നട്ടുച്ചക്കെന്തോ വെട്ടം
പെട്ടെന്ന് നിലച്ചത് പോലെ
ചൊടിയറ്റ മുഖത്തോടെന്‍ മകള്‍
പടികേറിയകത്തു കടക്കേ
വാടിയ പൂവള്ളി കണക്കെ
തല താഴ്ന്നു കിടക്കുന്നല്ലോ
കണ്‍കോണില്‍ കണ്ണീര്‍പ്പൂക്കള്‍
ചെഞ്ചുണ്ടില്‍ ചെറിയൊരു തേങ്ങല്‍
മെല്ലെ ചേര്‍ന്നണയും നേരം
ചെറുതേങ്ങല്‍ കണ്ണീര്‍പ്പെയ്ത്തായ്
പ്ലസ് ടുവിന്‍ ഫലമാണത്രെ
എ പ്ലസ് മാര്‍ക്കൊന്നിലുമില്ല
ഭൂലോകമിതൊറ്റപ്പുസ്തക
മതിലേതോ പാഠം ജീവിത
മെഴുതുന്നു പരീക്ഷകള്‍ നമ്മളി
തോരോരോ രാവും പകലും
വളരേണം മാനുഷനായി
ട്ടതിലേറൊരു വിജയം വേണ്ട
അക്ഷരമൊരു യോഗം മാത്രം
സത്കൃതിയതിലൊന്നേ പുണ്യം
ഇന്നാട്ടിലെ നായും നരിയും
നാത്തുമ്പില്‍ നീരില്ലാതെ
ദാഹിച്ചു മരിക്കുന്നേരം
മുറ്റത്തൊരു മാവില്‍ ചോട്ടില്‍
മണ്‍ചട്ടിയില്‍ നിറയെത്തെളിനീര്‍
നല്‍കിയതിനെത്തറയേപ്ലസ്
അന്നൊരുനാള്‍ പെരുവഴിയോര
ത്തേതോപെണ്ണൊരുപൊരി വെയിലില്‍
സ്മൃതിയറ്റു കിടക്കുന്നേരം
നീ നല്‍കിയ നീരും ചോറും
നീ നല്‍കിയ സ്‌നേഹത്തണലും
അതുമാത്രം മതിയെന്‍ കണ്ണേ
ആ കരുതലിനെത്തറയേപ്ലസ്
അരികത്തെ വീട്ടിലെയമ്മ
പനിയേറ്റു മരിച്ചൊരു നാളില്‍
ആ മക്കള്‍ തളര്‍ന്നു കിടക്കേ
ആ രാവിലൊരിത്തിരി ചിമ്മാ
താരോരും പറയാതവരെ
കൈകോര്‍ത്തണചേര്‍ത്തു പിടിച്ചൊരു
തണലായതിനെത്തറയെപ്ലസ്
അയലത്തെ കല്യാണത്തിന്
നാടെല്ലാമോടുന്നേരം
അപ്പെണ്ണിന്നൊരു താങ്ങായി
നീയും ചേര്‍ന്നോടിയതല്ലേ
അമ്മക്കൊരു ദീനം വന്നി
ട്ടാസ്പത്രീലായൊരു നാളില്‍
ഈ വീടൊരു ചുമലില്‍ താങ്ങി
രാപ്പകല്‍ നീ നീക്കിയതല്ലേ
ഒട്ടൊന്നു തളര്‍ന്നൊരു നേരം
അച്ഛന്റെ നെഞ്ചില്‍ കണ്‍ ചേര്‍
ത്തൊരുപാടു തുടിക്കല്ലേയെ
ന്നാശ്വാസം ചേര്‍ത്തവളല്ലേ
നീ താണ്ടും വഴികളിലെല്ലാം
സ്‌നേഹത്തിന്‍ സൗമ്യസുഗന്ധം
നീ കണ്ട കിനാക്കളിലെല്ലാം
ത്യാഗത്തിന്‍ പുണ്യസുഗന്ധം
നീ താങ്ങും താഴ്മയിലാണീ
ലോകത്തിന്‍ തേരോട്ടങ്ങള്‍
നീ താങ്ങും താഴ്മയിലാണീ
കാലത്തിന്‍ നീരോട്ടങ്ങള്‍
ജീവിതമതിലൊറ്റപ്പാഠം
സഹജീവിസ്നേഹം മാത്രം
അതിലപ്പുറമില്ലെന്‍ കണ്ണേ
എ പ്ലസ്സുകളൊന്നും മണ്ണില്‍