നൂറ്റാണ്ടുകളോളം അടഞ്ഞുകിടന്ന അയോധ്യയിലെ രാംലല്ല ക്ഷേത്രത്തിന്റെ പൂട്ടിയിട്ട താഴ് തുറന്നു കൊടുത്ത ആലപ്പുഴക്കാരന്‍ കെ.കെ.നായരുടെ ജീവിതേതിഹാസം അയോധ്യയോടൊപ്പം എഴുതപ്പെട്ട ചരിത്രമായി മാറിയിരിക്കുന്നു. ആലപ്പുഴ കൈനക്കരി കരുണാകരന്‍ പിള്ളയാണ് കെ.കെ.നായരായി മാറിയത്. കൈനക്കരി ശങ്കരപിള്ളയുടെയും പാര്‍വ്വതിയമ്മയുടെയും അഞ്ചാമത്തെ പുത്രന്‍ ഉത്തരേന്ത്യയിലെ ചരിത്ര ഭൂമിയിലെത്തിയത് ഒരു നിമിത്തമായിരിക്കാം. നൂറ്റാണ്ടുകളോളം അടഞ്ഞുകിടന്ന തര്‍ക്കമന്ദിരത്തിന്റെ താഴാണ് 1949 ല്‍ ഫൈസാബാദ് കലക്ടറായി നിയമിതനായി ഒരു വര്‍ഷം തികയും മുമ്പ് തന്നെ അദ്ദേഹം രാമഭക്തര്‍ക്ക് തുറന്ന് കൊടുത്തത്. ഇന്ന് ലോകം ശ്രദ്ധിക്കുന്ന ഈ ചരിത്രഭൂമിയിലെ മലയാളി സ്പര്‍ശമായി ഇത് പരിണമിച്ചിരിക്കുകയാണ്.
പക്ഷെ രാഷ്ട്രീയ ഭൂപടത്തില്‍ കെ.കെ.നായര്‍ എന്നും വിവാദനായകനാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് തന്നെയാണ് അദ്ദേഹത്തെ ഫൈസാബാദ് ജില്ലയുടെ കലക്ടറായി നിയമിച്ചത്. മറ്റ് ജില്ലകളില്‍ മജിസ്‌ട്രേറ്റായി മികവ് തെളിയിച്ച നായരെ പന്ത് പ്രത്യേകം ക്ഷണിച്ചു വരുത്തി. പക്ഷേ അതേ കരങ്ങള്‍ തന്നെ അദ്ദേഹത്തെ നീക്കം ചെയ്യാനും മുതിര്‍ന്നു. തര്‍ക്കഭൂമിയുടെ താഴ് സന്ന്യാസിമാര്‍ക്കും രാമഭക്തര്‍ക്കും തുറന്ന് കൊടുക്കേണ്ടത് കാലത്തിന്റെ ഉള്‍വിളിയാണെന്ന് പ്രഖ്യാപിച്ച നായര്‍ സര്‍ക്കാര്‍ നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതികരിച്ചു. മുഖ്യമന്ത്രി മജിസ്‌ട്രേറ്റിനോട് കേന്ദ്രനിര്‍ദ്ദേശമനുസരിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റിനെ പുറത്താക്കുക മാത്രമാണ് സര്‍ക്കാറിന് പോംവഴിയെന്ന് മനസ്സിലാക്കിയ കെ.കെ. നായര്‍ രാജിവെച്ചു. പക്ഷേ രാമഭക്തര്‍ നിരന്തര ഭജനയും ആരതിയും തുടങ്ങി. ക്ഷേത്രം വീണ്ടും പൂട്ടിയിടുക അസാധ്യമായി. തര്‍ക്കം കോടതിയിലെത്തി. വര്‍ഷങ്ങളോളം നീണ്ട കോടതി വ്യവഹാരത്തിന് ഹേതുവായ മലയാളി മജിസ്‌ട്രേറ്റ് നേരെ പോയത് വക്കീല്‍ ഭാഗം പഠിക്കാനാണ്. പിന്നീട് അലഹബാദ് കോടതിയിലെ ലീഡിംഗ് വക്കീലായി. ഫീസ് വാങ്ങാതെ പാവങ്ങള്‍ക്കായി വാദിച്ചു. ഫൈസാബാദ് കലക്ടറേറ്റ് കച്ചേരിക്ക് പിന്നില്‍ നായര്‍ പാവങ്ങള്‍ക്കായി കോളനി സ്ഥാപിച്ചു. പാവങ്ങള്‍ക്ക് അതൊരു അത്താണിയായി. അങ്ങനെ ‘നായര്‍സാബ്’ ജനകീയനായി.
കോടതി വ്യവഹാരവുമായി ലഖ്‌നൗവിലും അലഹബാദിലും താമസിക്കുന്നതിനിടയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് നായര്‍ കേരളത്തില്‍ വന്നത്. 1967 ലെ ജനസംഘം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം കോഴിക്കോട്ടെത്തി. 1970 ല്‍ മരുമകന്‍ കെ.കെ. പത്മനാഭപിള്ളയുടെ വിവാഹത്തിന് കരുവാറ്റയിലും വന്നെത്തിയിരുന്നു. കേരളത്തിന് അജ്ഞാതനായ കെ.കെ.നായര്‍ യു.പി.യില്‍ നായര്‍ സാബായി പരക്കെ അറിയപ്പെട്ടു.
അഭിഭാഷകനായി രാഷ്ട്രീയത്തിലേക്ക്
ഫൈസാബാദ് ജില്ല മജിസ്‌ട്രേറ്റ് പദവിയില്‍ നിന്നും മാറിയ നായര്‍ വക്കീലായെങ്കിലും ജനസംഘം നേതാവായാണ് പിന്നീട് അറിയപ്പെട്ടത്. ഇതിനിടയില്‍ ഭാര്യ സരസമ്മയുടെ നിര്യാണം അദ്ദേഹത്തെ രണ്ടാം വിവാഹത്തിലേക്ക് നയിച്ചു. നേപ്പാള്‍ അതിര്‍ത്തിയിലെ ഒരു രാജകുടുംബത്തില്‍ പിറന്ന ശകുന്തളയെയാണ് പിന്നീട് വിവാഹം ചെയ്തത്. അവര്‍ക്ക് ഒരു മകന്‍ പിറന്നു. ഐ.ആര്‍. എസ്സുകാരനായ മകന്‍ മാര്‍ത്താണ്ഡന്‍ നായര്‍ വിരമിച്ചശേഷം ഇപ്പോള്‍ ദില്ലിയില്‍ താമസിക്കുന്നു. ജനസംഘം ടിക്കറ്റില്‍ ഭാര്യയും ഭര്‍ത്താവും എം.പിമാരായി. ശകുന്തള നായര്‍ യുപിയില്‍ മന്ത്രിയുമായിരുന്നു. രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെ ഓര്‍മ്മയ്ക്കായി ശ്രീരാമക്ഷേത്ര സമുച്ചയത്തില്‍ സ്മാരകം ഉണ്ടാവുമെന്ന് എഴുത്തുകാരനും നായരുടെ സുഹൃത്ത് പണ്ഡിറ്റ് ത്രിപാഠിയുടെ മകനുമായ അയോധ്യ ഷഹീദ് ഗലിയില്‍ താമസിക്കുന്ന സന്തോഷ് ത്രിപാഠി സൂചിപ്പിച്ചു. അയോധ്യ സമരത്തിന്റെ ആദ്യകാല പോരാളികളെ കുറിച്ച് അദ്ദേഹം എഴുതിയ ‘ശ്രീരാമചന്ദ്ര പരമഹംസര്‍’ എന്ന ഹിന്ദി പുസ്തകത്തില്‍ കെ.കെ.നായരെ കുറിച്ച് പരാമര്‍ശമുണ്ട്. മറ്റൊരിടത്തും നായര്‍ സാബിനെ കുറിച്ച് എഴുതപ്പെട്ട ചരിത്രമില്ല. ഫൈസാബാദ് നായര്‍ കോളനിയിലും നായരുടെ സ്മരണയ്ക്കായി പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനമായെന്ന് കോളനി സെക്രട്ടറി മിന്റു സിംഗും പറഞ്ഞു. കേരളത്തില്‍ നേരത്തെ തന്നെ ആലപ്പുഴയിലും സ്മാരകത്തിന് തുടക്കമിട്ടതായി കരുവാറ്റയിലെ കെ.കെ. പത്മനാഭപിള്ളയും കൂട്ടിച്ചേര്‍ത്തു.
നായര്‍ സാബ്
വെള്ളക്കാരും പിന്നീട് വന്ന സര്‍ക്കാരും പൂട്ടിയിട്ട താഴ് പൊളിച്ച് രാംലല്ലയെ രാമഭക്തര്‍ക്കായി തുറന്നുകൊടുത്ത കെ.കെ. നായരെ നാട്ടുകാര്‍ നായര്‍ സാബെന്നേ വിളിക്കൂ. അയോധ്യ നഗരിയിലെ ഇടുങ്ങിയ ഷഹീദ് ഗലിയിലെത്തുമ്പോള്‍ അനവധി ധര്‍മ്മശാലകള്‍ കാണാം. അതില്‍ ഒരിടത്ത് മാത്രമാണ് മലയാളത്തില്‍ ബോര്‍ഡുള്ളത്. ഏതോ മലയാളി സന്ന്യാസിയുടെതാണെന്ന് മനസ്സിലാക്കാം. സന്തോഷ് ത്രിപാഠി തന്റെ അച്ഛന്‍ പണ്ഡിറ്റ് ത്രിപാഠി നായര്‍ സാബിനെ പറ്റി പറയുന്നത് കേട്ട കാര്യം അയവിറക്കി. അദ്ദേഹത്തിന്റെ ശേഖരത്തില്‍ നായര്‍ സാബിന്റെ അപൂര്‍വ്വ ചിത്രങ്ങളുണ്ട്. ഫൈസാബാദ് കലക്ടറേറ്റില്‍ ബ്രിട്ടീഷ് കാലം മുതലുള്ള മജിസ്‌ട്രേറ്റുമാരുടെ പേരുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വന്ന രണ്ടാമത്തെ മജിസ്‌ട്രേറ്റായിരുന്നു കെ.കെ.നായര്‍ എന്ന് അവിടെ എഴുതിവെച്ചിട്ടുണ്ട്. മറ്റ് റെക്കോര്‍ഡുകളൊന്നും ഇപ്പോള്‍ ലഭ്യമല്ലെന്ന് ഇപ്പോഴത്തെ കലക്ടറുടെ സെക്രട്ടറി പറഞ്ഞു. പക്ഷേ പുതുതലുറയിലെ അദ്ദേഹവും കെ.കെ.നായരെ കുറിച്ച് അറിവുള്ളയാളാണ്. നായര്‍ കോളനിയിലെ പ്രായം ചെന്ന മോഹന്‍ സിംഗ് നായര്‍ സാബിനെ പറ്റി പറയുമ്പോള്‍ വാചാലനായി. ‘നായര്‍ സാബില്ലായിരുന്നെങ്കില്‍ രാംലല്ല ഇന്നും താഴിട്ട് കിടക്കുമായിരുന്നു. ദൈവതുല്യനാണ് അദ്ദേഹം.’ പക്ഷേ ലഖ് നൗ, ഫൈസാബാദ്, അലഹബാദ് (പ്രയാഗ് രാജ്) എന്നിവിടങ്ങളില്‍ താമസിച്ച കെ.കെ.നായരുടെ വീടുകളൊന്നും ഇപ്പോള്‍ കാണാനില്ല. അദ്ദേഹത്തോടൊപ്പം അലഹബാദ് കോടതിയില്‍ പ്രാക്ടീസ് ചെയ്ത ഒറ്റപ്പാലം സ്വദേശി ശേഖരമേനോനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയും സിനിമ സംവിധായികയും ചേറ്റൂര്‍ സഹോദരന്മാര്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ രചയിതാവുമായ ദില്ലി ഗുരുഗ്രാമത്തിലെ പാര്‍വ്വതി മേനോന്‍ പറഞ്ഞു. പണ്ഡിറ്റ് നെഹ്‌റുവിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച കഥകള്‍ ശേഖരമേനോന്‍ പലപ്പോഴും അയവിറക്കാറുണ്ടത്രേ.
കേരളത്തില്‍ വിദ്യാഭ്യാസം
ആലപ്പുഴയിലെ എസ്.ഡി. സ്‌കൂളില്‍ പഠിച്ച നായര്‍ ശ്രീമൂല വിലാസം സ്‌കൂളിലും പഠിച്ച് ബി.എ ഓണേര്‍സ് റാങ്കോടെ പാസ്സായി. സമ്പന്നനായ ഒരു തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറാണ് കര്‍ഷക കുടുംബത്തില്‍ പിറന്ന നായരുടെ പഠനത്തെ സഹായിച്ചത്. പിന്നീട് ലണ്ടനില്‍ നിന്ന് ഐ.സി.എസ്സും പാസ്സായി. ഇതേ ദേവസ്വം കമ്മീഷണറുടെ മകള്‍ സരസമ്മയെ വിവാഹം ചെയ്‌തെങ്കിലും അവര്‍ രോഗബാധിതയായി മരണത്തിന് കീഴടങ്ങിയിരുന്നു. വിവാഹ ശേഷം കേരളത്തില്‍ ദുര്‍ലഭമായേ എത്തിയിരുന്നുള്ളൂ. അയോധ്യയില്‍ അനവധി സന്ന്യാസിവര്യന്മാരും സാധാരണക്കാരും ജീവത്യാഗം ചെയ്ത ചരിത്രം മനസ്സിലാക്കിയ കെ.കെ. നായര്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയുടെ മജിസ്‌ട്രേറ്റായിരുന്നപ്പോഴാണ് പൂട്ടിക്കിടന്ന തര്‍ക്ക ഭൂമിയെ കുറിച്ച് കൂടുതല്‍ പഠിക്കാനൊരുക്കിയത്. ഭാരതത്തിന്റെ ഇതര ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ജില്ലാ കളക്ടറായും ഉദ്യോഗസ്ഥനായും പരിശീലനം സിദ്ധിച്ച ഐ.സി.എസ് ഉദ്യോഗസ്ഥനായ കെ.കെ. നായര്‍ അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്ട്രറേട്ടായി നിയോഗിതനായത് അന്നത്തെ മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന്റെ പ്രത്യേക പ്രേരണയിലായിരുന്നുവെന്നത് പണ്ഡിറ്റ് നെഹ്‌റുവും മനസ്സിലാക്കിയിരുന്നു. എന്നാല്‍ അതേ പന്ത് തന്നെ പണ്ഡിറ്റ് നെഹ്‌റുവിന്റെ നിര്‍ദേശത്താല്‍ കെ.കെ.നായര്‍ക്കെതിരെ തിരിഞ്ഞു. അത് നായര്‍ക്ക് വേദനാജനകമായ സംഭവമായി അനുഭവപ്പെട്ടതാണ് രാജിയില്‍ കലാശിച്ചത്.
അയോധ്യ ഇന്ന്
ചരിത്രമുറങ്ങുന്ന പുരാതന നഗരം ഇന്ന് ഉണര്‍ന്ന് കഴിഞ്ഞിരിക്കുന്നു. അയോധ്യ നഗരിയെ കുറിച്ച് നീലകണ്ഠ ഗുരുപാദര്‍ 1909-ലോ മറ്റോ സന്ദര്‍ശിച്ച കാര്യമാണ് ആധികാരികമായി മലയാളത്തില്‍ വായിക്കാനുള്ള ചരിത്രം. അവിടെ സരയുവില്‍ മുങ്ങിക്കുളിച്ചതും അതില്‍ പരാമര്‍ശമുള്ളത് ചരിത്രരേഖ തന്നെ. ഇപ്പോള്‍ ഇടുങ്ങിയ വീഥികളെല്ലാം പുതിയ സര്‍ക്കാര്‍ ഇടിച്ച് നിരത്തി വലുതാക്കി. പുതുനഗരത്തിന് ജന്മം നല്കി. കോടിക്കണക്കിന് ജനങ്ങള്‍ വരുന്നതിനാല്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പരിവര്‍ത്തനങ്ങള്‍. ഹനുമാന്‍ ഗര്‍ഹിയാണ് നഗരത്തിലെ ഹൃദയസ്ഥാനം. ഒരു കി.മീറ്റര്‍ അകലെ ഹൈവെ ബൈപ്പാസ്. അവിടെയാണ് നാടിന്റെ നാനാഭാഗത്ത് നിന്നുമുള്ള ബസ്സ് എത്തുക. അയോധ്യ ധാം എന്നാണ് ടിക്കറ്റില്‍ ഉണ്ടാവുക. അവിടെ നിന്ന് അയോധ്യ നഗരിയിലേക്ക് വരുമ്പോള്‍ യു.പി.യില്‍ നിറഞ്ഞ് നില്ക്കുന്ന ഇ- ഓട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടാവും. ബംഗാളില്‍ മാത്രമാണ് ഇപ്പോള്‍ വലിച്ച് കൊണ്ടുപോകുന്ന റിക്ഷകള്‍ ഉള്ളത്. ബൈപ്പാസ് മുതല്‍ ഹനുമാന്‍ ക്ഷേത്രം വരെ നിരവധി പുരാതന ധര്‍മ്മശാലകള്‍ ഉണ്ട്, സന്യാസി മഠങ്ങളുണ്ട്. അതിപുരാതനമായവ. അവിടെയാണ് കര്‍സേവപുരം. ശിലാപൂജ ചെയ്ത സ്ഥലം. കേരളത്തില്‍ നിന്നുകൊണ്ടുപോയവയും അവിടെ ഉണ്ട്. തൊട്ടകലെ കാര്യാലയ എന്ന സ്ഥലത്ത് വിശ്വഹിന്ദു ട്രസ്റ്റ് ഓഫീസിനരികെ അയോധ്യ മ്യൂസിയം ഉണ്ട്. ചരിത്രം ചിത്രത്തിലാക്കിയത് അവിടെ കാണാം. കര്‍സേവകരെ വെടിവെക്കുന്നതും ബലിദാനികളുടെ ചിത്രവും. ഷഹീദ് ഗലി കഴിഞ്ഞാല്‍ ഹനുമാന്‍ ക്ഷേത്രവും പഴയ ബിര്‍ളയുടെ മന്ദിരവും. അവിടെയുള്ള വിശാലമായ റോഡാണ് അയോധ്യയുടെ ഹൃദയസ്ഥാനം. സരയു നദിക്കരയും കനക ഭവനും ദശരഥ ഭവനും പിന്നീട് അയോധ്യ പുരിയും. പുതിയ എല്ലാ വ്യാപാര സ്ഥാപനങ്ങളും ക്രമീകരിച്ചത് ഒരേ പാറ്റേണിലായതിനാല്‍ ആധുനികതയുടെ മികവുറ്റ ശൈലി കാണാം. സ്ഥാപന ബോഡുകളെല്ലാം അനുവര്‍ത്തിക്കുന്നത് ഒരേ ശൈലി. എല്ലാ സ്ഥാപനങ്ങളുടെ വാതിലുകളും ഷട്ടറുകളിലും അയോധ്യ ചരിതത്തിലെയും പുരാണത്തിലെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. അയോധ്യ ചിത്രം, പുരാതന സാമഗ്രികള്‍, ശ്രീരാമ ക്ഷേത്ര മോഡല്‍, മാലകള്‍, ഹിന്ദി – ഇംഗ്ലീഷ് പുസ്തകങ്ങള്‍ എന്നിവ ഇവിടെയെല്ലാം ലഭ്യമാണ്. അത്യന്താധുനിക സീവേജ് സിസ്റ്റം വന്നു കഴിഞ്ഞു. എന്നാലും പശുക്കളും വാനരന്മാരും അവിടെയെല്ലാം ഉണ്ടാവും. കൂറ്റന്‍ വീണ പ്രതിഷ്ഠിച്ച അയോധ്യ സരയു സ്‌ക്വയറാണ് നഗരത്തിന്റെ പ്രൗഢി. തുളസി ദാസന്റെ രാമായണത്തെ ദ്യോതിപ്പിക്കുന്നത്. വിശാലമായ സരയു ഘട്ട്. താമസിക്കാന്‍ അനവധി ധര്‍മ്മശാലകള്‍. അനവധി ചെറുതും വലുതുമായ ഹോട്ടലുകളും ഹോം സ്റ്റേകളും നിലവിലുണ്ട്. രാമജന്മഭൂമിസ്ഥലത്ത് പോരാട്ട ചരിത്രത്തിന് നേതൃത്വം നല്‍കിയവരുടെ പ്രതിമകള്‍ ഇനി ഉയരും. ഇതില്‍ അനവധി സന്ന്യാസി ശ്രേഷ്ഠരും ആശോക് സിംഗാളും കെ.കെ.നായരും ഉണ്ടാവും.
ബാലാലയ പ്രതിഷ്ഠക്ക് സമാനമായ മന്ദിരത്തിലേക്ക് മാത്രമേ ഇപ്പോള്‍ ശ്രീരാമചന്ദ്ര ദര്‍ശനമുള്ളൂ. പ്രസാദവും ലഭിക്കും. 11 മണിക്ക് എല്ലാവര്‍ക്കും അന്നദാനവും ഉണ്ടാവും. ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നൂറ് കണക്കിന് മിഠായി കടകളുണ്ട്. വിവിധ ലഡുകള്‍ നിറച്ച ഭണ്ഡാര്‍. ഇവയാണ് വഴിപാട്. എന്നാല്‍ തൊട്ടടുത്ത അയോധ്യ ശ്രീരാമക്ഷേത്രയിലേക്ക് ഒരു വഴിപാടും ഇല്ലെന്ന് വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്നുണ്ട് ഇംഗ്ലീഷിലും ഹിന്ദിയിലും. തൊട്ടപ്പുറത്തെ ക്ഷേത്രനിര്‍മ്മാണ നഗരിയില്‍ കൂറ്റന്‍ ക്രൈയിനുകളും നിര്‍മ്മാണ സംവിധാനവും നോക്കി കാണാം. അതിവേഗത്തില്‍ നടക്കുന്ന നിര്‍മ്മാണം. ക്യാമറയോ ഫോണോ കടത്തിവിടുന്നില്ല. ഇപ്പോള്‍ വിമാനത്താവളവും വന്നു കഴിഞ്ഞു. റെയില്‍വെ നവീകരിച്ചു. കെ.കെ. നായരുടെ സ്മാരകത്തിനായി സുനില്‍ പിള്ളയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
(ഇന്ത്യ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘കെ.കെ.നായര്‍’ എന്ന പുസ്തകത്തില്‍ നിന്ന്.)