മജുലി (ആസാം): ഭാരതം സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ലോകത്തിന് പകരുന്നതെന്നും ഈ ദൗത്യം നിറവേറ്റാന്‍ എല്ലാ ആചാര്യന്മാരും മുന്നോട്ടുവരണമെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി നടന്ന പൂര്‍വ്വോത്തര സന്ത് മണികാഞ്ചന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ രാജ്യത്തിനും തനതായ ജീവിതരീതിയുണ്ട്. രാജ്യത്തിന്റെ സ്വഭാവം സംസ്‌കാരത്തില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. നമ്മുടെ പാരമ്പര്യം എല്ലാം ഉള്‍ക്കൊള്ളുന്നതാണ്. വൈവിധ്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഐക്യഭാവത്തെ മുന്നോട്ടു കൊണ്ടുപോകണം. ഐക്യം എന്നത് ഏകത്വമല്ല, ഒരുമയാണ്. ആദ്ധ്യാത്മിക മൂല്യങ്ങളും ആചാരങ്ങളും കാത്തുസൂക്ഷിക്കുന്നതിന് കുടുംബങ്ങളില്‍ ദേശീയ അവബോധം വളരണം. ധര്‍മ്മാചാര്യന്മാരും മഠങ്ങളും ക്ഷേത്രങ്ങളും ഭാരതത്തിന്റെ മഹത്തായ ഈ സന്ദേശവും ആത്മീയമൂല്യങ്ങളും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും. അദ്ദേഹം പറഞ്ഞു.
ത്രിപുരയിലെ ശാന്തികാളി ആശ്രമത്തിലെ ചിത്തരഞ്ജന്‍ മഹാരാജ്, വടക്കന്‍ കമല്‍ബാരി സത്രത്തിലെ ജനാര്‍ദ്ദനന്‍ ദേവ് ഗോസ്വാമി, ഔനി ആതി സത്രത്തിലെ ശ്രീസത്രാധികാര പ്രഭു, ബാര്‍പേട്ട് ശ്രീ സുന്ദരിയ സത്ര പ്രമുഖ് ഭോണ്ടെ, അരുണാചല്‍ പ്രദേശിലെ പരശുറാം കുണ്ഡ് പ്രമുഖ് മഹന്ത് എന്നിവര്‍ ആചാര്യ സംഗമത്തില്‍ പങ്കെടുത്തു. 1966ല്‍ ജോര്‍ഹ ട്ടില്‍ ചേര്‍ന്ന സന്ത് സമ്മേളനത്തിന് ശേഷം ഇതാദ്യമായാണ് വിവിധ സമ്പ്രദായങ്ങളിലെ ആചാര്യന്മാര്‍ ഒത്തുചേര്‍ന്നത്.
















