മരിപ്പാഴി
മധുശങ്കര്‍ മീനാക്ഷി
ഡിസിബുക്‌സ്
പേജ്: 336 വില: 339
ഫോണ്‍: 7290092216
കാഴ്ചക്കാരുടെ ആഗ്രഹപ്രകാരം വട്ടത്തിലും നീളത്തിലും സമചതുരത്തിലും കുളം നിര്‍മ്മിച്ച പെരുന്തച്ചന്‍, കഥയിലും വര്‍ത്തമാനത്തിലും എന്നും അത്ഭുതമാകുന്നു. സര്‍ഗ്ഗക്രിയയിലെ അത്തരം അത്ഭുതങ്ങള്‍ അതതുകാലത്ത് സംഭവിക്കാറുണ്ട്. എക്കാലവും അവ ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യും. മനസ്സിനെ വിഭ്രാമകമായ ലോകത്തേക്കുയര്‍ത്തി, അവിടെ വട്ടംചുഴറ്റിയിട്ട്, അതിവേഗം താഴേക്കെറിഞ്ഞ്, പിന്നെയും കൈവെള്ളയിലെടുത്ത് തട്ടിക്കളിക്കുന്ന കളിയുണ്ടല്ലോ- ആ സര്‍ഗ്ഗകേളി ഒരുപക്ഷേ സാഹിത്യത്തിലും ചിത്രകലയിലുമാണ് അത്രമാത്രം സാദ്ധ്യത. ചിത്രകലയില്‍ അത്തരം വിഹ്വലതകള്‍ തീര്‍ത്ത ഒരാള്‍ അക്ഷരങ്ങള്‍കൊണ്ട് ആ കളി തുടരുന്നതനുഭവിക്കുന്ന ആനന്ദമാണ് ‘മരിപ്പാഴി’യിലിറങ്ങിയപ്പോള്‍ അനുഭവിച്ചത്.
മധുശങ്കര്‍ മീനാക്ഷി പത്രപ്രവര്‍ത്തകനാണ്. ചിത്രകാരനാണ്, ഡിജിറ്റല്‍ പെയിന്റിങ്ങുകള്‍ നിത്യേനയെന്നവണ്ണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അവ ഉറക്കം കെടുത്തിയപ്പോഴൊക്കെ, ഇവ രചിക്കുന്ന മധുശങ്കര്‍ എങ്ങനെ ഉറങ്ങുന്നുവെന്ന് ഞാന്‍ അത്ഭുതംകൂറിയിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് കനമേറിയ കൂടംകൊണ്ടുള്ള അടിയുടെ ആഘാതവും ശബ്ദവുമായി ‘മരിപ്പാഴി’വന്നത്. ‘പുള്ളിക്കറുപ്പന്‍’ എന്ന ആദ്യ നോവല്‍ ഒരു അതിശയിപ്പിക്കലായിരുന്നു. ‘മരിപ്പാഴി’ അതിനുംമേലേ, വായനയുടെ അശാന്തിക്ക് ശാശ്വതമായ ഒരു ശില്‍പ്പംപോലെ അത് മുന്നില്‍ നില്‍ക്കുന്നു.
ജീവിതം രൂപപ്പെടുത്തിത്തരുന്ന ദര്‍ശനവും വിമര്‍ശനവും ഒരു ദംശനമായി മാറുന്നു ഈ നോവലില്‍. മരണം ജീവിതത്തെ ആഞ്ഞാഞ്ഞ് കൊത്തുകയാണ്. ഒമ്പതുചുറ്റുവിറകടുക്കി തീ പൂട്ടിയാലും വെണ്ണീറാകാതെ കിടക്കും ‘മരിപ്പാഴി’ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ മനസ്സില്‍. മരണത്തിന്റെ, ജീവിതത്തിന്റെ, രതിയുടെ, കുറ്റവാസനയുടെ, ആസക്തിയുടെ, ആര്‍ത്തിയുടെ, കലയുടെ ചിതാഗ്‌നിതാണ്ഡവങ്ങളാണ് ഈ നോവലില്‍.
പഞ്ചഭൂതങ്ങള്‍ വിഘടിക്കുന്ന ഗംഗാതീരത്തെ ചിതാഘാട്ടുകളില്‍ പോയപ്പോഴെല്ലാം ചിതകള്‍ക്കടുത്ത് നിന്ന് എരിഞ്ഞടങ്ങുന്നത് കണ്ടപ്പോഴെല്ലാം, തണുപ്പിന്റെ നിര്‍വികാരതയും തപസ്സിരിക്കലിന്റെ ശാന്തിയുമാണ് എനിക്ക് തോന്നിയത്; ‘മരിപ്പാഴി’ വായിക്കുംവരെ. ആറാം നമ്പര്‍ ചുടലയുടെ കാവല്‍ക്കാരന്‍ ‘തിമോത്തിദേവും’ കാശിയിലെ കാലഭൈരവന്റെ മുഖ്യ പൂജാരി ‘ആചാര്യ ബസുദേവ് അഡിഗ’യും ചര്‍ച്ച ചെയ്ത സംശയങ്ങളും മറുപടികളും ‘മരിപ്പാഴി’ക്ക് നല്‍കിയ ദാര്‍ശനിക സ്വരൂപം അതിവേഗം സങ്കീര്‍ണമായ ഗൂഢസ്വഭാവം കൈവരിക്കുകയും ഒരു കുറ്റാന്വേഷണത്തിന്റെ അന്തരീക്ഷത്തില്‍ വളരുകയും ക്ഷണത്തില്‍ അസാമാന്യമായ തലത്തിലേക്ക് ആത്മീയമായി ഉയരുകയും തികച്ചും അനന്യമായ തലത്തില്‍ പരിണാമം പ്രാപിക്കുകയും ചെയ്യുമ്പോള്‍ നോവലിസ്റ്റിന്റെ കൈത്തഴക്കം ആസ്വാദകനെ അമ്പരപ്പിക്കും.
ഘടനയില്‍, ഭാഷയില്‍, കല്‍പ്പനയില്‍, ആവിഷ്‌കാരത്തില്‍ ‘മരിപ്പാഴി’ എത്തിനില്‍ക്കുന്ന ഔന്നത്യം മലയാളത്തിലെയെന്നല്ല മറ്റുഭാഷകളിലെയും നോവലുകള്‍ക്കുപരിയാണ്. ”ഞാന്‍ എഴുതിപ്പോയ നോവല്‍” എന്നൊക്കെ മധുശങ്കര്‍ പറയുമ്പോള്‍ അത് വെറുതേയല്ലെന്ന് അങ്ങനെ തോന്നിപ്പിക്കുകതന്നെ ചെയ്യും ഇതിന്റെ വായന. കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് വാക്കുകളും സംഭാഷണങ്ങളും വെളിച്ചപ്പാടിന്റെ നാവിലെന്നതുപോലെ വായനവഴിയില്‍ വീണുപൊട്ടുകയാണ്.
അചേതനങ്ങള്‍ ഇത്രമാത്രം സംസാരിക്കുന്ന, മരിച്ചവര്‍ ജീവിതം രുചിക്കുന്ന, അത് ഇത്രമാത്രം വിശ്വസനീയമായി അനുഭവിപ്പിക്കുന്ന ‘മരിപ്പാഴി’ക്ക് മാതൃകപറയാന്‍ ഒരു മാന്ത്രിക നോവല്‍പോലും ഉണ്ടായിട്ടില്ല.
കഥാപാത്രങ്ങളുടെയും കഥാസ്ഥലികളുടെയും പേരടക്കം ഇത്രത്തോളം കൃത്യമായ അവതരണം അസൂയപ്പെടുത്തുന്നതാണ്. കാലനെത്തേടിപ്പോയ ‘നചികേതസ്സി’ന്റെ കഥയും ഫലവുമാണ് കഠോപനിഷത്തിന്റെ കാമ്പ്. മരണത്തിനപ്പുറത്തെ ജീവിതവും ലോകവും, അത് കഥയല്ല, അനുഭവമാണെന്ന് ‘മരിപ്പാഴി’യും സാക്ഷ്യപ്പെടുത്തുന്നു.
മലയാളത്തിലെ എക്കാലത്തേയും എഴുത്തായി മാറിയിട്ടുള്ള ‘ഖസാക്കിന്റെ ഇതിഹാസ’ത്തില്‍ നായകന്‍ രവിക്ക് അവസാനം എന്തു സംഭവിക്കുന്നു? മരിക്കുകയാണോ ജീവന്മുക്തി സംഭവിക്കുകയാണോ? അതോ കഥാപാത്രമായി അമരത്വം പ്രാപിക്കുകയാണോ? ‘മരിപ്പാഴി’യില്‍ ആചാര്യ ബസുവിനും തിമോത്തിക്കും സംഭവിക്കുന്നത് സമാനമായതെന്തോതന്നെ. പിംഗളകേശിനിയുടെ ദംശനം ഈ നോവലിനെ കാലാതീതമാക്കുന്നുവെന്ന് ഞാന്‍ പറയും. ഏതു കാലത്തും വായിക്കാന്‍ പറ്റുന്നത്, എത്രവട്ടം വായിച്ചാലും പുതുമ നശിക്കാത്തത്, വായന പൂര്‍ത്തിയായെന്ന് തോന്നാത്തതാണ് ഈ ‘മരിപ്പാഴി.’ മലയാളത്തിലെ സര്‍ഗ്ഗസാഹിത്യത്തിലെ നാഴികക്കല്ലാണിത്. പെരുന്തച്ചന്റെ കുളംപോലെ ഇത് മികച്ച വായനക്കാരനെ എന്നും വിസ്മയിപ്പിക്കും.