്പിക്കുക – അത് മാത്രമാണ് ലക്ഷ്യം. ഉത്തരക്കടലാസില്‍ അതൊക്കെ ഏത് കോലത്തില്‍ പകര്‍ത്തിവെച്ചാലും കുഴപ്പമില്ലെന്നാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. അല്ലെങ്കിലും പൊതുസമ്മേളനം പോലെ നൂറുകണക്കിന് പഠിതാക്കള്‍ തിക്കിത്തിരക്കിയിരിക്കുന്ന ട്യൂഷന്‍ സെന്ററുകളില്‍ ഓരോരുത്തരും വരുത്തുന്ന പിശകുകള്‍ ആര്‍ക്ക് എങ്ങനെ തിരുത്തിക്കൊടുക്കാനാകും.
ആവേശത്തോടെ തയ്യാറെടുപ്പുകളുമായി ക്ലാസിലെത്തുന്ന അധ്യാപകര്‍ പഠിതാക്കളിലേറെയും നിര്‍ദ്ദിഷ്ട പാഠ ഭാഗം നേരത്തെ പിന്നിട്ടവരാണെന്നറിയുന്നതോടെ ഹതാശയരാകുന്നു. കുട്ടികളാകട്ടെ ഇതൊക്കെ പഠിച്ചുകഴിഞ്ഞതാണല്ലോ എന്ന നിസ്സാരതയിലേക്ക് അതിവേഗം ചെന്നെത്തുന്നു. സ്വാഭാവികമായും ക്ലാസന്തരീക്ഷം അധ്യാപകര്‍ക്ക് നിയന്ത്രിക്കാനാവാത്ത മട്ടിലേക്ക് മാറുന്നു. അലസരേയും അലമ്പരേയും ശിക്ഷിക്കുന്നത് പോയിട്ട് ശാസിക്കാന്‍ പോലുമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. പഠന പ്രശ്‌നങ്ങളില്‍ ഇടപെട്ടതിന്റെ പേരില്‍ പോക്‌സോ കേസില്‍പ്പെടുത്തുമെന്ന് ഭീഷണി നേരിടേണ്ടി വന്നവര്‍ അധ്യാപകര്‍ക്കിടയില്‍ വിരളമല്ലെന്നോര്‍ക്കണം. തീര്‍ത്തും നിസ്സഹായമായ ഈ ചുറ്റുപാടില്‍ പോകുന്നപോലെ പോകട്ടെ എന്ന ലളിതമുദ്രാവാക്യത്തില്‍ അധ്യാപകര്‍ അഭയം തേടുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ?
സെക്കന്ററി തലം വരെ പഠനമാധ്യമം മാതൃഭാഷയാക്കി നിയമനിര്‍മ്മാണം നടത്തുകയാണ് ആദ്യം വേണ്ടത്. ഇംഗ്ലീഷ് ഒന്നാം ക്ലാസ് മുതല്‍ പഠനവിഷയമാണല്ലോ. പ്രത്യേക പരിശീലനം കിട്ടിയവരെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കണം. പ്രൈമറിതലം കഴിയുമ്പോഴേക്കും ഇംഗ്ലീഷില്‍ അനായാസം ആശയവിനിമയം നടത്താന്‍ കുട്ടികള്‍ പ്രാപ്തരായാല്‍ മീഡിയത്തിന്റെ പേരിലുള്ള ആശങ്കകള്‍ അവസാനിക്കും. പഠനഭാഷ, പഠനമാധ്യമം എന്നീ നിലകളില്‍ സ്വന്തം ഗരിമ തിരിച്ചു പിടിക്കാന്‍ മലയാളത്തിന് കഴിയുകയും ചെയ്യും.
കുതിപ്പിന്റെ ഒട്ടേറെ കഥകള്‍ മലയാളിക്ക് പറയാനുണ്ട്. എന്നാല്‍ ഈ കുതിപ്പിനിടയിലും കിതയ്ക്കുന്ന മലയാളി ഒരു സമകാലിക യാഥാര്‍ത്ഥ്യമാണ്. മാതൃഭാഷ നേരിടുന്ന കടുത്ത അവഗണനയെ നിസ്സംഗമായി കണ്ടുകൊണ്ടുള്ള ഈ നില്‍പ്പ് മലയാളിയുടെ കിതപ്പിന്റെ മൂര്‍ദ്ധന്യാവസ്ഥയുമാണ്.