ജാല്‍ന(മഹാരാഷ്ട്ര): സമത്വവും സഹകരണവും ജീവിതത്തിന്റെ അനിവാര്യതയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ജാല്‍നയില്‍ ബാബാ ആനന്ദ് ഗട്കറുടെ ഗ്രന്ഥങ്ങളെക്കുറിച്ച് തയാറാക്കിയ ആനന്ദ് നിധാന്‍ എന്ന പുസ്തകം പ്രകാശനം ചെയ്ത്. സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതികള്‍ ഈശ്വരസൃഷ്ടിയല്ല, സമാജസൃഷ്ടിയാണ്. ബന്ധുത്വഭാവത്തോടെ കഴിയുക എന്നത് മനുഷ്യന്റെ ധര്‍മ്മമാണ്. ജാതിവിവേചനങ്ങള്‍ക്ക് ഈശ്വരനെ കൂട്ടുപിടിക്കേണ്ടതില്ല, ഒരു ജാതിയും ഈശ്വരന്‍ സൃഷ്ടിച്ചിട്ടില്ല. രാമനും ഭരതനും ഭാരതത്തിന്റെ ആദര്‍ശങ്ങളാണ്. ജനത എന്ന നിലയില്‍ ആ ബന്ധുത്വത്തെ നാമോരോരുത്തരും മാതൃകയാക്കണം. ബാബയുടെ സാന്നിധ്യം ഇത്തരത്തിലുള്ള സാഹോദര്യഭാവം സമാജത്തില്‍ സൃഷ്ടിക്കാന്‍ ഉപകരിക്കും സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു.
അവഗണിക്കേണ്ടവരോ അരികിലേക്ക് മാറ്റിനിര്‍ത്തേണ്ടവരോ അല്ല നാടോടിസമൂഹം. കച്ചവടത്തിനല്ല, ധര്‍മ്മത്തിനുവേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. നാടോടിവിജ്ഞാനം വിപുലമായ അറിവാണ് സമാജത്തിന് പകര്‍ന്നത്. ലോഹശാസ്ത്രം, വൈദ്യചികിത്സ മുതലായവയിലെ നാടോടിസമൂഹത്തിന്റെ അറിവിനെ ഭാരതം എന്നും ആദരിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തേണ്ടത് ആവശ്യമാണ്. അറിവ് പുസ്തകങ്ങളില്‍ ഒതുങ്ങേണ്ടതല്ല, സമാജത്തിന് പ്രയോജനപ്പെടണം. ചിന്തകളാണ് മനുഷ്യനെ ദേവന്മാരും അസുരന്മാരുമായി മാറ്റുന്നത്; ഇത് മനസ്സിലാക്കാനുള്ള അറിവ് സന്ന്യാസിമാര്‍ക്കുണ്ട്. അനന്തമായ ആകാശം സൃഷ്ടിക്കുന്നത് ഈശ്വരനാണെന്ന് നാം ഭാവനയില്‍ കാണുന്നു. അറിവിന്റെ ഈ വിശാലമായ ആകാശം സൃഷ്ടിക്കുന്നത് ഋഷിമാരാണ്. അവരുടെ ഉപദേശങ്ങള്‍ നാം കേള്‍ക്കണം. ഭാരതം വളരേണ്ടത് ലോകത്തിനാകെ സുഖം പകരാനാണ്, സര്‍സംഘചാലക് പറഞ്ഞു.
പരിപാടിയില്‍ ഹിന്ദുസ്ഥാന്‍ പ്രകാശന്‍ സന്‍സ്ത പ്രസിഡന്റ് പദ്മശ്രീ രമേഷ് പതംഗെ, ബാബ ആനന്ദ് ഗട്കര്‍, ഡോ.ജയശ്രീ കുമാവത്ത്, രഘുനന്ദന്‍ നിക്രത്ത് എന്നിവര്‍ സംബന്ധിച്ചു.