കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ചില വാക്കുകള്‍ പരിഹാസത്തിന്റെ പര്യായമാകുന്നതെങ്ങനെയെന്ന് പ്രബുദ്ധമലയാളികള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. നവോത്ഥാനം, നവകേരളം, സ്ത്രീസമത്വം, മതേതരത്വം, ജനാധിപത്യം, ആവിഷ്‌ക്കാരസ്വാതന്ത്ര്യം തുടങ്ങിയ വാക്കുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഉച്ചരിക്കുന്നത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നേതാക്കളും അവരുടെ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന ‘കുബുദ്ധി ജീവി’കളുമാണ്. വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും കള്ളങ്ങളെയും മറയ്‌ക്കേണ്ട സമയത്താണ് കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ പ്രത്യയശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം വാക്കുകള്‍ ഉറക്കെ വിളിച്ചു പറയുന്നത്. വൃദ്ധ വേശ്യയുടെ ശ്രദ്ധപിടിക്കാനുള്ള ശബ്ദഘോഷം പോലെ മാത്രമെ കമ്മ്യൂണിസ്റ്റുകാര്‍ ഇത്തരം വാക്കുകള്‍ പ്രഘോഷിക്കുന്നതിനെ കാണേണ്ടതുള്ളു.
ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈയിടെ ഉണ്ടായിരിക്കുന്ന കാര്‍ട്ടൂണ്‍ വിവാദം. തങ്ങളാണ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഏക കാവല്‍ക്കാര്‍ എന്ന് പുരപ്പുറത്തു കയറി നിന്ന് വിളിച്ചുകൂവിയിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഈ വര്‍ഷം ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഈ വര്‍ഷ ത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരം മതവികാരം വ്രണപ്പെടുത്തുന്നതായതിനാല്‍ പിന്‍ വലിക്കാന്‍ കല്പിച്ചിരിക്കുന്നു. എന്തായാലും മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഹിന്ദുമതത്തിന്റേതാവില്ല എന്ന് മൂന്നുതരം. കാരണം അവര്‍ക്കെന്തെങ്കിലും വികാരമുള്ളതായി കമ്മ്യൂണിസ്റ്റുകള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ശബരിമലയിലെ ആചാരഅനുഷ്ഠാന വിഷയത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ അത് തെളിയിച്ചതാണ്. മതവികാരമുള്ള രണ്ട് മതങ്ങളെ കേരളത്തിലൂള്ളു. ഒന്ന് മുസ്ലിങ്ങളും രണ്ട് ക്രിസ്ത്യാനികളും. പള്ളി അരമനകളും പാണക്കാട് തറവാടും വരയ്ക്കുന്ന വരയിലൂടെ മാത്രം സഞ്ചരിച്ച് ശീലമുള്ള ത്രിവര്‍ണ്ണ വാണിഭസംഘവും ചെമ്പന്‍ വിപ്ലവ ഭാഗ്യാന്വേഷികളും നാളിതുവരെ ഹിന്ദുക്കള്‍ എന്നൊരു ജനവിഭാഗം കേരളത്തില്‍ ജീവിക്കുന്നതായി തന്നെ സമ്മതിച്ചിട്ടില്ല. പിന്നല്ലെ അവരുടെ മതവികാരം. പക്ഷെ ബിഷപ്പോ മൗലവിയോ തങ്ങളുടെ മതവികാരം വ്രണപ്പെട്ടു എന്നു പറഞ്ഞാല്‍ എന്ത് പ്രായശ്ചിത്തം ചെയ്യാനും ‘നവോത്ഥാന വിപ്ലവവായാടികളും’ ‘ഗോദ്‌റേജ് നവയൗവന’ കോണ്‍ഗ്രസ് നേതാക്കളും തയ്യാറാകും. അതുകൊണ്ടാണല്ലോ കന്യാസ്ത്രീ പീഡനങ്ങളിലൂടെ ‘വിശുദ്ധപരിവേഷം’ നേടിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ പൂവന്‍ കോഴിയായി വരച്ചത് ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇടതു സാംസ്‌കാരിക മന്ത്രി എ.കെ. ബാലനും ഒരേ സ്വരത്തില്‍ പറഞ്ഞത്.
ലളിതകലാ അക്കാദമി കഴിഞ്ഞവര്‍ഷത്തെ മികച്ച കാര്‍ട്ടൂണായി തിരഞ്ഞെടുത്ത കെ.കെ. സുഭാഷിന്റെ ‘വിശ്വാസം രക്ഷതി:’ എന്ന സൃഷ്ടി ഏതെങ്കിലും മതപരമായ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന ഒന്നല്ല എന്ന് ഏത് കലാസ്വാദകനും കണ്ടെത്താന്‍ കഴിയും. വരകൊണ്ടും വാക്കുകൊണ്ടും ധ്വനിഭരിതമായ തികഞ്ഞ രാഷ്ട്രീയ കാര്‍ട്ടൂണായിരുന്നു അത്. അതില്‍ മതനിന്ദ ആരോപിക്കുന്ന ബിഷപ്പുമാരും, കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് രാഷ്ട്രീയ നേതാക്കളും മറുപടി പറയേണ്ട ചില സംഗതികളുണ്ട്. ബിഷപ്പ് ഫ്രാങ്കോ എന്ന കോഴിപ്പൂവന്‍ തന്റെ അംശവടിയില്‍ അടിവസ്ത്രവും കെട്ടിനില്‍ക്കുമ്പോള്‍ ക്രൈസ്തവരുടെ ഏത് മത സങ്കല്പമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഒരു പുരോഹിതന്റെ സ്ത്രീപീഡകന്‍ എന്ന പ്രതിച്ഛായയെ ആണ് കാര്‍ട്ടൂണിലൂടെ കലാകാരന്‍ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നത്. കുമ്പസാരം പോലെ കുര്‍ബാനപോലെ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ സംഹിതയില്‍ ഇടംപിടിച്ച ഒന്നാണ് സ്ത്രീപീഡനമെങ്കില്‍ അവരുടെ മതവികാരം വ്രണപ്പെട്ടു എന്നു പറയാം. സ്ത്രീപീഡകനായ ബിഷപ്പിനോടൊപ്പം നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് സ്ത്രീപീഡക ജനപ്രതിനിധിയും കൂടിയാകുമ്പോള്‍ കാര്‍ട്ടൂണ്‍ ഇരുതലമൂര്‍ച്ചയുള്ള വാളായിമാറുന്നു. അപ്പോള്‍ ഫ്രാങ്കോയും നവോത്ഥാന വനിതാമതിലുകെട്ടിയ മുഖ്യമന്ത്രിയും ഒരേവരിയില്‍ വന്നതിന്റെ ജാള്യത മറയ്ക്കാനാണ് കാര്‍ട്ടൂണ്‍ നിരോധനമെന്നു വരുന്നു. ഇതൊക്കെ മനസ്സിലാക്കാന്‍ സാക്ഷര മലയാളിക്ക് ഓക്‌സ്‌ഫോര്‍ഡ് പാണ്ഡിത്യമൊന്നും വേണ്ട.
ഇനി ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ നിത്യകാവല്‍ക്കാരായ കമ്മ്യൂണിസ്റ്റുകള്‍ ഇക്കാര്യത്തില്‍ ഇതുവരെ പിന്‍തുടര്‍ന്ന ഇരട്ടത്താപ്പുകള്‍ കൂടി തുറന്നുകാട്ടാതെവയ്യ. സംഘടിത ക്രിസ്ത്യന്‍ മതപരിവര്‍ത്തനശക്തികള്‍ മൂന്നാറില്‍ റവന്യൂ ഭൂമികൈയ്യേറി കുരിശ് സ്ഥാപിച്ചപ്പോള്‍ അത് നീക്കം ചെയ്ത സബ് കളക്ടറെ രായ്ക്കുരാമാനം നാടുകടത്തുകയും ‘പാവം കുരിശ് എന്തു പിഴച്ചു’ എന്ന് നിലവിളിക്കുകയും ചെയ്ത മുഖ്യമന്ത്രി, ചെകുത്താന്‍ കുരിശു കണ്ടതുപോലെ ഭയപ്പെട്ടത് പള്ളി അരമനകളിലെ വിശുദ്ധപിതാക്കന്മാരെ ആയിരുന്നു എന്ന് ഏത് മലയാളിക്കാണ് അറിയാത്തത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന വാക്ക് എഴുതിയതിന് കൈവെട്ടി മാറ്റപ്പെട്ട ജോസഫ് മാഷിനെ തള്ളിപ്പറഞ്ഞ മുന്‍വിദ്യാഭ്യാസമന്ത്രി എം.എ ബേബി കമ്മ്യൂണിസ്റ്റുകാരുടെ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നിത്യസ്മാരകമായി തുടരുന്നു. അരമനകളിലും അള്‍ത്താരകളിലും മദ്രസകളിലും കുട്ടികളും സ്ത്രീകളും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മൗനിയായിരുന്ന വിജയന്‍ മുഖ്യമന്ത്രി കാഷായമുടുത്ത ഏതോ ഒരു വ്യക്തിയുടെ ലൈംഗിക അവയവം ഛേദിക്കപ്പെട്ടപ്പോള്‍ ചാനലുകളില്‍ വന്നിരുന്ന് വഷളന്‍ ചിരിയോടെ മുഴുവന്‍ സന്ന്യാസിമാരെയും പുച്ഛിച്ച് പറഞ്ഞ വാക്കുകള്‍ മലയാളി മറന്നിട്ടില്ല. കത്വ സംഭവത്തിന്റെ മറവില്‍ മതഭീകരവാദികളോടൊപ്പം ചേര്‍ന്ന് ശിവലിംഗത്തില്‍ ഗര്‍ഭനിരോധന ഉറ ചാര്‍ത്തിയും ത്രിശൂലത്തില്‍ ലിംഗം വരച്ചും പ്രചരിപ്പിച്ചപ്പോള്‍ ഭൂരിപക്ഷ മതസമൂഹത്തിന്റെ വികാരങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത കമ്മ്യൂണിസ്റ്റുകളുടെ പുതിയ ‘മതവികാരസിദ്ധാന്തം’ ആരിലും ചിരിയുണര്‍ത്തും. സരസ്വതിയെ നഗ്നയായി വരച്ച എം.എഫ്.ഹുസൈനെ രാജാരവിവര്‍മ്മപുരസ്‌കാരം നല്‍കി ആദരിച്ച, രാമനെയും രാമായണത്തെയും അധിക്ഷേപിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്തതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിനെ വയലാര്‍ പുരസ്‌കാരം കൊണ്ട് ആദരിച്ച കമ്മ്യൂണിസ്റ്റുകള്‍ക്ക് ക്രിസ്ത്യന്‍ മുസ്ലിം മതവികാരം മാത്രം മനസ്സിലാകുന്നതെന്തുകൊണ്ടാണ് എന്ന് എല്ലാവരും ഇന്ന് തിരിച്ചറിയുന്നുണ്ട്. പ്രവാചകനെ നിന്ദിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കോഴിക്കോട് തൃക്കുറ്റിശ്ശേരി നോര്‍ത്ത് കമ്മറ്റി ഡിവൈഎഫ്‌ഐ സെക്രട്ടറിയെ പുറത്താക്കിയ കമ്മ്യൂണിസ്റ്റുകള്‍ അയ്യപ്പന്‍ സ്വവര്‍ഗ്ഗരതിയിലൂടെ ജനിച്ചവനെന്ന് പരിഹസിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെ സ്വീകരിച്ചാനയിക്കുന്നത് കണ്ടതാണ്. ഇടതുസഹയാത്രികനായ പവിത്രന്‍ തീക്കുനിയുടെ പര്‍ദ്ദ എന്ന കവിത മതഭീകരവാദികളുടെ ഭീഷണിക്കുമുന്നില്‍ പിന്‍വലിച്ച് മാപ്പുപറഞ്ഞപ്പോഴും ആവിഷ്‌കാരസ്വാതന്ത്ര്യവാദികളായ ഒരു കമ്മ്യൂണിസ്റ്റുകാരനെയും കണ്ടില്ല.
‘ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാകും കേരളഗവണ്‍ മെന്റ്’ എന്ന് ഹരീഷിന്റെ മീശനോവല്‍ ഹിന്ദുക്കളെ അവഹേളിച്ചപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട മുഖ്യമന്ത്രി വിജയന്‍ ഇപ്പോള്‍ ഫ്രാങ്കോ ബിഷപ്പിന്റെ പേരില്‍ പള്ളി അരമനകളില്‍ മാപ്പിരന്ന് നില്‍ക്കുന്ന കാഴ്ച കൗതുകമുണര്‍ത്തുന്നു. അപ്പോള്‍ ഹിന്ദുക്കളെയും അവരുടെ ആചാരവിശ്വാസങ്ങളെയും അവഹേളിക്കുന്നത് വിപ്ലവവും സംഘടിത ന്യൂനപക്ഷവിശ്വാസങ്ങളെ തൊട്ടാല്‍ മതനിന്ദയുമാകുന്ന വിചിത്ര നിലപാടുള്ള കമ്മ്യൂണിസ്റ്റുകള്‍ ഇനിയെങ്കിലും നവോത്ഥാനം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം തുടങ്ങിയ വാക്കുകള്‍ മിണ്ടാതിരിക്കുക. അവ അര്‍ത്ഥലോപം വന്ന് പരിഹാസ വാക്കുകള്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.