ദ്രാവിഡ സംസ്‌കാരം വ്യത്യസ്തമാണെന്നും, ഹിന്ദുധര്‍മത്തിന് വിരുദ്ധമാണെന്നുമുള്ള ചിന്താഗതിക്ക് അടിത്തറയിട്ടത് ക്രൈസ്തവ മിഷനറിമാരാണ്. മതപരിവര്‍ത്തന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഇത്. തമിഴ് ഭാഷയെയും ആ ഭാഷയിലെ കൃതികളെയും ഇതിനുവേണ്ടി ദുര്‍വ്യാഖ്യാനിച്ചു. വേദോപനിഷത്തുകളും രാമായണ-ഭാരത ഇതിഹാസങ്ങളുമായൊന്നും ബന്ധമില്ലാത്ത ഒന്നാണ് തമിഴ് സംസ്‌കാരമെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഹിന്ദുവിരോധവും ബ്രാഹ്‌മണ വിദ്വേഷവും കൈമുതലാക്കിയ ഇ.വി. രാമസ്വാമി നായ്ക്കര്‍ തുടക്കമിട്ട വിഭാഗീയത പില്‍ക്കാലത്ത് വിഘടനവാദത്തിന് വിത്തുപാകുന്നതായിരുന്നു. ബ്രാഹ്‌മണരുടെ ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത രാമസ്വാമി നായ്ക്കരുടെ വാദഗതികള്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും തമിഴ് പാരമ്പര്യത്തെ നിന്ദിക്കുന്നതുമായിരുന്നു.
സംഘകാല രാജാക്കന്മാര്‍ വൈദികാനുഷ്ഠാനങ്ങള്‍ നടത്തുകയും, സംഘം കവികള്‍ വേദങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍നിന്നും പുരാണങ്ങളില്‍നിന്നും ഭാവനകളും പ്രതിബിംബങ്ങളുമൊക്കെ യഥേഷ്ടം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പറയനെക്കുറിച്ചും പാണനെക്കുറിച്ചും തുതിയനെക്കുറിച്ചുമൊക്കെ പാടുന്ന കവിതകളില്‍ ബ്രാഹ്‌മണര്‍ വേദം ചൊല്ലുന്നതിനെക്കുറിച്ചും പറഞ്ഞിരിക്കുന്നു. മധുര നഗരത്തിന്റെ സവിശേഷതകളിലൊന്നായും, രാജാവിന്റെ മഹത്വത്തിന്റെ ലക്ഷണമായുമാണ് കവി ഇതിനെ കാണുന്നത്.
”മഹത്തായ വേദങ്ങള്‍ അവര്‍ അതിഗംഭീരമായി പാടുന്നു/ശ്രേഷ്ഠമായ ജീവിതം നയിച്ച് അത്യുന്നത മണ്ഡലത്തിലെത്തുന്നു/അവര്‍ ധര്‍മത്തില്‍നിന്ന് വ്യതിചലിക്കുന്നില്ല/എല്ലായ്‌പ്പോഴും അവര്‍ ഹൃദയങ്ങളില്‍ സ്‌നേഹം നിറയ്ക്കുന്നു/ കുന്നുകളില്‍ കൊത്തിയെടുത്തതുപോലുള്ള വീടുകളില്‍ വസിക്കുന്ന ഇവരാണ് ബ്രാഹ്‌മണര്‍.”
മധുനിറഞ്ഞ പൂക്കള്‍ക്കു ചുറ്റും തേനീച്ചകള്‍ മൂളുന്നതുപോലെയാണ് ബ്രാഹ്‌മണര്‍ വേദങ്ങള്‍ ചൊല്ലുന്നത്. മധുരയിലെ പ്രഭാത കാഴ്ചകളിലൊന്നാണിതെന്നും കവി പറയുന്നുണ്ട്. വേദമന്ത്രങ്ങള്‍ കേട്ടാണ്, മറ്റു നഗരങ്ങളിലേതുപോലെ കാക്കക്കൂട്ടങ്ങളുടെ കരച്ചില്‍ കേട്ടല്ല മധുരനിവാസികള്‍ ഉണരുന്നത്. വേദം ചൊല്ലുന്നവരുടെ വിശുദ്ധിയെക്കുറിച്ചും ‘മധുരൈകാഞ്ചി’യുടെ കവി പറയുന്നു. ലഹരിയില്‍ മുങ്ങിയ യുവമിഥുനങ്ങള്‍ കുളിച്ചുല്ലസിക്കുന്ന പുഴയില്‍, അവരുടെ മേനിയിലെ വാസനപ്പൊടി കലര്‍ന്ന ജലത്തില്‍ കുളിക്കാതെ വേദജ്ഞര്‍ തിരിച്ചുപോയെന്ന് ‘പരിപാടല്‍’ എന്ന സംഘം കൃതിയില്‍ പറയുന്നുണ്ട്. ഏറെ ഉദാഹരിക്കപ്പെട്ടിട്ടുള്ള സംഘകാലകൃതിയായ പുറനാനൂറില്‍ ഔവ്വയാര്‍ എഴുതിയ ഒരു കവിതയുണ്ട്. നിതാന്ത ശത്രുക്കളായ ചേര-ചോള-പാണ്ഡ്യ രാജാക്കന്മാരുടെ ബന്ധുക്കള്‍ സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും കഴിയുന്നതാണ് ഔവ്വയാര്‍ കാണുന്നത്. ഇതില്‍ കവയിത്രി അതിയായി സന്തോഷിക്കുകയും, ഒരു കവിത രചിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ കവിത:
‘ഐഹികമായ ശക്തി അഭൗമാണ്. ശക്തനായ ഒരു പരദേശിക്ക് രാജാവിനെ പുറത്താക്കാന്‍ കഴിയും. അണിഞ്ഞൊരുങ്ങിയ കന്യകമാര്‍ സുവര്‍ണചഷകത്തിലേക്ക് പകരുന്ന മദ്യം നിങ്ങള്‍ ആസ്വദിക്കുന്നതുപോലെ യോഗ്യരായ ബ്രാഹ്‌മണര്‍ക്ക് പുഷ്പങ്ങള്‍ക്കും ജലത്തിനുമൊപ്പം കൈനിറയെ സ്വര്‍ണം നല്‍കുക. ഈ സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കൊപ്പം എപ്പോഴും അതുണ്ടാവും. ഈ പുണ്യവൃത്തികളാകുന്ന വഞ്ചിയിലൂടെ അവര്‍ക്ക് ലോകത്തിന്റെ മറുകര താണ്ടാനാവും. ബ്രാഹ്‌മണന്റെ ഗൃഹത്തിലെ മൂന്ന് അഗ്നിനാളങ്ങളെപ്പോലെ നിങ്ങള്‍ മൂന്നുപേരും (ചേര-ചോള-പാണ്ഡ്യ രാജാക്കന്മാരുടെ ബന്ധുക്കള്‍) ഒരുമിച്ചു കഴിയുക. ആകാശത്തെ നക്ഷത്രങ്ങളെപ്പോലെയും മഴത്തുള്ളികള്‍പോലെയും അനേകനാളുകള്‍ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയട്ടെ.’
പുറനാനൂറിലെ മറ്റൊരു കവിത ചേര രാജാവിനെ വാഴ്ത്തുന്നുണ്ട്. ബ്രാഹ്‌മണര്‍ സന്ധ്യാദീപങ്ങളാകുന്ന മാനുകളെ പരിപാലിക്കുന്നതുപോലെയാണ് രാജാവ് സ്വന്തം പ്രജകളെ സംരക്ഷിക്കുന്നത്. ഹിമാലയത്തിലും പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തെ പൊതിയത്തിലുമാണ് ബ്രാഹ്‌മണര്‍ ഇങ്ങനെ ചെയ്യുന്നതെന്നും പറയുന്നു.
സംഘംകൃതികളിലെ ബ്രാഹ്‌മണര്‍
ബ്രാഹ്‌മണര്‍ അനുഷ്ഠിക്കേണ്ട സപ്തകര്‍മങ്ങളെക്കുറിച്ച് വേദങ്ങള്‍ പറയുന്നുണ്ടല്ലോ. വേദപാരായണം, വേദം പഠിപ്പിക്കല്‍, യജ്ഞം ചെയ്യല്‍, യജ്ഞം നടത്താന്‍ സഹായിക്കല്‍, സേവനം നല്‍കുകയും സേവനം സ്വീകരിക്കുകയും ചെയ്യുക എന്നിവയാണിത്. പുറനാനൂറും ഇതുതന്നെ പറയുന്നു. പതിറ്റുപ്പാട്ട് ഈ സപ്തകര്‍മ്മങ്ങളെ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ബ്രാഹ്‌മണര്‍ക്ക് മുന്നിലല്ലാതെ മറ്റാരുടെ മുന്നിലും രാജാവ് തലകുനിക്കരുത്. ഒരിക്കല്‍ പകിട കളിച്ചുകൊണ്ടിരുന്ന ബ്രാഹ്‌മണന്റെ മുഖത്തേക്ക് രാജാവ് ദേഷ്യംകൊണ്ട് പകിട എറിയുന്നു. രാജാവിന്റെ പൂര്‍വ്വികരാരും ഇങ്ങനെ അപമാനിച്ചിട്ടില്ലെന്നാണ് അപ്പോള്‍ ബ്രാഹ്‌മണന്‍ പറയുന്നത്. ബ്രാഹ്‌മണര്‍ക്ക് ഭൂമി ദാനം ചെയ്യുന്നത് പുണ്യവൃത്തിയായാണ് രാജാവ് കാണുന്നത്. ഏറ്റവും അടുത്തുനില്‍ക്കുന്ന ബ്രാഹ്‌മണര്‍ രാജാവിന്റെ ദൂതന്മാരാണെന്നും, അവരുടെ വസ്ത്രധാരണരീതി വൈദികാനുഷ്ഠാനങ്ങള്‍ നടത്തുന്ന മറ്റ് ബ്രാഹ്‌മണരില്‍നിന്ന് വ്യത്യസ്തമാണെന്നും പുറനാനൂര്‍ പറയുന്നു.
വൈദികവൃത്തി ഉപേക്ഷിച്ച് ശംഖുകള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെ മറ്റ് ജോലികള്‍ ചെയ്യുന്ന ബ്രാഹ്‌മണരെക്കുറിച്ച് സംഘംകൃതിയായ അകനാനൂറില്‍ പരാമര്‍ശിക്കുന്നു. വിഷയലംബടന്മാരായ ബ്രാഹ്‌മണരെക്കുറിച്ച് പറയുന്ന സംഘം കവിതകളുമുണ്ട്. യോഗദണ്ഡേന്തിയ ബ്രാഹ്‌മണരെക്കുറിച്ച് പില്‍ക്കാല സംഘം കവിതയായ ‘കലിത്തൊകൈ’ പറയുന്നു. ഈ കവിതയിലെ നായിക പ്രിയതമനൊപ്പം ഓടിപ്പോകുന്നു. പരിഭ്രാന്തയായി അന്വേഷിച്ചു നടക്കുന്ന വളര്‍ത്തമ്മ അവളെ കണ്ടുവോയെന്ന് ഒരു ബ്രാഹ്‌മണനോട് ചോദിക്കുന്നു. സംഗീതം ജനിക്കുന്നത് ഉപകരണത്തില്‍നിന്നാണെങ്കിലും അത് ഉപകരണത്തിന് സ്വന്തമല്ല എന്നാണ് ബ്രാഹ്‌മണന്‍ അതിന് മറുപടി പറയുന്നത്. അതിനാല്‍ പെണ്‍കുട്ടി തന്റെ പ്രിയതമനൊപ്പം പോയത് ശരിയാണ്. ‘പെരുമ്പാണനാരു പാടൈ’ എന്ന സംഘം കൃതിയില്‍ ബ്രാഹ്‌മണ ഭവനങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചാണകം മെഴുകിയ ഈ വീടുകളില്‍ പശുക്കിടാങ്ങളെ നന്നായി പോറ്റിവളര്‍ത്തുന്നു. അവര്‍ക്ക് ആരാധനാ മൂര്‍ത്തികളുണ്ട്. സസ്യാഹാരികളായതിനാല്‍ മറ്റുള്ളവരുടെ വീടുകളിലേതുപലെ കോഴികളെ വളര്‍ത്തുന്നില്ല. നായ്ക്കളുമില്ല. ഇവരുടെ വീടുകളില്‍നിന്ന് എപ്പോഴും വേദപാരായണം കേള്‍ക്കാം. കളിത്തത്തകളാണ് വേദമന്ത്രങ്ങള്‍ ചൊല്ലുന്നത്. ആരെങ്കിലും ഈ പ്രദേശത്ത് താമസിക്കാനിടവന്നാല്‍ അരുന്ധതിയെപ്പോലെ കര്‍ത്തവ്യനിഷ്ഠയുള്ള ബ്രാഹ്‌മണ വനിത അവര്‍ക്ക് ആഹാരം നല്‍കുന്നു. പക്ഷികളുടെ പേരുകളും ഗുണമേന്മയുമുള്ള അരികളാണ് വിതരണം ചെയ്തിരുന്നത്. ചുവന്നനിറമുള്ള പശുവിന്റെ പാലില്‍നിന്നുള്ള വെണ്ണയില്‍ പൊരിച്ചെടുത്ത ഉറുമാമ്പഴവും ഇതോടൊപ്പം നല്‍കിയിരുന്നു. കൂട്ടത്തില്‍ കണ്ണിമാങ്ങാ അച്ചാറും, കറിവേപ്പിലയില്‍ മുളകുപുരട്ടിയുണ്ടാക്കുന്ന വേപ്പിലക്കട്ടിയും. വേദമന്ത്രങ്ങള്‍ ചൊല്ലുന്ന ഇതേ തത്തയെ നൂറ്റാണ്ടുകള്‍ക്കിപ്പുറം മണ്ഡനമിശ്രന്റെ വീട്ടില്‍ കാണാം. അത് തമിഴകത്തല്ല, ഉത്തരഭാരത്തിലാണെന്നത് ശ്രദ്ധേയമാണ്. മലയാളത്തിലെത്തുമ്പോള്‍ അത് തുഞ്ചന്റെ കളിത്തത്തയും കിളിപ്പാട്ടുമാകുന്നു.
വേദങ്ങളില്‍നിന്ന് ഇതിഹാസങ്ങളിലേക്ക് വരുമ്പോഴും തമിഴകത്ത് ഇവയുടെ ഉജ്ജ്വലമായ പ്രാതിനിധ്യം കാണാം. ഇളങ്കോ അടികളുടെ ചിലപ്പതികാരത്തില്‍ രാമായണത്തിന്റെ സൂക്ഷ്മമായ നൂലിഴയുണ്ട്. നായകനായ കോവലന്‍ ഭാര്യ കണ്ണകിയുമൊത്ത് പൂംപുകാര്‍ നഗരം വിടുന്നു. ഇതോടെ ജനങ്ങള്‍ ദുഃഖത്തിലാവുകയും, ആ നഗരം രാമന്‍ ഉപേക്ഷിച്ച അയോധ്യപോലെ വിജനമാവുകയും ചെയ്യുന്നു. കഷ്ടകാലങ്ങളില്‍ രാമായണത്തിലെ കഥപറഞ്ഞാണ് കോവലനെ ആളുകള്‍ സാന്ത്വനിപ്പിക്കുന്നത്. അവതാരപുരുഷനായിരുന്നിട്ടും രാമന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് വനവാസത്തിന് പോകേണ്ടി വന്നല്ലോ. ഗോശാലകളുള്ളയിടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിലപ്പതികാരത്തിലെ നായികാനായകന്മാര്‍ കേള്‍ക്കുന്നത് വിഷ്ണുവിന്റെ അവതാരമായ രാമനെ വാഴ്ത്തി ഒരു ഗ്രാമീണ സ്ത്രീ നൃത്തം ചെയ്യുന്നതാണ്.
ചോളസാമ്രാജ്യത്തിലെ അയോധ്യാ പെരുമാള്‍
ചേരരാജാവായിരുന്ന കുലശേഖര ആഴ്‌വാര്‍ രാമനുവേണ്ടി താരാട്ട് പാടുന്നുണ്ട്. തമിഴ് ഭാഷയിലുള്ള ഏറ്റവും മധുരമായ കാവ്യങ്ങളിലൊന്നാണിത്. നൂറ്റാണ്ടുകളായി തമിഴ്‌നാട്ടിലെ അമ്മമാര്‍ പൊന്നോമനകളെ ഉറക്കുന്നത് ഈ താരാട്ടുപാട്ട് പാടിയാണ്. സീതാന്വേഷണത്തിനായി രാമന്‍ ഇറങ്ങിത്തിരിക്കുന്ന രാമായണത്തിലെ ഭാഗം വായിക്കുമ്പോള്‍ ആള്‍വാര്‍ വികാരപരവശനാവുകയും, രാമനെ സഹായിക്കാന്‍ സ്വന്തം സൈന്യത്തെ അയയ്ക്കാന്‍ ഉത്തരവിടുകയും ചെയ്യുമായിരുന്നുവത്രേ! ചോള സാമ്രാജ്യത്തിന്റെ വരവോടെ രാമന്‍ ഒരു മാതൃകാ പുരുഷന്‍ മാത്രമല്ല, ചോളന്മാരുടെ പൂര്‍വികരില്‍ ഒരാളുമായിത്തീരുന്നു. രഘുകുലത്തില്‍പ്പെടുന്നവരായാണ് ചോളന്മാര്‍ സ്വയം കരുതുന്നത്. തങ്ങളുടെ നാവിക പര്യടനങ്ങളെ രാമന്റെ സമുദ്രയാത്രകളോടാണ് ചോളന്മാര്‍ ഉപമിക്കുന്നത്. ശ്രീലങ്ക കീഴടക്കിയ ചോള രാജാവായ പരാന്തകന്‍ ഒന്നാമന്‍ അറിയപ്പെടുന്നത് സംഗ്രാമ രാഘവന്‍ എന്നാണ്. മകന്‍ ആദിത്യ ഒന്നാമന്റെ സ്ഥാനപ്പേര് കോദണ്ഡ രാമനെന്നും. ഒരു ലിഖിതത്തില്‍ രാജരാജചോളന്റെ പര്യടനങ്ങളെ രാമന്റെ യാത്രകളുമായാണ് താരതമ്യപ്പെടുത്തുന്നത്. കന്യാകുമാരി ജില്ലയില്‍ തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ ലിഖിതത്തില്‍ ഒരു കമുകിന്‍ തോട്ടം സീതയ്ക്ക് സമര്‍പ്പിച്ചതായി പറയുന്നു. ഈ ലിഖിതത്തില്‍ ‘തിരു അയോധ്യാ ചക്രവര്‍ത്തി’ എന്നാണ് രാമനെ വിശേഷിപ്പിക്കുന്നത്.
അയോധ്യയോട് വലിയ ആഭിമുഖ്യമാണ് തമിഴകത്തിന് ഉണ്ടായിരുന്നത്. പരാന്തക ചോളന്റെ ഭരണകാലത്ത് ഉതിരമേരൂര്‍ എന്ന സ്ഥലത്ത് അയോധ്യാ പെരുമാള്‍ എന്ന ക്ഷേത്രവുമുണ്ടായിരുന്നു. ഈ രാജാവിന്റെ ഭാര്യ സുന്ദരമണിയാര്‍ ക്ഷേത്രത്തിന് ഒരു വിളക്ക് സമ്മാനിക്കുകയുണ്ടായി. ‘തിരു അയോധി’ എന്നാണ് ഇത് അറിയപ്പെട്ടത്. മണിമംഗലത്ത് രണ്ട് മഹാക്ഷേത്രങ്ങള്‍ പണികഴിപ്പിച്ച ചോള സാമ്രാജ്യം ഭാരതത്തിന്റെ അഖണ്ഡത ശക്തിപ്പെടുത്തുകയുണ്ടായി. തിരുവരങ്ങുപതി എമ്പെരുമാന്‍ (ദ്വാരകയിലെ ദേവന്‍), തിരു അയോധി എമ്പെരുമാന്‍ (അയോധ്യയിലെ ദേവന്‍) എന്നിവര്‍ക്കുവേണ്ടിയായിരുന്നു ഇത്. ചെങ്കല്‍പ്പേട്ടിലെ യെറികാത്ത രാമര്‍ ക്ഷേത്രത്തിലെ ചോള ലിഖിതത്തില്‍ രാമന്‍ അയോദ്ധ്യ പെരുമാളാണ്. ആധുനികകാലത്തും രാമന്‍ തമിഴരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ദിവസവും കാലത്ത് ‘ശ്രീരാമജയം’ എന്നെഴുതുക തമിഴ്‌നാട്ടിലെ ഒരു ശീലമാണ്. കയ്യക്ഷരം മനോഹരമാക്കുന്നതിനുള്ള ആത്മീയതയുമായി ബന്ധപ്പെട്ട ഒരു രീതിയാണിത്. തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ കുറഞ്ഞത് മൂന്നുതലമുറയില്‍പ്പെട്ടവര്‍ക്ക് രാമസ്വാമി എന്നു പേരിടുന്നതാണ് മറ്റൊന്ന്.
സനാതനധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്നൊക്കെയുള്ള ആക്രോശങ്ങള്‍ വിഭാഗീയതയുടെ വക്താക്കളായ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ഉയരുമ്പോഴും തമിഴ് സംസ്‌കാരത്തിന്റെ ഊടുംപാവുമായിരിക്കുന്നത് ഇതേ ധര്‍മമാണെന്ന് വിസ്മരിക്കരുത്. സനാതനധര്‍മത്തിന്റെ തത്വങ്ങളില്‍ അചഞ്ചലമായി വിശ്വസിക്കുക മാത്രമല്ല, മറ്റാരെക്കാളും നിത്യജീവിതത്തില്‍ അവയൊക്കെ ആചരിക്കുകയും ചെയ്യുന്നവരാണ് തമിഴ് ജനത. അവരുടെ ചരിത്രജീവിതം സനാതനധര്‍മത്തിന്റെ ആകെത്തുകയാണെന്നുപോലും പറയാവുന്നതാണ്. അവരുടെ കലയിലും സാഹിത്യത്തിലും വിനോദങ്ങളിലുമൊക്കെ സനാതനധര്‍മത്തിന്റെ ആത്മാവ് നിറഞ്ഞുനില്‍ക്കുന്നു.
തമിഴ് മഹാകാവ്യങ്ങളായ തിരുവള്ളുവരുടെ തിരുക്കുറളും കമ്പരുടെ രാമായണവുമൊക്കെ ആരംഭിക്കുന്നതുതന്നെ ദേവസ്തുതിയോടെയാണ്. കാവ്യരചന ഇങ്ങനെ വേണമെന്ന് പ്രാചീന തമിഴ് വ്യാകരണ കൃതിയായ തൊല്‍കാപ്പിയം നിഷ്‌കര്‍ഷിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി തുടരുന്ന തമിഴരുടെ വിനോദമായ ജെല്ലിക്കെട്ടിന് തുടക്കം കുറിക്കുമ്പോഴും ഇതു കാണാം. യുവാക്കള്‍ കാളപ്പോരിന് ഇറങ്ങുന്നതിനു മുന്‍പ് ആരാധന നടത്തുന്നു. കാളപ്പോര് കാണാന്‍ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ഭാവങ്ങളിലേക്കും ഇത് പടരുന്നു. കാളകളെ കാണുന്നതുതന്നെ അവരില്‍ ദൈവസ്മരണയുണര്‍ത്തുന്നു. വെള്ളക്കാളയെയാണ് കാണുന്നതെങ്കില്‍ ബലരാമന്‍ എന്ന് പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു. കറുത്തകാളയാണെങ്കില്‍ ദൈവം കൃഷ്ണനാകുന്നു. ചുവന്ന കാള ശിവനും പുള്ളിക്കാള ഇന്ദ്രനുമാണ്. സംഘം കൃതിയായ കലിത്തൊകൈ ഇതുസംബന്ധിച്ച വിവരണം നല്‍കുന്നുണ്ട്. വീടുകളില്‍ നിത്യേന ആരാധന നടത്തേണ്ടത് എങ്ങനെയെന്നുപോലും സംഘം കൃതികളില്‍ പറയുന്നു. നായികയായ കണ്ണകി മധുരനഗരം അഗ്നിക്കിരയാക്കിയപ്പോള്‍ സന്ധ്യയ്ക്കുള്ള ആരാധന മുടങ്ങിയതായി ചിലപ്പതികാരത്തില്‍ പറയുന്നുണ്ട്.
ഐന്തിണകളിലെ വൈദിക ദേവന്മാര്‍
സനാതനധര്‍മം തമിഴകത്തിന് അന്യമാണെന്നു കരുതുന്നവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി പറയുന്ന സ്വന്തം നാടിന്റെ പ്രാചീന ചരിത്രത്തെ തന്നെയാണ് നിരാകരിക്കുന്നത്. തമിഴ്‌നാട്ടിലെ ദേവീദേവന്മാരെല്ലാം സനാതനധര്‍മത്തിന്റെ പ്രതിനിധികളാണ്. ഇവരെ ആരാധിക്കുന്നത് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തുടങ്ങിയതാണ്. തങ്ങളുടെ സാമ്രാജ്യം സ്ഥാപിച്ചത് ശിവപാര്‍വതിമാരാണെന്ന വിശ്വാസമാണ് പാണ്ഡ്യരാജാക്കന്മാര്‍ക്കുണ്ടായിരുന്നത്. രാമന്‍ ജനിച്ച ഇക്ഷാകുവശത്തില്‍പ്പെടുന്നവരാണ് തങ്ങളെന്ന് ചോളന്മാര്‍ കരുതി. രാജേന്ദ്ര ചോളന്റെ കന്യാകുമാരി ലിഖിതത്തില്‍ ഇങ്ങനെയാണ് പറയുന്നത്. ചേരരാജാക്കന്മാരുടെ സ്ഥാനപ്പേര് ‘വാനവന്‍’ എന്നായിരുന്നു. വേദങ്ങളിലെ ഇന്ദ്രനാണിത്. ഇന്ദ്രനില്‍നിന്നാണ് തങ്ങളുടെ പരമ്പര തുടങ്ങുന്നതെന്ന് അവര്‍ കരുതിപ്പോന്നു.
ചേര-ചോള-പാണ്ഡ്യ സാമ്രാജ്യങ്ങള്‍ വൈദികാനുഷ്ഠാനങ്ങള്‍ പിന്‍പറ്റിയവരാണ്. പ്രാചീന തമിഴ് കൃതികളും മറ്റിടങ്ങളിലെ സംസ്‌കൃത കാവ്യങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാമന്റെ മുത്തശ്ശിയായ ഇന്ദുമതിയുടെ സ്വയംവരത്തെക്കുറിച്ച് കാളിദാസന്‍ വര്‍ണ്ണിക്കുമ്പോള്‍ വരനാവാനെത്തുന്നവരില്‍ പാണ്ഡ്യരാജാവുമുണ്ട്. അശ്വമേധത്തിന്റെ ഭാഗമായ പുണ്യസ്‌നാനം നടത്തി നനഞ്ഞ ശരീരവുമായി പാണ്ഡ്യരാജാവെത്തുന്നതായാണ് രഘുവംശത്തില്‍ കാളിദാസന്‍ വര്‍ണ്ണിക്കുന്നത്. ഇന്ദുമതിയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ മറ്റ് രാജാക്കന്മാരെല്ലാം ഭൗതികമായ കാര്യങ്ങള്‍ എടുത്തുകാട്ടുമ്പോള്‍ പാണ്ഡ്യരാജാവാണ് ആത്മീയതയ്ക്ക് പ്രാധാന്യം കൊടുക്കുന്നത്. വൈദിക ബന്ധമാണ് ഇവിടെയും സ്ഥാപിക്കപ്പെടുന്നത്.
പ്രാചീന തമിഴകത്തെ അഞ്ച് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. കുറിഞ്ഞി, പാലയ്, നെയ്തല്‍, മരുതം, മുല്ലൈ എന്നിവയാണിത്. ഇവയിലോരോന്നിന്റെയും രക്ഷാപുരുഷന്മാര്‍ വൈദിക ദേവന്മാരാണ്. മരുതം കാക്കുന്നത് മഴയുടെ ദേവന്‍ കൂടിയായ ഇന്ദ്രനാണ്. നിറഞ്ഞൊഴുകുന്ന പുഴകള്‍ മരുതം ജലസമൃദ്ധമാക്കുന്നു. പൂംപുകാറില്‍ 2000 വര്‍ഷം മുന്‍പുവരെ വര്‍ഷംതോറും ഇന്ദ്രോത്സവം നടന്നിരുന്നതായി സംഘംകൃതികളായ ചിലപ്പതികാരത്തിലും മണിമേഖലയിലും നിരവധി പരാമര്‍ശങ്ങളുണ്ട്. പൂംപുകാര്‍ ഏതെന്ന് പലര്‍ക്കും അറിയില്ല. ജംബുദ്വീപിന്റെ കുലദൈവം കുടികൊള്ളുന്ന പ്രദേശമാണിത്. കാവേരി നദി രൂപംകൊള്ളുന്നതിനു മുന്‍പ് പൂംപുകാറിലെ ജംബുവൃക്ഷച്ചുവട്ടില്‍ തപസ്സു ചെയ്തിരുന്ന ഒരു സ്ത്രീ ദിവ്യത്വം നേടി. പൂംപുകാറിന്റെ ആരാധ്യദേവതയായി വാഴിച്ച് എക്കാലവും ആ പ്രദേശത്തെ കാത്തുകൊള്ളാമെന്ന ഒരു വരവും ഇവര്‍ നേടി. ഈ സ്ത്രീ തപസ്സനുഷ്ഠിച്ച സ്ഥലം ജംബുപതി എന്നറിയപ്പെട്ടു. കാവേരി നദി ഒഴുകാന്‍ തുടങ്ങിയതിനുശേഷം നല്‍കപ്പെട്ട പേരാണ് പൂംപുകാര്‍.
ഭാരതവര്‍ഷം ജംബുദ്വീപിന്റെ ഭാഗമാണെന്നത് സുവിദിതമാണല്ലോ. പൂംപുകാര്‍ ഒരു പ്രാചീനനഗരമായിരുന്നുവെന്ന് തമിഴ്‌നാടിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നടത്തിയ സമുദ്ര ഉദ്ഖനനങ്ങളില്‍നിന്ന് വ്യക്തമാവുകയുണ്ടായി. സനാതനധര്‍മത്തിന് പ്രാചീന തമിഴകത്ത് ഉണ്ടായിരുന്ന പ്രാധാന്യം മനസ്സിലാക്കാന്‍ മറ്റൊരു തെളിവും ആവശ്യമില്ല. ആത്മാവ്, കര്‍മ്മദോഷം, പുനര്‍ജന്മം എന്നിങ്ങനെ സനാതനധര്‍മത്തിന്റെ തത്വങ്ങളെല്ലാം പ്രാചീന തമിഴ് സാഹിത്യത്തിലുണ്ട്. ചിലപ്പതികാരത്തില്‍ കര്‍മ്മസിദ്ധാന്തവും പുനര്‍ജന്മങ്ങളും ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെടുന്നു.
മരണശേഷം കണ്ണകി മനഃസമാധാനം നേടുന്നത് തന്റെ ഭര്‍ത്താവിന്റെ ദുര്‍മരണത്തിനു കാരണം അയാളുടെ മുന്‍ജന്മത്തിലെ കര്‍മ്മദോഷമാണെന്ന് തിരിച്ചറിയുമ്പോഴാണ്. പുറനാനൂറിലെ ‘യാദും ഊരെയ് യാവരും കേളിര്‍’ എന്ന വരികള്‍ സനാതനധര്‍മത്തിലെ കര്‍മസിദ്ധാന്തത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ‘എല്ലാവരും കേട്ടുകൊള്‍ക ഒരിടവും ആര്‍ക്കും സ്വന്തമല്ല’എന്നാണിതിന് അര്‍ത്ഥം. എല്ലാവരുമായും സ്‌നേഹത്തില്‍ കഴിയുക. ആരോടും വഴക്കിനു പോകരുത് എന്ന സത്യം പഠിപ്പിക്കുകയാണിവിടെ.
മനുഷ്യന്‍ ദൈവിക പദവിയിലേക്കുയരുന്നതിനെക്കുറിച്ച് പറയുന്ന തിരുക്കുറള്‍ ധര്‍മാര്‍ത്ഥ കാമങ്ങളെ ഉപദേശിക്കുന്നു. യഥാക്രമം അരം, പൊരുള്‍, ഇമ്പം എന്നിങ്ങനെയാണ് ഇവയെ വിവരിക്കുന്നത്. ഇവ മൂന്നും യഥാവിധി അനുഷ്ഠിക്കുന്നവരാണ് നാലാമത്തെ പുരുഷാര്‍ത്ഥമായ മോക്ഷത്തിലെത്തുക. ‘പതിനെന്‍ കീഴ്കണക്കു’ എന്നറിയപ്പെടുന്ന പതിനെട്ട് പ്രാചീന തമിഴ് കൃതികളിലും സനാതനധര്‍മ തത്വങ്ങളെക്കുറിച്ചും അത് അനുഷ്ഠിക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. മൂല്യാധിഷ്ഠിതമായി ജീവിച്ചാല്‍ മാത്രമേ പുനര്‍ജന്മങ്ങളുടെ കര്‍മപരമ്പരയില്‍നിന്ന് രക്ഷനേടാനാവൂ എന്നര്‍ത്ഥം.
അടുത്തത്: വിശാല തമിഴകത്തിന്റെ സാംസ്‌കാരിക അതിരുകള്‍