കോഴിക്കോട്: സാമൂഹിക ഐക്യം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഡിഎന്‍എയില്‍ ഉള്ളതാണെന്ന് സാമാജിക് സമരസതാ അഖില ഭാരതീയ സഹസംയോജക് രവീന്ദ്ര കിര്കൊലെ പറഞ്ഞു. കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ കേസരി ഹാളില്‍ നടക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ സാമൂഹ്യ സമത്വത്തിന്റെ അടിസ്ഥാനം സംഘവികാസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ സമത്വം ലക്ഷ്യമാക്കിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. തുല്യാവകാശവും തുല്യനീതിയും മാത്രമല്ല വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയിലടക്കമുള്ള തുല്യതയാണ് സാമൂഹിക ഐക്യത്തിന് അടിസ്ഥാനം. സമൂഹത്തില്‍ ഒരു തരത്തിലുള്ള വിവേചനവും രാഷ്ട്രീയ സ്വയംസേവക സംഘം അംഗീകരിക്കുന്നില്ല. ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനത്തിന് സംഘം പൂര്‍ണ്ണപിന്തുണ നല്കിയതും സ്വയംസേവകര്‍ അതില്‍ പങ്കെടുത്തതും സാമൂഹിക ഐക്യമെന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ്. പൊതു ഇടങ്ങള്‍ എല്ലാ വിഭാഗക്കാരായവര്ക്കും പ്രാപ്തമാക്കുന്നതിനാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
ജന്മംകൊണ്ട് ബ്രാഹ്മണന്മാരല്ലാത്തവര്ക്കും ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നതിന് അവസരം സൃഷ്ടിക്കുന്നതിനായി സംഘം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. തിരുപ്പതി, നാസിക് അടക്കം രാജ്യത്തെ നിരവധി ക്ഷേത്രങ്ങളില്‍ ഇത്തരത്തിലൊരു മാറ്റമുണ്ടായി. ആലുവയിലെ തന്ത്ര വിദ്യാപീഠം ഇതിന്റെ ഭാഗമാണ്. പന്തിഭോജനവും സമൂഹിക ഐക്യത്തിന്റെ ഭാഗമാണ്. ഇതിനായി സ്വയം തിരുത്തല്‍ വരുത്താനാണ് സംഘം ആവശ്യപ്പെട്ടത്. 1989 നവംബര്‍ 9 ന് അയോധ്യയില്‍ ക്ഷേത്രത്തിന് തറക്കല്ലിട്ടത് എന്ന കീഴ്ജാതി എന്ന് പറയപ്പെടുന്ന വിഭാഗത്തില്‍ നിന്നുള്ള കാമേശ്വര് ചൗപ്പല്‍ ആണ്. ഇദ്ദേഹം ഇപ്പോള്‍ അയോധ്യ ക്ഷേത്ര ട്രസ്റ്റി കൂടിയാണ്. തുല്യത ഉറപ്പു വരുത്തുകയാണ് സാമൂഹിക ഐക്യത്തിന്റെ ആണിക്കല്ല്. ഇതിനായി സംഘം നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതും നിശ്ശബ്ദ വിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജീവന് സിങ് സിസോദിയ അധ്യക്ഷനായി. എന്‍.പി. സോമന്, അമൃതശതം പ്രഭാഷണ പരമ്പര സ്വഗതസംഘം അധ്യക്ഷന്‍ പി.എന്‍. ദേവദാസ് എന്നിവര്‍ പങ്കെടുത്തു. സി.എം. രാമചന്ദ്രന് സ്വാഗതവും പെന്‍ഷനേഷ്സ് സംഘ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രന് പുതിയേടത്ത് നന്ദിയും പറഞ്ഞു.