കോഴിക്കോട്ടെ സി.പി.എം. പാര്‍ട്ടി അംഗങ്ങളായ രണ്ട് യുവാക്കള്‍ക്കെതിരെ ഭീകര നിരോധന നിയമം യുഎപിഎ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തപ്പോള്‍ കേരളത്തില്‍ ഉണ്ടായ ബഹളങ്ങള്‍ തെറ്റായ സൂചനയാണ് നല്‍കുന്നത്. നവംബര്‍ 1 നായിരുന്നു ഇവരുടെ അറസ്റ്റ്.
വടക്ക് നോക്കികളായ കേരളത്തിലെ സാംസ്‌കാരിക നായകര്‍ വാളയാര്‍ അടക്കമുള്ള കേരളത്തിലെ വിഷയങ്ങളില്‍ വായില്‍ പഴം തിരുകുന്ന ഒരു കാര്‍ട്ടൂണ്‍ ഒരുപ്രമുഖ ദിനപത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് വരച്ചത് വലിയ ചര്‍ച്ചയായിരുന്നു. അതുപൊലെത്തന്നെ സോഷ്യല്‍ മീഡിയയിലും വലിയ പരിഹാസമാണ് വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തിലെ സെലെക്റ്റിവ് പ്രതികരണക്കാര്‍ക്ക് നേരിടേണ്ടിവന്നത്. അത്ര നിശിതമയ വിമര്‍ശനത്തിനും പരിഹാസത്തിനും പാത്രമായിട്ടുപോലും വാ തുറക്കാതിരുന്ന പ്രമുഖ പ്രതികരണക്കാരുടെയെല്ലാം പ്രതികരണം, പക്ഷെ അര്‍ബന്‍നക്‌സലുകളായ രണ്ട് യുവ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേസില്‍ വന്നു, അതും നിമിഷനേരം കൊണ്ട്.
ആ അര്‍ബന്‍നക്‌സലുകള്‍ കേരളത്തിനു വാവകളാവുന്ന അശ്ലീലം നമ്മള്‍ കണ്ടു, അവരുടെ വല്യമ്മയുടെ കണ്ണീര്‍ക്കഥ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ മുതല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ആഷിക് അബു തുടങ്ങി, മീഡിയകളും, മീഡിയകളിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും അര്‍ബന്‍ നക്‌സല്‍വാദികളും എല്ലാവരും പോലീസിനെതിരെയും, അവരുടെയൊക്കെ ദൈവമായ പിണറായിക്കെതിരെ വരെയും തീ തുപ്പുകയായിരുന്നു.
വാളയാര്‍ കേസില്‍ പിണറായി വലിയ സമ്മര്‍ദ്ദത്തിലാണെന്ന് പക്ഷെ നമ്മള്‍ കേട്ടിരുന്നില്ല. അത് പോട്ടെ എന്ന് വയ്ക്കാം, കാരണം അവര്‍ ദളിതുകളായിരുന്നു. രാഷ്ട്രീയ ഇരവാദത്തിനു ഒരു കരു എന്നതില്‍ കവിഞ്ഞ് അധഃസ്ഥിതര്‍ക്കൊക്കെ അത്ര വിലയെ കമ്മ്യൂണിസ്റ്റുകള്‍ കൊടുത്തിട്ടുള്ളൂ എന്ന് കരുതാം. മക്കള്‍ നഷ്ടപ്പെട്ടിരിക്കുന്ന ആ അമ്മയെയും അച്ഛനെയും തന്റെ ഓഫീസില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി തന്റെ കാലു പിടിപ്പിച്ച ആ അശ്ലീലക്കാഴ്ച കേരളം കണ്ടതാണ്. ഇതേ മുഖ്യമന്ത്രി പക്ഷെ അങ്ങ് ഹരിയാനയിലെ ജുനൈദിന്റെ വീട്ടില്‍ അങ്ങോട്ട് പോയി ധനസഹായം കൊടുത്ത കാഴ്ച ഇനിയും മറവിയിലേക്ക് പോകാറായിട്ടില്ല അതേ കേരള ജനതയ്ക്ക്.
അപ്പോള്‍ വാളയാറില്‍ നിന്നുള്ള ആ ദളിത് മക്കളോടുള്ള കമ്മ്യൂണിസ്റ്റുകളുടെ അവഗണന നമുക്ക് മനസ്സിലാക്കാം, പക്ഷെ ഒരാഴ്ച മുന്‍പ് നാല് മനുഷ്യരെ കേരളത്തില്‍ പോലീസ് വെടിവച്ച് കൊന്നിരുന്നു. മണിവാസകം, കാര്‍ത്തി, രമ, അരവിന്ദ് എന്നീ നാല് മനുഷ്യരെ. അവരും കമ്മ്യൂണിസ്റ്റുകള്‍ ആയിരുന്നു, മാവോയിസ്റ്റുകള്‍.
അതിനു ശേഷം യുഎപിഎ കേസില്‍ കോഴിക്കോട്ടെ അലന്‍ ഷുഹൈബും, താഹ ഫസലും അകത്തായപ്പോള്‍ കാണുന്ന പൊട്ടിത്തെറി അന്ന് കണ്ടില്ല. കാനം രാജേന്ദ്രനും അയാളുടെ സിപിഐയും ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന പോലെ ഒന്ന് പ്രതിഷേധിച്ചു എന്ന് വരുത്തിത്തീര്‍ത്തു. അത്ര തന്നെ. പിണറായി നയിക്കുന്ന കമ്മുണിസ്റ്റ് സര്‍ക്കാരിന്റെ പല ജനവിരുദ്ധ നടപടികളിലും ജനരോഷം തണുപ്പിക്കാന്‍ അവര്‍ കുറെ നാളുകളായി പിന്തുടര്‍ന്ന് വരുന്ന ഒരു സ്ട്രാറ്റജിയാണ് ഈ ‘ചേട്ടന്‍ ബാവ-അനിയന്‍ ബാവ’ വിമര്‍ശന നാടകം.
എന്തുകൊണ്ടാണ് നാലു മനുഷ്യരുടെ അതും മാവോയിസ്റ്റുകളുടെ ജീവന്‍ പൊലീസ് എടുത്തപ്പോള്‍ ഉണ്ടാവാത്ത പ്രതിഷേധപ്പെരുമഴ രണ്ട് പേര്‍ക്കെതിരെ ഒരു കേസെടുത്തപ്പോള്‍ ഉണ്ടായത്? നാല് പേരുടെ ജീവന്‍ എടുക്കുന്നതാണോ, അതോ രണ്ട് പേര്‍ക്കെതിരെ കേസ് എടുക്കുന്നതാണോ വലിയ അപരാധം?
കേരളത്തിലെ സാമൂഹ്യ ജീവിതത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പിന്റെ താക്കോല്‍ ആരുടെ കയ്യില്‍ ആണെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ആണ് നമ്മുടെ കണ്‍മുന്നില്‍ ഇപ്പോള്‍ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്നത്.
നമ്മളൊക്കെ എന്ത് ചിന്തിക്കണം, എന്തില്‍ പ്രതികരിക്കണം, എന്തില്‍ മനസ്സ് നോവണം, എന്തില്‍ രോഷം കൊള്ളണം എന്നൊക്കെ തീരുമാനിക്കുന്ന ‘എക്കോസിസ്റ്റം’ ആരാണ് നിയന്ത്രിക്കുന്നത് എന്ന് പകല്‍ പോലെ വെളിപ്പെടുന്ന അപൂര്‍വ്വം സന്ദര്‍ഭം.
പാലക്കാട്ട് ദളിതുകളായ രണ്ട് യഥാര്‍ത്ഥ കുഞ്ഞു ‘വാവ’കളുടെ ജീവന്‍ ചതച്ചരക്കപ്പെട്ടത്, കുറെ ബിജെപിക്കാരും സംഘികളും പ്രതിഷേധിച്ചതല്ലാതെ കേരളത്തിന്റെ പൊതുമനഃസാക്ഷിയെ പിടിച്ചുലച്ചില്ല.
നാല് മനുഷ്യരെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്‍കൗണ്ടറില്‍ തീര്‍ത്തുകളഞ്ഞതും കേരളത്തില്‍ കോളിളക്കം ഉണ്ടാക്കിയില്ല.
പക്ഷെ രണ്ട് പയ്യന്‍മാരെ യുഎപിഎ ചുമത്തി അറസ്റ്റുചെയ്തപ്പോള്‍ കേരളത്തിന്റെ ‘മനഃസാക്ഷി സൂക്ഷിപ്പുകാര്‍’ക്ക് അണപൊട്ടി.
ആ രണ്ട് ചെറുപ്പക്കാരുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളില്‍ പറയുന്നത് കശ്മീരിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. അലന്‍ ഷുഹൈബ് ‘വാവ’യുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും പാലസ്തീനും കാശ്മീരുമൊക്കെ കാണാം.
‘കാശ്മീര്‍ മാങ്കേ ആസാദി’യും, ‘സേവ് ഗാസ’യുമൊക്കെ ജിഹാദികളുടെ പ്രിയ വിഷയങ്ങള്‍ ആണെന്നാണ് ഇതുവരെയുള്ള അനുഭവം. ഇന്ത്യന്‍ പട്ടാളത്തെയും ഇന്ത്യയിലെ പോലീസിനെയും കൊന്ന് സ്റ്റേറ്റിനോട് യുദ്ധം ചെയ്യുക എന്നത് മാവോയിസ്റ്റുകളുടെരീതിയും.
അതാണ് നേരത്തെ ചോദിച്ചതിനുള്ള ഉത്തരം: വാളയാറിലെ ദളിതര്‍ക്കും, വയനാട്ടിലെ മാവോയിസ്റ്റുകള്‍ക്കും ഇല്ലാത്ത ആ ‘പ്രിവിലേജ്’ അലന്‍ ഷുഹൈബിനും താഹ ഫസലിനും കിട്ടുന്നത് എന്തെന്ന ചോദ്യത്തിനുത്തരം.
കമ്മ്യൂണിസ്റ്റ്-മാവോയിസ്റ്റ് മറയില്‍ ഒളിച്ച ജിഹാദിസം ആണ് ഈ കളിക്കുന്നത് മുഴുവന്‍.
മറ്റേത് നാട്ടുകാരാണെങ്കിലും ഞെട്ടി വിറക്കുമായിരുന്ന, ‘ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്‌മെന്റി’നെ ‘ആട്‌മേക്കല്‍’ എന്ന കോമഡിയാക്കി മാറ്റി കേരള സാമൂഹ്യ മനഃസാക്ഷിയെ പാകപ്പെടുത്തിയത് ഇടതുപക്ഷ ഇക്കോസിസ്റ്റം ആണ്.
മുഖ്യധാരാ മാധ്യമങ്ങളില്‍ വരെ പൂവിനേയും പൂമ്പാറ്റകളെയും സ്‌നേഹിച്ച തീവ്രവാദിയുടെ കദനകഥ പ്രിന്റ് ചെയ്ത് വരുന്നതും യാദൃച്ഛികമല്ല. പട്ടാളക്കാര്‍ വധിക്കപ്പെട്ടു എന്നും ജിഹാദി ഭീകരവാദികള്‍ ‘രക്തസാക്ഷി’ ആയി എന്നും പ്രധാന മാധ്യമങ്ങളില്‍ വരുന്നതും ഡെസ്‌കിലിരിക്കുന്നവരുടെ ‘ലഹരിയെ അവരുടെ തൊഴില്‍ ബാധിക്കാത്തത് കൊണ്ട്’ സംഭവിക്കുന്ന കോമഡിയല്ല, അബദ്ധവുമല്ല, അതിന് പിന്നിലൊരു അജണ്ടയുണ്ട്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആ ഇക്കോസിസ്റ്റത്തിനെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.
ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി വിതച്ച്, ബീഫ്‌ഫെസ്റ്റുകള്‍ നടത്തി, അവരെ ഭയം തീറ്റിച്ച്, വോട്ടുബാങ്കാക്കി മാറ്റാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സഹായിച്ചത് ആ ഇക്കോസിസ്റ്റം ആണ്.
ഹരിയാനയിലെ ജുനൈദിനെയും ബീഹാറിലെ ദാദ്രിയേയും അവര്‍ ആണ് കേരളത്തിന് സുപരിചിതമാക്കിയത്. ഭരണകൂടത്തിന്റെ തണലും ഒത്താശയും കണ്ണടക്കലും ആണ് ഇതിരിച്ച് കൊടുക്കുന്നത്. അങ്ങനെ കേരളത്തില്‍ പരസ്പരം പരിപോഷിപ്പിക്കുന്ന രണ്ട് സിസ്റ്റങ്ങള്‍ ആണ് ഇവ.
ആ ബന്ധത്തിലാണ് ഇപ്പോള്‍ ചെറിയ ഉരസല്‍ സംഭവിച്ചിരിക്കുന്നത്, അല്ലെങ്കില്‍ രണ്ട് കൂട്ടരും കൂടി Justice4 Walayar Sisters (ജസ്റ്റിസ് ഫോര്‍ വാളയാര്‍ സിസ്റ്റേഴ്‌സ് )മുന്നേറ്റത്തെ ഇല്ലാതാക്കാന്‍ നാടകം കളിക്കുന്നതാണ്. രണ്ടായാലും പിണറായി ആയിരിക്കും കീഴടങ്ങാന്‍ പോകുന്നത്.
കുറച്ച് ദിവസങ്ങള്‍ക്കകം പിണറായി ഈ കേസില്‍ പ്രതിഷേധക്കാര്‍ക്ക് കീഴടങ്ങുന്നത് കാണേണ്ടി വരികയാണെങ്കില്‍ ഓര്‍ക്കാന്‍ മറക്കരുത്, നമ്മുടെയൊക്കെ മനോവ്യാപാരങ്ങളെ നിയന്ത്രിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ഇക്കോസിസ്റ്റത്തെക്കുറിച്ച്.