കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ എന്ന നിലയില്‍ മഹാത്മാഗാന്ധിയെയും ഗാന്ധിസത്തെയും വിമര്‍ശനപരമായി പഠിച്ചശേഷം തള്ളിക്കളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവുകൂടിയാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ ”ഗാന്ധിയും ഗാന്ധിസ”വുമെന്ന കൃതി അതിന്റെ ഉദാഹരണമാണ്. ‘സാമ്രാജ്യത്വത്തിനെതിരായി ബഹുജനങ്ങളെ സമരത്തിലേയ്ക്ക് നയിക്കുകയും എന്നാല്‍ വിപ്ലവകരമായ ബഹുജന സമരമാര്‍ഗ്ഗം ഉപയോഗിക്കുന്നതില്‍ നിന്നും അവരെ തടയുകയും ചെയ്യുകവഴി ഗാന്ധിജി ബൂര്‍ഷ്വാസിയുടെ അനിഷേധ്യ നേതാവായി’, എന്നതായിരുന്നു ഇ.എം.എസ്സിന്റെ കാഴ്ചപ്പാട്. കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്ന എം.എന്‍.റോയി, ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് ചിന്തകന്‍ ഗ്രാംഷി (Antonio Gramsci) എന്നിവരൊക്കെ ഗാന്ധിസത്തെ പൂര്‍ണ്ണമായും നിരാകരിച്ചവരാണ്. ഗാന്ധിസം ”ഒരേസമയം മതാത്മകവും പ്രയോജന ശൂന്യവുമാണ്” എന്ന നിലപാടാണ് ഗ്രാംഷി സ്വീകരിച്ചത്. 1942, ആഗസ്റ്റ് 8ന് ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടനെതിരായി ”ക്വിറ്റ് ഇന്ത്യാ സമരം” പ്രഖ്യാപിച്ചതോടെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പൂര്‍ണ്ണമായും ഗാന്ധിജിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് പക്ഷംചേര്‍ന്നു. ജപ്പാന്റെ ആക്രമണത്തെ സഹായിക്കുന്ന വിധത്തില്‍ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങുന്നത് ”എലിയെ തോല്പിക്കാന്‍ ഇല്ലം ചുടുന്നതുപോലെ”യാണെന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടി അഭിപ്രായപ്പെട്ടു (ഇ.എം.എസ്. ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം’, പേജ് – 960).
സ്വാതന്ത്ര്യാനന്തരം കല്‍ക്കട്ടാ പ്രമേയത്തിലൂടെ സായുധ സമരം പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ 1948ല്‍ നെഹ്‌റു സര്‍ക്കാര്‍ നിരോധിച്ചു. മൂന്നുവര്‍ഷം കഴിഞ്ഞ് 1951ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം പിന്‍വലിച്ചത്. പില്‍ക്കാലത്ത് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ 1959ല്‍ പിരിച്ചുവിട്ടുകൊണ്ട് നെഹ്‌റു കമ്മ്യൂണിസ്റ്റു വിരുദ്ധ നിലപാടില്‍ ഉറച്ചുനിന്നു. 1962-ല്‍ കമ്മ്യൂണിസ്റ്റ് ചൈന ഇന്ത്യയെ കടന്നാക്രമിച്ചപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഇടതുപക്ഷ വിഭാഗത്തെ (പിന്‍ക്കാലത്തെ സിപിഎം) ജയിലില്‍ അടച്ചതും നെഹ്‌റുവിന്റെ സര്‍ക്കാരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് സിപിഐ വിഭാഗത്തെ കോണ്‍ഗ്രസ്സുമായി സഹകരിപ്പിക്കാന്‍ ഇന്ദിരാഗാന്ധി അവസരമൊരുക്കിയതിനുശേഷമാണ് ഇടതുപക്ഷത്തിന് അക്കാദമിക രംഗത്തും, ബൗദ്ധികമേഖലകളിലും ഇടം ലഭിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരും, സോവിയറ്റ് യൂണിയനും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടതോടെ വലതുപക്ഷ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ കടന്നു വരാന്‍ തുടങ്ങി. 1969 മുതല്‍ 1979 വരെ കേരളത്തില്‍ കോണ്‍ഗ്രസ് – സി.പി.ഐ മുന്നണി ഭരണവും ഉണ്ടായി. നെഹ്‌റു – ഇന്ദിരാഗാന്ധി സര്‍ക്കാരുകളുടെ സോവിയറ്റ് അനുകൂല വിദേശനയത്തെ അനുകൂലിച്ചും ആഭ്യന്തരനയങ്ങളെ എതിര്‍ത്തും വൈരുദ്ധ്യം നിറഞ്ഞ സമീപനമാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ സ്വീകരിച്ചത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് വിരുദ്ധ നിലപാടിലാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പൊതുവേ പ്രവര്‍ത്തിച്ചിരുന്നത്. 1998ല്‍ അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് പുതിയ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കും, ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ വാദങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് ഇടതുപക്ഷം ആരംഭം കുറിക്കുന്നത്. ഗോഡ്‌സെ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് രക്തസാക്ഷിത്വം വഹിച്ച മഹാത്മാഗാന്ധിയെ കൂടുതല്‍ പഠിക്കാനും, പുനരാഖ്യാനം ചെയ്യാനും, ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായി അവതരിപ്പിക്കാനും കമ്മ്യൂണിസ്റ്റ് – ഇടത് സൈദ്ധാന്തികര്‍ രംഗത്തു വന്നത് ഹിന്ദുത്വരാഷ്ട്രീയത്തെ നേരിടാനുള്ള ഒരു അടവുനയം എന്ന തരത്തിലാണ് നോക്കി കാണേണ്ടത്.
ആശയം നഷ്ടപ്പെട്ട ഇടതുപക്ഷം
ഇന്ത്യന്‍ ഇടതുപക്ഷം ഇന്ന് അതിന്റെ അടിത്തറ നഷ്ടപ്പെട്ട് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. കമ്മ്യൂണിസം ഒരു ആശയം എന്ന നിലയില്‍ ഒരിക്കലും ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കിയില്ല. മറിച്ച് ഒരു പാര്‍ട്ടി എന്ന നിലയില്‍ ചില പ്രവിശ്യകളില്‍ രാഷ്ട്രീയ സ്വാധീനം ഉറപ്പിച്ചു എന്നത് വസ്തുതയാണ്. ആ കോട്ടകളും ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. മുന്നണി ബന്ധങ്ങളിലൂടെ പിടിച്ചുനില്‍ക്കുന്ന കേരളം ഒഴിച്ചാല്‍ ഇടതുപക്ഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമാകുകയാണ്. 2019-ലെ ലോകസഭാതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ചത് കേവലം 1.75 ശതമാനം വോട്ടും മൂന്നു സീറ്റുമാണ്. എന്നാല്‍ സി.പി.ഐയ്ക്ക് ലഭിച്ചത് ഒരു ശതമാനത്തിനും താഴെ 0.58 ശതമാനം വോട്ടാണ്. നൂറുവര്‍ഷത്തെ പരമ്പര്യമുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എല്ലാം കൂടെ (സിപിഐ+സിപിഎം) 2019ലെ ലോകസഭാതിരഞ്ഞെടുപ്പില്‍ ലഭിച്ചത് കേവലം 2.33 ശതമാനം വോട്ടും അഞ്ചു സീറ്റുകളുമാണ്. രാഷ്ട്രീയത്തില്‍ ദുര്‍ബ്ബലമായ പങ്കാളിത്തം മാത്രമാണെങ്കിലും, ഹിന്ദുത്വരാഷ്ട്രീയത്തിന് ബദലായ ആശയസംവാദങ്ങളില്‍ ഇടതുപക്ഷത്തിന് സുപ്രധാന പങ്കുണ്ട്. മാധ്യമരംഗത്തും, അക്കാദമിക രംഗത്തുമുള്ള പങ്കാളിത്തവും ഒരു വിഭാഗം എഴുത്തുകാരുടെയും ഇസ്ലാമിസ്റ്റുകളുടെയും പിന്തുണയും ഇടതുപക്ഷത്തെ പ്രസക്തമാക്കുന്നു.
നെഹ്‌റുവിന്റെയും, ഇന്ദിരാഗാന്ധിയുടെയും സോവിയറ്റ് അനുകൂല നിലപാടും, സൗഹൃദവും കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ ചായ്‌വുള്ള എഴുത്തുകാര്‍ക്കും, അക്കാദമിക പണ്ഡിതന്മാര്‍ക്കും സാംസ്‌കാരിക മണ്ഡലത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ അവസരമൊരുക്കി. ആഭ്യന്തരമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ എതിര്‍ത്ത പ്രധാനമന്ത്രി നെഹ്‌റു, കമ്മ്യൂണിസ്റ്റു റഷ്യയുടെയും, കമ്മ്യൂണിസ്റ്റു ചൈനയുടെയും ആരാധകനായിരുന്നു. സ്റ്റാലിന്റെ പഞ്ചവത്സരപദ്ധതിയും സോഷ്യലിസ്റ്റ് ആശയവും നെഹ്‌റുവിന് സ്വീകാര്യമായിരു ന്നു. 1955-ല്‍ കോണ്‍ഗ്രസിന്റെ ആവടി (Avadi) സമ്മേളനം, സോഷ്യലിസം ഔദ്യോഗികമായി അംഗീകരിച്ചു. 1949ല്‍ മാവോയുടെ കമ്മ്യൂണിസ്റ്റു ഭരണകൂടത്തെ ആദ്യമായി അംഗീകരിച്ച ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എക്കാലത്തും ആഗോളതലത്തിലും ഐക്യരാഷ്ട്രസംഘടനയിലും റഷ്യയുടെയും ചൈനയുടെയും പക്ഷത്താണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇന്ത്യയെ പ്രതിഷ്ഠിച്ചത്. സ്വാഭാവികമായും കോണ്‍ഗ്രസിന്റെ വിദേശനയത്തിന്റെ വക്താക്കളായി കമ്മ്യൂണിസ്റ്റുകള്‍ മാറി. ആഭ്യന്തരനയത്തില്‍ ഇടതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല.
കോളനി ഭരണത്താല്‍ ദരിദ്രമാക്കപ്പെട്ട സമ്പദ്ഘടനയും സാമൂഹികമായ ഉച്ചനീചത്വങ്ങളും, ജന്മിത്വവും അടക്കിവാഴുന്ന ഒരു കാലഘട്ടത്തിലാണ് 1925ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ സവര്‍ണ്ണ സമുദായത്തില്‍പ്പെട്ടവരാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലേയ്ക്ക് ആദ്യം ആകര്‍ഷിക്കപ്പെട്ടത്. അതേസമയം ഭാരത സംസ്‌കാരത്തെയും ചരിത്രത്തെയും ദാര്‍ശനികപദ്ധതികളെയും എതിര്‍ത്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ഉള്‍ക്കൊള്ളാന്‍ സാധാരണക്കാര്‍ തയ്യാറായിരുന്നില്ല. ഇടതുപക്ഷ ആശയങ്ങള്‍ക്ക് കുറച്ചെങ്കിലും സ്വീകാര്യത ലഭിക്കുന്നത് 1970കളിലാണ്. കോണ്‍ഗ്രസ് ഭരണകൂടത്തെയും സോവിയറ്റ് യൂണിയനെയും യോജിപ്പിക്കുന്ന കണ്ണിയായി ഇതിനകം സി.പി.ഐ വളര്‍ന്നിരുന്നു. ഈ കാലഘട്ടത്തില്‍ സ്ഥാപിതമായ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല, വിവിധ സ്റ്റഡിസെന്ററുകള്‍, ഐസിഎസ്എസ്ആര്‍, ഐസിഎച്ച്ആര്‍, ഐസിപിആര്‍ തുടങ്ങി നിരവധി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വ്യാപകമായി ഇടതുപക്ഷ അനുയായികള്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് വിശേഷിച്ച് 1969-1977 കാലഘട്ടത്തില്‍ നുഴഞ്ഞുകയറി. കോണ്‍ഗ്രസിനും, നെഹ്‌റുകുടുംബത്തിനും അനുയോജ്യമായി ചരിത്രനിര്‍മ്മിതികള്‍ നടന്നു. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ നായകസ്ഥാനം വഹിച്ച നേതാക്കളൊക്കെ വിസ്മരിക്കപ്പെട്ടു. സര്‍ദാര്‍ പട്ടേല്‍, ഡോ.ബി.ആര്‍.അംബേദ്കര്‍, സുബാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ ചരിത്രത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമായി. ഭാരതത്തിന്റെ അഭിമാനബിംബങ്ങളും, ദര്‍ശനങ്ങളും, ഹിന്ദുവര്‍ഗ്ഗീയതയുടെ പര്യായമായി അവതരിപ്പിച്ച് അവഗണിച്ചു. 1976-ല്‍ അടിയന്തരാവസ്ഥയുടെ മറവില്‍ ‘സോഷ്യലിസവും’, ‘മതേതരത്വവും’ ഭരണഘടനയുടെ ആമുഖത്തില്‍ കയറിപ്പറ്റി. അതേസമയം ഇന്ത്യന്‍ സോഷ്യലിസ്റ്റുകളായ രാംമനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണന്‍, ആചാര്യ കൃപലാനി തുടങ്ങിയവരുടെ ആശയങ്ങള്‍ എല്ലാം അവഗണിച്ചു. ചുരുക്കത്തില്‍ 1969 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള അക്കാദമിക സ്ഥാപനങ്ങളിലും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ആധിപത്യം നേടി. സാംസ്‌കാരിക ദേശീയതയുടെ കിരണങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടന്നുവരാതിരിക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ നടത്തി. അതേസമയം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അപ്രസക്തമാകുന്നതും ഇതേ കാലഘട്ടത്തിലാണ്.
1990കളില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ബിജെപിയും ശക്തമായതോടെ കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ ദുര്‍ബ്ബലമായി. 1996, 1998, 1999, 2014, 2019 എന്നീ ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി. മൂന്നരപതിറ്റാണ്ടില്‍ അധികം സിപിഎം തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ ആ പാര്‍ട്ടിക്ക് നഷ്ടമായി. വികസനരാഷ്ട്രീയത്തിലൂടെ അഴിമതിരഹിതഭരണം കാഴ്ചവച്ച് ബിജെപി മുന്നേറിയപ്പോള്‍ ഔദ്യോഗിക പ്രതിപക്ഷ സ്ഥാനം ലഭിക്കാനുള്ള സംഖ്യാബലമില്ലാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കേരളം ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിലും അപ്രസക്തമായി. 1991-ല്‍ സോവിയറ്റ് റഷ്യ തകര്‍ന്നടിയുകയും, കിഴക്കന്‍ യൂറോപ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ നിന്ന് വിമുക്തമാവുകയും ഒരു ആശയം എന്ന നിലയില്‍ കമ്മ്യൂണിസം അപ്രസക്തമായതും വലിയൊരു പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സൃഷ്ടിച്ചത്. സോഷ്യലിസം മുദ്രാവാക്യമാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടി 1984ല്‍ 415 സീറ്റുകള്‍ നേടി ലോകസഭയില്‍ ചരിത്രം കുറിച്ചെങ്കിലും 2014 ആകുമ്പോള്‍ കേവലം 44 സീറ്റുമാത്രം നേടി പിന്നോട്ടുള്ള പ്രയാണം പൂര്‍ണ്ണമാക്കി. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെയും അധഃപതനം ഏതാണ്ട് പൂര്‍ണ്ണമായി. കോണ്‍ഗ്രസ് 52 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ഇരു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും കൂടെ കേവലം അഞ്ചുസീറ്റുകള്‍ നേടി. അങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു യുഗം ഇവിടെ അവസാനിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍.
പ്രത്യയശാസ്ത്ര പ്രതിസന്ധിയില്‍ നിന്ന് പ്രത്യയശാസ്ത്ര ശൂന്യതയിലേയ്ക്ക്
സോവിയറ്റ് സ്വപ്ന സാമ്രാജ്യത്തിന്റെ തകര്‍ച്ചയും, ചെങ്കൊടിയേന്തി ചൈന ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത-കോര്‍പ്പറേറ്റ് സമ്പദ് വ്യവസ്ഥയായി മാറിയതും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ വല്ലാത്ത പ്രതിസന്ധിയിലാക്കി. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. സാംസ്‌കാരിക ദേശീയതയുടെ മുന്നേറ്റത്തില്‍ പകച്ചുനില്‍ക്കാനല്ലാതെ ഇടതുപക്ഷത്തിന് മറ്റുവഴികളുമില്ല. ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നത് തുടര്‍ച്ചയായ ഭരണം നടത്തിയതിനുശേഷമാണ്. ഇന്ത്യയില്‍ പശ്ചിമ ബംഗാളിലും, ത്രിപുരയിലും തുടര്‍ച്ചയായ ഭരണമാണ് അവരുടെ തകര്‍ച്ചയ്ക്ക് വഴി ഒരുക്കിയത്. വളരെ വിചിത്രമായ ഒരു ദുര്‍ഗതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്ത്യയില്‍ ഉണ്ടായത്.
1980കളില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ വലിയൊരു ആശയപ്രതിസന്ധിയിലായി. സോവിയറ്റ് അനുകൂല നിലപാടെടുത്ത സിപിഐ യും ചൈനാ ഭാഗത്ത് നിലകൊണ്ട സിപിഎമ്മും ഒരുപോലെ തങ്ങളുടെ സ്വപ്നരാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാതവിട്ട് ബൂര്‍ഷ്വാസിയുടെയും മുതലാളിത്തത്തിന്റെയും വക്താക്കളാകുന്നത് കണ്ടു. 1989 മുതല്‍ 1991 വരെയുള്ള മൂന്നു വര്‍ഷത്തിനിടയില്‍ സോവിയറ്റ് യൂണിയന്‍ പതിനഞ്ചുരാജ്യങ്ങളായി വിഭജിക്കപ്പെടുന്നതും, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് നുകം വലിച്ചെറിഞ്ഞ് ജനാധിപത്യത്തിന്റെ പാത സ്വീകരിച്ചതും ലോകം കണ്ടു. ഇതില്‍ പലരാജ്യങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തന്നെ നിരോധിക്കുന്ന സാഹചര്യമുണ്ടായി. ഇതേ കാലഘട്ടത്തില്‍ സി.പി.എമ്മിന്റെ സ്വപ്നഭൂമിയായ കമ്മ്യൂണിസ്റ്റ് ചൈന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരും, പതാകയും നിലനിര്‍ത്തി സ്വേച്ഛാധിപത്യ ഭരണം ഉറപ്പാക്കിയെങ്കിലും ആശയപരമായി കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ തള്ളിപ്പറഞ്ഞ് അമേരിക്കന്‍ മുതലാളിത്തപാത സ്വീകരിച്ചു. ‘മാവോയിസ’ത്തെ പൂര്‍ണ്ണമായും നിരാകരിച്ച് സ്വതന്ത്ര കമ്പോള വ്യവസ്ഥയ്ക്കും വിദേശ നിക്ഷേപങ്ങള്‍ക്കും വേദി ഒരുക്കി. ബഹുരാഷ്ട്ര കമ്പനികളുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപസൗഹൃദരാജ്യമായി മാവോയുടെ ചൈനമാറി. പഴയ സോവിയറ്റ് യൂണിയനില്‍പ്പെട്ട പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ലെനിന്റെയും സ്റ്റാലിന്റെയും സ്മാരകങ്ങളും പ്രതിമകളും പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യപ്പെട്ടു. ചൈനയില്‍ ‘മാവോയിസം’ കേവലം മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുവായും മാറി. മുകളില്‍ സൂചിപ്പിച്ചതുപോലെ, കമ്മ്യൂണിസ്റ്റു സ്വപ്നലോകത്തിനുണ്ടായ ഈ തകര്‍ച്ചയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പ്രതിസന്ധിയില്‍ ആക്കിയത്. ഭാരതീയ മൂല്യങ്ങളും, സംസ്‌കാരവും വിശ്വാസങ്ങളും നിരാകരിച്ച് ചിട്ടപ്പെടുത്തിയ ഏതാണ്ട് ഒരു നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക ഭൂമിക ചില്ലുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ 1990കളില്‍ അഭിമുഖീകരിച്ച ആശയ പ്രതിസന്ധിയോടൊപ്പം, ഭൗതികമായും അവര്‍ പ്രതിസന്ധിയിലായി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറിയതും 1990-കളിലാണ്. ഒരുഭാഗത്ത് കമ്മ്യൂണിസ്റ്റ് സഹയാത്രികര്‍ക്ക് സ്വീകാര്യമായിരുന്ന കോണ്‍ഗ്രസ് ദുര്‍ബ്ബലമായി. ഇതിനിടയില്‍ തമിഴ്‌നാട്, പശ്ചിമബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസ് പൂര്‍ണ്ണമായും പുറത്താക്കപ്പെട്ടു. ദേശീയതലത്തിലും 1991നുശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ലോകസഭയില്‍ ഭൂരിപക്ഷം ലഭിച്ചുമില്ല. മറുഭാഗത്ത് ഹിന്ദുത്വരാഷ്ട്രീയവും സാംസ്‌കാരിക ദേശീയതയും മുഖ്യധാരയിലേയ്ക്ക് വന്നു. ഈ പശ്ചാത്തലത്തിലാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഗാന്ധിജിയിലേക്കും നെഹ്‌റുവിലേക്കും തിരിഞ്ഞുനോക്കുന്നത്. ആശയ രംഗത്ത് ഇന്ത്യന്‍ ഇടതുപക്ഷം അഭിമുഖീകരിക്കുന്ന ശൂന്യത വളരെ വലുതാണ്. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ വിമര്‍ശനങ്ങളും ആരോപണങ്ങളും തെറ്റായ പ്രചരണങ്ങളും നടത്തുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ഇടതുപക്ഷവും അതിനെതിരായ ഒരു ബദല്‍ രാഷ്ട്രീയമോ, ദര്‍ശനമോ, കൂട്ടായ്മയോ രൂപീകരിക്കാന്‍ കഴിയാത്ത തരത്തില്‍ ഇന്ന് ദുര്‍ബ്ബലമാണ്.
ഗാന്ധിജിയും, നെഹ്‌റുവും ഇടതുപക്ഷത്തിന് സ്വീകാര്യമാകുന്നത് എന്തുകൊണ്ട്?
കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ വിശേഷിച്ച് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഭരണം വന്നതോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു സൈദ്ധാന്തികരും, പ്രസ്ഥാനങ്ങളും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് മാര്‍ക്‌സിനേയോ, മാവോയെ കുറിച്ചല്ല, മറിച്ച് ഗാന്ധിജിയെയും നെഹ്‌റുവിനെയുമാണ്. ഒരു കാലഘട്ടത്തില്‍ ബൂര്‍ഷ്വാസിയുടെ പര്യായമായി അവര്‍ തന്നെ അവതരിപ്പിച്ച മഹാത്മാഗാന്ധിയും, നെഹ്‌റുവും ഇന്ന് അവര്‍ക്ക് മാതൃകാ വ്യക്തിത്വങ്ങളാണ്. നെഹ്‌റുവിന്റെ സാമ്പത്തികനയങ്ങളും, വിദേശനയവും ഇന്ന് ഇടതുപക്ഷത്തിന് മാതൃകയാണ്. കൂടാതെ കഴിഞ്ഞ ഒരു ദശകത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ഗാന്ധിവധത്തെയും ഗോഡ്‌സേയും കുറിച്ചാണ്. കോണ്‍ഗ്രസ്സുകാര്‍പോലും ചര്‍ച്ച ചെയ്യാത്ത ‘ഗാന്ധിസവും’, ‘നെഹ്‌റുവിസവും’ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്ന് സ്വീകാര്യമാകുന്നതിന്റെ പൊരുള്‍ അന്വേഷിക്കേണ്ടതുണ്ട്.
ഗാന്ധിജിയെകുറിച്ചും നെഹ്‌റുവിനെകുറിച്ചും ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്ന കമ്മ്യൂണിസ്റ്റു നേതാവും സൈദ്ധാന്തികനുമാണല്ലോ ഇ.എം.എസ് നമ്പൂതിരിപ്പാട്. അദ്ദേഹം ഗാന്ധിജിയെ എങ്ങനെയാണ് വിവരിക്കുന്നത് എന്ന് നോക്കാം – ”ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം” എന്ന ഇ.എം.എസ്സിന്റെ ഗ്രന്ഥത്തില്‍ (1982) ഗാന്ധിജിയെ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ പ്രതിനിധിയായി അവതരിപ്പിക്കുന്നു. ”ഇങ്ങനെ ജനലക്ഷങ്ങളെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തില്‍ അണിനിരത്തുന്നതിന് ഗാന്ധിയുടെ വ്യക്തിത്വവും അദ്ദേഹം ആവിഷ്‌ക്കരിച്ച സമരപരിപാടിയും ബൂര്‍ഷ്വാസിയ്ക്ക് തികച്ചും പ്രയോജനകരമായിരുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ ബ്രിട്ടീഷുകാരുമായി വില പേശുന്നതിനുവേണ്ടിയുള്ള തങ്ങളുടെ ശ്രമത്തില്‍ ഗാന്ധിയുടെ സമരമാര്‍ഗ്ഗം അവര്‍ക്ക് വമ്പിച്ച ശക്തി നല്‍കി. അതേയവസരത്തില്‍ ജനങ്ങളുടെ ബ്രിട്ടീഷ് വിരുദ്ധ സമരം തങ്ങളുടെ (ബൂര്‍ഷ്വാസിയുടെയും അതിന്റെ സഖ്യശക്തികളായ ഫ്യൂഡല്‍ പ്രഭുക്കന്മാരുടെയും) താല്പര്യങ്ങള്‍ക്കെതിരായി വരികയില്ലെന്നതിന് ഗാന്ധിയന്‍ സമരമാര്‍ഗ്ഗത്തിലെ ‘അക്രമരാഹിത്യ’ നിഷ്‌കര്‍ഷ സഹായിച്ചു. അതുകൊണ്ട് തുടര്‍ച്ചയായി നടന്നസമരങ്ങള്‍, കൂടിയാലോചനകള്‍ എന്നിവയില്‍ ഗാന്ധി നല്‍കിയ നേതൃത്വം അവരെ ആഹ്ലാദിപ്പിച്ചു” (ഇ.എം.എസ്. ”ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം”. പേജ് – 1130, ചിന്ത പബ്ലിഷേഴ്‌സ് – 1982).
നെഹ്‌റുവിനെകുറിച്ച് ഇ.എം.എസ്. തുടര്‍ന്ന് എഴുതുന്നു. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ഏജന്റായാണ് ഇ.എം.എസ്. നെഹ്‌റുവിനെ കണ്ടത്. ”രാജ്യത്തെ മുതലാളിത്തത്തിന്റെ പാതയിലൂടെ പുരോഗമിപ്പിക്കാന്‍ 1944ല്‍ തന്നെ ഇന്ത്യന്‍ ബൂര്‍ഷ്വാസി പരിപാടികള്‍ ആവിഷ്‌കരിക്കുകയുണ്ടായി. ടാറ്റാ-ബിര്‍ളാ പ്ലാന്‍ എന്ന പേരിലറിയപ്പെടുന്ന ഒരു സാമ്പത്തിക വികസനപദ്ധതി പ്രസിദ്ധ ബൂര്‍ഷ്വാ പ്രമാണിമാര്‍ ചേര്‍ന്നു തയ്യാറാക്കിയിരുന്നു. വിദേശബന്ധത്തിന്റെ മേഖലയിലും അവര്‍ കൈവയ്ക്കാന്‍ തുടങ്ങിയിരുന്നു. 1947ല്‍ നെഹ്‌റുവിന്റെ മുന്‍കയ്യോടുകൂടി ദില്ലിയില്‍ വിളിച്ചു കൂട്ടിയ ഏഷ്യന്‍ സമ്മേളനം അതിന്റെ തുടക്കമായിരുന്നു. (ഇ.എം.എസ്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം – പേജ് 1130). ഇ.എം.എസ് തുടര്‍ന്നെഴുതുന്നു – ”അങ്ങനെ ഗാന്ധിയെ ‘പ്രായോഗികമതിയല്ലാത്ത ഒരു സ്വപ്‌നാടനക്കാര’നെന്ന നിലയ്ക്ക് അവഗണിച്ച് ‘പ്രായോഗിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന നെഹ്‌റു-പട്ടേല്‍ പ്രഭൃതികളുടെ പിന്നില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസി ഉറച്ചുനിന്നു” (അതേ പുസ്തകം – പേജ് – 1131).
സ്വാതന്ത്ര്യാനന്തരം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രതലവനായി അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റനെ നിയോഗിക്കുന്നതില്‍ നെഹ്‌റു കാണിച്ച താല്പര്യവും, എന്നാല്‍ പാകിസ്ഥാന്റെ ഗവര്‍ണര്‍ ജനറലാകാന്‍ ഒരു ബ്രിട്ടീഷുകാരനായ മൗണ്ട്ബാറ്റനെ അനുവദിക്കില്ല എന്ന ജിന്നയുടെ നിലപാടും ഇ.എം.എസ്. വിവരിക്കുന്നുണ്ട്. ”ഈ പശ്ചാത്തലത്തിലാണ് ആഗസ്റ്റ് 14-15 അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ യൂണിയന്‍, പാകിസ്ഥാന്‍ എന്നീ രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ രൂപം കൊണ്ടത്. രണ്ടിനും ഒരു പൊതു ഗവര്‍ണ്ണര്‍ ജനറല്‍ ഉണ്ടാവണം. അത് മൗണ്ട് ബാറ്റനായിരിക്കണം എന്ന ഒരു നിര്‍ദ്ദേശം വന്നു. അതിന് ഏറ്റവും ആവേശപൂര്‍വ്വമായ പിന്തുണ നല്‍കിയത് ലീഗിനെ അപേക്ഷിച്ച് കൂടുതല്‍ ‘സാമ്രാജ്യ വിരുദ്ധ’ മായ കോണ്‍ഗ്രസിന്റെ ‘തീവ്രവാദിയായി’ കരുതപ്പെട്ടിരുന്ന നേതാവ് നെഹ്‌റുതന്നെയായിരുന്നു. ജിന്നയ്ക്കും ലീഗിനും അത് സ്വീകാര്യമായില്ല. നെഹ്‌റുവും കൂട്ടരും വേണമെങ്കില്‍ അവരുടെ രാജ്യത്തെ രാഷ്ട്രത്തലവനായി മൗണ്ട് ബാറ്റനെ അംഗീകരിച്ചുകൊള്ളട്ടെ, ഞങ്ങളുടെ രാഷ്ട്രത്തലവന്‍ ഞങ്ങളുടെ ഖായിദേ അസം (ജിന്ന) തന്നെയായിരിക്കും എന്നവര്‍ ഉറപ്പിച്ചു. അങ്ങനെ പുതുതായി രൂപംകൊണ്ട പാകിസ്ഥാന്റെ ഗവര്‍ണര്‍ ജനറല്‍ എന്ന പദവിയിലേയ്ക്ക് ജിന്നയെ അവരോധിക്കുന്നതിനുവേണ്ടി കറാച്ചിയിലേയ്ക്ക് പോയ മൗണ്ട് ബാറ്റന്‍ തിരിച്ച് ദില്ലിയില്‍ വന്ന് ഇന്ത്യന്‍ യൂണിയന്റെ ഗവര്‍ണര്‍ ജനറല്‍ എന്ന നിലയ്ക്ക് നെഹ്‌റുവിനെ സത്യപ്രതിജ്ഞയെടുപ്പിച്ച് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാക്കി.” ഇ.എം.എസ്. കൂട്ടിച്ചേര്‍ക്കുന്നതുകൂടെ ശ്രദ്ധേയമാണ്. ”ഇതുരണ്ടും നടക്കുന്ന സമയത്ത് രണ്ട് രാജ്യങ്ങളുടെയും വിവിധ പ്രദേശങ്ങളില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ – ചരിത്രത്തില്‍ ഇതേവരെ നടന്നിട്ടില്ലാത്തത്ര ക്രൂരമായ നരവേട്ട നടക്കുകയായിരുന്നു” (ഇ.എം.എസ്. ”ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം – പേജ് -1139).
ഇ.എം.എസിന് സവര്‍ക്കര്‍ വീരവിപ്ലവകാരി
ഇന്ത്യയിലെ ഇടതുപക്ഷം വീരസവര്‍ക്കറെ ഏറെ അപമാനിക്കുന്ന കാലഘട്ടത്തിലാണ് ഗാന്ധിജിയേയും നെഹ്‌റുവിനെയും ഇന്ന് ആദര്‍ശവല്‍ക്കരിക്കുന്നത്. എന്നാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് എങ്ങനെയാണ് സവര്‍ക്കറെ വീരവിപ്ലവകാരിയായി അവതരിപ്പിച്ചത് എന്നു കൂടെ ഇവിടെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. ഇ.എം.എസ്. എഴുതുന്നു. ” ‘അഭിനവ ഭാരത്’ എന്ന പേരില്‍ രഹസ്യഗ്രൂപ്പുകള്‍ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ നാനാഭാഗത്തും ഉയര്‍ന്നുവന്നു. അതിന്റെ നേതാവായ വിനായക ദാമോദര സവര്‍ക്കര്‍ പിന്നീട് തന്റെ പ്രവര്‍ത്തന രംഗം ഇംഗ്ലണ്ടിലേക്ക് മാറ്റുകയും അവിടെ നിന്നും കിട്ടാവുന്ന എല്ലാ സഹായങ്ങളും നേടി ഇന്ത്യയില്‍ ഒരു വിപ്ലവം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. മഹാരാഷ്ട്രയുടെ നാനാഭാഗത്തും ശാഖകളുള്ള ഈ ഗ്രൂപ്പ് ആ സംസ്ഥാനത്തു മാത്രമല്ല ഇന്ത്യയിലാകെത്തന്നെ വിപ്ലവപ്രസ്ഥാനം വളര്‍ന്നുവരുന്നതില്‍ അതിപ്രധാനമായ പങ്കുവഹിച്ചു. സവര്‍ക്കറാകട്ടെ, ഇംഗ്ലണ്ടില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യയിലേയ്ക്ക് പോലീസ് അകമ്പടിയോടെ യാത്ര ചെയ്യുന്നതിനിടയ്ക്ക് ഓടി രക്ഷപ്പെടാന്‍ നോക്കുകയും വീണ്ടും പിടിക്കപ്പെടുകയും ചെയ്ത കഥ പിന്നീട് ചരിത്രപ്രസിദ്ധമായിത്തീര്‍ന്നു” (ഇ.എം.എസ്. ”ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം” – പേജ് – 223).
ആര്‍.എസ്.എസ്സിന്റെ പേരില്ല
ഗാന്ധിവധത്തെ ഇ.എം.എസ്. വിവരിക്കുന്നത് ഇങ്ങനെയാണ്. ”ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരഭിപ്രായ സംഘട്ടനമല്ല ഇക്കാലത്ത് രൂപംകൊണ്ടത്. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള വാദവിവാദങ്ങള്‍ ഇന്ത്യന്‍ ജനതയെയാകെ ഹിന്ദു, അഹിന്ദു എന്ന രണ്ടു ചേരികളാക്കി തിരിച്ചിരുന്നു. ഇതില്‍ നിന്നുളവാകുന്ന സംഘര്‍ഷാവസ്ഥയും സംഘട്ടനങ്ങളും കണ്ട് വേദനിച്ച ഗാന്ധിയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും മുസ്ലിങ്ങളുടെ അമിതമായ അവകാശവാദങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്ന് മതഭ്രാന്തുപിടിച്ച ഹിന്ദുക്കള്‍ വിശ്വസിച്ചു. അവര്‍ തങ്ങളുടെ വികാരങ്ങള്‍ പരസ്യമായും രൂക്ഷമായും പ്രകടിപ്പിക്കുകയും ചെയ്തു. ഈ വിഭാഗക്കാരില്‍ നിന്നുള്ള അക്രമണങ്ങള്‍ക്കിരയായി ഗാന്ധി മരിച്ചുപോയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പോലും വരാന്‍ തുടങ്ങി. കൊല്ലപ്പെടുന്നതിനും പത്തുദിവസം മുമ്പ് ഗാന്ധിയുടെ പ്രാര്‍ത്ഥനായോഗത്തിനു നേരെ ഒരു ബോംബാക്രമണം നടക്കുക തന്നെ ചെയ്തു. ഇതില്‍ നിന്നുള്ള സൂചന കാര്യമായെടുക്കാതെ, തികച്ചും അലംഭാവത്തോടെയാണ് ഭരണാധികാരത്തിലെത്തിയ കോണ്‍ഗ്രസ് പെരുമാറിയതെന്ന പരാതി പിന്നീട് ഉയര്‍ന്നുവന്നു. ഇതിന് ശക്തികൂട്ടുന്ന പല തെളിവുകളും പിന്നീട് പുറത്തു വന്നു. ഏതായാലും 1948 ജനുവരി 30ന് ഗാന്ധി കൊല്ലപ്പെട്ടു. അതോടെ ഇന്ത്യന്‍ ജനതയുടെ ചരിത്രത്തിലെ ‘ഗാന്ധിയുഗ’ മെന്നു വിളിക്കപ്പെടാവുന്ന ഒരു കാലഘട്ടം അവസാനിച്ചു” (ഇ.എം.എസ്. ”ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം” പേജ് 1146-1147).
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം രചിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ആചാര്യനുമായ ഇ.എം.എസ് സവര്‍ക്കറെ ആരാധനയോടെ അവതരിപ്പിച്ചതും, ഗാന്ധിവധം പരാമര്‍ശിക്കുന്ന ഭാഗത്ത് ആര്‍.എസ്.എസ്സിനെ പേരുപറഞ്ഞ് വിമര്‍ശിക്കാത്തതും ഒരര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ ശരിയായ വിവരണമാണ്. ഇന്നത്തെ ഇന്ത്യന്‍ ഇടതുപക്ഷവും, അവരുടെ സൈദ്ധാന്തികരും ഇ.എം.എസ്സിന്റെ ചരിത്രത്തെ തള്ളിപ്പറയുമെന്ന് കരുതാന്‍ ആവില്ല.
(കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയിലെ ഗ്ലോബല്‍ സ്റ്റഡീസ് പ്രൊഫസര്‍ ആന്റ് ഡീനും മുന്‍ പ്രോ-വൈസ് ചാന്‍സലറുമാണ് ലേഖകന്‍)