പുതിയ കാഴ്ചകളും അനുഭവങ്ങളുമായി യാത്ര ലഹരിയാകുമ്പോഴും ഇടയ്‌ക്കെപ്പോഴൊക്കെയോ വീട് നമ്മെ വിളിച്ചുകൊണ്ടിരിക്കും. വളഞ്ഞും തിരിഞ്ഞും കൂറ്റന്‍ മലമുകളിലേക്കും ചിലപ്പോള്‍ താഴേക്കുമായുള്ള തുടര്‍ച്ചയായ യാത്രകള്‍ സൃഷ്ടിച്ച ശാരീരിക അസ്വസ്ഥതയില്‍പ്പെട്ട് അവശയായി കാറില്‍ കണ്ണ് തുറക്കാനാകാതെ കൂനിക്കൂടി മണിക്കൂറുകളോളം ഇരിക്കേണ്ടിവന്നു. എല്ലാ ദിവസവും യാത്ര തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ വണ്ടി സൈഡാക്കി കുടല്‍ പറിഞ്ഞുപോകും വിധം ശക്തമായി നടത്തുന്ന വൊമിറ്റിങ്ങിനിടെയാണ് അധികവും വീട് വലിയൊരു പ്രലോഭനമാകുന്നത്. എത്ര സ്വസ്ഥവും സുരക്ഷിതവുമായ ഒരിടമാണ് അതെന്ന വലിയ തിരിച്ചറിവ് അപ്പോഴാണ് ഉണ്ടാകുന്നത്.
തിരിച്ചു വരാനൊരിടമുണ്ടെന്നതാണ് പുറപ്പെട്ടിറങ്ങുന്നവന്റെ ഏറ്റവും വലിയ ധൈര്യം. സ്വന്തം ബലഹീനതകളും ശക്തിയും എന്താണെന്നും യാത്ര ബോധ്യപ്പെടുത്തും. നാല് ചുവടുനടന്ന് കിതച്ച് അവശയായി നില്‍ക്കുമ്പോള്‍ ചിട്ടയായ ജീവിതശൈലിയാല്‍ വാര്‍ത്തെടുത്ത ആരോഗ്യത്തിന്റെ ഉത്സാഹത്തില്‍ ബഹുദൂരം മുന്നിലെത്തുന്ന സഹയാത്രികനോട്, അത് ഭര്‍ത്താവായിട്ടും അസൂയ തോന്നി, ഒപ്പം ദിനചര്യകളില്‍ അദ്ദേഹം പുലര്‍ത്തുന്ന കണിശതയോര്‍ത്തപ്പോള്‍ ബഹുമാനവും.
ദേവഭൂമിയിലെത്തി എട്ടാംനാളാണ് ആ യാത്ര നിശ്ചയിക്കപ്പെട്ടത്. കേട്ട് കേട്ട് കൊതിപ്പിച്ച സ്ഥലം, കുളു മണാലി. ധര്‍മശാലയില്‍ നിന്ന് 235 കിലോമീറ്റര്‍ ദൂരമുണ്ട് മണാലിയിലേക്ക്. രാവിലെ കാപ്പികുടി കഴിഞ്ഞ് പുറപ്പെട്ടാല്‍ ആറേഴ് മണിക്കൂറെടുക്കും മണാലിയിലെത്താനെന്ന് ഡ്രൈവര്‍ പറഞ്ഞു. റോഡിന്റെ സ്ഥിതിയും ഗതാഗതവും അനുസരിച്ച് സമയം മുന്നോട്ടോ പിന്നോട്ടോ പോകുമെന്നും അയാള്‍ സൂചിപ്പിച്ചു. മലകള്‍ കയറിക്കയറി മുകളിലേക്കാണ് യാത്ര. മനസ്സ് ആവേശത്തിലായി. നഗരപ്രാന്തങ്ങളിലുള്ള പ്രദേശങ്ങളാണ് ഇതുവരെ സന്ദര്‍ശിച്ചത്. ഇതിപ്പോള്‍ പൂര്‍ണമായും പരമ്പരാഗത ഹിമാചല്‍ കാഴ്ചകളിലേക്കാണ് കടക്കുന്നത്. ഒരു വശത്ത് വന്‍മലകളുടെ നീണ്ട നിരകള്‍. മറുഭാഗത്ത് അഗാധമായ താഴ്‌വരകള്‍. കുന്നിന്‍മുകളിലും താഴ്‌വാരങ്ങളിലുമായി ഒറ്റപ്പെട്ട ഗ്രാമങ്ങള്‍. തട്ടുകളായി തിരിച്ചെടുത്ത കൃഷിഭൂമിയില്‍ മിക്കയിടത്തും ഗോതമ്പ് വിളവെടുപ്പ് നടക്കുകയാണ്. ആപ്പിള്‍ മരങ്ങളും മാതളനാരകവും നിറഞ്ഞ കൃഷിഭൂമിയും കണ്ടു. നെല്ലിക്ക വലിപ്പമെത്തിയതേയുള്ളു ആപ്പിള്‍. മലകള്‍ക്കിടയില്‍ സൗകര്യപ്രദമായ ചില സ്ഥലങ്ങള്‍ ഒരുക്കിയെടുത്താണ് ഗ്രാമീണര്‍ കൃഷി നടത്തുന്നത്.
കൃഷിയും ടൂറിസവുമാണ് ഹിമാചലിലെ പ്രധാന വരുമാനമാര്‍ഗം. ഈ വന്‍കുന്നുകള്‍ക്ക് മുകളില്‍ ജലവിതരണം എങ്ങനെയാകുമെന്ന് ആലോചിച്ചപ്പോള്‍ തന്നെ ഉത്തരം കിട്ടി. ശുദ്ധവായുവിനും വെള്ളത്തിനും ഒരു കുറവുമില്ലാത്ത നാടാണിത്. അകലെ തെളിഞ്ഞുനില്‍ക്കുന്ന മഞ്ഞുമലകളില്‍ നിന്ന് മഞ്ഞുരുകി ചെറിയ നീര്‍ച്ചാലുകള്‍ പലവഴിക്ക് ഒഴുകിപ്പരക്കുന്നുണ്ട്. വഴിയരുകില്‍ പോലും അത്തരത്തിലെത്തുന്ന വെള്ളം സംഭരിച്ച് കച്ചവടക്കാര്‍ ഉപയോഗിക്കുന്നത് കണ്ടിരുന്നു. ശുദ്ധതയുടെ പാരമ്യത്തെ വിശേഷിപ്പിക്കാനാണ് തുളസിപ്പൂവിനെ കൂട്ടുപിടിക്കുന്നതെങ്കില്‍ ഈ ദേവഭൂമിയേയും വിശേഷിപ്പിക്കാം തുളസിപ്പൂവ് പോലെ നൈര്‍മല്യമുള്ള ഒരു നാടെന്ന്.
ഹിമാചല്‍ പ്രദേശിലെ വന്‍മലകള്‍ കണ്ടിരിക്കുമ്പോള്‍ മനസ്സ് പലവിധ ചിന്തകളിലായി. ഭീമാകാരനായ രാക്ഷസന്‍ എന്ന് കുട്ടിക്കാലത്ത് കഥാപുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്. എന്തുകൊണ്ടോ വന്‍മലകള്‍ക്ക് ഭീമാകാരരായ ആ രാക്ഷസന്മാരുടെ രൂപസാദ്യശ്യം തോന്നി. അല്‍പ്പം കഴിഞ്ഞപ്പോള്‍ പച്ചപ്പും പൂക്കളുമായി അവ രൂപവും ഭാവവും മാറി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ രാക്ഷസസങ്കല്‍പ്പം എവിടെയോ പോയൊളിച്ചു. പകരം ദിവ്യമായ ഒരു പരിവേഷമണിഞ്ഞ് തലയുയര്‍ത്തി കൈകള്‍ വിരിച്ചുകിടക്കുന്ന വന്‍മലകളോട് ഈശ്വരനോടെന്നപോലെ ഭക്തിയും വിധേയത്വവുമായി. ഞാനെത്ര നിസ്സാരയെന്ന തിരിച്ചറിവോടെ ആ മഹാമേരുവിന്റെ ചുവട്ടിലെ ചെറിയൊരു പൊത്തില്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നപോലെ ചരുണ്ടുകൂടി അഭയം തേടാന്‍ മനസ്സ് കൊതിച്ചു. ഉണങ്ങിയ പുല്‍പ്പരപ്പുനിറഞ്ഞ പാറക്കെട്ടുകളെ വഹിച്ചുനില്‍ക്കുന്ന അതേ മഹാമേരുക്കള്‍ മാമുനിമാരെയും ഓര്‍മ്മിപ്പിച്ചു. കൊട്ടിയൂരിലെ ഓടപ്പൂവിനെ ഓര്‍മിപ്പിക്കുന്ന ഉണങ്ങിയപുല്ലുകള്‍ പടര്‍ന്നിറങ്ങി ശിലകളെ പൊതിഞ്ഞ് അവയെ മൗനം കൊണ്ടും രൂപം കൊണ്ടും മുനിയാക്കുന്നു. എങ്ങനെയാണ് ഹിമാചലിലെ മഹമേരുക്കളെ വിശേഷിപ്പിക്കേണ്ടെതന്ന് അറിയില്ല. മനുഷ്യനെത്ര നിസ്സാരനാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ പ്രകൃതി അവനെ ബോധ്യപ്പെടുത്തുകയാണ് ഇവിടെ. വലിയ യന്ത്രങ്ങളുടെ സഹായത്തോടെ കരിങ്കല്ലുകള്‍ ഇളക്കിമാറ്റിയും മണ്ണിടിച്ചും റോഡിന് വീതി കൂട്ടുന്നുണ്ട് മിക്കയിടത്തും. പക്ഷേ കല്ലുകള്‍ അടര്‍ത്തിയെടുത്ത് കോണ്‍ക്രീറ്റിട്ട് ഒരുക്കിയെടുക്കുന്ന വഴിയിലേക്ക് വന്‍കല്ലുകള്‍ ഉരുട്ടിവിട്ട് താറുമാറാക്കി കുസൃതി കാണിക്കുകയാണ് പ്രകൃതി.
രാവിലെ പുറപ്പെട്ടതാണ്. റോഡുപണിയും ഗതാഗതക്കുരുക്കും കാരണം പകുതി ദൂരംപോലും എത്തിയിട്ടില്ല. പക്ഷെ കണ്ട് മതിവരാത്ത മലകളും തടാകങ്ങളും സമതലങ്ങളും ഗ്രാമങ്ങളും യാത്രയിലെ മുഷിവ് ഒഴിവാക്കി, വേനല്‍ക്കാലമായതിനാല്‍ നദികള്‍ വറ്റിത്തുടങ്ങിയിട്ടുണ്ട്. ഉരുളന്‍ കല്ലുകള്‍ക്കിടയില്‍ കണങ്കാല്‍ വരെ മഞ്ഞിന്റെ തണുപ്പുള്ള വെള്ളം. ഇറങ്ങിയാല്‍ തീയില്‍ ചവിട്ടുന്നതുപോലെ വെള്ളത്തില്‍ നിന്ന് കാല്‍ പിന്‍വലിക്കേണ്ടിവരും, അത്രയ്ക്കുണ്ട് തണുപ്പ്. ചിലയിടങ്ങളില്‍ നിറയെ വെള്ളവുമായി പാഞ്ഞൊഴുകുന്ന നദിയും കണ്ടു. അടുത്തെവിടെയോ അണക്കെട്ടുണ്ടാകുമെന്ന് ഭര്‍ത്താവ് പറഞ്ഞു. എന്തായാലും രസകരമായിരുന്നു യാത്ര.
ദൂരെ കുന്നിന്‍മുകളില്‍ രണ്ട് നിലകളുള്ള പരമ്പരാഗത ഹിമാചല്‍ വീടുകള്‍ കാണാം. വന്‍മലകളെപ്പോലെ വന്‍മരങ്ങളുടെയും നാടായതിനാല്‍ തടിക്ക് യാതൊരു ക്ഷാമവുമില്ല ഇവിടെ. വീടുകളുടെ നിര്‍മാണത്തിലും അത് പ്രകടമാണ്. എന്തായാലും ആറ് മണിക്കൂര്‍ എന്ന് പറഞ്ഞിടത്ത് ഒമ്പത് മണിക്കൂര്‍ വേണ്ടിവന്നു മണാലിയിലെത്താന്‍. അത്യാവശ്യം സൗകര്യമുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഫ്രഷായി പുറത്തിറങ്ങി. സുഖകരമായ തണുപ്പും കാറ്റുമേറ്റ് മതിയാവോളം നടന്നു. ഷോപ്പിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ തെരഞ്ഞെടുക്കാം. ഒമ്പത് മണിക്കൂര്‍ നീണ്ട യാത്രാക്ഷീണം മണാലിയിലെ കാറ്റ് ഒമ്പത് മിനിട്ടുകൊണ്ട് തീര്‍ത്തെന്ന് പറയാം.
വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ മണാലി സഞ്ചാരിക്ക് നല്‍കുന്ന സംതൃപ്തി ചെറുതല്ല. ഏറ്റവും പ്രധാനം മഞ്ഞുമലകളുടെ നെറുകയിലേക്കുള്ള യാത്ര തന്നെയാണ്. മഞ്ഞുമലകള്‍ക്ക് നടുവില്‍ മഞ്ഞില്‍ ചവിട്ടി നിന്ന് പ്രകൃതിയെ കാണുക എന്നത് അവിസ്മരണീയമായ അനുഭവമാണ്. കുളു ജില്ലയുടെ ഭാഗമായതിനാലാകാം കുളു മണാലി എന്ന് പറയുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1950 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം, ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്ന് 250 കിലോമീറ്റര്‍ ദൂരം. ഹിമാചലിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണെങ്കിലും പുരാണകഥാപാത്രമായ മനുവിന്റെ പേരില്‍നിന്നാണ് മണാലി എന്ന പേരുവന്നതെന്നാണ് ഐതിഹ്യം. സപ്തര്‍ഷികളുടെ വാസസ്ഥാനമായും മണാലി അറിയപ്പെടുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങള്‍ക്ക് ഒരു കുറവുമില്ല ഇവിടെ. ഏറ്റവും അധികം ആളുകളെത്തുന്നത് മണാലി സിറ്റിയ്ക്ക് തൊട്ടടുത്തായി വന്‍ ദേവദാരുമരങ്ങളുടെ നടുവില്‍ കഴിയുന്ന ആ അമ്മയേയും മകനേയും കാണാന്‍ തന്നെയാണ്. രണ്ടുപേര്‍ക്കും മറ്റൊരിടത്തും ഇടമില്ല എന്ന പ്രത്യേകതയുമുണ്ട്. മഹാഭാരതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളായ ഹിഡുംബിയും മകന്‍ ഘടോത്കചനുമാണ് ഇവിടെ പ്രതിഷ്ഠ. പുരാതന ശൈലിയില്‍ പ്രത്യേക പൂജാസംവിധാനങ്ങളോടെ വലിയൊരു ക്ഷേത്രത്തില്‍ അമ്മ കുടികൊള്ളുമ്പോള്‍ കാറ്റും മഴയുമേറ്റ് അമ്മക്ക് കാവലെന്നപോലെ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്ത് പുറത്ത് ഒരു ആല്‍മരച്ചുവട്ടിലാണ് ഘടോത്കചന്‍. ഹിഡുംബിയോട് എന്നും ബഹുമാനം തോന്നിയിട്ടുണ്ട്. കാട്ടുജാതിക്കാരിയാണെങ്കിലും എത്ര ഔന്നത്യത്തോടെ അവള്‍ ജീവിച്ചു, പിറന്നുവീണ നിമിഷം ഉപേക്ഷിച്ചുപോയതാണ് അച്ഛന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വന്നത് മകന്റെ ജീവന് വേണ്ടിയാണെന്നും അവള്‍ അറിഞ്ഞിരുന്നിരിക്കണം. രാക്ഷസിയായി ജനിച്ച് ദേവതയായി ജീവിച്ച ഒരുവള്‍. ഹിഡുംബിയുടെ പ്രതിഷ്ഠക്ക് മുന്നില്‍ നിന്നപ്പോ ള്‍ മനസ്സില്‍ തിങ്ങിനിറഞ്ഞത് ഭക്തിയേ ആയിരുന്നില്ല, പകരം ഏറെ പ്രിയപ്പെട്ട ഒരാളോടുള്ളപോലെ നിറയെ ഇഷ്ടം.

ഗ്രേറ്റ് ഹിമാലയന്‍ നാഷണ ല്‍ പാര്‍ക്ക്, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി, വ്യാസമഹര്‍ഷി സ്‌നാനം ചെയ്‌തെന്ന് കരുതുന്ന ഋഷികുണ്ഡ്, 1500 വര്‍ഷം പഴക്കമെന്ന് വിശ്വസിക്കുന്ന ഭുവനേശ്വരി ക്ഷേത്രം തുടങ്ങി ദിവസങ്ങളോളം നടന്നുകാണാന്‍ ഒരുപാടുണ്ട് മണാലിയില്‍. മഞ്ഞുകാലത്ത് ഇവിടെ എത്തിയിട്ട് പ്രത്യേകിച്ചൊരു കാര്യവുമുണ്ടാകില്ല, തണുപ്പുകൊണ്ട് പുറത്തിറങ്ങാനാകില്ല. മാര്‍ച്ച് മുതല്‍ ജൂലായ് വരെയാണ് സഞ്ചാരികള്‍ക്ക് ഏറ്റവും അനുകൂലമായ കാലാവസ്ഥയെന്ന് ബിനു നേരത്തെ പറഞ്ഞിരുന്നു. സമയപരിമിതി മൂലം എല്ലായിടവും സന്ദര്‍ശിക്കാനായില്ല. പക്ഷേ സോലാംഗ് വാലി ഒഴിവാക്കാനാകുമായിരുന്നില്ല. അതിന് പിന്നില്‍ വലിയൊരു കാരണമുണ്ടല്ലോ. അവിടെയാണ് ആ സ്വപ്‌നം സഫലമായത്. ഒരു കുഞ്ഞിക്കിളി ആകാശത്ത് എത്രമാത്രം സ്വതന്ത്രമാണെന്ന് സ്വയം അറിയാന്‍ കഴിഞ്ഞ കുറച്ചുനിമിഷങ്ങള്‍…
ബിര്‍ ബില്ലിങ്ങിലേതുപോലെയല്ല മണാലിയിലെ പാരാഗ്ലൈഡിംഗ്. അധികം ഉയരത്തില്‍ പോകില്ല, അധികം സമയം എടുക്കുകയുമില്ല. ആയിരം രൂപ നല്‍കിയാല്‍ ഒരാള്‍ക്ക് അഞ്ചാറ് മിനിട്ട് ആകാശത്ത് ഒഴുകി തിരിച്ചിറങ്ങാം. ഇനി ആരുപറഞ്ഞാലും പിന്നോട്ടില്ല എന്ന ഉറച്ച നിലപാടില്‍ അദ്ദേഹം ആയിരം രൂപ നല്‍കി പറക്കല്‍ ബുക്ക് ചെയ്തുകഴിഞ്ഞു. അപ്പോഴും ‘ഞാനില്ല’ എന്ന് ഉറപ്പിച്ചുപറഞ്ഞു. ഏജന്റുമാര്‍ പറക്കേണ്ട ആളെ പരിശീലകനെ ഏല്‍പ്പിക്കും. അല്‍പ്പം ദൂരത്തായുള്ള ചെറിയൊരു കുന്നിന്‍മുകളില്‍ നിന്ന് പറന്നുപൊങ്ങി അല്‍പ്പനേരം ആകാശത്ത് കറങ്ങിയതിന് ശേഷം തിരിച്ചിറക്കും. പരിശീലകനൊപ്പം പോയ ഭര്‍ത്താവ് പറന്നിറങ്ങുന്നതും കാത്ത് വിശാലമായ ആ ഗ്രൗണ്ടിന്റെ ഒരു മൂലയിലിരുന്നു. നേരം കുറെയായി, പലരും പറന്ന് വന്ന് ലാന്‍ഡ് ചെയ്യുന്നു, അദ്ദേഹത്തെ മാത്രം കാണുന്നില്ല. ആകെ വിഷമിച്ചുപോയ നിമിഷങ്ങളായിരുന്നു അത്. എന്തിനാണ് പോകാന്‍ അനുവദിച്ചതെന്ന് സ്വയം ശപിച്ചിരിക്കുമ്പോള്‍ തലക്ക് മുകളില്‍ ഉയരത്തില്‍ പറന്നു നടക്കുന്ന പാരച്യൂട്ടില്‍ നിന്നൊരാള്‍ ചിരിയോടെ കയ്യുയര്‍ത്തിക്കാണിക്കുന്നു. അപ്പോഴാണ് ആശ്വാസമായതും കണ്ണും മനസ്സും തുറന്ന് ആകെയൊന്ന് നോക്കിയതും. ശരിയാണ് എല്ലാവരും സന്തോഷത്തിലാണ്, അല്‍പ്പം പോലും പരിഭ്രാന്തിയില്ലാതെ പറക്കലിന്റെ ആനന്ദത്തില്‍ ആകാശത്ത് അവര്‍ വട്ടം ചുറ്റുകയാണ്. മനസ്സിലൊളിഞ്ഞുകിടന്ന ആ പഴയ കുഞ്ഞിക്കിളി തലനീട്ടി വീണ്ടും ചോദിക്കാന്‍ തുടങ്ങി, ‘പറക്കുന്നില്ലേ’. തിരിച്ചിറങ്ങിയ ഭര്‍ത്താവിനരുകിലേക്ക് ഓടിയെത്തി, എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് സൂപ്പര്‍ എന്ന മറുപടി കിട്ടിയപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞു, എനിക്കും പറക്കണം.
വലിയ ആവേശത്തിലാണ് പറക്കാന്‍ തീരുമാനിച്ചതൈങ്കിലും ഫീസടച്ച് പരിശീലകനൊപ്പം ആ കുന്നിന്‍മുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ആകെ പേടിയായിത്തുടങ്ങി. ദൈവമേ വേണ്ടായിരുന്നു, എങ്ങാനും താഴെ വീണുപോകുമോ, പേടിയായി ബോധം പോകുമോ തുടങ്ങി ആയിരം ചിന്തകളില്‍ മനസ്സുലഞ്ഞു. പാരച്യൂട്ടിലെ സീറ്റിലിരുത്തി ബെല്‍റ്റൊക്കെ മുറുക്കിയിടുന്ന പരിശീലകന്‍പയ്യനോട് എനിക്ക് പറക്കേണ്ട എന്ന് പറഞ്ഞ് തിരിഞ്ഞോടാന്‍ തോന്നി. പക്ഷേ ഒന്നിനുമാകാതെ നിസ്സഹായയായി ഇരിക്കേണ്ടി വന്നപ്പോള്‍ മനസ്സ് സ്വയം പറഞ്ഞു. എന്തായാലും ഇത്രയുമായി ഇനി വരുന്നിടത്തുവച്ചുകാണാം.
ഒട്ടും ധൈര്യമില്ലാതെ ഭയന്ന് കീഴടങ്ങിനില്‍ക്കുമ്പോള്‍ പാരച്യൂട്ട് പറക്കാനുള്ള ചലനം തുടങ്ങി. ദൈവമേ എന്ന് മനസ്സില്‍ വിളിച്ച് മുറുകെ പിടിച്ചിരിക്കുമ്പോള്‍ പതിയെ പരിശീലകന്‍ ചരടുമായി ഓടി കുന്നിന്‍മുകളില്‍ നിന്ന് താഴേക്ക് കുതിച്ചു. ഭൂമിയില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് കടന്ന ആ നിമിഷത്തിന്റെ അനുഭവം അവര്‍ണ്ണനീയമായിരുന്നു. കാറ്റിന്റെ ഗതിക്കനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന ആ പാരച്യൂട്ടില്‍ ഒഴുകിനടക്കുമ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് തുള്ളിത്തെറിച്ചു. കുന്നുകള്‍ക്കും വന്‍മലകള്‍ക്കും ദേവദാരുവൃക്ഷങ്ങള്‍ക്കും മുകളില്‍ മേഘങ്ങള്‍ക്കിടയില്‍ ഒഴുകിനടക്കുന്നതിന്റെ സുഖം ആലോചിച്ചപ്പോള്‍ ബിര്‍ -ബില്ലിങ്ങിലെ നഷ്ടം എത്ര വലുതായിരുന്നു എന്ന് മനസ്സിലായി. ഈ ആനന്ദപ്പറക്കലില്‍ ചരട് പൊട്ടി വീണ് മരിച്ചുപോയാലെന്ത്. അതിലും ധന്യമായൊരു മരണം വേറെന്ത്. എന്നൊക്കെ കാവ്യാത്മകമായി ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ പരിശീലകന്റെ നിര്‍ദേശമെത്തി. കാലുകള്‍ നീട്ടിപിടിക്കുക ഇറങ്ങുകയാണ്..
(തുടരും)