ആശയ, ആചാര,അനുഷ്ഠാനങ്ങളുടെ പൊതുശേഖരം
(Common- Pool-)-:- : സൈന്ധവ നാഗരികതയില്‍ നിന്നും ഉത്ഖനനത്തിലൂടെ ലഭിച്ച വസ്തുക്കളുടെ വിശദവിവരങ്ങളും അവയെക്കുറിച്ചുള്ള പഠനങ്ങളും നിഗമനങ്ങളും മോഹന്‍ജദാരോ റിപ്പോര്‍ട്ടിന്റെ (John Marshall-1931)ആദ്യത്തെ അധ്യായത്തില്‍ കാണാം. വിശദാംശങ്ങളില്‍ ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ആ നാഗരികതയിലെ ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനഘടനയെ കുറിച്ച് ഏറെക്കുറെ അഭിപ്രായസമന്വയം ഉണ്ട്. പില്‍ക്കാല ഹിന്ദുധര്‍മ്മത്തിലെ പ്രധാന സമ്പ്രദായങ്ങളുടെ എല്ലാം ആദിമമാതൃകകള്‍ (Prototypes) അവിടെ രൂപംകൊണ്ടിരുന്നു. വൈദികം, ശൈവം, ശാക്തം, പ്രകൃതിപൂജനം, തന്ത്രം, യോഗം, ശ്രമണകപാരമ്പര്യങ്ങള്‍ (ജൈനം, ബൗദ്ധം തുടങ്ങിയവ) എന്നിവ ആണ് അവ. മധ്യപ്രദേശിലെ ബഗോര്‍ എന്ന പ്രദേശത്തു നിന്നും, പില്‍ക്കാല ശക്തിപീഠകല്‍പ്പനയുടെ ആദിമരൂപമെന്ന നിലക്കു കരുതിവരുന്ന, ഒരു പീഠമാതൃക ഉത്ഖനനം വഴി കണ്ടെത്തുക ഉണ്ടായി. ഏതാണ്ട് 9000 BCE ആണത്രേ ഇതിന്റെ പഴക്കം. ഹിന്ദു സമാജം, ഹിന്ദുക്കളുടെ ശാസ്ത്രീയബോധം, ശുചിത്വബോധം എന്നിവയുടെ തുടര്‍ച്ചക്കു മാത്രമല്ല ഹിന്ദുധര്‍മ്മത്തിന്റെ തുടര്‍ച്ചയ്ക്കും മതിയായ തെളിവാണ് സിന്ധു-സരസ്വതീ നാഗരികത. ഹിന്ദുധര്‍മ്മത്തില്‍ അതായത് സനാതനധര്‍മ്മത്തില്‍ പില്‍ക്കാലത്ത് വൈദികം, അവൈദികം എന്ന രണ്ടു ശാഖകളായി വളര്‍ന്നു പന്തലിച്ച നിരവധി സമ്പ്രദായങ്ങളുടെ ഒരു പൊതു തായ്‌വേര്, ഒരു പൊതു ഉറവിടം, ഭൗതികവും ആദ്ധ്യാത്മികവും ആയ അറിവുകളുടെ ഒരു പൊതുശേഖരം (Common pool) ആരണ്യകകാലത്തെ ഗോത്രതലജീവിതം മുതല്‍ക്കു തന്നെ ഇവിടെ സഞ്ചിതമായി വന്നിരുന്നു എന്നും സൈന്ധവനാഗരികതയില്‍ തെളിഞ്ഞ സമ്പ്രദായ പ്രാഗ്രൂപങ്ങള്‍ വ്യക്തമാക്കുന്നു. അതിനാലും ഈ നാഗരികത ഹിന്ദുചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് എന്നു കാണാം.
പില്‍ക്കാലത്ത് കൂടുതല്‍ വ്യക്തത ആര്‍ജ്ജിച്ച വിവിധ സമ്പ്രദായങ്ങളുടെ സിദ്ധാന്തപരവും സാധനാപരവും ചര്യാപരവും ആയ തലങ്ങളെ പരിശോധിച്ചാലും ഇവയ്ക്ക് ഒരു പൊതുസ്രോതസ്സ് ഉണ്ട് എന്നു ബോധ്യമാകും. സുരേന്ദ്രനാഥ് ദാസ്ഗുപ്ത തന്റെ History of Indian Philosophy, Philosophical Essays എന്നീ പുസ്തകങ്ങളില്‍ ഈ സമ്പ്രദായങ്ങളിലെ ഇത്തരം പല പൊതു ഘടകങ്ങളേയും അക്കമിട്ടു ചൂണ്ടിക്കാണിക്കുന്നുണ്ട്. പുനര്‍ജന്മം, കര്‍മ്മസിദ്ധാന്തം, മോക്ഷം എന്നീ മൂന്നു കാര്യങ്ങളിലുള്ള ഉറച്ച വിശ്വാസം വൈദിക സമ്പ്രദായങ്ങളിലും അവൈദിക സമ്പ്രദായങ്ങളായ ജൈനബൗദ്ധാദികളിലും പൊതുവാണ് എന്നു കാണാം. സുരേന്ദ്രനാഥ് ദാസ്ഗുപ്ത പറയുന്നു,”They have thus held together the religio-moral fabric of the Hindu- Buddhist- Jaina culture.” (Surendra Nath Dasgupta, Dogmas in Indian Philosophy, Philosophical Essays, p. 228).ഇതുപോലെ ധര്‍മ്മം, സദാചാരം, സാധനാപദ്ധതി എന്നീ മേഖലകളിലും ഒരു പൊതു ഉറവിടത്തെ സൂചിപ്പിക്കുന്ന പൊതുവായ പലതും കാണാം.
സൈന്ധവനാഗരികതയ്ക്കു ശേഷം ഭാരതത്തിന്റെ വിവിധ കോണുകളിലേക്കു സംഘം ചേര്‍ന്നു മാറി താമസിച്ച സിന്ധുക്കള്‍ ആ നാഗരികതയിലെ ജീവിതശൈലി തുടര്‍ന്നു എന്നാണ് തെളിവുകള്‍ വെളിവാക്കുന്നത്. മേല്‍പ്പറഞ്ഞ How Deep are the Roots of Indian Civilization? Archaeology Answers എന്ന ബി.ബി. ലാലിന്റെ പുസ്തകം അതാണ് വിവരിക്കുന്നത്.
ക്രമേണ സൈന്ധവനാഗരികതയില്‍ കാണപ്പെട്ട വിവിധങ്ങളായ ആദ്ധ്യാത്മിക സമ്പ്രദായങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തത പൂണ്ടു. സംവാദങ്ങളിലൂടെ പരിഷ്‌കരിക്കരിക്കപ്പെട്ടു. അവ കൂടുതല്‍ യുക്തിഭദ്രമായി. അതോടൊപ്പം ഹിന്ദുസ്ഥാനത്തിലെ പല പ്രദേശങ്ങളിലായി പുതിയ പുതിയ ആശയങ്ങളും അനുഷ്ഠാനങ്ങളും രൂപപ്പെട്ടു. വൈദികത്തോടൊപ്പം ഇതരസമ്പ്രദായങ്ങളും വളര്‍ന്നു പുഷ്ടിപ്പെട്ടു.
നിദ്ദേശം, മഹാനിദ്ദേശം, ചുല്ലനിദ്ദേശം (1BCE) ദീഘനികായം, മജ്ജിമനികായം, അംഗുത്തരനികായം (3BCE) തുടങ്ങിയ ബൗദ്ധഗ്രന്ഥങ്ങള്‍, സൂയഗദം, ഉത്തരാധ്യയനം തുടങ്ങിയ ജൈനഗ്രന്ഥങ്ങള്‍, ശ്വേതാശ്വതരോപനിഷത്ത് പോലുള്ള വൈദികഗ്രന്ഥങ്ങള്‍ എന്നിവയില്‍ ഇതിനു തെളിവുകള്‍ കാണാം. പാലിഭാഷയിലുള്ള ബൗദ്ധസാഹിത്യത്തില്‍ ഇത്തരം 62 ആശയ സമ്പ്രദായങ്ങളെ പറയുന്നു. അര്‍ദ്ധമാഗധി ഭാഷയിലുള്ള ജൈനഗ്രന്ഥങ്ങളില്‍ മൂന്നൂറിലധികം ചിന്തകളെ വിവരിക്കുന്നു. സംസ്‌കൃതത്തിലുള്ള ശ്വേതാശ്വതരം എന്ന ഉപനിഷത്തില്‍ (5/4 BCE) എട്ട് സിദ്ധാന്തങ്ങളെ പറയുന്നു.
ഇവയില്‍ പലതിന്റെയും ആചാര്യന്മാരുടെ പേരുകളും ഈ ഗ്രന്ഥങ്ങളില്‍ കാണാം. പുരാണകശ്ശപന്‍, (Purana Kassapa), പ്രബുദ്ധ കാത്യായനന്‍ (Prabutta Kaccayana)), അജിതകേശ കംബളീ (Ajita Kesa Kambali), സഞ്ജയ ബലാത്തി പുത്രന്‍ (Sanjaya Belathiputta), ഗോസാല മംഖലി പുത്രന്‍ (Gosala Mankhaliputta) തുടങ്ങിയ ആചാര്യനാമങ്ങള്‍ അവയില്‍ കാണാം.
പരിവ്രാജകസംഘങ്ങള്‍
ഈ നിരവധി ആശയാനുഷ്ഠാനപദ്ധതികളുടെ ആചാര്യന്മാര്‍ ശിഷ്യഗണസമേതം നാടെങ്ങും സഞ്ചരിച്ചിരുന്നു. വനം, ഗ്രാമം, പട്ടണം എന്നിവിടങ്ങളിലായി കഴിഞ്ഞുപോന്ന ഹിന്ദുക്കളില്‍ ഈ ആശയാനുഷ്ഠാനങ്ങളെ അവര്‍ പ്രചരിപ്പിച്ചിരുന്നു. ഈ പരിവ്രാജകസംഘങ്ങളില്‍ നാനാജാതികളിലും പ്രദേശങ്ങളിലും പെട്ടവരുണ്ടായിരുന്നു. സ്ത്രീകളും ഉണ്ടായിരുന്നു. ബാണഭട്ടന്റെ ഹര്‍ഷചരിതത്തിലെ എട്ടാം അധ്യായത്തില്‍ ഇത്തരം ഇരുപത്തിഒന്ന് സംഘങ്ങളുടെ വിവരണം കാണാം. Rhys Davis എന്ന പാശ്ചാത്യപണ്ഡിതന്‍ Buddhist India എന്ന പുസ്തകത്തില്‍ ഈ സംഘങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം പരിവ്രാജക സംഘങ്ങള്‍ ഭാരതീയ സാമൂഹ്യജീവിതത്തിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രണബാനന്ദ് ജഷ് എന്ന പണ്ഡിതന്‍ ‘ഹിസ്റ്ററി ഓഫ് ദ പരിവ്രാജക’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. സൈന്ധവനാഗരികത മുതല്‍ക്കെങ്കിലും ഇത്തരം പരിവ്രാജകപാരമ്പര്യം തുടങ്ങിയതായി ഈ പുസ്തകത്തിലെ വിവരണങ്ങളില്‍ നിന്നും നമുക്ക് അനുമാനിക്കാം. ഇത്തരത്തില്‍ ഊരു ചുറ്റുന്ന ഏകാകികളായ സിദ്ധന്മാരും സിദ്ധവനിതകളും ഉണ്ടായിരുന്നു. ശ്രീരാമകൃഷ്ണദേവന്റെ ജീവചരിത്രത്തില്‍ ഒരു ഭൈരവിബ്രാഹ്‌മണിയേയും ചട്ടമ്പിസ്വാമികളെ അനുഗ്രഹിച്ച ഒരു അഞ്ജാത സിദ്ധനേയും നമുക്കറിയാം. ആദ്ധ്യാത്മികസമ്പ്രദായങ്ങളേയും അതോടൊപ്പം ഭാരതീയതയേയും സമൂഹത്തിന്റെ അടിത്തട്ടുകളില്‍ വരെ എത്തിക്കാനും ആ തലങ്ങളില്‍ നിന്നുപോലും ആചാര്യന്മാര്‍ ഉയര്‍ന്നുവരാന്‍ സാഹചര്യം ഒരുക്കുന്നതിലും ഈ പരിവ്രാജകസംഘങ്ങള്‍ വഹിച്ച പങ്കിനെ കുറിച്ച് വിശദമായ പഠനങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്.
തത്വചിന്താപരവും ആദ്ധ്യാത്മികവും അനുഷ്ഠാനപരവും ആയ സമ്പ്രദായങ്ങള്‍ കൂടുതല്‍ വ്യക്തമായി പ്രചരിച്ചതോടൊപ്പം സാമൂഹ്യഭരണവ്യവസ്ഥിതികളിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഗ്രാമ, നഗരതലങ്ങളില്‍ തൊഴില്‍ പരമായി പല ജാതികള്‍ ഉരുത്തിരിഞ്ഞു. ക്രമേണ അവയുടെ അസ്മിത (Identity) കൂടുതല്‍ വ്യക്തമായി വന്നു. വിവിധ ജാതികളില്‍ വിവിധ സമ്പ്രദായങ്ങളുടെ സ്വാധീനം പ്രകടമായി വന്നു. അങ്ങനെ ജാതിയും സമ്പ്രദായവും ഇഴ ചേര്‍ന്ന ഒരു പ്രത്യേകതരം അസ്മിത ആണ് ഭാരതത്തിലെ വിവിധ സമുദായങ്ങള്‍ക്ക് കൈവന്നത് എന്നു കാണാം. ജനപദങ്ങള്‍, മഹാജനപദങ്ങള്‍, ഗണതന്ത്രവ്യവസ്ഥ, രാജവംശങ്ങളുടെ ഭരണം എന്ന ക്രമം രാജനൈതികതലത്തില്‍ കാണാം(Mahajanapada States of Early Historic India, Dilip K. Chakrabarti). . ലളിതവിസ്തരം (ഇതിന്റെ സംസ്‌കൃതഭാഷാരൂപം ഏകദേശം CE മൂന്നാം ശതകത്തില്‍ എന്നു ചില പണ്ഡിതന്മാര്‍) എന്ന ബൗദ്ധഗ്രന്ഥത്തില്‍ അംഗം, വംഗം, കലിംഗം, മഗധം തുടങ്ങിയ രാജവംശങ്ങളെ പറ്റി പറയുന്നുണ്ട്. ഭൗതികവും ആദ്ധ്യാത്മികവും ആയ അറിവുകള്‍ പകരാനായി ഗുരുകുലങ്ങളും സര്‍വകലാശാലകളും ഭാരതത്തിന്റെ പല ഭാഗങ്ങളിലുമായി സ്ഥാപിക്കപ്പെട്ടു.
രാജവംശങ്ങളുടെ ഉദയം സാമൂഹ്യജീവിതത്തെ തത്വചിന്താപരവും ആദ്ധ്യാത്മികവും ധാര്‍മ്മികവും സാംസ്‌കാരികവും ആയ നിലപാടുകള്‍ ആഴത്തില്‍ സ്വാധീനിച്ച ശേഷം ആണ് എന്നു കാണാം. ഇതും ഭാരതീയ ചരിത്രത്തിലെ മറ്റൊരു സവിശേഷതയാണ്. സ്വദേശികളും വിദേശികളും ആയ രാജാക്കന്മാരുടെ പടയോട്ടങ്ങള്‍ക്കും സാമ്രാജ്യസ്ഥാപനങ്ങള്‍ക്കും അബ്രഹാമിക് മതങ്ങളുടെ ഹീനമായ മതപരിവര്‍ത്തനശ്രമങ്ങള്‍ക്കും മുന്നില്‍ തലകുനിക്കാതെ ഈ ഭാരതീയ ജീവിതമാതൃക സജീവമായി നിലനില്‍ക്കുന്നത് രാജനീതിയേക്കാള്‍ ധര്‍മ്മനീതിക്ക് സമൂഹത്തില്‍ ലബ്ധപ്രതിഷ്ഠ ലഭിച്ചതിനാലാണ് എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.
വൈദികാദി സമ്പ്രദായങ്ങളുടെ വളര്‍ച്ച
ആരണ്യകകാലത്തെ ഗോത്രസംസ്‌കൃതി തന്നെ ആണ് മുന്നോട്ടുള്ള കാലചാരത്തില്‍ പരിഷ്‌കൃതങ്ങളായി ഇന്നും നമ്മെ നാമാക്കുന്നത്. ഭാരതീയ ജീവിതമാതൃക രൂപപ്പെട്ടത് ഈ സംസ്‌കൃതിയില്‍ നിന്നു തന്നെ ആണ്.(Hinduism from- Prehistory to History by Dilip K. Chakrabarti).. പില്‍ക്കാലത്ത് പൂണുനൂല്‍ ഇട്ടവരുടെയും ഇടാത്തവരുടെയും ആദിമപാരമ്പര്യം ഒന്നു തന്നെ. വിഭിന്നഗോത്രങ്ങളിലെ ചിന്തകര്‍ അതാത് ആവാസവ്യവസ്ഥകളുടെയും അവരവരുടെ വ്യക്തിത്വസവിശേഷതകളുടെയും പശ്ചാത്തലത്തില്‍ ഈ പ്രപഞ്ചപ്രക്രിയയെ കാണുകയും വിലയിരുത്തുകയും അതാത് ഗോത്രജീവിതമാതൃകകള്‍ക്ക് രൂപഭാവങ്ങള്‍ ഏകുകയും ചെയ്തു. കാലം മുന്നോട്ടു പോയി. സ്ഥിരവാസം, കൃഷി എന്നിവയ്ക്കു മുന്‍തൂക്കമുള്ള ഗ്രാമീണജീവിതത്തിലേക്കും അതിലും സങ്കീര്‍ണ്ണതയാര്‍ന്ന നാഗരികജീവിതത്തിലേക്കും ക്രമേണ പല ഗോത്രങ്ങളും പ്രവേശിച്ചു. ഒരേ ജനപദത്തില്‍ പല ഗോത്രങ്ങളുടെ കൂട്ടായ്മകളുടെ ആവിര്‍ഭാവം, പുതിയ തൊഴില്‍രൂപങ്ങള്‍, പല തരം ഭരണവ്യവസ്ഥകള്‍, പുതിയ പുതിയ അറിവുകള്‍, പരസ്പര സംവാദങ്ങള്‍ തുടങ്ങിയവ എല്ലാം പഴയ പ്രപഞ്ചവീക്ഷണങ്ങളില്‍ പലതിനേയും അവയുടെ അടിസ്ഥാനത്തിലുള്ള ജീവിതമാതൃകകളേയും യുക്തിസഹമായി പരിഷ്‌കരിക്കാന്‍ ഇട വരുത്തി.
ദാര്‍ശനികന്മാരുടെ പരസ്പരസംവാദങ്ങള്‍ ഭാരതീയ സംസ്‌കൃതിയുടെ മറ്റൊരു സവിശേഷതയാണെന്നു പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. പാശ്ചാത്യസമൂഹങ്ങളിലെ തത്വചിന്താചരിത്രത്തില്‍ നിന്നും കെട്ടിലും മട്ടിലും ഭാരതീയ സമ്പ്രദായങ്ങളുടെ വികാസചരിത്രം തികച്ചും വ്യത്യസ്തമാണെന്നും അതിനാല്‍ അവിടുത്തെ അളവുകോല്‍ ഇവിടെ ചേരുകയില്ലെന്നും പ്രസിദ്ധ തത്വചിന്തകനായ സുരേന്ദ്രനാഥ് ദാസ്ഗുപ്ത, വിഖ്യാത മാര്‍ക്‌സിയന്‍ ചിന്തകനായ ദേബീപ്രസാദ് ചട്ടോപാധ്യായ, ആധുനിക ഭാരതീയ തത്വചിന്തകരായ ബിമല്‍കൃഷ്ണമതിലാല്‍, അരിന്ദം ചക്രബര്‍ത്തി തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പാശ്ചാത്യദേശങ്ങളില്‍ മുന്‍പുള്ളതിനെ പാടെ നിരാകരിച്ചുകൊണ്ട് പുതിയ തത്വചിന്ത എന്ന തരത്തില്‍ നിരവധി ഫിലോസഫികള്‍ ഉണ്ടായി. ഇവിടെ ആകട്ടെ എണ്ണത്തില്‍ കുറവാണെങ്കിലും ചില അടിസ്ഥാനമാതൃക (ടൈപ്പ്) കളെ നില നിര്‍ത്തിക്കൊണ്ട് അവയെ ഓരോന്നിനേയും പരസ്പര സംവാദത്തിലൂടെ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ഒരുതരം കൂട്ടായ്മാസമീപനമാണ് സ്വീകരിച്ചിരുന്നത് എന്നും കേവലം തത്വചിന്ത (ഫിലോസഫി) യില്‍ ഒതുങ്ങാതെ ഓരോ ദാര്‍ശനിക നിലപാടിനും അതാതിനു യോജിക്കുന്ന തരത്തിലുള്ള പ്രയോഗപദ്ധതി രൂപപ്പെടുത്തലും ഈ സമീപനത്തിന്റെ ഭാഗമായിരുന്നു എന്നും ദാസ്ഗുപ്ത പ്രസ്താവിക്കുന്നു.
നാനാപ്രകാരത്തിലുള്ള ഈ നിരവധി സമ്പ്രദായങ്ങളെ വിശദമായി പഠിക്കുമ്പോള്‍ അവയ്ക്ക് ഒരു പൊതുഘടന ഉള്ളതായി നമുക്കു മനസ്സിലാകും. സിദ്ധാന്തപാദം, സാധനാപാദം, ചര്യാപാദം എന്നീ മൂന്നു തലങ്ങള്‍ ഈ ഘടനയിലുണ്ട്. സിദ്ധാന്തപാദത്തിലാണ് അതാത് സമ്പ്രദായങ്ങളുടെ സിദ്ധാന്തപരമായ, താത്ത്വികമായ, പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ ക്രോഡീകരിച്ചിട്ടുള്ളത്. പ്രപഞ്ചപ്രക്രിയയെ കുറിച്ചുള്ള അതാതിന്റെ വീക്ഷണം വിശദമാക്കുന്നത് ഈ തലത്തിലാണ്. ഈ വീക്ഷണം അനുസരിച്ചാണ് മറ്റു രണ്ടു പാദങ്ങള്‍ക്കു രൂപം കൊടുത്തിട്ടുള്ളത്. സാധനാപാദത്തില്‍ വ്യക്തിപരമായ അനുഷ്ഠാനങ്ങളെ വിശദമാക്കുന്നു. ചര്യാപാദത്തില്‍ അതാതു സമ്പ്രദായത്തില്‍ പ്രവേശിച്ചവര്‍ ജീവിതത്തിന്റെ പല തലങ്ങളില്‍ ആചരിക്കേണ്ട ധര്‍മ്മാധര്‍മ്മങ്ങള്‍ അതായത് വിധിനിഷേധങ്ങള്‍ കാണാം.
സമ്പ്രദായങ്ങളുടെ സാമാന്യ, വിശേഷതലങ്ങള്‍
ഈ ഓരോ സമ്പ്രദായത്തിലേയും മൂന്നു പാദങ്ങളിലും പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളെ സാമാന്യം, വിശേഷം എന്നു തരം തിരിക്കാന്‍ കഴിയും. ഒരു പൊതു ഉറവിടത്തില്‍ നിന്നും ഉയര്‍ന്നുവന്നവ ആയതിനാല്‍ എല്ലാ സമ്പ്രദായങ്ങളിലും സമാനമായ നിരവധി കാര്യങ്ങള്‍ ഉണ്ട്. ഇവയാണ് സാമാന്യം എന്ന പട്ടികയില്‍ പെടുന്നത്. അതേസമയം ഈ സമ്പ്രദായങ്ങള്‍ക്ക് ഓരോന്നിനും അതാതിന്റേതായ പ്രത്യേകതകളും ഉണ്ട്. ഇവ വിശേഷം എന്ന പട്ടികയില്‍ പെടും. ഈ വിശേഷങ്ങള്‍ ആണ് ഓരോ സമ്പ്രദായത്തിനേയും മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ഷോഡശക്രിയാപ്രധാനമായ വൈദികകര്‍മ്മകാണ്ഡം വൈദികസമ്പ്രദായത്തിലെ തന്നെ ശ്രവണമനനനിദിധ്യാസനപരമായ ജ്ഞാനകാണ്ഡത്തില്‍ നിന്നും സിദ്ധാന്തപരമായും മറ്റും വ്യത്യസ്തമാണ് എന്നു കാണാം. ജ്ഞാനകാണ്ഡത്തെ തന്നെ അവലംബിക്കുന്ന ശാങ്കരവേദാന്തവും ഭക്തിവേദാന്തവും പല നിലക്കും വ്യത്യസ്തമാണ്. ഭക്തിവേദാന്തത്തില്‍ തന്നെ ഭാസ്‌കരാചാര്യരുടെ ഭേദാഭേദവാദം, രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതം, വല്ലഭാചാര്യരുടെ ശുദ്ധാദ്വൈതം, നിംബാര്‍ക്കാചാര്യരുടെ ദ്വൈതാദ്വൈതം, മധ്വാചാര്യരുടെ ദ്വൈതം തുടങ്ങിയ സിദ്ധാന്തഭേദങ്ങള്‍ കാണാം. ഇതുപോലെ വൈദികങ്ങളായ ഷഡ്ദര്‍ശന (ജൈമിനിയുടെ പൂര്‍വമീമാംസ, ഗൗതമന്റെ ന്യായശാസ്ത്രം, കണാദന്റെ വൈശേഷികം, കപിലമുനിയുടെ സാംഖ്യം, പതഞ്ജലിയുടെ യോഗം, ശങ്കരാചാര്യരുടെ വിവര്‍ത്തവാദവേദാന്തം) ങ്ങളില്‍ തന്നെ സൈദ്ധാന്തികവും മറ്റുമായ കാര്യങ്ങളില്‍ നിലപാടുവ്യത്യാസങ്ങള്‍ കാണാം. അതുപോലെ മനസ്സ് മുതലായ തത്വങ്ങളുടെ നിര്‍വചനത്തിലും സമ്പ്രദായങ്ങള്‍ തമ്മില്‍ ഭേദമുണ്ട്. ചില സമ്പ്രദായങ്ങള്‍ മനസ്സിനെ അണുവായി കരുതുമ്പോള്‍ മറ്റു ചില സമ്പ്രദായങ്ങള്‍ വിഭുവായി കാണുന്നു. അതുപോലെ സംസ്‌കൃതവ്യാകരണപ്രകാരം ഒരേ പദത്തിന് തന്നെ വ്യത്യസ്ത അര്‍ത്ഥതലങ്ങള്‍ ഉണ്ട് എന്നതും പരിഗണിക്കേണ്ടതാണ്. ഉദാഹരണത്തിന് യോഗം എന്നപദത്തിന് യുജ്ര്‍യോഗേ, യുജ് സമാധൗ, യുജ് സംയമനേ എന്നിങ്ങനെ സാന്ദര്‍ഭികമായി മൂന്നുതരം അര്‍ത്ഥം പറയാം.
ഈ വൈദികദര്‍ശനങ്ങളുടെ പല നിലപാടുകളില്‍ നിന്നും ഭിന്നമായ നിലപാടുകളാണ് അവൈദികദര്‍ശനങ്ങളില്‍ കാണാന്‍ കഴിയുന്നത്. വേദപ്രാമാണ്യത്തെ അംഗീകരിക്കാത്ത ദര്‍ശനങ്ങളെ ആണ് അവൈദികം എന്നു പറഞ്ഞു വരുന്നത്. ബൗദ്ധദര്‍ശനം ഈശ്വരന്‍, ആത്മാവ് എന്നിവയെ അംഗീകരിക്കുന്നില്ല. ജൈനദര്‍ശനം ആത്മാവിനെ അംഗീകരിക്കുന്നുണ്ടെങ്കിലും ഈശ്വരനെ അംഗീകരിക്കുന്നില്ല. വൈദികമായ ജൈമിനിയുടെ മീമാംസയില്‍ ഈശ്വരന് പ്രാധാന്യമില്ല. വേദങ്ങള്‍ അപൗരുഷേയങ്ങളാണെന്നാണ് അതിന്റെ നിലപാട്. അതുപോലെ ശങ്കരാചാര്യരുടെ അദ്വൈതവാദത്തില്‍ നിന്നും വ്യത്യസ്തമായി താന്ത്രികാദ്വൈതവും കാശ്മീരശൈവാദ്വൈതവും കാണാം. ബ്രഹ്‌മ സത്യം ജഗന്മിഥ്യാ എന്ന ശാങ്കരദര്‍ശനത്തില്‍ നിന്നും വിഭിന്നമായി ബ്രഹ്‌മം പോലെ തന്നെ ജഗത്തും സത്യമാണെന്ന നിലപാടാണ് ഇവ രണ്ടും സ്വീകരിക്കുന്നത്. വൈദികദര്‍ശനങ്ങളില്‍ തന്നെ ശാങ്കരവേദാന്തം ഒഴിച്ചുള്ളവ പ്രപഞ്ചം സത്യമാണ് എന്നു കരുതുന്നു. അവൈദികത്തിലെ ജൈനസമ്പ്രദായവും പ്രപഞ്ചം സത്യമാണ് എന്ന് കരുതുന്നു. ബൗദ്ധദര്‍ശനം അനാത്മവാദത്തെ, നിസ്സത്താവാദത്തെ മുന്നോട്ടു വെക്കുന്നു. വൈദികമായ പാതഞ്ജലയോഗദര്‍ശനവും അവൈദികമായ ഹഠം മുതലായ യോഗപാരമ്പര്യങ്ങളും തമ്മിലും സൈദ്ധാന്തികമായും മറ്റു ഭേദങ്ങള്‍ കാണാം. ജൈനസമ്പ്രദായത്തില്‍ ശ്വേതാംബര- ദിഗംബരഭേദം കാണാം. ഗച്ചകള്‍ എന്നറിയപ്പെടുന്ന ഉള്‍പ്പിരിവുകളും ഇവയിലുണ്ട്. അതുപോലെ ബൗദ്ധമാര്‍ഗത്തിലും ഹീനയാനം, മഹായാനം എന്ന രണ്ടു വിഭാഗങ്ങളും ആര്യനാഗാര്‍ജുനന്റെ മാധ്യമികം അഥവാ ശൂന്യവാദം, അശ്വഘോഷന്റെ തഥതാവാദം (വിജ്ഞാനവാദം അഥവാ യോഗാചാരം), സൗത്രാന്തികം, വൈഭാഷികം മുതലായ പിരിവുകളും പ്രചാരത്തിലുണ്ട്. ഇത്തരത്തില്‍ നിരവധി ഭിന്നതകള്‍ സൈദ്ധാന്തികമായും മറ്റും സമ്പ്രദായങ്ങള്‍ തമ്മില്‍തമ്മില്‍ പുലര്‍ത്തുന്നതിനാല്‍ ഭാരതീയതയെ പ്രത്യേകിച്ചും അതിന്റെ ആദ്ധ്യാത്മിക അടിത്തറയെ വിശദമാക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സാമാന്യവിശേഷങ്ങളെ കണക്കിലെടുക്കേണ്ടതാണ് എന്നു കാണാം.
(തുടരും)