മധുരംവിളമ്പുക നിന്റെ കൈയിനാല്‍കവേ,
മൗനനൂലിഴനൂറ്റുഞാനിരിക്കുകയാണ്.
കനിവിന്‍പുഴയായി നീ നനച്ചല്ലോ എന്റെ,
കവിതത്തോപ്പും അതില്‍ ചമ്പകം മണക്കുന്നു.
കുളിരുംമണിത്തെന്നല്‍പോലെ നീ വേനല്‍വീണ,
വഴിയെയുലാത്തുമ്പോള്‍ സഹ്യന്റെ ചരിവിലെ
പച്ചിച്ചമരനിരനിറയെ കവിതതന്‍
നന്നിലാച്ചിരിവീണു മുഴുവന്‍ പരക്കുന്നു.
കാറ്റുപോലനനാദ്യന്തവീഥിയില്‍ സഞ്ചാരിയായ്,
മാറ്റേകും മലയാണ്മതേടി നീ നടകൊള്‍കെ,
നിന്‍പദവഴികളില്‍ കവിതപ്പൊതിയിലെ,
നന്മയെത്തിരഞ്ഞുഞാന്‍ നില്‍ക്കയാണിരുളിലും.
ഉറുമ്പും ശലഭവുമുണ്ണുന്ന കവിതയില്‍,
നിളതന്‍ താരാട്ടിന്റെ നിര്‍മ്മലസ്‌നേഹദ്ധ്വനി,
പശുവും പിറാക്കളും ചൊല്ലുന്ന കവിതയില്‍
പശിമ തിങ്ങുന്നല്ലോ മാമലമഹാനാടേ..!
ആകാശംതെളിയുന്ന കവിതപ്പൊയ്കയ്ക്കുള്ളില്‍
ആതിരനൃത്തംവെച്ച താമരപ്പൂത്തോണികള്‍.
ചിങ്ങമാം തേരിന്നൊച്ച പൊങ്ങുമ്പോള്‍ കളിയച്ഛാ
തുമ്പയില്‍ ഞാനോ നിന്റെ പേരിനെയെഴുതുന്നു.
കൊടുത്തുമുടിഞ്ഞ നിന്നുണ്മയെ വരക്കുന്ന,
വയലില്‍ പുന്നെല്ലിന്റെ പുതുമ വിളയുമ്പോള്‍,
കാവ്യകന്യയെത്തേടി മാമലനാടിന്‍ വഴി –
വക്കിലായ് നില്‍ക്കും നിത്യകാമുകാ നിന്റെ മണി
വീണയില്‍നിന്നുംപൊങ്ങും നീരലര്‍പ്പൊന്‍മൊട്ടുകള്‍
ഈ മലനാടിന്‍പേര് വളര്‍ത്തും പതക്കങ്ങള്‍.
മുറിതന്‍ താഴുംപൂട്ടി ഭൂതധാത്രിയെ വാഴ്ത്തി,
മുനിയാം പഥികന്‍ നീ യാത്രയാകിലോ ഞങ്ങള്‍ –
ക്കാതിരനിലാവും നല്‍പ്പൊന്നോണവും നഷ്ട-
പൈതൃകക്കഥചൊല്ലും നിന്റെയോര്‍മ്മയില്‍ കവേ!
നിന്റെ കാല്‍പ്പാടിന്‍നിറം ചെമ്പിനെപ്പൊന്നാക്കുമ്പോള്‍,
കവിത നെറുകയില്‍ തങ്ങിഞാന്‍ തളരുന്നു.