ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ഡൈനിംഗ് ഹാളിലെത്തിയപ്പോള്‍ ‘ശരവണഭവനി’ലെ മണം. ഒന്നു രണ്ടു മിനിറ്റുകള്‍ക്കകം എല്ലാ പാത്രങ്ങളും വിഭവങ്ങളെക്കൊണ്ടു നിറഞ്ഞു. ചൂടുവട, ചട്‌നി, പൂരി, മസാല എന്നിവ വളരെ രുചികരമായിരുന്നു. ”കണ്ണമ്മാ, പാരെടീ” എന്നു പറഞ്ഞ് സ്വാമി കണ്ണമ്മയെ വടയുടെ പാത്രത്തിനടുത്തേയ്ക്കുകൊണ്ടുപോയി. കണ്ണമ്മ പതിനേഴുകാരിയെപ്പോലെ പൊട്ടിച്ചിരിച്ചു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പലരും മിസ്റ്റര്‍ എക്‌സിന് തലേന്നു രാത്രി അസുഖമുണ്ടായ കാര്യം അറിയുന്നതു തന്നെ. അയാള്‍ ഒരു കൂസലും കൂടാതെ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നു.
പ്രാചു എല്ലാവരോടുമായി പറഞ്ഞു – ഇന്ന് ഞായറാഴ്ച. മിസോറാമില്‍ ക്രിസ്ത്യന്‍ പള്ളിയും ആശുപത്രികളുമൊഴികെ എല്ലാം മുടക്കമായിരിക്കും. എങ്കിലും ഞാന്‍ നിങ്ങളെ ഇവിടത്തെ ഹെറിറ്റേജ് പാര്‍ക്കില്‍ കൊണ്ടുപോകാം.
”പ്രാചൂ, മിസോറാമില്‍ സുന്ദരമായ വെള്ളച്ചാട്ടമുണ്ടെന്ന് കേട്ടല്ലോ” എന്നായി ഉഷ.
”മാഡം, അതിന് 200 കി.മീറ്ററിലധികം യാത്ര ചെയ്യണം.” അങ്ങനെ ”ഹെറിറ്റേജ് പാര്‍ക്കെങ്കില്‍ അത്” എന്നു പറഞ്ഞ് ഞങ്ങള്‍ ബസ്സില്‍ കയറി.
പോകുന്ന വഴിക്ക് ത്‌ലോംഗ് നദി കാണുന്നിടത്ത് ബസ്സ് നിര്‍ത്തി. നല്ല ഒഴുക്കുള്ള, തെളിഞ്ഞ വെള്ളം (ഒഴുക്കുള്ള വെള്ളത്തില്‍ അഴുക്കില്ല എന്ന് പറയാറുണ്ടായിരുന്നു എന്റെയമ്മ). കൊച്ചുകൊച്ചുവെള്ളച്ചാട്ടങ്ങള്‍ നദിയില്‍ വന്നു പതിക്കുന്നതു കാണാമായിരുന്നു (ഇന്ന് മീന്‍പിടിത്തക്കാരൊക്കെ പള്ളിയില്‍ പോയിക്കാണും). പുഴയുടെ രണ്ടു വശത്തും മുളങ്കാടുകളും അതിനുമപ്പുറം വന്‍മരങ്ങളുമാണ്. പുഴയില്‍ ചിതറിക്കിടക്കുന്ന പാറക്കെട്ടുകള്‍. മലകള്‍ക്കു പിറകില്‍ തെളിഞ്ഞ നീലാകാശം. അലസമായി ഒഴുകി നീങ്ങുന്ന പഞ്ഞിക്കെട്ടുപോലത്തെ മേഘത്തുണ്ടുകള്‍.
”നീലമേഘക്കുടനിവര്‍ത്തി
താലവനപ്പീലി നീര്‍ത്തി
മുഴുക്കാപ്പു ചാര്‍ത്തി നില്‍ക്കും ഗ്രാമസുന്ദരി
മഞ്ഞില്‍ മുങ്ങിനീരാടി നില്‍ക്കും പ്രേമമഞ്ജരി
എന്‍മുന്നിലൊരുങ്ങി വരും പേടമാന്‍ മിഴി”
ആ ഗ്രാമസുന്ദരിയുടെ മഞ്ജീരധ്വനി ഞങ്ങള്‍ക്കും കേള്‍ക്കാമായിരുന്നു.
മുപ്പതു കിലോമീറ്റര്‍ യാത്ര ചെയ്ത് ഞങ്ങള്‍ റെയ്ക്ക്(REIEK) ടൂറിസ്റ്റ് റിസോര്‍ട്ടിലെത്തി. ടൂറിസം ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ റിസോര്‍ട്ടാണ്. ഞായറാഴ്ചയായതുകൊണ്ട് സന്ദര്‍ശകര്‍ ആരുമില്ല. പ്രാചു എങ്ങനെയോ ഞങ്ങളുടെ ടീമിനുവേണ്ടി അനുവാദം വാങ്ങി.
അവിടെ മുറികള്‍ വാടകയ്‌ക്കെടുത്ത് താമസിക്കാനുളള സൗകര്യമുണ്ട്. മിസോറാമിലെ ഗ്രാമത്തിലെ വീടുകളുടെ മാതൃകകള്‍ നിര്‍മ്മിച്ചുവച്ചിട്ടുണ്ട്. ഞങ്ങള്‍ നാഗാലാന്റില്‍ കണ്ടതുപോലെ മുള, പുല്ല്, ചൂരല്‍ എന്നിവയാണ് അസംസ്‌കൃത വസ്തുക്കള്‍, പിന്നെ കല്ലും മണ്ണും. അടുക്കളയോടു ചേര്‍ന്ന് കോഴിക്കൂടുണ്ട്. നിലത്തുനിന്ന് 4-5 അടി ഉയരത്തിലാണ് കോഴിക്കൂട്. കോഴികള്‍ക്ക് ചാടിച്ചാടിക്കയറാന്‍ മരക്കമ്പുകള്‍ നാട്ടിയിട്ടുണ്ട്.
ഉരല്‍, ഉലക്ക, തിരികല്ല്, ചട്ടി, മുറം, കൃഷി ആയുധങ്ങള്‍ എന്നിവയൊക്കെ യഥാസ്ഥാനങ്ങളില്‍ വച്ചിട്ടുണ്ട്.
ഇവിടേയും അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് ഗുരുകുല മാതൃകയില്‍ ശിക്ഷണം നല്‍കാനുള്ള വലിയ താമസസ്ഥലം കണ്ടു.
വിധവയ്ക്ക് താമസിക്കാനുള്ള കുടില്‍ കണ്ട് മനസ്സുനീറി. ഇടുങ്ങിയ, ഇരുളടഞ്ഞ മനസ്സിന്റെ ഉടമയായ ഏതോ ഊരുമൂപ്പനായിരിക്കും ആദ്യമായി ഈ കുടില്‍ പണിയിച്ചത്. കഷ്ടിച്ച് ഒരാള്‍ക്ക് അകത്തേക്കു പ്രവേശിക്കാന്‍ പാകത്തിലൊരു വാതില്‍. ജനാലകളോ, വെന്റിലേറ്ററോ, പുറത്തേക്കിറങ്ങാന്‍ വേറൊരു വാതിലോ ഇല്ല. ഒരു തരം ജയില്‍വാസം. ചെറുപ്പക്കാരിയായ ഒരു സ്ത്രീയാണെങ്കില്‍ ഇതിനകത്തു കഴിഞ്ഞുകൂടി മാനസികരോഗിയായിത്തീരും.
എന്തിനാണ് സമൂഹം വിധവകളോട് അയിത്തം കല്‍പ്പിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതേസമയം വിധുരന്‍ (വിഭാര്യന്‍) സര്‍വ്വസമ്മതനായി സമൂഹത്തില്‍ തുടരുന്നതും കാണാം.
പലതരം സാഹസങ്ങള്‍ക്കും റിസോര്‍ട്ടില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കുത്തനെ നാട്ടിയ ഉറപ്പുള്ള വലിയ ബോര്‍ഡില്‍ cliff climbing ന് അവസരമൊരുക്കിയിട്ടുണ്ട്. കൈ-കാല്‍ വിരലുകള്‍കൊണ്ട് ബോര്‍ഡില്‍ അള്ളിപ്പിടിച്ച് വലിഞ്ഞു കയറാം.
മുപ്പതോളം അടി ഉയരമുള്ള ലോഹത്തൂണില്‍ ഏണി ഉപയോഗിച്ച് കയറിപ്പറ്റി, അതില്‍ നിന്നും വേറെ തൂണിലേക്കു വലിച്ചുകെട്ടിയ കയറിലൂടെ നടക്കാനും വഴിയുണ്ട്. അതുകാണേണ്ട താമസം, സ്വാമി ഒരു വാനരനെപ്പോലെ ചാടിക്കയറി. പിന്നാലെ വേണുജിയും, അടിയോടി മാഷും! ”മാഷേ, താഴെയിറങ്ങ്, പ്ലീസ്, നാളെ നാട്ടിലേക്കു പോകാനുള്ളതാ” എല്ലാവരും കോറസ്സായി പറഞ്ഞപ്പോള്‍ മാഷും, ബാക്കി രണ്ടുപേരും മനസ്സില്ലാമനസ്സോടെ താഴെയിറങ്ങി. നടന്ന് നടന്ന് റസ്റ്റോറന്റിനടുത്തെത്തി.
അപ്പോഴാണ് ”ഛഡ്ഛഡ് ഗഡ്ഗഡ്” ശബ്ദത്തോടെ രണ്ട് ഹിമാലയന്‍ എന്‍ഫീല്‍ഡുകള്‍ അവിടെയെത്തിയത്. തല മുഴുവന്‍ മറയ്ക്കുന്ന ഹെല്‍മറ്റ് മാറ്റിയപ്പോഴാണ് മനസ്സിലായത് – അവര്‍ വിദേശികളാണെന്ന്. ഞങ്ങള്‍ അവരെ പരിചയപ്പെട്ടു. ഒരാള്‍ ഇംഗ്ലണ്ടില്‍ നിന്നും, മറ്റെയാള്‍ സ്വീഡനില്‍ നിന്നും വന്നതാണ്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ എന്‍ഫീല്‍ഡില്‍ സഞ്ചരിച്ച് ഭാരതത്തിന്റെ പച്ചയായ ജീവിതവും സംസ്‌കാരവും നേരിട്ടുകാണാന്‍ വന്നവരാണ്.
ഹോട്ടലിലേക്കു തിരിച്ചുപോകുന്നവഴി പ്രാചു എന്റെ ബുക്കിലെ ഒരു പേജ് വാങ്ങി. എല്ലാവരും പേരെഴുതി. ഉച്ചയ്ക്ക് എന്തുഭക്ഷണം വേണമെന്ന് അതിനു നേരെ എഴുതാന്‍ പറഞ്ഞു. ലിസ്റ്റിന്റെ ഫോട്ടോ പ്രാചു ‘വാട്ട്‌സ് ആപ്പ്’ ആയി റസ്റ്റോറന്റിലേക്ക് അയച്ചു. ഞങ്ങള്‍ താമരശ്ശേരി ചുരത്തിനു തുല്യമായ റോഡിലൂടെ 30 കി.മീ. യാത്ര ചെയ്ത് അവിടെ എത്തുമ്പോഴേക്കും ഭക്ഷണം റെഡിയായിരിക്കും.
ബസ്സിലിരിക്കുമ്പോള്‍ എല്ലാവരും ചിപ്‌സ്, മുറുക്ക്, ഓറഞ്ച് എന്നിവ പങ്കിട്ടു കഴിച്ചു. ”വീട്ടില്‍ നിന്നും കൊണ്ടുവന്നതൊന്നും തിരിച്ചുകൊണ്ടുപോകരുതെ”ന്ന് സ്വാമി പറഞ്ഞയുടനെ ഞാന്‍ ചോദിച്ചു ”അപ്പോള്‍ സരസ്വതിയെ എന്തു ചെയ്യും സ്വാമീ” എന്ന്. എല്ലാവരും പൊട്ടിച്ചിരിച്ചു. ”ഞാന്‍ സ്‌നാക്‌സിന്റെ കാര്യമാണ് പറഞ്ഞത്” എന്നു പറഞ്ഞ് സ്വാമി തടിതപ്പി.
രണ്ടു മണിയോടെ ഹോട്ടല്‍ റീജന്‍സിയിലെത്തി. ഭക്ഷണം റെഡി. ഒട്ടും സമയം പാഴാക്കാതെ എല്ലാവരും അവരവര്‍ക്കിഷ്ടമുള്ള ഭക്ഷണം കഴിച്ചു.
മൂന്നു മണിക്ക് ‘സോളമന്‍ ടെംപിള്‍’ കാണാന്‍ പോകും. വേഗം മുറിയിലെത്തി, ഫ്രഷായി; ചൂടുകാപ്പിയുണ്ടാക്കിക്കുടിച്ചു.
കൃത്യം മൂന്നുമണിക്ക് എല്ലാവരും വീണ്ടും ബസ്സിലേക്ക്…
സോളമന്‍ ടെംപിള്‍
”സോളമന്‍ ടെംപിളോ? ചര്‍ച്ച് എന്നല്ലേ പറയേണ്ടത്.”ഇന്ന് വൈകിട്ട് നമ്മള്‍ സോളമന്‍ ടെംപിളാണ് കാണാന്‍ പോകുന്നത് എന്ന് വേണുജി പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും ഇരുപതോളം കണ്ഠങ്ങളില്‍ നിന്നും ഈ ചോദ്യം ഉയര്‍ന്നു. നമ്മുടെ നാട്ടില്‍ ഹിന്ദുക്കളുടെ ക്ഷേത്രമാണ് ടെംപിള്‍ എന്ന് അറിയപ്പെടുന്നതെങ്കിലും ‘ടെംപിള്‍’ എന്നാല്‍ ദേവാലയം എന്നും അര്‍ത്ഥമുണ്ട്; – ഇംഗ്ലീഷ് അദ്ധ്യാപകന്‍ ഷിബുവാണ് ഉത്തരം പറഞ്ഞത്.
ഇനി നമുക്ക് ടൈം മെഷീനില്‍ കയറി ക്രിസ്തുവിന് മുമ്പ് പത്താം നൂറ്റാണ്ടിലേക്ക് പോകാം (Old Testament…)
കിംഗ് ഡേവിഡിന്റെ മകനായിരുന്നു പ്രഗത്ഭനായിരുന്ന കിംഗ് സോളമന്‍. അവിഭക്ത ഇസ്രായേലിന്റെ അവസാനത്തെ രാജാവായിരുന്ന അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യമെങ്ങും ഐശ്വര്യം വിളയാടി. കിംഗ് സോളമനാണ് ജറുസലേമില്‍ ‘ദൈവത്തിന്റെ വീട്’ എന്നര്‍ത്ഥം വരുന്ന “House of God’ എന്ന ക്ഷേത്രം നിര്‍മ്മിച്ചത്. ഇതാണ് ആദ്യത്തെ സോളമന്‍ ടെംപിള്‍. ബാബിലോണിയക്കാര്‍ ഈ ക്ഷേത്രം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.
70 എഡിയില്‍ റോമിലെ ജനറല്‍ ടൈറ്റസ് വീണ്ടും ഒരു സോളമന്‍ ദേവാലയം പണികഴിപ്പിച്ചു.
ഇനി നമുക്ക് മിസോറാമിലേക്ക് തിരിച്ചുവരാം. 1984ല്‍ ഡോ.എല്‍.ബി. സെയ്‌ലോ എന്ന വൈദികന്‍ Holy Church അഥവാ മിസോഭാഷയില്‍ Kohhran Thianghlim എന്ന ആത്മീയ സംഘടനയ്ക്ക് രൂപം നല്‍കി. പഴയ ബൈബിള്‍ നിയമത്തില്‍ വിവരിച്ചതുപോലെ സോളമന്‍ ദേവാലയം പണിയണമെന്ന് അദ്ദേഹം സ്വപ്‌നം കണ്ടു. സംഘടനയിലെ എല്ലാവരും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. 1996ല്‍ തറക്കല്ലിടുകയും, 20 വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാവുകയും ചെയ്തു. 2017ലെ ക്രിസ്തുമസ് ദിനത്തില്‍ 2000 ആളുകള്‍ വിശാലമായ ദേവാലയത്തിനകത്തും 10000 പേര്‍ മുറ്റത്തും ഒത്തുകൂടി ആരാധന നടത്തി ഉദ്ഘാടനം ചെയ്തു.
ഐസോളിലെ കിഡ്‌റോണ്‍ എന്ന ഫോറസ്റ്റ് ഏരിയയിലാണ് ഈ ദേവാലയം പണിതിരിക്കുന്നത്. പ്രശാന്തസുന്ദരമായ അന്തരീക്ഷം. വെളിച്ചം മങ്ങിത്തുടങ്ങിയിരിക്കുന്നു. രാജസ്ഥാനില്‍ നിന്നുകൊണ്ടുവന്ന തൂവെള്ള മാര്‍ബിളാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
പെട്ടെന്ന് വത്തിക്കാനിലോ, ഫ്‌ളോറന്‍സിലോ എത്തിയതുപോലെ. മിസോറാമിലെ ഹരിതാഭമായ കാനനത്തിന്റേയും നീലമലകളുടേയും നീലാകാശത്തിന്റേയും പശ്ചാത്തലത്തില്‍ ഈ ദേവാലയം അതിമനോഹരവും പ്രൗഢഗംഭീരവുമായി കാണപ്പെട്ടു.
180 സ്‌ക്വയര്‍ ഫീറ്റാണ് വിസ്തീര്‍ണ്ണം. 30 അടി വീതിയുള്ള വരാന്തയാണ് ചുറ്റിലും. ദേവാലയത്തിന്റെ അകത്തെ വിസ്തീര്‍ണ്ണം 120 സ്‌ക്വയര്‍ഫീറ്റ്. ദേവാലയത്തിന്റെ നാലുചുമരുകള്‍ കിഴക്ക് – പടിഞ്ഞാറ് – തെക്ക് – വടക്ക് – ദിശകളിലേക്ക് തിരിഞ്ഞാണ് ഇരിക്കുന്നത്. ഓരോ ചുവരിലും മൂന്നു വാതിലുകള്‍. പോര്‍ച്ചിനുമുകളില്‍ നാലു പില്ലറുകള്‍. ഓരോന്നിലും ഡേവിഡിന്റെ 7 നക്ഷത്രങ്ങള്‍ (7 ദേവാലയങ്ങളുടെ പ്രതീകം).
കെട്ടിടത്തിന്റെ ഓരോ മൂലയിലും ഓരോ ടവറുണ്ടായിരുന്നു. അതിന്റെ അറ്റത്ത് ഒരു കിരീടം – രക്ഷ (salvation), നീതി (righteousness), ജീവന്‍, ജയിക്കുന്നവന്‍ (overcomer) എന്നിവയെയാണ് ഈ നാലു കിരീടങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്.
വളരെ വൃത്തിയായി സൂക്ഷിച്ച ദേവാലയത്തില്‍ ഞാന്‍ യേശുവിനെത്തിരഞ്ഞു. കണ്ടില്ല! ക്രിസ്തുമതവിശ്വാസിയായ ഷിബുവിനോടു ഞാന്‍ ചോദിച്ചു – ഇവിടെ യേശുവിനെ കാണുന്നില്ലല്ലോ എന്ന്. ഷിബുവിനും ഉത്തരമില്ലായിരുന്നു.
ഞാന്‍ വീട്ടിലെത്തിയതിനുശേഷം ഗൂഗിളില്‍ വിശദമായി പരതിയപ്പോള്‍ ഉത്തരം കിട്ടി. ക്രിസ്തുവിനുമുമ്പ് 10-ാം നൂറ്റാണ്ടില്‍ ആദ്യമായി പണിത സോളമന്‍ ദേവാലയത്തിന്റെ പകര്‍പ്പാണ് ഈ ദേവാലയം. ഇത് House of God മാത്രമാണ്.
ദേവാലയത്തിനു പുറകിലായി ഡോ. സൈലോയുടെ കബറിടം കമനീയമായി അലങ്കരിച്ചുവച്ചിരിക്കുന്നു. ധാരാളം പൂക്കള്‍ കല്ലറയ്ക്കുമുകളില്‍ ഒരു ബൊക്കെയുടെ രൂപത്തില്‍ വച്ചിട്ടുണ്ട്. ദേവാലയത്തിനു ചുറ്റും പുല്‍ത്തകിടിയും കുലകുലയായി പൂത്തുനില്‍ക്കുന്ന ബൊഗെയ്ന്‍ വില്ലച്ചെടികളും ഉണ്ടായിരുന്നു. വളരെ നന്നായി പരിപാലിച്ചിരിക്കുന്ന ആ ദേവാലയവും പരിസരവും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
ദേവാലയത്തിന്റെ ഗേറ്റ് കടന്ന് പുറത്തെത്തിയപ്പോള്‍ 10-12 വയസ്സുള്ള കുട്ടികള്‍ കളിക്കുന്നതു കണ്ടു. ഞാന്‍ വിളിച്ചപ്പോള്‍ ഒരു മടിയും കൂടാതെ അടുത്തു വരികയും, നന്നായി ഇംഗ്ലീഷില്‍ സംസാരിക്കുകയും, ഫോട്ടോയ്ക്കുവേണ്ടി ഞങ്ങളോടൊപ്പം പോസ് ചെയ്യുകയും ചെയ്തു.
തിരിച്ച് ഹോട്ടല്‍ റീജന്‍സിയിലേക്കു പോകുമ്പോള്‍ വത്സലകുമാരി ഒരുപാടു കുസൃതിച്ചോദ്യങ്ങള്‍ ചോദിച്ച് ഞങ്ങളെ വെള്ളം കുടിപ്പിച്ചു. മധുവും ഞാനും ഞങ്ങള്‍ക്കറിയാവുന്ന ചോദ്യങ്ങള്‍ ചോദിച്ചു. കളിയും ചിരിയുമായി ഹോട്ടലിലെത്തിയതറിഞ്ഞില്ല.
7.30ന് എല്ലാവരും വേണുജിയുടെ നിര്‍ദ്ദേശപ്രകാരം ഡൈനിംഗ് ഹാളിലെത്തി. പ്രാചുവിന് ഞങ്ങളുടെ എല്ലാവരുടേയും വക ഉപഹാരം വേണുജി നല്‍കി. മഹാദേവ, സന്ധ്യ, സ്വാമി, അടിയോടി മാഷ് എന്നിവര്‍ സംസാരിച്ചു.
നാളെ രാവിലെ 6.30ന് എല്ലാവരും ലഗ്ഗേജ് റിസപ്ഷനില്‍ എത്തിക്കണമെന്നും 7 മണിക്ക് ബ്രേക്ക് ഫാസ്റ്റ് തുടങ്ങുമെന്നും അറിയിപ്പുണ്ടായി. വിഭവസമൃദ്ധമായ അത്താഴത്തിനുശേഷം മുറിയിലെത്തി. എല്ലാസാധനങ്ങളും അടുക്കിപ്പെറുക്കി ബാഗിലെടുത്തുവച്ചു. സുഖമായി ഉറങ്ങി.
(അവസാനിച്ചു)