അയോദ്ധ്യയില്‍ നടന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിനോടനുബന്ധിച്ച് നമ്മുടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ രാമനോടും സനാതനധര്‍മ്മത്തോടുമുള്ള അവരുടെ സമീപനമെന്തെന്ന് വ്യക്തമാകും. കോണ്‍ഗ്രസ് പാര്‍ട്ടി പ്രാണപ്രതിഷ്ഠാചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണുണ്ടായത്. ചരിത്രത്തില്‍ രാമനോടും രാമക്ഷേത്രത്തോടും അവര്‍ സ്വീകരിച്ചിട്ടുള്ള നിലപാട് പരിശോധിക്കപ്പെടേണ്ടതാണ്. 1968ല്‍ ഇന്ദിരാഗാന്ധി അഫ്ഗാനിസ്ഥാനിലെ (കാബൂള്‍) സഹീറുദ്ദീന്‍ ബാബറുടെ ശവകുടീരത്തില്‍ (ബാഗ്-എ-ബാബര്‍) എത്തി ആദരവ് പ്രകടിപ്പിച്ചിരുന്നു! 1528ല്‍ അയോദ്ധ്യയിലെ രാമ ജന്മസ്ഥാന ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളിപണിത, ഭാരതത്തെ അടിമരാജ്യമാക്കിയ, ബാബറിന്റെ ശവകുടീരത്തിനു മുമ്പില്‍ സ്വതന്ത്ര ഭാരതത്തിന്റെ ഒരു പ്രധാനമന്ത്രി പിതൃതര്‍പ്പണത്തിനോ തീര്‍ത്ഥാടനത്തിനോ എത്തിയ സംഭവം മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗിന്റെ ‘വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്’ എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ”തല അല്‍പ്പം കുനിച്ചുകൊണ്ട്, ഭാരതത്തിന്റെ പ്രധാനമന്ത്രി, തന്റെ ആദരവ് പ്രകടിപ്പിച്ചുകൊണ്ട് അവിടെ നിന്നു.” ഇതറിഞ്ഞ് തലയില്‍ കൈവെക്കുന്ന ദേശാഭിമാനികള്‍ കയ്യെടുക്കാന്‍ വരട്ടെ! 1959ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവും അവിടെ എത്തിയിരുന്നു. ഇന്ദിരാഗാന്ധി, 1976ല്‍, വീണ്ടും രാജീവ് ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കൂടെ കൂട്ടി ബാബറിന്റെ ശവകുടീരത്തില്‍ ആദരവ് പുതുക്കാന്‍ പോയിരുന്നു.
രാഹുല്‍, 2005 ആഗസ്റ്റിലും അവിടെയെത്തി; അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിനും വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗിനും മുഖ്യ സുരക്ഷാ ഉപദേശകന്‍ എം.കെ.നാരായണനും അദ്ദേഹത്തെ അനുഗമിക്കേണ്ടതായും വന്നു.
ബാബറുടെ ശവകുടീരത്തിലേക്ക് അങ്ങനെ നെഹ്രു കുടുംബത്തിന്റെ നാലു തലമുറകള്‍ നടത്തിയ തുടര്‍ യാത്രകളോടൊപ്പം പഠന വിഷയമാക്കേണ്ടതാണ് 1988ല്‍ പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം. ‘നമ്മുടെ പരിശ്രമം രാജ്യത്തെ 250 മുതല്‍ 300 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഉയര്‍ച്ചയിലേക്ക് തിരിച്ചു കൊണ്ടുപോകാനാകണം’, എന്നായിരുന്നു രാജീവിന്റെ ആഹ്വാനം. അതായത് ബാബറുടെ കൊച്ചുമകന്‍ 1658 മുതല്‍ 1707 വരെ ചക്രവര്‍ത്തിയായിരുന്ന, ക്ഷേത്ര തകര്‍ക്കലുകളും ‘ജസിയയും’ മറ്റും കൊണ്ട് കുപ്രസിദ്ധനായിരുന്ന ഔറംഗസേബിന്റെ കാലത്തേക്ക് ഭാരതം തിരിച്ചു പോകണമെന്ന്!
രാജീവ് ഗാന്ധിയുടെ അച്ഛന്‍ ഫിറോസ് ഖാന്റെ അച്ഛന്‍ നവാബ് ഖാന്‍ ജുനഗഢില്‍ നിന്നുമുള്ള ഒരു മുസ്ലിം വ്യാപാരിയായിരുന്നു. അദ്ദേഹം ഒരു പാഴ്‌സി യുവതിയെ മുസ്ലീമായി മതപരിവര്‍ത്തനം ചെയ്തതിനു ശേഷമാണ് വിവാഹം ചെയ്തത്. ആ ദമ്പതിമാരുടെ മകന്‍ ഫിറോസ് ഖാന്‍ സ്വാഭാവികമായും മുസ്ലീം. രാജീവ് ഗാന്ധി താന്‍ ഹിന്ദുവല്ല പാഴ്‌സിയാണെന്ന് പ്രധാനമന്ത്രിയായശേഷം ലണ്ടനില്‍ ചെന്നപ്പോള്‍ നടത്തിയ പ്രസ്സ് കോണ്‍ഫറന്‍സില്‍ അവകാശപ്പെട്ടതു പോലും ശരിയല്ല. ഏതായാലും രാജീവ് ഹിന്ദുവായിരുന്നില്ല. ഒന്നുകില്‍ മുസ്ലിം അല്ലെങ്കില്‍ പാഴ്‌സി. അത്തരത്തില്‍ ഹിന്ദുവല്ലായിരുന്ന രാജീവിനും കത്തോലിക്കാ വനിത സോണിയക്കും ജനിച്ച മക്കള്‍ രാഹുലാണെങ്കിലും പ്രിയങ്കയാണെങ്കിലും ഹിന്ദുവല്ലെന്ന് വ്യക്തം. ഇത്രയും കാര്യങ്ങള്‍ കണക്കിലെടുത്തു കഴിയുമ്പോള്‍ ബാലകരാമന്റെ ഭവ്യമായ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ നല്‍കിയ ക്ഷണം അവഗണിച്ചു തള്ളിയ സോണിയയും രാഹുലും ഹൈന്ദവസമൂഹത്തോട് കാട്ടിയ ധിക്കാരത്തിന്റെ പശ്ചാത്തലം വ്യക്തമാകും.
രാമവിരുദ്ധ രാഷ്ട്രീയപക്ഷത്തിന്റെ മറ്റൊരു പ്രധാന വിമര്‍ശനമാണ് രാമജന്മഭൂമി വിമോചനവും ബാലകരാമന്റെ പ്രാണപ്രതിഷ്ഠയുമൊക്കെ രാഷ്ട്രീയവത്കരിച്ചുവെന്നത്. ഇവയൊന്നും രാഷ്ട്രീയമാനങ്ങളിലേക്ക് മാറിയില്ലെന്ന് പറഞ്ഞ് പ്രതിരോധം തീര്‍ക്കേണ്ട ഒരു ബാദ്ധ്യതയും രാമഭക്ത സമൂഹത്തിനില്ല. കാരണം രാമജന്മഭൂമി വിഷയം തങ്ങളുടെ അധിനിവേശ അജണ്ടയ്ക്കായി മുതലെടുത്ത് തുടങ്ങിയത് ബ്രിട്ടീഷുകാരായിരുന്നു. ബാബര്‍പ്പട കവര്‍ന്നെടുത്ത ആ ഇടം ഹിന്ദുവിന് അവകാശപ്പെട്ടതാണെന്ന് അംഗീകരിച്ചിട്ടും അത് കൈമാറുന്നതിനുള്ള സാഹചര്യം ഒരുക്കുവാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയോ ബ്രിട്ടീഷ് ഭരണകൂടമോ അവരുടെ കോടതികളോ തയ്യാറായില്ല. ഇസ്ലാമിനെ പ്രീണിപ്പിച്ചും ഹിന്ദുവിനെ അവഗണിച്ചും ഭിന്നിപ്പിച്ച് ഭരിക്കാന്‍ അവര്‍ പ്രയോഗിച്ചത് രാഷ്ട്രീയ കുതന്ത്രങ്ങളായിരുന്നു.
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും ബ്രിട്ടീഷുകാരുടെ രാഷ്ട്രീയ കുതന്ത്രം തന്നെ പിന്തുടര്‍ന്നു. ഇസ്ലാമിക അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ട സോമനാഥക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയെന്ന ആശയം ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഉയര്‍ത്തിയപ്പോള്‍ നെഹ്രുവിന്റെ രാഷ്ട്രീയം വ്യക്തമായും പ്രകടമായി. മഹാത്മജി പോലും അതിനോട് യോജിച്ചതാണ്. സര്‍ക്കാര്‍ ചിലവില്‍ വേണ്ടെന്നും ഭക്തരുടെ സംഭാവനയിലൂടെ പണം കണ്ടെത്തണമെന്ന് നിബന്ധന വെച്ചെന്നുമാത്രം. ക്യാബിനറ്റില്‍ ഭൂരിപക്ഷ തീരുമാനം അതിനനുകൂലമാകുകയും ചെയ്തു. പക്ഷേ പുനര്‍നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും അതി നെ ശക്തമായി എതിര്‍ക്കുകയായിരുന്നു നെഹ്രു ചെയ്തത്. ഞാന്‍ സംസ്‌കാരം കൊണ്ട് ഇസ്ലാമും വിദ്യാഭ്യാസം കൊണ്ട് ക്രിസ്ത്യാനിയും ജന്മം എന്ന യാദൃച്ഛികത കൊണ്ടുമാത്രം ഹിന്ദുവുമാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ജവഹര്‍ലാല്‍ നെഹ്രു മുഗള സംസ്‌കാരിക പാരമ്പര്യം പിന്തുടരുന്നതും സംരക്ഷിക്കുന്നതുമാണ് തന്റെ കടമയെന്ന് കണക്കാക്കിയിട്ടാണോ അത്തരമൊരു ഹിന്ദുവിരുദ്ധ രാഷ്ട്രീയ സമീപനത്തിന് രൂപം നല്‍കിയത്? അതോ ഭരണം കൈവിട്ട ശേഷവും ഭാരതീയ സ്വത്വത്തനിമയുടെ പുനര്‍ജനി സംഭവിക്കാതെ തങ്ങളുടെ ആംഗ്ലോ ക്രിസ്ത്യന്‍ അധിനിവേശ അജണ്ടയുടെ ഭാവിയിലെ താത്പര്യ സംരക്ഷണത്തിനുവേണ്ടി മൗണ്ട് ബാറ്റന്‍ കുടുംബം മുഖേന ബ്രിട്ടീഷുകാര്‍ നെഹ്രുവിനുമേല്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായാണോ ഹിന്ദുവിനെ പാര്‍ശ്വത്കരിക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങള്‍ നെഹ്രുവിയന്‍ രാഷ്രീയത്തിന്റെ മുഖമുദ്രയായി മാറിയത്? അതുമല്ലെങ്കില്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം സുസ്ഥിര ജനാധിപത്യ ഭാരതം സുശ്ശക്ത രാഷ്ട്രമായി മാറുന്നതിനുള്ള ഇടവേളയില്‍ തന്നെ സോവിയറ്റ് യൂണിയന്റെയോ ചൈനയുടെയോ കമ്മ്യൂണിസ്റ്റ് അധിനിവേശശക്തികളുടെയോ സഹായത്തോടെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയെന്ന കുറുക്കന്‍ തന്ത്രവുമായി നെഹ്രുവിനോട് ചങ്ങാത്തം കൂടിയ ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകളുടെ സ്വാധീനത്തില്‍ പെട്ടുപോയതുകൊണ്ടാണോ അദ്ദേഹം ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ രാഷ്ട്രീയത്തിന് വളക്കൂറുള്ള ഒരു അപകടകരമായ അന്തരീക്ഷത്തിനു വഴിയൊരുക്കിയത്?
അതെന്തു തന്നെയാണെങ്കിലും രാമജന്മഭൂമി വിഷയത്തില്‍ കൂടുതല്‍ വൈരാഗ്യബുദ്ധിയോടെയുള്ള രാഷ്ട്രീയമാണ് നെഹ്രു എടുത്തുകാട്ടിയത്. പരിമിതമായ സൗകര്യം മാത്രം ഉണ്ടായിരുന്ന ജന്മസ്ഥാന്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്കുള്ള അവസരം എന്ന വളരെ ലളിതമായ ആവശ്യം മാത്രമാണ് പ്രാദേശിക ഹിന്ദുക്കള്‍ മുന്നോട്ടുവെച്ചത്. പക്ഷേ, രാമഭക്തരെ അവിടെ നിന്ന് തല്ലിയിറക്കാനുള്ള ആജ്ഞയാണ് ഉത്തര പ്രവിശ്യാ പ്രധാനമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് മുഖേന പ്രാദേശിക ഭരണാധികാരി കെ.കെ. നായര്‍ ഐസിഎസ്സിനു നല്‍കിയത്. നട്ടെല്ലുള്ള ആ ഉദ്യോഗസ്ഥന്‍ ധര്‍മ്മവും നീതിയും വിട്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകാഞ്ഞതു കൊണ്ട് നെഹ്രു അക്കാര്യത്തിലും പരാജയപ്പെട്ടുവെങ്കിലും വിഷയം കൂടുതല്‍ സ്‌ഫോടനാത്മകമായ ഒരു സ്വഭാവം കൈവരിക്കുന്നതിനാണ് ആ നിലപാട് വഴിയൊരുക്കിയത്.
അങ്ങനെ നെഹ്രുവിന്റെ രാഷ്ട്രീയ സമീപനം കാരണം സങ്കീര്‍ണ്ണമായ രാമജന്മഭൂമി വിഷയം വീണ്ടും കൂടുതല്‍ രൂക്ഷമാകാന്‍ തുടങ്ങിയത് 1984ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായശേഷമാണ്. നെഹ്രു ഭരണകൂടം അടച്ചിട്ടിരുന്ന ക്ഷേത്രവാതില്‍ തുറക്കാന്‍ 1986 ഫെബ്രുവരി 1ന് കോടതി വിധി വന്നതോടെ പുതിയ വെല്ലുവിളികള്‍ക്കും സാദ്ധ്യതകള്‍ക്കും വഴി തുറക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സ് ഭരണകൂടംവിധി നടപ്പാക്കിക്കൊണ്ട് ക്ഷേത്ര കവാടം തുറന്നു. അത് ഹിന്ദു പക്ഷത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം ഒരുക്കി. വാതില്‍ തുറക്കാന്‍ ഇടപെട്ടത് രാജീവ് ഗാന്ധിയാണെന്ന ഒരു കള്ള പ്രചരണം നടത്താന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരവസരവും ലഭിച്ചു. ഷാബാനു കേസില്‍ മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിച്ച് നിയമനിര്‍മ്മാണം നടത്തിയതില്‍ അസംതൃപ്തരായ ഹിന്ദുപക്ഷത്തെ സന്തോഷിപ്പിക്കാന്‍ രാജീവ് നടപ്പിലാക്കിയ അടവുതന്ത്രമായിരുന്നു അതെന്ന് വിശ്വസിക്കുന്നവര്‍ രാമഭക്തപക്ഷത്തു പോലുമുണ്ട്. വാസ്തവത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ആ നടപടിയില്‍ രാജീവിന് ഒരു പങ്കുമില്ലായിരുന്നെന്നും അതില്‍ അദ്ദേഹം പ്രകോപിതനായെന്നുമാണ് തുടര്‍ന്ന് പുറത്തുവന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനും സോണിയാ – മന്‍മോഹന്‍ സിംഗ് ഭരണകാലത്ത് മുഖ്യ വിവരാവകാശ കമ്മീഷണറുമായിരുന്ന വജാഹത്ത് ഹബീബുള്ള, അദ്ദേഹത്തിന്റെ ‘മൈ ഇയേഴ്‌സ് വിത്ത് രാജീവ്: ട്രയംഫ് ആന്റ് ട്രാജഡി’ എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നു: ‘ഗേറ്റിന്റെ പൂട്ട് തുറക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചു.’ രാജീവ് ഗാന്ധി മറുപടി നല്‍കി: ‘ഓര്‍ഡറുകള്‍ പാസാക്കി നടപ്പിലാക്കിയതിന് ശേഷം എന്നോട് പറയുന്നതുവരെ എനിക്ക് ഈ സംഭവവികാസത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു’. ‘ഈ നടപടിയെക്കുറിച്ച് തന്നെ അറിയിച്ചില്ല’ എന്നതില്‍ താന്‍ ഖേദിക്കുന്നതായും രാജീവ് വ്യക്തമാക്കിയതായി ഹബീബുള്ള രേഖപ്പെടുത്തിയിരിക്കുന്നു. ആഭ്യന്തര സഹമന്ത്രിയായിരുന്ന അരുണ്‍ നെഹ്രുവും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന എം.എല്‍. ഫൊത്തേദാറും, അത്തരം ഒരു നടപടി രാജീവ് ആഗ്രഹിക്കുന്നുവെന്ന വ്യാജസന്ദേശം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീര്‍ ബഹാദൂര്‍ സിംഗിന് നല്‍കിയാണ് ആ നടപടി സാദ്ധ്യമാക്കിയതെന്നാണ് അതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ കൂടിയായിരുന്ന രാജീവ് പാര്‍ട്ടിയില്‍ ആഭ്യന്തര അന്വേഷണം നടത്തി കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടത്, അരുണ്‍ നെഹ്രുവിനെ മാസങ്ങള്‍ക്കുള്ളില്‍ (1986 ഒക്ടോബര്‍) മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതിന് ഒരു കാരണമായിയെന്നും സ്പഷ്ടമായിരിക്കുന്നു. പക്ഷേ, വീണിടം വിദ്യയാക്കിയെന്നു പറയുമ്പോലെ, രാമക്ഷേത്ര വാതില്‍ തുറക്കാന്‍ അവസരമൊരുക്കിയത് താനാണെന്ന ധാരണ നല്‍കി, 1989 ലെ പൊതുതിരഞ്ഞെടുപ്പില്‍ അയോദ്ധ്യയില്‍ നിന്ന് പ്രചരണം ആരംഭിച്ചുകൊണ്ട് ഹിന്ദുക്കളുടെ വോട്ടു നേടാനുള്ള അടവ് രാജീവ് പ്രയോഗിച്ചുവെന്നത് മറ്റൊരു കാര്യം.
രാജീവ് ഗാന്ധിയുടെ രാമഭക്തവിരുദ്ധ രാഷ്ട്രീയം കൂടുതല്‍ പ്രകടമായത് അദ്ദേഹത്തിന്റെ പിന്തുണയോടെ എസ്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായതിനു ശേഷമാണ്. രാമജന്മഭൂമി വിഷയത്തില്‍ ഭൈറോണ്‍ സിംഗ് ഷെഖാവത്തിനെയും, ശരദ്പവാറിനെയും മുന്നില്‍ നിര്‍ത്തി ഹിന്ദുപക്ഷത്തോടും മുസ്ലീം പക്ഷത്തോടും ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരത്തിനുതകുന്ന നടപടികളിലേക്ക് അദ്ദേഹം മുന്നോട്ടു പോയതായി റോഡറിക്ക് മാത്യൂസ് എഴുതിയ ‘ചന്ദ്രശേഖര്‍ ആന്റ് സിക്‌സ് മന്ത്‌സ് ദാറ്റ് സേവ്ഡ് ഇന്ത്യാ’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നു. ശരദ് പവാറിന്റെ ആത്മകഥയായ ‘ഓണ്‍ മൈ ടേംസ്’ എന്ന പുസ്തകവും ഇക്കാര്യത്തില്‍ പല വിവരങ്ങളും വെളിപ്പെടുത്തിയിട്ടുള്ളതായി അറിയുന്നു. വിവാദസ്ഥലം ഹൈന്ദവ പക്ഷത്തിന് ക്ഷേത്രനിര്‍മ്മിതിക്കായി വിട്ടുകൊടുത്തിട്ട് മറ്റൊരു സ്ഥലം മുസ്ലീം പക്ഷത്തിനു മസ്ജിദ് പണിയാനും നല്‍കിക്കൊണ്ട് ചില വ്യവസ്ഥകളോടെ പരസ്പരം ധാരണയിലെത്താം എന്ന അവസ്ഥയിലെത്തി. പക്ഷേ അതിനിടയില്‍ തന്നെ ശരദ്പവാര്‍ ആ വിവരം രാജീവ് ഗാന്ധിയെ അറിയിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ചന്ദ്രശേഖറിനെ വിളിക്കുകയും അങ്ങനെ ചെയ്തതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നറിയിക്കുകയും എത്താന്‍ പോകുന്ന ധാരണയെ കുറിച്ച് ചിന്തിക്കാന്‍ തനിക്ക് രണ്ട് ദിവസം തരൂ എന്ന് ആവശ്യപ്പെട്ടൂയെന്നുമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നിട്ട് ആ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിനെ താഴെയിറക്കി പ്രശ്‌നപരിഹാരത്തിനുള്ള വഴി അടക്കുകയാണ് രാജീവ് ഗാന്ധി ചെയ്തത്.
നെഹ്രുവിന് ശേഷം പച്ചയായ രാമവിരുദ്ധരാഷ്ട്രീയം കളിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന്, അങ്ങനെ, കൃത്യമായി പ്രകടമാകുന്നു. രാജീവ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തന്റെ അറിവോടു കൂടിയല്ലാതെ രാമഭക്തപക്ഷത്തിന് അനുകൂലമായ ഒരു തീരുമാനം ഉണ്ടായതില്‍ ക്ഷുഭിതനായി അതിനിടവരുത്തിയ അരുണ്‍ നെഹ്രുവിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി. തന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് പിന്തുണയോടെ ഭരണം നടത്തിയ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ രാമഭക്തരുടെ വികാരം മാനിച്ചുകൊണ്ട് ഇസ്ലാമിക പക്ഷത്തിന്റെ അംഗീകാരത്തോടെ ഒരു പരിഹാരത്തിനടുത്തെത്തിയപ്പോള്‍ ആ നീക്കത്തെ അട്ടിമറിച്ചു. ആ രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയയും മകന്‍ രാഹുലുമാണിന്ന് രാമക്ഷേത്രവിഷയത്തില്‍ നരേന്ദ്രമോദി ഭരണകൂടം രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നത്. ഒരു സംശയവും വേണ്ട; ‘എല്ലാവരുടെയും വിശ്വാസം’ എന്ന സങ്കല്പത്തിലൂന്നി നിന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഹിന്ദുവിന്റെയാണെങ്കിലും ഇസ്ലാമിന്റെയാണെങ്കിലും ക്രിസ്ത്യാനിയുടെയാണെങ്കിലും വിശ്വാസ സംരക്ഷണത്തിനു വേണ്ടി കൃത്യമായും ശക്തമായും ഇടപെടും; എല്ലാവര്‍ക്കും നീതി ഉറപ്പാക്കും; ആരെയും പ്രീണപ്പിക്കുകയില്ല.
രാമവിരുദ്ധ രാഷ്ട്രീയ പക്ഷം ഉയര്‍ത്തുന്ന മറ്റൊരു വിഷയം വളരെ വിചിത്രമാണ്. രാമക്ഷേത്രത്തിന്റെ കുത്തകയെങ്ങനെയാണ് സംഘപരിവാറിനും ഭാരതീയ ജനതാ പാര്‍ട്ടിക്കും സ്വന്തമാകുന്നതെന്നാണ് അവരുടെ ചോദ്യം. അരിയും തിന്ന് ആരെയോ കടിച്ചിട്ട് പിന്നെയും നായയ്ക്ക് മുറുമുറുപ്പെന്നു പറയുന്ന നാടന്‍ചൊല്ലുപോലെയാണത്.ചരിത്രപരമായ കടന്നുകയറ്റങ്ങള്‍ക്കും അവകാശനിഷേധങ്ങള്‍ക്കും ആക്കം കൂട്ടാന്‍ കൂട്ടുനിന്ന രാഷ്ട്രീയശക്തികളെ ഹൈന്ദവസമൂഹത്തിലെ ഭൂരിപക്ഷം പടിയടച്ചു പിണ്ഡംവെക്കുകയും അവരുടെ സമരപോരാട്ടങ്ങള്‍ക്ക് ഒപ്പം നിന്നവരെ നെഞ്ചോട് ചേര്‍ക്കുകയും ചെയ്താല്‍ പരിഭവം പറഞ്ഞിട്ടു കാര്യമുണ്ടോ? അതല്ല, ഇനിയെങ്കിലും പ്രായശ്ചിത്തവും പരിഹാരവും ചെയ്യാന്‍ സോണിയയും യെച്ചൂരിയുമൊക്കെ നയിക്കുന്ന രാമവിരുദ്ധ രാഷ്ട്രീയ പക്ഷം മോഹിക്കുന്നുവെങ്കില്‍ രാമജന്മഭൂമി മോചിപ്പിക്കുവാന്‍ മുന്നില്‍ നിന്നവരെ മാറ്റി നിര്‍ത്തിയിട്ട്, ഇസ്ലാമിക അധിനിവേശശക്തികള്‍ തകര്‍ത്തെറിഞ്ഞ നിരവധിക്ഷേത്രങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. അവയില്‍ തീരെ കുറഞ്ഞത് രണ്ടു ക്ഷേത്രങ്ങളെങ്കിലും, വാരണാസിയിലെ മഹാദേവക്ഷേത്രവും വൃന്ദാവനിലെ ശ്രീകൃഷ്ണ ജന്മസ്ഥാനക്ഷേത്രവും എങ്കിലും പൂര്‍ണ്ണമായി മോചിപ്പിച്ച് ഹിന്ദുവിന് നല്‍കി ഉചിതമായ പുനര്‍നിര്‍മിതികള്‍ക്ക് വഴിയൊരുക്കുക. അത് ചെയ്ത് രാഷ്ട്രീയനേട്ടം കൈക്കൊള്ളുക! അതൊന്നും ചെയ്യാതെ കൈ നനയാതെ മീന്‍ പിടിക്കാമെന്ന് കരുതിയിരുന്നാല്‍ കയ്യിലുള്ളതും കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്ക് നല്ലത്.
പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മതനിരപേക്ഷതയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാറിനില്‍ക്കണമെന്ന് സീതാറാം യെച്ചൂരിയോടൊപ്പം കോണ്‍ഗ്രസ്സും ആവശ്യപ്പെടുന്നതാണ് അതിലേറെ വിചിത്രം. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് വത്തിക്കാനില്‍ നിന്ന് ക്ഷണപത്രിക ലഭിച്ചപ്പോള്‍ തന്റെ ബുദ്ധിമുട്ടുകള്‍ വിനയപൂര്‍വ്വം ഉണര്‍ത്തിച്ചിട്ട് പകരം പ്രതിനിധിയായി സഭാവിശ്വാസി തന്നെയായ മറ്റൊരു കോണ്‍ഗ്രസ്സ് നേതാവ് മാര്‍ഗരറ്റ് അല്‍വയെ പറഞ്ഞയച്ച അന്റോണിയ മൈനയെന്ന സോണിയാ ഗാന്ധിയാണ് രാമക്ഷേത്രത്തോട് അകലം പാലിക്കേണ്ടത് മതേതരരാഷ്ട്രീയം പിന്തുടരുന്നവരുടെ ബാധ്യതയാണെന്ന് നിഷ്‌കര്‍ഷിക്കുന്നത്. സോണിയയോടൊപ്പം നിന്ന് അതേവാദം ഉയര്‍ത്തുന്ന സീതാറാം യെച്ചൂരിക്കാണെങ്കില്‍ വത്തിക്കാനില്‍ പോയി പോപ്പിനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ ഇ.കെ.നായനാരോ തോമസ് ഐസക്കോ പോയതിലൊന്നും ഒട്ടും അപാകത തോന്നുന്നുമില്ല. ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്താന്‍ സോണിയയും യെച്ചൂരിയുമടക്കമുള്ളവരുടെ പാര്‍ട്ടി നേതാക്കളായ മന്ത്രിമാര്‍ പോലും മത്സരിക്കുന്നത് അവര്‍ക്ക് ‘മതേതരമാണ്’!
വളച്ചുകെട്ടിയ വികൃതവഴികളിലൂടെ വിമര്‍ശനം ഉന്നയിക്കാതെ രാമഭക്തര്‍ നെഞ്ചോട് ചേര്‍ക്കുന്ന സംസ്‌കൃതിയെയും ദേശീയതാബോധത്തെയും എതിര്‍ത്തിട്ട്, ബാബറുടെ സംസ്‌കാരിക വൈകൃതത്തോട് ചേര്‍ന്നു നില്‍ക്കാന്‍ നെഹ്രുകുടുംബത്തിലെ പുതിയ തലമുറ കാട്ടുന്ന പ്രതിബദ്ധതയുടെ രഹസ്യമെന്താണെന്ന് സത്യസന്ധമായി വെളിപ്പെടുത്തുവാന്‍ തയ്യാറാകുകയാണ് സോണിയയും രാഹുലും ചെയ്യേണ്ടത്.