തമിഴകത്തെ സംബന്ധിച്ച കാലങ്ങളായുള്ള തെറ്റിദ്ധാരണകളിലൊന്നാണ് വിശാലഭാരതത്തിന്റെ സംസ്‌കാരവുമായും രാഷ്ട്രീയവുമായും അതിന് വലിയ ബന്ധമൊന്നുമില്ല എന്നത്. ഈ ആശയം പലതരത്തില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. 2019 ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തി മോദി തരംഗത്തെ തടഞ്ഞുനിര്‍ത്തി ദക്ഷിണ ഭാരതം സ്വന്തം രാഷ്ട്രീയ ദിശ തേടുകയാണെന്ന വ്യാഖ്യാനമുണ്ടായി. ഭാരതത്തിന്റെ ചരിത്രത്തില്‍നിന്ന് ദക്ഷിണഭാരതം വ്യത്യസ്തമാണെന്ന ആശയം അപകടകരമാണെന്നു മാത്രമല്ല, സംഘകാല തമിഴ് കൃതികള്‍ പരിശോധിക്കുമ്പോള്‍ ഈ ആഖ്യാനം തെറ്റാണെന്നും മനസ്സിലാവും. ഭാരതത്തിന്റെ സാംസ്‌കാരിക ഭൂമിക ഹിമാലയം മുതല്‍ കന്യാകുമാരിവരെയെന്നതാണ്. തെക്ക്-വടക്ക് എന്നിങ്ങനെയൊരു വിഭജനം ഇക്കാര്യത്തില്‍ ശരിയല്ല എന്നു മാത്രമല്ല, അത് സാധ്യവുമല്ല.
ഉത്തരഭാരതത്തിലെ ഭരണാധികാരികളുടെ കാര്യത്തിലും ഇത് ശരിയാണ്. നാലാം നൂറ്റാണ്ടിലെ ചക്രവര്‍ത്തിയായിരുന്ന സമുദ്ര ഗുപ്തന്‍ തന്റെ ദിഗ്‌വിജയത്തില്‍ തമിഴ്‌നാട്ടിലെ കാഞ്ചിയും ഉള്‍പ്പെടുത്തിയിരുന്നു. കര്‍ണാടകയിലെ രാഷ്ട്രകൂട-ഹൊയ്‌സാല രാജവംശങ്ങളും പല്ലവ രാജവംശവും തമിഴ്‌നാട് ഭരിച്ചിട്ടുണ്ട്. ഈ രാജവംശങ്ങള്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങള്‍ ഭരിച്ചപ്പോഴും സാംസ്‌കാരികമായി വേറെയാണെന്ന വിചാരം ഇവര്‍ക്കുണ്ടായിരുന്നില്ല. കര്‍ണാടകയിലെ ഹംബി കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന വിജയനഗര സാമ്രാജ്യത്തിന് നേതൃത്വം നല്‍കിയിരുന്നവര്‍ അറിയപ്പെട്ടിരുന്നത് പ്രാദേശികമായല്ല, പൊതുഹൈന്ദവ സംജ്ഞകളാലാണ്. മുഗളരെ ചെറുക്കാന്‍ മറാത്തകളെ സഹായിച്ചത് തമിഴ് പടത്തലവന്മാരാണ്. ഇതുമാത്രമല്ല, ചേരന്‍ ചെങ്കുട്ടുവന്‍ മുതല്‍ രാജേന്ദ്ര ചോളന്‍ വരെയുള്ള തമിഴ് രാജാക്കന്മാരെല്ലാം ഹിമാലയത്തില്‍ തങ്ങളുടെ അധികാരമുദ്ര സ്ഥാപിക്കുകയും, പവിത്രമായ ഗംഗാജലം കൊണ്ടുവന്ന് തമിഴ് മണ്ണിലെ ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്തുകയും ചെയ്തിരുന്നു. ഈ രാജാക്കന്മാരുടെ സൈനികവിജയത്തിനുപരി സാംസ്‌കാരിക ഐക്യത്തിലുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്. വിശാലഭാരതത്തിന്റെ സാംസ്‌കാരികധാരയില്‍നിന്ന് തമിഴകം വിട്ടുനിന്ന ഒരു സന്ദര്‍ഭം പോലുമില്ല. എല്ലാ ഭാഷകളുടെയും പ്രവിശ്യകളുടെയും ആകെത്തുകയാണ് ഭാരതം.
അതിഹൈന്ദവരായ ചോളരാജാക്കന്മാര്‍
രാജേന്ദ്ര ചോളന്റെ ചരിത്രം പറയുന്ന മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമ വന്‍ വിജയം നേടിയപ്പോള്‍ ആരായിരുന്നു ചോളന്മാര്‍ എന്ന ചോദ്യമുയര്‍ത്തി ചിലര്‍ രംഗത്തുവരികയുണ്ടായി. തമിഴര്‍ക്കു മതമില്ലെന്നും, ചോളന്മാര്‍ ഹിന്ദുക്കളായിരുന്നില്ല എന്ന മറുപടിയും ഇവര്‍ തന്നെ നല്‍കി. ചോളന്മാരുടെ മാത്രമല്ല, തമിഴ്‌നാടിന്റെ ചരിത്രവും പൈതൃകവും വിസ്മരിക്കുന്നതിനു തുല്യമാണിത്.
ചോളന്മാരുടെ സാമ്രാജ്യം മഹത്തരമായിരുന്നു. അവര്‍ തങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങള്‍ വരെ ക്ഷേത്ര ലിഖിതങ്ങളിലും താമ്രഫലകങ്ങളിലുമൊക്കെയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ തലമുറകള്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. ചോളന്മാരുടെ താമ്രഫലകങ്ങള്‍ അവരുടെ വംശപരമ്പരയെക്കുറിച്ച് ധാരാളം വിവരങ്ങള്‍ നല്‍കുന്നുണ്ട്. അന്‍ബില്‍ താമ്രലിഖിതം ഇവയിലൊന്നാണ്. സൂര്യനില്‍നിന്നും ബ്രഹ്‌മാവില്‍നിന്നും വിഷ്ണുവില്‍നിന്നും (തിരുമാള്‍) ആരംഭിക്കുന്നതാണ് ചോളന്മാരുടെ വംശമെന്നാണ് ഇവയില്‍ പറയുന്നത്. അതിനാല്‍ ചോളന്മാര്‍ സൂര്യവംശികളെന്നും അറിയപ്പെട്ടുപോന്നു. പില്‍ക്കാലത്ത് വലിയ ശിവഭക്തരായി മാറിയ ഇവരുടെ സാമ്രാജ്യ സ്ഥാപകന്‍ വിഷ്ണുവാണെന്നും വിശ്വസിക്കപ്പെടുന്നു. ഹരിശ്ചന്ദ്രനെയും ദുഷ്യന്തനെയും ഭരതനെയും ഭഗീരഥനെയുമൊക്കെ പൂര്‍വികരായി കാണുന്ന ചോളന്മാരുടെ ഭാരത- ഹൈന്ദവ പാരമ്പര്യത്തെക്കുറിച്ച് ആര്‍ക്കും സംശയം ഉണ്ടാവേണ്ടതില്ല.
കൊച്ചെംഗനന്‍ എന്ന ചോളരാജാവിനെ പുരാണങ്ങളില്‍ ഒരു എട്ടുകാലിയായി വര്‍ണിക്കുന്നു. സൂര്യവെളിച്ചം നേരിട്ട് പതിക്കാതിരിക്കാന്‍ ശിവലിംഗത്തിനുമേല്‍ വലനെയ്ത ഈ എട്ടുകാലിയാണത്രേ ചോളരാജാവായി പുനര്‍ജനിച്ചത്. വൈഷ്ണവനായ തിരുമാംഗായ് ആള്‍വാര്‍ പറയുന്നതനുസരിച്ച് ഈ രാജാവ് 70 ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു. ചോളന്മാരുടെ കുലദൈവമായ നിസുംബസൂധനി ദുര്‍ഗ തന്നെയാണ്. പൊതുവര്‍ഷം 896 ല്‍ ചോള ഭരണം പുനഃസ്ഥാപിച്ചതിനുശേഷം വിജയാലയ ചോളന്‍ ഈ ദുര്‍ഗയ്ക്കുവേണ്ടിയുള്ള ക്ഷേത്രം നിര്‍മ്മിച്ചതായും പറയപ്പെടുന്നു. പരാന്തകചോളനില്‍നിന്നും (സി.ഇ.90,7) രാജരാജ ചോളനില്‍നിന്നും (907 സി.ഇ) സഹായങ്ങള്‍ ലഭിച്ചതായി ബലുപകുപ്പം മുരുക ക്ഷേത്രത്തിലെ ലിഖിതത്തില്‍ പറയുന്നുണ്ട്. ശ്രീലങ്കയിലെ നെല്ലൂര്‍ കാന്തസ്വാമി ക്ഷേത്രം നിര്‍മ്മിച്ചത് ചോളരാജവായിരുന്ന കാന്താരാദിത്യത്തിന്റെ പത്‌നി ചെമ്പിയാന്‍ മഹാദേവിയാണെന്നു പറയുന്ന രേഖകളുണ്ട്.
കുലോത്തുംഗ ചോളനാണ് ശ്രീരംഗത്തെ രംഗനാഥന്‍ ക്ഷേത്രത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. കുലോത്തുംഗ ചോളന്‍ ഒന്നാമന്റെ കാലത്താണ് ശ്രീരംഗം ക്ഷേത്രം ഏറ്റവും പുരോഗതി പ്രാപിച്ചതെന്ന് പത്മഭൂഷണ്‍ ആര്‍. നാഗസ്വാമി എഴുതിയിട്ടുണ്ട്. സംസ്‌കൃതത്തിലെയും തമിഴിലെയും മന്ത്രങ്ങള്‍ ചൊല്ലുന്നവര്‍ക്ക് രാജരാജ ചോളന്‍ പണവും പാരിതോഷികങ്ങളും നല്‍കിയിരുന്നു. വേദവിധികളനുസരിച്ച് ചോളരാജാക്കന്മാര്‍ യജ്ഞങ്ങള്‍ നടത്തിയിരുന്നു. രാജാധിരാജ ചോളന്‍ (സി.ഇ. 1018) അശ്വമേധവും നടത്തിയിരുന്നുവത്രേ. ഹിന്ദുധര്‍മത്തിലെ ഷണ്‍മതങ്ങള്‍ക്ക് ചോളന്മാരുടെ സഹായവും സംരക്ഷണവും ലഭിച്ചിരുന്നു.
വിവിധ ദേവതകളെ ആരാധിച്ചിരുന്നു എന്നുമാത്രമല്ല, ആരാധനാ വൈവിധ്യം അംഗീകരിക്കുകയും, മറ്റുള്ളവര്‍ക്ക് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന രീതിയും ചോളന്മാര്‍ക്കുണ്ടായിരുന്നു. വിഷ്ണുവാണ് സാമ്രാജ്യസ്ഥാപകന്‍, സൂര്യന്റെ പിന്മുറക്കാരാണ്. ദുര്‍ഗ കുലദൈവവുമാണ്. അവര്‍ക്ക് സ്‌കന്ദ ക്ഷേത്രങ്ങളും ഗണേശക്ഷേത്രങ്ങളും നിരവധിയുണ്ട്. കടുത്ത ശിവഭക്തരുമാണ്. ഇങ്ങനെയുള്ള ചോളന്മാര്‍ എങ്ങനെയാണ് ഹിന്ദുവല്ലാതായി മാറുന്നത്? പക്ഷേ 1970 കളുടെ തുടക്കം മുതല്‍ ‘തമിഴര്‍ ഹിന്ദുക്കളല്ല’ എന്ന പ്രചാരണം ചിലര്‍ ശക്തിപ്പെടുത്തുകയുണ്ടായി. ‘അര്‍ത്ഥമുള്ള ഹിന്ദുമതം’ എന്ന പുസ്തകത്തില്‍ കവി കണ്ണദാസന്‍ ഈ തെറ്റിദ്ധാരണ നീക്കുന്നുണ്ട്. സൈന്ധവ നാഗരികതയുടെ കാലം മുതല്‍ തമിഴര്‍ക്ക് മതമുണ്ടെന്നും, തിരുവള്ളുവര്‍ ഹിന്ദു സംന്യാസിയായിരുന്നെന്നും കണ്ണദാസന്‍ പറഞ്ഞിരിക്കുന്നു.
ഹിമാലയ ശിലകളില്‍ കണ്ണകിയുടെ രൂപം
ഹിമാലയന്‍ പര്യടനം നടത്തുകയും അവിടെ തന്റെ സമകാലീനയായ കണ്ണകിക്ക് ക്ഷേത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത തമിഴ് രാജാവ് ചേര സാമ്രാജ്യത്തിലെ ചെങ്കുട്ടുവനാണ്. അഗസ്ത്യമലയില്‍നിന്നുള്ള ശിലയില്‍ ദേവതാരൂപങ്ങള്‍ കൊത്തിയെടുത്തതിനെക്കുറിച്ചും, ഇങ്ങനെ ചെയ്യുന്നതിനു മുന്‍പ് ഈ ശില കാവേരിയില്‍ നിമജ്ജനം ചെയ്യുന്നതിനെക്കുറിച്ചും ചിലപ്പതികാരത്തില്‍ വായിക്കാന്‍ കഴിയും. ഇതുപോലെ ഹിമാലയത്തില്‍നിന്നുള്ള ശിലകളില്‍ കണ്ണകിയുടെ രൂപം കൊത്തിയെടുത്ത് ഗംഗയില്‍ നിമജ്ജനം ചെയ്യാനാണ് തീരുമാനിച്ചത്. ഹിമാലയപര്‍വതത്തിന്റെ ഏതു ഭാഗത്തുനിന്നാണ് ഈ ശില കൊണ്ടുവന്നതെന്ന് വ്യക്തമല്ല.
ചേരന്‍ ചെങ്കുട്ടുവന്‍ മാത്രമല്ല ഹിമാലയത്തില്‍ പോയിട്ടുള്ള തമിഴ് രാജാവ്. ചെങ്കുട്ടുവനു മുന്‍പുതന്നെ ചേര-ചോള-പാണ്ഡ്യ രാജാക്കന്മാര്‍ ഹിമാലയ പര്യടനം നടത്തിയിട്ടുണ്ട്. വെറുതെയൊരു സന്ദര്‍ശനം നടത്തുകയായിരുന്നില്ല, സൈനിക പര്യടനങ്ങളായിരുന്നു ഇവരുടേത്. എതിര്‍ത്തവരെ ഭൂമിയില്‍നിന്നു തന്നെ അപ്രത്യക്ഷരാക്കി. മേധാവിത്വം അംഗീകരിച്ചവരെ കൊല്ലാതെ വിട്ടു. ഹിമാലയത്തില്‍ എത്തിച്ചേര്‍ന്ന തമിഴ് രാജാക്കന്മാര്‍ അവിടെ പര്‍വ്വതത്തിന്റെ മസ്തകത്തില്‍ തങ്ങളുടെ സാമ്രാജ്യത്തിന്റെ മുദ്രകള്‍ കൊത്തിവച്ചു. ഇതുസംബന്ധിച്ച് തമിഴ് ഗ്രന്ഥങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഭാരതത്തിന്റെ ചരിത്രത്തിലെ മറഞ്ഞുകിടക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തുകൊണ്ടുവരുന്നതാണ്.
നെടും ചേരലാതന്‍ എന്ന ചേരരാജാവാണ് ഹിമാലയം സന്ദര്‍ശിച്ച മറ്റൊരാള്‍. ‘ഇമയ വരമ്പന്‍’ എന്ന സ്ഥാനപ്പേരുള്ള ഈ രാജാവ് തന്റെ ചിഹ്നമായ വില്ലിന്റെ രൂപം ഹിമാലയത്തില്‍ കൊത്തിവച്ചു. ‘ഇമയവരമ്പന്‍’ എന്നതിനര്‍ത്ഥം ഹിമാലയം അതിരുള്ളവന്‍ എന്നാണ്. മഹാഭാരതകാലത്തെ അക്രൂരനോടാണ് സംഘംകൃതികള്‍ ഈ രാജാവിനെ താരതമ്യപ്പെടുത്തുന്നത്. കൗരവരുടെ അടുത്തേക്ക് ദൂതുമായി പോയ അക്രൂരനെ ധീരനായാണ് ഈ കൃതികളില്‍ വിവരിക്കുന്നത്. ധീരതയിലും ദാനശീലത്തിലും അക്രൂരനെപ്പോലെയാണ് നെടും ചേരലാതനെന്ന് സംഘംകൃതികള്‍ വാഴ്ത്തുന്നു. കൗരവരുടെ മനസ്സറിയാന്‍ കൃഷ്ണനും ബലരാമനുമാണ് അക്രൂരനെ ദൂതനായി പറഞ്ഞയച്ചതെന്ന് മഹാഭാരതത്തില്‍ പറയുന്നുണ്ടല്ലോ.
നെടും ചേരലാതനെ അക്രൂരനുമായി താരതമ്യം ചെയ്യുന്നത് കാവ്യഭാവന മാത്രമാണെന്നു കരുതുന്നവരുണ്ടാവാം. പക്ഷേ എന്തുകൊണ്ട് അക്രൂരനെത്തന്നെ ഇതിന് തെരഞ്ഞെടുത്തു എന്ന ചോദ്യം പ്രസക്തമാണ്. കൃഷ്ണന്‍ നേരിട്ട് കൗരവരുടെയടുത്ത് ദൂതിന് പോകുന്നുണ്ടല്ലോ. ചേരരാജാവിനെ വാഴ്ത്തുകയായിരുന്നു കവിയുടെ ഉദ്ദേശ്യമെങ്കില്‍ കൃഷ്ണനുമായി താരതമ്യപ്പെടുത്താമായിരുന്നു. അക്രൂരന്റെ പ്രവൃത്തിയുമായി ബന്ധപ്പെടുത്താവുന്ന ചിലത് നെടുംചേരലാതന്‍ ചെയ്തിട്ടുണ്ടാവാം. ഭാഗവതത്തില്‍ അക്രൂരനെ ‘ദാനപതി’യായി വാഴ്ത്തുന്നതാണ് ആ ഗുണം ചേരരാജാവിനു നല്‍കാന്‍ കാരണമെന്ന് കരുതാം. തമിഴ് വിശ്വവിജ്ഞാനകോശമായ ‘ചൂഡാമണി നിഘണ്ടു’വില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്, അക്രൂരന്‍ പൗരാണിക തമിഴ് കൃതിക്ക് സുപരിചിതനായിരുന്നു.
ധനുര്‍യാഗം നടത്തുമ്പോള്‍ അതിലേക്ക് കൃഷ്ണനെയും ബലരാമനെയും അക്രൂരന്‍ തന്നെ ക്ഷണിക്കണമെന്ന് കംസന്‍ ആഗ്രഹിക്കുന്നു. ഈ സംഭാഷണത്തില്‍ കംസനും അക്രൂരനെ ‘ദാനപതി’ എന്ന് സംബോധന ചെയ്യുന്നുണ്ട്. ചേര സാമ്രാജ്യത്തിന്റെ രാജകീയ ചിഹ്നവും വില്ലാണ്. അതുകൊണ്ടുതന്നെ ഭാരതത്തിലെ മറ്റ് ഏതൊരു രാജാവിനെക്കാളും ധനുര്‍യാഗം നടത്താന്‍ ചേരരാജാവിന് അര്‍ഹതയുണ്ട്. കുരുക്ഷേത്ര യുദ്ധത്തില്‍ ഇരുപക്ഷത്തിനും ഭക്ഷണം നല്‍കാമെന്ന് ഒരു ചേരരാജാവ് വാഗ്ദാനം ചെയ്തതായി സംഘം കൃതികളിലുണ്ട്. ഇക്കാര്യം പറയുന്നിടത്ത് മറ്റൊരു വിവരണം കൂടിയുണ്ട്. ഈ ചേരരാജാവ് ധരിച്ചിരിക്കുന്നത് താന്‍ പരാജയപ്പെടുത്തിയ ഏഴ് രാജാക്കന്മാരുടെ കിരീടങ്ങളിലെ സ്വര്‍ണംകൊണ്ട് നിര്‍മിച്ച മാലയാണത്രേ. ഇതില്‍നിന്നൊക്കെ വ്യക്തമാവുന്ന ഒരു കാര്യമുണ്ട്. അക്രൂരനെപ്പോലെ ദാനശീലനും യുദ്ധത്തില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്തയാളുമാണ് ഈ ചേരരാജാവും.
കരികാല ചോളന്റെ ഭാരത വിജയം
ഹിമാലയ പര്യടനം നടത്തിയ മറ്റൊരു തമിഴ് രാജാവ് ചോള സാമ്രാജ്യത്തിലെ കരികാല ചോളനാണ്. പര്‍വ്വതത്തിന്റെ ഒരുവശത്ത് തന്റെ സാമ്രാജ്യത്തിന്റെ ചിഹ്നമായ കടുവയുടെ രൂപം ഈ രാജാവ് കൊത്തിവച്ചുവത്രേ. തൃശ്ശിനാപ്പള്ളിയില്‍ കാവേരിക്കു കുറുകെ അണക്കെട്ട് നിര്‍മ്മിച്ചതും ഈ രാജാവാണെന്ന് കരുതപ്പെടുന്നു. കരികാല ചോളന്‍ യജ്ഞങ്ങളും മറ്റും നടത്തി വൈദിക ജീവിതം പിന്‍പറ്റിയതായും, കഴുകന്റെ ആകൃതിയില്‍ ഹോമകുണ്ഡം നിര്‍മ്മിച്ചതായും സംഘംകൃതികളില്‍ പറയുന്നുണ്ട്.
കരികാല ചോളന് എങ്ങനെ ആ പേരുകിട്ടിയെന്ന് തിരുവലങ്ങാട്ടുനിന്ന് കണ്ടെടുത്ത താമ്രഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കരികാല ചോളന് കലികാല ചോളനെന്നും പേരുണ്ട്. ഒരു അഗ്നിബാധയില്‍പ്പെട്ട് കാലിന് പൊള്ളലേറ്റ് കറുത്ത നിറമായതിനാലാണ് കരികാല ചോളന്‍ എന്ന പേരുവന്നതെന്ന വിശ്വാസത്തെ നിരാകരിക്കുന്നതാണ് തിരുവലങ്ങാട് താമ്രഫലകത്തിലെ വിവരണം. ‘സ്വന്തം പുണ്യംകൊണ്ട് ഭൂമിയിലെ എല്ലാ പ്രഭുക്കന്മാരുടെയും നേതാവായി പിറന്നവനാണ് ഈ രാജാവ്. കാഞ്ചിനഗരത്തെ സ്വര്‍ണംകൊണ്ട് വിതാനിച്ച രാജാവാണിത്. കാവേരിയില്‍ ചിറകെട്ടി മഹത്വം ആര്‍ജ്ജിച്ചയാളാണ്. ശത്രുക്കളുടെ കരികളെ (ആനകള്‍) കൊന്നൊടുക്കുന്നതിനാല്‍ ജനങ്ങള്‍ ഈ രാജാവിനെ കരികാലന്‍ എന്നു വിളിക്കുന്നു’ എന്നാണ് താമ്രഫലകം പറയുന്നത്.
കരികാലന്‍ നേടിയ യുദ്ധവിജയങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ആ പേര് ചേരും. പാണ്ഡ്യ-ചേര രാജാക്കന്മാരെയും നിരവധി ചെറുരാജ്യങ്ങളിലെ രാജാക്കന്മാരെയും കരികാലന്‍ പരാജയപ്പെടുത്തുകയുണ്ടായി. തന്റെ രാജ്യത്തിന്റെ പടിഞ്ഞാറും തെക്കും ഈ രാജാവിന് ശത്രുക്കളുണ്ടായിരുന്നില്ല. ഇതുകൊണ്ട് കരികാലന്‍ വടക്കോട്ട് യാത്ര ചെയ്ത് അവിടങ്ങളില്‍ തന്നെ നേരിടാന്‍ ആരെങ്കിലുമുണ്ടോയെന്ന് നോക്കുകയായിരുന്നുവത്രേ. ഹിമാലയത്തിലെത്തുന്നതുവരെ കരികാലനെ തടയാന്‍ ഒരാളുപോലുമുണ്ടായില്ല. പര്‍വ്വതത്തില്‍ തന്റെ സാമ്രാജ്യത്തിന്റെ ചിഹ്നം കൊത്തിവയ്ക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണ് സംഘംകൃതികള്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഹിമാലയത്തില്‍ കരികാല ചോളന്‍ തന്റെ വിജയമുദ്ര പതിപ്പിക്കുകയായിരുന്നു. കാഞ്ചിപുരത്തുനിന്നാണ് പാറ പൊട്ടിക്കുന്നതിനുള്ള ‘ചെണ്ടു’കൊണ്ടുപോയതത്രേ. കാഞ്ചിപുരത്തെ കരിങ്കല്ല് പൊട്ടിക്കുന്നവര്‍ പ്രസിദ്ധരാണ്. ഇവരുടെ കഴിവിനെ പ്രകീര്‍ത്തിക്കുന്ന ലിഖിതങ്ങളുമുണ്ട്. പല്ലവരുടെ കീഴിലായിരന്നു ഇവര്‍. കരികാലന്‍ ആക്രമിക്കാതിരുന്നതിന് പ്രത്യുപകാരമായാണത്രേ കാവേരിക്കു കുറുകെ ഇവര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. ഇവരാണ് തായ്‌ലന്റിലെ അങ്കോര്‍ വാട്ട് ക്ഷേത്രം നിര്‍മിച്ചതും.
ഹിമാലയ യാത്രയില്‍ കരികാല ചോളന്‍ കണ്ടുമുട്ടിയ രാജാക്കന്മാരെക്കുറിച്ചും, ലഭിച്ച സ്വീകരണത്തെക്കുറിച്ചും ചിലപ്പതികാരം പറയുന്നുണ്ട്. വജ്‌റ എന്നു പേരുള്ള രാജ്യത്തെ രാജാവും മഗധയിലെയും അവന്തിയിലെയും രാജാക്കന്മാരും ഇവരില്‍പ്പെടുന്നു. കരികാല ചോളനുമായി യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചവരോ സൗഹൃദം സ്ഥാപിക്കാന്‍ ആഗ്രഹിച്ചവരോ ആയിരിക്കാം ഇവര്‍. ഈ മൂന്നു രാജാക്കന്മാര്‍ നല്‍കിയ സമ്മാനങ്ങളുടെ വാസ്തുശാസ്ത്രപരമായ മൂല്യത്തെക്കുറിച്ച് പറയുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. പാണ്ഡവര്‍ക്കുവേണ്ടി ഇന്ദ്രപ്രസ്ഥവും മറ്റും നിര്‍മ്മിച്ച മയനുമായാണ് ഈ വാസ്തുനിര്‍മ്മിതിക്ക് ബന്ധം.
ഹിമാലയ പര്യടനം നടത്തിയ പാണ്ഡ്യരാജാവിന്റെ പേര് ഗ്രന്ഥങ്ങള്‍ പറയുന്നില്ലെങ്കിലും ഈ യാത്രയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാനുണ്ട്. ഈ പാണ്ഡ്യരാജാവ് തന്റെ സാമ്രാജ്യ ചിഹ്നമായ മത്സ്യരൂപം മാത്രമല്ല, ഇതിന്റെ ഇരുവശത്തുമായി ചേരന്മാരുടെയും ചോളന്മാരുടെയും അധികാര ചിഹ്നങ്ങള്‍ ഹിമാലയത്തില്‍ കൊത്തിവയ്ക്കുകയുമുണ്ടായി. ഇതിനെക്കുറിച്ച് പറയുന്ന വരികള്‍ ചിലപ്പതികാരത്തിലുണ്ട്. ഇതേ വിവരംതന്നെ തേനിക്കടുത്തെ ചിന്നമാനുരില്‍ നിന്ന് കണ്ടെടുത്ത താമ്രഫലകങ്ങളിലുമുണ്ട്. പാണ്ഡ്യരാജാവ് ഹിമാലയത്തില്‍ മൂന്നു മുദ്രകളും കൊത്തിവയ്ക്കുകയുണ്ടായെന്ന് ഇതില്‍ പറയുന്നു. വടക്കന്‍ പര്‍വ്വതത്തില്‍, അതായത് ഹിമാലയത്തില്‍ വിജയചിഹ്നങ്ങളായ മത്സ്യം, കടുവ, വില്ല് എന്നിവയുടെ ചിത്രം കൊത്തിവച്ചിരിക്കുന്നു എന്നാണ് പരാമര്‍ശം.
ആരാണ് ഇങ്ങനെ ചെയ്ത പാണ്ഡ്യരാജാവ് എന്ന് വ്യക്തമല്ലെങ്കിലും പന്ത്രണ്ട് ആള്‍വാര്‍മാരില്‍ ഒരാളും, ആണ്ടാളിന്റെ വളര്‍ത്തച്ഛനുമായ പെരിയാഴ്‌വാര്‍ വിഷ്ണുവിനെ സ്തുതിച്ചുകൊണ്ട് എഴുതിയതില്‍നിന്ന് ഈ രാജാവ് ആരാണെന്ന് ഏറെക്കുറെ മനസ്സിലാക്കാനാവും. രണ്ടിടത്ത് പെരിയാഴ്‌വാര്‍ ഈ പാണ്ഡ്യരാജാവിനെക്കുറിച്ച് പറയുന്നു. ‘പാരുപാപടത്തു കായല്‍ പൊരിത്ത പാണ്ഡിയാര്‍ കുലപതി’ എന്നു വിശേഷിപ്പിക്കുന്നു. മറ്റൊരിടത്ത് ‘കൊന്‍ നെടുമാരന്‍’ എന്നാണ് രാജാവിനെ വിശേഷിപ്പിക്കുന്നത്. പെരിയാഴ്‌വാറിന്റെ സമകാലീനനായിരുന്നയാളാണ് ഈ രാജാവെന്ന് പണ്ഡിതന്മാര്‍ കരുതുന്നു. എന്നാല്‍ ‘പാടികോവൈ’ എന്ന കൃതിയില്‍ ഈ രാജാവ് ഇതിനും മുന്‍പുള്ളതാണെന്ന് പറയുന്നു. രാജാവ് തന്റെ വിജയം വിഷ്ണുവിന് സമര്‍പ്പിച്ചതായാണ് പെരിയാഴ്‌വാര്‍ പറയുന്നത്. ഇതേകാര്യം തന്നെ ‘പാണ്ഡികോവൈ’യിലും കാണുന്നു.
തമിഴ്‌നാട്ടില്‍ ഉയര്‍ന്നുവന്ന സാമ്രാജ്യങ്ങള്‍ മാലദ്വീപും ശ്രീലങ്കയും സുമാത്ര ദ്വീപുമൊക്കെ സ്വന്തം സ്വാധീനമേഖലകളാക്കിയതിനെക്കുറിച്ച് പറയുമ്പോഴും, ഭാരതത്തില്‍ ഇവരുടെ വ്യാപനത്തെക്കുറിച്ച് മൗനംപാലിക്കുന്ന പണ്ഡിതന്മാരും ചരിത്രകാരന്മാരും നിരവധിയാണ്. ഇതിനെക്കുറിച്ച് പറഞ്ഞാല്‍ തമിഴകം പൗരാണിക കാലം മുതല്‍ വ്യത്യസ്തമാണെന്ന വാദം പൊളിയും. വസ്തുതകളെ പരമാവധി തമസ്‌കരിക്കുകയും, അതിനുമേല്‍ കപടമായ വാദഗതികള്‍ കെട്ടിപ്പടുക്കുകയെന്നതുമാണ് ഇവരുടെ രീതി. എന്നാല്‍ തമിഴകത്തെ വേര്‍പെടുത്തി കാണിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന വിവരങ്ങളുടെ കുത്തൊഴുക്കില്‍ പരാജയപ്പെടും എന്നകാര്യത്തില്‍ സംശയമില്ല.
അടുത്തത്:
കാളിദാസ ഭാവനകളിലെ തമിഴകത്തിളക്കം