പ്രൗഢിയോടെ തീര്‍ത്ത രാമക്ഷേത്രമെന്ന ഭവ്യമന്ദിരത്തില്‍ സുസ്‌മേരവദനനായി പരിലസിക്കുന്ന രാംലല്ല. ഓരോ ഭാരതീയന്റെയും ആത്മാര്‍പ്പണത്തിന്റെ പ്രതീകമാണ് ആ മന്ദിരം. മര്യാദാപുരുഷോത്തമനായ ശ്രീരാമഭഗവാന്റെ സന്നിധിയില്‍ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ എത്താന്‍ കഴിഞ്ഞതിന്റെ ആനന്ദാവസ്ഥ ഇപ്പോഴും വിട്ടുമാറാതെ നില്‍ക്കുന്നു. പൂര്‍വ്വസൂരികളുടെ പുണ്യം കൊണ്ട് ഈയുള്ളവനും ആ തിരുസന്നിധിയില്‍ എത്താന്‍ കഴിഞ്ഞു.
ഒരു കാര്യം നമ്മുടെ മനസ്സില്‍ എത്ര കണ്ട് ആഴത്തില്‍ സ്വാധീനിക്കുന്നുവോ ആ കാര്യം ഭഗവാന്‍ സാധിച്ചു തരും എന്നനുഭവിച്ച ദിനമാണ് അത്. വൈക്കം മഹാദേവ ക്ഷേത്രത്തിനടുത്ത് കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍.മധുച്ചേട്ടന്റെ സുഹൃത്തായ പ്രവീണ്‍ജിയുടെ വീട്ടില്‍ ‘ഭാരതരചന’ ശില്പം ചെയ്യുമ്പോള്‍ പരിചയപ്പെട്ട അദ്ദേഹത്തിന്റെ സുഹൃത്തായ സതീഷ് അഷ്ടമി ഒക്ടോബര്‍ മാസത്തില്‍ യാദൃച്ഛികമായി ഫോണ്‍ വിളിച്ചു ചോദിച്ചു. ചേട്ടാ നമുക്ക് പ്രാണപ്രതിഷ്ഠക്ക് അയോദ്ധ്യയിലേക്ക് പോയാലോ എന്ന്. ആ വിളി രാംലല്ലയുടേതാണെന്ന് ഉള്‍വിളി ഉണ്ടായപ്പോള്‍ പോകാം എന്ന് മറുപടി കൊടുത്തു.
ആഹ്ലാദംകൊണ്ട് ഹൃദയം നിറഞ്ഞ നിമിഷങ്ങള്‍. രാമനുവേണ്ടി, ആ ഭവ്യ മന്ദിരത്തിനുവേണ്ടി എത്ര കൊതിച്ചിരുന്നു എന്നുള്ളത് ഭഗവാനല്ലേ അറിയൂ. ഈ ഭൂമിയില്‍ നമ്മളൊന്നുമല്ലെങ്കിലും നമ്മളെയൊക്കെ ഭഗവാന്‍ കാണുന്നു എന്നറിയുന്ന ആഹ്ലാദം ഹൃദയത്തില്‍ അലയടിച്ചു.
തൊണ്ണൂറില്‍ അദ്വാനിജി സോമനാഥില്‍ നിന്ന് തുടങ്ങിയ ”രഥയാത്ര” പത്ത് സംസ്ഥാനങ്ങളിലൂടെ കടന്ന് ഒക്ടോബര്‍ 22ന് ബീഹാറില്‍ കടന്നപ്പോള്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇതറിഞ്ഞ് ഭക്ഷണം പോലും കഴിക്കാതിരുന്നതിന് അമ്മയുടെ ചീത്ത കേള്‍ക്കേണ്ടിവന്നെങ്കിലും കര്‍സേവയ്ക്കുവേണ്ടി ചെറിയച്ഛന്‍ ജയകൃഷ്ണന്‍ യാത്രയായപ്പോള്‍ കര്‍സേവകനായി എന്നെ തിരഞ്ഞെടുത്തില്ലല്ലോ എന്ന സങ്കടവും ഉള്ളിലൊതുക്കി ആരോടും ഒന്നും അറിയിക്കാതെ കഴിഞ്ഞ ദിനങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് മനസ്സില്‍ മിന്നിമറഞ്ഞു. 92 ഡിസംബര്‍ 6ന് ഹൈന്ദവീയതയുടെ ഉയര്‍ത്തെഴുന്നേല്പായി അടിമത്തത്തിന്റെ മകുടങ്ങള്‍ കര്‍മ്മധീരരായ കര്‍സേവകര്‍ തുടച്ചുമാറ്റിയപ്പോള്‍ ഉണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. എല്ലാ കാര്‍മേഘങ്ങളും മാഞ്ഞ് ഭവ്യമന്ദിരത്തില്‍ ആഗതനാകുന്ന രാംലല്ലയെ കാണാന്‍ യാത്ര തുടങ്ങുന്നതിനുള്ള ദിനമടുത്തുകൊണ്ടിരുന്നു.
പിന്നീട് വീണ്ടും സതീഷിന്റെ വിളി വന്നു, ട്രെയിന്‍ ബുക്ക് ചെയ്യാന്‍. എറണാകുളത്ത് നിന്നും 17-1-24ന് രപ്തി സാഗര്‍ എക്‌സ്പ്രസിന് ട്രെയിന്‍ ബുക്ക് ചെയ്തു. രാവിലെ 10.45ന് ട്രെയിന്‍. 14-ാം തീയതി വീട്ടില്‍ കാര്യം പറഞ്ഞു. എന്റെ മനസ്സറിയുന്ന പ്രിയതമ മറുത്തൊന്നും പറഞ്ഞില്ല. അച്ഛന്‍ അയോദ്ധ്യയിലേക്കു പോകുന്ന സന്തോഷത്തില്‍ മക്കള്‍ മൂന്നുപേരും (ശ്രീകശ്യപ്, ശ്രീദേവതീര്‍ത്ഥ്, ശ്രീവേദനാഥ്) അഭിമാനം കൊണ്ടു. ഞാന്‍ പോയാലും വീട്ടിലെ ആഘോഷത്തിന് കുറവൊന്നും വരരുതെന്നുറപ്പിക്കാന്‍ തോരണങ്ങളും മാലകളും ചെരാതുകളും മറ്റും വാങ്ങി മക്കളെ ഏല്പിച്ചു. ബാലകരാമന്റെ ചിത്രം വരച്ചകൊടിയും വീട്ടില്‍ സ്ഥാപിച്ചു. അഭിമാനിയായ ഹിന്ദുവിന്റെ ആഹ്ലാദം ആഘോഷിക്കുക തന്നെ വേണം എന്ന് തീര്‍ച്ചപ്പെടുത്തി. 16ന് രാത്രി വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങി 25 മിനിട്ട് കഴിഞ്ഞപ്പോള്‍ ഫോണില്‍ ഒരു മെസേജ്. രാവിലെ പുറപ്പെടേണ്ട ട്രെയിന്‍ മൂടല്‍ മഞ്ഞു കാരണം രാത്രി വൈകി 11.30ന് മാത്രമേ പുറപ്പെടൂ എന്ന്. യാത്രക്ക് ആദ്യ മുടക്കം. രാംലല്ലയുടെ പരീക്ഷണമായി ഞാന്‍ അതുകണ്ടു. അവിടെ നിന്ന് ജ്യേഷ്ഠന്‍ സുരേഷ് കുമാറിനെ വിളിക്കുകയും എന്റെ അയല്‍വാസിയും റെയില്‍വേ ജീവനക്കാരനുമായ എറണാകുളത്തുള്ള അബ്ദുള്‍ മാലിക്കിനെ വിളിച്ച് കാര്യം അന്വേഷിക്കുകയും ചെയ്തപ്പോള്‍ ട്രെയിന്‍ പുറപ്പെടാന്‍ വൈകുന്നത് ശരിയാണെന്ന് ബോധ്യപ്പെട്ടു. അദ്ദേഹം ഇന്ന് പുറപ്പെടേണ്ട എന്ന് പറഞ്ഞു. സതീഷിനെ വിളിച്ച് എന്തു ചെയ്യണമെന്നറിയാതെ അരമണിക്കൂറോളം അവിടെത്തന്നെ നിന്നു. ഹൃദയം പൊട്ടുന്ന വേദനയോടെ തിരിച്ച് വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. രാവിലെ 9 മണിക്ക് വീട്ടില്‍ നിന്നിറങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രയയക്കാന്‍ ജ്യേഷ്ഠനും ഉണ്ടായിരുന്നു. 11 മണിക്ക് ട്രെയിന്‍ കയറി മൂന്നരമണിക്ക് എറണാകുളത്തെത്തി അവിടെ മാലിക്ക് കാത്തുനിന്നിരുന്നു. വീണ്ടും രാംലല്ലയുടെ പരീക്ഷണം. ഞാന്‍ ബുക്ക് ചെയ്ത ട്രെയിന്‍ സുഖകരമായ യാത്രക്ക് പറ്റിയതല്ലെന്ന് അവനും സുഹൃത്തുക്കളും പറഞ്ഞു. ഹൃദയവേദനയോടെ തള്ളിനീക്കിയ നിമിഷങ്ങള്‍ അവസാനം വേദനയോടെ ടിക്കറ്റ് റദ്ദ് ചെയ്ത് തിരിച്ച് ഓഖ എക്‌സ്പ്രസ്സില്‍ വീട്ടിലേക്ക് മടങ്ങി. പക്ഷേ എനിക്ക് പോകാതിരിക്കാനാവില്ലല്ലോ. ഉറക്കമില്ലാതെ അന്നു രാത്രിയും കടന്നുപോയി. രാവിലെ 9 മണിക്കു തന്നെ ട്രാവല്‍സില്‍ പോയി ബാംഗ്ലൂര്‍ നിന്ന് വിമാനത്തിന് ലഖ്‌നൗവിലേക്ക് ടിക്കറ്റെടുത്തു. ഉടനെ പെരിന്തല്‍മണ്ണയിലെത്തി. രാത്രി സ്വിഫ്റ്റ് ബസിന് ബാംഗ്ലൂര്‍ക്ക് ടിക്കെറ്റടുത്തു. അങ്ങനെ രാംലല്ലയെ പ്രാര്‍ത്ഥിച്ച് രാത്രി പെരിന്തല്‍മണ്ണയില്‍ നിന്നും ബസ്സില്‍ ബാംഗ്ലൂരെത്തി. അവിടെ നിന്ന് 10 മണിക്ക് എയര്‍പോര്‍ട്ടില്‍ എത്തി. 4.35ന് വിമാനം പുറപ്പെട്ട് 7.05ന് ലഖ്‌നൗവിലെത്തി. പുറത്തിറങ്ങിയപ്പോള്‍ മലയാളിയാണെന്ന് മനസ്സിലാക്കിയ വയനാട്ടുകാരനായ ‘ബേസില്‍’ ഇങ്ങോട്ടുവന്ന് പരിചയപ്പെട്ടു. തുടര്‍ന്നുള്ള യാത്ര ഞങ്ങള്‍ ഒരുമിച്ചായിരുന്നു. തലങ്ങും വിലങ്ങും ഓടുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍റിക്ഷകള്‍ നല്ലൊരു കാഴ്ചയായിരുന്നു. രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ദീപാലംകൃതമായ ലഖ്‌നൗ തെരുവുകളും കെട്ടിടങ്ങളും മനം നിറച്ചു. ശ്രീരാമന്റെയും ഹനുമാന്റെയും ചിത്രം ആലേഖനം ചെയ്ത കൊടികള്‍ കൊണ്ടലങ്കരിച്ച നഗരവീഥികള്‍, വീടുകള്‍, സ്ഥാപനങ്ങള്‍, വണ്ടികള്‍ എന്നിവ ഏതൊരു ഹൈന്ദവന്റെയും മനം കുളിര്‍പ്പിക്കും. കേരളത്തില്‍ നിരന്തരം അവഹേളനം ഏല്‍ക്കുന്ന ഹിന്ദുവിന്റെ പ്രതിനിധിയായ ഈയുള്ളവന്റെ അഭിമാനം വാനോളമുയര്‍ന്ന കാഴ്ചകള്‍. കൈയില്‍ കരുതിയ കോഴിക്കോടന്‍ ചിപ്‌സ് കഴിച്ച് ഞങ്ങള്‍ രണ്ടുപേരും തല്‍ക്കാലം വിശപ്പടക്കി. വിശപ്പും ദാഹവുമൊന്നുമറിയുന്നില്ല. രാമനെ കാണാനുള്ള മോഹം മാത്രം. ഇടയ്ക്കിടക്ക് വിളിച്ച് എവിടെത്തി എന്നന്വേഷിക്കുന്ന സതീഷ് അഷ്ടമി. രാത്രി 11.30ന് അവിടെ എത്തിയപ്പോള്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലും കാത്തിരിക്കുന്ന സതീഷും ബന്ധു മനോജ് ഭയ്യയും. അങ്ങനെ ബൈക്കില്‍ മൂന്നുപേരും കൂടി 37 കി.മീ. 2 മണിക്കൂര്‍ കൊണ്ട് യാത്രചെയ്ത് സുജാണ്ടി എന്ന ഗ്രാമത്തിലെത്തി. ആ സമയത്തും ഉറക്കമിളച്ച് സ്‌നേഹത്തോടെ കാത്തിരിക്കുന്ന സതീഷിന്റെ വലിയമ്മ പത്മയും മകള്‍ സീമ പാണ്ഡെയും അവരുടെ കൊച്ചുമകള്‍ നിയമബിരുദത്തിന് പഠിക്കുന്ന ദീപ പാണ്ഡെയും മകന്‍ ശിവം പാണ്ഡെയും. ആതിഥ്യ മര്യാദയുടെ സ്‌നേഹോഷ്മളത അറിഞ്ഞ നിമിഷങ്ങള്‍. ചെന്നപ്പോള്‍ തന്നെ ചൂടുചായയും (മസാലചായ) പലഹാരങ്ങളും പിന്നീട് റൊട്ടിയും, ചട്ണിയും, സബ്ജിയും അങ്ങനെ വയറുനിറച്ച് കഴിച്ചു. രാത്രി 3 മണിയോടെ കട്ടിയുള്ള രണ്ട് കരിമ്പടവും പുതച്ച് ഉറങ്ങി. 8 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ രാവിലെ പ്രഭാതകര്‍മ്മങ്ങള്‍ കഴിച്ചു, കുളിച്ചു. പ്രാര്‍ത്ഥനയെല്ലാം കഴിഞ്ഞപ്പോള്‍ വിവിധതരം ഭക്ഷണവുമായി ദീപ തയ്യാറായിരിക്കുന്നു. 12 മണിക്ക് അയോദ്ധ്യയിലേക്കുള്ള യാത്രക്കിറങ്ങി. അവിടുന്ന് അയോദ്ധ്യയിലേക്ക് ബസിലുള്ള യാത്ര. രാത്രി 9.30ന് നവാബ് ഖജ്ജില്‍ വച്ച് പോലീസ് തടഞ്ഞു. (അയോദ്ധ്യയിലേക്ക് 14 കി.മീ) തിരിച്ചുവിട്ട ബസ് മറ്റൊരു സ്ഥലത്ത് തടഞ്ഞു. അവിടുന്ന് സൂപ്പര്‍ റിക്ഷയില്‍ മറ്റു ഭക്തരോടൊപ്പം നവാബ് ഖജ്ജിലേക്ക്. അവിടെത്തിയപ്പോള്‍ രാത്രി 12.30. ഹാര്‍മോണിയത്തിന്റെയും ഡോലകിന്റെയും താളത്തില്‍ ഒഴുകി വരുന്ന രാമചരിത മാനസം കേട്ടസ്ഥലത്തേക്ക് നടന്നു. 1 മണിക്ക് അവിടെ ആ വീട്ടിലെത്തി അവര്‍ പുഞ്ചിരിയോടെ സ്വീകരിച്ചു. പുലര്‍ച്ചെ 5.30ന് എഴുന്നേറ്റ് യാത്ര തുടര്‍ന്നു. വീണ്ടും ജംഗ്ഷനിലെത്തിയെങ്കിലും പോലീസ് തടഞ്ഞു. പിന്നീട് ഒരു ഇടവഴിയിലൂടെ പാടത്തേക്കിറങ്ങി പാടത്തൂടെ നടന്ന് ബൈപ്പാസ് റോഡില്‍ എത്തിയ ഞങ്ങളെ ഒരു കാരണവശാലും കടത്തിവിടില്ലെന്ന് പോലീസ്. വീണ്ടും പാടത്തുകൂടെ റെയില്‍ ക്രോസ് ചെയ്ത് സരയൂ നദിയുടെ പാലത്തിനടുത്തെത്തി. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരു സന്ന്യാസി ഞങ്ങളുടെ നേര്‍ വന്നു. ഞങ്ങള്‍ കാര്യം പറഞ്ഞു. എന്റെ കൂടെ വരൂ എന്നും മദ്ധ്യപ്രദേശില്‍ നിന്ന് വന്ന ഒരു ഭക്തസംഘം ആശ്രമത്തിനടുത്ത് തമ്പടിച്ചിട്ടുണ്ട് എന്നും അവരുടെ കൂടെ കഴിഞ്ഞോളൂ എന്നും പറഞ്ഞ് ഞങ്ങളെ അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. അവരെ പരിചയപ്പെടുത്തി. അവധ് ബിഹാരി വിശ്വകര്‍മ്മ എന്നവരുടെ നേതൃത്വത്തില്‍ എത്തിയ എട്ട് അംഗ സംഘം ”ശ്രീരാമദൂത് ചിന്താമണി ഹനുമാന്‍ മന്ദിര്‍” മിലൗദ്. 25 ഡിസംബര്‍ 2023ന് തുടങ്ങിയ യാത്രയായിരുന്നു അവരുടേത്.
രാത്രി ഹനുമാന്‍ ചാലിസ പാരായണവും പുലര്‍ച്ചെ സരയൂനദിയിലെ കുളിയും ഒരുമിച്ചുള്ള ഭക്ഷണപാചകവും സരയൂ ആരതിയുമായി 2 ദിനങ്ങള്‍. പ്രാര്‍ത്ഥനകളുമായി പ്രാണപ്രതിഷ്ഠാദിനം പിറ്റേദിവസം പുലര്‍ച്ചെ 4 മണിക്ക് എഴുന്നേറ്റ് സരയൂ സ്‌നാനം കഴിഞ്ഞ് ഒരുമിച്ച് ഹനുമാന്‍ ചാലിസ ജപിച്ച് രാമസന്നിധിയിലേക്ക്. തൊട്ടുമുന്നിലുള്ളവരെപ്പോലും കാണാന്‍ പറ്റാത്ത മൂടല്‍ മഞ്ഞ് മൂടിക്കിടക്കുന്ന പ്രഭാതത്തില്‍ സരയൂവിന് മുകളിലൂടെയുള്ള പാലത്തിലൂടെ യാത്ര. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ പരസ്പരം പറ്റിച്ചേര്‍ന്ന് കിടക്കുന്ന വാനരന്മാര്‍ കൗതുക കാഴ്ചയായി. ശ്രീരാമചന്ദ്രപ്രഭുവിന്റെ മണ്ണിലേക്കുള്ള ചുവടുവെപ്പ് ആനന്ദനിര്‍വൃതിയില്‍ ആറാടിയ മനസ്സോടെ ശ്രീരാമനാമം പാടി നടന്നപ്പോള്‍ സ്വീകരിക്കാന്‍ ലതാമങ്കേഷ്‌ക്കര്‍ ചൗക്കിലെ 40 അടി ഉയരമുള്ള വീണയുടെ ശില്പം. അതിന്റെ ശില്പ വിസ്മയം കണ്ട് മതിമറന്ന് നടക്കുമ്പോള്‍ സൂര്യഭഗവാന്റെ ശില്പം തൊട്ടടുത്ത്. സൂര്യവംശിയായ രാമന്റെ ആഗമനത്തില്‍ രാമരാജ്യ പ്രഖ്യാപനമായി തലയുയര്‍ത്തി നില്‍ക്കുന്ന സൂര്യസ്തംഭങ്ങളാല്‍ അലംകൃതമായി രാമപാത. രാംലല്ലയെ സ്വീകരിക്കാന്‍ പുതുക്കിയ, ഒരേ ഭംഗിയോടെ തീര്‍ത്ത വിശാലമായ പാതയില്‍ അലങ്കാര പുഷ്പങ്ങളുടെ കവാടങ്ങള്‍. ഭക്തര്‍ക്ക് വീഥിയില്‍ വെളിച്ചം പകരാന്‍ ശംഖുചക്ര ഗോപിക്കുറിയുടെ അടയാളം ചാര്‍ത്തിയ വഴിവിളക്കുകള്‍. ചന്ദനത്തിന്റേയും കുങ്കുമത്തിന്റേയും നിറങ്ങള്‍ ചാരുതചാര്‍ത്തുന്ന രാമപഥ്. കടകളുടെ ഷട്ടറുകളില്‍ ഭസ്മക്കുറിയും, ഹനുമാന്‍ജിയും കോദണ്ഡവും രാമനാമവും ഒരേ ആശയത്തില്‍ തുടര്‍ച്ചയായി ചിത്രീകരിച്ചിരിക്കുന്നു. ഇതിനൊക്കെ പുറമെ തീവ്രത പകരാനായി ഹനുമാന്‍ജിയും ശ്രീരാമ ചന്ദ്രപ്രഭുവും, സീതാരാമനും. വിവിധ വര്‍ണങ്ങളില്‍ തിളങ്ങുന്ന – കാവി പതാകകള്‍, നിരത്തു നിറയെ രാമാനാമം എഴുതിയ ജുബ്ബകള്‍, രാമമന്ദിര രൂപങ്ങള്‍ ശ്രീരാമ ഷാളുകള്‍ തുടങ്ങിയവയൊക്കെ നിറയെ തൂക്കിയ സ്റ്റാളുകള്‍ എന്നിവ കടന്ന് ചെന്നെത്തുന്നത് രാമക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടത്തില്‍. വിവിധ ഫോഴ്‌സുകള്‍ സുരക്ഷാചുമതല നടത്തുന്നു. പ്രധാനകവാടത്തില്‍ രാമനെ കാണാന്‍ ഓടിയെത്തിയ ഭക്തജനസഞ്ചയം. തിരക്കു വര്‍ദ്ധിച്ചപ്പോള്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ അടക്കം പോലീസിന് മാറ്റേണ്ടി വന്നു. എല്ലാ ഭക്തരേയും ഘട്ടംഘട്ടമായി ക്ഷേത്രത്തിലേക്ക് കയറ്റി ഗോപുര നടയിലെത്തിയപ്പോള്‍ രണ്ട് വരിയായി തിരിച്ച് ദര്‍ശനത്തിന് കയറ്റാന്‍ തുടങ്ങി. അഭിമാനത്താല്‍ നിറഞ്ഞുകവിഞ്ഞ മനസ്സുമായി ക്ഷേത്രപടിയില്‍ സാഷ്ടാംഗ നമസ്‌കാരം ചെയ്ത്‌കൊണ്ട് ഹരേരാമ, ഹരേരാമ പാടി പടികള്‍ കയറി ദിവ്യമന്ദിരത്തിലേക്ക് പ്രവേശിച്ചു. ഇതിനായി പ്രവര്‍ത്തിച്ച അനേകം സ്വയംസേവകര്‍ ആയിരുന്നു മനം നിറയെ. ഹരേരാമ പാടിയപ്പോള്‍ കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. നിറകണ്ണുകളോടെ എന്റെ രാമനെ കണ്ടു. എത്ര കണ്ടാലും മതിവരാത്ത രാമന്‍. വീണ്ടും വീണ്ടും തൊഴുതു. പോലീസുകാര്‍ പോവാന്‍ പറയുന്നതു വരെ അലങ്കാരഭൂഷിതനായ രാംലല്ലയെ കണ്‍നിറയെ കണ്ടു. വിശ്വകര്‍മ്മാവിന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച വിശ്വശില്പികള്‍ കരവിരുതില്‍ തീര്‍ത്ത രാംലല്ലയുടെ ഭവ്യമന്ദിരത്തിലെ കൊത്തുപണികള്‍ ആരേയും വിസ്മയിപ്പിക്കും. ഇത്രയും വര്‍ഷമായി രാപ്പകലില്ലാതെ അവര്‍ ചെയ്‌തെടുത്ത ചിത്രപ്പണികളുടെ സ്വര്‍ഗ്ഗമന്ദിരം. രാംലല്ലക്ക് ഇതില്‍പരം എന്തു നല്കാനാണല്ലേ. ആരും കൊതിക്കുന്ന ഈ ഭവ്യമന്ദിരം ഓരോ ഹിന്ദുവിന്റെയും ഓരോ ധീര കര്‍സേവകന്റെയും സര്‍വോപരി ഭാരതഭൂവിനെ വിശ്വഗുരുവായി കാണാന്‍ അക്ഷീണം പ്രയത്‌നിക്കുന്നവരുടെയും തിലകക്കുറിയായി മാറുമെന്നുറപ്പാണ്.
എത്ര മനോഹരമായാണ് രാംലല്ലയിലേക്കുള്ള വഴികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. അത് അനേകം പേര്‍ക്ക് തൊഴില്‍ നല്‍കാനും ജീവിത രീതികള്‍ മാറാനും സഹായകരമാവുമെന്നുറപ്പ്. അയോദ്ധ്യയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ടത് ശ്രീരാമ മന്ദിരത്തിന്റെ വിവിധ വലുപ്പത്തിലുള്ള രൂപങ്ങള്‍ തന്നെ 200 രൂപ മുതല്‍ ഇവിടെ ലഭ്യമാണ്. ഇതിനടുത്തായി ഹനുമാന്‍ഘഡി, ദശരഥമഹല്‍, കനക ഭവന്‍ എന്നിവ. എല്ലാസമയവും എത്തുന്ന ഭക്തര്‍ക്ക് ഭക്ഷണവുമായി നില്‍ക്കുന്നവര്‍. നോര്‍ത്ത് ഇന്ത്യനും, സൗത്ത് ഇന്ത്യനും എല്ലാമുണ്ട്. അനേകം കര്‍സേവകരെ മനസ്സില്‍ ധ്യാനിച്ച് നിറഞ്ഞ മനസ്സോടെ അവിടെ നിന്നും ഇറങ്ങി.
ആദ്യദര്‍ശനത്തിനുശേഷം ഒരു പ്രാവശ്യം കൂടി രാംലല്ലയെ ദര്‍ശിച്ചു. വീണ്ടും തൊഴാന്‍ പോവാന്‍ നിന്നപ്പോള്‍ സതീഷിന്റെ സ്‌നേഹപൂര്‍വ്വമായ ശാസന മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തരുത് എന്ന്. അങ്ങനെ മനസ്സില്ലാമനസ്സോടെ ഇറങ്ങി. അതിനുശേഷം ദശരഥമഹലും, കനകഭവനും സന്ദര്‍ശിച്ചു. ദശരഥമഹലില്‍ ആരതി സമയമായിരുന്നു. തൊഴുതു. പിന്നീട് കനകമഹല്‍ സീതാവേഷം കെട്ടിയാടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. തൊഴുത് ശ്രീരാമപാദുകത്തില്‍ പ്രണമിച്ചു പുറത്തിറങ്ങി. ദശരഥമഹലില്‍ സദാസമയവും ഓരോ ദേശക്കാരുടേയും അന്നദാനം. പൂരി, സബ്ജി, ചാവല്‍ (പച്ചരി ചോറ്) പൂന്തി ഇവയെല്ലാം ചേര്‍ന്ന നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം, വട, പൊങ്കല്‍, ഇഡ്ഡലി എന്നിവ ചേര്‍ന്ന സൗത്ത് ഇന്ത്യന്‍ ഭക്ഷണം എത്രയോ ദിവസങ്ങളായി ഇവര്‍ നല്‍കുന്നു. വീണ്ടും രാമപഥിലേക്കിറങ്ങി. രാമപഥില്‍ എന്താണെന്നുവച്ചാല്‍ രഘുപതി രാഘവ രാജാറാം എന്ന യഥാര്‍ത്ഥഭജന്‍ എല്ലാവര്‍ക്കും കേള്‍ക്കാനായി. നമ്മള്‍ കേരളീയര്‍ ഇതുവരെ കേട്ടത് ഈ എഡിറ്റ് ചെയ്ത രാമഭജനായിരുന്നല്ലോ. അതാരുടെ പേരിലായാലും അന്നു രാത്രി സതീഷിന്റെ ബന്ധുവായ ഹരിപ്രസാദ് പാണ്ഡെ, മുന്നു പാണ്ഡെ എന്നവരുടെ വീട്ടില്‍ അയോദ്ധ്യക്കു തൊട്ടടുത്ത് ഹനുമാന്‍ കുണ്ഡില്‍ താമസിച്ചു. പുലര്‍ച്ചെ മഞ്ഞ് വകവെക്കാതെ 4 മണിക്ക് തന്നെ കുളികഴിഞ്ഞ് ദര്‍ശനത്തിനായി രാമപഥിലേക്ക്. ആ സമയത്തും ഒന്നര കിലോമീറ്ററോളം ഭക്തജനങ്ങള്‍ നിറഞ്ഞിരുന്നു എന്നു കാണുമ്പോഴാണ് രാംലല്ല അവര്‍ക്കൊക്കെ എത്രത്തോളം മനസ്സില്‍ പ്രതിഷ്ഠിതമാണെന്നറിയുക. വീണ്ടും രാമനെ കാണാനായി. തലേ ദിവസത്തെ സിസ്റ്റം മൊത്തം മാറിയിരുന്നു. ബാഗുകള്‍ ചെക്കിങ്ങ് മെഷിനിലൂടെ. പിന്നീട് മൊബൈല്‍, വാച്ച്, എന്നിവ ലോക്കര്‍ റൂമില്‍ വച്ച് വേണം തൊഴാന്‍ പോവാന്‍. ബാഗ് പുറത്തുള്ള ഒരു മരത്തില്‍ കെട്ടിവച്ച് ദര്‍ശനത്തിനായി ഓടുകയായിരുന്നു. വീണ്ടും ആ ഓമനത്വം തുളുമ്പുന്ന മുഖശ്രീ കണ്ടു. വലിയൊരു പീഠത്തില്‍ സ്വര്‍ണം പൊതിഞ്ഞ പീഠത്തില്‍ സര്‍വ്വാഭരണ വിഭൂഷിതനായ ദശരഥപുത്രന്‍.
ജീവിതം എന്ന തിരിച്ചറിവിലേക്ക് മനസ്സില്ലാ മനസ്സോടെ രാമനെ വീണ്ടും വീണ്ടുമോര്‍ത്ത് മടങ്ങിപ്പോന്നു. ഈ ധന്യമായ നിമിഷങ്ങള്‍ മരണംവരെ ജീവിതത്തില്‍ പ്രഭതൂകി നില്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.
(പ്രശസ്ത ശില്പിയും കലാസംവിധായകനുമാണ് ലേഖകന്‍)