ഭാരതത്തിലെ ഏഴ് പുണ്യനഗരികളില്‍ അഥവാ സപ്തപുരികളിലൊന്നാണ് വാരാണസി. സനാതന സ്വത്വത്തില്‍ നിന്നുമകലാതെ രാഷ്ട്ര സംസ്‌കൃതിയെ സഹസ്രാബ്ദങ്ങളായി നിലനിര്‍ത്തുന്ന ആത്മീയ നഗരിയാണത്. കോടാനുകോടി ഭാരതീയര്‍ മോക്ഷത്തിലേയ്ക്കുള്ള കവാടമായി ഭജിക്കുന്ന ആര്‍ഷ ഭൂമി. തുടര്‍ച്ചയായ ഇസ്ലാമിക ആക്രമണങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് ആഖ്യാനങ്ങള്‍ക്കും ഈ ദേവ ഭൂമിയില്‍ അന്തര്‍ലീനമായ ആത്മീയ പാരമ്പര്യത്തിനും ദൈവികതയ്ക്കും മങ്ങലേല്‍പ്പിക്കുവാനായില്ല. ആധുനികതയെന്ന പേരിലെത്തിയ പാശ്ചാത്യവത്കരണത്തിന്റെ മോഹ കിരണങ്ങള്‍ക്ക് ആ തപോ ഭൂമിയുടെ പ്രഭാ വലയത്തെ ഭേദിക്കാനായില്ല. സാംസ്‌കാരിക അധിനിവേശങ്ങളാല്‍ ലോകത്തിലെ പല പുരാതന നഗരങ്ങളും അപ്രത്യക്ഷമായപ്പോള്‍ ഭാരതീയ ജീവിതശൈലി, പാരമ്പര്യങ്ങള്‍, പെരുമാറ്റം, സംസ്‌കാരം എന്നിവ നിലനിര്‍ത്തി ഭീഷണികളെയെല്ലാം അതിജീവിക്കാന്‍ ആ ഭൂമികയ്ക്ക് സാധിച്ചു. കാരണീ സ്വയംഭൂവായ ഈ നഗരം സാക്ഷാല്‍ ശംഭുവിന്റെ സംരക്ഷണയിലാണ്. അദ്ദേഹം ഒരിക്കലും ഉപേക്ഷിക്കാത്ത അവിമുക്തയായ ഭൂമികയാണത്. അവിടെയാണ് ഹര ഹര മഹാദേവ സ്തുതികളാല്‍ മുഖരിതമായ ഗംഗാമായുടെ പശ്ചിമ തീരത്ത് വിശ്വേശരനായും കാശി നാഥനായും അവിമുക്തേശ്വരനായും ഭഗവാന്‍ വസിക്കുന്നത്.
പുണ്യ ഗംഗയുടെ പോഷകനദികളായ വരണയ്ക്കും അസിക്കുമിടയിലുള്ള പ്രദേശമാണ് വാരാണസി. പ്രകാശത്തിന്റെ നഗരം അഥവാ ‘കാശി’യെന്നും. രുദ്രന്റെ വാസസ്ഥലം അഥവാ ‘രുദ്രവാസ’യെന്നും, ആനന്ദത്തിന്റെ വനം അഥവാ ‘ആനന്ദകാനന’മെന്നും മഹത്തായ ശ്മശാനസ്ഥലം അഥവാ ‘മഹാശ്മശാന’മെന്നും ഈ ദേശം വിശേഷിപ്പിക്കപ്പെടുന്നു. വാരാണസിയും കാശിയും അവിമുക്തേശ്വരമെന്നുമറിയപ്പെടുന്നു.
ഭാരതീയ വിശ്വാസമനുസരിച്ച് രാഷ്ട്രത്തിലെ പന്ത്രണ്ട് പ്രധാന ജ്യോതിര്‍ലിംഗങ്ങളില്‍ ആദ്യത്തേത് കാശിയിലെ വിശ്വേശ്വര ജ്യോതിര്‍ ലിംഗമാണ്. സര്‍വ്വ ദേവതകളുടെയും മനുഷ്യരുടെയും അധിപനായാണ് ശിവ ഭഗവാനെ അവിടെ ആരാധിക്കുന്നത്. വിവിധ സങ്കല്‍പ്പത്തിലുള്ള ശിവലിംഗങ്ങളെ പൂജിക്കുന്ന കാശിയിലെ ഓരോ ശിലയിലും മഹാദേവന്റെ ദിവ്യത്വമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വിവിധ ലിംഗങ്ങളുടെ ആരാധന വ്യത്യസ്ത വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭഗവാന്റെ ത്രിശൂല മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന കാശിയുടെ മണ്ണിലെത്തി ജീവന്‍ വെടിയുന്നവര്‍ക്ക് പുനര്‍ജന്മമില്ലാതെ ശ്വാശതമായ മോക്ഷ പ്രാപ്തി ലഭിക്കുമെന്നാണ് സങ്കല്പം. എന്നാല്‍ കാശി ഇന്ന് പലവിധ ചര്‍ച്ചകള്‍ക് നടുവിലാണ്. വിശ്വനാഥ ക്ഷേത്രംതകര്‍ത്ത സ്ഥാനത്ത് മുസ്ലിങ്ങള്‍ പണിത ഗ്യാന്‍ വാപി മസ്ജിദിനെ സംബന്ധിച്ചുള്ളതാണ് പ്രധാന ചര്‍ച്ച. കാശിയിലെ അവിമുക്തേശ്വര ലിംഗത്തെയും വിശ്വനാഥ ലിംഗത്തെയും സംബന്ധിച്ചുള്ളതാണ് മറ്റൊന്ന്.
അവിമുക്ത-വിശ്വേശ്വര ക്ഷേത്രങ്ങള്‍
കാശി നഗരവും ക്ഷേത്രവും സ്ഥാപിച്ച കാലഘട്ടത്തെ സംബന്ധിച്ച് വ്യക്തമായ പുരാവസ്തു തെളിവുകള്‍ ഇന്നും ലഭ്യമല്ല. അത് കാലാതീതമാണ്. വാരാണസിയില്‍ നിലനിന്നിരുന്ന അവിമുക്തേശ്വര ക്ഷേത്രവും വിശ്വേശ്വര ക്ഷേത്രവും ഭഗവാന്‍ ശിവന്റെ വ്യത്യസ്ത കാലഘട്ടങ്ങളിലെ വ്യത്യസ്ത പേരുകളിലറിയപ്പെട്ട രണ്ട് ആരാധനാലയങ്ങളായിരുന്നുവെന്നാണ് വിവിധ ചരിത്ര ഗ്രന്ഥങ്ങള്‍ നല്‍കുന്ന സൂചന. സ്വയംഭൂവായ ഇവ രണ്ടും ശിവലിംഗങ്ങളാണെന്നും ഭഗവാന്‍ തന്നെ പ്രതിഷ്ഠിച്ചതാണെന്നും കരുതപ്പെടുന്നു. അതില്‍ ഭഗവാന്‍ സ്വയം ലയിച്ച ജ്യോതിര്‍ലിംഗമാണ് വിശ്വേശ്വരന്റേത്. അവിമുക്തേശ്വര ലിംഗം വിശ്വേശ്വര ലിംഗത്തേക്കാള്‍ പഴക്കമുള്ളതാണ്. അതിനാല്‍ അവിമുക്തേശ്വരനെ ‘ആദിലിംഗ’ യെന്നും ‘വിശ്വേശ്വരന്റെ ഗുരു’ വെന്നും വിളിച്ചിരുന്നു. എന്നാല്‍, വിശ്വേശ്വര ലിംഗം ഒരു ജ്യോതിര്‍ലിംഗമാണ്. ഭാരതത്തിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്നായ അതിന് അവിമുക്തേശ്വര ലിംഗത്തിനേക്കാള്‍ പ്രാധാന്യമുണ്ട്. എ.ഡി നാലാം നൂറ്റാണ്ട് മുതല്‍ ആറാം നൂറ്റാണ്ട് വരെയുള്ള ഗുപ്തന്മാരുടെ കാലഘട്ടം മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെയും കാശിയിലെ പ്രധാന ക്ഷേത്രവും ദേവനും അറിയപ്പെട്ടിരുന്നത് അവിമുക്തേശ്വരനെന്നായിരുന്നു. എ.ഡി നാല് മുതല്‍ ഒന്‍പത് വരെയുള്ള കാലഘട്ടത്തിലെഴുതിയ വിവിധ പുരാണങ്ങളിലും സമാനമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാശി ഖണ്ഡം, ലിംഗപുരാണം, ബ്രഹ്‌മ വൈവര്‍ത്ത പുരാണം തുടങ്ങിയ പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളില്‍ അവിമുക്തേശ്വര ലിംഗത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. എ.ഡി 13-15 നൂറ്റാണ്ടുകള്‍ക്കിടയില്‍ എഴുതിയ സ്‌കന്ദപുരാണത്തിലെ കാശി ഖണ്ഡമനുസരിച്ച് വാരാണസിയും അവിമുക്തയും പര്യായങ്ങളാണ്.
വാരാണസിയിലെ ആദികേശവഘട്ടിന് സമീപത്തെ രാജ്ഘട്ട് പ്രദേശത്ത് നിന്നും കണ്ടെത്തിയ ബി.സി 8 – 10 നൂറ്റാണ്ട് കാലഘട്ടത്തിലേതെന്ന് കരുതുന്ന അവിമുക്തേശ്വര മുദ്രയാണ് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പുരാതനമായ തെളിവ്. മുദ്രയനുസരിച്ച് വേദകാലഘട്ടത്തിന് മുന്‍പ് തന്നെ ഇവിടെ ശിവന്റെ ആരാധനാലയം നിലനിന്നിരുന്നതായുള്ള സൂചനകള്‍ ലഭിക്കുന്നു. ബി.സി 5-6 നൂറ്റാണ്ടില്‍ നിലനിന്നിരുന്ന നിരവധി പുരാവസ്തു തെളിവുകളും ഇവിടെ നിന്നിരുന്ന പുരാതന ക്ഷേത്രത്തെ സംബന്ധിച്ചുള്ള അറിവുകള്‍ പകരുന്നവയാണ്. എന്നാല്‍ ഈ ക്ഷേത്രത്തിന്റെ സ്ഥാനം എവിടെയായിരുന്നുവെന്നതിന് കൃത്യമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. കാലക്രമേണ ഈ പേര് വിശ്വേശ്വരനായും പിന്നീട് വിശ്വനാഥനായും രൂപാന്തരപ്പെട്ടുവെന്ന് വിവിധ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ചുരുക്കത്തില്‍ എ.ഡി 12-ാം നൂറ്റാണ്ടോടെയാണ് വിശ്വേശ്വരന്‍ അഥവാ വിശ്വനാഥന്‍ എന്ന പേരിന് പ്രാമുഖ്യം ലഭിച്ചത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന അനേകം പുരാതന ക്ഷേത്രങ്ങളില്‍ നിന്നും ലഭിച്ച ലിഖിതങ്ങളില്‍ ജ്യോതിര്‍ലിംഗ ദേവനായ കാശി വിശ്വനാഥനെ സംബന്ധിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ കണ്ടെത്തുവാനാകും. എന്നാല്‍ ഇതേ സമയത്ത് എ.ഡി നാലാം നൂറ്റാണ്ടിന് മുന്‍പ് എഴുതപ്പെട്ട കൃതികള്‍ പ്രത്യേകിച്ച് മത്സ്യ പുരാണം, മഹാഭാരതത്തിലെ വനപര്‍വ്വം തുടങ്ങിയവ അവിമുക്തേശ്വരനെ ദേവദേവനായും വിശ്വേശ്വരനായും പരാമര്‍ശിക്കുന്നുവെന്നും ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നുണ്ട്. എ.ഡി ഏഴാം നൂറ്റാണ്ടില്‍ ഭാരതം സന്ദര്‍ശിച്ച ചൈനീസ് ബുദ്ധമത തീര്‍ത്ഥാടകനായ ഹുയാന്‍ സാങ് അക്കാലത്തെ ഏറ്റവും സജീവവും ജനപ്രിയവുമായ ഈ ക്ഷേത്രം ‘ദേവദേവ’ ന്റേതും ‘മഹേശ്വര’ന്റെതുമാണെന്നുമാണ് രേഖപ്പെടുത്തിയത്.
വാരാണസിയിലെ 1188 ക്ഷേത്രങ്ങളെക്കുറിച്ച് കാശി ഖണ്ഡത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അവയില്‍ 540 എണ്ണം ശിവന്റെയും 56 എണ്ണം വിഷ്ണുവിന്റെയും 16 എണ്ണം ഭൈരവന്റെയും 96 എണ്ണം വിവിധ ദേവിമാരുടെയും 72 എണ്ണം ഗണപതിയുടേതുമായിരുന്നു. മോക്ഷ ലക്ഷ്മി വിലാസമെന്നും അറിയപ്പെട്ടിരുന്ന വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിന് അഞ്ച് മണ്ഡപങ്ങളുണ്ടായിരുന്നു. വിശ്വനാഥന്റെ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന ഗര്‍ഭഗൃഹമായിരുന്നു അതില്‍ പ്രധാന മണ്ഡപം. പൂര്‍വ്വ ഭാഗത്ത് ജ്ഞാനമണ്ഡപവും, പശ്ചിമ ഭാഗത്ത് ശൃംഗാര്‍ അഥവാ രംഗ മണ്ഡപവും, ഉത്തര ഭാഗത്ത് ഐശ്വര്യ മണ്ഡപവും ദക്ഷിണ ഭാഗത്ത് മുക്തി മണ്ഡപവും സ്ഥിതി ചെയ്തിരുന്നു. അവിടെ ദേവനായ വിഷ്ണുവിന്റെ പ്രതിഷ്ഠയു മുണ്ടായിരുന്നു. ഭഗവാന്‍ വിഷ്ണുവിന് കാശിയില്‍ വലിയ പ്രാധാന്യണ്ടായിരുന്നു. വാരാണസിയുടെ രക്ഷാധികാരിയായി കണ്ടാണ് മഹാദേവനെ അവിടെ ആരാധിക്കുന്നത്. കാശിയിലെ വിവിധ സ്ഥലങ്ങളില്‍ വിവിധ ഭാവങ്ങളില്‍ അദ്ദേഹം വസിക്കുന്നു. ശങ്കരാചാര്യര്‍ വാരാണസിയെ പരമോന്നതമായൊരു ‘തീര്‍ത്ഥ’ മായാണ് കണ്ടത്. കാശിയുടെ അധിപനായാണ് ‘കാശിപഞ്ചക’ ത്തിലും ഭഗവാന്‍ ശിവനെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഭഗവാന്‍ തന്നെയാണ് മഹാദേവന്‍, ശങ്കരന്‍, ത്രയംബകന്‍, രമേശന്‍, ഇഷാന്‍, ഗംഗാധരന്‍, രുദ്രന്‍, സോമനാഥന്‍, മല്ലികാര്‍ജുനന്‍, വൈദ്യനാഥന്‍, കാലഭൈരവന്‍, നീലകണ്ഠന്‍, ഭൂതനാഥന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നത്. ചുരുക്കത്തില്‍, പരമശിവന്റെ മറ്റൊരു നാമവും ഭാവവുമാണ് അവിമുക്തേശ്വരനെന്നത്. അദ്ദേഹം ലോകത്തിന്റെ നാഥനായ വിശ്വേശ്വര സങ്കല്പത്തിലും, ഒരിക്കലും ഉപേക്ഷിച്ചു പോകാത്ത അവിമുക്തേശ്വര സങ്കല്പത്തിലും ആരാധിക്കപ്പെട്ടു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടത് വിശ്വേശ്വര ജ്യോതിര്‍ ലിംഗമാണ്. കാശിയിലെ ക്ഷേത്രങ്ങള്‍ മുസ്ലിങ്ങളാല്‍ തകര്‍ക്കപ്പെട്ടതാണ് ഇന്നത്തെ അവ്യക്തകളുടെ ഒന്നാമത്തെ കാരണം. രണ്ടാമതായി, ഭാരതത്തിലെ ഇസ്ലാമിക-കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ തെറ്റായ ചരിത്രാഖ്യാനമാണ്. മൂന്നാമതായി, വിവിധ കാലഘട്ടങ്ങളെ സംബന്ധിച്ചുള്ള അവ്യക്തതയാണ്. ഭാരത ചരിത്രത്തെ സംബന്ധിച്ച് നിലവില്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം കാലഘട്ടങ്ങളും ബ്രിട്ടീഷ് നിര്‍മ്മിതമാണ്. അത് പൂര്‍ണമായും ശരിയോ സ്ഥിരമോ അല്ല. ഇന്ന് നടത്തുന്ന പുതിയ ഖനനങ്ങളും ലഭിക്കുന്ന തെളിവുകളും രാഷ്ട്രത്തിന്റെ ചരിത്രത്തെ സംബന്ധിച്ചുള്ള പുതിയ നിഗമനങ്ങളിലേക്ക് നയിക്കുന്നുണ്ട്.
ക്ഷേത്ര ധ്വംസനങ്ങളുടെ നൂറ്റാണ്ടുകള്‍
മുന്‍പ് സൂചിപ്പിച്ചത് പോലെ, അഖണ്ഡ ഭാരതത്തിലേയ്ക്കുള്ള ഇസ്ലാമിക അധിനിവേശ ശക്തികളുടെ ആഗമനമാണ് ഇന്നത്തെ ആശയക്കുഴപ്പങ്ങളുടെയും അവ്യക്തതകളുടെയും പ്രശ്‌നങ്ങളുടെയുമെല്ലാം മൂലകാരണം. അവര്‍ സനാതന ധര്‍മത്തെ കേവലം മതമായി ചുരുക്കി കാണുകയും ഇസ്ലാമില്‍ വിശ്വസിക്കാത്തവര്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുകയും പവിത്രമായ ഈ ധര്‍മത്തില്‍ അവരുടെ മത സംസ്‌കാരം കലര്‍ത്തി കളങ്കപ്പെടുത്തുകയും ചെയ്തു. അവര്‍ മതഭ്രാന്തരും കൊള്ളക്കാരും അപരിഷ്‌കൃതരും സംസ്‌കാരശൂന്യരുമായിരുന്നു. എ.ഡി എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ മുസ്ലിങ്ങള്‍ അഖണ്ഡ ഭാരതത്തെ ആക്രമിച്ചുവെങ്കിലും എ.ഡി 1034-ല്‍ മുഹമ്മദ് ഗസ്നിയുടെ സൈന്യത്തിലെ ജനറല്‍മാരിലൊരാളായിരുന്ന അഹമ്മദ് നിയാല്‍റ്റിഗിന്റെ നേതൃത്വത്തിലാണ് വാരാണസി ആദ്യമായി ആക്രമിക്കപ്പെടുന്നത്. തുടര്‍ന്ന് ഔറംഗസീബിന്റെ മരണം വരെ ഇസ്ലാമിക മത ഭീകരതയുടെ ഇരയായി കാശി നിലകൊണ്ടു. ക്ഷേത്രത്തിന് മേല്‍ ആദ്യ ആക്രമണമുണ്ടാകുന്നത് മുഹമ്മദ് ഗോറിയുടെ കാലഘട്ടത്തിലാണ്. ഗോറിയുടെ നിര്‍ദ്ദേശ പ്രകാരം കുത്തബ്ദിന്‍ ഐബക്കിന്റെ നേതൃത്വത്തില്‍ 1194- ല്‍ വാരണാസിയിലെ വിശ്വനാഥ ക്ഷേത്രമുള്‍പ്പടെ ആയിരത്തിലധികം ക്ഷേത്രങ്ങള്‍ തകര്‍ക്കുകയുണ്ടായി. അന്‍പത് വര്‍ഷങ്ങളോളം ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ എ.ഡി 1230 ഓടെ ഒരു ഗുജറാത്തി വ്യാപാരിയുടെ നേതൃത്വത്തില്‍ മറ്റൊരു സ്ഥലത്ത് വിശ്വനാഥ ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചു. പിന്നീട് എ.ഡി 1236 മുതല്‍ 1240 വരെ ദല്‍ഹി സുല്‍ത്താനേറ്റ് ഭരിച്ച റസിയ സുല്‍ത്താന ഐബക്ക് തകര്‍ത്ത ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഒരു പുതിയ മസ്ജിദ് പണിയുകയുണ്ടായി. ഗുജറാത്ത് വ്യാപാരി പുതിയ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുന്‍പ് വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത് ഈ ബീബി റസിയ മസ്ജിദിന്റെ അടുത്തുള്ള പാതയുടെ വളവിലായിരുന്നു. ക്ഷേത്രം നിന്നിരുന്ന സ്ഥലത്തോട് ചേര്‍ന്നാണ് പൂര്‍വ ക്ഷേത്രത്തിന്റെ സാമഗ്രികള്‍ ഉപയോഗിച്ച് മസ്ജിദ് പണി കഴിപ്പിച്ചത്. പിന്നീട് ഫിറോസ്-ഷാ-തുഗ്ലക്കിന്റെ (1351-1388) ഭരണകാലഘട്ടത്തില്‍ വാരാണസിയിലെ ക്ഷേത്രങ്ങള്‍ വീണ്ടും നശിപ്പിക്കപ്പെട്ടു. എന്നാല്‍ ജോന്‍പൂരിലെ മഹ്‌മൂദ്-ഷ-ഷാര്‍ഖിയുടെ ഭരണകാലത്ത് വാരാണസിയുള്‍പ്പടെയുള്ള പ്രദേശം അവരുടെ കീഴിലാവുകയും ഗുജറാത്തി വ്യാപാരി നിര്‍മ്മിച്ച പുതിയ ക്ഷേത്രം 1436 നും 1458 നുമിടയില്‍ ഭാഗികമായി തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് 1494-ല്‍ സിക്കന്ദര്‍ ലോധി വാരാണസി ആക്രമിക്കുകയും വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള നിരവധി ക്ഷേത്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കുകയും ചെയ്തു. ഏകദേശം 90 വര്‍ഷങ്ങള്‍ക്ക് ശേഷം 1585-90 നും ഇടയില്‍ അക്ബറിന്റെ ധനമന്ത്രിയായിരുന്ന രാജാ തോഡര്‍ മാളിന്റെയും ജയ്പൂര്‍ രാജാവായിരുന്ന മാന്‍ സിങ്ങിന്റെയും പിന്തുണയോടെ പ്രശസ്ത പണ്ഡിതനായ നാരായണ്‍ ഭട്ട വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു. പഴയ വിശ്വനാഥ ക്ഷേത്രത്തിന്റെ നൂറ് മീറ്റര്‍ അകലെ ദക്ഷിണ ഭാഗത്താണ് പുതിയ ക്ഷേത്രം നിര്‍മിച്ചത്. 1627 മുതല്‍ 1658 വരെയുള്ള മുഗള്‍ ഭരണാധികാരി ഷാജഹാന്റെ കാലത്തും പ്രദേശത്തെ 76 ഓളം പുനര്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയുണ്ടായി. വിശ്വേശ്വര ക്ഷേത്രം തകര്‍ക്കാന്‍ 1632-ല്‍ ഷാജഹാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
ബ്രിട്ടീഷ് വ്യാപാരിയും യാത്രക്കാരനുമായ പീറ്റര്‍ മുണ്ടിയും കല്‍ക്കട്ട ബിഷപ്പായിരുന്ന റെജിനാള്‍ഡ് ഹെബര്‍ ജെയിംസും 1632-ല്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും, വിശ്വേശ്വര ലിംഗം കണ്ടതായും രേഖപ്പെടുത്തുന്നു. 1658-ല്‍ മുഗള്‍ ഭരണാധികാരിയായി അധികാരമേറ്റ ഔറംഗസേബ് 1669 ഏപ്രില്‍ 9-ന് ഉത്തരവിട്ടത് പ്രകാരമാണ് കാശി ക്ഷേത്രം ആക്രമണത്തിനിരയാകുന്നത്. ഔറംഗസേബിന്റെ ഭരണത്തെക്കുറിച്ച് സാഖി മുസ്‌തൈദ് ഖാന്‍ എഴുതിയ മാസിര്‍-ഇ-ആലംഗിരിയില്‍ ക്ഷേത്രം നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭ്യമാണ്. പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ പുസ്തകത്തിന്റെ ആദ്യഭാഗം ഔറംഗസേബിന്റെ കാലഘട്ടത്തിലും രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മരണ ശേഷവുമാണ് പൂര്‍ത്തിയാക്കിയത്. പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് പ്രകാരം അവിശ്വാസികള്‍ ബനാറസില്‍ മതം പഠനം നടത്തുന്നുവെന്ന വിവരം 1669 ഏപ്രില്‍ 8 ന് ഔറംഗസേബിന് ലഭിച്ചു. അതിപ്രകാരമാണ്, ‘ടെറ്റ, മുള്‍ട്ടാന്‍, പ്രത്യേകിച്ച് ബനാറസ് പ്രവിശ്യകളില്‍ അവിശ്വാസികള്‍ അവരുടെ വ്യാജ ഗ്രന്ഥങ്ങളുപയോഗിച്ച് വിദ്യാലയങ്ങളില്‍ മത പഠനം നടത്തുന്നുവെന്നും, ഈ ഗ്രന്ഥങ്ങളെ ബഹുമാനിക്കുന്നവരും വിദ്യാര്‍ത്ഥികളുമായ ഹിന്ദുക്കളിലെയും മുസ്ലീങ്ങളിലെയും കുട്ടികള്‍ ഈ വഴിതെറ്റിയ മനുഷ്യര്‍ നല്‍കുന്ന നീചമായ മത വിദ്യാഭ്യാസം സമ്പാദിക്കാന്‍ വളരെ ദൂരെ നിന്ന് ഇവിടേക്ക് വരാറുണ്ടെ’ന്നുമാണ് ഔറംഗസേബിന് ലഭിച്ച വിവരം. ഇത് പ്രകാരം ഏപ്രില്‍ 9-ന് പുറത്തിറക്കിയ ഉത്തരവില്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ സംരക്ഷകനെന്ന നിലയില്‍ സത്യനിഷേധികളായ അവിശ്വാസികളുടെ മത പഠനവും ആചാരങ്ങളും അടിയന്തിരമായി അടിച്ചമര്‍ത്തുവാനും അവരുടെ പഠന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും പൊളിക്കുവാനും എല്ലാ പ്രവിശ്യകളിലെയും ഗവര്‍ണര്‍മാര്‍ക്ക് ഔറംഗസേബ് നിര്‍ദ്ദേശം നല്‍കി. ഉത്തരവ് പ്രകാരം മുഗള്‍ സൈനികര്‍ 1669 ഏപ്രില്‍ 18-ന് കാശിയിലെ വിശ്വനാഥ ക്ഷേത്രമുള്‍പ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങള്‍ തകര്‍ത്തു. തുടര്‍ന്ന് ക്ഷേത്രം തകര്‍ത്ത വിവരം 1669 സെപ്തംബര്‍ 2-ന് ഔറംഗസീബിനെ അറിയിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തില്‍ രൂപം നല്‍കിയ ഇസ്ലാമിക നിയമ സംഹിതയായ ഫതാവ്-ഇ-അലംഗിരിയില്‍ അമുസ്‌ലിങ്ങള്‍ക്കെതിരായ യുദ്ധം അഥവാ ജിഹാദാണ് മുസ്ലിംകളുടെ ഏറ്റവും ശ്രേഷ്ഠമായ കടമയെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പാതി തകര്‍ത്ത കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്ത് ‘ജ്ഞാന വാപി മസ്ജിദ്’ അഥവാ ‘ഗ്യാന്‍ വാപി മസ്ജിദ്’ നിര്‍മ്മിച്ചു. യഥാര്‍ത്ഥത്തില്‍ രാജാ തോഡര്‍ മാളും മാന്‍ സിങ്ങും നാരായണ്‍ ഭട്ടും ചേര്‍ന്ന് നിര്‍മ്മിച്ച വിശ്വനാഥ ക്ഷേത്രമാണ് ഔറംഗസീബ് തകര്‍ത്തത്. മസ്ജിദ് പണിതതിന്റെ ഫലമായി നേരത്തെയുണ്ടായിരുന്ന ക്ഷേത്രത്തിന്റെ ഭാഗമായിരുന്ന മുക്തി മണ്ഡപം പള്ളിയുടെ ഭാഗമായിത്തീര്‍ന്നു. കൂടാതെ അവിടെയുണ്ടായിരുന്ന വിഷ്ണുപീഠത്തിന്റെ ശേഷിപ്പുകള്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു.
ക്ഷേത്ര പുനര്‍നിര്‍മ്മാണം
ഇക്കാലഘട്ടത്തില്‍ തന്നെ വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുവാനുള്ള ശ്രമങ്ങള്‍ ഭാരതത്തിന്റെ പല കോണുകളില്‍ നിന്നും ആരംഭിച്ചു. മസ്ജിദ് തകര്‍ത്ത് ക്ഷേത്രം പുനര്‍നിര്‍മിക്കാനുള്ള ഇന്‍ഡോറിലെ ഭരണാധികാരിയായിരുന്ന മല്‍ഹര്‍ റാവു ഹോള്‍ക്കര്‍ 1742-ല്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. 1750-ല്‍ അന്നത്തെ ജയ്പൂര്‍ മഹാരാജാവ് ക്ഷേത്ര ഭൂമിയുടെ ഒരു സര്‍വേ നടത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് 1752-77 കാലഘട്ടത്തില്‍ വിശ്വനാഥ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുവാനുള്ള പ്രക്ഷോഭത്തിന് മറാത്ത ഭരണാധികാരി ദത്തോജി സിന്ധ്യയും മല്‍ഹര്‍ റാവുവും തുടക്കമിടുകയുണ്ടായി. ബനാറസിലെ ഭരണാധികാരി രാജാ ബല്‍വന്ത് സിംഗും 1750-ല്‍ തന്നെ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അവസാനമായി, മല്‍ഹര്‍ റാവുവിന്റെ മരുമകളും ഇന്‍ഡോറിലെ രാജ്ഞിയായ റാണി അഹല്യഭായ് ഹോള്‍ക്കര്‍ മുന്‍കൈയെടുത്ത് ഇന്നത്തെ വിശ്വനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം 1775-ല്‍ ആരംഭിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം 1777 ഓഗസ്റ്റ് 25-ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്നു. അവിമുക്തേശ്വര എന്ന ചെറിയ ക്ഷേത്രവും തെക്കുകിഴക്കേ മൂലയില്‍ ഈ സമയത്ത് തന്നെ നിര്‍മ്മിച്ചു. ചുരുക്കത്തില്‍ നിരവധി തവണ മുസ്ലിങ്ങള്‍ കാശിയെ അക്രമിക്കുകയും മൂന്ന് തവണ വിശ്വനാഥ ക്ഷേത്രം പൂര്‍ണമായി തകര്‍ക്കുകയും ചെയ്തു. അവിടെ രണ്ടിടങ്ങളില്‍ ഒരിടത്ത് സുല്‍ത്താന റസിയ പണിതീര്‍ത്ത ബീബി റസിയ മസ്ജിദും (ഇന്നും നിലവിലുള്ള) മറ്റൊരിടത്ത് ക്ഷേത്ര ധ്വംസകനായ ഔറംഗസേബ് പണിതീര്‍ത്ത ഗ്യാന്‍ വാപി മസ്ജിദും നിലവില്‍ വന്നു. ചുരുക്കത്തില്‍, മുസ്ലിങ്ങളുടെ അക്രമങ്ങള്‍ക്കിടയില്‍ മൂന്ന് തവണയാണ് വിശ്വാസികള്‍ക്ക് വിശ്വനാഥ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കേണ്ടി വന്നത്. ആദ്യം ഒരു ഗുജറാത്തി വ്യാപാരിയും രണ്ടാമത് രാജാ തോഡര്‍ മാളും മാന്‍ സിങ്ങും നാരായണ്‍ ഭട്ടും ചേര്‍ന്നും മൂന്നാമതായി റാണി അഹല്യഭായ് ഹോള്‍ക്കറും ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചു. ഈ ക്ഷേത്രമാണ് കാശി ധാം പദ്ധതിയിലൂടെ 2019-ല്‍ വികസിപ്പിക്കുകയും 2021-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതും. ഇന്ന് റസിയ മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിയും ഹിന്ദു ക്ഷേത്രത്തിന്റേതാണ്. എന്നാല്‍ നിലവില്‍ കോടതി വ്യവഹാരത്തിലുള്ളത് ഔറംഗസീബ് നിര്‍മിച്ച ഗ്യാന്‍ വാപി മസ്ജിദാണ്. അവിടെയാണ് പൂജ നടത്തുവാന്‍ വിശ്വാസികള്‍ക്ക് കോടതി അടുത്തിടെ അനുമതി നല്‍കിയിരിക്കുന്നത്.
ദേശവിരുദ്ധരുടെ പങ്ക്
ഭാരതത്തിലെ ഇസ്ലാമിക – മാര്‍ക്‌സിസ്റ്റ് ചരിത്ര രചനയും വ്യാജ ആഖ്യാനങ്ങളുമാണ് ആധുനിക കാലത്തും ക്ഷേത്ര-മസ്ജിദ് തര്‍ക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അവര്‍ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും അധികാര – രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അനുസൃതമായി ചരിത്രം രചിച്ചു. ജെ.എന്‍.യു മാര്‍ക്‌സിസ്റ്റ് ചരിത്രകാരി റോമില ഥാപ്പര്‍, ക്ഷേത്രം തകര്‍ത്തുവെന്ന് പരോക്ഷമായി സമ്മതിക്കുന്നുവെങ്കിലും അത് ഒറ്റപ്പെട്ട സംഭവമാണെന്നും ക്ഷേത്രം തകര്‍ക്കുകയായിരുന്നില്ല ഔറംഗസീബിന്റെ പ്രധാന ഉദ്ദേശ്യമെന്നും ന്യായീകരിക്കുവാന്‍ ശ്രമിച്ചു. മറ്റൊരു ജെ.എന്‍.യു കമ്മ്യൂണിസ്റ്റ് ചരിത്രകാരനായ കെ.എന്‍ പണിക്കരെഴുതിയത് ബനാറസിലെ ക്ഷേത്രത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നുവെന്നാണ്. സൂഫി വിമതരും ക്ഷേത്രത്തിലെ പണ്ഡിറ്റുകളും തമ്മില്‍ നിലനിന്നിരുന്ന ഒരു അവിശുദ്ധ ബന്ധം തകര്‍ക്കാനാണ് ഔറംഗസീബ് ക്ഷേത്രം തകര്‍ക്കുവാന്‍ ഉത്തരവിട്ടതെന്ന വിചിത്രമായ വാദമാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആ ചരിത്രത്തിന്റെ ഉറവിടമെന്താണെന്ന് കെ.എന്‍. പണിക്കര്‍ ഉദ്ധരിക്കുന്നില്ല. കോണ്‍ഗ്രസ് അംഗവും നെഹ്റുവിന്റെ അടുപ്പക്കാരനുമായിരുന്ന ബി.എന്‍. പാന്‍ഡെ എഴുതിയത് ഇപ്രകാരമാണ്: വാരാണസിയുടെ സമീപത്തുകൂടി ബംഗാളിലേക്കുള്ള ഒരു യാത്രയ്ക്കിടെ, ആ മേഖലയിലുള്ള നാട്ടുരാജാക്കന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം, ഒരു ദിവസത്തേയ്ക്ക് തന്റെ യാത്ര ഔറംഗസേബ് നിര്‍ത്തിവെച്ചു. തങ്ങളുടെ രാജ്ഞിമാര്‍ക്ക് കാശി ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ ഈ പാതകള്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് അവര്‍ ഇപ്രകാരം അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കച്ചിലെ രാഞ്ജി മാത്രം തിരികെയെത്തിയില്ല. ഇതറിഞ്ഞ ഔറംഗസേബ് രോഷാകുലനാവുകയും തന്റെ സൈനികരെ അയക്കുകയും ക്ഷേത്രത്തിലെ ഒരു ഗണപതി പ്രതിമയുടെ പുറകില്‍ ആഭരണങ്ങളില്ലാതെ അവരെ കണ്ടെത്തുകയും ചെയ്തു. ഇതിന് കാരണക്കാരന്‍ ക്ഷേത്രത്തിലെ പൂജാരിയാണെന്ന് മനസ്സിലാക്കിയ നാട്ട് രാജാക്കന്മാര്‍ ഔറംഗസീബിനോട് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം വിശ്വനാഥ ക്ഷേത്രം പൊളിച്ചു. എന്നാല്‍ ഈ കഥയ്ക്കും അദ്ദേഹം പുരാവസ്തു തെളിവുകള്‍ ഉദ്ധരിക്കുന്നില്ല. അനേകം ചരിത്ര ആഖ്യാനങ്ങളില്‍ മൂന്നെണ്ണമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഇങ്ങനെയുള്ള നിരവധി വ്യാജ നിര്‍മ്മിതികളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജന സമൂഹമാണ് ഭാരതത്തിലുള്ളത്. ഇന്ന് കാശി സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ഇസ്ലാമിക അധിനിവേശത്തിന്റെ ബാക്കിപത്രമായി ക്ഷേത്രം നിലനില്‍ക്കുന്നത് സ്വന്തം നേത്രങ്ങള്‍ കൊണ്ട് തന്നെ കാണുവാന്‍ സാധിക്കും. ഇവ മനസ്സിലാക്കുന്നതിന് കൂടുതല്‍ പുരാവസ്തു തെളിവുകളുടെ പിന്‍ബലം ആവശ്യമില്ല. നേരിട്ടുള്ള സാക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍, വസ്തുതകളെ വെല്ലുവിളിക്കാതിരിക്കുകയോ ചെയ്തികളെ കമ്മ്യൂണിസ്റ്റ് വ്യാജ കഥകള്‍ ഉപയോഗിച്ചു ന്യായീകരിക്കാതിരിക്കുകയോ ആണ് ഭാരതത്തിലെ ഇസ്ലാമിക സമൂഹം ചെയ്യേണ്ടത്. ആധുനിക നിയമ സംഹിതകളുടെയും സാങ്കേതികതകളുടെയും അടിസ്ഥാനത്തിലല്ലാതെ ധാര്‍മികവും പ്രായോഗികവുമായ സമീപനമാണ് ഇതില്‍ സ്വീകരിക്കേണ്ടത്. അപ്രകാരം വിശ്വാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി, റസിയ മസ്ജിദ് ഉള്‍പ്പടെ, വിട്ടുനല്‍കുകയാണ് മാതൃകപരമായ പ്രവൃത്തി. വാരാണസിയെ ഭാരതത്തിന്റെ ആത്മീയ തലസ്ഥാനങ്ങളിലൊന്നാക്കുന്നത് കാശി വിശ്വനാഥ ക്ഷേത്രമാണ്. കാശിയുടെ നാഥനായും വിശ്വത്തിന്റെ ഈശ്വരനായും ഒരിക്കലും ഉപേക്ഷിച്ചു പോവാത്ത അവിമുക്തേശ്വരനായും ഭഗവാനവിടെ വസിക്കുന്നു. ഈ ശക്തിയാണ് എണ്ണൂറ് വര്‍ഷത്തിലധികമായി നേരിടുന്ന ഭീക്ഷണികളെ അതിജീവിച്ചു കൊണ്ട് കാശിയെ കാശിയായി സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതും. ആ പുണ്യ ഭൂമി വിവാദങ്ങളില്‍ നിന്നും മുക്തമായിരിക്കുന്നതാണ് രാഷ്ട്രത്തിന് അഭികാമ്യവും.
References
Akrita Reyar, Kashi Vishwanath temple was built and demolished 3 times – the known and unknown history, Times Now, 2022.
Diana L Eck, Banaras: City of light. Penguin India, New Delhi, 2015.
Ganesh Vasudeo Tagare, The Skanda-Pura. Motilal Banar sidass Publishers, New Delhi,1996-1997.
Klaus Rötzer, Mosques and Tombs. In: Michell, George and Singh, Rana P.B. (eds.) Banaras, The City Revealed, Marg Publishers, Mumbai, 2005.
Koenraad Elst, Ayodhya, the Case against the Temple, (Chapter 7) Delhi, 2002.
Kuberanath Sukul, Varanasi-Vaibhav (The Glory of Varanasi), Bihar-Rashtrabhasha- Parishad, Patna, 1977.
Large Hindu temple existed before’: Archaeological Survey’s Gyanvapi report, India Today, January 25, 2024.
Mahesh Gogate, Tracing the Past of Kashi Vishwanath Temple, National Museum Institute, New Delhi, 2021.
Motichandra, Kasi ka Itihasa (Histo ry of Kashi) , Varanasi: Vishvavidyalaya Prakashan, Bombay, 2003.
Pandurang Vaman Kane, History of Dharmasastra, Bhandarkar Oriental Research Institute, Vol. IV, Poona, 1953.
Rana P.B Singh, Banaras, India’s Heritage City: Geography, History, & Bibliography, Indica Books, Varanasi, 2009b.
Rana P.B Singh, Banaras, Making of India’s Heritage City, Cambridge Scholars Publishing, Newcastle upon Tyne UK, 2009a.
Roma, Niyogi, The History of The Gahadavala Dynasty, Oriental Book Agency, Calcutta,1959.
Special Leave Petition (C) No.9388 of 2022, Supreme Court of India, New Delhi.
The Travels of Peter Mundy in Europe and Asia, 1608- 1667, Vol. 2, Travels In Asia, 1628-1634, edited by Lt.-Col. Sir Richard Carnac, The Hakluyt Society, London, 1913.
(ലേഖകന്‍ ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ്)