ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അനന്യവും പ്രോജ്ജ്വലവുമാണ്. അതിന്റെ ഏറ്റവും സര്‍ഗാത്മകമായ ജ്വലനകാന്തിയും ലാവണ്യസ്വരൂപവുമായ തലം പ്രൗഢമായ ആത്മീയ പ്രഭാവമാണ്. ഭാരതഭൂവിന്റെ മഹത് സൃഷ്ടികളായ വേദോപനിഷത്തുകള്‍, ദര്‍ശനങ്ങള്‍, ഇതിഹാസങ്ങള്‍, കാവ്യ-നാടകാദികള്‍, ശാസ്ത്രങ്ങള്‍, കലകള്‍ തുടങ്ങിയ ബഹുമുഖമാനങ്ങളിലൂടെയാണ് നമ്മുടെ സാംസ്‌കാരിക പൂര്‍ണിമ അതിന്റെ സര്‍വാശ്ലേഷിയായ പ്രഭ ചിതറുന്നത്. ഏതൊരു രാജ്യത്തിനും രണ്ടു സുപ്രധാന മേഖലകളാണ്. അവയെ നമുക്ക് ഭൗതിക ജീവിതമണ്ഡലമെന്നും സാംസ്‌കാരിക ജീവിതമണ്ഡലമെന്നും വിഭജിക്കാവുന്നതാണ്. സാമ്പത്തികം രാഷ്ട്രീയം, സാമൂഹികം, കുടുംബപരം, വാണിജ്യപരം എന്നിങ്ങനെ വിശദീകരിക്കാവുന്നതാണ് ഭൗതിക ജീവിതം. രണ്ടാമത്തേത് സാംസ്‌കാരിക മണ്ഡലമാണ്. വിദ്യാഭ്യാസം, കല, സാഹിത്യം, ശാസ്ത്രം, വൈജ്ഞാനികം, സ്ത്രീ-പുരുഷബന്ധങ്ങള്‍, നീതി സങ്കല്പങ്ങള്‍, ധാര്‍മികബോധം, ദര്‍ശനം തുടങ്ങിയവയെ പൊതുവില്‍ സാംസ്‌കാരിക മണ്ഡലമെന്നു വിശേഷിപ്പിക്കാം. പക്ഷേ, ഈ വിഭജനം പരസ്പരം വെള്ളം കടക്കാത്ത അറകളല്ല. പരസ്പരപൂരകമാണ് ഇവയെങ്കിലും മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന സര്‍ഗാത്മകതയുടെയും ചിന്താശേഷിയുടെയും മേഖലയായ സാംസ്‌കാരിക ജീവിതത്തില്‍ ഭാഷയ്ക്കും ഭാവനയ്ക്കും അനുപമമായ സ്ഥാനമാണുള്ളത്. എന്നാല്‍ ഭാരതീയ സംസ്‌കാരത്തിന് അവകാശപ്പെടാവുന്ന അപൂര്‍വമായ ഒരു സവിശേഷത എന്നു പറയുന്നത്, അതിന്റെ മൂന്നാമത്തെ മേഖലയായ ആത്മീയസ്വത്വം (Spiritual Identity) ആണ്. മറ്റു സംസ്‌കാരങ്ങള്‍ക്കെല്ലാം തന്നെ ആത്മീയ പ്രഭാവം ഏറെക്കുറെ നിലനില്‍ക്കുന്നുണ്ടെങ്കിലും അതെല്ലാം തന്നെ മതത്തിന്റെയും പൗരോഹിത്യത്തിന്റെയും കടുത്ത നിഷ്‌കര്‍ഷതകള്‍ക്കുള്ളിലാണ് നിലനില്‍ക്കുന്നത്. ഭാരതീയ ആ ദ്ധ്യാത്മികതയുടെ മഹത്വമെന്നു പറയുന്നത്, മതത്തിനതീതമായതും തീവ്രതരവും സ്വാതന്ത്ര്യം, സ്‌നേഹം, ധര്‍മ്മം, സത്യം, ശിവം, സുന്ദരം തുടങ്ങിയ സങ്കല്‍പ്പനങ്ങളാല്‍ പരിപോഷിപ്പിക്കപ്പെട്ടതും ഉന്നതമായ ദാര്‍ശനിക ദീപ്തിയാല്‍ വിസ്തൃതവുമായ ആത്മീയസായൂജ്യം അഥവാ ആത്മസാക്ഷാത്ക്കാരം എന്ന ഒരു സര്‍ഗവിഹാരമണ്ഡലത്തിന്റെ സാന്നിധ്യവും ആണ്. ചക്രവര്‍ത്തിമാരേക്കാള്‍ ഭിക്ഷുക്കളെയും സന്ന്യാസിമാരെയും ആരാധിച്ചിരുന്ന, ആരാധിക്കുന്ന ഭാരതീയ ആത്മീയസംസ്‌കാരത്തിന്റെ പ്രണേതാക്കളുടെ മഹത്പരമ്പരയിലെ ഉന്നതശീര്‍ഷനായ വ്യക്തിത്വമായിരുന്നു ശ്രീവിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികള്‍.
വാല്മീകി, വേദവ്യാസന്‍, കാളിദാസന്‍, ഭവഭൂതി, ശങ്കരാചാര്യര്‍, ഭരതമുനി, വാഗ്ഭടന്‍, പതഞ്ജലി, ആര്യഭടന്‍, ചരകന്‍, സുശ്രുതന്‍, ബുദ്ധന്‍, ജൈനന്‍, പാണിനി തുടങ്ങി എണ്ണമറ്റ മഹാപ്രതിഭകള്‍ക്ക് ജന്മമേകിയ നാടാണ് ഭാരതം. വശ്യമനോഹാരിതയാര്‍ന്ന നമ്മുടെ ഭൂപ്രകൃതിക്കൊപ്പം തന്നെയും അതിന്റെ പരിരംഭണത്തില്‍ വിജൃംഭിതമായ അമൂല്യഭൗതികസമ്പത്തിനൊപ്പം തന്നെയും നിത്യയശസ്വികളായ മേല്‍പ്പറഞ്ഞവരും പരാമര്‍ശിക്കപ്പെടാതെ പോയവരുമായ പ്രതിഭകള്‍ സൃഷ്ടിച്ച കൃതികള്‍ സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ലോക ശ്രദ്ധയാകര്‍ഷിക്കുന്നു എന്നത് വിസ്മയാവഹമാണ്.
19-ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി ജീവിച്ച ശ്രീ ചട്ടമ്പിസ്വാമികള്‍ ഇതുവരെ പരാമര്‍ശിച്ച ഭാരതത്തിന്റെ നിരുപമമായ ആത്മീയസുരഭിലതയുടെ അഭേദ്യഭാഗമാവാന്‍ ഭാഗ്യം ലഭിച്ച ബഹുമുഖ പ്രതിഭാശാലിയായ ഋഷ്യവര്യനും നവോത്ഥാന നായകനും അദ്വിതീയനായ ഗ്രന്ഥകാരനും വേദാന്തിയുമായിരുന്നു.
ജ്ഞാനം, ധര്‍മ്മം, മോക്ഷം, കര്‍മ്മം, ധ്യാനം, യോഗം, സ്‌നേഹം, അനുകമ്പ, ഏകത്വം (നാനാത്വത്തില്‍ ഏകത്വം), സനാതനമൂല്യങ്ങള്‍, പരിത്യാഗം, ലാളിത്യം, വിനയം, സത്യസന്ധത, പ്രതിബദ്ധത, വിശാലമനസ്‌ക്കത തുടങ്ങി ഭാരതീയ ആത്മീയപാരമ്പര്യം നെഞ്ചിലേറ്റുന്ന ഉന്നതമൂല്യങ്ങള്‍ സ്വായത്തമാക്കിയ ചട്ടമ്പിസ്വാമികള്‍ പത്തൊമ്പതാം ശതാബ്ദത്തിന്റെ മധ്യാഹ്നത്തില്‍ തെക്കന്‍ തിരുവിതാംകൂറിലെ കണ്ണമ്മൂലയിലെ ഉള്ളൂര്‍ക്കോട് വീട്ടില്‍ ഭൂജാതനായി. 1853 ആഗസ്റ്റ് മാസം 25-ാം തീയതി (1029 ചിങ്ങമാസം 9-ാം തീയതി) മാവേലിക്കര താമരശ്ശേരി ഇല്ലത്ത് വാസുദേവ ശര്‍മ്മയുടെയും ഉള്ളൂര്‍കോട്ട് കുടുംബത്തിലെ നാംഗാദേവി പിള്ളയുടെയും (നങ്ങമ്മ) മകനായി ജനിച്ചു. കുട്ടിക്കാലത്ത് കുഞ്ഞന്‍ എന്ന ഓമന പേരില്‍ അറിയപ്പെട്ട കുഞ്ഞന്‍പിള്ളയാണ് വിഖ്യാതനായ ചട്ടമ്പിസ്വാമികള്‍. ഇതിനിടയില്‍ അയ്യപ്പന്‍, വിദ്യാധിരാജന്‍, ഷണ്‍മുഖദാ സന്‍ എന്ന നാമങ്ങളെല്ലാം ജീവിതത്തിന്റെ വിഭിന്ന ഘട്ടങ്ങളില്‍ അര്‍ത്ഥഭരിതമാംവിധം സ്വയം സ്വീകരിക്കുകയോ സ്വീകരിക്കപ്പെടുകയോ ചെയ്തു. ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച് ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ ആവോളം കുടിച്ചു. കഠിനമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് കര്‍മ്മോജ്വലമായ പന്ഥാവിലൂടെ സഞ്ചരിച്ച്, വാര്‍ദ്ധക്യത്തില്‍ ആ ജ്ഞാനതപസ്വി വിലമതിക്കാനാവാത്ത സാംസ്‌കാരിക ആത്മീയ സമ്പത്ത് തലമുറകള്‍ക്കായ് സ്വയമര്‍പ്പിച്ച് 1924 മെയ് 5ന് സമാധിയായി.
സംഭവബഹുലവും വിസ്മയാവഹവും സങ്കീര്‍ണ്ണവുമായ ജീവിതഘട്ടങ്ങള്‍ കടന്നും അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ചും യുഗസ്രഷ്ടാവായി മാറിയ ചട്ടമ്പിസ്വാമികള്‍ ബഹുഭാഷാപണ്ഡിതനും കാവ്യനാടകാദികളില്‍ നിഷ്ണാതനും ചരിത്രകാരനും വേദാന്തിയും, തിമില, ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങളില്‍ പ്രാവീണ്യം നേടിയവനും, സംഗീതം, യോഗവിദ്യ, ജ്യോതിശാസ്ത്രം, വേദോപനിഷത്തുകള്‍, ഗണിതശാസ്ത്രം, ക്ഷേത്രാനുഷ്ഠാനങ്ങള്‍ തുടങ്ങി വിഭിന്ന വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം നേടിയ ബഹുമുഖവ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു. ബാല്യകാലത്തുതന്നെ രക്ഷിതാക്കള്‍ക്കുവേണ്ടി അധ്വാനിക്കാന്‍ തുടങ്ങിയ പ്രതിബദ്ധതയുള്ള പുത്രന്‍, സുഹൃത്തുക്കള്‍ക്കെല്ലാം സഹായി, അശരണര്‍ക്ക് അഭയമേകിയവന്‍, കായികത്തൊഴിലാളി, സര്‍ക്കാരുദ്യോഗസ്ഥന്‍, അധ്യാപകന്‍, അവധൂതന്‍, യോഗിവര്യന്‍, പണ്ഡിതന്‍, ജ്ഞാനി, ധര്‍മ്മിഷ്ഠന്‍, തപോനിഷ്ഠന്‍ എന്നിങ്ങനെ വിഭിന്ന വ്യക്തിസ്വത്വങ്ങളിലൂടെ കടന്നാണ് ആ മഹാവിശാരദന്‍ ഇഹലോകവാസം വെടിഞ്ഞത്.
ഇതിനിടയില്‍ അവിസ്മരണീയമായ നിരവധി പ്രൗഢകൃതികള്‍ ആ ജ്ഞാനതപസ്വി മനുഷ്യരാശിക്ക് നല്‍കി. സര്‍വമതസാമരസ്യം, ജീവകാരുണ്യനിരൂപണം, വേദാധികാര നിരൂപണം, ക്രിസ്തുമതഛേദനം, പ്രാചീന മലയാളം, മനോനാശം അഥവാ ശുദ്ധാദ്വൈതഭാവന, ദേശനാമങ്ങള്‍, ഒഴിവിലൊടുക്കം (പരിഭാഷ), ആദിഭാഷ, പ്രപഞ്ചത്തില്‍ സ്ത്രീ – പുരുഷന്മാര്‍ക്കുള്ള സ്ഥാനം, ശ്രീചക്രപൂജാകല്പം, ബ്രഹ്‌മതത്വനിര്‍ഭാസം, നിജാനന്ദവിലാസം (പരിഭാഷ), അദ്വൈത പഞ്ജരം, മോക്ഷപ്രദീപഖണ്ഡനം എന്നിവ അവയില്‍ പ്രഖ്യാതമായവയാണ്.
ചട്ടമ്പി സ്വാമികളുടെ ജീവിതത്തെയും ബഹുമുഖപ്രതിഭയെയും അടയാളപ്പെടുത്തുന്ന എ.വി.ശങ്കരന്‍ രചിച്ച ‘ഭട്ടാരകപ്പാന വിദ്യാധിരാജ ഭാഗവതം’ (അഞ്ചുഭാഗങ്ങള്‍) പോലെ സമഗ്രവും ആധികാരികവുമായ ജീവചരിത്രഗ്രന്ഥം മലയാളത്തില്‍ ഒരു അപൂര്‍വത തന്നെയാണ്.
ജ്ഞാനസൂര്യന്റെ ജീവിത സഞ്ചാരം
മനുഷ്യന്‍ മനുഷ്യനെ അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തുകയും വിദ്യ അഭ്യസിക്കാനുള്ള ജീവത്തായതും മൗലികവുമായ അവകാശം നിര്‍ദ്ദയം നിഷേധിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ജാതിവ്യവസ്ഥക്കെതിരെയും ചാതുര്‍വര്‍ണ്യവ്യവസ്ഥക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും ഭാരതത്തില്‍ നടന്ന പോരാട്ടങ്ങള്‍ക്കും സാമൂഹിക പരിഷ്‌കരണ യത്‌നങ്ങള്‍ക്കും ആത്മീയ വിപ്ലവങ്ങള്‍ക്കും നമ്മുടെ സംസ്‌കാരത്തോളം ദൈര്‍ഘ്യമുള്ള ചരിത്രമുണ്ട്.
‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന എക്കാലത്തേയും മഹനീയമായ വചനം ഭാരതം ലോകത്തിന് നല്‍കിയ സര്‍വാദരണീയമായ സംഭാവനയാണ്. എന്നാല്‍ ഇതിനെ നഗ്നമായി ചവിട്ടിമെതിക്കുകയും മനുഷ്യനെ അപമാനവീകരിക്കുകയും ചെയ്ത സാമൂഹിക വ്യവസ്ഥക്കെതിരെയുള്ള ആത്മീയവിപ്ലവത്തിന്റെ കാഹളവും ആധ്യാത്മിക നവോത്ഥാനത്തിന്റെ സിംഹഗര്‍ജ്ജനവുമായിരുന്നു ചട്ടമ്പിസ്വാമികളിലൂടെ ഭാരതം ശ്രവിച്ചത്.
ജാതിവ്യവസ്ഥയുടെ നിഷ്ഠൂരതയും അപമാനവീകരണവും സ്വജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ കുഞ്ഞന്‍പിള്ളയ്ക്ക്, അതിനെ എതിരിടുക എന്നത് ജീവിതനിഷ്ഠയായി മാറി. പിതാവ് ബ്രാഹ്‌മണനായിട്ടും ജാതിയില്‍ നായരായി അറിയപ്പെട്ട കുഞ്ഞന്‍പിള്ള അഥവാ അയ്യപ്പന്‍ സാമൂഹികമായ വിവേചനത്തിന്റെ ക്രൗര്യം അനുഭവിച്ചറിഞ്ഞതിനെപ്പറ്റി പരാമര്‍ശിച്ചുവല്ലോ. അന്യവീടുകളില്‍ വീട്ടുജോലിചെയ്ത് ജീവിച്ച അമ്മയുടെ യാതനാനിര്‍ഭരമായ ജീവിതവും അത് കുഞ്ഞന്‍പിള്ളയുടെ ഇളം മനസ്സില്‍ ഏല്‍പ്പിച്ച പോറലുകളും നമുക്ക് ചരിത്രത്തിന്റെ തുടിക്കുന്ന താളുകളില്‍ നിന്നും ഭാവന ചെയ്യാന്‍ കഴിയും. ചരിത്രം വെറും കടലാസുകൂമ്പാരമോ മൃതാക്ഷരങ്ങളോ അല്ല. ചരിത്രത്താളുകളിലേക്ക് ഉള്‍ക്കണ്ണ് തുറന്നു നോക്കിയാല്‍ അവിടെ തിരശ്ലീല ഉയരുമ്പോള്‍ അരങ്ങിലുണരുന്ന കഥാപാത്രങ്ങള്‍, വര്‍ത്തമാന കാലത്തെന്നപോലെ നമ്മോടു സംസാരിക്കും. സംസാരങ്ങള്‍ക്കിടയിലെ നിശ്ശബ്ദത അഥവാ അവാച്യമായ ഭാഷണം, അതുമല്ലെങ്കില്‍ വാചാലമായ നിശ്ശബ്ദത നമ്മെ സ്തബ്ധരാക്കും. ഒരു കാലഘട്ടത്തില്‍ മനുഷ്യര്‍ ജീവിച്ചിരുന്നത് എത്ര വിചിത്രമായിട്ടാണ് എന്ന് അറിയുമ്പോള്‍ നാം വിസ്മയാധീനരാവും. മറ്റു കുട്ടികള്‍ പഠിക്കുമ്പോള്‍ പഠിക്കാന്‍ അവകാശമില്ലാത്തത് ജാതിഭേദമെന്ന ഹീനമായ സാമൂഹിക വ്യവസ്ഥകൊണ്ടാണെന്നറിയുന്ന ഒരമ്മ, തന്റെ പ്രതീക്ഷയായ മകന്റെ ദുരവസ്ഥയോര്‍ത്തുള്ള ആത്മനൊമ്പരം, അത് തിരിച്ചറിയുന്ന മകന്റെ നിസ്സഹായാവസ്ഥ – അതിന്റെ കാഠിന്യം, ആഴം എന്നിവയെല്ലാം ഒരു നാടകത്തിലെന്ന പോല്‍ നമുക്കു മുന്നില്‍ തെളിയുന്നു. ബ്രാഹ്‌മണ ഭവനത്തില്‍, ബ്രാഹ്‌മണനായ ഒരു വിദ്യാര്‍ത്ഥി സംസ്‌കൃതം പഠിക്കുമ്പോള്‍, അവിടെ വേല ചെയ്യുന്ന കുഞ്ഞന്‍പിള്ള സംസ്‌കൃത പാഠങ്ങള്‍ ഒളിഞ്ഞ് നിന്ന് കേട്ട് പഠിക്കുന്നു. ഒരു ദിനം ഗുരുവിന്റെ ചോദ്യങ്ങള്‍ക്ക് ശിഷ്യന്‍ ഉത്തരം പറയാനാവാതെ നിന്നപ്പോള്‍, കുഞ്ഞന്‍പിള്ള എന്ന അയ്യപ്പന്‍ ശരിയുത്തരം പറയുന്നു. അതുകേട്ട് അത്ഭുതപ്പെട്ട ഗുരുവും (ശാസ്ത്രികള്‍) വീട്ടുമസ്ഥനും (കൊല്ലൂര്‍ മഠത്തിലെ പോറ്റി) അയ്യപ്പനെ കൂടി ക്ലാസിലിരുത്തി പഠിപ്പിക്കാന്‍ തീരുമാനിക്കുന്നതുമായ സന്ദര്‍ഭം, കേവലമൊരു വ്യക്തിയുടെ ജീവിത സന്ദര്‍ഭമല്ല, ഒരു മഹാപുരുഷന്റെ ധൈഷണിക ജീവിതത്തിന്റെയും ഒരു കാലഘട്ടത്തിന്റെ വിപ്ലവകരമായ പരിവര്‍ത്തനത്തിന്റെയും നിര്‍ണായക ദശയായിരുന്നു.
കാലം അതിന്റെ പ്രയാണം തുടര്‍ന്നു. പ്രായത്തെ കവിഞ്ഞു നില്‍ക്കുന്ന ധിഷണാശാലിയായ അയ്യപ്പന്റെ മുന്നില്‍ ജീവിതം സ്തംഭിച്ചു നിന്നു. ശാന്തിക്കാരനായ അച്ഛന്‍, വീട്ടുവേലക്കാരിയായ അമ്മ, നിസ്വരായ ഇവര്‍ വൃദ്ധരായതോടെ അയ്യപ്പന്, ഹജൂര്‍ കച്ചേരിയുടെ (ഇന്നത്തെ സെക്രട്ടറിയേറ്റ്) നിര്‍മ്മാണത്തിനായി അല്‍പം അകലെ (ഇന്നത് ചെങ്കല്‍ചൂള – രാജാജി നഗര്‍) നിന്നും ചെങ്കല്ലും മറ്റും ചുമക്കുന്ന ജോലിയായിരുന്നു കുറച്ചുകാലം. പിന്നീട് ആധാരമെഴുത്തുകാരനായും ജോലി ചെയ്തു. ഇതിനുമുമ്പുതന്നെ ദേവീക്ഷേത്രത്തില്‍ മാലകെട്ടിക്കൊടുക, കന്നുകാലികളെ പരിപാലിക്കുക തുടങ്ങി നിരവധി ജോലികള്‍ ചെയ്തിരുന്ന ചട്ടമ്പിസ്വാമികള്‍ക്ക് (ചട്ടമ്പിയെന്നാല്‍ മേല്‍നോട്ടം വഹിക്കുന്നവന്‍ അഥവാ ചട്ടം നിലനിര്‍ത്തുന്നവന്‍ എന്നാണര്‍ത്ഥം – ങീിശീേൃ) കുട്ടികളുടെ മേല്‍നോട്ടക്കാരനായതിനാല്‍ ലഭിച്ച പേരാണത്. വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി.
അയ്യപ്പന്‍ അപ്രതീക്ഷിതമായി ഒരു കണക്കപ്പിള്ളയായി ഇന്നത്തെ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തു. അക്കാലത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പൊതു പരീക്ഷക്കുള്ള ചോദ്യങ്ങള്‍ മുന്‍കൂട്ടി കൊടുക്കുന്ന പതിവുണ്ടായിരുന്നു. വളരെ വിഷമകരമായ ഒരു ഗണിതശാസ്ത്രചോദ്യം ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊടുക്കും. അങ്ങനെ ലഭിച്ച ചോദ്യങ്ങളുമായി ഉദ്യോഗാര്‍ത്ഥികള്‍ അയ്യപ്പനെ വന്നു കണ്ടു. വിഷമകരമായ ചോദ്യങ്ങള്‍ക്ക് കുഞ്ഞന്‍പിള്ള ഉത്തരം കൊടുത്തു. അന്നത്തെ ദിവാന്‍ വിസ്മയം കൊണ്ടും അത്രയും ആളുകളെ നിയമിക്കാനുള്ള പ്രയാസംകൊണ്ടും ചോദിച്ചു. ”ആരാണ് നിങ്ങള്‍ക്ക് ഈ ഉത്തരങ്ങള്‍ നല്‍കിയത് അത് പറഞ്ഞാലേ ജോലിയുള്ളൂ.” ഉദ്യോഗാര്‍ത്ഥികള്‍ സത്യം പറഞ്ഞു. ഉടന്‍ തന്നെ കുഞ്ഞന്‍പിള്ളയെ കൂട്ടിവരാന്‍ ഉത്തരവായി. ദിവാന്‍ വിഷമകരമായ മറ്റൊരു ചോദ്യം കുഞ്ഞന്‍ പിള്ളയ്ക്ക് നല്‍കി. ഞൊടിയിടയില്‍ വന്നു ഉത്തരം. അങ്ങനെ കുഞ്ഞന്‍പിള്ള മാത്രം തിരഞ്ഞെടുക്കപ്പെട്ടു. കണക്കപ്പിള്ളയായി. ഒരു മാസമായി. ശമ്പളം പത്തുരൂപ കൊടുത്തു. അന്നത് അധികമായിരുന്നതിനാല്‍ അതില്‍ നാലുരൂപയെടുത്ത് കുഞ്ഞന്‍പിള്ള ബാക്കി മടക്കിക്കൊടുത്തു. എന്നാല്‍ കുഞ്ഞന്‍ ഏതോ ഒരത്യാവശ്യ കാര്യത്തിന് കുറച്ചുദിവസം അവധി ചോദിച്ചപ്പോള്‍ വിക്രമതമ്പി അത് നിഷേധിച്ചു.
”ഇല്ല. തരില്ല. അവധി തരില്ല. നാളെ ഞാന്‍ വരുമ്പോള്‍ നിങ്ങളെ ആസ്ഥാനത്തു തന്നെ കാണണം.” കല്പന. കുഞ്ഞന്‍പിള്ളയും വിട്ടില്ല;
”ഉം നാളെ ഞാന്‍ ഏതു സ്ഥാനത്തു കാണുമോ അവിടെ വന്നാല്‍ എന്നെ കാണാം.” അതും പറഞ്ഞ് കുഞ്ഞന്‍പിള്ള എന്നന്നേക്കുമായി അവിടെ നിന്നും വിട വാങ്ങി (‘ചട്ടമ്പി സ്വാമികള്‍’ – പെരിനാടന്‍ സദാനന്ദന്‍ – പേജ് -20)
ജീവിതത്തിന്റെ പ്രയാണം, മഹാപുരുഷന്മാരുടെ കാര്യത്തിലായാലും സാധാരണ മനുഷ്യരുടെ വിഷയത്തിലായാലും, അത് പലപ്പോഴും ദുര്‍ഘടസന്ധിയുടെ ചുഴിയില്‍ അകപ്പെട്ട കപ്പലിന്റെ അവസ്ഥയായിരിക്കും. ചിലപ്പോള്‍ വളരെ പ്രശാന്തമായൊഴുകുന്ന നദിയെപോലിരിക്കും. കാറ്റും കോളും വന്ന് പ്രക്ഷുബ്ധമാവുന്നത് എപ്പോഴെന്നറിയില്ല. പരീക്ഷണങ്ങളുടെ അഗ്നിശരങ്ങള്‍കൊണ്ട് മൂടിയ ജീവിതമാണ് മിക്ക മഹാരഥന്മാരുടേതും.
നിര്‍മലവും പാവനവുമായ ഒരു യുവാവ് അനന്യസാധാരണമായ ധിഷണാവിലാസം ഉള്ളതുകൊണ്ട് അസൂയയും അഹങ്കാരവും തലക്ക് പിടിച്ചവരുടെ അധിക്ഷേപത്തിനും നീതിദേവതപൊറുക്കാത്ത ശിക്ഷക്കും ഇരയാവുന്നു. പക്ഷേ, സൂര്യവെട്ടത്തെകെടുത്താന്‍ ഘോരമേഘജാലങ്ങള്‍ക്ക് കഴിയില്ല. ഒരുപക്ഷേ, അത് കുഞ്ഞന്‍പിള്ളയുടെ നിയോഗമാവാം. വിഷയാസക്തി അശേഷമില്ലാത്ത, ഉറുമ്പുകളെയും ഉരഗങ്ങളെയും കൈവള്ളയിലെടുത്ത് ലാളിക്കുന്ന, പട്ടികളോടൊപ്പമിരുന്ന് ഒരിലയില്‍ ആഹാരം കഴിക്കുന്ന, ജീവന്മുക്തനായ ഒരു മഹാമനീഷി, ഒരു നിഷ്‌കാമകര്‍മ്മയോഗി ഇരിക്കേണ്ട ഇടമല്ല കണക്കപ്പിള്ളയുടെ കസേര.
കുഞ്ഞന്‍ പിള്ളയുടെ ജീവിതം അസാധാരണവും ആകസ്മികവുമായ സംഭവങ്ങളുടെ ഒരു മനോജ്ഞസമന്വയമായിരുന്നു. സാധാരണ മനുഷ്യമനസ്സിന് അനന്തമായ പ്രപഞ്ചത്തെയോ പ്രപഞ്ചാതീതശക്തിയെയോ വിഭാവന ചെയ്യാനാവില്ല. അനന്തതയ്‌ക്കേ അനന്തതയെ ദര്‍ശിക്കാനാവൂ. ആ അപാരതയിലേക്കുള്ള മഹായാനമായിരുന്നു ചട്ടമ്പിസ്വാമികളുടെ ജീവിതം. ഇതിനിടയില്‍ അവധൂതനായി നടന്ന സ്വച്ഛന്ദസുരഭിലകാലം. അത് മഹായോഗികളുടെയും യതിവര്യന്മാരുടെയും നിയോഗമാണ്. ക്ഷണപ്രഭാചഞ്ചലമായ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങളില്‍ വിലയം കൊള്ളുകയാണവര്‍. പൂര്‍വസൂരികള്‍ വരദാനമായി നല്‍കിയ ധ്യാനനിമഗ്ന ജീവിതാഭിമുഖ്യം. ധ്യാനമെന്നാല്‍ ആസനത്തില്‍ കണ്ണടച്ച് ധ്യാനിക്കല്‍ മാത്രമല്ല. സത്യത്തില്‍ അരുണാചല ശിവനെന്നറിയപ്പെടുന്ന ഭഗവാന്‍ രമണ മഹര്‍ഷി പറഞ്ഞ പോലെ, ‘ഞാന്‍ ആരാണ്’? (ണവീ മാ ക) എന്ന ചോദ്യത്തിനുത്തരം തേടലാണ്. അനന്തമായ പ്രപഞ്ചവും ‘ഞാനും’ (ടലഹള) തമ്മില്‍ ഒരു വേര്‍തിരിവില്ലെന്നും ഞാന്‍ എന്നാല്‍ എന്റെ ശരീരമല്ലെന്നും തിരിച്ചറിയുന്നതാണ് സമാധി. അത് മരണമല്ല. വിലയനമാണ്. നദി സമുദ്രത്തില്‍ വിലയംകൊളളുംപോലെ. കുഞ്ഞന്‍പിള്ളയുടെ അന്തരാത്മാവില്‍ അന്തര്‍പ്രവാഹിനിയുടെ ജലസ്പര്‍ശം തിര തള്ളി തിമിര്‍ക്കുകയായിരുന്നു. ഒരു വൈരാഗിയുടെ പറഞ്ഞറിയാക്കാനാവാത്ത അഭിനിവേശം. അഹിംസയുടെ മഹാകവചം ധരിച്ച്, ജ്ഞാനത്തിന്റെ കിരീടം ധരിച്ച്, അദ്വൈതചിന്തയുടെ സാരസര്‍വസ്വം ഭുജിച്ച്, ശുഭ്രവസ്ത്രധാരിയും നിര്‍മലമനസ്‌കനുമായ ആ തപോനിധി പ്രകൃതിയിലെ സര്‍വചരചരങ്ങളെയും ഭേദചിന്തയില്ലാതെ സ്വീകരിച്ചു. ശംഖുമുഖം കടപ്പുറത്തെ ഒളിയല ചിതറുന്ന നീല ജലപ്പാളികളിലൂടെയും അഷ്ടമുടിക്കായലിന്റെ വന്യസൗന്ദര്യം നുകര്‍ന്നും തുടങ്ങിയ ആ യാത്ര മരുത്വാമലയും അരുവിപ്പുറവും തുടങ്ങി വനാന്തരങ്ങളും പര്‍ണശാലകളും കടന്നു മുന്നോട്ടുനീങ്ങി.
എല്ലാ മഹാമനീഷികള്‍ക്കും അവരുടെ ധൈഷണിക വൈഭവവും പ്രതിഭാവിലാസവും ഉലയിലൂതി ജ്വലിപ്പിക്കാന്‍ ചരിത്രം അപൂര്‍വമായ വിദ്വല്‍സദസ്സുകള്‍ നല്‍കി അനുഗ്രഹിച്ചിട്ടുണ്ട്. വിക്രമാദിത്യ രാജസദസ്സിലെ നവരത്‌നങ്ങളും അഷ്ടാവക്രഗീതയുടെ ഉപജ്ഞാതാവായ അഷ്ടാവക്രന്റെ താര്‍ക്കിക സദസ്സുകളും ശങ്കരാചാര്യരുടെ സര്‍വജ്ഞപീഠം സുസാധ്യമാക്കാന്‍ വഴിയൊരുക്കിയ വേദാന്തസദസ്സുകളും പോലെ കുഞ്ഞന്‍ പിള്ളയ്ക്കും അത്തരമൊരു പ്രഫുല്ലമായ സദസ്സുണ്ടായിരുന്നു – അതാണ് ജ്ഞാനപ്രജാഗരം എന്ന വിദ്വല്‍ സാംസ്‌കാരിക സംഘടനയുടെ താര്‍ക്കിക സദസ്സ്. തമിഴ് വേദ – പുരാണ, ശാസ്ത്രാദികളില്‍ അപ്രതിമനായിരുന്ന സ്വാമിനാഥദേശികന്‍ എന്ന പണ്ഡിതന്‍ ഇവിടെ അവിസ്മരണീയമായ ഒരു പങ്കാണ് നിര്‍വഹിച്ചത്. ആ ദിവ്യ സൗഹൃദം ചട്ടമ്പിസ്വാമികളുടെ ജ്ഞാനസൂര്യനെ ഉജ്ജ്വലിപ്പിച്ചു. ആ സദസ്സില്‍ വെച്ചാണ് തമിഴ് ഭാഷാപണ്ഡിതനും വേദോപനിഷത്തുകള്‍, യോഗമുറകള്‍ എന്നീ വിഷയങ്ങളില്‍ അത്യഗാധമായ പ്രാവീണ്യവും ഉണ്ടായിരുന്ന സുബ്ബജടാപാഠികളെ പരിചയപ്പെടാന്‍ സാധിച്ചത്. സുബ്ബജടാപാഠികളുടെ പ്രോജ്വലമായ വാഗ്വിലാസം ചട്ടമ്പിസ്വാമികളെ ആഴത്തില്‍ സ്വാധീനിച്ചു. കുഞ്ഞന്‍പിള്ളയുടെ (പിന്നീടാണ് അദ്ദേഹം ചട്ടമ്പിസ്വാമികള്‍ എന്നറിയപ്പെട്ടത്) ബുദ്ധിവൈഭവവും ജ്ഞാനതൃഷ്ണയും അടുത്തറിഞ്ഞ ജടാപാഠികള്‍, കുഞ്ഞനെ തന്റെ ജന്മദേശമായ തമിഴ്‌നാട്ടിലെ കല്ലിടക്കുറിച്ചിയിലേക്ക് കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചു. രണ്ടു വര്‍ഷത്തെ അവിടുത്തെ വാസം ജ്ഞാനസാഗരത്തില്‍ ഒരു അഗ്രഗാമിയായി മാറാന്‍ കുഞ്ഞന്‍പിള്ളയെ പ്രാപ്തനാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.
കുഞ്ഞന്‍പിള്ള യാത്രതുടര്‍ന്നു. ഉല്‍ക്കടമായ ഒരു ഇച്ഛാശക്തി അതായത് ഒരു സന്ന്യാസിവര്യനാകണമെന്നും അതിനായി ഒരു ഗുരുവിനെ പ്രാപിക്കണമെന്നുമുള്ള അദമ്യമായ ഇച്ഛാശക്തി. ആ മടക്കയാത്രയില്‍ അദ്ദേഹം വടിവീശ്വരത്തുള്ള ഒരു വീട്ടിനടുത്തെത്തി. അവിടെ ഒരു മഹാസദ്യനടക്കുന്നു. വീടിനടുത്ത് എച്ചിലിലകള്‍ കൂമ്പാരമായി കിടക്കുന്നിടത്ത് പ്രാകൃതവേഷധാരിയായ ഒരാള്‍ നായ്ക്കള്‍ക്കൊപ്പം എച്ചിലിലകള്‍ നക്കിത്തുടയ്ക്കുന്നു. കുട്ടികള്‍ ‘ഭ്രാന്തന്‍… ഭ്രാന്തന്‍’ എന്നു പറഞ്ഞ് അയാള്‍ക്ക് ചുറ്റും കൂവിയാര്‍ക്കുന്നു. കുഞ്ഞന്‍പിളള നിന്നുപോയി. കുട്ടികള്‍ അയാളെ കല്ലെറിയുന്നുണ്ടായിരുന്നു. അയാള്‍ അവിടെ നിന്നും യാത്രയായി. കുഞ്ഞന്‍പിള്ള അയാളെ പിന്തുടര്‍ന്നു. എന്തിനെന്നറിയില്ല. ജീവിതത്തില്‍ നാം എല്ലാ കാര്യവും യുക്തിക്കനുസരിച്ചല്ല ചെയ്യുന്നത്. മനുഷ്യസൃഷ്ടമായ യുക്തിക്കതീതമായി ചില അബോധ ഉള്‍പ്രേരണകള്‍ പ്രകൃതി മനുഷ്യരില്‍ ഉണര്‍ത്തുന്നു. ഒരമ്മ തന്റെ കുഞ്ഞിനെ കൈപിടിച്ചു നടത്തിക്കുന്ന പോലെ അഭൗമമായ ഏതോ ശക്തി കുഞ്ഞന്‍പിള്ളയെ ആ അജ്ഞാതനായ പ്രാകൃതവേഷധാരിയിലേക്ക് ആകൃഷ്ടനാക്കി. അല്ലെങ്കില്‍ വേഷത്തില്‍ എന്തിരിക്കുന്നു. പൂര്‍ണനഗ്നനായിട്ടാണ് വര്‍ദ്ധമാന മഹാവീരന്‍ ജീവിച്ചത്. അനേകം ജൈനന്മാരും. ഇന്നും മൈസൂരിലെ ശ്രാവണ ബളഗൊളയില്‍ ഗോമതേശ്വര പ്രതിമക്കടുത്തുള്ള ക്ഷേത്രത്തില്‍ ഒരു നേരം മാത്രം ആഹരിക്കുന്ന ജൈനരെ ഭാരത പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ചിത്രം നാം കണ്ടതാണല്ലോ. മനുഷ്യന് അലങ്കാരം സമ്പത്തോ, ആഭരണങ്ങളോ വസ്ത്രങ്ങളോ അല്ല വാക്കാണ് എന്നാണല്ലോ മഹാനായ ഭര്‍ത്തൃഹരി പറഞ്ഞിരിക്കുന്നത് (വാക്ഭൂഷണം ഭൂഷണം). ഒരു കൗപീനം മാത്രം ധരിച്ചാണ് രമണമഹര്‍ഷി തിരുവണ്ണാമലയില്‍ (അരുണാചലം) ജീവിച്ചതും മഹാസമാധിയായതും. മുകളില്‍ പറഞ്ഞ ആ പ്രാകൃതവേഷധാരി ഓടിയോടി ഒരു വനഗര്‍ഭസ്ഥലിയില്‍ മറഞ്ഞു. കുഞ്ഞന്‍പിള്ള അവിടെയെത്തി ബോധരഹിതനായി തളര്‍ന്നു വീണു. കുറേ കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ താന്‍ ആ മനുഷ്യന്റെ മടിയില്‍ തലവെച്ചുകിടക്കുന്നു. പ്രാകൃതവേഷധാരിയുടെ കണ്ണുകളില്‍ പാവനപ്രകാശം നിത്യഭാസുരനക്ഷത്രം കണക്കെ ഒളിവെട്ടി. ഓജസ്സാര്‍ന്ന മിഴികളില്‍ കുഞ്ഞന്‍പിള്ള സ്വയം മറന്നുപോയി. അയാള്‍ കുഞ്ഞന്‍പിള്ളയുടെ കാതില്‍ ഒരു മഹാമന്ത്രമോതിയതും അത് കുഞ്ഞന്‍പിള്ളയില്‍ (കുഞ്ഞന്‍പിള്ള ഇതിനകം ഒരു സന്ന്യാസിയില്‍ നിന്നും സുബ്രഹ്‌മണ്യമന്ത്രം സ്വായത്തമാക്കിയിരുന്നെങ്കിലും) സമാനതകളില്ലാത്ത ജഞാനോദ്ദീപനം സൃഷ്ടിച്ചുവെന്നും പ്രാമാണികരായ ചരിത്രകാരന്മാര്‍ ഇതിനകം വ്യക്തമാക്കിയതാണ്.
(തുടരും)