കോഴിക്കോട്: ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍, എല്ലാ സ്വപ്‌നങ്ങളും പൂര്‍ത്തീകരിക്കാനും എന്തും നേടാനും കഴിയുമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ദേശീയ യുവജന ആഘോഷ സമിതിയും വിവിധ യുവജന സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് വിവേകാനന്ദജയന്തി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ‘യൂത്ത് കോണ്‍ക്ലേവ്-24’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
രാജ്യ നിര്‍മ്മിതിക്ക് ലക്ഷ്യബോധവും കാഴ്ചപ്പാടുമുള്ള യുവശക്തി അനുപേക്ഷണീയമാണ്. കേരളീയ യുവത്വം ഊര്‍ജ്ജസ്വലവും ഉത്സാഹഭരിതവുമാണ്. വികസിത ഭാരതത്തെ നയിക്കാന്‍ യുവജനങ്ങള്‍ പ്രാപ്തരാവണം. കേരളത്തിന്റെ കൂടി വികസനത്തിനുള്ള ഗ്യാരന്റിയാണ് മോദിയുടെ ഗ്യാരന്റി. മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് ആണ് ജി20 യും ചന്ദ്രയാനും എഐയും മേക്ക് ഇന്‍ ഇന്ത്യയും റോക്കറ്റ് വിക്ഷേപണവും സ്റ്റാര്‍ട്ടപ്പുമെല്ലാം മീനാക്ഷി ലേഖി തുടര്‍ന്നു.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. നാഗരാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍, നെഹ്‌റു യുവകേന്ദ്ര യൂത്ത് ഓഫീസര്‍ സി.സനൂപ്, എന്‍..വൈ.സി.സി കണ്‍വീനര്‍ കിരണ്‍ എസ്.കുമാര്‍, അഡ്വക്കേറ്റ് കെ.ടി.ശ്യാം ശങ്കര്‍, ഹരീഷ് കടയപ്രത്ത്, എ.എന്‍.അഭിലാഷ് എന്നിവര്‍ സംസാരിച്ചു. ദേശീയ യുവജന ദിനാഘോഷ പരിപാടികളുടെ ഭാഗമായി കലാകായിക മേഖലയില്‍ നടത്തിയ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വ്വഹിച്ചു.