Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍- കൈരളിയുടെ സുകൃതം

ചന്ദ്രശേഖരന്‍ കെ.ആര്‍

Jan 23, 2024, 11:39 am IST

ജനുവരി 23 കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ശ്രദ്ധാഞ്ജലി.

മലയാളത്തിന്റെ സുകൃതങ്ങളായി വിശേഷിപ്പിക്കപ്പെടാവുന്ന ചില അസാമാന്യ പ്രതിഭകള്‍ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നത് നമുക്ക് കാണാം. ഒരു പക്ഷേ ജീര്‍ണ്ണതകള്‍ നിറഞ്ഞ സാമൂഹ്യാന്തരീക്ഷം നിലനില്‍ക്കുകയും ഇന്ന് നാം അനുഭവിച്ചു വരുന്ന ആധുനിക സൗകര്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ ഇത്തരം മഹാന്‍മാര്‍ ഉദയം ചെയ്തിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യഭാഗത്തോ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ഇത്തരം പ്രതിഭകള്‍ ഉടലെടുത്തതായി അറിവില്ല. സാഹിത്യം , വേദം, ചരിത്രം എന്നിവയിലെല്ലാം ഏറെ അവഗാഹമായ പാണ്ഡിത്യം കൈവരിച്ചിരുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഭാഷാരംഗത്തെ നിത്യവിസ്മയമാണ്. വാഗ്‌ദേവതയുടെ പുരുഷാവതാരം എന്ന് നിസ്സംശയം വിശേഷിപ്പിക്കാന്‍ സാധിക്കുന്നവിധം ഉജ്വലമായിരുന്നു തമ്പുരാന്റെ സാഹിത്യജീവിതം. ‘ നമ്മുടെ സാഹിത്യസരണിയില്‍ അത്തരത്തില്‍ ഒരു മഹത്തമനായ സരസ്വതീവല്ലഭന്‍ അതിനു മുന്‍പും അതില്‍ പിന്നീടും ഒരിക്കലും സഞ്ചരിച്ചിട്ടില്ല. കൈരളിയുടെ പൂര്‍വപുണ്യത്തിന്റെ പരിണതഫലമായിരുന്നു അദ്ദേഹത്തിന്റെ ആവിര്‍ഭാവം എന്നു ഭാവനാകുശലന്‍മാര്‍ക്കു കാണുവാന്‍ അശേഷം പ്രയാസവുമില്ല ( കേരള സാഹിത്യ ചരിത്രം – ഉള്ളൂര്‍) 19-ാംനൂറ്റാണ്ടില്‍ വിദ്വാന്‍ ഗോദവര്‍മ്മത്തമ്പുരാന്‍ എന്ന ബഹുമുഖപണ്ഡിതന്‍ പ്രശസ്തിയിലേക്കു നയിച്ച കൊടുങ്ങല്ലൂര്‍ ഗുരുകുലം പിന്നീട് വികസിച്ച് ഒരു സ്വകാര്യ സര്‍വകലാശാലയുടെ പദവി സ്വായത്തമാക്കിയിരുന്നു. ‘ അന്ന് മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഗുരുകുലത്തില്‍ ന്യായം, വേദാന്തം, വ്യാകരണം, അലങ്കാരം, ആയുര്‍വേദം, ജ്യോതിഷം, തച്ചുശാസ്ത്രം എന്നിവ പഠിച്ചിരുന്നു ” എന്ന് ആറ്റൂര്‍ കൃഷ്ണപിഷാരടി രേഖപ്പെടുത്തുന്നു , വിജ്ഞാനകുതുകികള്‍ക്ക് എന്നും എപ്പോഴും കടന്നു വരാമായിരുന്ന ഈ സരസ്വതീക്ഷേത്രം കേരള വൈജ്ഞാനിക മണ്ഡലത്തെ ധന്യമാക്കിയിരുന്ന കാലം ചരിത്രത്തിലെ ചാരുദൃശ്യമായി പരിലസിക്കുന്നു. ഗുരുദക്ഷിണ പോലും സ്വീകരിക്കാതെയാണ് ഈ ഗുരുകുലത്തില്‍ വിദ്യാദാനം നടന്നിരുന്നത് എന്നതും ശ്രദ്ധേയമാണ്.

കൊല്ലവര്‍ഷം 1040 കന്നി 4 ന് (1864 സെപ്തംബര്‍ 20) അശ്വതി നക്ഷത്രത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്താണ് കുഞ്ഞിക്കുട്ടന്‍ പിറവി എടുത്തത്. വെണ്‍മണി പരമേശ്വരന്‍ (അച്ഛന്‍) നമ്പൂതിരിപ്പാടിന്റെയും കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിപ്പിള്ള തമ്പുരാട്ടിയുടെയും രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം. രാമവര്‍മ്മ എന്നാണ് കുട്ടിക്ക് പേരിട്ടതെങ്കിലും കുഞ്ഞിക്കൂട്ടന്‍ എന്ന ഓമനപ്പേരിലാണ് അദ്ദേഹം പ്രശസ്തനായത്. വിദുഷിയായ മാതാവിന്റെയും വിശിഷ്ട കവിയായ പിതാവിന്റെയും പൈതൃകം കുഞ്ഞിക്കുട്ടനിലേക്ക് പകര്‍ന്നു കിട്ടിയിരുന്നു. എട്ടാം വയസ്സില്‍ത്തന്നെ അദ്ദേഹം കവിതയെഴുതിത്തുടങ്ങി. കുഞ്ഞിക്കുട്ടന്റെ കവിതാവാസനയെ മലയാളഭാഷയിലേക്ക് തിരിച്ചു വിടാന്‍ പിതാവായ വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാട് കാരണക്കാരനായി. വളരെ ചെറുപ്പത്തില്‍ത്തന്നെ കാവ്യം, വ്യാകരണം, തര്‍ക്കം എന്നിവ ഗുരുക്കന്‍മാരുടെ കീഴില്‍ അഭ്യസിക്കുകയും അവയില്‍ പ്രാവീണ്യം കൈവരിക്കുകയും ചെയ്തു. പ്രകാശിതങ്ങളായ കൃതികളില്‍ ആദ്യത്തേതെന്നു പറയാവുന്ന ‘കവിഭാരതം ‘ രചിച്ചത് കൊ. വ 1062-ല്‍ ആയിരുന്നു. അതായത് കേവലം 22 വയസ്സില്‍ തന്നെ അദ്ദേഹം ഭാഷാകവികളുടെ കൂട്ടത്തില്‍ ഉത്കൃഷ്ടമായ സ്ഥാനത്തിന് അവകാശിയായി കഴിഞ്ഞിരുന്നു. ദ്രുതകവനപാടവത്തില്‍ ഏറെ അനുഗൃഹീതനായിരുന്നു തമ്പുരാന്‍. എപ്പോള്‍ വേണമെങ്കിലും നിമിഷവേഗം കൊണ്ട് കവിതയുണ്ടാക്കുമായിരുന്നു. പക്ഷെ അടുത്ത നിമിഷം അത് മറക്കുകയും ചെയ്യും. ‘ആശ്ചര്യചൂഢാമണി ‘യിലെ ഒരേ ശ്ലോകത്തിന് 18 തര്‍ജ്ജമകള്‍ ചെയ്യാന്‍ തമ്പുരാന് കഴിഞ്ഞുവെന്ന് മഹാവി ഉള്ളൂരും ശ്രീ.പി.വി. കൃഷ്ണ വാരിയരും രേഖപ്പെടുത്തിയിട്ടുണ്ട്. നിത്യസഞ്ചാരിയായിരുന്ന അദ്ദേഹം യാത്രാവേളകള്‍ വിജ്ഞാനസമ്പാദനത്തിനും പ്രയോജനപ്പെടുത്തി. സമഭാവന, ശാന്തത, പരിഷ്‌കൃതഹൃദയത എന്നീ സദ്ഗുണങ്ങളാല്‍ ശ്രേഷ്ഠനായിരുന്ന തമ്പുരാനെ സരസനായ അമ്പാടി നാരായണപ്പൊതുവാള്‍ വര്‍ണ്ണിക്കുന്നത് ‘ തലനിറച്ചു കുടുമ, ഉള്ളു നിറച്ചു പഴമ, ഒച്ചപ്പെടാത്ത വാക്ക്, പുച്ഛം കലരാത്ത നോക്ക്, നനുത്ത മെയ്യ്, കനത്ത ബുദ്ധി, നാടൊക്കെ വീട്, നാട്ടാരൊക്കെ വീട്ടുകാര്‍ ‘ എന്നാണ് .

. കൊ.വ 1078 ല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പത്രാധിപരും അപ്പന്‍ തമ്പുരാന്‍ ഉപപത്രാധിപരും ആയി പ്രസിദ്ധീകരണം ആരംഭിച്ച ‘രസികരഞ്ജിനി ‘ എന്ന മാസിക ഏറെ വിഭവസമൃദ്ധമായ ഉള്ളടക്കത്താല്‍ സഹൃദയര്‍ക്കിടയില്‍ പ്രസിദ്ധമായി. ‘ മാസികയില്‍ അനവധി ഗദ്യലേഖനങ്ങള്‍, നിരൂപണങ്ങള്‍, മംഗളങ്ങള്‍, മുക്തകങ്ങള്‍, കവിതകള്‍ എന്നിവ തമ്പുരാന്റെതായി യുട്ടാണ്ടായിരുന്നു. അതുപോലെ മഹനീയമായ ഒരു മാസിക നമ്മുടെ നാട്ടില്‍ അതിനു മുമ്പും പിമ്പും പിറന്നിട്ടില്ല” എന്ന് മഹാകവി ഉള്ളൂരിന്റെ പ്രശംസയ്ക്ക് പ്രസ്തുത മാസിക പാത്രമായി. സ്വന്തം പത്രാധിപത്യത്തിലുള്ള രസികരഞ്ജിനിയ്ക്കു പുറമേ അക്കാലത്തെ മിക്ക മാസികകളും പത്രങ്ങളുമായും തമ്പുരാന്‍ നിതാന്തബന്ധം പുലര്‍ത്തിയിരുന്നു. കൊ.വ. 1084 ല്‍ തൃശൂരില്‍ നിന്ന് നമ്പൂതിരിമാരുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘ മംഗളോദയം ‘ മാസികയ്ക്കാവശ്യമായ ലേഖനങ്ങള്‍ നല്‍കി സമ്പന്നമാക്കുന്നതിലും തമ്പുരാന്റെ വലിയ പങ്കുണ്ടായിരുന്നു. തമ്പുരാന്റെ കവിതകളെന്ന പോലെ ഗദ്യലേഖനങ്ങളും ദ്രുതരചനകളായിരുന്നു എന്ന് തമ്പുരാന്റെ ജീവചരിതം എഴുതിയ ശ്രീ.കെ.ടി. രാമവര്‍മ്മ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘ഒരു ദിവസം തമ്പുരാന്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വരികയും വള്ളത്തോളിനോട് ‘നമുക്ക് ഇന്ന് പൊടിപാറി ചതുരംഗം വയ്ക്കണം ‘ എന്നു പറയുകയും ചെയ്തു. ആവാം , എന്നാല്‍ ആദ്യം , ‘രാമാനുജന്‍ ‘ മാസികയ്ക്ക് ഒരു ലേഖനം എഴുതിത്തരണം. അതിന്റെ അച്ചടി ഇപ്പോള്‍ത്തന്നെ വൈകിയിരിക്കുന്നു ‘ എന്ന് വള്ളത്തോളിന്റെ മറുപടി. ‘ കുറച്ചു കളിച്ചതിനു ശേഷം ലേഖനമെഴുതാം ‘ എന്ന് തമ്പുരാന്‍. ‘ കളി തുടങ്ങിയാല്‍ കാര്യം നടക്കില്ല. അതിനാല്‍ കാര്യം കഴിഞ്ഞിട്ടു മതി കളി ‘ എന്നു വള്ളത്തോളും. ‘ തന്നെക്കൊണ്ടു തോറ്റു . കടലാസും പെന്‍സിലും കൊണ്ടു വരൂ”. ആ സന്ദര്‍ഭത്തില്‍ ഒറ്റ മണിക്കൂര്‍ കൊണ്ട് എഴുതിയതാണ് ‘ആലത്തിയൂര്‍ ഗ്രാമം’ എന്ന ലേഖനം . ആ ഗ്രാമത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും അവിടത്തെ കലാകാരന്‍മാരെയും പണ്ഡിതന്‍മാരെയും പ്രമാണസഹിതം വിവരിക്കുന്ന ലേഖനം സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥി പാഠം ഉരുവിട്ട് ചെയ്യുന്നതു പോലെ നിഷ്പ്രയാസമായാണ് തമ്പുരാന്‍ പറഞ്ഞതത്രെ. ( അകവൂര്‍ നാരായണന്‍) ജ്ഞാനം നേടുവാന്‍ ശ്രമിക്കുന്നവരുടെ ജാതിയോ മതമോ നോക്കാതെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ മനസ്സ് തമ്പുരാനുണ്ടായിരുന്നു. ഒരിക്കല്‍ തമ്പുരാനെ സന്ദര്‍ശിക്കാന്‍ കോവിലകത്ത് പണ്ഡിറ്റ് കറുപ്പന്‍ ചെന്നുവത്രെ. വന്നയാളുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യവും ജ്ഞാനതൃഷ്ണയും തിരിച്ചറിഞ്ഞ തമ്പുരാന്‍ അദ്ദേഹത്തെ അകത്തേയ്ക്ക് ക്ഷണിച്ചിരുത്തി സംസാരിക്കുകയുണ്ടായി. കോവിലകത്ത് ഇതിനെക്കുറിച്ച് ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നു വന്നപ്പോള്‍ ‘ വിദ്യയ്ക്ക് അസ്പൃശ്യതയില്ല” എന്ന് തമ്പുരാന്‍ മറുപടി പറഞ്ഞുവത്രെ. ബാല്യത്തില്‍ കെ.പി. കറുപ്പന്‍ രചിച്ച ‘ ലങ്കാമര്‍ദ്ദന ‘ മെന്ന നാടകം വായിച്ച ശേഷം അന്നു ‘രസികരഞ്ജിനി ‘ പത്രാധിപരായിരുന്ന തമ്പുരാന്‍ അതിനെ വിലയിരുത്തി എഴുതിയ അംഗീകാരക്കുറിപ്പിലെ ഒരു ഭാഗം :

‘ ബാലനായ കവിയില്‍ പ്രിയത്തൊടും
ലാലനാമധുരമോതുകല്ല ഞാന്‍
ശീലമോടിവനൊഴുക്കില്‍ മേല്‍ക്കുമേല്‍
ചാലവേ കയറുമില്ല സംശയം ‘ .

ഭാരതവിലാസം സഭ
ഇരിക്കുന്നവരിൽ ഇടത്തുനിന്ന് അഞ്ചാമത്തേത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ: ref: Wikipedia

വിവിധ മേഖലകളില്‍ അഗാധപാണ്ഡിത്യം ആര്‍ജ്ജിച്ചയാളായിരുന്നു തമ്പുരാന്‍. കവി, ഗദ്യകാരന്‍, ചരിത്ര ഗവേഷകന്‍ , ഭാഷാപോഷകന്‍, സാഹിത്യാചാര്യന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ പ്രതിഭ ആവിഷ്‌ക്കരിക്കപ്പെട്ടിരുന്നു. തമ്പുരാന്റെ വാങ്മയം അതിശയകരമാം വിധം ബൃഹത്തായതാണ്. കാവ്യങ്ങള്‍, രൂപകങ്ങള്‍, ഗാഥകള്‍, ശാസ്ത്രഗ്രന്ഥങ്ങള്‍, ഭാഷാന്തരീകൃതങ്ങള്‍ എന്നിങ്ങനെയായി വിപുലപ്പെട്ടു കിടക്കുന്നതാണവ.

30 സര്‍ഗ്ഗങ്ങളിലായി രചിയ്ക്കാനുദ്ദേശിച്ച ‘കേരളം മഹാകാവ്യം ‘ പ്രത്യേകം പ്രതിപാദിക്കേണ്ടതാണ്. അതില്‍ 10 സര്‍ഗ്ഗങ്ങളെങ്കിലും എഴുതി പൂര്‍ത്തീകരിച്ചിരിക്കുമെന്നാണ് സമകാലീനരായവര്‍ അഭിപ്രായപ്പെടുന്നത്. പക്ഷെ പ്രസിദ്ധീകൃതമായ നിലയില്‍ അഞ്ച് സര്‍ഗ്ഗങ്ങള്‍ മാത്രമേ ലഭ്യമായുള്ളൂ. ഗവേഷണ കുതുകിയും ചരിത്രാന്വേഷകനുമായ ഒരു പഠിതാവിനെ നമുക്ക് ഈ കൃതിയില്‍ കാണാം. കേരളോല്പത്തി മുതലുള്ള ചരിത്രത്തെ അത്യധികം ഹൃദ്യമായ കവിതയായി ഈ കൃതിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. കേരളത്തിന്റെ ഏറെ പഴമയുള്ള ചരിത്രത്തെയും സംസ്‌ക്കാരത്തെയും ഭരണത്തെയുമെല്ലാം ഉജ്വലമായ കവിതാരൂപത്തില്‍ മറ്റാരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ എന്നു സംശയമാണ്. 5 സര്‍ഗ്ഗങ്ങളിലായി 649 ശ്ലോകങ്ങളിലൂടെ തമ്പുരാന്‍ കേരളപ്പഴമയുടെ കാവ്യപ്പെരുമഴ സൃഷ്ടിച്ചിരിക്കുന്നത് ഏറെ അതിശയകരമാണ്.

പ്രസ്തുത മഹാകാവ്യത്തിനു പുറമേ ഹംസസന്ദേശം , മദിരാശിയാത്ര തുടങ്ങി 30 ലധികം ഖണ്ഡകാവ്യങ്ങള്‍ തമ്പുരാന്റെ തൂലികയില്‍ നിന്ന് പിറവിയെടുത്തു. ആനുകാലിക വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന 60 ലധികം കാവ്യങ്ങള്‍, 35 ഓളം കീര്‍ത്തന -സ്ത വങ്ങള്‍ , 13 ലധികം നാടകങ്ങള്‍, 75 ലധികം ഗദ്യലേഖനങ്ങള്‍ , കുറച്ചു ശാസ്ത്ര ഗ്രന്ഥ്രങ്ങള്‍, 15 സംസ്‌കൃത കൃതികള്‍ എന്നിവയും അദ്ദേഹത്തിന്റെതായുണ്ട്. ഇവയ്ക്കു പുറമേ രസകരമായ മറ്റൊരു വസ്തുത അദ്ദേഹത്തിന്റെ കവിതാക്കത്തുകളായിരുന്നു. പതിനായിരം കത്തുകളെങ്കിലും ശ്ലോകരൂപത്തില്‍ എഴുതിയിട്ടുണ്ടാകുമത്രെ. സൗഖ്യാന്വേഷണം, പ്രോത്സാഹനം എന്നിവയെല്ലാം ശ്ലോക കത്തുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്രയേറെ പ്രതിഭാസമ്പന്നനായിരുന്ന തമ്പുരാനെ നേരില്‍ക്കാണാത്തവര്‍ക്കും മനസ്സില്‍ കാണാവുന്ന വിധം വൈലോപ്പിള്ളി വരച്ചുകാട്ടുന്നുണ്ട്.

‘ നെഞ്ഞില്‍ക്കാണാവൂ നാമാക്കടലൊളി കലരും ധീരനെ, ബ്ഭസ്മരേഖാ – മഞ്ജുശ്രീ ഫാലപാര്‍ശ്വേ കലയുടെ മുടി ചൂ –ടുന്നൊരത്തമ്പുരാനെ, കുഞ്ഞിക്കൈയാല്‍ വലിക്കെ, ക്കവിത കസവു ചേര്‍ക്കുന്ന തോള്‍മുണ്ടു നീളും കുഞ്ഞിക്കുട്ടാഖ്യനെ, സ്സൗഹൃദ സിതമണിയാം സുസ്മിതം തഞ്ചുവോനെ ‘ (ചരിത്രത്തിലെ ചാരുദൃശ്യം)

കൊട്ടാരത്തില്‍ ശങ്കുണ്ണിയെ പ്രോത്സാഹനം നല്‍കി അനേകം കൃതികളുടെ രചനയിലേക്ക് നയിച്ചത് തമ്പുരാനായിരുന്നു . ശങ്കുണ്ണിക്കയച്ച കത്തുകളിലെ ചിലത്:

‘ജനിച്ചിടുമ്പോള്‍ കവിവര്യനായി – ജ്ജനിച്ചേരാളാരിഹ പാരിടത്തില്‍ ?
നിനയ്ക്കുകുത്സാഹസുധാരസത്താല്‍ നനയ്ക്കില്‍ നേരേ വളരാത്തതുണ്ടോ?’

എന്നും ,

‘മതി മതി താങ്കള്‍ പറഞ്ഞതു മതിമന്‍ ! മായയില്‍ മയങ്ങുകില്ലീ ഞാന്‍ മതിയാം ‘കുമാരസംഭവ- ‘ മതിനായ് വേഗം ചമയ്ക്ക ഭാഷയതില്‍ ‘ ( ‘കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ‘ – ഡോ.കെ.ടി. രാമവര്‍മ്മ ) .

സംസ്‌കൃത പദങ്ങളുടെ സഹായം കൂടാതെ ഒരു കാവ്യം മുഴുവനായി രചിയ്ക്കാന്‍ സാധിയ്ക്കയില്ലെന്ന ചില പണ്ഡിതരുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച തമ്പുരാന്‍ ‘നല്ല ഭാഷ ‘ എന്ന കാവ്യം മലയാള പദങ്ങള്‍ മാത്രം ഉപയോഗിച്ച് രചിയ്ക്കുകയും ചെയ്തു. പച്ചമലയാള പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു തന്നെ തമ്പുരാനായിരുന്നു. എന്നാല്‍ ഇതിനെ ഒരു സാഹിത്യ വിനോദമെന്നല്ലാതെ സംസ്‌കൃതപദങ്ങളെ ഭാഷാകവിതയില്‍ നിന്നു ബഹിഷ്‌ക്കരിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നില്ല എന്ന് ഉള്ളൂര്‍ മഹാകവി അഭിപ്രായപ്പെടുന്നു.

കൊ.വ. 1070 മുതല്‍ 1080 വരെ യുള്ള പത്തു വര്‍ഷക്കാലം തമ്പുരാന്റെ വിവര്‍ത്തനങ്ങളുടെ കാലഘട്ടമായി അടയാളപ്പെടുത്താം. സംസ്‌കൃതകാവ്യ വിവര്‍ത്തനങ്ങളും ‘ ഹാംലറ്റ് ‘ ‘ ഒഥല്ലോ’ എന്നീ ഷേക്‌സ്പിയര്‍ നാടകങ്ങളും വിവര്‍ത്തനം ചെയ്യപ്പെട്ടു. ‘കാദംബരീ കഥാസാരം ‘ ‘ശങ്കരാചാര്യചരിതം ‘ ‘ശുകസന്ദേശം’ ‘കോകിലസന്ദേശം ‘ വിവര്‍ത്തനം ചെയ്തത് സാഹിത്യകുശലന്‍ ടി.കെ കൃഷ്ണ മേനോന്റെ അപേക്ഷയെ മാനിച്ചായിരുന്നു. കേരളീയനായ ഗോവിന്ദാനന്ദന്റെ കൃതിയുടെ വിവര്‍ത്തനമായ ‘ ശങ്കരാചാര്യചരിതം ‘ ഉജ്വലമായ ഒന്നാണ്. ഉദാഹരണമായി, സര്‍വജ്ഞപീഠം കയറിയ ശേഷം ശിഷ്യരോടൊപ്പം ശ്രീശങ്കരന്‍ തൃശ്ശിവപേരൂര്‍ക്ക് എത്തിച്ചേരുന്ന ഭാഗം ഇങ്ങിനെ വര്‍ണ്ണിക്കുന്നു.

‘ മാന്യന്‍മാരാം സഭാവാസികള്‍ മുഴുവനുമേ വന്നു വന്ദിച്ചു നന്ദി – ച്ചന്യൂനം വാഴ്ത്തിടും ശങ്കരഗുരു വൃഷഭന്‍ പൂജ്യരാം ശിഷ്യരോടും പിന്നെപ്പോന്നിട്ടു പുണ്യസ്ഥലനില പലതും കണ്ടു തീര്‍ത്ഥാടനത്താല്‍ – ത്തന്നേ ശ്രീ കേരളത്തില്‍പ്പുകഴിന ശിവപേ – രൂരലെത്തീ ക്രമത്തില്‍ ‘ ഷേക്‌സ്പിയറുടെ ഹാംലറ്റ് പരിഭാഷയില്‍ തമ്പുരാന്‍ തൃപ്തനായിരുന്നില്ല എന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണിയച്ച കത്തില്‍ നിന്ന് വ്യക്തമാകും. ശുദ്ധമലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതില്‍ കടന്നുവന്നേക്കാവുന്ന ന്യൂനതകളെ സൂചിപ്പിക്കുന്ന ആ കത്തിന്റ അവസാനം ഇങ്ങിനെയാണ്

‘ എന്നാലുമിംഗ്ലീഷറിയും ജനങ്ങള്‍
നന്നായിയെന്നായ് പറയും ചിലേടം
ഒന്നാണെനിക്കിയ്യിതില്‍ മെച്ചമിംഗ്ലീ –
ഷിന്‍ നാറ്റമേല്‍ക്കാതിതു ചെയ്തുവല്ലോ!

മഹാഭാരതം വിവര്‍ത്തനം
കൈരളിയുടെ സാഹിത്യസമ്പത്തിലേക്കായി തമ്പുരാന്‍ നല്‍കിയ ഏറ്റവും ഉന്നതമായ സംഭാവന പദാനുപദവും വൃത്താനുവൃത്തവുമായി മലയാളത്തിലേക്ക് പരിഭാഷ ചെയ്ത ‘മഹാഭാരതമാണ്. ഒരു ലക്ഷം ശ്ലോകങ്ങളിലധികമുള്ള മഹാഭാരതം രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ട് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലൂടെ തമ്പുരാന്‍ വിശ്വവിസ്മയമായി മാറുകയായിരുന്നു. കൊ.വ. 1067 ല്‍ മഹാഭാരതം പകുത്ത് തമ്പുരാനുള്‍പ്പെടെ പന്ത്രണ്ടു പേര്‍ ചേര്‍ന്ന് തര്‍ജമ ചെയ്യാന്‍ ഒരു ശ്രമം നടക്കുയുണ്ടായി . പക്ഷെ പലരുടെയും അമാന്തം കാരണം അത് പൂര്‍ണ്ണമായില്ല. കോട്ടക്കല്‍ കോവിലകത്തെ തമ്പുരാന്റെ വാസകാലത്ത് പന്ത്രണ്ടു വര്‍ഷം കൊണ്ടു തീരുന്ന ഒരു കുറിയുടെ ആദ്യ നറുക്ക് നടക്കുയുണ്ടായി. ഇത് കണ്ട തമ്പുരാന്‍ അഞ്ചാറു കൊല്ലം പരിശ്രമിച്ചാല്‍ ഭാരതവും പരിഭാഷപ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമല്ലോ എന്ന ചിന്തയ്ക്കു വിധേയനാവുകയും ‘ഉടനെ തുടങ്ങിക്കളയാം’ എന്ന് തീരുമാനിക്കുകയും ചെയ്തു. എഴുത്താരംഭിക്കുന്നതിന് തലേദിവസം രാത്രി ‘ സമുദ്രം ചാടിക്കടക്കുവാനുറച്ച് മഹേന്ദ്ര പര്‍വതത്തിന്റെ മുകളില്‍ കയറി നിന്ന് സമുദ്രമൊന്നു നോക്കിക്കണ്ട ഹനുമാന്റെ നിലയാണെന്റേത്. നോക്കിയാല്‍ അറ്റം കാണുന്നില്ല ‘ എന്ന് തമ്പുരാന്‍ പറഞ്ഞതായി കോട്ടയ്ക്കല്‍ വീരരായന്‍ രാജ വിവരിക്കുന്നു. ‘പിറ്റെ ദിവസം രാവിലെ എഴുന്നേറ്റ് കുളിയും തേവാരവുമെല്ലാം കഴിച്ച് വേട്ടയ്‌ക്കൊരു മകനെ ചെന്നു തൊഴുത് ഒരു ‘പന്തീരായിരം ‘ കഴിക്കാമെന്നു പ്രാര്‍ത്ഥിച്ചു. നേരെവന്നു പുസ്തകമെടുത്ത് തര്‍ജ്ജമ തുടങ്ങി ‘ പ്രതിദിനം 50 ശ്ലോകങ്ങള്‍ വീതം തര്‍ജ്ജമ ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. രാവിലെ 7 മണി മുതല്‍ 9 മണി വരെ സമയം ഇതിനായി ഉപയോഗിക്കണമെന്നും തീരുമാനിച്ചു. ഈ ക്രമം നിഷ്ഠയോടെ തുടര്‍ന്ന് അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വിവര്‍ത്തനം പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയം. ആദ്യത്തെ അഞ്ചാറു മാസം മൂലശ്ലോകം വായിക്കുക, ആലോചിക്കുക, പിന്നീട് തര്‍ജ്ജമ പറഞ്ഞു കൊടുക്കുക എന്ന രീതിയായിരുന്നു. രണ്ട് മാസം കഴിഞ്ഞപ്പോള്‍ തര്‍ജ്ജമ ചെയ്യുന്ന ശ്ലോകങ്ങളുടെ എണ്ണം നൂറായി വര്‍ദ്ധിപ്പിച്ചു. അമിതമായ ഉത്സാഹം തോന്നിയ ദിവസങ്ങളില്‍ രണ്ടു മണിക്കൂറിനുള്ളില്‍ 300 ശ്ലോകങ്ങള്‍ വരെ തര്‍ജ്ജമ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു . ശ്ലോകം വായിച്ച് അതിന്റെ തര്‍ജ്ജമ പറഞ്ഞു കൊടുക്കുകയും മറ്റൊരാള്‍ അത് എഴുതുകയുമായിരുന്നു. വിവര്‍ത്തനം പറഞ്ഞു കൊടുക്കുമ്പോള്‍ എഴുതിയെടുത്തിരുന്ന ആളെ തമ്പുരാന്‍ ‘ഗണപതി ‘എന്നാണ് വിളിച്ചിരുന്നതത്രെ. കുറച്ചൊക്കെ സംസ്‌കൃത വ്യുല്‍പത്തിയും എഴുത്തില്‍ നല്ല കൈവേഗവും ഉള്ളവരായിരിക്കണം എഴുതിയെടുക്കേണ്ടത് എന്ന കാര്യത്തില്‍ തമ്പുരാന് നിര്‍ബന്ധമുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും എഴുതിയെടുക്കുക എന്ന കര്‍ത്തവ്യം മുഖ്യമായും നിര്‍വഹിച്ചത് പി.വി.കൃഷ്ണവാരിയര്‍ ആയിരുന്നു. അദ്ദേഹത്തിന് സാധിക്കാത്ത ദിവസങ്ങളില്‍ മറ്റ് ചിലരും എഴുതിയെടുത്തിരുന്നു. യാത്രാവേളകളില്‍ തേലപ്പുറത്ത് നാരായണന്‍ നമ്പിയെ എഴുതിയെടുക്കാന്‍ കൂടെക്കൊണ്ടുപോകുമായിരുന്നു. ചെല്ലുന്ന സ്ഥലങ്ങളില്‍ വച്ച് തര്‍ജ്ജമ നിര്‍വിഘ്‌നം നടത്തുവാന്‍ തമ്പുരാന്‍ ശ്രദ്ധിച്ചിരുന്നു. ദിവസങ്ങള്‍ മുന്നോട്ടു പോകുന്തോറും ശ്ലോകം നോക്കുകയും ഉടനടി തര്‍ജ്ജമ പറയുകയും ചെയ്യുക എന്ന വിധത്തിലേക്കായി. ‘ അവിടത്തെ എഴുത്തുകാരനായിരിക്കാനുള്ള ഭാഗ്യം ഒരിക്കല്‍ക്കൂടി എനിക്കു സിദ്ധിച്ചു. ഒരു നൂറു ശ്ലോകം തര്‍ജ്ജമ ചെയ്യുന്നതിന് ഒരു മണിക്കൂറിലധികം സമയം അവിടന്ന് എടുത്തിരുന്നില്ല. പുസ്തകം നോക്കി വായിക്കലാണെന്നേ തര്‍ജ്ജമ പറയുന്നതു കേട്ടാല്‍ തോന്നുകയുള്ളൂ” എന്ന് കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ വിവരിക്കുന്നുണ്ട്. ( കെ.ടി. രാമവര്‍മ്മ) . കേട്ടെഴുതുന്നവര്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചാല്‍ അവ നല്ലതെങ്കില്‍ സ്വീകരിക്കാനുള്ള വലിയ മനസ്സും തമ്പുരാന്‍ പ്രകടിപ്പിച്ചിരുന്നുവത്രെ. തര്‍ജ്ജമയുടെ സൗന്ദര്യവും മേന്‍മയും പ്രകടമാക്കുന്ന രണ്ടു ശ്ലോകങ്ങള്‍ ഉള്ളൂര്‍ ഉദ്ധരിക്കുന്നുണ്ട് :

മൂലം: സുലഭാ: പുരുഷാ രാജന്‍ സതതം പ്രിയവാദിന : അപ്രിയസ്യ ച പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ല്ലഭ :

തര്‍ജ്ജമ : ആളേറെയുണ്ടാം രാജാവേ! നിത്യം സേവ പറഞ്ഞിടാന്‍
സേവ വിട്ടു ഹിതം ചൊല്‍വോന്‍ കേള്‍ക്കുവോനും ചുരുക്കമാം ‘

മറ്റൊന്ന് ശ്രീമദ് ഭഗവദ് ഗീതയിലെ പ്രസിദ്ധമായ ശ്ലോകം:

മൂലം : ക്ലൈബ്യം മാ സ്മ ഗമ പാര്‍ത്ഥ!
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയ ദൗര്‍ബ്ബല്യം
ത്യക്തോത്തിഷ്ഠ ! പരന്തപ ‘

എന്നതിനെ

‘ ക്ലീബത്വമേല്‌ക്കൊലാ പാര്‍ത്ഥ ! നിനക്കൊക്കില്ലതൊട്ടുമേ
തുച്ഛമിച്ചിത്ത ദൗര്‍ബല്യം വിട്ടേല്‍ക്കുക പരന്തപ !’

എന്നും വിവര്‍ത്തനം ചെയ്തിരിക്കുന്നു. ഇത്രയും ബൃഹത്തായ ഒരു കൃതിയുടെ പരിഭാഷയില്‍ പാകപ്പിഴകള്‍ ഉണ്ടായിരിക്കാം എന്ന് അദ്ദേഹം കരുതിയിരുന്നു .
‘തെറ്റുള്ളേടം തിരുത്തട്ടെ തെറ്റു കാണുന്ന സജ്ജനം
മറ്റുള്ളോര്‍ വേല ചെയ്‌തെന്നേ – പറ്റുള്ളൂ, പിഴയും ശുഭം ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉദാര മനോഭാവം.

1082 കന്നി 12 തീയതി കൊടുങ്ങല്ലൂര്‍ വച്ച് മഹാഭാരതം മുഴുവന്‍ തര്‍ജ്ജമ ചെയ്തു തീര്‍ത്തു. 874 ദിവസങ്ങള്‍ കൊണ്ടാണ് അതിവിപുലമായ ഈ കൃത്യം നിര്‍വഹിച്ചു പൂര്‍ത്തീകരിച്ചത്. ഭാരതവിവര്‍ത്തനത്തിനു പയോഗിച്ചിരുന്ന ഗ്രന്ഥങ്ങളും വിവര്‍ത്തിത ഭാഗങ്ങളുടെ അസ്സല്‍പ്പകര്‍പ്പുകളും സൂക്ഷിച്ചിരുന്ന ഒരു മുറി കോട്ടയ്ക്കല്‍ കോവിലകത്ത് ‘ഭാരതമുറി ‘ എന്ന് ഭക്ത്യാദരത്തോടെ വിളിയ്ക്കുന്നിടത്ത് ഇന്നുമുണ്ടത്രെ. കൊടുങ്ങല്ലൂരിലെ പുത്തന്‍ കോവിലകത്തും ഇത്തരമൊരു മുറിയുണ്ടെന്ന് ഡോ. കെ.ടി. രാമവര്‍മ്മ രേഖപ്പെടുത്തുന്നു. മഹാഭാരതം ഒരാള്‍ക്ക് എഴുതിത്തീര്‍ക്കാന്‍ കഴിയുകയില്ലെന്നും വ്യാസന്‍ ഒരാളല്ല എന്ന വാദവും ശക്തമായിരുന്നു . ഈ വാദഗതിയെയാണ് പദാനുപദം പരിഭാഷ പൂര്‍ണ്ണമാക്കിയതിലൂടെ തമ്പുരാന്‍ ഖണ്ഡിച്ചത്. 874 ദിവസങ്ങള്‍ കൊണ്ട് പരിഭാഷ പൂര്‍ത്തിയാക്കാമെങ്കില്‍ മൂലവും ഒരാള്‍ക്കു തന്നെ രചിച്ചു തീര്‍ക്കാം എന്നത് സുസാധ്യമാണെന്നാണല്ലോ ഈ ഭാഷാവല്ലഭന്‍ തെളിയിച്ചത്? ഈ മഹായജ്ഞ പൂര്‍ത്തീകരണത്തെ സാര്‍ത്ഥകമായ വരികളില്‍ വൈലോപ്പിള്ളി കുറിച്ചിടുന്നു :

‘തൂണില്‍ കാവ്യം തുളുമ്പും തുറമുഖമിതില്‍ നിന്നന്നൊരാള്‍
കൊച്ചു നാടന്‍ – തോണിക്കുള്ളില്‍ കടന്നാന്‍
ഭയജനകമഹാഭാരതത്തിന്‍ സമുദ്രം
മാണിക്യച്ചുണ്ടില്‍ വേദക്കനിയൊടു-
മണിയത്തുണ്ടു കുഞ്ചന്റെ കീരം,
ചേണില്‍ക്കാര്‍മിന്നലഞ്ചും
ചിരിയൊടുമമരത്താളിതാര്‍, കാളിതാനോ ‘
കേരളവ്യാസനും കേരളവാത്മീകിയും :

മഹാഭാരതം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് കേരളവ്യാസനെന്ന പേരില്‍ പ്രസിദ്ധനായ കുഞ്ഞിക്കൂട്ടന്‍ തമ്പുരാനും വാല്‍മീകിരാമായണത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ”കേരളവാല്മീകി ”എന്നു വിലയിരുത്തപ്പെട്ട വള്ളത്തോള്‍ നാരായണമേനോനും ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നു എന്നതും അവരുടെ പരിഭാഷായത്‌നം ഏറെക്കുറെ ഒരു കാലത്തായിരുന്നുവെന്നതും കൗതുകകരമാണ്. ‘കേരളപാണിനി ‘ എന്നറിയപ്പെട്ടിരുന്ന എ.ആര്‍. രാജരാജവര്‍മ്മയുടെയും ‘കേരള കാളിദാസന്‍ ‘എന്നറിയപ്പെട്ടിരുന്ന കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെയും സാഹിത്യജീവിതവും പ്രസ്തുത കാലഘട്ടത്തിലായിരുന്നു. ചുരുക്കത്തില്‍ മലയാള ഭാഷയുടെ സാഹിത്യസമ്പന്നത ഇത്രയേറെ വൈശിഷ്ട്യം കൈവരിച്ച മറ്റൊരു കാലഘട്ടമുണ്ടാകാനിടയില്ല ,’ ഭാരതത്തോളം വലുതായി കേരളം ‘ എന്നു പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വര്‍ണ്ണിക്കാവുന്ന കാലം ! കൊ.വ 1079 ധനുമാസം തമ്പുരാന്റെ പരിഭാഷായജ്ഞം ആരംഭിച്ചെങ്കില്‍ വള്ളത്തോളിന്റെത് 1080 കുംഭത്തിലായിരുന്നു. ഭാഷയിലെ ഉന്നത ശീര്‍ഷരായ ഇവര്‍ തമ്മില്‍ നിറഞ്ഞ സൗഹൃദം പുലര്‍ത്തിയിരുന്നവരുമായിരുന്നു. തമ്പുരാന്റെ തൃശൂര്‍ വാസകാലങ്ങളില്‍ വള്ളത്തോളിന്റെ വസതിയിലെ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം. ഒരിക്കല്‍ തമ്പുരാന്‍ വിളിച്ചിട്ട് കൂടെപ്പോയ കെ.കെ.രാജ വര്‍ണ്ണിക്കുന്നത് ഇങ്ങിനെയാണ് ‘ ഇന്നത്തെ സരസകവികളില്‍ അഗ്രഗണ്യനായ വള്ളത്തോള്‍ നാരായണ മേനവന്റെ വസതിയിലേക്കാണ് ഞങ്ങള്‍ ചെന്നു കയറിയത്, ‘കേരളവാല്‍മീകി ‘ യുടെ ആശ്രമത്തിലേക്കു ചെന്നു കയറുവാന്‍ – ‘കേരളവ്യാസന് ‘ കേവലം ഔത്സുക്യമുണ്ടാകുമെന്നുള്ളത് ഊഹ്യമാണല്ലോ ‘ . ഇവരെ തമ്മില്‍ അടുപ്പിച്ചതു സാഹിത്യം മാത്രമായിരുന്നില്ല. ഇരുവര്‍ക്കും ചതുരംഗത്തില്‍ അസാമാന്യമായ കമ്പമായിരുന്നു. വള്ളത്തോളിന്റെ ഡയറിക്കുറിപ്പുകളില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട് . ‘എന്റെ സ്ഥലത്തു കുഞ്ഞിക്കുട്ടന്‍ തമ്പുരാനും കേശവനും കൂടി വൈകീട്ട് 5 മണിക്ക് തുടങ്ങിയ ചതുരംഗം പുലര്‍ച്ചെ നാലു മണിക്കേ കലാശിച്ചുള്ളു’ . (1084 മകരം 9 ) ‘ രാത്രി എന്റെ പാര്‍പ്പിടത്തില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും താസീല്‍ദാറും നടുവത്തു മഹന്‍ നമ്പൂതിരിയും ഉണ്ട്. പുലര്‍ച്ചെ മൂന്നു മണി വരെ ചതുരംഗം’ (1085 വൃശ്ചികം 20) . അക്കാലത്തെ പ്രമുഖരായ സാഹിത്യപണ്ഡിതന്‍മാര്‍ വ്യാകരണം, ന്യായം, സാഹിത്യം , വ്യാക്യാര്‍ത്ഥം എന്നിവയില്‍ പങ്കെടുത്ത് സംവാദങ്ങളിലേര്‍പ്പെട്ട് വിജ്ഞാനവും പരസ്പര ബഹുമാനവും വര്‍ദ്ധിപ്പിക്കുന്ന വേദികളിലും തമ്പുരാന്‍ സജീവ സാന്നിദ്ധ്യമായിരുന്നു. മേല്‍ വിവരിച്ച സഭകളും സൗഹൃദങ്ങളും സൃഷ്ടിച്ച തേജസ്സും ജ്ഞാനവിനിമയവും ആധുനികമായ ഉപാധികളും സൗകര്യങ്ങളും ഏറെ വര്‍ദ്ധിച്ചിട്ടുള്ള ഇക്കാലത്ത് സാധ്യമാകുന്നില്ലല്ലോ എന്നു പരിതപിക്കാനല്ലേ നമുക്ക് സാധിക്കൂ ?

ജ്ഞാനസൂര്യന്റെ അസ്തമയം –
കൊ.വ. 1088 മകരം 1 ന് തമ്പുരാന് ഉദരസംബന്ധമായ ചില അസ്വസ്ഥതകള്‍ ആരംഭിച്ചു. അന്നത്തെ അറിയപ്പെടുന്ന ഡോക്ടറും മറ്റ് ആയുര്‍വേദ വൈദ്യന്‍മാരും ചികിത്സകള്‍ നല്‍കിയെങ്കിലും അസുഖം ഭേദമായില്ല. 7 ആം തീയതി മുതല്‍ പനി കലശലാവുകയും ബോധക്ഷയമുണ്ടാക്കുകയും ചെയ്തു. ‘ കുഞ്ഞിക്കുട്ടന്‍ സുഖക്കേട് മാറുവാന്‍ വേണ്ടി ഭഗവതിയെ സ്മരിച്ച് കുറെ ശ്ലോകങ്ങള്‍ ഉണ്ടാക്കൂ. ‘ എന്ന് എട്ടാം തീയതി സഹോദരനായ കൊച്ചുണ്ണി തമ്പുരാന്‍ ഉപദേശിച്ചുവത്രെ. തമ്പുരാന്‍ വളരെ വിഷമിച്ച് കിടക്കയില്‍ എഴുന്നേറ്റിരുന്ന് കടലാസും പെന്‍സിലും വാങ്ങി ശ്ലോകങ്ങള്‍ കുറിച്ചു . കൈവിറച്ചിരുന്നതുമൂലം അക്ഷരങ്ങള്‍ അവ്യക്തമായിരുന്നു. രണ്ട് ശ്ലോകങ്ങള്‍ മാത്രമേ വായിക്കാവുന്ന വിധത്തിലുണ്ടായിരുന്നുള്ളൂ. മകരം 10 ന് ( 1913 ജനുവരി 23 ) ഉച്ച കഴിഞ്ഞപ്പോള്‍ രോഗി രക്ഷപെടുകയില്ലെന്ന് ഏതാണ്ട് ഉറപ്പായി. അന്നേ ദിവസം വൈകീട്ട് ഏകദേശം 5 മണിയ്ക്ക് 48 വയസ്സു മാത്രമുണ്ടായിരുന്ന തമ്പുരാന്റെ ജീവിതത്തിന് തിരശ്ശീല വീണു. കേരളീയരെ ആകമാനം ദുഃഖത്തിലാഴ്ത്തിയ ഒന്നായിരുന്നു തമ്പുരാന്റെ വിയോഗം. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, മഹാകവി കുമാരനാശാന്‍ , ഉള്ളൂര്‍ എന്നിങ്ങനെയുള്ളവരെല്ലാം തമ്പുരാന്റെ വിയോഗത്തിലുള്ള ഹൃദയവേദനയും നഷ്ടബോധവും പ്രകടമാക്കുന്ന ചരമക്കുറിപ്പുകള്‍ എഴുതി. സാഹിത്യകാരന്‍മാരും പണ്ഡിതന്‍മാരും മാത്രമല്ല കൊടുങ്ങല്ലൂര്‍ കോവിലകത്തു പതിവായി ചെല്ലുമായിരുന്ന ഗോസായിമാരും കാക്കാലത്തികളും കടവിലെ കടത്തുകാരും കോട്ടയ്ക്കലെ ചതുരംഗക്കമ്പക്കാരായ മാപ്പിളമാരും പാടത്തു പണിയെടുത്തിരുന്നവര്‍ പോലും ദുഃഖിച്ചു. വലിപ്പച്ചെറുപ്പങ്ങള്‍ നോക്കാതെ എല്ലാവരുമായും സ്‌നേഹബന്ധം സ്ഥാപിക്കുന്നതില്‍ തമ്പുരാന്‍ പുലര്‍ത്തിയ മനോഭാവമായിരുന്നു ഇതിനു കാരണം. ഭാഷയുടെ പരിപോഷണത്തിനു വേണ്ടി തന്റെ ജീവിതത്തിലെ ഓരോ ദിവസവും സമര്‍ത്ഥമായും സഫലമായും സമര്‍പ്പണം ചെയ്ത കൈരളിയുടെ സുകൃതമായിരുന്ന അദ്ദേഹത്തെ ഭക്ത്യാദരപൂര്‍വ്വം അനുസ്മരിക്കുക എന്നത് എല്ലാ ഭാഷാ സ്‌നേഹികളുടെയും കടമയാണ്. മഹാകവി ഉള്ളൂര്‍ രേഖപ്പെടുത്തുന്നു ‘നിസ്സംഗനും നിര്‍ലേപനുമായ ഒരു ഋഷികല്പന്റെ നിലയിലാണ് അദ്ദേഹം ലോകയാത്ര ചെയ്തത്. മൂര്‍ത്തിമത്തായ ഉത്സാഹം എന്ന് ആ കവികുലഗുരുവിനെ വര്‍ണ്ണിക്കാം. ‘

ചന്ദ്രശേഖരന്‍ കെ.ആര്‍
ഫോണ്‍:9400444269

Share1TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies