കോണ്‍ഗ്രസ് പാരമ്പര്യം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വന്ന ആളാണ് രണ്ടാം മോദി സര്‍ക്കാരിലെ ഉപരിതല ഗതാഗതവകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഗ്വാളിയോര്‍ രാജകുടുംബാംഗവും മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന മാധവ് റാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ പറഞ്ഞ ഒരു കാര്യം ദേശീയ രാഷ്ട്രീയത്തില്‍ എക്കാലവും പ്രസക്തമാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയെ എതിര്‍ത്ത കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ദേശവിരുദ്ധമാണെന്നും, ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഇതിനോട് പ്രതികരിക്കുമെന്നുമാണ് ഗ്വാളിയോര്‍ സന്ദര്‍ശിച്ച ജ്യോതിരാദിത്യ സിന്ധ്യ ഒരു വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചത്.
ഭാരതം എന്തുകൊണ്ട് കോണ്‍ഗ്രസ് മുക്തമാവുന്നു എന്നതിന്റെ ഉത്തരം ഈ പ്രതികരണത്തിലുണ്ട്. രാജ്യം വിധിനിര്‍ണായകമായ ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ജനങ്ങള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത ഒന്നാണ് പൊതുധാരണയില്‍ നിന്ന് വ്യത്യസ്തമായതും, പുതുതലമുറയുടെ ചിന്തയിലേക്ക് അധികമൊന്നും കടന്നുവരാത്തതുമായ കോണ്‍ഗ്രസിന്റെയും ആ പാര്‍ട്ടിയുടെ നേതാക്കളുടെയും ഭരണാധികാരികളുടെയും ദേശവിരുദ്ധമായ ചെയ്തികള്‍. കോണ്‍ഗ്രസ് അധ്യക്ഷനും ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവില്‍നിന്ന് ഇത് തുടങ്ങുന്നു.
ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരം ഏറ്റെടുത്ത കോണ്‍ഗ്രസ് തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് സഞ്ചരിക്കുകയായിരുന്നു. രാജ്യത്ത് അഞ്ചു പതിറ്റാണ്ടിലേറെക്കാലം തുടര്‍ന്ന ഭരണത്തില്‍ കോണ്‍ഗ്രസ് ചെയ്തുകൂട്ടിയ തെറ്റുകളുടെ കൂമ്പാരമാണ് ഇന്നുകാണുന്ന വിധം ആ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയത്. ജനാധിപത്യ മൂല്യങ്ങളെ പരിഹസിച്ചും രാഷ്ട്രീയ സദാചാരത്തെ കാറ്റില്‍പ്പറത്തിയും കോണ്‍ഗ്രസ് രാഷ്ട്രീയ-ഭരണ രംഗത്ത് നിലനിര്‍ത്തിയ കുടുംബവാഴ്ച തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കപ്പുറം പാര്‍ട്ടിയുടെ അന്ത്യം കുറിക്കുന്നതിലേക്ക് നീളുകയാണ്.
നേതാജിയെ വെട്ടിയവര്‍ നെഹ്‌റുവിനെ വാഴ്ത്തി
സര്‍ദാര്‍ വല്ലഭഭായി പട്ടേലിനു പകരം ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കിയതാണ് കോണ്‍ഗ്രസ് ചെയ്ത ആദ്യ തെറ്റ്. നെഹ്‌റുവിനെ പിന്തുണച്ച മഹാത്മാഗാന്ധിയുടെ ഇഷ്ടത്തിന് വഴങ്ങുകയായിരുന്നു കോണ്‍ഗ്രസ്. അന്നത്തെ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളുടെയൊന്നും പിന്തുണ ഇല്ലാതിരുന്നിട്ടും ജനാധിപത്യ രീതികള്‍ അവലംബിക്കാതെ നെഹ്‌റുവിനെ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുള്ള ആളാവും സ്വാഭാവികമായും പ്രധാനമന്ത്രിയാവുകയെന്ന് മനസ്സിലാക്കി പിതാവായ മോട്ടിലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള ചിലര്‍ നടത്തിയ കരുനീക്കങ്ങള്‍ നെഹ്‌റുവിന്റെ കാര്യത്തില്‍ വിജയം കാണുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ജനങ്ങളുടെയും വന്‍തോതിലുള്ള പിന്തുണയുണ്ടായിരുന്ന സര്‍ദാര്‍ പട്ടേല്‍ ഈ രാഷ്ട്രീയ ഗൂഢാലോചനയിലൂടെ തന്ത്രപൂര്‍വം ഒഴിവാക്കപ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുന്‍പ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയില്‍ എത്തിക്കാന്‍ ഒത്തുകളിച്ചവര്‍ തന്നെയാണ് അധികനാള്‍ മുന്‍പല്ലാതെ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയില്‍ എത്തിയ നേതാജി സുഭാഷ് ചന്ദ്രബോസിനെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയത്. സ്വാതന്ത്ര്യസമര നായകനും ധീരനുമായ നേതാജിയെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തുന്നതില്‍ താല്‍പ്പര്യം കാണിക്കാതിരുന്നവര്‍ വലിയ തെറ്റാണ് രാജ്യത്തോട് ചെയ്തത്. കോണ്‍ഗ്രസിന് പുറത്തുപോയി ഫോര്‍വേഡ് ബ്ലോക്ക് എന്നൊരു പാര്‍ട്ടി രൂപീകരിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയാണ് ബോസ് ചെയ്തത്. നേതാജിയെപ്പോലെ ശേഷിയും ദീര്‍ഘവീക്ഷണവും രാജ്യസ്‌നേഹവുമുള്ള ഒരാള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ കുടുംബാധിപത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മുന്‍കൂട്ടി കണ്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു.
പില്‍ക്കാലത്ത് ഉണ്ടായ സംഭവവികാസങ്ങള്‍ ഇത് തെളിയിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തിന് പുറത്തുപോയി ഐഎന്‍എയുടെ നേതൃത്വത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണയാര്‍ജിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയായിരുന്നു നേതാജി. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുന്‍പായി തായ്‌വാനില്‍ നടന്നതായി പറയപ്പെടുന്ന ഒരു വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവത്രേ. ഈ സംഭവം ഇന്നും ദുരൂഹമായി തുടരുകയാണ്. ഒരു വിമാനാപകടം കൃത്രിമമായി സൃഷ്ടിച്ച് മംഗോളിയവഴി റഷ്യയിലേക്ക് പോകുകയായിരുന്നുവത്രേ നേതാജി. ഇതിന്റെ സത്യാവസ്ഥ എന്തായിരുന്നാലും നേതാജിയുടെ തിരോധാനവും നെഹ്‌റുവിന്റെ പ്രധാനമന്ത്രിയായുള്ള സ്ഥാനാരോഹണവും കൂട്ടിവായിക്കേണ്ടതുണ്ട്.
പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു സ്വന്തം മകള്‍ ഇന്ദിരയെ പിന്‍ഗാമിയായി വാഴിക്കാന്‍ മുന്‍കൂട്ടി തന്നെ പലതും ചെയ്തു. കോണ്‍ഗ്രസ് ചെയ്ത മറ്റൊരു തെറ്റാണിത്. സ്വതന്ത്ര ഭാരതത്തിന്റെ ഭരണത്തില്‍ കുടുംബവാഴ്ചയുടെ തുടക്കമായിരുന്നു ഇത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശ്വാസ്യത നശിപ്പിക്കുന്ന നടപടിയുമായിരുന്നു. ആധിപത്യത്തിന്റെയും അഴിമതികളുടെയും നാളുകളാണ് ഇന്ദിരയുടെ ഭരണകാലം രാജ്യത്തിന് നല്‍കിയത്. അധികാരം പിടിച്ചടക്കാന്‍ നെഹ്‌റു പ്രയോഗിച്ച തന്ത്രങ്ങള്‍ യാതൊരു മറയുമില്ലാതെ മകള്‍ തുടര്‍ന്നു. കഴിവുള്ള പല നേതാക്കളും പാര്‍ട്ടിക്ക് പുറത്തുപോയി. കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും അധികാരം നെഹ്‌റു കുടുംബത്തിലേക്ക് ചുരുങ്ങി. അടിയന്തരാവസ്ഥ പോലുള്ള സമഗ്രാധിപത്യവും എണ്ണമറ്റ അഴിമതികളും ആയിരുന്നു ഇതിന്റെ അനന്തരഫലം. തങ്ങള്‍ രാജ്യത്തെ എക്കാലത്തെയും ഭരണവര്‍ഗമാണെന്ന ഭാവമാണ് നെഹ്‌റു കുടുംബത്തെ നയിച്ചത്. ഇതിന്റെ പ്രതിരൂപമായിരുന്നു ഇന്ദിരാഗാന്ധി. ഇത് പിന്നീട് മകനിലേക്കും വിദേശ വംശജയായ മരുമകളിലേക്കും പടര്‍ന്നു. ഈ മരുമകളും അവരുടെ മകനും ചേര്‍ന്ന് കോണ്‍ഗ്രസിനെ പൂര്‍ണമായും ഹൈജാക്ക് ചെയ്തത് സമീപകാല ചരിത്രം.
നയതന്ത്ര നീക്കങ്ങള്‍ തിരിച്ചടിച്ചു
വിശ്വപൗരന്റെ പരിവേഷം ലഭിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പതിനാറ് വര്‍ഷത്തെ ഭരണം ഭാരതത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വലിയ പരാജയമായിരുന്നു. വിദേശനയ രൂപീകരണത്തിലും പ്രതിരോധരംഗം ശക്തിപ്പെടുത്തുന്നതിലും രാജ്യസ്‌നേഹം മുന്‍നിര്‍ത്തിയുള്ള നടപടികളെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. ഭാരതത്തെക്കുറിച്ചും അയല്‍രാജ്യങ്ങളെക്കുറിച്ചും കാല്‍പ്പനിക ഭാവനകള്‍ പുലര്‍ത്തിയ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നയങ്ങള്‍ ആത്മഹത്യാപരമായിരുന്നു. ഭാരതത്തെപ്പോലെ സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യം സ്വന്തമായി സൈന്യത്തെ നിലനിര്‍ത്തുന്നതിനെ നെഹ്‌റു ചോദ്യംചെയ്യുകപോലുമുണ്ടായി! ഇതുമൂലം നിലവിലുണ്ടായിരുന്ന സൈന്യത്തെ അവഗണിക്കുകയും, സൈനിക നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. സായുധസേനയില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുകയും വിധേയന്മാരെ സൃഷ്ടിക്കുകയും ചെയ്തു. സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ വാങ്ങുന്നതിലും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും ഗുരുതരമായ വീഴ്ചകള്‍ വരുത്തി. ആയുധ ഇടപാടുകളിലെ അഴിമതികള്‍ ദുഷ്‌പ്പേരുണ്ടാക്കി. രഹസ്യാന്വേഷണ വിഭാഗം താറുമാറായി.
രാജ്യാന്തര രാഷ്ട്രീയത്തില്‍ ആരും കാര്യമായെടുക്കാത്ത ചേരിചേരാ നയത്തോട് അന്ധമായ ആഭിമുഖ്യമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ഉണ്ടായിരുന്നത്. രാഷ്ട്രങ്ങള്‍ തമ്മിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു നെഹ്‌റു. താന്‍ വലിയ നയതന്ത്രജ്ഞനാണെന്ന് വരുത്തിതീര്‍ത്ത് മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുന്നതിനാണ് നെഹ്‌റു താല്‍പ്പര്യം കാണിച്ചത്. ദിശതെറ്റിയ വിദേശനയമാണ് നെഹ്‌റു പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന കാലത്ത് ഭാരതത്തിനുണ്ടായിരുന്നത്. സ്വന്തം കുടുംബാംഗങ്ങളെയും കൂട്ടാളികളെയും അംബാസഡര്‍മാരായി വിദേശങ്ങളിലേക്ക് അയച്ച് തന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും നെഹ്‌റു ശ്രമിച്ചു. നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തി സുഹൃദ്‌രാജ്യങ്ങളെ നേടുകയെന്നതായിരുന്നില്ല ഇതിന്റെ ലക്ഷ്യം. ഭാരതത്തോട് ശത്രുതാപരമായി പെരുമാറിയ പാകിസ്ഥാന്റെയും ചൈനയുടെയും കാര്യത്തില്‍ നെഹ്‌റുവിന്റെ വിദേശനയം വലിയ തിരിച്ചടിയായി.
1947 ല്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാനി അക്രമകാരികളെ രാജാവായ ഹരിസിംഗിന്റെ അഭ്യര്‍ത്ഥനയ്ക്കനുസരിച്ച് തിരിച്ചോടിക്കാന്‍ ഭാരത കരസേനയ്ക്ക് കഴിഞ്ഞതാണ്. ഭാരതത്തില്‍ ലയിക്കാന്‍ ഈ കശ്മീര്‍ രാജാവ് തയ്യാറുമായിരുന്നു. എന്നാല്‍ ഇത് നിരുപാധികം അംഗീകരിക്കുന്നതിനു പകരം ആര്‍ട്ടിക്കിള്‍ 370 പ്രകാരം ആ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുകയാണ് നെഹ്‌റു ചെയ്തത്. ഇത് തിരിച്ചടിച്ചു. ഇതോടെ വഞ്ചകന്മാരുടെയും ദേശവിരുദ്ധരുടെയും ഭീകരവാദികളുടെയും താവളമായി കശ്മീര്‍ മാറി. പിന്നീട് ഭാരത സൈന്യം സമ്പൂര്‍ണ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ കശ്മീര്‍ പ്രശ്‌നം നെഹ്‌റു അനാവശ്യമായി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെത്തിക്കുകയും, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യതാല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കുന്ന ഒരു ഭരണാധികാരിയും ചെയ്യുന്ന കാര്യമായിരുന്നില്ല ഇത്.
നെഹ്‌റുവിന്റെ തീര്‍ത്തും അനാവശ്യമായ ഈ നടപടിയാണ് കശ്മീരിന്റെ 55 ശതമാനം മാത്രം ഭാരതത്തിന് ലഭിക്കാന്‍ കാരണം. ബാക്കി ഭാഗം പാകിസ്ഥാന്റെ കൈവശമായി. സ്വന്തം അധീനതയില്‍ വന്ന കശ്മീരിന്റെ കുറെ പ്രദേശങ്ങള്‍ പാകിസ്ഥാന്‍ ചൈനയ്ക്ക് കൈമാറിയത് ഭാരതത്തിന്റെ സുരക്ഷയെ ബാധിച്ചു. കശ്മീരിന്റെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഹിതപരിശോധന വാഗ്ദാനം ചെയ്ത് നെഹ്‌റു പിന്നെയും പ്രശ്‌നം വഷളാക്കി. അയല്‍രാജ്യങ്ങള്‍ ശത്രുതയോടെ പെരുമാറുമ്പോള്‍ യാഥാര്‍ത്ഥ്യബോധം തൊട്ടുതീണ്ടാത്ത നയവും നടപടികളുമാണ് നെഹ്‌റുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
മുഹമ്മദാലി ജിന്നയുടെയും മുസ്ലിംലീഗിന്റെയും മറ്റും മതരാഷ്ട്ര വാദത്തിന് കീഴടങ്ങിയാണ് കോണ്‍ഗ്രസ് രാഷ്ട്ര വിഭജനം അംഗീകരിച്ചത്. ഇങ്ങനെ ചെയ്തവര്‍ രാജ്യത്ത് ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം കണക്കിലെടുത്തതേയില്ല. ഭാരതം രണ്ടായി വിഭജിച്ചപ്പോള്‍ അതിര്‍ത്തിയില്‍നിന്ന് വെറും ആറ് കിലോമീറ്റര്‍ ദൂരം മാത്രമാണ് സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മനാടായ കര്‍ത്താര്‍പൂരിലേക്ക് ഉണ്ടായിരുന്നത്. ഈ പുണ്യഭൂമി ഭാരതത്തിന്റെ ഭാഗമാക്കി നിര്‍ത്താന്‍ കഴിയുമായിരുന്നു. പക്ഷേ കോണ്‍ഗ്രസ് അത് ചെയ്തില്ല. നെഹ്‌റുവിനു ശേഷം നിരവധി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നു. എന്നാല്‍ ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാനോ തെറ്റുകള്‍ തിരുത്താനോ തയ്യാറായില്ല.
പാകിസ്ഥാനുമായി ഒന്നിലധികം യുദ്ധങ്ങളും സൈനിക സംഘര്‍ഷങ്ങളും അതിര്‍ത്തികടന്നുള്ള ഭീകരവാദവും നടന്നിട്ടും കോണ്‍ഗ്രസ് ഭരണകാലത്ത് കശ്മീര്‍ പ്രശ്‌നത്തിന് യാതൊരു പരിഹാരവും ഉണ്ടായില്ല. രാഷ്ട്രീയ ഇച്ഛാശക്തിയും സൈനിക തയ്യാറെടുപ്പും ഇല്ലാതിരുന്നതാണ് ഇതിനു കാരണം. 1965 ലെ വെടിനിര്‍ത്തലിനെത്തുടര്‍ന്ന് പാകിസ്ഥാനുമായി ഒപ്പുവച്ച താഷ്‌കന്റ് കരാര്‍ പ്രകാരം ഹാജിപിര്‍ പാസ് പാകിസ്ഥാന് വിട്ടുകൊടുക്കേണ്ടിവന്നു. ശത്രുത അവസാനിപ്പിക്കുമെന്ന വാഗ്ദാനം മാത്രമാണ് പകരമായി ലഭിച്ചത്. അത് ഒരിക്കലും സംഭവിച്ചതുമില്ല. നെഹ്‌റുവിയന്‍ നയതന്ത്രത്തിനേറ്റ കനത്ത തിരിച്ചടിയാണിത്.
വിജയം പാകിസ്ഥാന് അടിയറവച്ചു
ബംഗ്ലാദേശിന്റെ പിറവിക്കു കാരണമായ 1971 ലെ പാകിസ്ഥാനുമായുണ്ടായ യുദ്ധത്തിലും ഭാരതത്തിന് നഷ്ടം സംഭവിച്ചു. സിംല കരാര്‍ പ്രകാരം 96000 യുദ്ധത്തടവുകാരെയാണ് ഭാരതം പാക്കിസ്ഥാന് കൈമാറിയത്. പാകിസ്ഥാന്‍ ഭാരതത്തിന് കൈമാറിയത് 617 പേരെ മാത്രം. 59 പേരെ വിട്ടയച്ചില്ല. ഇവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് പിന്നീടാരും തന്നെ അറിഞ്ഞില്ല. മഹത്തായ ഒരു യുദ്ധവിജയം രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ മൗഢ്യംകൊണ്ട് ശത്രുരാജ്യത്തിനു മുന്നില്‍ അടിയറവയ്ക്കുകയാണുണ്ടായത്. ചേരിചേരാ നയത്തിന്റെയും ലോകസമാധാനത്തിന്റെയുമൊക്കെ പുകമറ സൃഷ്ടിച്ച് ഇക്കാര്യങ്ങളൊന്നും ചര്‍ച്ചയാവാതിരിക്കാന്‍ കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ ശ്രമിച്ചു. രാജ്യസ്‌നേഹികളല്ലാത്ത നയതന്ത്രജ്ഞരെ രാജ്യത്തിനകത്തും പുറത്തും ഇതിനായി കൂട്ടുപിടിച്ചു.
1962 ലെ യുദ്ധത്തില്‍ ചൈനയില്‍നിന്നേറ്റ പരാജയവും അപമാനവും പ്രധാനമന്ത്രിയായ നെഹ്‌റുവിന്റെ സൃഷ്ടിയായിരുന്നു. സൈന്യത്തെ യുദ്ധസജ്ജമാക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു. ആവശ്യമായ ആയുധങ്ങളോ വാഹനങ്ങളോ നമ്മുടെ സൈനികര്‍ക്ക് ഇല്ലായിരുന്നു. ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് നെഹ്‌റുവിന്റെ വിശ്വസ്തനായ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്‍ കാണിച്ചത്. ചെമ്പടയെ ചെറുക്കാന്‍ നമ്മുടെ സൈനികര്‍ക്ക് കഴിഞ്ഞില്ല. അമേരിക്കയുടെ സഹായം ലഭിച്ചതിനെത്തുടര്‍ന്നാണ്, അതിര്‍ത്തി കടന്നുവന്ന ചൈന പൊടുന്നനെ പിന്മാറിയത്. ഇതേ ചൈനയുടെ യുഎന്‍ രക്ഷാസമിതി അംഗത്വത്തിനുവേണ്ടിയാണ് നെഹ്‌റു ശ്രമിച്ചത്. ഭാരതത്തിന് സ്ഥിരാംഗത്വം ലഭിച്ചതുമില്ല. നെഹ്‌റു അല്‍പ്പം പ്രായോഗിക ബുദ്ധി കാണിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു തിരിച്ചടി ഭാരതത്തിന് ഉണ്ടാകുമായിരുന്നില്ല. യുഎന്‍ രക്ഷാസമിതിയില്‍ ഭാരതത്തിന്റെ താല്‍പര്യത്തിനെതിരെ നില്‍ക്കുന്ന ചൈനയെയാണ് പിന്നീട് കണ്ടത്.
അധികാരം കിട്ടിയപ്പോഴൊക്കെ കോണ്‍ഗ്രസ്സിന്റെ ഇത്തരം കൊടുംചതികള്‍ പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. അധികാരമോഹം, അഴിമതി, സ്വജനപക്ഷപാതം, വികസനരാഹിത്യം, രാജ്യസ്‌നേഹമില്ലായ്മ എന്നിങ്ങനെയുള്ള തിന്മകളുടെയെല്ലാം പര്യായമായി കോണ്‍ഗ്രസ് മാറി. ‘കോണ്‍ഗ്രസ് കള്‍ച്ചര്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവയൊക്കെ ഏറിയും കുറഞ്ഞും മറ്റു പാര്‍ട്ടികളെയും ബാധിച്ചു. അപ്പോഴും ആദിപാപം കോണ്‍ഗ്രസ്സിന്റേതായിരുന്നു. ഇതിന് രാജ്യവും ജനങ്ങളും കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്.
(തുടരും)