കലാലയങ്ങളെ കൊലാലയങ്ങള്‍ എന്നു വിശേഷിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുല്‍ ആല മൗദൂദിയാണ്. ജനാധിപത്യം, മതേതരത്വം, പൊതുവിദ്യാഭ്യാസം തുടങ്ങി ബഹുസ്വരതയുടെ അടയാളങ്ങളായ ആശയസംഹിതകളെ മതനിയമങ്ങളുടെ കൂര്‍ത്തകഠാരകള്‍കൊണ്ട് കുത്തിവീഴ്ത്താനാണ് മതമൗലികവാദികള്‍ എക്കാലവും ആഹ്വാനം ചെയ്തിട്ടുള്ളത്. തങ്ങളുടെ വിഭജന രാഷ്ട്രീയത്തിന്റെ പരീക്ഷണശാലകളായി മതവിധ്വംസകര്‍ തിരഞ്ഞെടുത്തിട്ടുള്ളതും കലാലയങ്ങളെയാണ്. അവിടങ്ങളില്‍ അസ്വസ്ഥതയും അസമാധാനവും സൃഷ്ടിച്ച് ഭാവി തലമുറയെ അരാജകവാദികളായും ദേശവിരുദ്ധരായും മാറ്റിയെടുക്കുകയെന്നതാണ് അവരുടെ ദീര്‍ഘകാല കര്‍മ്മപദ്ധതി. എന്നാല്‍ മതഭീകരവാദികളെ പോലും പിന്തള്ളിക്കൊണ്ട് കേരളത്തിലെ കലാലയങ്ങളെ അരാജകത്വത്തിന്റെ വിളനിലമാക്കി രൂപാന്തരപ്പെടുത്താന്‍ ശ്രമിച്ച ചരിത്രവും വര്‍ത്തമാനവുമാണ് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടേത്.
കഴിഞ്ഞ ഫെബ്രുവരി 18 ന് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാമ്പസിലെ രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ത്ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാര്‍ത്ഥനെ ക്യാമ്പസിനുള്ളില്‍ ആള്‍ക്കൂട്ട വിചാരണ നടത്തുകയും നഗ്‌നനാക്കുകയും ചെയ്ത ശേഷം ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം എസ്എഫ്‌ഐയുടെ കിരാതമുഖം ഒരിക്കല്‍ കൂടി അനാവരണം ചെയ്യുന്നതായിരുന്നു. എസ്എഫ്‌ഐക്ക് മൃഗീയ ഭൂരിപക്ഷമുള്ള കലാലയത്തില്‍ കോളേജ് യൂണിയന്‍ പ്രസിഡന്റ്, യൂണിയന്‍ അംഗം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരുള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. ഫെബ്രുവരി 14 ന് കോളേജില്‍ നടന്ന വാലന്റൈന്‍സ് ഡേ പരിപാടിക്കിടെയുണ്ടായ ചില സംഭവങ്ങളുടെ പേരില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കുകയും പരസ്യവിചാരണ നടത്തുകയും മറ്റു വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ വിവസ്ത്രനാക്കി ഭക്ഷണവും വെള്ളവും പോലും നിഷേധിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് മനസ്സിലാവുന്നത്.
സിദ്ധാര്‍ത്ഥന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ ശരീരത്തില്‍ ക്രൂരമര്‍ദനമേറ്റതിന്റെ തെളിവുകളുണ്ടായിരുന്നു. തലയിലും താടിയെല്ലിലും മുതുകിലും ക്ഷതമേറ്റതിന്റെ പഴക്കമുള്ള പാടുകളുണ്ടായിരുന്നു. കഴുത്തില്‍ കുരുക്കു മുറുകിയ ഭാഗത്ത് അസ്വാഭാവികമായ മുറിവുണ്ടായിരുന്നു. മുഖ്യപ്രതികളിലൊരാളായ സിന്‍ജോ സിദ്ധാര്‍ത്ഥന്റെ കണ്ഠനാളം ഞെക്കിപ്പൊട്ടിച്ചുവെന്നും സിദ്ധാര്‍ത്ഥന് ഇതോടെ ഒരു തുള്ളി വെള്ളം പോലുമിറക്കാന്‍ കഴിയാതായെന്നുമുള്ള വെളിപ്പെടുത്തലുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
അക്രമം, അധീശത്വം, അരാജകത്വം
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങള്‍ കൊടിയടയാളമാക്കിയാണ് എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടന ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള കലാലയങ്ങളില്‍ അവര്‍ സ്വാതന്ത്ര്യവും ജനാധിപത്യവുമൊന്നും അനുവദിക്കാറില്ല. കലാലയങ്ങളില്‍ ഇവയുടെ അതിരുകള്‍ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും എസ്എഫ്‌ഐയാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയ്ക്കുപകരം അക്രമം, അധീശത്വം, അരാജകത്വം എന്നീ മുദ്രാവചനങ്ങളാണ് എസ്എഫ്‌ഐക്ക് ചേരുക. കലാലയങ്ങളെ കൊലനിലങ്ങളാക്കിയ ചരിത്രമാണ് അവരുടേത്. കെ.എസ്.യു കയ്യടക്കി വെച്ചിരുന്ന ക്യാമ്പസുകളിലേക്ക് 1970 കളില്‍ എസ്.എഫ്.ഐ കടന്നുവന്നതോടെ കലാലയ രാഷ്ട്രീയം തന്നെ അക്രമരാഷ്ട്രീയത്തിന് വഴിമാറി. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളെ തുടര്‍ന്ന് 1974 നും 2022 നും ഇടയില്‍ എട്ട് വീതം കെ.എസ്.യു, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. 1984 ല്‍ കൊല്ലം നിലമേല്‍ എന്‍.എസ്.എസ്. കോളേജില്‍ ആക്രമിക്കപ്പെട്ട എ.ബി.വി.പി. പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ ആര്‍.എസ്.എസ്. പ്രചാരകനായ ദുര്‍ഗ്ഗാദാസിനെ കോളേജില്‍ വെച്ച് കമ്മ്യൂണിസ്റ്റുകള്‍ കൊലപ്പെടുത്തിയ സംഭവം കലാലയ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായിരുന്നു. 1996 സപ്തംബര്‍ 17ന് പരുമല ദേവസ്വം ബോര്‍ഡ് കോളേജിലെ മൂന്ന് എ.ബി.വി.പി. പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് പുഴയില്‍ മുക്കിക്കൊന്ന സംഭവം എസ്.എഫ്.ഐയുടെ ക്രൂരമുഖം ഒരിക്കല്‍ക്കൂടി വെളിവാക്കി. നിയമസഭയില്‍ ഈ സംഭവം ഉന്നയിക്കപ്പെട്ടപ്പോള്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇ.കെ.നായനാര്‍ പ്രതിപക്ഷത്തോട് ചോദിച്ചത് ‘കൊല്ലപ്പെട്ടത് എ.ബി.വി.പിക്കാരല്ലേ, അതിന് നിങ്ങള്‍ക്കെന്താ’ എന്നാണ്. മനുഷ്യ ജീവന് കമ്മ്യൂണിസ്റ്റുകള്‍ എത്രത്തോളം വിലകല്പിക്കുന്നുവെന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഈ പ്രതികരണത്തിലൂടെ പ്രകടമായത്.
2008 ല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പേരിലാണ് കെ.എസ്. സനൂപ് എന്ന എബിവിപി പ്രവര്‍ത്തകന്‍ ഭീകരമായി ആക്രമിക്കപ്പെട്ടത്. അവിടെ നിലനിന്ന എസ്.എഫ്.ഐയുടെ ഏകാധിപത്യത്തിന് വിദ്യാര്‍ത്ഥികള്‍ ജനാധിപത്യപരമായി തിരിച്ചടി നല്‍കിയപ്പോഴാണ് സ്ഥാനമേറ്റയുടന്‍ കൃത്യമായ ആസൂത്രണത്തോടെ ചെയര്‍മാനുനേരെ എസ്എഫ്‌ഐക്കാര്‍ ആക്രമണം നടത്തിയത്. പരീക്ഷ എഴുതിക്കൊണ്ടിരിക്കെയാണ് അവര്‍ ആക്രമണം നടത്തിയത്. അക്രമത്തെ തുടര്‍ന്ന് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും, സനൂപിന് ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. കാലും കയ്യും തല്ലിയൊടിക്കുകയും ചെയ്തു.
എസ്.എഫ്.ഐയുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന കോളേജുകളിലെ യൂണിയന്‍ ഓഫീസുകള്‍ പോലും ആയുധപ്പുരകളാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ സദാസജ്ജമായ ഇടിമുറികളെക്കുറിച്ച് പലതവണ വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെ ഒരു ഗണിത വിഭാഗം മേധാവി അവിടുത്തെ ഇടിമുറികള്‍ ഒഴിപ്പിച്ച് സ്റ്റാറ്റിറ്റിക്സ് ഡിപ്പാര്‍ട്മെന്റ് ലൈബ്രറിയാക്കുകയും കോളേജ് അച്ചടക്ക സമിതിക്ക് മുന്നില്‍ എസ്എഫ്‌ഐക്കെതിരെ മൊഴി കൊടുക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ വാഹനവും കംപ്യൂട്ടര്‍ ലാബിന്റെ ജനലുകളും എസ്എഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു. പൂക്കോട് വെറ്ററിനറി കോളേജിലും എസ്എഫ്‌ഐ ഇടിമുറി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നു. അടുത്തിടെ കണ്ണൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ എബിവിപി മെമ്പര്‍ഷിപ്പ് വിതരണം ചെയ്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിനിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടിരുന്നു.
അരാജകത്വത്തിന്റെ അഭ്യാസശാല
കമ്മ്യൂണിസത്തെക്കുറിച്ച് സുപ്രസിദ്ധ ചിന്തകനായ ലാസ്‌കി ഒരിക്കല്‍ പറഞ്ഞത് ‘കമ്മ്യൂണിസം സാന്മാര്‍ഗികമല്ല, ദുര്‍മാര്‍ഗികവുമല്ല, അമാര്‍ഗികമാണത്’ ((Communism is neither moral, nor immoral but amoral)) എന്നാണ്. കമ്മ്യൂണിസം ആശയപരമായി തന്നെ അരാജകത്വത്തിന് അരങ്ങൊരുക്കുന്നു. ഇതാണ് കലാലയങ്ങളില്‍ എസ്എഫ്‌ഐ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും അങ്ങേയറ്റം സാംസ്‌കാരിക വിരുദ്ധവും അസാന്മാര്‍ഗികതയോട് ആഭിമുഖ്യം പുലര്‍ത്തുന്നതുമാണ്.
എസ്എഫ്ഐ ഭരണം നടത്തുന്ന തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ സാമൂഹികസദാചാരത്തിനും സാന്മാര്‍ഗികതയ്ക്കും വിരുദ്ധമായ പ്രചാരണങ്ങള്‍ വളരെക്കാലമായി നടക്കുന്നു. 2021 ല്‍ അവിടെ നവാഗത വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് എസ്എഫ്ഐ സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡില്‍ മുള്ളുവേലികളുടെ വിലക്കുകള്‍ ലംഘിച്ച് പരസ്പരം ചുംബിക്കുന്ന സ്ത്രീ പുരുഷന്മാരുടെ ചിത്രം ഇടംനേടിയിരുന്നു. ‘ഒന്നു ചിന്തിക്കൂ. ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ചോദ്യത്തോടൊപ്പം ‘ഭൂഗോളം ലൈംഗിക വിമോചനം ആവശ്യപ്പെടുന്നു’ എന്നൊരു പ്രഖ്യാപനവും എസ്എഫ്‌ഐ അതോടൊപ്പം നടത്തി. 2017 ല്‍ എസ്എഫ്ഐ നവാഗതരായ വിദ്യാര്‍ത്ഥികളെ കോളജിലേക്ക് സ്വാഗതം ചെയ്തത് എം.എഫ്. ഹുസൈന്‍ വരച്ച സരസ്വതീ ദേവിയുടെ അശ്ലീല ചിത്രം ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്. ഇതേ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കോളേജ് മാഗസിനും അവര്‍ പുറത്തിറക്കി. മറ്റൊരിക്കല്‍ ശബരിമല അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം മാഗസീനില്‍ വരച്ചുവച്ചു. 2016 ലാണ് എറണാകുളം മഹാരാജാസ് കോളേജിന്റെ ചുമരുകളില്‍ അശ്ലീല പദപ്രയോഗവും, മതസ്പര്‍ധ വളര്‍ത്തുന്ന വാക്കുകളും എഴുതിവച്ചതിന് ആറ് എസ്എഫ്ഐക്കാരെ പോലീസ് അറസ്റ്റു ചെയ്തത്. മുന്‍പ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ‘വിശ്വവിഖ്യാതമായ തെറി’ എന്ന മാഗസിന്‍ എസ്എഫ്‌ഐ പുറത്തിറക്കിയിരുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ സിനിമാ തിയറ്ററുകളില്‍ നടത്തേണ്ടത് ലൈംഗിക ബന്ധമാണെന്ന സൂചനയോടെയാണ് 2017 ല്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. കോളേജില്‍ ദേശീയ ഗാനം മുഴങ്ങുന്നതിനിടെ ചേഷ്ടകള്‍ കാട്ടി അനാദരവ് പ്രകടിപ്പിച്ചതിന് 2018 ല്‍ മുവാറ്റുപുഴ നിര്‍മ്മല കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എഫ്‌ഐ ലക്ഷണമൊത്ത സാഡിസ്റ്റ് സംഘടനയാണെന്നതിന്റെ തെളിവുകളാണ് അവരുടെ അക്രമ സ്വഭാവവും അരാജകത്വ മനോഭാവവും.
നാളിതുവരെ എസ്.എഫ്. ഐ നടത്തിയ ആക്രമണങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും കലാലയ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഇരകളായിട്ടുള്ളത്. വിദേശ സര്‍വ്വകലാശാലകള്‍ക്കും ഏജന്‍സികള്‍ക്കും കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ആഗോളവിദ്യഭ്യാസ സംഗമത്തിനെത്തിയ വിദേശകാര്യ നയതന്ത്ര വിദഗ്ധനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ.ടി.പി. ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ പരസ്യമായി തല്ലിത്താഴെയിട്ടത്. ഇതേ നയം നടപ്പിലാക്കാന്‍ ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമം നടത്തുമ്പോള്‍ എസ്എഫ്‌ഐക്കാര്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ്. അടുത്തിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തെരുവില്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം എസ്എഫ്‌ഐയുടെ ക്രിമിനല്‍ സ്വഭാവം വിളിച്ചോതുന്നതാണ്. മുന്‍പ് എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചതും പാലക്കാട് വിക്ടോറിയ കോളേജില്‍ വിരമിക്കുന്ന അധ്യാപികയ്ക്ക് എസ്എഫ്‌ഐക്കാര്‍ കുഴിമാടം ഒരുക്കിയതുമെല്ലാം കേരളം കണ്ടതാണ്. അവ ആര്‍ട്ട് ഇന്‍സ്റ്റലേഷനാണെന്ന് ന്യായീകരിച്ചത് മുന്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയായ കമ്മ്യൂണിസ്റ്റ് നേതാവാണ്.
ചെങ്കോട്ടയിലെ പച്ചത്തുരുത്തുകള്‍
കേരളത്തിലെ കലാലയങ്ങളെ കലാപഭൂമിയാക്കാനുള്ള ഗൂഢപദ്ധതി പ്രയോഗവല്‍ക്കരിക്കാന്‍ വളരെക്കാലമായി എസ്എഫ്‌ഐയാണ് മതഭീകരവാദികള്‍ ഉപകരണമാക്കുന്നത്. ഒരാളെ പരസ്യവിചാരണ നടത്തിയും നഗ്നനാക്കിയും കൊലപ്പെടുത്തുന്ന, ഐഎസ് പോലുള്ള മതഭീകരസംഘടനകള്‍ അനുവര്‍ത്തിച്ചു വരുന്ന കാടത്തരീതിയെ അനുകരിക്കുകയാണ് സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തിലൂടെ എസ്എഫ്‌ഐക്കാര്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ ്ഐ-പിഎഫ്ഐ കൂട്ടുകെട്ട് നിലനില്‍ക്കുന്നുവെന്നും തന്നെ തുടര്‍ച്ചയായി തെരുവില്‍ തടയാനും ആക്രമിക്കാനും ശ്രമിച്ചത് ഈ ഐക്യനിരയാണെന്നുമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണവും ഇതോടൊപ്പം കൂട്ടിവായിക്കണം. അടുത്തിടെ കേരള സര്‍വകലാശാലാ കലോത്സവത്തിന് പാലസ്തീന്‍ ഐക്യദാര്‍ഢ്യമെന്ന കാരണം പറഞ്ഞ് ‘ഇന്‍തിഫാദ’ എന്നു പേരു നല്‍കിയത് മതഭീകരവാദികളെ പ്രീണിപ്പിക്കാന്‍ തന്നെയാണ്. ഇത് തീവ്രവാദവുമായി ബന്ധപ്പെട്ട പേരാണെന്ന് തുടക്കം മുതല്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഒടുവില്‍ വൈസ് ചാന്‍സലര്‍ ഇടപെട്ട് അത് പിന്‍വലിച്ചു. എന്‍ഐടി കാലിക്കറ്റും സ്പിക് മക്കെ കോഴിക്കോട് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിരാസത്’ മേളയെ വീര്‍ സാവര്‍ക്കര്‍ മേളയെന്ന് തെറ്റിദ്ധരിപ്പിച്ചും കമ്മ്യൂണിസ്റ്റുകള്‍ വലിയ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇതും ഇസ്ലാമിക ഭീകരവാദികളെ പ്രീതിപ്പെടുത്താന്‍ തന്നെയാണ്. സിപിഎം ഭരണത്തിലിരിക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നിഷ്ഠൂരമായി കൊലചെയ്ത മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കേസ് കാര്യക്ഷമമായി അന്വേഷിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഇടുക്കിയില്‍ ധീരജ് കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനത്തുടനീളം അക്രമമഴിച്ചുവിട്ട പാര്‍ട്ടി അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധം ചുവരെഴുത്തില്‍ മാത്രമായി ഒതുക്കിത്തീര്‍ക്കുകയായിരുന്നു എന്നോര്‍ക്കണം. എസ്എഫ്‌ഐയില്‍ നുഴഞ്ഞുകയറിയ പോപ്പുലര്‍ ഫ്രണ്ടുകാരാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു. മഹാരാജാസിലെ മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ത്ഥിയായ ക്യാമ്പസ്ഫ്രണ്ട് നേതാവ് എസ്എഫ്ഐയുടെ സന്തതസഹചാരിയായിരുന്നെന്നും ഇയാളുടെ സമ്മര്‍ദ്ദപ്രകാരമാണ് അന്ന് അഭിമന്യു കോളേജിലെത്തിയതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ അഭിമന്യു കേസിന്റെ രേഖകള്‍ പോലും കോടതിയില്‍ നിന്ന് നഷ്ടമായിരിക്കുന്നു.
താലിബാനിസ്റ്റുകളെയും ഐഎസ് ഭീകരരെയും അനുസ്മരിപ്പിക്കുന്ന വിധത്തില്‍ നടപ്പിലാക്കപ്പെട്ട സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ എസ്എഫ്‌ഐയ്ക്കു മേല്‍ മതഭീകരരുടെ സ്വാധീനമുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ മിക്ക കലാലയങ്ങളിലും അവര്‍ ഒരേ തൂവല്‍ പക്ഷികളായാണ് പ്രവര്‍ത്തിക്കുന്നത്. നിലപാടുകള്‍ കൊണ്ടും കൊടിയടയാളങ്ങള്‍ കൊണ്ടും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം ഇന്ന് കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകളും മതഭീകരവാദികളും സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
എസ്എഫ്‌ഐയുടെ സമാന്തര ഭരണം
കേരളത്തിലെ കലാലയങ്ങളില്‍ വളരെക്കാലമായി എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി സംഘടന സര്‍വ്വാധിപത്യപരമായ സമാന്തര ഭരണം നടത്തുകയാണ്. ഇടതുപക്ഷം ഭരണത്തിലില്ലാത്തപ്പോഴും കോളേജു ഭരണം എസ്എഫ്‌ഐയുടെ കൈകളില്‍ തന്നെയാണ്. വിദ്യാര്‍ത്ഥികളെയും അദ്ധ്യാപക- അനദ്ധ്യാപകരെയും ഉപയോഗിച്ച് കോളേജുകളില്‍ എസ്എഫ്‌ഐയുടെ സമഗ്രാധിപത്യം ഊട്ടിയുറപ്പിക്കപ്പെടുകയാണ്. അതുവഴി അക്രമവും അട്ടിമറികളും അരാജകത്വവും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് എറണാകുളം മഹാരാജാസ് കോളേജില്‍ എസ്. എഫ്.ഐയുടെ ഉന്നത നേതാവ് പരീക്ഷ പോലും എഴുതാതെ വിജയിക്കുകയും മറ്റൊരു നേതാവ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഗസ്റ്റ് ലക്ചററായി ജോലി നേടുകയും ചെയ്തത്. അതിനു മുന്‍പ് തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയതിന്റെ പേരില്‍ എസ്.എഫ്.ഐ നേതാവ് പിടിക്കപ്പെട്ടു. അവിടെ കോളേജ് യൂണിയന്‍ കൗണ്‍സിലറായി കോളേജില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്കു പകരം എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി വിശാഖിന്റെ പേര് എഴുതി ചേര്‍ത്ത് സര്‍വ്വകലാശാലയ്ക്കയച്ചു. ചെങ്കോട്ടയെന്ന് എസ്.എഫ്. ഐ എപ്പോഴും അഭിമാനത്തോടെ ആവേശം കൊള്ളാറുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് 2018ല്‍ നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ഉത്തരങ്ങള്‍ സ്മാര്‍ട്ട് വാച്ച് വഴി കോപ്പിയടിച്ച് റാങ്ക് ലിസ്റ്റില്‍ കയറിയത് ശിവരഞ്ജിത്ത്, നസീം, പ്രണവ് തുടങ്ങിയ എസ്. എഫ്.ഐ നേതാക്കളായിരുന്നു. കലാലയങ്ങളില്‍ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന സമാന്തരഭരണത്തിന് ചൂട്ടുപിടിക്കുന്നത് ഇടത് അധ്യാപകരും ഉദ്യോഗസ്ഥരുമാണ്.

പൂക്കോട് വെറ്ററിനറി കോളേജില്‍ തങ്ങളുടെ കണ്‍മുന്നില്‍ വെച്ച് ക്രൂരമായ ഒരു കൊലപാതകം നടന്നിട്ടും പ്രതികളുടെ ഉന്നത രാഷ്ട്രീയ സ്വാധീനത്തിന് വഴിപ്പെട്ട് ഇരയുടെ കുടുംബത്തിന് നീതി നിഷേധിക്കാനുള്ള നീക്കമാണ് കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. മരണവിവരം സിദ്ധാര്‍ത്ഥന്റെ വീട്ടുകാരെ അറിയിക്കുന്നതിലും സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിലും കോളേജ് അധികൃതരുടെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടായി. മറ്റു വിദ്യാര്‍ത്ഥികളെ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നതില്‍ നിന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തി വിലക്കി. ഇത്തരം ഗുരുതരമായ കൃത്യവിലോപം ഉണ്ടായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു സസ്പെന്റ് ചെയ്തത്. പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ എം.കെ. നാരായണന്‍ സംഭവത്തെകുറിച്ച് തികച്ചും നിരുത്തരവാദപരമായ പ്രതികരണങ്ങളാണ് നടത്തിയത്. ഡീനിന്റ പണി സെക്യൂരിറ്റി സര്‍വീസ് അല്ലെന്നുവരെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒടുവില്‍ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തു. എസ്എഫ്‌ഐക്കാരാണ് പ്രതിസ്ഥാനത്തുള്ളത് എന്നതുകൊണ്ട് തന്നെയാണ് കോളേജ് അധികൃതരില്‍ നിന്ന് ഇത്തരം അലംഭാവങ്ങള്‍ ഉണ്ടായതെന്നു വ്യക്തം. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വിലങ്ങുതടിയായി നില്‍ക്കുന്നത് കലാലയങ്ങളില്‍ നിലനില്‍ക്കുന്ന എസ്എഫ്‌ഐയുടെ ഈ സമാന്തരഭരണ സംവിധാനം തന്നെയാണ്. വര്‍ത്തമാനകാല മലയാളി യുവത വിദ്യാഭ്യാസത്തിനായി പുറംനാടുകളിലേക്ക് കുടിയേറ്റം നടത്തുന്നതിന്റെ പ്രേരകങ്ങളിലൊന്ന് കേരളത്തിലെ കലാലയങ്ങളിലുള്ള എസ്എഫ്‌ഐയുടെ അധീശത്വം തന്നെയാണെന്നത് തര്‍ക്കമറ്റ സത്യമാണ്.
എസ്എഫ്‌ഐയുടെയും സിപിഎമ്മിന്റെയും ശൈലിയനുസരിച്ച് സിദ്ധാര്‍ത്ഥ് കേസിലെ തെളിവുകളെല്ലാം ഇപ്പോള്‍ തന്നെ നശിപ്പിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും. എങ്കിലും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം സിബിഐ അന്വേഷിക്കുന്നത് സ്വാഗതാര്‍ഹമാണ്. സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് സാഡിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയായി മാറിക്കഴിഞ്ഞ എസ്എഫ്‌ഐയുടെ കിരാതരാഷ്ട്രീയത്തെ കേരളത്തിന്റെ വിദ്യാര്‍ത്ഥി സമൂഹവും പൊതുസമൂഹവും ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പ്പിക്കുമെന്നു പ്രത്യാശിക്കാം.