ജയ് സോമ്‌നാഥ് എന്ന വിജയമന്ത്രം മുഴക്കി, ലാല്‍ കൃഷ്ണ അദ്വാനി, 1990ലെ ദീനദയാല്‍ ജയന്തി ദിനത്തില്‍ (സെപ്റ്റംബര്‍ 25), സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗത്തെ വണങ്ങി അനുഗ്രഹം നേടി, അയോദ്ധ്യ ലക്ഷ്യമാക്കിയുള്ള രാമരഥത്തിലേക്ക്, പ്രമോദ് മഹാജനോടും നരേന്ദ്രമോദിയോടുമൊപ്പം നടന്നു കയറിയപ്പോള്‍, അവര്‍ ഭാരതചരിത്രം ബാക്കിവെച്ച ഒരു വെല്ലുവിളിയേയും കൂടി തകര്‍ത്തെറിയുവാനുള്ള അന്തിമ പോരാട്ടത്തിന് തുനിഞ്ഞിറങ്ങുകയായിരുന്നു. യഥാര്‍ത്ഥത്തില്‍, അതൊരു ഒരു തുടക്കമായിരുന്നില്ല; തുടര്‍ച്ചയായിരുന്നു. അതുപോലെ തന്നെ അയോദ്ധ്യയില്‍ രാമജന്മസ്ഥാനത്ത് ക്ഷേത്രം പണിയുമെന്ന് രാമന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്യുമ്പോള്‍ (സൗഗന്ധ് രാം കീ ഖാത്തേ ഹേ, ഹം മന്ദിര്‍ വഹീം ബനായേംഗേ) അന്തരീക്ഷത്തില്‍ മറ്റോരു ഭീഷ്മ പ്രതിജ്ഞയുടെ അലയടികളുയരുകയായിരുന്നു, 1947ലെ വിഭജനത്തില്‍ തച്ചുടയ്ക്കപ്പെട്ട ഭാരതത്തിന്റെ ഭവ്യവിഗ്രഹവും പുനഃസൃഷ്ടിച്ച് ഹൈന്ദവ സാംസ്‌കാരിക ദേശീയതയുടെ മൂലമന്ത്രം ചൊല്ലി അവിടെ ഭവ്യമായി പ്രാണപ്രതിഷ്ഠ നടത്തുമെന്ന്. അഞ്ഞൂറു വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന വിശാല രാമഭക്ത ജനസമൂഹത്തിന്റെ ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെ ചാലകശക്തിയാകുവാനും അതിന് നവീനവും ഉന്നതവുമായ മാനം നല്‍കുവാനും ഹൈന്ദവ സാംസ്‌കാരിക ദേശീയതയുടെ രാഷ്ട്രീയപക്ഷം സജ്ജമായി സടകുടഞ്ഞെഴുന്നേല്‍ക്കുന്നതാണവിടെ കണ്ടത്. അന്ന് ലാല്‍ കൃഷ്ണ അദ്വാനിയുടെ രഥയാത്ര കണ്ട് വിറളി പിടിച്ചവരില്‍ ഒരു കൂട്ടര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലകരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് സന്നിഹിതനാകുമെന്ന് അറിഞ്ഞതോടെ അദ്ദേഹം പിറന്ന ജാതിയുടെ പേരില്‍ പോലും തടസ്സവാദങ്ങളുയര്‍ത്തുന്നു എന്നത് മറ്റൊരുകാര്യം. അരുവിക്കരയില്‍ ‘നമ്മുടെ ശിവനെ’ പ്രതിഷ്ഠിച്ച ശ്രീനാരായണഗുരുവിനെ വിമര്‍ശിച്ച യാഥാസ്ഥിതിക മനോഭാവക്കാരെ പോലെ പ്രാണപ്രതിഷ്ഠയുടെ ഭവ്യ മുഹൂര്‍ത്തത്തിന്റെ നിറം കെടുത്താന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുമെന്നത് തീര്‍ച്ചയാണ്; അരുവിക്കരയിലെ പ്രതിഷ്ഠ കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ വരുത്തിയ സമഗ്രപരിവര്‍ത്തനം പോലെ അയോദ്ധ്യയിലെ ബാലകരാമന്റെ പ്രാണപ്രതിഷ്ഠ അമൃതകാല ഭാരതത്തില്‍ സമഗ്രമായ സകാരാത്മക പരിവര്‍ത്തനത്തിന് വഴിതെളിക്കുമെന്ന് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ പറയാന്‍ കഴിയും.
രാമരഥത്തിന്റെ പടപ്പുറപ്പാട്
ഭാരതത്തില്‍ രാമരഥത്തിന്റെ പടപ്പുറപ്പാട് അനിവാര്യമാക്കിയ സാഹചര്യം എന്തായിരുന്നു? ഉത്തരം വ്യക്തമാണ്. ആയിരത്തിലധികം വര്‍ഷങ്ങളായി അനുഭവിച്ചുപോന്ന പാരതന്ത്ര്യത്തില്‍ നിന്നുള്ള ഭരണതലത്തിലുള്ള രാഷ്ട്രീയമോചനം 1947 ആഗസ്റ്റ് പതിനഞ്ചിന് നേടിയെടുത്തുവെങ്കിലും ഭാരതത്തിന്റെ സ്വത്വത്തിന്റെ പരിപൂര്‍ണ്ണ മോചനം പുതിയ തടസ്സങ്ങളില്‍ തട്ടി വഴിമുടങ്ങുന്നതാണ് കണ്ടത്. പാലാഴിമഥനം കഴിഞ്ഞ് അമൃതകുംഭം ഉയര്‍ന്നുവന്നപ്പോള്‍ അസുരന്മാര്‍ അതടിച്ചുമാറ്റി അകന്നു പോയെന്ന പുരാണകഥ സൂചിപ്പിക്കുന്നതുപോലെ സ്വതന്ത്രഭാരതത്തിന്റെ ഭരണം ഈ മണ്ണിന്റെ സാംസ്‌കാരിത്തനിമയോട് തരിമ്പും പ്രതിബദ്ധതയില്ലാത്തവര്‍ കവര്‍ന്നെടുക്കുകയായിരുന്നു. ചുണ്ടിനും കപ്പിനുമിടയില്‍ എന്ന പോലെ യഥാര്‍ത്ഥ ജനാധിപത്യം ഭാരതീയര്‍ക്ക് നിഷേധിക്കപ്പെട്ടു. പക്ഷേ അവരാഗ്രഹിക്കാതിരുന്നതെങ്കിലും മറ്റൊരു സാഹചര്യവും, അന്ന്, ഉരുത്തിരിഞ്ഞു വന്നു. വാളിന്റെയും പ്രലോഭനങ്ങളുടെയും മുന്നില്‍ മതപരിവര്‍ത്തനം ചെയ്ത് ഇസ്ലാമിലേക്ക് ചേക്കേറിയവര്‍ തങ്ങളുടെ വിഹിതം രാജ്യം (പാകിസ്ഥാന്‍) മുറിച്ചെടുത്തുമാറി. ബാക്കിയായിടം ഹിന്ദുവിന്റേതായി മാറുകയെന്നതായിരുന്നു സ്വാഭാവിക നീതി. ആ നീതിയും നിഷേധിക്കപ്പെട്ടു. പാകിസ്ഥാനിലേക്ക് മാറിപ്പോകുന്നതിന് തയ്യാറാകാതെ ഇവിടത്തന്നെ തങ്ങിയവരെ ന്യൂനപക്ഷമെന്നുപറഞ്ഞ് പ്രത്യേക പരിഗണന നല്‍കി അമിതാവകാശമുള്ള കേമപക്ഷമായി ഭൂരിപക്ഷത്തിന് മുകളില്‍ പ്രതിഷ്ഠിച്ചതോടെ ഹിന്ദുവിന് വീണ്ടെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന ഒന്നിലേക്കും എത്തിനോക്കാന്‍ പോലും സാദ്ധ്യമല്ലാത്ത സാഹചര്യം നിലവില്‍ വന്നു. അതുകൊണ്ടുതന്നെ ഭാരതഭൂമിയിലേക്ക് അധിനിവേശ ശക്തികള്‍ കടന്നുവന്നപ്പോഴും പൊരുതി വീഴും വരെ അതിശക്തമായ പോരാട്ടം കൊണ്ട് സ്വന്തം സംസ്‌കൃതിയെയും പിറന്ന മണ്ണിനെയും പ്രതിരോധിച്ച ബലിദാനികളുടെ അനന്തരതലമുറകള്‍ തിരിച്ചു പിടിക്കാന്‍ കരുതിയുറച്ചിരുന്നവയൊന്നും, അത് രാമക്ഷേത്രമാണെങ്കിലും കൃഷ്ണ ജന്മസ്ഥാനമാണെങ്കിലും വാരണാസിയിലെ വിശ്വനാഥ ക്ഷേത്രമാണെങ്കിലും, എത്തിനോക്കാന്‍ പോലും കഴിയാത്ത അകലത്തിലേക്ക് മാറി. അത്തരമൊരു സാഹചര്യത്തിലാണ് നഷ്ടപ്പെട്ട ഭാരതീയ സ്വത്വം വീണ്ടെടുത്ത് പുന:പ്രതിഷ്ഠക്കാനുള്ള യഥാര്‍ത്ഥ ‘ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്’ സോമനാഥന്റെ പുണ്യഭൂമിയില്‍ നിന്നും രഥചക്രം ഉരുണ്ടു തുടങ്ങിയത്. 1947 ല്‍ വിഭജനത്തോടൊപ്പം രാഷ്ട്രീയ സ്വാതന്ത്യം ലഭ്യമായെങ്കിലും രാഷ്ടത്തിന്റെ ആധാരശിലയായ ധര്‍മ്മാധിഷ്ഠിത സാംസ്‌കാരിക ദേശീയതയുടെ പൂര്‍ണ്ണപ്രഭാവം വീണ്ടെടുക്കാനുള്ള ഒരു ജനതയുടെ സങ്കല്പത്തിന്റെ സാക്ഷാത്കാരത്തിനുള്ള വിധിനിര്‍ണ്ണായകമായ ചുവടുവെപ്പിനാണ് രാമരഥയാത്ര തുടക്കം കുറിച്ചത്.
രാമരഥത്തിന്റെ വഴി തടയുവാന്‍ രാമനിഷേധികളും രാജ്യവിരുദ്ധരും ശ്രമിച്ചു. രാമജന്മഭൂമി പ്രക്ഷോഭമെന്ന ആ ജനകീയ മുന്നേറ്റത്തിന് തകര്‍ത്തെറിയാനുണ്ടായിരുന്നത് ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കടന്നുവന്ന ഭാരതവിരുദ്ധ വിധ്വംസക ശക്തികളുടെ പിന്തുടര്‍ച്ചയായ അവിശുദ്ധ കൂട്ടായ്മയെയായിരുന്നു. ഇസ്ലാമിക ആക്രമണകാരികളുടെ പിന്‍മുറക്കാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സമഗ്രാധിപത്യത്തിന് ഇടവരുത്തിയ യൂറോ/ക്രിസ്ത്യന്‍ കൊളോണിയല്‍ ശക്തികള്‍; പിന്നീട് ഭാരതത്തില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരക്കൈമാറ്റത്തിനുള്ള അരങ്ങൊരുങ്ങുന്നുവെന്ന് കണ്ടപ്പോള്‍ വൈദേശിക കമ്യൂണിസ്റ്റ് അധിനിവേശശക്തികളെ വിളിച്ചുവരുത്തുവാന്‍ ഒളിനീക്കങ്ങളുമായി ഇറങ്ങിയ കുലംകുത്തികളായ ഭാരതത്തിലെ കമ്യൂണിസ്റ്റുകളും അവരെ കൂട്ടുപിടിച്ച നെഹ്രുവിന്റെ കോണ്‍ഗ്രസ്സും! ഇത്തരത്തില്‍, ഭാരതീയ സ്വത്വത്തിന്റെ പതനത്തിന് പണിയെടുത്ത പലതരം ശക്തികളുടെയും പാരമ്പര്യം പേറുന്നവര്‍ ഒന്നായി രൂപപ്പെടുത്തിയ ശത്രു നിരയ്‌ക്കെതിരെയാണ് രാമരഥം പടപ്പുറപ്പാട് നടത്തിയത്.
രാമവിരുദ്ധരും രാജ്യ വിരുദ്ധരും
കുരുക്ഷേത്ര യുദ്ധത്തില്‍ ദുശ്ശാസ്സനന്റെ കുടല്‍ മാല പറിച്ചെടുക്കുവാനോ ദുര്യോധനന്റെ ശിരസ്സടിച്ചു തകര്‍ക്കുവാനോ തുനിഞ്ഞിറങ്ങിയ ഭീമസേനന്റെ മനസ്സിലൂടെ സ്വാഭാവികമായും കടന്നു പോയത് കൗരവപക്ഷം നടത്തിയ കൊടും ക്രൂരതകളുടെ ഭൂതകാലമായിരുന്നിരിക്കാം. അതുപോലെ രഥയാത്രയില്‍ അണിചേര്‍ന്ന രാമഭക്തരുടെ മനസ്സിലൂടെ കടന്നുപോയത് ആയിരത്തിലധികം വര്‍ഷങ്ങളിലായി രാമവിരുദ്ധര്‍ നടത്തിയ കൊടുംക്രൂരതകളുടെ ഹൃദയം നറുങ്ങുന്ന കഥകളായിരുന്നിരിക്കാം. ഒപ്പം തന്നെ ജനാധിപത്യഭാരതത്തിലും നിരന്തരം അവഹേളിക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന, തുല്യാവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന, അരികുവത്കരിക്കപ്പെടുന്ന, ഹൈന്ദവ സമൂഹത്തിന്റെ ദുര്യോഗവും തങ്ങളുടെ അവകാശസമര പോരാട്ടങ്ങളുടെ ഗതിയും വേഗവും മാറ്റിയെടുക്കുവാന്‍ രാമഭക്തര്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കിയിരിക്കാം. തിരിഞ്ഞുനോക്കുമ്പോള്‍ ഇനിയും സൂചിപ്പിക്കുന്ന ചരിത്രസ്മരണകളും വര്‍ത്തമാനകാല അനുഭവങ്ങളും ഒന്നിനു പുറകെ ഒന്നായി എരിതീയില്‍ എണ്ണ ഒഴിച്ചിട്ടുണ്ടാകണം. ഭാരത രാഷ്ട്രീയത്തിലെ അക്കാലത്തെ അനുഭവങ്ങളിലൂടെ ഒന്നോടിച്ചു നോക്കുക. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മറവില്‍ മലബാറില്‍ നടന്ന ഹിന്ദു ഉന്മൂലനം; അതേ തുടര്‍ന്ന് ഭാരതത്തിന്റെ പലയിടങ്ങളിലായി ഹിന്ദുവിനെതിരെ നടത്തിയ വര്‍ഗീയ ലഹളകള്‍ (ഡോ. അംബേദ്കര്‍ അവയൊക്കെ അദ്ദേഹത്തിന്റെ പാകിസ്ഥാന്‍ ആന്‍ഡ് പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്); 1946ല്‍ ഡയറക്ട് ആക്ഷന്റെ പേരില്‍ ബംഗാളിലുള്‍പ്പെടെ നടത്തിയ ഹിന്ദു ഉന്മൂലന ലഹളകള്‍; (അതിന്റെ ആദ്യ ഘട്ടത്തില്‍ ഹിന്ദുക്കള്‍ ഇരകളായിരുന്നപ്പോള്‍ അതൊരു ക്രമസമാധാന പ്രശ്‌നമാണെന്നും പ്രവിശ്യാ ഭരണകൂടങ്ങളാണ് നടപടിയെടുക്കേണ്ടതെന്നുമായിരുന്നു ഇടക്കാല പ്രധാനമന്ത്രി നെഹ്രുവിന്റെ പക്ഷം. പക്ഷേ ബിഹാറില്‍ ഹിന്ദു തിരിച്ചടിക്കാന്‍ തുടങ്ങിയപ്പോള്‍ ലിയാഖത്ത് അലിഖാനെയും കൂട്ടി അവിടം സന്ദര്‍ശിക്കാനും ലഹളകള്‍ അടിച്ചൊതുക്കാനുള്ള വീറും കാട്ടുകയും ചെയ്തു!) വിഭജനത്തിന്റെ പേരില്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടവരുടെയും കൊള്ളയടിക്കപ്പെട്ടവരുടെയും ബലാത്സംഗം ചെയ്യപ്പെട്ടവരുടെയും ദുരന്ത കഥ; ഗാന്ധിവധം എന്ന ക്രൂരവും ദൗര്‍ഭാഗ്യകരവുമായ സന്ദര്‍ഭം മുതലെടുത്ത് മഹാരാഷ്ട്രയില്‍ ഹിന്ദുവിനെതിരെ നടത്തിയ കൂട്ടക്കടന്നാക്രമണം (ഇന്ത്യന്‍ മാധ്യമങ്ങള്‍ അത് മറച്ചുവെച്ചെങ്കിലും അക്കാലത്ത് തന്നെ ന്യൂയോര്‍ക്ക് ടൈംസ് അത് രേഖപ്പെടുത്തിയിട്ടുണ്ട്); തീന്‍മൂര്‍ത്തി ഭവന്‍ എന്ന പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പില്‍ സമാധാനപരമായി സമരം ചെയ്ത ഹിന്ദുസന്യാസിയെ ജവഹര്‍ലാല്‍ നെഹ്രു നേരിട്ട് വന്ന് ശാരീരികമായി കടന്നാക്രമിച്ചത്; ഗോവധം നിരോധിക്കണമെന്ന് ആവശ്യമുന്നയിച്ച് സമരം ചെയ്ത സന്യാസിമാരുടെമേല്‍ ഇന്ദിരാ സര്‍ക്കാര്‍ നടത്തിയ ഭരണകൂട ഭീകരത; കിഴക്കന്‍ ബംഗാളില്‍ നിന്ന് അഭയാര്‍ത്ഥികളായ പതിനായിരത്തോളം ശൂദ്ര വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളുടെ മേല്‍ ജ്യോതിബസു സര്‍ക്കാര്‍ നടത്തിയ മാരിഝാപ്പി കൂട്ടക്കൊല; അടിയന്തരാവസ്ഥയിലൂടെ ദേശീയതയെ ചതിച്ചുകൊല്ലാനൊരുക്കിയ അരക്കില്ലം; ജമ്മു കശ്മീരില്‍ ഹിന്ദു ജനസമൂഹം (കശ്മീരി പണ്ഡിറ്റുകള്‍) ഇരകളാക്കപ്പെട്ട ഉന്മൂലനശ്രമങ്ങള്‍; അങ്ങനെ ശാരീരികമായ കടന്നാക്രമങ്ങളുടെയും ഉന്മൂലന ക്രൂരതകളുടെയും നീണ്ടനിര തന്നെ ഭാരതത്തിലെ ഹിന്ദുവിന് നേരിടേണ്ടി വന്നു. ന്യൂനപക്ഷപ്രീണനത്തിന് വഴിയൊരുക്കുന്ന ഭരണഘടനാ വ്യവസ്ഥകളും ഭരണകൂടയിടപെടലുകളും രാഷ്ട്രീയ കുതന്ത്രങ്ങളും വേറെ. ഷാബാനു കേസില്‍ സുപ്രീം കോടതിയെ പോലും വെല്ലുവിളിച്ച ഇസ്ലാമിക മതമൗലികവാദികളുടെ മുന്നില്‍ മുട്ടുകൂട്ടിയടിച്ച രാജീവ് ഗാന്ധി അവര്‍ വരച്ച വരയിലൂടെ നിയമനിര്‍മ്മാണം നടത്തി പ്രീണനത്തിന്റെ തറനിലവാരത്തിലേക്ക് താഴുന്നതു കണ്ട ഹൈന്ദവ സമൂഹം അതിനെ താരതമ്യം ചെയ്തത് രാമജന്മഭൂമി വിഷയത്തില്‍ പോലും കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും അടങ്ങുന്ന രാമനെ നിഷേധിക്കുന്നവരുടെ കൂട്ടായ്മ രാമഭക്തരോടുള്ള സമീപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന അവഹേളനത്തിന്റെയും അവഗണനയുടെയും അഹങ്കാരത്തിന്റെ ശൈലിയെയാണ്. അതിനോടൊപ്പം കണ്ട മറ്റൊരു പ്രവണതയാണ് ജാതിയുടെ പേരില്‍ വിഭാഗീയത വളര്‍ത്തിയെടുത്ത് ഹിന്ദു ഏകീകരണത്തിനുള്ള സാദ്ധ്യതകളെ സമ്പൂര്‍ണ്ണമായി തകര്‍ക്കാന്‍ പരസ്പരം പോരടിക്കുന്ന വി.പി. സിംഗും രാജീവ് ഗാന്ധിയും അടങ്ങുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ നടത്തിയ രാഷ്ട്രീയ കുതന്ത്രങ്ങള്‍. അത്തരം വെല്ലുവിളികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈന്ദവ സമാജം അഞ്ഞൂറിലധികം വര്‍ഷങ്ങളിലായി നിരന്തര പോരാട്ടങ്ങളിലൂടെ അയോദ്ധ്യയിലെ രാമജന്മഭൂമി തിരിച്ചു കിട്ടണമെന്ന ആവശ്യം ഉന്നയിച്ച് ബഹുജന പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.
രഥയാത്രയെന്ന നിര്‍ണ്ണായകമായ തീരുമാനമെടുത്തിന്റെ പിന്നിലെ കാരണങ്ങളും അതിന്റെ ആത്യന്തിക ലക്ഷ്യവും രഥയാത്രയുടെ നെടുനായകത്വം വഹിച്ച ലാല്‍കൃഷ്ണ അദ്വാനി അദ്ദേഹത്തിന്റെ ആത്മകഥയായ മൈ കണ്‍ട്രി ‘മൈ ലൈഫില്‍’ സ്പഷ്ടമായി സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: ‘ഏതൊരു ബഹുജന പ്രസ്ഥാനത്തിനും അതിന്റേതായ ചലനാത്മകതയുണ്ട്. അതില്‍ പങ്കെടുക്കുന്ന ബഹുജനങ്ങളുടെ അഭിലാഷങ്ങളും ഊര്‍ജ്ജങ്ങളും അഭിനിവേശങ്ങളും ഒഴുകി ഒന്നായിത്തീരുന്നിടമാണ് ആ ചലനാത്മകതയുടെ പ്രഭവകേന്ദ്രം. എങ്കിലും അത്തരത്തില്‍, ബഹുജനങ്ങളുടെ കൂട്ടായ അഭിലാഷങ്ങളുടെ പ്രഖ്യാപനം ഉണ്ടാകുമ്പോഴെല്ലാം അതവരുടെ രാഷ്ട്രത്തിന്റെ ആത്മാവിന്റെ പ്രതിധ്വനിയായി മാറണമെന്നില്ല. പക്ഷേ, അങ്ങനെ അവ രണ്ടും (ബഹുജനങ്ങളുടെ കൂട്ടായ അഭിലാഷങ്ങളും രാഷ്ട്രത്തിന്റെ ആത്മാവിന്റെ പ്രതിധ്വനിയും) കൂടിച്ചേരുമ്പോള്‍, ചരിത്രത്തെ ചലിപ്പിക്കുന്ന ഒരു ശക്തി സൃഷ്ടിക്കപ്പെടുന്നു. അത്തരത്തിലുള്ള ജനകീയശക്തിയുടെ ഒരു പ്രതിഭാസത്തിനു മാത്രമേ, അഗാധമാണെങ്കില്‍ പോലും പലപ്പോഴും ലളിതവത്കരിച്ചു പറഞ്ഞുപോകാറുള്ള, ബഹുജനമുന്നേറ്റം എന്ന വാക്ക് കൊണ്ട് വിവരിക്കപ്പെടാന്‍ അര്‍ഹതയുള്ളൂ.’ അത്തരത്തില്‍ യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള ബഹുജന മുന്നേറ്റമായി രാമജന്മഭൂമി പ്രക്ഷോഭം മാറിക്കഴിഞ്ഞിരുന്നുവെന്നാണ് അദ്ദേഹം നല്‍കുന്ന തുടര്‍ വിവരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
അയോദ്ധ്യയിലേക്കുള്ള യാത്ര തുടങ്ങിയപ്പോള്‍ സോമനാഥം നടത്തിയ ഓര്‍മ്മപ്പെടുത്തലുകള്‍ സ്വതന്ത്ര ഭാരതത്തിലും ഹിന്ദു അവഗണിക്കപ്പെടുന്നതിന്റെയും അവഹേളിക്കപ്പെടുന്നതിന്റെയും അരികുവത്കരിക്കപ്പെടുന്നതിന്റെയും സാഹചര്യം തന്നെയാണ് ഉരുത്തിരിയുന്നതെന്ന സൂചന ആദ്യം പ്രകടമായത് ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രതിജ്ഞയെടുത്തു മുന്നോട്ടു വന്നപ്പോഴാണ്. ക്ഷേത്ര പുനര്‍നിര്‍മ്മാണം സര്‍ക്കാര്‍ ചിലവിലാകരുതെന്നും ഹൈന്ദവസമൂഹം സമാഹരിക്കുന്ന തുക കൊണ്ടുവേണമെന്നും നിബന്ധന വെച്ചുകൊണ്ട് മഹാത്മാഗാന്ധിയും അതിനോട് യോജിച്ചു. പക്ഷേ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു അതിനെ അതിശക്തമായി എതിര്‍ത്തു. ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും സംസ്‌കാരം കൊണ്ട് മുസ്ലീമും ജന്മമെന്ന അപകടം കൊണ്ടുമാത്രം ഹിന്ദുവാണെന്നും’ ((“I am English by education, Muslim by culture and Hindu merely by accident”) ) കുമ്പസരിക്കുന്നതില്‍ അഭിമാനം കൊണ്ട ജവഹര്‍ലാല്‍ നെഹ്രു ഹിന്ദുവിനെ അവഗണിക്കുന്നതാണ് ന്യൂനപക്ഷത്തോട് ചേര്‍ന്ന കക്ഷിരാഷ്ട്രീയ പോരാട്ട വേദിയില്‍ ലാഭകരമെന്ന് കണക്കു കൂട്ടി. സ്വതന്ത്ര ഭാരതത്തിലെ ആദ്യ ക്യാബിനറ്റിനു മുമ്പാകെ സോമനാഥക്ഷേത്ര പുനര്‍ നിര്‍മ്മാണം രാഷ്ട്രം ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതിശക്തമായ എതിര്‍പ്പായിരുന്നു പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഉയര്‍ത്തിയത്. ഉപപ്രധാനമന്ത്രിയും ഉരുക്കു മനുഷ്യനുമായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായ്പട്ടേലിന്റെ പ്രഭാവവും സ്വാധീനവും ക്യാബിനറ്റിലെ ഭൂരിപക്ഷവികാരവും ഒത്തുചേര്‍ന്നതുകൊണ്ട് മാത്രമാണ് അന്ന് ക്ഷേത്ര പുനര്‍ നിര്‍മ്മാണത്തിന് അനുകൂലമായ തീരുമാനത്തിന് വഴിയൊരുങ്ങിയത്. പക്ഷേ പട്ടേലിന്റെ നിര്യാണത്തോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. സുജനമര്യാദയും ജനാധിപത്യ മൂല്യങ്ങളും പാലിക്കുന്നയാളാണ് പ്രധാനമന്ത്രിയായിരുന്നതെങ്കില്‍ ക്യാബിനറ്റിലെ രണ്ടാമന്‍ അന്തരിച്ചപ്പോള്‍ അദ്ദേഹം ബാക്കിവെച്ച അഭിലാഷവും ക്യാബിനറ്റ് അംഗീകരിച്ചതുമായ ഒരു കാര്യത്തില്‍ സഹായകരമായ നിലപാടാണ് ഉണ്ടാകേണ്ടിയിരുന്നത്. പക്ഷേ, പട്ടേലിന്റെ നിര്യാണത്തെ ക്ഷേത്ര പുനര്‍ നിര്‍മ്മാണം തടസ്സപ്പെടുത്തുന്നതിന് വീണുകിട്ടിയ അവസരമാക്കാനാണ് നെഹ്രു ശ്രമിച്ചത്. പുതിയ സാഹചര്യത്തില്‍ ആ കര്‍മ്മം പൂര്‍ത്തിയാക്കാന്‍ മുമ്പിലേക്കു വന്ന മന്ത്രി കെ.എം.മുന്‍ഷിയെ പിന്തിരിപ്പിക്കാന്‍ നെഹ്രു കുബുദ്ധികള്‍ പ്രയോഗിക്കാന്‍ തുടങ്ങി. പല മന്ത്രിമാരും രഹസ്യമായി മുന്‍ഷിജിയെ പിന്തുണച്ചെങ്കിലും നെഹ്രുവിന്റെ എതിര്‍പ്പറിയാവുന്നതുകൊണ്ട് പരസ്യമായി പിന്തുണയ്ക്കാന്‍ ഭയന്നു. മുന്‍ഷിജിയെ ക്യാബിനറ്റില്‍ ഒറ്റപ്പെടുത്തി പിന്തിരിപ്പിച്ച് ആ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് പ്രധാനമന്ത്രി കുതന്ത്രം മെനഞ്ഞത്. ആ ലക്ഷ്യത്തോടെ ഒരിക്കല്‍ ക്യാബിനറ്റ് മീറ്റിങ്ങിനു ശേഷം ജവഹര്‍ലാല്‍ നെഹ്രു അദ്ദേഹത്തോടു പറഞ്ഞു: ‘നിങ്ങള്‍ സോമനാഥ് പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് ഹിന്ദു മതോദ്ധാരണത്തിനുള്ള പരിശ്രമമാണ്”. ആ പരാമര്‍ശത്തിന് തക്കതായ മറുപടി കൊടുക്കുവാന്‍ പിറ്റേദിവസം തന്നെ മന്ത്രി കെ.എം. മുന്‍ഷി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് കത്തു നല്‍കി. ആ കത്ത് ചരിത്ര രേഖകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്വധര്‍മ്മത്തിനായി കര്‍മ്മ പഥത്തിലിറങ്ങിയ ആ ധീര പുരുഷന്‍ എഴുതി:
”നിങ്ങള്‍ ഇന്നലെ ഹിന്ദു മതോദ്ധാരണ മനോഭാവത്തെ കുറിച്ച് പരാമര്‍ശിച്ചു. സോമനാഥുമായി കൃത്യമായ ബന്ധമുണ്ടെന്ന് പറഞ്ഞ പരാമര്‍ശമാണ് നിങ്ങള്‍ മന്ത്രിസഭയില്‍ എന്നെ ചൂണ്ടിക്കൊണ്ട് നടത്തിയത്. നിങ്ങള്‍ അങ്ങനെ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം, എന്റെ വീക്ഷണങ്ങളുടെയോ പ്രവര്‍ത്തനങ്ങളുടെയോ ഒരു ഭാഗവും ഒളിച്ചുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. … ഇന്നത്തെ ഇന്ത്യയുടെ ‘കൂട്ടായ ഉപബോധമനസ്സ്’ നമ്മള്‍ ചെയ്തിട്ടുള്ളതും ചെയ്യുന്നതുമായ മറ്റു പല കാര്യങ്ങളെക്കാളും, ഇന്ത്യാ ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സോമനാഥിന്റെ പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ സന്തുഷ്ടരാണെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും.
ഹിന്ദുമതത്തിന്റെ ചില വശങ്ങള്‍ പങ്കുവെക്കാനോ പുനഃസംയോജിപ്പിക്കാനോ സാഹിത്യ-സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ഞാന്‍ എന്റേതായ എളിയ രീതിയില്‍ പ്രയത്‌നിച്ചു, അതിന് മാത്രമേ ആധുനിക സാഹചര്യങ്ങളില്‍ ഇന്ത്യയെ വികസിതവും ഊര്‍ജ്ജസ്വലവുമായ ഒരു രാഷ്ട്രമാക്കുവാന്‍ കഴിയൂ എന്ന അടിയുറച്ച ബോധ്യത്തിലാണത് ചെയ്തത്.
നമ്മുടെ ഭൂതകാലത്തിലുള്ള എന്റെ വിശ്വാസമാണ് വര്‍ത്തമാനകാലത്ത് പ്രവര്‍ത്തിക്കാനും നമ്മുടെ ഭാവിയിലേക്ക് ഉറ്റുനോക്കാനും എനിക്ക് ശക്തി നല്‍കിയത്. ഭഗവദ്ഗീത നമുക്ക് നഷ്ടപ്പെടുത്തുകയോ നമ്മുടെ ക്ഷേത്രങ്ങളെ വിശ്വാസപൂര്‍വ്വം നോക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളെ അവരുടെ വിശ്വാസത്തില്‍ നിന്ന് പിഴുതെറിയുകയോ അതുവഴി നമ്മുടെ ജീവിതത്തിന്റെ ഘടന നശിപ്പിക്കുകയോ ചെയ്താല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ എനിക്ക് വിലമതിക്കാന്‍ കഴിയില്ല. സോമനാഥ് പുനര്‍നിര്‍മ്മാണം എന്ന എന്റെ അനന്തമായ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. നമ്മുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട തലത്തില്‍ ഒരിക്കല്‍ പുനഃസ്ഥാപിക്കപ്പെട്ട ഈ ദേവാലയം നമ്മുടെ ജനങ്ങള്‍ക്ക് മതത്തെക്കുറിച്ചുള്ള ശുദ്ധമായ ഒരു സങ്കല്‍പ്പവും നമ്മുടെ ശക്തിയെക്കുറിച്ചുള്ള കൂടുതല്‍ ഉജ്ജ്വലമായ ബോധവും നല്‍കുമെന്ന തോന്നല്‍ സ്വാതന്ത്ര്യത്തിന്റെയും അതിടനല്‍കുന്ന പരീക്ഷണങ്ങളുടെതുമായ വളരെ പ്രധാനപ്പെട്ട ഈ നാളുകളില്‍ എനിക്ക് ലഭിക്കുന്നു. അക്കാര്യത്തില്‍ എനിക്ക് പൂര്‍ണ്ണമായ ഉറപ്പാണ് ലഭിക്കുന്നത്.”
ആ കത്ത് വായിച്ച, വി.പി. മേനോന്‍ (സര്‍ദാര്‍ പട്ടേലിനോടൊപ്പം പ്രവര്‍ത്തിച്ച പ്രശസ്ത ആഭ്യന്തരകാര്യ സെക്രട്ടറി) ‘ഞാന്‍ നിങ്ങളുടെ മാസ്റ്റര്‍പീസ് കണ്ടു. നിങ്ങളുടെ കത്തില്‍ നിങ്ങള്‍ പ്രകടിപ്പിച്ച കാഴ്ചപ്പാടുകള്‍ക്കുവേണ്ടി ജീവിക്കാനും ആവശ്യമെങ്കില്‍ മരിക്കാനും ഞാന്‍ തയ്യാറാണ്’ എന്ന് മുന്‍ഷിക്ക് എഴുതിയെന്നതറിയുമ്പോള്‍ ആ കത്തിലൂടെ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സോമനാഥ ക്ഷേത്ര വിരുദ്ധ ഇടപെടലുകള്‍ക്ക് കെ.എം. മുന്‍ഷിയുടെ കത്ത് നല്‍കിയ മറുപടിയിലടങ്ങിയ വിദ്യുത് പ്രഭാവം എത്രയാണെന്ന് ബോധ്യമാകും.
ക്ഷേത്ര പുനര്‍ നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ണ്ണമാക്കിയപ്പോള്‍ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ട രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിനെ വിലക്കുന്നതിനുപോലും പ്രധാനമന്ത്രി നെഹ്രു ഒരുമ്പെട്ടിറങ്ങി. ആ പരിശ്രമത്തിലും നെഹ്രു പരാജയപ്പെട്ടു. ആ ഭവ്യമുഹൂര്‍ത്തത്തില്‍ അവിടെ സന്നിഹിതനാകേണ്ടത് രാഷ്ട്രപതിയെന്ന നിലയിലും സനാതനധര്‍മ്മം പിന്തുടരുന്ന ഒരു വ്യക്തിയെന്ന പേരിലും തന്റെ ബാദ്ധ്യതയും അവകാശവുമാണെന്ന നിലപാട് ഡോ.രാജേന്ദ്ര പ്രസാദ് എടുത്തതോടെ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഹിന്ദുവിന്റെ വിരുദ്ധ രാഷ്ട്രീയം അക്കാര്യത്തില്‍ പരാജയപ്പെട്ടു.

സോമനാഥക്ഷേത്രത്തിന്റെ കാര്യത്തില്‍ സംഭവിച്ച പരാജയം അയോദ്ധ്യാ വിഷയത്തില്‍ നെഹ്രുവിന്റെ വീറും വൈരാഗ്യവും വര്‍ദ്ധിപ്പിച്ചതായി തോന്നിപ്പിക്കുന്നതാണ് പിന്നീടുണ്ടായ അനുഭവങ്ങള്‍. ഇത്തരം വിജയങ്ങള്‍ ഹൈന്ദവ ദേശീയതയുടെ ശക്തിപ്പെടലിന് ഇടവരുത്തുമെന്നും അങ്ങനെ ഭാരതരാഷ്ട്രത്തിന്റെ ആധാരശില സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായി ദൃഢീകൃതമാകുന്നതോടെ തന്റെ രാഷ്ട്രീയ അജണ്ട തകരുമെന്ന ഭയം അദ്ദേഹത്തെ അലട്ടിയുണ്ടാകാം. ഒപ്പം തന്നെ വൈദേശിക ശക്തികളുടെ സഹായത്തോടെ ഭരണം അട്ടിമറിയിലൂടെ പിടിച്ചടക്കുകയെന്ന ഭാരതത്തിലെ കമ്യൂണിസ്റ്റ് അജണ്ട പരാജയപ്പെടുമെന്ന ഭയം കാരണം അവര്‍ നെഹ്രുവിനു മേലുള്ള അവരുടെ ദുസ്സ്വാധീനം പ്രയോഗിച്ചതിന്റെ ഫലമായി സംഭവിച്ചതുമാകാം. ഇതെല്ലാം കൂടി ഹിന്ദുവിനോട് സ്വയമേവ അവജ്ഞ വെച്ചുപുലര്‍ത്തിയിരുന്ന നെഹ്രുവിനെ കൂടുതല്‍ നിഷേധാത്മക നിലപാടുകളിലേക്ക് തള്ളിവിട്ടു. അതുകൊണ്ട് 1949 ല്‍ അയോദ്ധ്യയില്‍ രാമജന്മസഥാനത്ത് രാമവിഗ്രഹം പ്രത്യക്ഷപ്പെട്ടതിനു ശേഷം ഹിന്ദു പക്ഷത്തു നിന്നുണ്ടായ ആരാധനാവകാശത്തിനുള്ള അഭ്യര്‍ത്ഥന നിഷേധിക്കുവാനും വിഗ്രഹങ്ങളെടുത്ത് നദിയിലെറിയുവാനും ഫൈസാബാദ് ജില്ലാ കലക്ടര്‍ കെ.കെ. നായരോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് മുഖാന്തിരം നിര്‍ദ്ദേശിക്കൂന്ന തലത്തിലേക്ക് നെഹ്രു തരംതാണു. ജന്മസ്ഥാനം ഹിന്ദുവിന് ഒരു കാരണവശാലും വിട്ടു നല്‍കരുതെന്ന നിര്‍ദ്ദേശമാണ് ഉത്തരപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് മുഖേന നടപ്പില്‍ വരുത്താന്‍ ശ്രമിച്ചു നോക്കിയത്. മറുപക്ഷത്ത്, നെഹ്രുവിനു ശേഷം വന്ന സര്‍ക്കാരുകളും ഹിന്ദുവിരുദ്ധ രാഷ്ട്രീയ ശക്തികളും ഉയര്‍ത്തിയ എല്ലാ തടസ്സങ്ങളെയും ചോരയും ജീവനും നല്‍കി അതിജീവിച്ച രാമഭക്തര്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടര്‍ന്നുകൊണ്ട് ചരിത്രം രചിക്കുകയായിരുന്നു.
രാമജന്മഭൂമി പ്രക്ഷോഭം വിജയത്തിലേക്ക്
അനീതിക്കും അക്രമത്തിനും അധിനിവേശശക്തികള്‍ക്കും എതിരെ സനാതനധര്‍മ്മപക്ഷത്തുനിന്ന് സക്രിയമായും സകാരാത്മകമായും പൊരുതി വീണവരും മുന്നേറിയവരുമായ ഇരുപത്തിയഞ്ചിലധികം തലമുറകളില്‍ പെട്ട ലക്ഷക്കണക്കിന് രാമഭക്തരുടെ ബലിദാനം സാര്‍ത്ഥകമാകുന്നതിനുള്ള സമരസാഹചര്യമാണ് പിന്നീട് അവിടെ ഉണ്ടായത്. ധര്‍മ്മപക്ഷം സടകുടഞ്ഞെഴുന്നേറ്റു. 1992 ഡിസംബര്‍ 6ന്, നടന്ന കര്‍സേവ ചരിത്രം തിരുത്തി. ബാബറിന്റെ ശക്തികള്‍ നടത്തിയ അധിനിവേശ അഴിഞ്ഞാട്ടത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ 1528ല്‍ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥാനത്തെ ഭവ്യക്ഷേത്രം തകര്‍ത്ത്, തല്‍സ്ഥാനത്ത് സ്ഥാപിച്ച വിവാദ നിര്‍മ്മിതിയെ നിലം പരിശാക്കി, അവിടെ താത്കാലിക ബാലകരാമ ക്ഷേത്രം പടുത്തുയര്‍ത്തിയതിലൂടെ കാലം കാത്തിരുന്ന കാവ്യനീതിയാണ് നടപ്പാക്കപ്പെട്ടത്. അതും കഴിഞ്ഞ് മൂന്ന് ദശാബ്ദങ്ങള്‍ക്കു ശേഷമാണ് അവിടെ ഭവ്യമായ രാമക്ഷേത്രസമുച്ചയം ഉയരുന്നതും 2024 ജനുവരി 22ന് ബാലകരാമന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മുഹൂര്‍ത്തം കുറിച്ചിരിക്കുന്നതും. ഭാരതരാഷ്ട്രത്തനിമയുടെ ആധാരശിലയായ ധര്‍മ്മാധിഷ്ഠിത സാംസ്‌കാരിക ദേശീയതയുടെ പ്രഭാവപൂര്‍ണ്ണമായ പുനരാവിഷ്‌കരണമാണവിടെ സാദ്ധ്യമാകാന്‍ പോകുന്നതെന്ന് കാണുമ്പോള്‍ ചരിത്രം ആ തീയതിയെ സമ്പൂര്‍ണ്ണ സ്വതന്ത്ര്യ ലബ്ധിയുടെ സന്ദര്‍ഭമായി വിലയിരുത്തുന്നതിനുള്ള സാദ്ധ്യതകളാണ് തെളിയുന്നത്
ബാലകരാമന്‍ ജന്മസ്ഥാനില്‍ ‘വിരാജ്മാനായാല്‍’ പിന്നീടെന്ത്?
2024 ജനുവരി ഇരുപത്തിരണ്ടിന് അയോദ്ധ്യയിലെ ദിവ്യ ജന്മസ്ഥാനത്ത് ബാലകരാമവിഗ്രഹം പ്രതിഷ്ഠിച്ചുകഴിഞ്ഞാല്‍ പിന്നീടെന്ത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരും. രാമവിരുദ്ധരുടെ പക്ഷത്ത് ഭയമാണ്. ആടിത്തിമിര്‍ത്ത് അടിച്ചമര്‍ത്തലുകള്‍ നടത്തി അഴിഞ്ഞാടിയവരാണവര്‍! അവരുടെ പുതിയകാല നേതാക്കള്‍ അസറുദ്ദീന്‍ ഒവൈസിയെ പോലുള്ളവര്‍ ഉറക്കത്തിലും ഞെട്ടി ഉണര്‍ന്ന് വിളിച്ചു പറയുകയാണ് നമ്മുടെ പള്ളികളെല്ലാം നഷ്ടപ്പെടാതിരിക്കാന്‍ ഇസ്ലാമിക സമൂഹം ഒന്നിച്ച് പള്ളിക്കു ചുറ്റുമുണ്ടാകണമെന്ന്. വെട്ടിപ്പിടിച്ച് മുസ്ലീം പള്ളികളാക്കിയ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളെല്ലാം തിരിച്ചു പിടിക്കാന്‍ ഭാരതമാകെയുള്ള ഹൈന്ദവജനത പോരാട്ടത്തിനിറങ്ങുമോയെന്ന ഭയമാണ് അയാളെ പോലെയുള്ളവരുടെ ഉറക്കം കെടുത്തുന്നത്. ഒട്ടും കുറയാതെ തന്ന അയാളുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസി നടത്തിയതു പോലെയുള്ള പ്രകോപനപരമായ പ്രസംഗങ്ങളുടെ അനന്തരഫലമായി, മാറിയ സാഹചര്യത്തില്‍ ഉടലെടുക്കാനിടയുള്ള സാദ്ധ്യതകള്‍ സംബന്ധിച്ചുള്ള ഉള്‍ഭയം അവരെയൊക്കെ വേട്ടയാടുകയാണ്. പതിനഞ്ചു മിനിട്ട് പോലീസുമാറി നിന്നാല്‍ ഭാരതത്തിലെ പതിനഞ്ചു ശതമാനം മാത്രമുള്ള മുസ്ലീങ്ങള്‍ക്ക് എണ്‍പത്തിയഞ്ചു ശതമാനം വരുന്ന ഹിന്ദുക്കളെ കൊന്നുമുടിക്കാനുള്ള കരുത്തുണ്ടെന്നാണ് അക്ബറുദ്ദീന്‍ വീമ്പിളക്കിയത്. അത്തരം പോയകാല ധിക്കാരങ്ങള്‍ വരുംകാല തിരിച്ചടികള്‍ക്ക് വഴിയൊരുക്കുമോയെന്ന് ഭയന്ന്, മുസ്ലീം യുവജനങ്ങള്‍ തങ്ങളുടെ പള്ളിക്കു ചുറ്റും ഒന്നിച്ചുകൂടി സംരക്ഷണം തീര്‍ത്തില്ലായെങ്കില്‍ രക്ഷയില്ലെന്നാണയാള്‍ ഓടിനടന്ന് വിലപിക്കുന്നത്. അതിനിടെ രാഹുലിന്റെ കോണ്‍ഗ്രസ്സുകാരും ഉദ്ധവ് താക്കറെയുടെ ശിവസേനക്കാരും ഗോധ്രയില്‍ രാമഭക്തരായ കര്‍സേവകര്‍ യാത്ര ചെയ്തിരുന്ന ട്രെയിന്‍ ബോഗികള്‍ക്ക് തീ കൊടുത്ത് നടത്തിയ കൂട്ടക്കൊലകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഭാരതത്തില്‍ വീണ്ടും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് വഴിതേടുകയാണ്. വിവാദമന്ദിരം കഥാവശേഷമായതിന്റെ പേരില്‍ 1993ല്‍ മഹാരാഷ്ട്രയില്‍ പന്ത്രണ്ട് ഹൈന്ദവ ക്ഷേത്രങ്ങള്‍ ആക്രമിച്ച ദാവൂദ് ഇബ്രാഹിമിന്റെ പക്ഷക്കാര്‍ നടത്തിയ ലഹളകള്‍ക്ക് പരോക്ഷ പിന്തുണ നല്‍കിയ ചരിത്രമുള്ള അവരുടെ സുഹൃത്ത് ശരദ്പവാര്‍ (അന്നത്തെ മഹാരാഷ്ട്രാ മുഖ്യമന്ത്രി) രാഹുലിനും ഉദ്ധവിനുമൊപ്പമുണ്ട്. മുസ്ലീമും ഹിന്ദുവും തമ്മില്‍ തല്ലി തലകീറുമ്പോള്‍ ചോര കുടിക്കാന്‍ വുഴിയൊരുങ്ങുമെന്ന മോഹത്തിലാണ് കമ്യൂണിസറ്റുകളും കോണ്‍ഗ്രസ്സുകാരും മറ്റുമടങ്ങുന്ന രാമവിരുദ്ധ പക്ഷം.
പക്ഷേ പരീക്ഷയില്‍ ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസമാണ് പ്രധാനം. പരീക്ഷയില്‍ തോറ്റവന് തല്ലുകൂടുന്നതിന്റെയും തല്ലിപ്പൊളിയായി നടക്കുന്നതിന്റെയും ‘സുഖമാകും’ അവശേഷിക്കുന്നത്. വിജയികളും അവരെ പ്രോത്സാഹിപ്പിക്കുന്ന പൊതുസമൂഹവും ചരിത്രം കണ്ട ഏറ്റവും വലിയ ഒരു തെറ്റ് തിരുത്തിയ സാഹചര്യത്തെ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്ത് ഭാരതത്തിനും ലോകത്തിനും പുതിയ സാദ്ധ്യതകള്‍ക്ക് വഴിതേടുകയാണ് വേണ്ടത്. അതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് പ്രാണപ്രതിഷ്ഠാ വേളയില്‍ അയോദ്ധ്യയിലേക്കുള്ള ജനകോടികളുടെ ഒഴുക്ക് ഒഴിവാക്കാന്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ പിന്നില്‍. ആ പുണ്യ മുഹൂര്‍ത്തവുമായി ബന്ധപ്പെട്ട പൊതു ആഘോഷത്തിന്റെ ഉത്സാഹത്തിമിര്‍പ്പുകളും ‘വെടിക്കെട്ടുകളും’ തീര്‍ത്തും ഒഴിവാക്കണമെന്നും എല്ലാവരും അവരവരുടെ വീടുകളിലും ആരാധനാ കേന്ദ്രങ്ങളിലും ഒതുങ്ങി നിന്ന് രാമഭക്തിയുടെ പരിപാവനമായ അന്തരീക്ഷം സൃഷ്ഠിക്കണമെന്നും രാമമന്ത്രം ജപിച്ചും വിളക്കുകള്‍ കൊളുത്തിയും ദീപാവലി ആഘോഷിക്കുവാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും ഉദാത്തമായ ലക്ഷ്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമൃതകാലഭാരതത്തിന് നല്‍കിയിരിക്കുന്ന സബ്‌കേ സാഥ് സബ്‌കേ വികാസ് സബ്‌കേ വിശ്വാസ്, സബ്‌കേ പ്രയാസ് എന്ന സമീപന വൈശിഷ്ട്യം സമസ്ത ജനങ്ങള്‍ക്കും മുന്നോട്ടുള്ള വഴികാട്ടിയാകണം.
മുസ്ലീം മതാനുയായികള്‍ ഭാരതസര്‍ക്കാര്‍ അയോദ്ധ്യയില്‍ നല്‍കിയ ഭൂമിയില്‍ പുതിയതായി ഉയര്‍ന്നു വരുന്ന പള്ളിയുടെ നിര്‍മ്മിതിയില്‍ അഭിമാനം കൊള്ളണം. മുസ്ലീം രാഷ്ട്രമായ യുഎഇയില്‍ ഉയര്‍ന്നു വരുന്ന ഹിന്ദുക്ഷേത്രം നല്‍കുന്ന ശാന്തിപൂര്‍ണ്ണമായ പരസ്പര സഹകരണത്തിന്റെ സന്ദേശം മാറുന്ന ലോക ക്രമത്തില്‍ ഭാരതം നേടുന്ന പുതിയതും പ്രതീക്ഷാ നിര്‍ഭരവുമായ സാഹചര്യത്തിന്റെ വിളിച്ചറിയിക്കലാണെന്നത് തിരിച്ചറിയണം. ഒപ്പം തന്നെ ഇസ്ലാമും ഹിന്ദുവും പരസ്പരം സഹകരിച്ച് രാമക്ഷേത്ര പുനര്‍നിര്‍മ്മാണം നടത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പവും ഐശ്വര്യദായകവും ആകുമായിരുന്നുവെന്നകാര്യവും ഓര്‍ക്കണം. ഇനിയുള്ള കാലത്തെങ്കിലും സ്വയം തിരുത്തി ഭാവിയിലെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കണം. അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കുവാന്‍ മതമൗലികവാദികളെയും തീവ്രവാദികളെയും കമ്യൂണിസ്റ്റ് കുറുക്കന്മാരെയും മൊഴിചൊല്ലി ഒഴിവാക്കണം. തുര്‍ക്കിയില്‍ ഖിലാഫത്ത് പുന:സ്ഥാപിക്കാന്‍ കൂടെ നില്‍ക്കാമെന്ന ധാരണ നല്‍കി അന്താരാഷ്ട്ര തലത്തില്‍ ഇസ്ലാമിനെ പോരിനിറക്കിയിട്ട് ഇംഗ്ലണ്ടുമായി സമാന്തരമായി ആംഗ്ലോ റഷ്യന്‍ വാണിജ്യ ഉടമ്പടി ഒപ്പിട്ട് കൂലിവാങ്ങിച്ച് കാലുവാരിയ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റു ഭരണകൂടം ഇസ്ലാമിനോട് ചെയ്ത ചതിയുടെ ചരിത്രം മറക്കരുത്. ഓര്‍ത്തോഡക്‌സ് സഭയെ കൈകാര്യം ചെയ്യുന്ന പോലെയല്ല ഇസ്ലാമിനെ കൈകാര്യം ചെയ്യേണ്ടതെന്ന് അക്കാലത്ത് സ്റ്റാലിന്‍ പറഞ്ഞപ്പോള്‍ മതവിശ്വാസികളെ ഒന്നൊന്നായി ഇല്ലാതാക്കുക തന്നെയാണ് കമ്യൂണിസ്റ്റുകാരന്റെ പ്രത്യയശാസ്ത്രപരമായ ഉള്ളിലിരിപ്പെന്നത് തിരിച്ചറിയുക. കമ്യൂണിസ്റ്റ് ചൈന ഉയ്ഗര്‍ മുസ്ലീമുകളോട് കാണിക്കുന്ന കൊടും ക്രൂരതകളില്‍ നിന്ന് മുഖം തിരിക്കാതിരിക്കുക. എല്ലാത്തിലും ഉപരി ലോകത്തു നിന്നും അതിശീഘ്രം അന്യംനില്‍ക്കുന്ന ഒരു വികല പ്രത്യയശാസ്ത്രത്തിന്റെ ചതിക്കുഴിയിലേക്ക് ഇനിയും വീണ്, തൂങ്ങിച്ചാകുന്നവന്റെ കാലേല്‍ തൂങ്ങേണ്ട ഗതികേടില്‍ പെടാതിരിക്കുക. രാമനും റഹീമും ഒന്നിച്ചാല്‍ നല്ലൊരു നാളെ അകലെയല്ലെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ടു പോകുക.
വിശ്രമത്തിന് സമയമായിട്ടില്ല
ബാലകരാമന്റെ പ്രാണ പ്രതിഷ്ഠയോടെ ധര്‍മ്മസമര ചരിത്രത്തിനൊരു അര്‍ദ്ധ വിരാമം മാത്രമേ ആയിട്ടുള്ളു. വീടുപൂര്‍ണ്ണമായും പുതുക്കി പണിയാതെ വിശ്രമിക്കാനാകില്ല. വിവേകാനന്ദനും ശ്രീഅരബിന്ദോയും വീരസാവര്‍ക്കറും വ്യക്തമാക്കിയതുപോലെ സനാതനധര്‍മ്മമാണ് ഭാരതരാഷ്ട്രത്തിന്റെ ആത്മാവ് എന്നത് കൃത്യമായി തിരിച്ചറിഞ്ഞ് പുതിയ രാഷ്ട്രനിര്‍മ്മാണം എന്ന ബൃഹത്തായ കര്‍മ്മപൂര്‍ത്തീകരണത്തിനുള്ള യജ്ഞം അവിരാമം തുടര്‍ന്നേ തീരൂ. കാരണം സനാതനധര്‍മ്മമാണ് ഭാരതത്തിന്റെ ചിതിയെന്നും അത് നഷ്ടമായാല്‍ ഭാരതം നഷ്ടമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിനായക ദാമോദര്‍ സാവര്‍ക്കറുടെ ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണ്ണ ഘട്ടങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയുടെ മുഖവുരയില്‍ ആര്‍.ഹരിയേട്ടന്‍ എടുത്തുകാട്ടുന്ന സാവര്‍ക്കര്‍ജിയുടെ വാക്കുകള്‍ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ദാര്‍ശനിക അടിത്തറ നല്‍കുന്നത് എങ്ങനെയെന്ന് നോക്കുക:
‘ഇതാണെന്റെ പൈതൃകം. കടുകിലും ചെറുതും നിസ്സാരവുമാണ് അരയാല്‍ വിത്ത്. എന്നാലതിന്റെയുള്ളില്‍ വലിയൊരു മരത്തിന്റെ പെരുതായ പടര്‍പ്പിന്റെ വാഗ്ദാനമാണ്. അതൊരു വന്‍മരമായി വളരുന്നു. അതിന്റെ കുളിര്‍ തണലില്‍, പൊള്ളുന്ന വെയിലില്‍ തളര്‍ന്ന് വശം കെടുന്ന മാടും മനുഷ്യനും അഭയം കൊള്ളുന്നു. അന്തസ്സോടും അഭിമാനത്തോടും കൂടി നമുക്ക് ഹിന്ദുരാഷ്ട്രമെന്ന നിലയില്‍ ജീവിക്കണമെങ്കില്‍ – അതിന് നമുക്കവകാശമുണ്ട് – ഹിന്ദു പതാകയുടെ കീഴില്‍ രാഷ്ട്രം ഉയിര്‍ത്തെഴുന്നേല്‍ക്കണം. ചൈനയെ ഒഴിച്ചു നിര്‍ത്തിയാല്‍ ലോകത്തില്‍ ഒരു രാഷ്ട്രത്തിനും ഹിന്ദുരാഷ്ട്രത്തിന്റെ അനര്‍ഗളജീവിതവും അഭംഗുരവൃദ്ധിയും അവകാശപ്പെടാന്‍ സാദ്ധ്യമല്ല. ഹിന്ദുരാഷ്ട്രം കൂണുപോലെ മുളച്ചുണ്ടായ രാഷ്ട്രമല്ല. അത് ഉടമ്പടിയില്‍ നിന്നും ഉടല്‍പൂണ്ടതല്ല. സന്ധിയില്‍ നിന്നും സംജാതമായതല്ല. കടലാസ്സു കൊണ്ടുണ്ടാക്കിയ കളിക്കോപ്പല്ല. മുന്നും പിന്നുമില്ലാത്ത മുട്ടുശാന്തിയല്ല. ഈ മണ്ണില്‍ വളര്‍ന്ന ഒന്നാണത്, അതിന്റെ വേരുകള്‍ ഈ മണ്ണില്‍ ആഴത്തിലും പരപ്പിലും പടര്‍ന്നു പറ്റിച്ചേര്‍ന്നിരിക്കുന്നു. മുസ്ലീങ്ങളെയോ ലോകത്തില്‍ മറ്റാരെയോ വെറുക്കാനോ വിരട്ടാനോ കണ്ടുപിടിച്ച കല്‍പ്പനാസൃഷ്ടിയുമല്ല അത് – അത് നമ്മുടെ വടക്കന്‍ അതിര്‍ത്തിയിലെ ഹിമാലയം പോലെ അതിദൃഢവും അതിഗംഭീരവുമായ യാഥാര്‍ത്ഥ്യമാണ്”
ആ യാഥാര്‍ത്ഥ്യം ഹൃദയത്തിലേറ്റിക്കൊണ്ട് ഭാരതം ഇനിയെങ്ങനെ മുന്നോട്ടുള്ള യാത്രയുടെ അജണ്ട നിര്‍ണ്ണയിക്കണമെന്നതാണ് കാലം ഉയര്‍ത്തുന്ന ചോദ്യം. മര്യാദാപുരുഷോത്തനായ രാമന്റെ സങ്കല്പവും മാതൃകയും ജനാധിപത്യഭാരതത്തിന്റ പ്രയോഗക്ഷമമായ ഭരണരീതിയും ജീവിതചര്യയുമായി മാറണം. അത്തരമൊരു ചുവടുവെപ്പിനു സജ്ജമാകുമ്പോള്‍ രാമരാജ്യ സങ്കല്പം സമൂഹത്തില്‍ സജീവ ചര്‍ച്ചാ വിഷയമാകണം. മന്ഥരമാരെയും കൈകേയിമാരെയും രാജ്യത്തിനുള്ളില്‍ തന്നെ തിരുത്തി നേര്‍വഴിക്കു കൊണ്ടുവരുവാനുള്ള സംവിധാനമുണ്ടാകണം. പട്ടാഭിഷേകം കഴിഞ്ഞ് മാതൃകാ ഭരണാധികാരിയായി മാറിയ രാമന് അന്നൊരു ദുര്‍ബുദ്ധിയായ അലക്കുകാരന്‍ പറഞ്ഞു പരത്തിയ അപവാദത്തിന്റെ പേരില്‍ അരുതാത്തത് ചെയ്യേണ്ടിവന്ന അനുഭവം മറക്കാതിരിക്കുക. നരേന്ദ്ര മോദിയുടെ ശ്രേഷ്ഠ ഭാരതം ലക്ഷ്യമാക്കിയുള്ള ഭരണകാലത്ത് മാര്‍ക്‌സിസ്റ്റ് നേതാവ് സീതാറാം യെച്ചൂരിയെ പോലുള്ളവര്‍ അയോദ്ധ്യയുടെ കാര്യത്തില്‍ പോലും പ്രധാനമന്ത്രിക്കും രാജ്യത്തിനും എതിരെ നടത്തുന്ന അപവാദപ്രചരണങ്ങള്‍ക്ക്, നേര് തുറന്നു കാട്ടിയും ചൈനയോടും പാകിസ്ഥാനോടും അവര്‍ക്കുള്ള രഹസ്യബന്ധവും അവരുടെ ഹിന്ദുവിരുദ്ധ വര്‍ഗീയതയും ദേശവിരുദ്ധ രാഷ്ട്രീയവും തുറന്നു കാട്ടിയും, പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്.
ആഹ്ലാദാരവങ്ങളിലെ രാമത്വം
അഞ്ചു നൂറ്റാണ്ടിലധികം ജീവനും രക്തവും നല്‍കി പോരാടിയതിന്റെ ഫലമാണ് രാമക്ഷേത്രം. ന്യായം നിരത്തി സൗമ്യമായ പരിഹാരം കൂടിയാലോചിച്ച് കണ്ടെത്താമെന്ന വാഗ്ദാനം മറുപക്ഷത്തോട് കാലകാലങ്ങളില്‍ ആവര്‍ത്തിച്ചു. നീതിന്യായ കോടതികളെ ആവര്‍ത്തിച്ച് സമീപിച്ചു. നിയമനിര്‍മ്മാണത്തിലൂടെ പരിഹാരം കണ്ടെത്തുവാന്‍ ഭരണകര്‍ത്താക്കളോട് പലതവണ അപേക്ഷിച്ചു. അവസാനം ബഹുജനമുന്നേറ്റവും ഭരണകൂടവും അത്യുന്നത കോടതിയും ഒരേ ദിശയിലെത്തിയപ്പോള്‍ അയോദ്ധ്യയില്‍ ‘രാ’ മാഞ്ഞു; പ്രകാശം പരന്നു; രാമജന്മസ്ഥാനത്ത് ബാലകരാമന് ആലയമായി; ഭവ്യവിഗ്രഹം ‘വിരാജ്മാനാകുന്നു’. അഭിമാനം വാനോളം ഉയരുന്ന വിജയമുഹൂര്‍ത്തം! അവിടെയാണ് വിജയാഘോഷം ധര്‍മ്മാധിഷ്ഠിതമാകുവാന്‍ രാമന്‍ ബാക്കിവെച്ച മാതൃക ഓര്‍ത്തെടുക്കേണ്ടത്. രാവണനുമേല്‍ വിജയം വരിച്ച ശേഷം കാര്യങ്ങളെല്ലാം മാതൃകാപരമായ വ്യവസ്ഥകളിലേക്ക് വളരുകയായിരുന്നു. മടിച്ചു നിന്ന വിഭീഷണനെ പോലും തിരുത്തി രാവണന് വീരോചിതമായി വിടനല്‍കി. ലങ്കയിലോട്ട് അധിനിവേശത്തിനു പോകാതെ അവിടെ തനത് സ്വയം ഭരണത്തിന് വ്യവസ്ഥ ചെയ്തു. യുദ്ധാനന്തരം അവിടെ നിന്നും പുതിയ ആക്രമണ സാധ്യതയും അങ്ങനെ ഇല്ലാതായി; സഹകരണാത്മകവും സമാധാനപൂര്‍വ്വവുമായ ഭാവിയുടെ സാധ്യത തെളിഞ്ഞു. യുദ്ധശേഷം സീതയെ തിരിച്ചു സ്വീകരിക്കുന്നതിനും രാമന്‍ ഭവ്യമായ രീതി ഒരുക്കി. അയോദ്ധ്യയിലേക്കുള്ള മടങ്ങിവരവും പട്ടാഭിഷേകവും എല്ലാം എക്കാലത്തേക്കും സ്വീകാര്യമായ മാതൃക സൃഷ്ടിച്ചു. ആര്‍ക്കെങ്കിലും പ്രതികാരം തീര്‍ക്കുന്നതിനോ ദുരിതം വിതക്കുന്നതിനോ ഒരു തരത്തിലും ഇടം നല്‍കാത്ത മാതൃക. ബാലകരാമ പ്രാണപ്രതിഷ്ഠ നടക്കുന്ന പുതിയ ഭാരതത്തിലും അതാണ് ദൃശ്യമാകേണ്ടത്.

പ്രതിരോധവും നയതന്ത്രവും ഭാരതീയ വിചാരതന്ത്രവും
പ്രതിരോധത്തിലും നയതന്ത്രത്തിലും രാമന്‍ കാണിച്ചുതന്ന ഭാരതീയ വിചാരതന്ത്രവും രണതന്ത്രവും പ്രയോഗവത്കരിക്കണം. ആഞ്ജനേയനും അംഗദനും താരയും നയതന്ത്രത്തില്‍ കാട്ടിയ മികവിനെ ഇന്നത്തെ വിദേശകാര്യമന്ത്രിയും ഉള്‍ക്കൊണ്ടിരിക്കുന്നത് പ്രതീക്ഷയ്ക്ക് വഴിയൊരുക്കുന്നതാണ്. രാഷ്ട്രത്തിന്റെ പ്രതിരോധം ഫലപ്രദമാകാനുതകുന്ന നയതന്ത്ര ബന്ധങ്ങള്‍ക്ക് വഴിയൊരുക്കുക; ബാലിയെ ഒഴിവാക്കിയതുപോലെ അധര്‍മ്മവുമായി സഖ്യം ചെയ്തവരെ കാലേകൂട്ടി കണ്ടറിഞ്ഞ് കാലപുരിക്കയക്കുക; ഇതിഹാസകാലത്ത് പുതിയ മന്ത്രങ്ങളും അസ്ത്രങ്ങളും ബാണങ്ങളും രഥങ്ങളും സ്വന്തമാക്കി യുദ്ധസന്നാഹം സമ്പൂര്‍ണ്ണമാക്കിയതുപോലെ വര്‍ത്തമാനകാലത്തും ആയുധ നിര്‍മ്മാണശാലകളും നിര്‍മ്മാണ സാങ്കേതിക മികവും ആയുധ സംഭരണിയും സ്വന്തമാക്കി ഏതു വെല്ലുവിളിയെയും നേരിടാന്‍ തയ്യാറായിരിക്കുക. അങ്ങനെ ഭാരതീയ വിചാരതന്ത്രത്തില്‍ നിന്നും പുതിയ കാലത്തെ രണനീതിക്ക് പഠിക്കാനേറെയുണ്ട്.
സാമൂഹിക സമരസതയിലൂടെ ഏകീകൃത ഹൈന്ദവ സമൂഹം
ഹിന്ദുക്കളെ തമ്മില്‍ തല്ലിച്ച് വൈദേശിക അധിനിവേശ ശക്തികളുടെ വഴി സുഗമമാക്കുവാന്‍ പണിയെടുക്കുന്ന പല ശക്തികളും ചൈനയുടെയും പാകിസ്ഥാന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും അടിമകളായി ഇവിടെ രഹസ്യവിഹാരം ചെയ്യുന്നുണ്ട്. അതിനവര്‍ ഉപയോഗിക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് ഹിന്ദുസമാജത്തിലെ ജാതികളുടെ വേര്‍തിരിവും വിവേചനവും. സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയ്ക്ക് വാല്മീകിയെയും സുഗ്രീവനെയും ഹനുമാനെയും വിഭീഷണനയെയും ജടായുവിനെയും ശബരിയെയുമെല്ലാം ഹൃദത്തിലേറ്റിയ രാമന്‍ നമുക്ക് മാതൃകയാകണം. ഹൈന്ദവ ജീവിതത്തിന്റെ മുഖ്യധാരയില്‍, വീരസാവര്‍ക്കറും ഡോ. അംബേദ്കറും നിഷ്‌കര്‍ഷിച്ചതുപോലെ, ഏകീകൃത സാമൂഹ്യസൃഷ്ടി സാദ്ധ്യമാകൂകയും വേണം. ആ ലക്ഷ്യം നേടുന്നതിന് സര്‍വ്വാശ്ലേഷിയായ വികസനം എന്ന സങ്കല്പം പിഴവറ്റതാക്കണം. സേതുബന്ധനത്തിലൂടെ ‘സബ്കാ പ്രയാസിന്’ അവസരമൊരുക്കിയതുപോലെ പട്ടാഭിഷേകത്തിനു ശേഷം എല്ലാവര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കിയതിലൂടെ പ്രകടമായ ‘സബ്കാ വികാസ്’ എന്ന ലക്ഷ്യവും സാദ്ധ്യമാക്കണം. ശബരിമാതാവിനു കൊടുത്ത ആദരവും കാലാതീതമായി നിലനില്‍ക്കേണ്ട ശാശ്വതമായ മൂല്യ സവിശേഷതയാണ്.
സ്വാതന്ത്ര്യ ലബ്ധിക്ക് തൊട്ട് മുമ്പ് ഭാരതത്തിന് ഡോ. ഭീം റാവ് അംബേദ്കര്‍ അിിശവശഹമശേീി ീള ഇമേെല എന്ന കൃതിയിലൂടെ നല്‍കിയ മുന്നറിയിപ്പിലേക്കാണ് ഇവിടെ ശ്രദ്ധ തിരിയേണ്ടത്. ജാതിക്കെതിരെയുള്ള അതിശക്തമായ വിമര്‍ശനങ്ങള്‍ നിറഞ്ഞ ആ പുസ്തകത്തിന്റ അവസാന ഭാഗത്ത് അദ്ദേഹം എഴുതിയിട്ടു: ”സ്വരാജ് നേടിയതുകൊണ്ട് മാത്രം കാര്യമില്ല. സ്വരാജ് സംരക്ഷിക്കപ്പെടണം. സ്വരാജ് സംരക്ഷിക്കപ്പെടണമെങ്കില്‍ ഹിന്ദു സംരക്ഷിക്കപ്പെടണം. ഹിന്ദു സംരക്ഷിക്കപ്പെടണമെങ്കില്‍ ജാതി ഇല്ലാതാകണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അടിമത്തം മറ്റു വഴികളിലൂടെ വീണ്ടും വരുന്നതാകും ഫലം.’
മഹിളയ്ക്ക് മാന്യതയും തുല്യതയും
മികച്ച പ്രഭാഷകനായ കുമാര്‍ വിശ്വാസ് ഉദ്ധരിച്ച ഒരു രാമകഥ ഇക്കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. രാവണ വധത്തിനു ശേഷം ശ്രീരാമചന്ദ്രനരികിലേക്ക് മണ്ഡോദരി എത്തി. പിന്നില്‍ നിന്നെത്തിയ രാവണപത്‌നിയുടെ നിഴല്‍ കണ്ടപ്പോള്‍ തന്നെ ശ്രീ രഘുവരന്‍ തൊഴുകൈകളോടെ എഴുന്നേറ്റു നിന്ന് വിനയപൂര്‍വ്വം ചോദിച്ചു:
‘അമ്മ ഇപ്പോള്‍ എന്നെ കാണുവാന്‍ വരാന്‍ സംഗതിയെന്താണ്?’
മണ്ഡോദരി: ‘ഒരു കാര്യം ചോദിച്ചറിയാനാണ് ഞാന്‍ വന്നത്. വീരശൂരപരാക്രമിയും വിശ്വവിജയിയുമായിരുന്ന എന്റെ ഭര്‍ത്താവിനെ അങ്ങയ്ക്ക് നിഗ്രഹിക്കാന്‍ കഴിഞ്ഞത് എങ്ങനെ എന്ന് ചോദിച്ചറിയുവാനാണ് ഞാന്‍ വന്നത്. പക്ഷേ’
ഭഗവാന്‍: ‘പക്ഷേയോ? അതെന്താ ചോദിക്കേണ്ടെന്നു തീരുമാനിച്ചോ?’
രാവണപത്‌നി: ‘ചോദിക്കേണ്ടെന്നു തന്നെ തീരുമാനിച്ചു. ആ ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടിക്കഴിഞ്ഞു.’
ഭഗവാന്‍: ‘ഉത്തരം കിട്ടിക്കഴിഞ്ഞെന്നോ? എന്താണാ ഉത്തരം?’
രാവണപത്‌നി: ‘എന്നെ പോലെ ഒരു ധര്‍മ്മപത്‌നിയുണ്ടായിട്ടും എന്റെ ഭര്‍ത്താവ് അങ്ങയുടെ പത്‌നിയും മഹിളാരത്‌നവുമായ സീതാദേവിയില്‍ മോഹിച്ചുപോയി ദുരന്തം ചോദിച്ചുവാങ്ങി. അങ്ങാണെങ്കില്‍ ഒരു അന്യ പുരുഷന്റെ ഭാര്യയുടെ നിഴല്‍ കണ്ടപ്പൊഴേ എഴുന്നേറ്റ് നിന്ന് കൈകൂപ്പി ആദരവുകാട്ടി. അങ്ങയുടെ വിജയത്തിന്റെയും എന്റെ ഭര്‍ത്താവിന്റെ പരാജയത്തിന്റെയും കാരണം എനിക്ക് മനസ്സിലായി.’
നാരിയെ പൂജിക്കുന്നിടത്തേ നാരായണന്റെ അനുഗ്രഹം അനര്‍ഗ്ഗളമായി ഒഴുകൂയെന്ന തത്വമറിഞ്ഞ് സ്ത്രീസുരക്ഷയും അവസരസമത്വവും അവകാശതുല്യതയും വിട്ടു വീഴ്ചയില്ലാതെ നടപ്പില്‍വരുത്തണം.
അത്തരത്തില്‍ പ്രതിരോധവും നയതന്ത്രവും സര്‍വ്വാശ്ലേഷിയായ വികസനവും സാമൂഹിക സമരസതയും നാരീ സുരക്ഷയും നടപ്പിലാക്കി, സനാതനധര്‍മ്മ സംസ്‌കൃതിയിലധിഷഠിതമായി, ശക്തമായ ആത്മനിര്‍ഭരഭാരതം പുന:സൃഷ്ടിക്കാനുള്ള രഥയാത്രയാകണം അയോദ്ധ്യയില്‍ നിന്ന് ഭാരതത്തിന്റെ സകല കോണൂകളിലേക്കും വരും നാളുകളില്‍ തുടര്‍ന്നു നടക്കേണ്ടത്.