മലയാളത്തിലെ തലമുതിര്‍ന്ന ഒരെഴുത്തുകാരന്‍ ഇരുപതുവര്‍ഷംമുമ്പ് എഴുതിയ ഒരു രാഷ്ട്രീയവിമര്‍ശനം അല്പം കൂട്ടിച്ചേര്‍ക്കലുകളോടെ ഈയിടെ കേരളത്തിന്റെ മുഖ്യമന്ത്രിയിരിക്കുന്ന വേദിയില്‍ വായിച്ച സന്ദര്‍ഭത്തില്‍ കേരളത്തിലുണ്ടാക്കിയ ബഹളങ്ങളെക്കുറിച്ച് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് പറയുകയുണ്ടായി. അവര്‍ അത് വിസ്മയത്തോടെയാണ് കേട്ടത്. ദല്‍ഹി സര്‍വ്വകലാശാലയിലെ ആധുനിക ഭാരതീയ ഭാഷാസാഹിത്യ പഠനവിഭാഗത്തിലെ അദ്ധ്യാപകര്‍ എന്ന നിലയില്‍ ഭാരതത്തില്‍ നടക്കുന്ന സാഹിത്യചര്‍ച്ചകളെല്ലാം ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. മലയാളം മുതല്‍ കാശ്മീരിവരെയും ഗുജറാത്തി മുതല്‍ മണിപ്പൂരിവരെയുമുള്ള ഭാരതത്തിന്റെ എല്ലാ ദിക്കിലുമുള്ള പതിനൊന്നു ഭാഷകളിലെ സാഹിത്യമാണ് ഈ വിഭാഗത്തില്‍ പഠിപ്പിക്കുന്നത്. എം.ടി. വാസുദേവന്‍ നായരുടെ പ്രസംഗത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മനസ്സിലാക്കിയ ശേഷം എഴുത്തുകാരുടെ വാക്കുകള്‍ക്ക് ഇത്രമാത്രം പ്രാധാന്യം കൊടുക്കുന്ന സമൂഹമാണോ കേരളത്തിന്റേത് എന്ന് അവരില്‍ ചിലര്‍ അത്ഭുതത്തോടെ ചോദിക്കുകയുണ്ടായി. എം.ടി.യുടെ വിമര്‍ശനത്തെത്തുടര്‍ന്നുണ്ടായ സംവാദങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തിലെ സംവാദസാഹചര്യങ്ങളെക്കുറിച്ച് അവര്‍ക്ക് ചില ധാരണകള്‍ ലഭിക്കും. അക്കാര്യത്തില്‍ അവര്‍ക്ക് കേരളത്തോട് മതിപ്പുതോന്നാനും ഇടയുണ്ട്.
അതേസമയം ഈ വിമര്‍ശനം നടത്തിയ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ മുന്‍നിലപാടുകളെയും അതുപോലെ വിമര്‍ശനത്തിലെ ഉള്ളടക്കത്തെയും ചരിത്രപരമായി മനസ്സിലാക്കാന്‍ കഴിയാത്ത കാലത്തോളം അവര്‍ക്ക് കേരളത്തിന്റെ രാഷ്ട്രീയ-സാഹിത്യ സംവാദങ്ങളെ ശരിയായി മനസ്സിലാക്കാന്‍ സാധിക്കില്ല എന്നാണ് എനിക്കു തോന്നുന്നത്. വാസ്തവത്തില്‍ കേരളത്തിനു പുറത്തുള്ളവര്‍ എങ്ങനെയാണോ ഈ വിവാദത്തെ മനസ്സിലാക്കിയത് അതേ മനോഭാവത്തോടെയാണ് കേരളത്തിലെ പുതുതലമുറ എം.ടി. വാസുദേവന്‍ നായരുടെ വിമര്‍ശനത്തെയും ഉള്‍ക്കൊണ്ടത് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ വന്ന സംവാദങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുക.
ഇരുപതു വര്‍ഷംമുമ്പ് താന്‍ എഴുതിയ കാര്യങ്ങളില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ് എം.ടി. പൊതുവേദിയില്‍ ഈ വിമര്‍ശനം ഉന്നയിച്ചത്. വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉണ്ടായിരുന്നതിനാല്‍ ഈ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെയാണെന്ന് പ്രതിപക്ഷവും പ്രതിപക്ഷത്തിന്റെ കൂടെയുള്ള എഴുത്തുകാരും ആരോപിച്ചു. എന്നാല്‍ ഈ വിമര്‍ശനം കേന്ദ്രഭരണത്തിനെതിരെയാണെന്ന് ഭരണപക്ഷത്തുള്ളവരും അവരുടെകൂടെയുള്ള എഴുത്തുകാരും മറുപടി പറഞ്ഞു.
വാസ്തവത്തില്‍ എം.ടി. പറഞ്ഞതെന്ത്, പറയാന്‍ ബാക്കിവെച്ചതെന്ത് എന്നീ ചോദ്യങ്ങള്‍ പരിശോധിക്കണം. അതിനുമുമ്പ് ഇത്തരം വിമര്‍ശനങ്ങള്‍ നടത്താന്‍ എം.ടി.യ്ക്കുള്ള യോഗ്യതയും പരിശോധിക്കപ്പെടണം. നോട്ടുനിരോധനത്തെത്തുടര്‍ന്നുണ്ടായ ഒരു പ്രസ്താവനയൊഴിച്ചുനിര്‍ത്തിയാല്‍ അടുത്തിടെ എം.ടി. സാമൂഹിക പ്രശ്‌നങ്ങളിലൊന്നുംതന്നെ പ്രതികരിച്ചിട്ടില്ല എന്ന് നമുക്കറിയാം. സാമൂഹ്യപ്രശ്‌നങ്ങളില്‍ പ്രതികരിക്കണോ വേണ്ടയോ എന്നത് വ്യക്തിസ്വാതന്ത്ര്യമാണ്. പ്രതികരിക്കുന്നവര്‍ മികച്ചവര്‍, അല്ലാത്തവര്‍ മോശക്കാര്‍ എന്നൊന്നും പറയാന്‍ കഴിയില്ല. എം.ടി.യുടെ പ്രകൃതം അങ്ങനെയാണ് എന്നുമാത്രം. ഭാരത സമൂഹം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നമായിരുന്ന അടിയന്തരാവസ്ഥയുണ്ടായപ്പോള്‍ എം.ടി. എവിടെയായിരുന്നു എന്നൊക്കെ പലരും ചോദിച്ചതുകേട്ടു. ശരിയാണ,് ഒ.വി.വിജയന്‍, അയ്യപ്പപ്പണിക്കര്‍, എം.ഗോവിന്ദന്‍ തുടങ്ങിയ നട്ടെല്ലുള്ള ചില എഴുത്തുകാര്‍ മാത്രമേ അടിയന്തരാവസ്ഥയെ വിമര്‍ശിച്ചിക്കാന്‍ ധൈര്യം കാണിച്ചിരുന്നുള്ളൂ. എം.ടി. അടിയന്ത രാവസ്ഥ എന്നൊരവസ്ഥ ഇവിടെയുണ്ടായതായിപ്പോലും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന് വര്‍ത്തമാനകാല സാമൂഹ്യപ്രശ്‌നങ്ങളില്‍ പ്രതികരിക്കാന്‍ പാടില്ല എന്നുപറയാന്‍ പറ്റുമോ? ഇല്ല. എഴുത്തുകാരന്‍ എല്ലാ പ്രശ്‌നങ്ങളിലും പ്രതികരിക്കണം എന്നൊന്നും പറയാന്‍ പറ്റില്ല. എന്നാല്‍ പ്രതികരിക്കുന്ന സന്ദര്‍ഭത്തില്‍ താന്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ എഴുത്തുകാരന് ബാധ്യതയുണ്ട്. എം.ടിയുടെ പ്രതികരണത്തില്‍ അതുണ്ടായില്ല എന്നതാണ് പ്രധാന വിഷയം.
രാഷ്ട്രീയത്തിന്റെയും അതിന്റെ ഭാഗമായ ഭരണകൂടത്തിന്റെയും അമിതാധികാരപ്രവണതകളെയാണ് എം.ടി. പ്രധാനമായും വിമര്‍ശിച്ചത്. അതിന്റെകൂടെ, എല്ലാ അമിതാധികാരപ്രവണതകളെയും ചോദ്യംചെയ്യാന്‍ ബാധ്യസ്ഥരായ എഴുത്തുകാരെ ഭരണകൂടം എങ്ങനെയാണ് അടിമകളാക്കി മാറ്റുന്നത് എന്ന പ്രശ്‌നവും അദ്ദേഹം ഉന്നയിക്കുന്നു. ഇവിടെ എല്ലാ രാഷ്ട്രീയക്കാരെയും എഴുത്തുകാരെയും അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. വര്‍ത്തമാനകാലത്തുള്ള ആരുടെയും പേര് സൂചിപ്പിച്ചിട്ടില്ല എന്നതിനാല്‍ എം.ടി.യുടെ വിമര്‍ശനം വാസ്തവത്തില്‍ ഒരു പുകമറയാണ് സൃഷ്ടിച്ചത്. പകരം സോവിയറ്റ് യൂനിയനിലെ ഏകാധിപതികളും അവരുടെകാലത്തെ എഴുത്തുകാരും തുടങ്ങി കേരളത്തിലെ ഇ.എം.എസ്സിന്റെ കാലവും അക്കാലത്തെ അദ്ദേഹത്തിന്റെ സാഹിത്യനിലപാടുകളും വരെ എം. ടി. പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന ആരുടെയും പേര് പരാമര്‍ശിക്കാത്തതിനാല്‍ ഈ വിമര്‍ശനം തങ്ങള്‍ക്കു ബാധകമല്ല എന്ന് നിലവിലെ രാഷ്ട്രീയക്കാരും എഴുത്തുകാരും കരുതുന്നു. അതില്‍ തെറ്റുപറയാനില്ല. പക്ഷേ എം.ടി. പറഞ്ഞതില്‍ ആന്തരികാര്‍ത്ഥങ്ങളുണ്ടെന്ന് മനസ്സിലാക്കാന്‍ ഇവര്‍ക്കാര്‍ക്കും പ്രത്യേക സാഹിത്യസാക്ഷരതാ പരിശീലനമൊന്നും വേണ്ട.
മുഖ്യമന്ത്രി പിണറായി വിജയനെയാണ് എം.ടി. ഉന്നംവെക്കുന്നത് എന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ പറയുന്നു. സ്റ്റാലിന്‍ എങ്ങനെയാണോ പാര്‍ട്ടിയിലും സോവിയറ്റ് യൂണിയനിലും ഏകാധിപത്യം നടപ്പിലാക്കിയത് അതുപോലെ പിണറായി വിജയന്‍ പാര്‍ട്ടിയിലും ഭരണത്തിലും ഏകാധിപത്യം നടപ്പിലാക്കുന്നു എന്നാണ് എം.ടി. പറഞ്ഞതിന്റെ പൊരുള്‍ എന്ന് അവര്‍ ആരോപിക്കുന്നു. ഈ ആരോപണത്തോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇ.പി. ജയരാജനെപ്പോലുള്ള പാര്‍ട്ടിയിലെ ചില നേതാക്കള്‍ പിണറായിയെ സംരക്ഷിക്കാന്‍ പരസ്യമായി രംഗത്തെത്തി. പിണറായിയുടെ പേരെടുത്തു പറയാത്തതിനാല്‍ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല എം.ടി.യുടെ വിമര്‍ശനം നരേന്ദ്ര മോദിക്കെതിരെയാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ സോവിയറ്റു യൂണിയന്റെ ചരിത്രവും ഇം.എം.എസിന്റെ നിലപാടുകളും പരാമര്‍ശിക്കുന്നതെന്തിന് എന്ന ലളിതമായ ചോദ്യംപോലും സ്വയം ചോദിക്കാന്‍ അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് കഴിയുന്നില്ല. അതവിടെ നില്‍ക്കട്ടെ. ഇനി അടിമകളായ എഴുത്തുകാരെക്കുറിച്ചുള്ള ആരോപണത്തിന് മറുപടി പറയാനാണെങ്കില്‍ ഇന്ന് കേരളത്തിലെ എല്ലാ എഴുത്തുകാരും അതിന് ബാധ്യസ്ഥരാണ്. അതിനാല്‍ പാര്‍ട്ടിയുടെ പ്രധാന അടിമയായ സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്റെ പ്രതികരണം മാത്രമെടുക്കാം. അദ്ദേഹത്തിന്റെ പ്രതികരണം പക്ഷേ, ഇ.പി. ജയരാജന്റെ പ്രതികരണത്തേക്കാള്‍ തരംതാണതായിരിന്നു. എം.ടി.യുടെ ആരോപണം കേരളത്തിന്റെ സാഹചര്യത്തിലല്ല ഇന്ത്യയുടെയും ഭൂഗോളത്തിന്റെയും സാഹചര്യത്തില്‍ പരിശോധിക്കണം എന്നാണ് അദ്ദേഹം മൊഴിഞ്ഞത്. ഇ.പി. ജയരാജന്‍ നരേന്ദ്ര മോദിയില്‍വരെയേ എത്തുന്നുള്ളൂ. സച്ചിദാനന്ദനാവട്ടെ ഭൂഗോളം മുഴുവന്‍ എത്തുന്നു. വാസ്തവത്തില്‍ തങ്ങള്‍ക്കുനേരെ വരുന്ന ഒരു ആരോപണത്തെപ്പോലും സത്യസന്ധമായി, ധൈര്യമായി നേരിടാന്‍ കഴിയാത്തവിധം കേരളത്തിലെ രാഷ്ട്രീയ- സാംസ്‌കാരിക രംഗം അധപ്പതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിത്.
അധികാരമെന്നാല്‍ ജനസേവനത്തിനുള്ള അവസരമാണെന്ന യാഥാര്‍ത്ഥ്യം അധികാരത്തിലിരിക്കുന്നവര്‍ മനസ്സിലാക്കുന്നില്ല എന്നാണ് എം.ടി. പറയുന്നത്. മാത്രമല്ല അന്ധമായ നേതൃത്വപൂജകളെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ ഈ വിമര്‍ശനം തങ്ങള്‍ക്കുനേരെയല്ല എന്നു പറഞ്ഞൊഴിയുന്നുണ്ടെങ്കിലും കഴിഞ്ഞ കുറേ നാളുകളായി കേരളത്തില്‍ ചര്‍ച്ചചെയ്യുന്ന അഴിമതിയുടെയും അധികാരപ്രമത്തതയുടെയും നേതൃത്വപൂജകളുടെയും വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ എം.ടിയുടെ വിമര്‍ശനം കേരളത്തിന്റെ പശ്ചാത്തലത്തിലാണെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാവും. എന്നാല്‍ നിലവിലെ രാഷ്ട്രീയസാഹചര്യത്തെ വിമര്‍ശിക്കാന്‍ എം.ടി. ഉപയോഗിക്കുന്ന സോവിയറ്റ്- ഇ.എം.എസ് താരതമ്യം അദ്ദേഹത്തെ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിലേക്ക് കൊണ്ടുപോവുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പേരില്‍ ലെനിനും സ്റ്റാലിനും സോവിയറ്റ് യൂണിയനില്‍ ചെയ്തുകൂട്ടിയ കൂട്ടക്കുരുതിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇന്ന് ആര്‍ക്കുവേണമെങ്കിലും നിമിഷനേരംകൊണ്ട് ലഭിക്കും. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെ സ്റ്റാലിന്‍ ഭരണകൂടം സോവിയറ്റ് യൂണിയനില്‍ കാണിച്ച ആക്രമണത്തിന്റെ ഭീകരത പുറംലോകമറിഞ്ഞിരുന്നില്ല. അതുകൊണ്ടായിരുന്നു മഹാകവി വളളത്തോള്‍ ‘ഹാ സ്റ്റാലിന്‍’ എന്ന പേരില്‍ ആ ഏകാധിപതിയെ വാഴ്ത്തി കവിതയെഴുതിയത്. അതുപോലെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ ലെനിന്‍ സോവിയറ്റു യൂണിയനില്‍ കാണിച്ച ആക്രമണത്തിന്റെ ഭീകരത പുറംലോകമറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഈ വിവരങ്ങളെല്ലാം പൊതുയിടത്തില്‍ ലഭ്യമാണ്. സോവിയറ്റ് യൂണിയനിലെ ഓരോ പാര്‍ട്ടിഗ്രാമത്തിലും നൂറ് പാര്‍ട്ടിവിരുദ്ധരെയെങ്കിലും പരസ്യമായി കൊന്നുകെട്ടിത്തൂക്കണമെന്ന് രേഖാമൂലം പാര്‍ട്ടി നേതാക്കള്‍ക്ക് അറിയിപ്പുകൊടുത്ത ഏകാധിപതിയായിരുന്നു ‘മഹാനായ’ ലെനിന്‍. ഈ വിഷയത്തില്‍ ലെനിനെഴുതിയ കത്തുകളൊക്കെ ഈ ഡിജിറ്റല്‍ ലോകത്ത് പൊതുയിടത്തില്‍ ലഭ്യമാണ്. എന്നിട്ടും എം.ടി.യെപ്പോലൊരു എഴുത്തുകാരന്‍ അതൊന്നും പരിശോധിക്കാതെയാണ് താരതമ്യം നടത്തിയത് എന്നതാണ് ആശ്ചര്യം.
ലോകത്തിലെ എല്ലാ ഏകാധിപതികളുടെയും മനോഭാവം പരിശോധിച്ചാല്‍ അത്ഭുതകരമായ ചില സമാനതകള്‍ കണ്ടെത്താന്‍ കഴിയും. വിശ്വസിച്ച് അധികാരത്തിലേറ്റിയ സ്വന്തം ജനതയെത്തന്നെയാണ് ഈ ഏകാധിപതികള്‍ ആദ്യം ശിക്ഷിച്ചത്. ഹിറ്റ്‌ലറും മുസ്സോളനിയും ലെനിനും സ്റ്റാലിനും ഇന്ദിരയും തങ്ങളുടെ ജനങ്ങളോട് ചെയ്ത ക്രൂരതകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. സ്വതന്ത്ര ചിന്തയേയും ജനാധിപത്യത്തേയും അങ്ങേയറ്റം പുച്ഛത്തോടെ കണ്ട ഈ ഏകാധിപതികളെല്ലാം മനുഷ്യത്വത്തിനെതിരെ പ്രവര്‍ത്തിച്ചത് ഏതാണ്ട് ഒരേ രീതിയിലായിരുന്നുവെന്ന് ചരിത്രം സാക്ഷി പറയും. രഹസ്യപ്പോലീസ് ഇവരുടെ പ്രധാന ആയുധമായിരുന്നു. ഹന്ന ആരെന്‍ഡ് തന്റെ വിഖ്യാതമായ ‘ദ ഒറിജിന്‍ ഓഫ് ടോട്ടാലിറ്റേറിയന്‍’ എന്ന പുസ്തകത്തില്‍ പറയുന്നു,
Freedom in this system has not only dwindled down to its last and apparently still indestructible guarantee, the possibility of suicide, but has lost its distinctive mark because the consequences of its exercise are shared with completely innocent people. If Hitler had the time to realize his dream of a General German Health Bill, the man suffering from a lung disease would have been subject to the same fate as a Communist in the early and a Jew in the later years of the Nazi regime. Similarly, the opponent of the regime in Russia, suffering the same fate as millions of people who are chosen for concentration camps to make up certain quotas, only relieves the police of the burden of arbitrary choice. The innocent and the guilty are equally undesirable.”
നാസി-ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് ബദലായി റഷ്യയില്‍ ഉയര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് പക്ഷേ, ആദ്യകാലത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. സോഷ്യലിസം, തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നിങ്ങനെ മനംമയക്കുന്ന ആശയങ്ങള്‍ അവര്‍ ജനങ്ങളുടെ മുന്നില്‍ വെച്ചു. കാറല്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും സാമ്പത്തിക- രാഷ്ട്രീയ വീക്ഷണങ്ങള്‍ ഏറ്റവും സമഗ്രമായ ശാസ്ത്രമായി അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ സോഷ്യലിസത്തിന്റെ കുത്തക തങ്ങള്‍ക്കാണെന്ന മാര്‍ക്‌സിയന്‍ ചിന്തകരുടെ വാദങ്ങളെ തള്ളിക്കൊണ്ട് സി. ജെ. തോമസ് എഴുതിയ ‘ഫാഷിസ്റ്റ ്കമ്മ്യൂണിസ’മെന്ന ലേഖനത്തില്‍ ഏകാധിപതികളുടെ പൊതുവായ ഇത്തരം വ്യാജപ്രചരണങ്ങളെ തുറന്നുകാട്ടുന്നുണ്ട്. അദ്ദേഹം പറയുന്നു, ”ജനായത്തത്തെ നിഷേധിക്കുന്ന ഏതു രാഷ്ട്രീയവും, ലേബലെന്തൊട്ടിച്ചാലും, ഫാസിസംതന്നെ. വിശദീകരണം, വ്യാഖ്യാനം, ടിപ്പണി മുതലായവ ലക്ഷ്യത്തെ മൂടിക്കളയരുത്. സോവിയറ്റ് യൂണിയന്‍ അപകടത്തിലാവുമ്പോള്‍ മാര്‍ക്‌സിസം ജീവകാരുണ്യത്തെ ആദരിക്കും, റേഷന്‍ വിതരണത്തിന് പ്രസംഗിക്കും, പട്ടാളത്തിലേക്ക് ആളുപിടിക്കും. ദേശീയവിമോചനസമരവും വിപ്ലവും നീട്ടിവെക്കും. യുദ്ധം കഴിഞ്ഞാല്‍ ഭാഷ്യം മാറി, ജീവകാരുണ്യത്തെ പുച്ഛമായി… ഇങ്ങനെ യാതൊരു സത്യദീക്ഷയുമില്ലാതെ രാഷ്ട്രീയതോന്ന്യാസം കാണിക്കുന്നതെല്ലാം ഒരാദര്‍ശത്തിനുവേണ്ടിയാണത്രെ. എല്ലാം സോഷ്യലിസത്തിനു വേണ്ടി!” ഫാസിസവും കമ്മ്യൂണിസവും ഒരേ നാണയത്തിന്റെ ഇരുവശമാണെന്ന യാഥാര്‍ത്ഥ്യമാണ് സി.ജെ.തോമസ് മുന്നോട്ടുവെക്കുന്നത്.
മാര്‍ക്‌സിസം പ്രചരിപ്പിക്കാന്‍ സോവിയറ്റ് യൂണിയന്‍ പ്രത്യേക ബുദ്ധിജീവി വിഭാഗത്തെത്തന്നെ വളര്‍ത്തിക്കൊണ്ടുവന്നിരുന്നു. രഹസ്യപ്പോലീസിനെപ്പോലെതന്നെ ഇവരും പെരുമാറി. എതിര്‍വാദങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടെ കണ്ട ഈ ബുദ്ധിജീവി വര്‍ഗ്ഗമാണ് യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ പരാന്നഭോജികള്‍. താത്വികതലത്തിലും പ്രത്യയശാസ്ത്രതലത്തിലും മാര്‍ക്‌സിയന്‍ ആശയങ്ങളെ അടിമുടി ചോദ്യംചെയ്ത് കൊണ്ട് ഡോ. വി.സി.ശ്രീജന്‍ രചിച്ച പ്രതിവാദങ്ങള്‍’ എന്ന പുസ്തകത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, ”സോവിയറ്റ് യൂണിയന്‍ വിപ്ലത്തിനുശേഷം അധികാരത്തിലെത്തിയത് ബുദ്ധിജീവികള്‍ എന്ന പുതിയ വര്‍ഗ്ഗമായിരുന്നു. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നൊക്കെ പേരിന് പറയുന്നതാണ്. സോഷ്യലിസ്റ്റ് വിപ്ലവം തൊഴിലാളികളും മുതലാളികളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ പരിഹാരമായിരിക്കാം. എന്നാല്‍ ഈ സംഘര്‍ഷത്തില്‍ വിജയിച്ചത് മുതലാളികളോ തൊഴിലാളികളോ ആയിരുന്നില്ല, മറിച്ച് ബുദ്ധിജീവികള്‍ എന്ന മൂന്നാം വിഭാഗമായിരുന്നു”. സോവിയറ്റ് യൂണിയനിലെ മാര്‍ക്‌സിസത്തിന്റെ പ്രചാരകര്‍ തങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യത്തിനുമേണ്ടി മാത്രമാണ് തീസിസ്സുകളുണ്ടാക്കിയതെന്ന് ചരിത്രം. ഇതു മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് കേരളത്തിലെ മാര്‍ക്‌സിയന്‍ ബുദ്ധിജീവികളും പ്രവര്‍ത്തിച്ചത്. ലോകത്തെല്ലായിടത്തുമുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചോ ജനാധിപത്യധ്വംസനങ്ങളെക്കുറിച്ചോ അവര്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. അമേരിക്കയിലെ ബൂര്‍ഷ്വാവ്യവസ്ഥിതിയെക്കുറിച്ച് മാത്രം പറഞ്ഞ് അവര്‍ കേരളത്തിലെ സാധാരണക്കാരെ കുറേ പറ്റിച്ചു. ഇപ്പോള്‍ അവര്‍ ഫാസിസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. എന്നുവെച്ചാല്‍ ശത്രുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം അവര്‍ ഫാസിസമെന്ന പേരിട്ടു വിളിക്കുന്നു എന്നര്‍ത്ഥം. അതേസമയം സ്വന്തം പാര്‍ട്ടിഗ്രാമങ്ങളിലെ ജനാധിപത്യവിരുദ്ധപ്രവര്‍ത്തന ങ്ങള്‍ക്ക് ഒട്ടും കുറവ് വരുത്തുന്നുമില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ബുദ്ധിജീവികളുടെയും സമീപനങ്ങളിലെ ഈ വൈരുദ്ധ്യം ഒ.വി. വിജയനെപ്പോലുള്ളവര്‍ കാര്‍ട്ടൂണുകളിലൂടെയും ലേഖനങ്ങളിലൂടെയും പരിഹസിച്ചിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയ അടിമകളായ എഴുത്തുകാരുടെ മാതൃക സോവിയറ്റു യൂണിയനിലെ എഴുത്തുകാരായിരുന്നു. ആ അടിമകളെ മുന്നില്‍നിന്നു നയിച്ചത് ഇ.എം.എസ്സായിരുന്നു. ഈ യാഥാര്‍ത്ഥ്യത്തെ എം.ടി. എത്ര നിസ്സാരമായാണ് കാണുന്നത്! ഇ.എം.എസ്സിന് അവസാനകാലത്തുണ്ടായ മനംമാറ്റത്തെ അദ്ദേഹം മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. എഴുത്തുകാരെ നിയന്ത്രിക്കുന്ന ബുദ്ധിജീവിവര്‍ഗ്ഗം സോവിയറ്റ് യൂണിയന്റെ സൃഷ്ടിയാണ്. അറിവും അധികാരവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് മറ്റാരെക്കാളും നന്നായി സോവിയറ്റ് യൂണിയന്‍ ഏകാധിപതികള്‍ മനസ്സിലാക്കിയിരുന്നു. സ്റ്റാലിന്റെ വിശ്വസ്തനായ ഷഡനോവ്സോ(Andrei Alexandrovich Zhdanov) വിയറ്റ് യൂണിയന്‍ ബുദ്ധിജീവിസംഘത്തിന്റെ നേതാവായിരുന്നു. പാര്‍ട്ടിയുടെ പേരില്‍ നേതാക്കള്‍ ചെയ്യുന്ന ഏത് പ്രവര്‍ത്തനത്തെയും ന്യായീകരിക്കുകയും അവര്‍ക്കെതിരെയുണ്ടാവുന്ന എല്ലാ ആരോപണങ്ങളെയും നേരിടുകയുമാണ് ഈ ബുദ്ധിജീവിസംഘത്തിന്റെ പ്രധാനദൗത്യം. അതിനായി പാര്‍ട്ടി അവര്‍ക്ക് സര്‍വ്വകലാശാലകളിലും അക്കാദമികളിലും പ്രസംഗവേദികളിലും പ്രത്യേക സ്ഥാനം നല്‍കി. അങ്ങനെ സ്വേച്ഛാധികാരത്തിനെതിരായി അകത്തുനിന്നും പുറത്തുനിന്നും ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകളെ നേരിടാന്‍ സജ്ജമായ ഒരു ബൗദ്ധികസൈന്യമായി ഈ ബുദ്ധിജീവിസംഘം പ്രവര്‍ത്തിച്ചു.
സ്വാതന്ത്ര്യാനന്തര ഭാരതത്തെ നയിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സോവിയറ്റ് യൂണിയന്‍ മാതൃകയില്‍ ബുദ്ധിജീവിസംഘത്ത ആശ്രയിച്ചിരുന്നു. സ്റ്റാലിനില്‍നിന്നും വ്യത്യസ്തമായി ജനാധിപത്യപരമായ കാഴ്ചപ്പാടോടുകൂടിയാണ് നെഹ്‌റു ബുദ്ധിജീവിസംഘത്തെ ഉപയോഗിച്ചത്. സര്‍വകലാശാലകളിലും അക്കാദമികളിലും അദ്ദേഹം ബുദ്ധിജീവികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം കൊടുത്തു. അതേസമയം സോഷ്യലിസത്തോടുള്ള തന്റെ താല്‍പര്യത്തെ വാഴ്ത്താന്‍ അദ്ദേഹം ഈ വര്‍ഗ്ഗത്തെ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചു. നേതാജി, പട്ടേല്‍ തുടങ്ങിയ നേതാക്കളെ പറ്റാവുന്നിടത്തൊക്കെ തമസ്‌കരിച്ച് ആധുനിക ഇന്ത്യയുടെ ശില്പിയായി നെഹ്‌റുവിനെ മാത്രം ഉയര്‍ത്തിനിര്‍ത്താന്‍ ഈ ബുദ്ധിജീവിസംഘം തയ്യാറായി. കേരളത്തിലെ ബുദ്ധിജീവിവര്‍ഗ്ഗം സോവിയറ്റ് യൂണിയന്‍ ബുദ്ധിജീവിവര്‍ഗ്ഗത്തിന്റെ തനിപ്പകര്‍പ്പാണ്. പാര്‍ട്ടിയെ സഹായിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യം ഈ വര്‍ഗ്ഗത്തിനില്ല. ബുദ്ധിജീവികളെ സൃഷ്ടിക്കുക, നിലനിര്‍ത്തുക, നിയന്ത്രിക്കുക, വേണ്ടിവന്നാല്‍ പിരിച്ചുവിടുക എന്നിവ പാര്‍ട്ടി നേതാക്കളുടെ ഉത്തരവാദിത്തത്തില്‍ നടന്നുവരുന്നു. ഇ.എം.എസ്സിന്റെ കാലത്ത് കെ.ദാമോദരനും പി. ഗോവിന്ദപ്പിള്ളയുമായിരുന്നു പാര്‍ട്ടിയുടെ ബുദ്ധിജീവികള്‍. തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് ആധികാരികമായ അറിവ് ഇവര്‍ക്കുണ്ടായിരുന്നു. മാത്രമല്ല അത്രയൊന്നും മനുഷ്യത്വഹീനമായ വിഷയങ്ങളെ ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. പാര്‍ട്ടിയും ബുദ്ധിജീവിസംഘവും ഇവരുടെ കാലത്ത് പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിച്ചു. സംശയങ്ങളും ഭിന്നാഭിപ്രായങ്ങളും ഇക്കാലത്ത് കുറവായിരുന്നു.
എന്നാല്‍ എം.എന്‍. വിജയന്റെ വരവോടുകൂടി ഈ ബുദ്ധിജീവിസംഘത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. നേതാക്കളാല്‍ സൃഷ്ടിക്കപ്പെടുകയും അതുപോലെതന്നെ സംഹരിക്കപ്പെടുകയും ചെയ്ത കേരളത്തിലെ ആദ്യത്തെ ബുദ്ധിജീവിയായിരുന്നു എം.എന്‍. വിജയന്‍. പാര്‍ട്ടിക്കു പുറത്തുനിന്നും വന്നതുകൊണ്ട് എം.എന്‍.വിജയനെ അംഗീകരിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ബ്രണ്ണന്‍ കോളേജിലെ ഒരു സാധാരണ മലയാളം അദ്ധ്യാപകനെ ബുദ്ധിജീവിവര്‍ഗ്ഗത്തന്റെ അമരത്തേക്ക് കൊണ്ടുവന്നത് പാര്‍ട്ടിക്ക് ആദ്യകാലത്ത് കുറേ ഗുണം ചെയ്തുവെന്നത് ശരിയാണ്. പാര്‍ട്ടിയുടെ പേരില്‍ നേതാക്കന്മാര്‍ ചെയ്ത ക്രൂരതകളെ എം.എന്‍.വിജയന്‍ തനിക്ക് പരിചയമുള്ള എല്ലാ മനശ്ശാസ്ത്ര ഉപകരണങ്ങളുമുപയോഗിച്ച് ന്യായീകരിച്ചിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് ചില നേതാക്കളുമായുള്ള സൗന്ദര്യപ്പിണക്കം എം.എന്‍. വിജയനെ പാര്‍ട്ടിയുടെ പൊതുശത്രുവാക്കിത്തീര്‍ത്തു. വൈകാതെ പാര്‍ട്ടി എം.എന്‍. വിജയന്റെ നേതൃത്വത്തിലുള്ള ബുദ്ധിജീവിസംഘത്തെ പിരിച്ചുവിടുകയും പകരം കെ.ഇ.എന്‍. കുഞ്ഞഹമ്മദിന്റെ നേതൃത്വത്തില്‍ പുതിയൊരു സംഘത്തെ നിയമിക്കുകയും ചെയ്തു. കെ.ഇ.എന്‍ ആവട്ടെ കുറച്ചുകാലം കൊണ്ടുതന്നെ പാര്‍ട്ടിക്ക് വലിയ തലവേദനയായി മാറി. മുസ്ലീംമതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കെ.ഇ.എന്നിന്റെ സ്വത്വവാദം ഹിന്ദുക്കളായ പാര്‍ട്ടിബുദ്ധിജീവികള്‍ക്ക് അസഹ്യമായിത്തീര്‍ന്നു. മാത്രമല്ല അണികളിലും എതിര്‍പ്പ് പ്രകടമായി. അത് പരിഹരിക്കാനായി കെ.ഇ.എന്നിന്റെ നേതൃത്വത്തിലുള്ള ബുദ്ധിജീവിസംഘത്തെ പിരിച്ചുവിടുകയും പകരം സുനില്‍ പി. ഇളയിടത്തിന് ചുമതല നല്‍കുകയും ചെയ്തു. പാര്‍ട്ടി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുപോലെയാണ് സുനില്‍ പി. ഇളയിടം പാര്‍ട്ടി ടിക്കറ്റില്‍ സര്‍വ്വകലാശാല അദ്ധ്യാപക തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത് എന്ന് ഈ അടുത്തകാലത്ത് വന്‍ ആരോപണമുണ്ടായി. മാത്രമല്ല സുനിലിന്റെ പുസ്തകങ്ങള്‍ മുഴുവന്‍ കോപ്പിയാണെന്നും കണ്ടെത്തപ്പെടുകയുണ്ടായി. അങ്ങനെ അദ്ദേഹം തൊട്ടതെല്ലാം കൈപൊള്ളിനില്‍ക്കുന്ന അവസ്ഥയിലാണ്.
ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നീക്കുപോക്കുകളുടെ അടിമകളായി മാറാനായിരുന്നു കേരളത്തിലെ ഇടതുപക്ഷമെന്ന് മേനി നടിക്കുന്ന എഴുത്തുകാരുടെ വിധി. എല്ലാം വിശദീകരിക്കാന്‍ തനിക്കു കഴിയുമെന്ന് പ്രധാന ചിന്തകന്‍ പറഞ്ഞാല്‍ ഉടനടി സര്‍വ്വവിധ ആലോചനകളുടെയും മുറികള്‍ പൂട്ടി തോക്കോല്‍ അങ്ങേരെ ഏല്‍പ്പിക്കാന്‍ ക്യൂനില്‍ക്കുന്ന എഴുത്തുകാരെക്കുറിച്ച് പണ്ട് കെ.പി.അപ്പന്‍ പറഞ്ഞതോര്‍ക്കുന്നു. അതിനേക്കാള്‍ കഷ്ടമാണ് ഇന്നത്തെ എഴുത്തുകാരുടെ അവസ്ഥ. ഇതെല്ലാം തിരിച്ചറിയാനാവാത്തവിധം പ്രായം എം.ടി. വാസുദേവന്‍ നായരെ ബാധിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം സത്യം വ്യക്തമായി തുറന്നു പറയാത്തത് എന്നതിലാണ് സംശയം. എങ്കിലും ഇത്രയും തുറന്നുപറയാന്‍ അദ്ദേഹം കാണിച്ച ധീരതയെ നമ്മള്‍ അംഗീകരിക്കണം. അപ്പോഴും തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, സോവിയറ്റു യൂണിയന്‍-കേരള ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും ചരിത്രമറിയാത്ത കാലത്തോളം കേരളത്തിലെ സംവാദങ്ങളുടെ യഥാര്‍ത്ഥചിത്രം കേരളത്തിനു പുറത്തുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും.
(ദല്‍ഹി യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മോഡേണ്‍ ഇന്ത്യന്‍ ലാംഗ്‌വേജസ് അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
ഉദ്ധരിച്ച കൃതികള്‍
1. തോമസ്. സി.ജെ.(1960) ധിക്കാരിയുടെ കാതല്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം
2. ശ്രീജന്‍. വി. സി.(2004) പ്രതിവാദങ്ങള്‍, കറന്റ് ബുക്‌സ്, തൃശൂര്‍
3. Arendt Hanna (1962) The Origins Of Totalitarianism, The World Publishing Company, New York