ഇസ്രായേല്‍ അറബ് രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്തി വരുന്നതിനിടയിലാണ് ഹമാസ് എന്ന പാലസ്തീന്‍ ഭീകര സംഘടന അവരെ കടന്നാക്രമിക്കുന്നത്. അറബികളും യഹൂദരും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന കുടിപ്പക നിരവധി യുദ്ധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. യുദ്ധങ്ങള്‍ കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ലെന്ന തിരിച്ചറിവിലേക്ക് പശ്ചിമേഷ്യ എത്തുന്നു എന്ന തോന്നല്‍ ഉണ്ടാക്കുവാന്‍ അറബ്-ഇസ്രായേല്‍ സൗഹൃദ നീക്കങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. വംശവെറിയുടെ മത വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്ന പ്രാകൃത ഗോത്ര സമൂഹ മനസ്സില്‍ നിന്ന് ഉയരാന്‍ പശ്ചിമേഷ്യയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്ന യുദ്ധവൃത്താന്തങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. യുദ്ധമില്ലാതെ നിലനില്‍ക്കാന്‍ കഴിയാത്ത ചില സംഘടനകളും അന്താരാഷ്ട്ര ബലതന്ത്രത്തില്‍ മേല്‍ക്കൈ ലഭിക്കാനുള്ള ചില രാജ്യങ്ങളുടെ കുതന്ത്രങ്ങളും ചേര്‍ന്നപ്പോഴാണ് ഹമാസ് ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കൊറോണാനന്തര പ്രതിസന്ധികളില്‍ നിന്ന് ലോകം കരകയറുന്നതിന് മുന്നെ ലോകവ്യാപകമായി പടരുന്ന യുദ്ധഭീതി കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കുകയാണ്.
പശ്ചിമേഷ്യ എന്നും വന്‍ശക്തികള്‍ക്ക് മാറ്റുരയ്ക്കാനുള്ള ഒരു ഗോദയായിരുന്നു. യുദ്ധം മതവിശ്വാസത്തിന്റെ ഭാഗമായ ഒരു ജനതയെ വൈകാരികമായി കബളിപ്പിച്ചുകൊണ്ട് ആയുധ കമ്പോളമായും പുതിയ ആയുധങ്ങളുടെ പരീക്ഷണശാലയായും മരുഭൂമി രാജ്യങ്ങളെ നിലനിര്‍ത്താന്‍ വന്‍ ശക്തികള്‍ക്ക് എക്കാലത്തും കഴിഞ്ഞിരുന്നു. ഇപ്പോള്‍ പശ്ചിമേഷ്യ ലോകസമാധാനത്തിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. ആഗോള സൈനിക സാമ്പത്തിക ബലതന്ത്രത്തില്‍ നിന്ന് റഷ്യയുടെ പ്രസക്തി കുറയുകയും തല്‍സ്ഥാനത്തേയ്ക്ക് ചൈന കടന്നു വരുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഉക്രൈന്‍ യുദ്ധത്തില്‍ പെട്ട് നട്ടം തിരിയുന്ന റഷ്യയുടെ ആഗോള പ്രതിച്ഛായ മങ്ങിവരുകയാണ്. ആ സ്ഥാനത്തേയ്ക്ക് യാതൊരു നൈതികതയുമില്ലാത്ത സൃഗാല തന്ത്രങ്ങളുടെ പരീക്ഷണശാലയായ ചൈന കടന്നു വരുകയും അമേരിക്കന്‍ ശക്തിയെ വെല്ലുവിളിക്കാന്‍ നടത്തുന്ന ശ്രമങ്ങളും പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കു പിന്നിലുണ്ട്. ഇക്കാര്യം ആരും തുറന്നു ചര്‍ച്ച ചെയ്യുന്നില്ല എന്നു മാത്രം. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് യാതൊരു പ്രകോപനവുമില്ലാതെ ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനു പിന്നില്‍ ഇറാന്റെ പ്രതികാരബുദ്ധി ഉണ്ടെന്നൊരു സംസാരമുണ്ട്. അറബി രാഷ്ട്രങ്ങള്‍ക്കിടയിലെ അമേരിക്കന്‍ സ്വാധീനം കുറയ്ക്കാന്‍ ചൈന നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അറബിനാടുകളിലേക്കുള്ള ചൈനയുടെ കവാടമായി വര്‍ത്തിക്കുന്നത് ഇറാനാണ് എന്നു വേണം അനുമാനിക്കാന്‍. ഇറാനെ സംബന്ധിച്ച് ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്നില്ലെങ്കിലും ശത്രുതയ്ക്ക് യാതൊരു കുറവുമില്ല. ഇസ്ലാമിക താത്പര്യങ്ങളുടെ അട്ടിപ്പേറവകാശം തങ്ങള്‍ക്കാണെന്നു കരുതുന്ന ഇറാന്‍ ആണവശക്തിയാകാനുള്ള പരിശ്രമത്തിലാണ്. ഇറാന്റെ ആണവ പദ്ധതികള്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഹമാസ് ഇസ്രായേല്‍ യുദ്ധം പശ്ചിമേഷ്യ മുഴുവന്‍ വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. അമേരിക്ക ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുക മാത്രമല്ല കളത്തില്‍ ഇറങ്ങി കളിക്കുക കൂടി ചെയ്യുന്നുണ്ട്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്ക ഇക്കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള സായുധ സംഘടനാ നേതാവ് കൊല്ലപ്പെട്ടിരുന്നു. ഇറാഖില്‍ തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ സഖ്യസേനയാണ് ഈ നീക്കത്തിന് പിന്നിലെന്ന അറിവ് ഇറാഖിനെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഹമാസ് ഉപമേധാവി സാലിഹ് അല്‍ അരൂരിയെ വധിക്കാനായി ബെയ്‌റൂട്ടിലേക്ക് മിസൈലാക്രമണം നടത്തിയത് ഇസ്രായേലാണെന്ന് ലബനന്‍ യു.എന്‍.രക്ഷാസമിതിയില്‍ പരാതിപ്പെട്ടിരിക്കുന്നു. ലെബനീസ് മണ്ണിലേക്ക് യുദ്ധം വ്യാപിപ്പിച്ചാല്‍ വലിയ തിരിച്ചടി നല്‍കുമെന്ന് ഹമാസിന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ള പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ഇറാനില്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ചരമവാര്‍ഷിക ചടങ്ങിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നൂറുകണക്കിനാള്‍ക്കാരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലാണ് ഇതിനു പിന്നിലെന്ന് ഇറാന്‍ സംശയിക്കുന്നുണ്ടെങ്കിലും ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതിയുടെ പരമോന്നത നേതാവായ ശാസ്ത്രജ്ഞന്‍ മുഹ്‌സെന്‍ ഫക്രിസാദെഹ് ടെഹ്‌റാന്‍ പ്രാന്തപ്രദേശത്ത് വധിക്കപ്പെട്ടിരുന്നു. ഇതിന്റെ പിന്നില്‍ ഇസ്രായേലാണെന്ന ആരോപണം ശക്തമായുന്നയിച്ചിരിക്കുന്നത് ഇറാന്‍ വിദേശകാര്യ മന്ത്രി തന്നെയാണ്. ഇറാന്റെ ആണവ സ്വപ്‌നങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2010 നും 2012 നും ഇടയില്‍ ഇറാന്റെ നാല് ആണവ ശാസ്ത്രജ്ഞന്മാരും ഇതുപോലെ കൊല്ലപ്പെട്ടിരുന്നു. എല്ലാത്തിനും പിന്നില്‍ മൊസാദാണ് എന്നാണ് ഇറാന്‍ കരുതുന്നത്.
ഡിസംബര്‍ 25 ന് സിറിയയിലെ ഡമാസ്‌ക്കസിനു സമീപം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ വിദേശ ഓപ്പറേഷന്‍ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിലെ മുതിര്‍ന്ന നേതാവും ഇറാനും സിറിയയ്ക്കുമിടയില്‍ സൈനിക സഖ്യത്തിന്റെ പാലമായി വര്‍ത്തിക്കുകയും ചെയ്തിരുന്ന ജനറല്‍ സായിദ് റാസി മൗസവി കൊല്ലപ്പെട്ടിരുന്നു. ഇത് ഇറാനെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്. മേഖലയിലെ പ്രമുഖ ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളായ ഗാസയിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി വിമതര്‍ തുടങ്ങിയവയെ ഒക്കെ സഹായിക്കുന്നത് ഇറാനാണ് എന്നതിനാല്‍ ഈ യുദ്ധം പരോക്ഷമായി ഇറാനും ഇസ്രായേലും തമ്മിലാണ് നടക്കുന്നത്. അതു കൊണ്ടു തന്നെ യുദ്ധത്തിന്റെ വ്യാപന സാധ്യത വര്‍ദ്ധിക്കുന്നു. ചെങ്കടല്‍ വഴിയുള്ള ചരക്കു കപ്പല്‍ ഗതാഗതം ഹൂതി ആക്രമണങ്ങളില്‍ ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഹൂതികള്‍ ഫ്രഞ്ച് കപ്പലിനു നേരെ മിസൈല്‍ ആക്രമണം നടത്തിയത് യുദ്ധത്തിന്റെ വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. ഹമാസ്-ഇസ്രായേല്‍ യുദ്ധം മൂന്നു മാസം പിന്നിടുമ്പോള്‍ മരണസംഖ്യ ഏതാണ്ട് ഇരുപത്തിമൂവായിരം കഴിയുകയാണ്. ഇതിലും എത്രയോ ഇരട്ടി ആള്‍ക്കാര്‍ പരിക്കേറ്റ് കിടക്കുന്നു. തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞവര്‍ യുദ്ധം വിറ്റ് കാശാക്കുകയാണെങ്കിലും ആഗോള സമാധാനത്തിനും സാമ്പത്തിക പുരോഗതിക്കും ഈ യുദ്ധം ഭീഷണി ഉയര്‍ത്തുകയാണ്. ഗാസയിലെ യുദ്ധം വ്യാപിക്കാതിരിക്കാന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷെ എത്രകണ്ട് വിജയം കാണാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ല. ഗാസയെ സംബന്ധിച്ച് ഇനിയൊരു ഭീഷണി അവിടുന്നുണ്ടാകാത്ത വിധം കാര്യങ്ങള്‍ ശരിയാകുന്നിടം വരെ ഇസ്രായേല്‍ യുദ്ധം തുടരാനാണ് സാധ്യത. അറബ് ഇസ്ലാമികലോകം ഇത്രയേറെ പ്രതിസന്ധിയിലായ കാലം അടുത്തെങ്ങും ഉണ്ടായിട്ടില്ല. സ്വയംകൃതാനര്‍ത്ഥമാണെങ്കിലും ലോകം മുഴുവന്‍ അതിന് വില കൊടുക്കേണ്ട സ്ഥിതിയാണ് ഉരുത്തിരിഞ്ഞ് വരുന്നത്.