1. കുചേലവൃത്തം
കഥിച്ചിടുന്നൂ ഭഗവദ് മഹത്വം
കുചേലവൃത്തം കഥതന്‍ വിശേഷം;
ദരിദ്രരെത്താങ്ങുവതിന്നു തയ്യാ-
റെടുത്ത ദേവന്റെ യുഗപ്രഭാവം.
പാടാന്‍ തുടങ്ങീടവെ ആളുമാറി-
കുചേലനായ് രാമപുരത്തു വാര്യര്‍
പാട്ടിന്‍ പ്രവാഹത്തിലുലഞ്ഞു നീങ്ങി
വഞ്ചീശനും വാര്യരുമൊത്തു വഞ്ചി.
തിരിച്ചുപോരുന്ന തനന്തപത്മ-
നാഭപ്രസാദവുമായി വാര്യര്‍
പകച്ചുപോയീ – കുടില്‍ നിന്നിടത്തു
പണിഞ്ഞിരിക്കുന്നൊരു നവ്യഗേഹം!
മുതലാളി-ജന്മി-മഹാരാജ ഭരണം
പഴയൊരു കാലം – അതായിരുന്നു;
സ്ഥിതിസമത്വത്തിന്റെ കാലമായപ്പൊഴോ
കഥ മാറി വീഴുന്നതിപ്രകാരം:
* * *
പട്ടിണികൊണ്ടു മെലിഞ്ഞ കുചേലന്‍
പഴകിയ വസ്ത്രവുമായി നടക്കെ,
വഴിയേപോയ ദരിദ്രനെ ഇടതും
വലതും പാര്‍ട്ടികള്‍ ചേര്‍ന്നു വലിച്ചു
വലിയുടെ വാശി സഹിക്കാന്‍ വയ്യാ-
തവിടെത്തറയില്‍ വീണു കുചേലന്‍
കഥതീര്‍ന്നെന്നേ കരുതി പാര്‍ട്ടി-
ക്കൊടി താഴ്ത്തുന്നൂ – ദുഃഖാചരണം!
2. അക്ഷയപാത്രം
”അറിയാത്ത മട്ടില്‍ ച്ചെറുചീരത്തുണ്ടൊ-
ന്നവശേഷിപ്പിക്കൂ പതിവായ് പാത്രത്തില്‍
നമുക്കറിയില്ല നരനാരായണന്‍
വിശന്നെത്താം – പാത്രം പരതി നോക്കിടാം.”
ഇതു ഞാന്‍ ഭാര്യയോടുരച്ചുവെങ്കിലും
ചിരിയേ കേട്ടുള്ളൂ മറുപടിയായി,
രഹസ്യമായ് ചീരയില ചിലപ്പോള്‍ ഞാന്‍
അടുക്കളപ്പാത്രങ്ങളില്‍ വിതറുന്നു-
കുറെനാള്‍ ചെന്നില്ല പരക്കുന്നൂ വാര്‍ത്ത-
”സ്വയംപര്യാപ്തത നമുക്കു ഭക്ഷ്യത്തില്‍”
മുടക്കമില്ല നെല്ലരിക്ക് നാടിതില്‍
ഒഴിഞ്ഞു പട്ടിണി” കൃതാര്‍ത്ഥതയോടെ,
തുറന്നു നോക്കി; ”ഞാന്‍ വിതറിയ ചീര-
യിലയില്ലെങ്ങും!” എന്നറിയിച്ചീടവേ
ചിരിച്ചില്ല, ഭാര്യ – തൊഴുകയ്യോടോതി:
”കുറഞ്ഞില്ല, ലീല കലികാലത്തിലും!”