കര്‍ണ്ണാടകയില്‍ താന്‍ ഉപമുഖ്യമന്ത്രിയായുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ കണ്ണൂരില്‍ ശത്രുസംഹാരപൂജയും മൃഗബലിയും നടന്നുവെന്ന് അവിടുത്തെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞപ്പോള്‍ പലര്‍ക്കും ചിരിയാണ് വന്നത്. എന്നാല്‍ അതുകേട്ടയുടനെ ഒരാള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. അത് കേരളത്തിന്റെ ദേവസം മന്ത്രി കെ.രാധാകൃഷ്ണനായിരുന്നു. എന്നാല്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലൊന്നുമല്ല ബലി നടന്നത് എന്നറിഞ്ഞപ്പോള്‍ ശ്വാസം പകുതി നേരെയായി. അപ്പോഴും എവിടെ നടന്നു എന്നറിയണമല്ലോ. പാര്‍ട്ടിയുടെ അങ്കത്തട്ടായ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയറിയാതെ ഈച്ച പോലും പറക്കില്ല. എം.എല്‍.എ പോലുമല്ലാതിരുന്ന കാലത്ത് ഇ.കെ.നായനാരെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചത് അദ്ദേഹത്തിന്റെ തറവാട്ടിലെ ഒരു പൂജയാണെന്ന് കല്യാശ്ശേരിയിലെ സഖാക്കള്‍ക്കറിയാം. കോടിയേരി ബാലകൃഷ്ണനുവേണ്ടി കാടാമ്പുഴയില്‍ ശത്രുസംഹാര പൂജ നടന്നത് വിവാദമായതാണ്.
ആ സഖാവിന്റെ കൈത്തണ്ടയിലെ മന്ത്രച്ചരട് രോഗപരിശോധനയുടെ ഭാഗമായി കെട്ടിയ യന്ത്രമാണ് എന്നു ന്യായീകരിച്ചതും വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ രഹസ്യമായി പൂജ നടത്തിയ കാര്യവും പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഉച്ചാടന മാരണാദിക്രിയകളിലൊന്നും സഖാക്കള്‍ അത്ര മോശക്കാരല്ല. ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ ബലികൊടുത്തതു സംബന്ധിച്ച കേസിലെ പ്രതി സഖാവായിരുന്നു. ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ എവിടെയാണ് ശിവകുമാറിനെതിരായ ശത്രു സംഹാര മൃഗബലി നടന്നത് എന്നറിയണമല്ലോ. ഇത്തരം മാരണക്രിയകളൊന്നും തനിക്ക് ഏല്‍ക്കില്ല എന്ന് ശിവകുമാര്‍ പറഞ്ഞത് കയ്യിലെ മന്ത്രച്ചരടിന്റെ ബലത്തിലാണ്. അത് ഉള്ളതു കൊണ്ടാണല്ലോ അങ്ങ് കണ്ണൂരില്‍ നടന്ന ശത്രുസംഹാരപൂജയിലെ മൃഗബലിയുടെ കണക്ക് കൃത്യമായി പറഞ്ഞത്. അതിനാല്‍ അത്തരമൊരു ചരട് സംഘടിപ്പിച്ചാല്‍ രാധാകൃഷ്ണന് ഇങ്ങനെ ബേജാറാകേണ്ടി വരില്ല. രാധാകൃഷ്ണന്റെ കക്ഷിയും ശിവകുമാറിന്റെ കക്ഷിയും ഒരേ ‘ഇണ്ടി’ മുന്നണിയില്‍ അംഗങ്ങളായതിനാല്‍ യെച്ചൂരി വഴി രാഹുലിനെ സ്വാധീനിച്ച് ശിവകുമാറില്‍നിന്നും ചരട് സംഘടിപ്പിക്കാം. രാധാകൃഷ്ണനെ ഒതുക്കിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ നീക്കം തിരിച്ചറിയാനും ഈ ചരട് പ്രയോജനപ്പെടുമല്ലോ.