ഭാരതീയതയുടെ അടിവേരുകള്‍
ജയനാരായണന്‍ ഒറ്റപ്പാലം
വേദബുക്‌സ്, കോഴിക്കോട്
പേജ്: 92 വില: 140.00
ഫോണ്‍: 9539009979
അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ജനാധിപത്യവും മതേതരത്വവും ചര്‍ച്ചാവിഷയമായ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് ജയനാരായണന്‍ ഒറ്റപ്പാലം എഴുതിയ ‘ഭാരതീയതയുടെ അടിവേരുകള്‍’ എന്ന പുസ്തകം. 92 പേജുള്ള ചെറു പുസ്തകമാണെങ്കിലും ഉള്ളടക്കം വളരെ ഗൗരവമേറിയതും അടിസ്ഥാനപരമായതുമാണ്. ഭാരതീയത എന്താണെന്നും ഭാരതീയത സംബന്ധിച്ച വികല ചിന്തകള്‍ എവിടെ നിന്നാരംഭിച്ചു എന്നുമുള്ള അന്വേഷണമാണ് ഈ പുസ്തകത്തിലുള്ളത്.
സാംസ്‌കാരികമായി വളരെ പുരോഗമിച്ചതും തത്വശാസ്ത്രപരമായി ഇരുത്തം വന്നതുമായ ഒരു സമുദായത്തിന്റെ കാഴ്ചപ്പാടുകളാണ് വേദങ്ങളിലുള്ളതെന്ന് അരവിന്ദമഹര്‍ഷിയെ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിക്കുന്നുണ്ട്. ആദ്ധ്യാത്മികതയില്‍ അടിയുറച്ച ജനതയാണ് ഭാരതത്തിന്റേതെന്നും ആ പൈതൃകമാണ് നാം ഉള്‍ക്കൊള്ളുന്നതെന്നും ഗ്രന്ഥകാരന്‍ പറയുന്നു.
ഈ യാഥാര്‍ത്ഥ്യത്തെ തകര്‍ക്കാനാണ് മധ്യേഷ്യയിലെ പുല്‍മേടുകളില്‍ നിന്നു അക്രമികളായി വന്ന നാടോടി ആര്യന്മാര്‍ ഭാരതത്തില്‍ അധിനിവേശം നടത്തി ആധിപത്യം സ്ഥാപിച്ചുവെന്നും വേദേതിഹാസങ്ങള്‍ അവരുടെ സംഭാവനയാണെന്നുമുള്ള വാദം. ആര്യന്‍ ആക്രമണവാദത്തിന്റെ അടിത്തറയിലാണ് മതേതര-ജനാധിപത്യവാദികളായ പണ്ഡിതന്മാര്‍ എന്നവകാശപ്പെടുന്നവര്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്. ആര്യന്‍ ആക്രമണവാദത്തിന്റെ ഭൗതികമായ പൊള്ളത്തരം തുറന്നുകാട്ടാന്‍ ഭാഷാ ശാസ്ത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും കുലങ്കഷമായ പരിശോധനയാണ് ലേഖകന്‍ നടത്തിയിട്ടുള്ളത്.
സരസ്വതി നദിയെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തില്‍ ക്രി സ്തുവിനുമുമ്പ് 2700 വര്‍ഷം മുമ്പ് ഹിമാലയന്‍ സാനുക്കളിലുണ്ടായ ഭൂചലനത്തില്‍ യമുന ഗതിമാറി ഗംഗയോടു സംയോജിച്ചതോടെ സരസ്വതി നദി വറ്റിപ്പോകുന്ന അവസ്ഥ ഉണ്ടായി എന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. വേദസാഹിത്യങ്ങളില്‍ ഗഹനമായ വിജ്ഞാനം ആര്‍ജ്ജിച്ച അരവിന്ദമഹര്‍ഷിയേയും ഋഗ്വേദ വിവര്‍ത്തകനായ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിനെയും ഉദ്ധരിച്ചുകൊണ്ടാണ് വേദങ്ങളുടെ മഹത്തായ പാരമ്പര്യമാണ് ഭാരതത്തിന്റേതെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നത്. വേദങ്ങളുടെ ഭാഷയും സാഹിത്യശൈലിയും പരിശോധിച്ചശേഷം ഗ്രന്ഥകാരന്‍ ശങ്കയില്ലാതെ പറയുന്നത് ആര്യനായാലും ദ്രാവിഡനായാലും വേദരചയിതാക്കള്‍ സപ്തസൈന്ധവത്തില്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ വേരുറപ്പിച്ചവരായിരുന്നു എന്നാണ്.
തിരുവായ്‌മൊഴി, കമ്പരാമായണം ചിലപ്പതികാരം, മണിമേഖല തുടങ്ങിയ ആദ്യകാല തമിഴ് സാഹിത്യകൃതികളിലെല്ലാം പ്രതിഫലിക്കുന്ന ഭാരതീയ സംസ്‌കൃതിയെ അനാവരണം ചെയ്യുകയാണ് മറ്റൊരു ലേഖനത്തില്‍. ഭാഷാശാസ്ത്രത്തേയും സാമൂഹ്യശാസ്ത്രത്തേ യും അടിസ്ഥാനമാക്കി ആര്യന്‍ ആക്രമണവാദം കെട്ടുകഥയാണെന്ന് അദ്ദേഹം അവസാനത്തെ രണ്ടു ലേഖനങ്ങളിലൂടെ സമര്‍ത്ഥിക്കുന്നു. ഇന്തോ-ആര്യന്‍ ജനവിഭാഗം ഭാരതത്തിലേയ്ക്കല്ല കുടിയേറിയത്, മറിച്ച് ഭാരതത്തില്‍ നിന്നു മറ്റുപ്രദേശങ്ങളിലേയ്ക്ക് കുടിയേറുകയായിരുന്നു എന്നു ഗ്രന്ഥകാരന്‍ ഊന്നിപ്പറയുന്നു.
ലോകം ശ്രവിച്ച കേരളീയ ആചാര്യന്മാര്‍
ഡോ. ഗോപി പുതുക്കോട്
ഇന്ത്യാ ബുക്‌സ് പബ്ലിക്കേഷന്‍സ്
കോഴിക്കോട്
ഫോണ്‍: 9447394322
കേരളം ലോകത്തിന് സമ്മാനിച്ച ആദ്ധ്യാത്മിക ആചാര്യന്മാരുടെ ജീവിതവും ദര്‍ശനവും സംക്ഷിപ്തമായി അവതരിപ്പിക്കുന്നതാണ് ഡോ. ഗോപി പുതുക്കോട് രചിച്ച ‘ലോകം ശ്രവിച്ച കേരളീയ ആചാര്യന്മാര്‍’ എന്ന പുസ്തകം. കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ലഘുവിവരണത്തിലൂടെയാണ് പുസ്തകം ആരംഭിക്കുന്നത്. മുഴുവന്‍ ഭാരതത്തിന്റെയും സ്വത്വത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് ദക്ഷിണ ഭാരതത്തിന്റെ സ്വത്വമെന്ന വികലവാദം മുഴങ്ങിനില്‍ക്കുന്ന വര്‍ത്തമാന കാലത്ത്, ഭാരതീയ പുരാണേതിഹാസങ്ങളില്‍ പോലും കേരളത്തെ കുറിച്ചുള്ള കൃത്യമായ സൂചകങ്ങളുണ്ടെന്ന് എഴുത്തുകാരന്‍ വിശദീകരിക്കുന്നു.
സംഘകാലകൃതികളില്‍ നിന്നാണ് പ്രാചീന കേരള ചരിത്രത്തിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുള്ളത്. ക്രിസ്തു വര്‍ഷാരംഭത്തിന് മുന്‍പ് തന്നെ റോമുമായി കേരളത്തിന് കച്ചവട പാരമ്പര്യമുണ്ടായിരുന്നതിന് സംഘ കൃതികളില്‍ തെളിവുകളുണ്ട്.
അയിത്തം നിലവില്‍ വരാത്ത, എല്ലാവര്‍ക്കും വിദ്യ നേടാന്‍ അവകാശമുണ്ടായിരുന്ന, ഒരു തൊഴിലും നീചമായി കണക്കാക്കാത്ത ചേര- ചോള- പാണ്ഡ്യ കാലഘട്ടവും പിന്നീടുണ്ടായ ഇതര മതങ്ങളുടെ കടന്നുകയറ്റവും എഴുത്തുകാരന്‍ ഇതില്‍ വിശദീകരിക്കുന്നു. കേരളത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടി ആദ്ധ്യാത്മിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ശ്രീശങ്കരാചാര്യര്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, നടരാജ ഗുരു, ഗുരു നിത്യചൈതന്യയതി, സ്വാമി രംഗനാഥാനന്ദ, സ്വാമി ചിന്മയാനന്ദ എന്നീ ആചാര്യന്മാരുടെ ലഘുജീവചരിത്രവും ഈ പുസ്തകത്തിലൂടെ ലഭിക്കുന്നു.